കുട്ടികളോടൊത്തുള്ള യാത്രകളെപ്പോഴും
പുതിയ അനുഭവങ്ങള്‍ തരുന്നു. കോഴിട്ടോട് പുതിയറിയിലെ എസ്. കെ. സ്‌മാരക മന്ദിരം,
പൊറ്റെക്കാട്ടിന്റെ വസതിയായ ചന്ദ്രകാന്തം ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ
വയലാലില്‍ വീട് എന്നിവ കാണാന്‍പോയത് കുട്ടികളോടൊത്തായിരുന്നു.
പുതിയറയിലുള്ള
ഉപയോഗരഹിതമായ രണ്ടു കൂറ്റന്‍ ജലസംഭരണികളെ പരസ്‌പരം കൂട്ടിയോജിപ്പിച്ചാണ്
പൊറ്റെക്കാട്ടിനുള്ള സ്‌മാരകമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.
താഴത്തെ
നിലയിലാണ് എസ്.കെ. മ്യൂസിയം
****
അദ്ദേഹത്തിന്റെ കൈയെഴുത്തു പ്രതികള്‍,
ഡയറിത്താളുകള്‍, ടൈപ്പ്‌റൈറ്റര്‍, പേനകള്‍, ജ്ഞാനപീഠമുള്‍പ്പെടെയുള്ള
പുരസ്‌കാരങ്ങളും അവിടെ കാണാം. വിവിധ രാജ്യങ്ങളില്‍ നിന്നും എസ്.കെ.ശേഖരിച്ച കൗതുക
വസ്‌തുക്കള്‍, അദ്ദേഹത്തിന്റെ വസ്‌ത്രങ്ങള്‍, കണ്ണട, എഴുത്തുകാരനെക്കുറിച്ചുള്ള
പത്രക്കട്ടിംഗുകള്‍ എന്നിവകളും പ്രദര്‍ശന വസ്‌തുക്കളില്‍ പെടുന്നു. എഴുത്തും
വായനയുമായി പൊറ്റെക്കാട്ട് ആ മുറിയില്‍ തന്നെയുണ്ടെന്നു തോന്നിപ്പോയി.
കാഴ്‌ചയുടെ ഒരു വൃത്തം പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോഴും മതിവരാത്തതുപോലെ.
മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഇതുപോലെയൊരു
സ്‌മാരകമന്ദിരമില്ല.
രണ്ടാമത്തെ ജലസംഭരണിയുടെ കീഴ്‌നില ഒരു
ആര്‍ട്ടുഗ്യാലറിയാണ്.
സ്‌മാരകത്തിന്റെ ഒന്നാംനില സുജനപാല്‍ സ്‌മാരകഹാളാണ്.
കുട്ടികള്‍ ഗിറ്റാര്‍ പാഠങ്ങളില്‍ അലിഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ അവിടെയിരിക്കാന്‍
കൊതിയായി.
രണ്ടാം സംഭരണിയുടെ ആദ്യനില ലൈബ്രറിയാണ്. അതു കണ്ടതിനു ശേഷം മുകള്‍
നിലയിലേയ്‌ക്ക് പോയി.അതു ചുട്ടുപഴുത്ത ഒരറയാണ്. ഹൗ. പൊള്ളിപ്പോയി. ഇപ്പോള്‍
നില്‌ക്കുന്നത് പണ്ട് കോഴിക്കോട്ടുകാര്‍ കുടിച്ചുവറ്റിച്ചിരുന്ന കൂറ്റന്‍
ജലസംഭരണിയുടെ ഉള്ളിലാണെന്ന കാര്യം ശ്രദ്ധിച്ചപ്പോഴല്ലേ മനസ്സിലായത്. ഒരു വലിയ
വെള്ളപ്പാത്രം. അതിന് അടപ്പുണ്ട്. അടപ്പിന്റെ പുറത്തു നിന്നും സംഭരണിയുടെ
ഉള്ളിലേയ്‌ക്ക് ഇറങ്ങിവരാന്‍ കോണ്‍ക്രീറ്റ് ഗോവണിയുണ്ട്. ആ കാഴ്‌ച കണ്ട്
മൂക്കില്‍ വിരല്‍ വച്ചുപോയി.
ഇടുക്കി ഡാമിലെ കുറവന്‍ മലയെയും കുറത്തിമലയെയും
ഓര്‍മ്മവന്നു. ഇവിടെ അകന്നു നിന്ന വാര്‍ടാങ്കുകളെ പ്രേമശില്‌പിയുടെ സ്‌മാരക
തന്ത്രികള്‍ കൊണ്ടാണ്
ഒരുമിപ്പിച്ചിരിക്കുന്നത്.
ചന്ദ്രകാന്തം
----------
പുതിയറയില്‍
എസ്.കെ. പണിയിച്ച ചന്ദ്രകാന്തം എന്ന വീട്ടിലെത്താന്‍ ഒരിടവഴി
നടക്കാനേയുള്ളു.
ഫ്‌ളാറ്റുകള്‍ക്കും മണിമാളികള്‍ക്കുമിടയില്‍ മലയാളികളുടെ
രോമാഞ്ചമായ ചന്ദ്രകാന്തത്തിനു ശ്വാസംമുട്ടുന്നതുപോലെ തോന്നി. എങ്കിലും ഇത്രയും
കുട്ടികളെ കണ്ട് അതു പഴയ കഥകള്‍ ഒരിക്കല്‍ക്കൂടി അയവിറക്കി.
ഉള്ളിലേയ്‌ക്ക്
കടക്കാനും ആ മഹാന്റെ കാലടികള്‍ പതിഞ്ഞ നിലത്തു ചവിട്ടാനും അവിടത്തെ താമസക്കാന്‍
അനുവാദം തന്നു. എസ്‌കെയുടെ മണം? അദ്ദേഹത്തിന്റെ കാലടികളില്‍ നിന്നും പൊഴിഞ്ഞുവീണ
വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മണല്‍ത്തരികള്‍? എല്ലാപേരും ഇന്ദ്രിയങ്ങള്‍
തുറന്നുവച്ചു.
ഈ വീട്ടിലേയ്‌ക്കാണ് വൈക്കം മുഹമ്മദ് ബഷീര്‍ മണവാട്ടിയായ
ഫാബിബഷീറിനെ കൈപിടിച്ചു കൊണ്ടുവന്നത്. ആ കഥ വീണ്ടുംവീണ്ടും ഓര്‍ത്തിരുന്നതിനാല്‍
വഴിയില്‍ മറ്റൊന്നും കണ്ടില്ല. വട്ടക്കിണറും അരക്കിണറും കഴിഞ്ഞ് വണ്ടി ബേപ്പൂരില്‍
എത്തി.
ഒറ്റയ്‌ക്കായ
മാങ്കോസ്‌റ്റിന്‍
-----------------------
കുട്ടികള്‍ ആദ്യമോടിയത്
മാങ്കോസ്‌റ്റിന്റെ ചുവട്ടിലേയ്‌ക്കായിരുന്നു.
അവിടെ സായാഹ്നത്തണല്‍ മാത്രം
ചിതറിക്കിടന്നു.
വരാന്തയിലിരുന്ന കാരണവത്തിയുടെ മുന്നില്‍ കുട്ടികള്‍ നിലത്ത്‌്
ചമ്രം പിണഞ്ഞിരുന്നു.
``നിങ്ങളെവിടെനിന്നു വരുന്നു കുട്ടികളെ?''
ഫാബി ബഷീര്‍
ചോദിച്ചു.
``നിങ്ങളെ കല്ല്യാണം കഴിച്ചുകൊണ്ടുപോയ ചന്ദ്രകാന്തത്തില്‍
നിന്നും.''
ആ മറുപടിയില്‍ മൂപ്പത്തിയാര്‍ ഒരു നിമിഷം വീണുപോയി.
ഓര്‍മ്മകളില്‍പ്പെട്ട് നിശ്ശബ്ദയായി. തുടര്‍ന്ന് ഫാബിബഷീര്‍ ചന്ദ്രകാന്തത്തിലെ
താമസക്കാലം കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചു.
അവര്‍ ചോദ്യങ്ങളുടെ അറയും
അമ്മച്ചി ഓര്‍മ്മകളുടെ പെട്ടിയും തുറന്നു.
``ബഷീര്‍ പെണ്ണുകാണാന്‍
വന്നപ്പോഴെന്തു തോന്നി?''
``ഒരു മനുഷ്യന്‍ വന്നതുപോലെ തോന്നി. അല്ലാതെ
മൃഗമാണെന്നു തോന്നുമോ?''
ഈ വീട്ടിലെ ബഷീറുപ്പാപ്പന്‍ മാത്രമല്ല. എല്ലാപേരും
തമാശക്കാരാണ്. വേനല്‍ക്കാറ്റ് മൂളിപ്പറഞ്ഞു.
``അമ്മച്ചി കല്ല്യാണത്തിനു
മുമ്പ് ബഷീറിന്റെ പുസ്‌തകങ്ങള്‍ വായിച്ചിരുന്നോ?''
`എന്റെ ബാപ്പ ഒരു സ്‌കൂള്‍
മാഷായിരുന്നു. അദ്ദേഹം പുസ്‌തകങ്ങള്‍ കൊണ്ടുവരുമായിരുന്നു. ഞാന്‍ പത്തു കഴിഞ്ഞ്
ടീച്ചേഴ്‌സ് ട്രെയിനിംഗും ജയിച്ചു നില്‍ക്കുന്ന കാലത്ത് ബഷീറിന്റെ പുസ്‌തകങ്ങള്‍
വായിച്ചിട്ടുണ്ട്‌്. അപ്പോഴൊക്കെ അദ്ദേഹം പെണ്ണുകെട്ടാത്തവനാണെന്നു
തോന്നിയതേയില്ല.`'
തൃപ്‌തിയായോ മക്കളേ? ആ മുത്തശ്ശിക്കണ്ണുകള്‍ ഞങ്ങളെ
തൊട്ടു.
*****
``അല്ല. നിങ്ങള്‍ വലിയ ചോദ്യക്കാരന്മാരും
ചോദ്യക്കാരത്തികളുമല്ലേ! നിങ്ങള്‍ ടാറ്റായുടെ എാതൊക്കെ പുസ്‌തകങ്ങള്‍
വായിച്ചിട്ടുണ്ട്?''
കുട്ടില്‍ ഉടനെ അമ്മച്ചിക്ക് മണിമണിയായി ഉത്തരം
കൊടുത്തു.
``അമ്മച്ചിക്ക് അദ്ദേഹത്തിന്റെ എാതു കൃതിയോടാണ് കൂടുതല്‍
ഇഷ്ടം?''
``പാത്തുമ്മയുടെ ആട്
'` ഞങ്ങള്‍ക്കും അതു തന്നെ.''
``എന്നാല്‍
ഭൂമിയുടെ അവകാശികളിലെ ഒരു വാക്യം പറയിന്‍''
കുട്ടികള്‍ ഇപ്പോള്‍ തോറ്റുപോകുമെന്ന
പ്രതീക്ഷയോടെ ഫാബിയുമ്മ ഇരുന്നു.
``കൊല്ലണമെന്നു വേഗം പറയാം. കൊല്ലുകയും
ചെയ്യാം. ജീവന്‍ കൊടുത്തു സൃഷ്ടിക്കാന്‍ ഒക്കുകയില്ല.''-ചളവറക്കാരി അശ്വതി ഉമ്മയെ
തീര്‍ത്തും വീഴ്‌ത്തിക്കളഞ്ഞു.
``നിങ്ങളൊക്കെ ശരിക്കും പഹയന്മാരും പഹച്ചികളും
തന്നെ. ഇവിടെ വന്നവരാരും എന്റെയീ ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞിട്ടില്ല
മക്കളേ!''
``അമ്മച്ചി എഴുതിയിട്ടുണ്ടോ?''
ചോദ്യം വന്നു.
``ഞാനെഴുതി.
അച്ചടിച്ചു. പിന്നീട് ഞാന്‍ എഴുത്തു മതിയാക്കി. ബഷീറെഴുതിയത് ഞാന്‍ കട്ടെടുത്തു
എന്ന് ആളുകള്‍ പറയില്ലേ!''
ഫാബി ബഷീര്‍ അതും നര്‍മ്മത്തിലാക്കി.
``ബഷീര്‍
പിശുക്കനായിരുന്നോ?''
``അല്ലേയല്ല. ആള്‍ക്കാരെ സഹായിക്കുന്നത് ഞാനെത്രയോ തവണ
കണ്ടു. ഹൃദയാലുവായിരുന്നു.''
``ശരിയാണ്. കുറുക്കനുപോലും താമ്രപത്രം
കൊടുത്തില്ലേ.''
ആരോ പൊട്ടിച്ച കുസൃതിയില്‍ ഉമ്മച്ചിയും ഒരു കുട്ടിയായി
മാറി.
സ്വര്‍ണ്ണമാല
---------
`കിണറിനകത്ത്‌് അത്യഗാധതതയില്‍,
തെളിഞ്ഞ വെള്ളത്തിന്നടിയില്‍ , മഞ്ഞരാശിപ്പോടെ കുശാലായി കിടക്കുന്നു
സ്വര്‍ണ്ണമാല.'
സ്വര്‍ണ്ണമാല എന്ന കഥയിലെ പുണ്യപുരാണവും, ചരിത്രപ്രസിദ്ധവുമായ ആ
മണിക്കിണര്‍ കണ്ടുവന്നയാള്‍ പറഞ്ഞു.
`കിണറ്റിലല്ല.
അതിവിടെയുണ്ട്.'
ഫാബിബഷീര്‍ കഴുത്തിലെ തടിച്ച മാല നീട്ടിക്കാണിച്ചു.
തുടര്‍ന്ന് സ്വര്‍ണ്ണമാല കിണറ്റിനുള്ളില്‍ പോയതും, ബിച്ചന്‍ അതെടുക്കാന്‍ വന്നതും,
സുല്‍ത്താന്‍ മുങ്ങല്‍ വിദഗ്‌ദ്ധനായതുമായ കഥയ്‌ക്ക് പുറത്തുള്ള സംഭവങ്ങള്‍
ഫാബിയുമ്മ വിസ്‌തരിച്ചു.
``ബഷീറിന് നന്നായി നീന്താനറിയാമായിരുന്നു. ബഷീര്‍
മാത്രമല്ല. പാത്തുമ്മ, അബുബേക്കര്‍, ഹനീഫ എല്ലാപേരും. നിലയില്ലാത്ത
മൂവാറ്റുപുഴയാറ് അവര്‍ക്ക് കൈത്തോടു മാതിരിയായിരുന്നു.
കിണറ്റിലിറങ്ങി
ആദ്യത്തെ മുങ്ങലില്‍തന്നെ മൂപ്പര്‍ക്ക് മാല കിട്ടി. അതിനെ രഹസ്യമായി
അരയിലൊളിപ്പിച്ചു. ഞാനറിഞ്ഞില്ല. പിന്നെ നീന്തിയും മുങ്ങിയും കുറെ വെള്ളത്തില്‍
കഴിഞ്ഞു. കയറി വരാന്‍ ഞാന്‍ പറയുമ്പോഴൊക്കെ മാല കിട്ടിയില്ലെടി എന്നു പറഞ്ഞു
വീണ്ടും അടിയിലേയ്‌ക്ക് പോകും. കുറെ കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണമാല എന്ന കഥയില്‍
പറഞ്ഞതുപോലെ മൂപ്പര്‍ തളര്‍ന്നു. വിറയ്‌ക്കാന്‍ തുടങ്ങി.
കയറി വരാന്‍
പറ്റണില്ലെടീ. ആരെയെങ്കിലും വിളിച്ചോണ്ട് വാ. എന്നു പറഞ്ഞു. അദ്ദേഹത്തെ
കിണറ്റിനുള്ളിലിട്ടിട്ട് ഞാനെങ്ങനെ ആളെക്കൂട്ടാന്‍ പോകും?
സ്‌കൂള്‍ വിട്ടുവന്ന
ഷാഹിന ടാറ്റായുടെ വിഷമം കണ്ട്‌് കരയാന്‍ തുടങ്ങി. തൊട്ടിലില്‍ കിടന്നുറങ്ങുന്ന
അനീസിനെ എടുത്തു കൊണ്ടുവരാന്‍ ഞാന്‍ മകള്‍ ഷാഹിനയോട് പറഞ്ഞു.
നിങ്ങള്‍
കയറിവന്നില്ലെങ്കില്‍ ഞങ്ങള്‍ മൂന്നുപേരുമിപ്പോള്‍ കിണറ്റില്‍ച്ചാടും. അതുകേട്ട്
പേടിച്ച് അദ്ദേഹം എങ്ങനെയോ കേറി വന്നു.''
``അമ്മച്ചി എന്തിനാണ് അങ്ങനെ
പറഞ്ഞത്?''
``നമ്മള്‍ പെണ്ണുങ്ങള്‍ വേണം പുരുഷന്മാര്‍ക്ക് ധൈര്യം
കൊടുക്കാന്‍.''
വേനലവധി
കഴിയുന്നു.
---------------------
വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മണിക്കൂറുകള്‍
കഴിഞ്ഞത് ആരും ശ്രദ്ധിച്ചില്ല.
പവര്‍ക്കട്ടു നേരത്ത് ആര്‍ദ്രയും നന്ദയും
ബാലമണിയമ്മയുടെയും ഒ.എന്‍.വി.യുടെയും കവിതകള്‍ ചൊല്ലി.
ഒ.എന്‍.വി.യുടെ
സ്‌നേഹത്തെക്കുച്ച് ഫാബിബഷീര്‍ വാചാലയായി.
``ആ പാട്ടുപെട്ടി പാടുമോ?'' പൃഥിന്‍
ചോദിച്ചു.
``ഓ. സോജാ രാജകുമാരി. ആ പെണ്ണുപാടുമോ എന്നല്ലേ നീ
ചോദിച്ചത്?''
എല്ലാപേരും കാത്തിരുന്ന നിമിഷമെത്തി. ഓര്‍മ്മകളുടെ അറയായി മാറിയ ആ
മുറി അമ്മച്ചി തുറപ്പിച്ചു.
ബഷീറിന്റെ ചാരുകസേര, ഗ്രാമഫോണ്‍, അവാര്‍ഡു
ചിത്രങ്ങള്‍...
ഇരുട്ടു കനത്തു. നേരം എട്ടുമണിയായി. എന്നിട്ടും കുട്ടികള്‍ക്ക്
തൃപ്‌തിയായില്ല. ഫാബിയുമ്മയുടെ കൈകളില്‍ തലോടിയും ഉമ്മകൊടുത്തും മതിവരാത്ത അവര്‍
ഇരുട്ടിലേയ്‌ക്കിറങ്ങി.
വേനല്‍പ്പൂട്ടിനു തറവാട്ടില്‍ വന്ന് തിരികെ
വീട്ടിലേയ്‌ക്ക് മടങ്ങുമ്പോള്‍ അനുഭവിക്കാറുള്ള വിങ്ങള്‍
പിടച്ചുകൊണ്ടിരുന്നു.
വിദ്യാരംഗം 2014
മാര്‍ച്ച്
========================