2015, ജനുവരി 7, ബുധനാഴ്‌ച

ചാക്കുകളിലെ അസ്ഥികള്‍



''മൂപ്പര്‍ക്ക് ആദ്യമായി ഹാര്‍ട്ട് അറ്റാക്ക് വന്നപ്പോഴായിരുന്നു ഞങ്ങളിതൊക്കെ ചാക്കുകളിലാക്കിയത്''
ഒരു പുരുഷായുസ്സു മുഴുവനും അവനിരുന്നെഴുതിക്കൂട്ടിയ സംഗതികളാണ് ആ മകന്‍ പറഞ്ഞതും എന്റെ മനസ്സിലോടിയത്.
കഥകള്‍, കവിതകള്‍, പിന്നെ പരിഷത്തില്‍ പ്രവര്‍ത്തിച്ച കാലത്ത് നാടുനന്നാക്കാനെഴുതിയ നിരവധി പദ്ധതികളുടെ കരടുകള്‍.. വെളിച്ചം കാണാതെപോയ അവന്റെ ഒരുപിടി കരിമണിയക്ഷരങ്ങള്‍ എനിക്കോര്‍മ്മ വന്നു.
''രണ്ടാമത്തെ ചങ്കുവേദനയ്ക്ക്‌ശേഷം ആശുപത്രിയില്‍ നിന്നും വന്നപാടേ ഞങ്ങളീ ചാക്കുകളെ ഇങ്ങോട്ട് മാറ്റി.''
തേങ്ങാക്കൂട്ടിലെ കടലാസുകള്‍ നിറഞ്ഞ ആ ചാക്കുകളില്‍ തൊട്ടു നില്‍ക്കെ തീരെ അവശനായപ്പോഴും ജ്വലിച്ചിരുന്ന അവന്റെ കണ്ണുകള്‍ എന്നെ തൊടുന്നുണ്ടായിരുന്നു.
''മാമന്നിതൊക്കെ ഒന്നൂടൊന്നഴിച്ചു കുടഞ്ഞൊന്നു നോക്കിന്‍! ഉപകാരമുള്ള എന്തെങ്കിലും കാണാതിരിക്കില്ല. വേണ്ടാത്തത് നമുക്ക് കത്തിച്ചു കളയാം.''
ഒരിക്കലും വേവാത്ത അവന്റെ അസ്ഥികളെ ഞാന്‍ ആ കടലാസു കൂമ്പാരത്തില്‍ തെരഞ്ഞു തുടങ്ങി.
--------------------------------------
വാരാദ്യമാധ്യമം 4.01.2015

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi