2007, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

സ്ഥാവരമായ ജങ്കമങ്ങള്‍


പുതിയ വീട്ടിലേയ്ക്ക്‌ താമസം മാറ്റുമ്പോള്‍ കൂടെ എടുക്കേണ്ടവയെക്കുറിച്ച്‌ ഞങ്ങള്‍ ഒരു ധാരണയിലെത്തി.

അച്ചാച്ചന്റെ ചെല്ലപ്പെട്ടി എന്തിനെന്നറിയാതെ മകന്‍ നെഞ്ചോടുചേര്‍ത്തു.

മകള്‍ക്ക്‌ കൂട്ടേണ്ടത്‌ ചേച്ചിയുടെ മക്കള്‍ ഓമനിച്ചു വളര്‍ത്തുന്ന'സ്നോയി'യെ ആണു്‌. അവളുടെ ഇംഗിതത്തിനു വഴങ്ങാതെ ആ വെളുവെളുമ്പി പൂച്ച കഴമ്പിച്ചാടുന്നതില്‍ മകളുടെ മുഖത്ത്‌ പരിഭവം നിറഞ്ഞു.

അമ്മയുടെ ശേഖരത്തിലെ തലമുറതലമുറയാല്‍ പകര്‍ന്നുവന്നിരുന്ന പാത്രങ്ങളില്‍ നല്ലതൊക്കെ ഭാര്യ മുന്‍ കൂട്ടി കണ്ടുവച്ചു.

ഇറങ്ങുമ്പോള്‍ അയാള്‍ വാരിയെടുത്തത്‌ ഇട്ടുപോകാന്‍ വയ്യാത്ത ഓര്‍മ്മകളെയായിരുന്നു.

ആദ്യകുടയുമായി കുഞ്ഞുന്നാളില്‍ മഴകോള്ളാന്‍ മുറ്റത്തേയ്ക്കിറങ്ങിയത്‌. "ആയിരം കാന്താരി പൂത്തെന്നു്‌" മാനം നോക്കി അപ്പച്ചിമാര്‍ കേള്‍ക്കെ ഉറക്കെപ്പാടി നാണിച്ചുപോയത്‌.

അരകല്ലില്‍ അമ്മയരച്ച ചമ്മന്തി സ്വാദ്‌ എത്രതേയിച്ചിട്ടും തേയിച്ചിട്ടും കൈയില്‍ പറ്റാത്തതില്‍ വിഷമം കൊണ്ടയാള്‍ ഒരു മാത്ര നിന്നു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi