2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

പെന്‍ഷന്‍ കിണര്‍



ദിവസങ്ങള്‍ക്കു ശേഷമാണയാള്‍ പുറത്തിറങ്ങിയത്.
ഒന്നാം തീയതികളിലൂറിക്കിട്ടുന്ന പെന്‍ഷനായിരുന്നു ലക്ഷ്യം. മാര്‍ക്കറ്റില്‍ കയറിയത് കുറച്ചു മീന്‍ വാങ്ങാന്‍ വേണ്ടിയും. വിലക്കുറവും എണ്ണത്തില്‍ കൂടുതലുമുള്ള മീനുകള്‍ വീട്ടിലെ പൂച്ചകള്‍ക്കുവേണ്ടിയാണ്.
പെന്‍ഷനു നാലിലൊന്നു മേലുള്ള സംഖ്യയെ അയാള്‍ക്കുള്ള മരുന്നുകള്‍ തിന്നു. അതിനാല്‍ വെറും നൂറുരൂപയായിരുന്നു മീനിനു ക്വാട്ടയിട്ടിരുന്നത്. രണ്ടാമത്തെ ആഴ്ചയില്‍ തന്നെയതു തീരും. ചോറു തൊടാതെ പൂച്ചകള്‍ കരഞ്ഞുവിളച്ചു നടക്കും. ഉപ്പ്, തൈര്, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത തീറ്റകളും മടുക്കുമ്പോള്‍ ഭാര്യയ്ക്ക് സങ്കടമാവും. അവ പുറത്തു നിന്നും ഓന്തുകളെയും അരണകളെയും പിടിക്കുമ്പോള്‍ അയാള്‍ കണ്ടില്ലെന്നു നടിച്ചു.
ആ വീട്ടില്‍ അവരോട് മിണ്ടാനും പറയാനും പൂച്ചകള്‍ മാത്രമാണുണ്ടായിരുന്നത്. ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും പൂച്ചകളുടെ ഒട്ടിയ വയറുകള്‍ കാണുമ്പോഴും എാറെയാഴമുള്ള പെന്‍ഷന്‍ കിണറിനെ അയാളോര്‍ത്തു.
സഞ്ചിയില്‍ നിന്നും കുറച്ചു മീനുകള്‍ പൂച്ചപ്പാത്രത്തിലിട്ടശേഷം ബാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭാര്യയോട് നാളെ പൊതുപണിമുടക്കാണെന്ന കാര്യം അയാളറിയിച്ചു.
അപ്പോള്‍ പെന്‍ഷന്‍ കൂട്ടുമോ?
പ്രതികരണമായി അവളങ്ങനെ ചോദിക്കാത്തത് എാറെ നന്നായി എന്നയാള്‍ക്ക് തോന്നി.
രാത്രിയില്‍ പണിമുടക്ക് തുടങ്ങി. വെളുപ്പിന് കറണ്ടുപോയതോടെ മീനിനു മുടക്കിയ പണമായി അതയാളെ വേവലാതിപ്പെടുത്തി.
ഇന്നിനി കറണ്ടു വരില്ല.
പഴയൊരു കമ്പനി ജീവനക്കാരനായിരുന്നിട്ടും, പെന്‍ഷന്‍ ഒന്നിനും തികയാതിരുന്നിട്ടും, പൂച്ചകളെ തീരെ ഇഷ്ടമല്ലാതിരുന്നിട്ടും അയാള്‍ പണിമുടക്കിനെ ശപിച്ചു.
അതെന്തിനു വേണ്ടിയായിരുന്നു?  അന്നത്തെ ദിവസം മുഴുവനുമിരുന്നയാള്‍ അതു തന്നെ ആലോചിച്ചു.
---------------------------
ജനയയുഗം വാരാന്തം 20.09.2015
------------------------------
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi