2021, മേയ് 1, ശനിയാഴ്‌ച

തിരിവിലെ കാഴ്ചകള്‍



ചില തിരിവുകളില്‍ ചെല്ലുമ്പോള്‍ പുറകിലേയ്ക്ക് നോക്കാന്‍ പ്രേരണയുണ്ടാകുക സ്വാഭാവികമാണ്. പിന്‍വിളികള്‍ പഴയകാലത്തിലേയ്ക്കുള്ള അപ്രാപ്യ ക്ഷണമാണ്. നിരന്തര സംസര്‍ഗ്ഗത്തിലായിരുന്ന പാതയോരത്തെയൊരു കുഞ്ഞു മരം അത് വളര്‍ന്നിരിക്കുന്ന വിവരമറിയുന്നത് അത്തരമെരാരു തിരിഞ്ഞു നോട്ടത്തിലാണ്. 

പണ്ട് ഒരിക്കലൊരു കോരിച്ചൊരിയുന്ന മഴക്കാലത്ത് വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയ ബസ്സിന്റെ പടുത തീര്‍ത്തും സാധാരണക്കാരനായ ഒരു യാത്രക്കാരന്‍ നീക്കി. ഓ. യൂണിവേഴ്‌സിറ്റി നീയങ്ങ് മുഴുത്തുപോയല്ലോ! തനി നാടന്‍മട്ടില്‍ അദ്ദേഹമതു പറഞ്ഞത് മറക്കവയ്യ! രണ്ടായിരത്തിയൊന്നാമാണ്ടില്‍ ഒരു ദിവസം പ്രിയദര്‍ശിനി കുന്നുകള്‍ വിട്ടതിനുശേഷം യൂണിവേഴ്‌സിറ്റി കാണാന്‍ ആണ്ടോടാണ്ടുള്ള ഓരോവരവിലും ഞാനതു തന്നെ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു. യൂണിവേഴ്‌സിറ്റി എപ്പോഴുമെപ്പോഴും നീയങ്ങ് മുഴുത്തു കൊഴുക്കുവാണല്ലോ. 

തുടക്കത്തിലത് വന്‍മരച്ചില്ലകള്‍ മാതിരി പലദിക്കുകളില്‍ വീശിക്കിടക്കുകയായിരുന്നു. ഞങ്ങളൊക്കെ ചേക്കേറിയത് ചെറുവാണ്ടൂര്‍ ക്യാമ്പസ്സിലെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലായിരുന്നു. അതൊരു അതീവ കൗതുക ലോകമായിരുന്നു. ഗാന്ധിജി യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയായി പേരു മാറിയിട്ടേയുണ്ടായിരുന്നുള്ളു. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍ സയന്‍സ്.. എന്നിങ്ങനെ ഡിപ്പാര്‍ട്ടുമെന്റു നാമങ്ങളിലെ സ്‌കൂള്‍ സാന്നിധ്യം, ഏതു കറിയിലും കോവയ്ക്ക ചേര്‍ക്കാമെന്ന ലൂക്കാച്ചേട്ടന്‍ വിളമ്പിയ പുതിയ കൗതുക പാഠങ്ങള്‍. പോരാത്തതിന് ആ ലോകത്തിലേയ്ക്ക് വിശ്വമാതാ ആഡിറ്റോറിയത്തില്‍ നിന്നും അതിരമ്പുഴയിലെ മെയിനാപ്പീസിലെ തകരക്കൂര മുറികളില്‍ നിന്നും പുല്ലരിക്കുന്നില്‍ നിന്നും വലിയവലിയ വര്‍ത്തമാനങ്ങള്‍ മിനിബസ്സിറങ്ങി വന്നുകൊണ്ടിരുന്നു. പുത്തന്‍പുരക്കലച്ചന്റെ ചെറുവാണ്ടൂരിലെ ആ വലിയ കെട്ടിടസമുച്ഛയം. അത് സോണിയാ ദൂഗലെഴുതി കെ.ജി. വിശ്വഭംരദാസ് വിവര്‍ത്തനം ചെയ്ത 'കന്യാവാണിഭക്കാരി'ല്‍ പരാമര്‍ശിതമായിരുന്നു. ആ പുസ്തകവും വായിച്ചാണ് ലൈബ്രറിപ്പണികള്‍ ചെയ്തു തുടങ്ങിയത്. കാലവും സ്ഥലവും ഒരുമിച്ച് സംഗമിക്കുന്ന ഒരു കുസൃതി. 

കാഴ്കള്‍ മാത്രമായിരുന്നില്ല. ഓരോ സഹപ്രവര്‍ത്തകനെയും ഉറ്റബന്ധുകൂടിയാക്കി മാറ്റുന്ന ഒരു മാജിക് യൂണിവേഴ്‌സിറ്റിയ്ക്കുണ്ടായിരുന്നു. വിവിധ സര്‍വ്വീസ് സംഘങ്ങള്‍, സംസ്‌കാര, കുട്ടികളുടേതടക്കം ചെറുകൂട്ടായ്മകള്‍, ടേസ്റ്റകളനുസരിച്ചു ക്രിക്കറ്റു ക്ലബ്ബുമാതിരിയുള്ള മറ്റു കൂടലുകള്‍. അതൊക്കെ പെറുക്കിയെടുത്തും മനസ്സില്‍ നിറച്ചും അവിടെ ജോലിചെയ്ത ആ പന്ത്രണ്ടാണ്ടുകളിലൂടെ ഒരു ജീവിതത്തിനാവശ്യമായ സമ്പത്ത് ഞാന്‍ നേടി.

വാടക മുറികളില്‍ അന്നത്തെ രാത്രികളില്‍ പുരാണം പറച്ചിലുകള്‍ കൊണ്ടു നിറഞ്ഞു. കായങ്കുളത്തും അന്തിക്കാട്ടും മാളയിലും നായരമ്പലത്തു നിന്നും ജീവിതാനുഭവ മഹാഭാരതങ്ങള്‍ അതിനുള്ളില്‍ നിറഞ്ഞാടി. എന്നുമെന്നും സാഹിത്യക്യാമ്പിലായിരുന്നു താമസമെന്ന തോന്നല്‍ പടര്‍ത്തിയവരായിരുന്നു സഹതാമസക്കാര്‍. വായനയും വര്‍ത്തമാനങ്ങളും മുന്നൂറ്റി അറുപത്തിയഞ്ചു ദിവസങ്ങളിലും തുടര്‍ന്നു. ഋതുക്കള്‍ മറുന്നതുപോലെ കഥകളും താമസക്കാരയ വ്യക്തികളും മാറിക്കൊണ്ടിരുന്നുവെന്നു മാത്രം. രാഷ്ടീയവും ജീവിതവും സാഹിത്യവും ഉത്സവങ്ങളും യാത്രകളും നിറയുന്ന കാലം. മലയാള നാട്ടിലെ വിവിധ സംസ്‌കാരിക ധാരകളുടെ വാഹകരായ അവരെന്നെ ചേര്‍ത്തു പിടിച്ചു. എഴുതാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. 

എണ്‍പതു ശതമാനവും ചെറുപ്പക്കാരുടെ ഒരു കൂട്ടമായിരുന്നു അക്കാലത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല. കേരളാ യൂണിവേഴ്‌സിറ്റിയില്‍ വന്ന മുതിര്‍ന്നവരും ചെറുപ്പക്കാരായി പെരുമാറി. ചെറുവാണ്ടൂര്‍ വിട്ട'് പ്രിയദര്‍ശിനി കുന്നുകളില്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയുമായി ചേക്കേറുമ്പോള്‍ ആരും അപരിചിതരല്ലാത്ത ലോകമായി അതുമാറി. യൂണിവേഴ്‌സിറ്റി ലൈബ്രറി വിട്ട'് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ചേക്കപിടിച്ച മറ്റൊരു കാലം. അവിടെ കടിവെള്ളത്തിലും വായുവില്‍ പോലും എഴുത്തും സിനിമയും നാടകവും മറ്റുകലാരൂപങ്ങളും കലര്‍ന്നിരുന്നു. നാടക കൂട്ടായ്മകള്‍ നല്‍കിയ മറ്റൊരു കൂട്ടം ജീവിതാനുഭവങ്ങള്‍. പണിയാലകള്‍ പുതുക്കാന്‍ ഇതുപോലെ ജീവിതത്തില്‍ മറ്റൊരു അവസരം എനിക്ക് കിട്ടിയില്ല. അതൊക്കെ ഒന്നില്ലാതെ കൈവിട്ടുപോകാതിരിക്കാനും അയവിറക്കാനുമായി ഞാന്‍ വര്‍ഷാവര്‍ഷം മലകയറിക്കൊണ്ടിരുന്നു..

ജീവിതം വഴിമുട്ടുമ്പോള്‍ സംഘബോധം എങ്ങനെയതിനെ കൈകാര്യം ചെയ്തു? അന്ന് യൂണിവേഴ്‌സിറ്റി ജീവിതത്തിന്നിടയില്‍ കണ്ടതിനപ്പുറത്തുള്ള് ഒരു ബദല്‍ പാഠം പില്‍ക്കാല സര്‍വ്വീസ് കാലത്ത് ലഭിച്ചതേയില്ല. ജീവനക്കാര്‍ക്കായി സഹായ ഫണ്ടുകള്‍ പിരിച്ചെടുക്കുമ്പോള്‍ രാഷ്ട്രീയം കല്ലുകടിയായില്ല. ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന താങ്ങിനെ കുറിച്ചുള്ള പാഠങ്ങള്‍ മറക്കവയ്യ. കലാശാലാ പ്രണയങ്ങളുടെ ഭാഷയും വൈവിധ്യമാര്‍ന്ന കോണളവുകളും, കുട്ടികള്‍ മാത്രം വളരുന്നു എന്നതും ഒരു യൂണിവേഴ്‌സിറ്റി അറിവാണ്. അവര്‍ രാജ്യരാജ്യാന്തരം ലാബുകളിലും വിദ്യാലയങ്ങളിലും പത്രസ്ഥപനങ്ങളിലുമായി ലോകത്തിന്റെ ഭാവി ചമച്ചുകൊണ്ടിരിക്കുന്നു എതും യൂണിവേഴ്‌സിറ്റി ഓര്‍മ്മ നിറവാണ്.  

ചിരിച്ചും വര്‍ത്തമാനം പറഞ്ഞുമിരുന്ന് ചായയും കുടിച്ചിറങ്ങിപ്പോയ ആള്‍ ഒന്നും പറയാതെ പോയത് പരിഭ്രമമുണ്ടാക്കി. ചെറുവാണ്ടൂരില്‍ ആദ്യമായി കണ്ട സഹചരന്റെ വേര്‍പാട് സണ്ണി ആന്‍ഡ്രൂസ്സ് സാറിന്റേതായിരുന്നു. ബഹുമാന്യ ലൈബ്രേറിയന്മാരായ സുകുമാരന്‍നായര്‍, രവീന്ദ്രനാഥന്‍ നായര്‍ എന്നീ വേര്‍പാടുകളില്‍ തുടങ്ങി ആ മഹാവൃക്ഷത്തിലെ ഇലകള്‍ പൊഴിയുന്ന ഒരു കാലമെത്തിയിരിക്കുന്നു. അറിയാന്‍ കഴിഞ്ഞ അവസാനത്തെ യാത്ര ഗോപീമോഹന്റേതായിരുന്നു. അദ്ദേഹവും ഞാനുമായുള്ള ബന്ധം മിലരേപയുടെ പുസ്തകത്തിലൂടെയായിരുന്നു. രാജീവ് സാറിന്റെയും വിനയചന്ദ്രന്‍ സാറിന്റെയും ചേതനാരഹിതമായ ദേഹം കണ്ടത് തിരുവനന്തപുരത്തു വച്ച്. സതീഷ് ബാബു, ഓമല്ലൂര്‍ രാജീവ്..

'ഇന്നസന്റ് എരന്ത്രീന'യെ വീണ്ടും വായിക്കാനായി എടുക്കുമ്പോള്‍ ഓര്‍ക്കുന്നത് അതെനിക്ക് ആദ്യമായി തന്ന വേണുമേനോന്‍ ചിരിച്ച് മുന്നില്‍ വരുന്നതാണ്. മാര്‍ക്കേസുമായി ബന്ധമുള്ള മറ്റൊരു വേര്‍പാട് ഉണ്ണിക്കൃഷ്ണന്‍ സാറിന്റെത്. കോളറാക്കാലത്തെ പ്രണയത്തിലെ ആദ്യവിവര്‍ത്തിത വാക്യവുമായുള്ള ആ വരവ് ലെറ്റേഴ്‌സ് മുറ്റത്തിലെ ചരല്‍മണല്‍ ഉലയുന്ന ഒച്ചസഹിതം ഇപ്പോഴും കാണാന്‍ കഴിയുന്നു. 

അതിനാല്‍ എന്റെ യൗവനമെത് എം.ജി. യൂണിവേഴ്‌സിറ്റിയാകുന്നു. അതിങ്ങനെ നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കുന്നു. ശമ്പളത്തിനുമപ്പുറത്ത് അതു നല്‍കിയ സമ്പത്തുകള്‍ എങ്ങനെയാണ് പാറ്റിപ്പെറുക്കി പ്രദര്‍ശിപ്പിക്കുക? 


Follow through: Souvenir 2020.

 Mahatma Gandhi University Staff Cricket Club, 


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi