പാടത്തിലെ ചില്ലറപ്പണികള്‍ക്കിടയിലാണ് അയാളെത്തേടി മകളെത്തിയത്.
ടെസ്‌റ്റിനു പോകാന്‍ വൈകിയിരിക്കണം. അതാണവള്‍ ഓടിവന്നത്.
നഗത്തിലെ ടെക്‌നോസിറ്റിയില്‍ ഉച്ചയ്‌ക്കുശേഷം അവള്‍ക്ക് ബാങ്കു ജോലിക്കുള്ള പരീക്ഷയുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റ്. കൂടുതല്‍ നേരം വയലില്‍ തങ്ങാതെ പെട്ടെന്നു പോരണമെന്ന് ഇറങ്ങുമ്പോള്‍ കരുതിയതായിരുന്നു.
അവള്‍ നന്നായി കിതയ്‌ക്കുന്നുണ്ടായിരുന്നു.
മകളെ കഷ്ടപ്പെടുത്തിയതില്‍ അയാള്‍ക്ക് വല്ലായ്‌മ തോന്നി.
ധൃതിയുണ്ടായിരുന്നിട്ടും കുളിമുറിയില്‍ അയാള്‍ നന്നായി ശ്രദ്ധിച്ചു. എാറെ കരുതലോടെയാണ് ദേഹം വൃത്തിയാക്കിയത്. അത്യാഡംബരങ്ങളോടെ എത്തുന്നവര്‍ക്കിടയിലേയ്‌ക്കാണ് പോകാനുള്ളത്. ചേറും ചെളിനിറവും ശരീരത്തില്‍ പാടില്ല. കുട്ടിക്ക് നാണക്കേടാവരുത്.
വൃത്തിയെ കുറിച്ച് വീണ്ടുമയാള്‍ ആലോചിച്ചത് മകള്‍ പരീക്ഷാഹാളില്‍ കയറിയതിനു ശേഷമാണ്.
എന്തു വെടിപ്പാണീ പരിസരത്തിന്! നമ്മുടെ നാടാണെന്നു തോന്നിപ്പിക്കാത്ത കാമ്പസ്സ്. ആകപ്പാടെ വിദേശഛായ. ഉയരത്തില്‍ പരസ്‌പരം മത്സരിക്കുന്ന കെട്ടിട സമുച്ഛയങ്ങള്‍. കാട്, അതിനുമപ്പുറത്ത് ഫ്‌ളാറ്റുകകളുടെ തലപ്പ്. ആ കാത്തിരിപ്പു മുറിക്കു തന്നെ എാഴെട്ടു ക്ലാസ്സുകള്‍ നടത്താന്‍ പാകത്തില്‍ വലിപ്പമുണ്ട്. താനൊരു റിട്ടയേര്‍ഡ് മാഷാണെന്ന തോന്നല്‍ അപ്പോഴാണയാള്‍ക്കുണ്ടായത്.
വലിയ കെട്ടിടത്തിനുള്ളില്‍ പരീക്ഷയില്‍ മുങ്ങിപ്പോയ കുട്ടികളെ കാത്തിരിക്കുന്നവരും പരസ്‌പരമൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ആ അന്തരീക്ഷം അത്രയ്‌ക്കവരെ മാറ്റിക്കളഞ്ഞിരുന്നു. ഒരാള്‍ മാത്രം രണ്ടു ജില്ലകള്‍ക്കപ്പുറത്തുള്ള തന്റെ കറവ തീര്‍ന്ന റബ്ബര്‍മരങ്ങള്‍ വില്‍ക്കുന്നതിനെ കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു. വില ശരിയാകാതെ വന്നപ്പോള്‍ ദേഷ്യപ്പെട്ടത് മറ്റുള്ളവര്‍ കേട്ടുവോ എന്ന സംശയത്തോടെ മുബൈല്‍ കട്ടുചെയ്‌തു.
ആരും ആരേയും ശ്രദ്ധിക്കാത്ത ഒരിടം. താനിവിടെ മരിച്ചിരിക്കുകയാണോ? അയാള്‍ക്ക് സംശയം തോന്നി.
എാതൊക്കെയോ ജനല്‍പ്പഴുതുകള്‍ വിജയകരമായി താണ്ടിയ ഒരു കുഞ്ഞില പെട്ടെന്ന് ആ ഹാളിലേയ്‌ക്ക് പറന്നു കയറി. അതു പാറി വന്നയാളുടെ കാല്‍പ്പെരുവിരലില്‍ അമര്‍ന്നു.
ചന്ദനം പിടിപ്പിച്ചിരുന്നതു മാതിരി നഖത്തിലുണ്ടായിരുന്ന ചേറിന്റെ പാടും അങ്ങയെ മറഞ്ഞു.
സമ്പൂര്‍ണ്ണനായതിന്റെ സന്തോഷത്തില്‍ ഒരു മാത്ര അയാളൊന്നുലഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ