2020, ഡിസംബർ 3, വ്യാഴാഴ്‌ച

നിക്കോളാസ് വിന്റണ്‍ Nicholas Winton


 കണ്‍മണീസ് ഓഫ് നിക്കോളാസ് വിന്റണ്‍


2009 പ്രാഗ്


യൂറോപ്പിലെ ചെക്കോസ്ലാവാക്കിയയുടെ തലസ്ഥാനമാണ് പ്രാഗ്. അവിടെ നിന്നും രണ്ടായിരത്തിഒന്‍പത് സെപ്തംബര്‍ ഒന്നാം തീയതി ഒരു തീവണ്ടി ബ്രിട്ടണിന്റെ തലസ്ഥാനമായ ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചു. അതൊരു ചെറിയ വണ്ടിയായിരുന്നു. ഒന്നു രണ്ടു ബോഗികളും ഒരു പഴഞ്ചന്‍ ആവി എഞ്ചിനും മാത്രമുള്ള ഒരു കുഞ്ഞിത്തീവണ്ടി. ''ഇതാ ഒരു  ഓര്‍മ്മത്തീവണ്ടി വഴിതെറ്റിയിട്ടു് വരുന്നു. എന്താണ് വിശേഷം?'' കണ്ടമാത്രയില്‍ എല്ലാപേരുമതിനെ നോക്കി നിന്നു. അതിവേഗത്തില്‍ വണ്ടികളോടുന്ന യൂറോപ്പിലെ തിരക്കുള്ള പാളങ്ങളിലൂടെ നമ്മുടെ കുഞ്ഞന്‍ ഓര്‍മ്മവണ്ടി കിതച്ചു കിതച്ചോടി. സാവധാനത്തില്‍.

പാവമൊരു വണ്ടി. അതിന്റെയുള്ളു നിറയെ ഓര്‍മ്മകളായിരുന്നു. പണ്ടത്തെ മാതിരി സങ്കടങ്ങളും. എന്നാലും തന്റെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ ശ്രദ്ധപൂണ്ട് തുമ്മിയും ചീറ്റിയും അത് ബ്രട്ടനിലേയ്ക്ക് ഏറെ ശ്രദ്ധയോടെ നീങ്ങി. അതിലെ യാത്രക്കാര്‍ക്ക് നോവുകള്‍ മാത്രമേയുണ്ടായിരുന്നുള്ളു. അച്ഛനും അമ്മയും ഉടപ്പിറപ്പുകളും നഷ്ടമായ ഓര്‍മ്മകളില്‍ അവര്‍ വീണ്ടും കരയാതെ കരഞ്ഞു. 

1939 പ്രാഗ്

എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരത്തി തൊളളായിരത്തി മുപ്പതിയൊന്‍പ് സെപ്തംബര്‍ ഒന്നാം തീയതി. പ്രാഗില്‍ നിന്നും 60163 നമ്പരുള്ള ആവിത്തീവണ്ടി ലണ്ടനിലേയ്ക്ക് പോകാനൊരുങ്ങിയതായിരുന്നു. ഞാന്‍ പൊയ്‌ക്കോട്ടേ! എനിക്ക് നിരവധി രാജ്യങ്ങള്‍ കടന്നുവേണം ലക്ഷ്യത്തിലെത്താന്‍. അതു അക്ഷമനായി പലതവണ ചൂളം വിളിച്ചു. 

അന്നത്തെ വണ്ടിയ്ക്കുള്ളിലുണ്ടായിരുന്നത് കുട്ടികളായിരുന്നു. ഇരുൂറ്റിയന്‍പത് പേര്‍. അവര്‍ വിനോദയാത്രയ്ക്ക് ഇറങ്ങിയവരായിരുന്നില്ല. 1939 ലല്ലേ സംഭവം. ആ ജൂതക്കുട്ടികള്‍ എങ്ങുമെത്തിയില്ല. നീ പൊയ്‌ക്കോ. ഓട്ടത്തിനുള്ള സിഗ്നല്‍ കിട്ടുന്നതിനു മുമ്പ് ദൗര്‍ഭാഗ്യം കുട്ടികളുള്ള വണ്ടിയില്‍ മാത്രമല്ല യൂറോപ്പിലെമ്പാടും വീണു. ഹിറ്റലര്‍പ്പട പോളണ്ടില്‍ കടന്നു. രണ്ടാം ലോകയുദ്ധം തുടങ്ങി. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടഞ്ഞു. വണ്ടിയോട്ടം നിലച്ചു. ലണ്ടനിലേയ്ക്കുള്ള ഒന്‍പതാമത്തെ വണ്ടിയിലെ ആ കുട്ടികളില്‍ രണ്ടുപേര്‍ മാത്രം വംശീയക്രൂരതകളില്‍ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു. ബാക്കിപേര്‍ ഏതോ നാസി തടങ്കല്‍പ്പാളയത്തില്‍ എരിഞ്ഞടങ്ങി. 

ആ പുറപ്പെടാ വണ്ടിയുടെ പുനഃരോട്ടമായിരുന്നു രണ്ടായിരത്തി ഒന്‍പതില്‍ വീണ്ടും അരങ്ങേറിയത്. അതിനുള്ളിലെ യാത്രികര്‍ 'നിക്കോളാസ് വിന്റണിന്റെ കുഞ്ഞുങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധരായ ആ അറുന്നൂറ്റി അറുപത്തിയൊന്‍പതു പേരില്‍ ചിലരായിരുന്നു. എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മങ്ങിയ ഓര്‍മ്മകളില്‍ അവരുടെ മനസ്സ് തുടിച്ചു. 

അന്ന് യുദ്ധത്തിനു തൊട്ടുമുമ്പ് മാര്‍ച്ചു മാസത്തിനും ആഗസ്റ്റിനുമിടയില്‍ എട്ടു വണ്ടികളിലായി പ്രാഗില്‍ നിന്നും കണ്ണീരുമായി രക്ഷപ്പെട്ടവരായിരുന്നു അവര്‍. അവര്‍ക്ക് ഒന്നുമറിയില്ലായിരുന്നു. തങ്ങള്‍ എവിടേയ്ക്ക് പോകുന്നു? അച്ഛനമ്മമാരെ ബന്ധുമിത്രാദികളെയും വീണ്ടും കാണാന്‍ കഴിയുമോ? ആരാണ് തങ്ങെള ഇവിടെ നിന്നും രക്ഷപ്പെടുത്തുന്നത്? അവരുടെ കണ്ണീര്‍ കണ്ണില്‍ കാഴ്ചകളൊന്നും പതിഞ്ഞില്ല. അവരുടെ വിങ്ങുന്ന മനസ്സില്‍ മറ്റൊന്നും വിരിഞ്ഞില്ല. 


1988 ലണ്ടന്‍


സംഭവത്തിന്റെ അടുത്ത ഖണ്ഡം നടന്നത് ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ലണ്ടനിലാണ്. നിക്കോളാസ് വിന്റണിന്റെ അമ്പതുവര്‍ഷം പഴക്കമുള്ള ചില പഴയ കടലാസുകള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ കൈയില്‍ വന്നുപെട്ടു. ചെക്കോസ്ലാവാക്കിയയിലെ കുറെ ജൂതക്കുട്ടികളുടെ പേരു വിവരങ്ങള്‍, ഫോട്ടോകള്‍, ബ്രിട്ടനില്‍ അവരെ ദത്തെടുത്തവരുടെ വിലാസങ്ങള്‍. 

ഇതെന്താണ്? ഒരു വൈമാനികനായി വിരമിച്ച തന്റെ ഭര്‍ത്താവിന് ഈ കുട്ടികളുമായി എന്തു ബന്ധം? ഇതെവിടെ നിന്നു കിട്ടി? അനേ്വഷണത്തിന്റെ തുടക്കത്തില്‍ ആ രേഖകളെ മുഴുവനും  കുപ്പയില്‍ കളയാനാണ് വിന്റണ്‍ ഭാര്യയോടാവശ്യപ്പെട്ടത്.  

 അതയാള്‍ രക്ഷപ്പെടുത്തിയ അറുന്നൂറ്റി അറുപത്തിയൊന്‍പ് ജൂതക്കുഞ്ഞുങ്ങളുടെ ജാതകങ്ങളായിരുന്നു. വിന്റണ്‍ ഇത്രയും കാലം ഒളിച്ചു വച്ചിരുന്ന വലിയ രഹസ്യം അമ്പതു വര്‍ഷത്തിനു ശേഷം വെളിച്ചം കണ്ടു. ആ എണ്‍പത്തിയെട്ടുകാരന്‍ തന്റെ വലിയ മനസ്സ് തുറന്നു. 

സംഗതി ഉശിരന്‍ വാര്‍ത്തയായി. 'നിക്കോളാസ് വിന്റണിന്റെ കുഞ്ഞുങ്ങളി'ല്‍ ശാസ്ത്രജ്ഞന്മാരുണ്ടായിരുന്നു. ഇംഗ്ലീഷുകാരുടെ വീടുകളില്‍ താമസിച്ച ചിലര്‍ വളര്‍ന്നു കവികളായി. പിന്നെ സിനിമാക്കാര്‍, പൊതുപ്രവര്‍ത്തകള്‍ അങ്ങനെ ആ ജൂതക്കുട്ടികള്‍ ലോകത്തിനെ സമ്പമാക്കി. 

അവരെല്ലാം തങ്ങളുടെ രക്ഷകനെ കാണാനെത്തി. തികച്ചും വൈകാരികമായിരുന്നു ഒത്തുകൂടല്‍. തുടക്കത്തില്‍ അവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. 'നിക്കോളാസ് വിന്റണിന്റെ കുഞ്ഞുങ്ങളായിരുന്ന മിക്ക അപ്പൂപ്പനനമ്മൂമ്മമാരടെയും ഓര്‍മ്മകളില്‍പ്പോലും തങ്ങളുടെ രക്ഷകനായ നിക്കോളായുടെ രൂപം പോലുമണ്ടായിരുന്നില്ല.പാലായന കാലത്തിലെ പഴയ തിരിച്ചറിയല്‍ കാര്‍ഡകളുടെ സഹായത്താല്‍ അവല്ലൊം ആദ്യമായി പരസ്പരം 'കണ്ടു'.

സമാനകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ പേരില്‍ നിരവധി അംഗീകാരങ്ങള്‍ നിക്കോളാസ് വിന്റണെ തേടിയെത്തി. അതില്‍ ചെക്കോസ്ലാവാക്യയുടെ പരമോത ബഹുമതിയും ഉള്‍പ്പെട്ടു. അതിവിശിഷ്ടമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നോബല്‍ സമ്മാനത്തിന് വിന്റണിനെ ശുപാര്‍ശ ചെയ്തു. സൗരയൂഥത്തില്‍ പുതിയതായി കണ്ടെത്തിയ ചിന്നഗ്രഹമായ 19384 ന് വിന്റണ്‍ എന്നു പേരിട്ടു മാനിച്ചു. 


1938 ചെക്കോസ്ലാവാക്കിയ


ഇനി ആയിരത്തിതൊളളായിരത്തി മുപ്പത്തിയെട്ട'ില്‍ നടന്നത് എന്താണെന്നു നോക്കാം. ഇരുപത്തിയെട്ടുകാരനായ നിക്കോളാസ് വിന്റണ്‍ ചെക്കോസ്ലാവാക്യായില്‍ എത്തിയത് ചില ജീവകാരുണ്യ പ്രവര്‍നങ്ങളുടെ ഭാഗമായിട്ടായിരുന്നു. അന്നയാള്‍ സ്റ്റോക്ക് എക്‌ചേഞ്ചില്‍ ജോലി ചെയ്തിരുന്നു. 

യൂറോപ്പിലെ മറ്റുഭാഗങ്ങളിലെ പോലെ അവിടെയും ജൂതന്മാര്‍ വംശീയമായി ആക്രമിക്കപ്പെടുകയായിരുന്നു.  ജൂതക്കുട്ടികള്‍ ഹിറ്റലുറുടെ തടങ്കല്‍പ്പാളയത്തില്‍ ചെന്നു വീഴാതിരിക്കാന്‍ ചില മാനുഷിക പ്രവര്‍ത്തനങ്ങള്‍ ചെക്കിലും നടിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള പരിപാടികളില്‍ അദ്ദേഹവും പങ്കുചേര്‍ന്നു. സാധാരണക്കാരുടെ കുട്ടികളെ രക്ഷപ്പെടുത്തി ഇംഗ്ലണ്ടിലെത്തിക്കുന്ന 'ചൈല്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍' പദ്ധതിയില്‍ അതുള്‍പ്പെട്ടു. 

ചുരുങ്ങിയ സമയം മാത്രമേ മുന്നിലുള്ളു. വിന്റണ്‍ കാുട്ടികള്‍ക്കായി അക്ഷീണം യത്‌നിച്ചു. ഇംഗ്ലണ്ടില്‍ ഈ കുട്ടികള്‍ക്ക് വേണ്ട പോറ്റച്ഛന്മാരെയും പോറ്റമ്മമാരെയും കണ്ടെത്തുന്നതില്‍ സ്വന്തം അമ്മയുടെ സഹായവും നിര്‍ലോഭം ലഭിച്ചിരുന്നു. ചുറ്റിലും അയാളെ നിരീക്ഷിച്ച് ജര്‍മ്മന്‍ രഹസ്യപ്പോലീസ് ആയ ഗെസ്റ്റപ്പോകളുണ്ടായിരുന്നു. ജീവന്‍ പണയം വച്ചായിരുന്നു വിന്റണ്‍ പ്രവര്‍ത്തിച്ചത്. 

അഞ്ചു മാസക്കാലയളവിനുള്ളില്‍ അനാഥക്കുഞ്ഞുങ്ങളുമായി എട്ടു് തീവണ്ടികള്‍ ലണ്ടനിലേയ്ക്ക് കുതിച്ചു. കുട്ടികളെ നിറച്ച അവസാന വണ്ടിക്ക് മാത്രം പ്രാഗില്‍ നിന്നും പുറപ്പെടാനായില്ല. 

ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ നിക്കോളാസ് വിന്റണ്‍ പഴയകാലത്തെ മറന്നു. പട്ടാള സേവനം നടത്തി. തികച്ചും സാധാരണക്കാരനായി തുടര്‍കാലം കഴിച്ചു കൂട്ടി. 

നാസി ഭീകരതയ്‌ക്കെതിരെയുള്ള പ്രവര്‍ത്തന രഹസ്യങ്ങള്‍ പുറത്തായതോടെ അദ്ദേഹം ആരാധ്യനായി മാറി. നിരവധി ഡോക്യുമെന്ററികള്‍, സിനിമകള്‍ എന്നിവ നിക്കോളാസ് വിന്റണിന്റെ ജീവിതത്തെ അധികരിച്ചുണ്ടായി. 


2015 ലണ്ടന്‍


നൂറ്റിയാറാമതെത്ത വയസ്സില്‍ 2015 ലാണ് കുട്ടികളുടെ സ്വന്തം രക്ഷകന്‍ നിക്കോളാസ് വിന്റണ്‍ മരണമടഞ്ഞത്. പ്രാഗില്‍ അദ്ദേഹത്തിന്റെ പ്രതിമയുണ്ട്. പ്രതിപാദനവിഷയം മറ്റൊന്നുമല്ല. തോളില്‍ മയങ്ങുന്ന കുട്ടി തന്നെയാണ്. 

ഇപ്പോള്‍ നമ്മുടെ നാടും ഏതാണ്ട് അസ്വസ്ഥമായി തുടങ്ങിയിരിക്കുന്നു. മതവും ജാതിയും നോക്കി മനുഷ്യനെ തിന്നുന്ന കാലമെത്തിയോ? അങ്ങനെ തോന്നിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു. 

നിങ്ങള്‍ നിക്കോളാസ് വിന്റണ്‍ എന്ന് ഇന്റര്‍നെറ്റില്‍ തെരഞ്ഞു നോക്കുക. 

ആ വലിയ മനുഷ്യസ്‌നേഹിയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റില്‍ കാണുക. 'മൈ ട്രെയില്‍ ടു ഫ്രീഡം' എന്ന പുസ്തകവും അവിടെയുണ്ട്. 'സ്വാതന്ത്യത്തിലേയ്ക്കുള്ള എന്റെ തീവണ്ടി: നാസി ജര്‍മ്മനിയില്‍ നിന്നുള്ള ഒരു ജൂതക്കുട്ടിയുടെ യാത്ര' എന്ന പുസ്തം എഴുതിയത് ഇവാന്‍ ബേക്കര്‍ ആണ്. അദ്ദേഹവും നിക്കോളാസ് വിന്റണിന്റെ ഒരു കണ്‍മണിയാണ്. സങ്കടത്തോടെയല്ലാതെ അതിലൂടെയൊക്കെ നമുക്ക് കടന്നുപോകാനാവില്ല.

നിക്കോളാസ് വിന്റണ്‍ 'ഇംഗ്ലണ്ടിലെ ഷിന്റ്‌ലര്‍' എന്നാണ് അറിയപ്പെടുത്. ആരാണപ്പോള്‍ ഷിന്റ്‌ലര്‍? അതു കണ്ടുപിടിക്കണം. കുട്ടികളെ രക്ഷിക്കുതില്‍ നോബല്‍ സമ്മാനം ലഭിച്ച നമ്മുടെ സ്വന്തം കൈലാസ് സത്യാര്‍ത്ഥി മാമനെ കുറിച്ചും വായിക്കണം. 


യുറീക്ക 1 ഡിസം.2020


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi