2009, മേയ് 2, ശനിയാഴ്‌ച

പി എ ഉത്തമന്റെ എഴുത്താലകള്‍




കേരള സാഹിത്യ അക്കാദമിയുടെ ഈവര്‍ഷ നോവല്‍ പുരസ്‌കാരം തന്റെ ഗൃഹനാഥനെ തേടിയെത്തിയിരിക്കുന്നു എന്ന നിറവിലായിരുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ നെടുമങ്ങാട്‌, പഴകുറ്റി, കൊടിപ്പുറത്തെ ശ്രീവള്ളി.


                       സന്ധ്യാകാശത്തില്‍ നിന്നും കൊടിപ്പുറത്തെ പച്ചപ്പിലേയ്‌ക്ക്‌ ഞാത്തിവച്ച വലിയൊരു കിള്‌ിക്കൂടിനെ കാഴ്‌ചയില്‍ ശ്രീവള്ളി ഓര്‍മ്മിപ്പിക്കുന്നു. തുന്നാരന്‍ കിളി തന്റെ ആന്തരികതയിലേയ്‌ക്കുള്ള പാതയെ ഒളിപ്പിച്ചതു മാതിരി ഉള്ളിലേയ്‌ക്ക്‌ അമര്‍ന്നാണ്‌ അതിന്റെ മുഖ്യ കവാടം. കിളിവാതിലിനുള്ളില്‍ ഉത്തമന്റെ രണ്ടു മുറികളിലൊതുങ്ങുന്ന രചനാലോകമായി. വര്‍ത്തുള ഗോവണി മുകള്‍ നിലയിലെ മക്കളുടെ മുറിയിലേയ്‌ക്ക്‌. ആ സൂക്ഷ്‌മാന്തരീക്ഷത്തില്‍ ഉരുവമെടുത്ത ചാവൊലി എന്ന നോവലാണ്‌ മലയാള സാഹിത്യചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്‌. 


                                                              വിവിധ രൂപഭാവാദികളില്‍ മിഴിവാര്‍ന്ന നിരവധി കഥാപാത്രങ്ങളെ ആവാഹിച്ച്‌്‌ സൂക്ഷ്‌മ കഥാതന്തുക്കളാല്‍ ഇഴചേര്‍ത്തൊരുക്കി അനുവാചകര്‍ക്ക്‌ സമ്മാനിക്കാനുള്ള ഉത്തമന്റെ ക്രിയകള്‍ക്ക്‌ സാക്ഷിനിന്നആ വര്‍ത്തുളാകൃത ചുവരുകള്‍ ആ സായാഹ്നത്തില്‍ നിവൃതിയില്‍ തുടുത്തു നിന്നു.

                             ഉത്തമപുരുഷന്റെ അസാന്നിധ്യത്തില്‍, രചനകളുടെ ഫലശ്രുതി സാഫല്യാഭിനന്ദനം ചൊരിയാനെത്തുന്നവരെ വരവേല്‍ക്കാനായി ശ്രീവള്ളി കണ്ണീര്‍ മുഖം തുടച്ച്‌ ഒരുങ്ങി നിന്നു

                                              സുഹൃത്തുക്കളായ ഞങ്ങള്‍ അതിഥികളായി എത്തുമ്പോഴെല്ലാം കരിഞ്ചായ പകരാന്‍ ആ കുടുംബം മാറ്റിവച്ചിരുന്ന കുഞ്ഞിസ്‌ഫടിക പാത്രങ്ങള്‍. അതില്‍ പുരസ്‌കാര മാധുര്യത്തിന്റെ പഞ്ചാരപ്പായസവുമായി ഉത്തമന്‍ ``എടേ'' എന്നു സംബോധന ചെയ്‌തിരുന്ന കുടുംബിനി എത്തി. ആതിഥേയയുടെ മനമെമ്പാടും കണ്ണീര്‍ തുളുമ്പി നില്‍ക്കുന്നു എന്ന്‌ മുഖം പറഞ്ഞു. അനുവാചകരുടേയും ആരാധകരുടേയും സന്തോഷം കൈവാങ്ങാന്‍ ശ്രീവള്ളി ഇനിയും പാകമായിട്ടില്ല എന്ന അറിവോടെ ഞങ്ങള്‍ പുറത്തിറങ്ങി.

                                ഉത്തമന്റെ കഥകള്‍ കേട്ടുവളര്‍ന്ന നടുതിനങ്ങള്‍ നിറഞ്ഞ കൊടിപ്പുറത്തെ തുണ്ടു പറമ്പ്‌. കഥാലോകത്തിലെ ചവിട്ടുവഴിയിലേയ്‌ക്ക്‌ ഉത്തമനിറങ്ങിയത്‌ ഈ വഴിത്താരയിലൂടെയാണ്‌.

 മൂന്നു ചെറുകഥാസമാഹാരങ്ങളും (സുന്ദരപുരുഷന്മാര്‍1986, കവാടങ്ങള്‍ക്കരുകില്‍ 1990, കറുത്ത കുരിശ്‌ 2006) ചാവൊലി (2007) എന്ന നോവലും പുസ്‌തകമായപ്പോഴും അവയെ തുറന്നു കൗതുകപൂര്‍വ്വം കണ്ട ആ പരിസരം അക്കാദമിയുടെ പുരസ്‌കാര സമര്‍പ്പണ ദിനത്തെ കാത്തിരിക്കുന്നതായി തോന്നി. ഉത്തമന്റെ റേഡിയോ നാടകങ്ങളുടെ പ്രക്ഷേപണം കേട്ടുറങ്ങിയ പരിസരങ്ങളും അനുബന്ധസ്ഥലികളുമാണ്‌ ആദ്യപാദ രചനകളുടെ ഭൂമികയായി മാറിയത്‌.

                   ഈ കൊച്ചു പരിമിതലോകം നല്‍കിയ വസ്‌തുതാ കഥനത്തിന്റെ അറിവും സ്വകീയമായ കരുത്തുറ്റ ഭാഷയുമായിരുന്നു ഉത്തമന്റെ രചനകളുടെ കാതല്‍.

                       തൊട്ടടുത്തു തന്നെയാണ്‌ ഉത്തമന്റെ പെറ്റവീട്‌. ആള്‍താമസമില്ലാതെ ഇരുളില്‍ മുങ്ങിക്കിടക്കുന്ന മുത്തശ്ശി വീടിനും പേരു ശ്രീവള്ളിയെന്നു തന്നെ. അതിനുള്ളിലെ പരിമിതികളിലാണ്‌ ഉത്തമനിലെ എഴുത്തുകാരന്‍ പിറവി കൊണ്ടത്‌. ആ കുഞ്ഞിടങ്ങളിലെ ഇരുട്ടിലാണ്‌ എഴുത്തുകാരനിലെ വിങ്ങലും വേദനകളും ഉരുകി ഉറഞ്ഞ്‌ കഥാഗന്ധികളായി മാറാന്‍ വേദിയായത്‌.

                         ഞങ്ങളെ സാകൂതം നോക്കിനില്‍ക്കുന്ന ആ പഴയ വീട്ടില്‍ താമസിക്കുമ്പോഴാണ്‌ സുന്ദരപുരുഷന്മാരിലെ, കവാടങ്ങള്‍ക്കരുകിലെ എണ്‍പതുകളിലെ രാഷ്ടീയ സാമൂഹ്യജീവിതവും വ്യക്തി ദുഖസമ്പുഷ്ടവുമായ കഥകള്‍ ഉരുവമെടുത്തത്‌. പരിസ്ഥിതി, ദലിത്‌ ആശയസമ്പുഷ്ടമായ രചനകള്‍ മലയാളത്തില്‍ സാധാരണമാകുന്നതിനു മുമ്പെ എന്റെ കുഞ്ഞ്‌ അതിറിഞ്ഞിരുന്നു. ഓടു കൂരയുള്ള ആ മുത്തശ്ശി മന്ത്രിച്ചു.

                           `` ഒരു കഷണം അപ്പത്തിനായി എലിക്കെണയില്‍ വീണ്‌്‌ അപ്പം കടിച്ചു തിന്നുമ്പോഴും പോര്‍വിമാനങ്ങളുടെ മുഴക്കം കാതോര്‍ത്തു കിടന്നു''. (കഥ സ്‌മരണിക) ജീവിതത്തെ ആഖ്യാനം ചെയ്യുന്ന ഒരുപാടു ഉത്തമന്‍ കഥകളില്‍ വീട്‌ പ്രമേയമാകുന്നു.`` വീട്‌ എന്നും നിന്റെ വേദനയായിരുന്നു.'' (സ്‌മരണിക)


                                     മുറി, വീട്‌, കളിവീടുകള്‍, നഗരത്തിലെ വീടുകള്‍, തണുത്ത വെളുപ്പാന്‍ കാലങ്ങളില്‍, അമരവാഴ്‌വുകളിങ്ങനെ എന്നീ കഥകളില്‍ കയ്‌പനും മാധുര്യമിറ്റുന്നതുമായ ഭവന സങ്കല്‌പം കുടിലായും ചെറ്റയായും കൊണ്‍ക്രീറ്റു മാളികയായും അനുഭവപാഠം പകര്‍ത്തുന്നു.- ഞങ്ങള്‍ കഥയിലേയും ജീവിതത്തിലേയും ഉത്തമന്റെ വീടുകളെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു. ശ്രീവള്ളിയില്‍ അടുത്തയിടെ കുടിവച്ച `ആട്ടൂട്ടി' എന്ന അമൃതയുടെ ആട്ടിന്‍കുട്ടിക്ക്‌ അതൊന്നുമറിയില്ലല്ലോ. ``മേ''യെന്നവള്‍ കാതുകള്‍ ഉയര്‍ത്തി ശ്രദ്ധിച്ചു.

                         എണ്‍പതുകളുടെ മധ്യം കഴിഞ്ഞതോടെ ഉത്തമന്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്‌ & കെമിക്കല്‍സില്‍ ജോലിക്കുചേര്‍ന്നു. പിന്നെ ആഴ്‌ചകളില്‍ സംഭവിക്കുന്ന പൊക്കിള്‍ക്കൊടി സഞ്ചാരമായി ഭവനബന്ധം 

                        അതിന്നിടയില്‍ പഞ്ചാരക്കമ്പനി മദ്യനിര്‍മ്മാണത്തിലേയ്‌ക്ക്‌ നിറം മാറി. കൂട്ടപ്പിരിച്ചുവിടലിന്റെ വേവും തസ്‌തിക താഴ്‌ത്തിയുള്ള അപമാനവും ശമ്പളമില്ലായ്‌മയുടെ ആന്തലുമായി ചേതന കരിഞ്ഞു. ആഗോളീകരണത്തിന്റെ തുടക്കക്കാലത്ത്‌ വളഞ്ഞവട്ടത്തെ ആ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സിന്‌ ആ മനസ്സിലെ തീയെ തലോടാനായോ? ഇല്ലേയില്ല. അക്കാലത്തെ ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ പരിണിതിയായ കറുത്തകുരിശും തുപ്പെ തുപ്പെയും അതിനു സാക്ഷ്യം വയ്‌ക്കുന്നു. ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്‌ത അരമണിക്കൂര്‍ നാടകങ്ങളും ഭാര്യയും കുരുന്നു മക്കളും അക്കാലത്ത്‌ ഉത്തമനെ ജീവിതത്തിലേയ്‌ക്ക്‌ വരിഞ്ഞിട്ടു.

                              പമ്പയാറ്റിലെ ആവര്‍ത്തിത വെള്ളപ്പൊക്കത്തിലും അതിന്റെ കരയില്‍ നുരയ്‌ക്കുന്ന ജീവജാലങ്ങളിലും മനുഷ്യരിലും മധ്യതിരുവിതാംകൂറിന്റെ തനതു വികാരങ്ങിലും ഉത്തമന്റെ രചനാലോകം സമ്പന്നമായി. പുതിയൊരു രചനാപരിസരത്തിലേയ്‌ക്ക്‌ അവ ആവാഹിക്കപ്പെട്ടു. രണ്ടാംഘട്ടരചനകളില്‍ പുതിയ ശൈലിയും രൂപഭാവങ്ങളും വന്നുനിറഞ്ഞു.

                                               ``എഴുത്തുകാരന്‍ നെടുമങ്ങാട്‌ ബിവറേജസ്‌ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയതിനുശേഷമായിരുന്നു എന്റെ പിറവി പൂര്‍ണ്ണമായത്‌ (2002). ശ്രീവള്ളിയെന്ന വീട്‌ ഓര്‍ത്തു മന്ത്രിച്ചു. `` അതിനുള്ളില്‍ താമസിച്ച ചുരുങ്ങിയ കാലഘട്ടത്തില്‍ നിരവധി രചനകളുണ്ടായി. ഞാന്‍ താങ്ങായും തണലാവുന്നതും എന്നില്‍ അമരാന്‍ ഓടിവരുന്നത്‌ ഒരു എഴുത്തുകാരനാണ്‌ എന്നതില്‍ ഞാന്‍ ഗര്‍വ്വിതയായി. മനസ്സിലും ചെറുകുറിപ്പുകളിലുമായി വിങ്ങിനിന്ന ചാവൊലി കടലാസ്സിലൊഴുകിയ രാപ്പകലുകള്‍. അതിന്റെ ഉന്മാദത്തില്‍ രാവുകള്‍ പകല്‍പോലെയായത്‌... ആ എഴുത്തിനെ കുറിച്ചു പറയുന്നത്‌ സങ്കടമാണ്‌. എന്നാലും പറയാതെ വയ്യല്ലോ. ശയ്യാവലമ്പിയായി അപുവിന്‌ എഴുതാന്‍ പാകത്തില്‍ `തുപ്പെ തുപ്പെ'യുടെ കനലുകളെ മന്ത്രിച്ചു കൊടുത്തതും.. ശ്രീവള്ളി ശരിക്കും തേങ്ങിപ്പോയി.

                                          ഓ. നീ മാത്രമല്ല. ഞങ്ങളെല്ലാം ചേര്‍ന്നാണ്‌ ഉത്തമനെ എഴുത്തിലേയ്‌ക്ക്‌ കൊണ്ടുപോയത്‌. പരിസരം അപ്പാടെ സംഭാഷണത്തില്‍ ഇടപെടുന്നതായി തോന്നി.

                        ശരിയാണ്‌ ഒരുപാടു ഘടകങ്ങള്‍ ഓരോ ചുവടും ഓരോ കിനാവും ഓര്‍മ്മത്തുണ്ടുകളും എഴുത്തിലേയ്‌ക്ക്‌ വലിച്ചിടുന്നു. കവാടങ്ങള്‍ക്കരുകില്‍, കണ്ണുകള്‍, വീട്‌, അമ്മ കരയുന്നു, ഒരു പുല്ലറുപ്പോത്തിയുടെ കത, നഗരപാലകര്‍ക്ക്‌ വഴികാട്ടി, തലമുറകള്‍, തെങ്ങ്‌, അമരവാഴ്‌വുകളിങ്ങനെ, നിറങ്ങളില്‍ നിന്നും അകന്നുപോകുന്നവര്‍ തുടങ്ങിയ കഥകളില്‍ പരീക്ഷിച്ച രൂപ, തന്ത്രഭാഷഗന്ധാതികള്‍ വളര്‍ന്നു വലുതായതാണ്‌ ചാവൊലി. അപ്പോള്‍ ശ്രീവള്ളി എന്ന ഒരു വീടിനു മാത്രമല്ല. ഉത്തമന്റെ സഞ്ചാരയിടങ്ങള്‍ക്ക്‌ മുഴുവനായി അക്കാദമി പുരസ്‌കാരത്തെ അവകാശപ്പെടാനാവും.

                        മുകളിലെ എഴുത്താലയില്‍ നിന്നും കുഞ്ഞു വര്‍ത്തുള ഗോവണി ഇറങ്ങി താഴെയുള്ള ലിവിങ്‌, ഡൈനിംഗ്‌ കം കിച്ചണ്‍ ആയ ഹാളിലേയ്‌ക്ക്‌ എഴുത്തുകാരന്‍ വന്നെത്തിയോ? 

                            ഇരുട്ടുകനക്കുന്നു.
                         
                                   ശ്രീമതി ഇന്ദിരയോടും അപുവിനോടും അമൃതയോടും യാത്രചോദിക്കാന്‍ ഞങ്ങളൊന്നു കൂടി അകത്തു കയറി.

                         കാസര്‍കോട്‌ തുളുനാടു മാസിക സാഹിത്യസമഗ്ര സംഭാവനയ്‌ക്ക്‌ 2007 ല്‍ നല്‍കിയ പുരസ്‌കാരം, എാറ്റുമാന്നൂര്‍ സാഹിത്യവേദിയുടെ ചെറുകഥാ അവാര്‍ഡ്‌ 2008 എന്നിവകള്‍ക്ക്‌ സമീപത്ത്‌ അക്കാദമി പുരസ്‌കാരത്തെയും വൈകാതെ ശ്രീവള്ളി പ്രതീക്ഷിക്കുന്നു.

                  `` നിങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ ചേട്ടനിപ്പോള്‍ വന്നെത്തുമെന്ന്‌ കുറേ നേരമായി ആരോ മനസ്സിലിരുന്നു പറയുന്നു''. ഉത്തമന്റെ ഭാര്യ പിന്നെയും. 

                  ഒരു സങ്കട സായാഹ്നത്തെ പിന്നിടുമ്പോള്‍ ഒന്നു കൂടി ഞങ്ങള്‍ ശ്രീവള്ളിയിലേയ്‌ക്ക്‌ നോക്കി.

ജനയുഗം വാരാന്തം 26 എാപ്‌റില്‍ 200

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi