2020, നവംബർ 27, വെള്ളിയാഴ്‌ച

സക്കറിയ


 സക്കറിയ


ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് ഞാനാദ്യമായി ഡല്‍ഹീയിലേയ്ക്ക് തീവണ്ടി കയറുന്നത്. കെ. കെ. അതായത് കേരള കര്‍ണ്ണാടക എക്‌സ്പ്രസ്സില്‍. തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തും നിന്നും വന്ന രണ്ടു മുറിവണ്ടികള്‍ ഷൊര്‍ണ്ണൂരില്‍ വച്ചൊന്നായി ഡീസല്‍പ്പുക തുപ്പി വടക്കിനു കിതച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത കാഴ്ചകളിലൊന്നായിരുന്നു. ഡല്‍ഹിയില്‍ ഒരിന്റര്‍വ്യൂവിന് പങ്കെടുക്കുകയായിരുന്നു യാത്രോദ്ദേശ്യം. ഇരുപത്തിമൂന്ന് വയസ്സിന്റെ പരിഭ്രമം എന്റെയെല്ലാ ചലനങ്ങളെയും ചങ്ങലയിട്ടു. ചില സഹയാത്രക്കാര്‍ എന്റെ പ്രായവും മാനസികാവസ്ഥയും തിരിച്ചറിഞ്ഞ് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിത്തന്നു. അവരെന്നെ ഡല്‍ഹിയിലേയ്ക്ക് കുടിയേറുന്ന മലയാളിപ്പയ്യനായി തന്നെ പരിഗണിച്ചു. പരിമിതമായ ജീവിത സാഹചര്യങ്ങള്‍ നിഴലിച്ച അവരുടെ നരച്ച മുഖങ്ങള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. വരയ്ക്കാന്‍ കെല്പുണ്ടായിരുന്നെങ്കില്‍ ആ സുമനസ്സുകളെ ഞാന്‍ കടലാസില്‍ പകര്‍ത്തിക്കാട്ടുമായിരുന്നു.

കെ.കെ. നിന്ന പ്ലാറ്റുഫോമില്‍ മണിയണ്ണനെത്തി. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനായിരുന്നു. കത്തുവഴി ഞാന്‍ തലസ്ഥാനത്ത് എത്തുന്ന വിവരം മുന്നേതന്നെ അണ്ണനെ അറിയിച്ചിരുന്നു. അദ്ദേഹമെന്നെ ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് കൈമാറി ഓഫീസിലേയ്ക്ക് തിരിച്ചോടി. അയാളെന്നെ ഒരു മണിക്കൂറിനുള്ളില്‍ കല്ല്യാണ്‍പൂരിയിലെ മണിയണ്ണന്റെ അതീവ കുഞ്ഞുവസതിയിലെത്തിച്ചു മറഞ്ഞു. മഹാനഗരിയുടെ ഭയനാകതയുടെ വിസര്‍ജ്ജ്യമായ ഒരുതരം പേടി. അലോസരമുണ്ടാക്കുന്ന തിരക്കിന്റെ മൂളലായി ഒറ്റയ്ക്കായപ്പോള്‍ അതെന്നെ വളഞ്ഞു. ബഹളങ്ങള്‍ക്കിടയിലെ ഏകാന്തത ഞാനറിഞ്ഞു. അന്നു ഡല്‍ഹിയില്‍ മിനുട്ടിനു മിനുട്ടിന് വെടിപൊട്ടുന്നുണ്ടായിരുന്നു. ഓരോ നൂറുവാരയിലും കലനിഷ്‌കോവുമായി പട്ടാളം യമനെയാട്ടാന്‍ കാവല്‍ നിന്നിരുന്നു. കൊടും തണുപ്പില്‍ എപ്പോള്‍ വേണമെങ്കിലും ആരും പൊട്ടിത്തെറിച്ചുപോകുമായിരുന്ന എണ്‍പതുകളുടെ മധ്യകാലമായിരുന്നത്. 

അന്നു വൈകുന്നേരം മണിയണ്ണനോടൊപ്പം വിരുന്നുകാരനായി ആ വീട്ടില്‍ സക്കറിയ എത്തി. ഏകദേശം എന്റെ പ്രായം മാത്രമേ അവനുള്ളു. ആ ചുറുചുറുക്ക് എന്നെ നന്നായി ആകര്‍ഷിച്ചു. ഞാന്‍ വെറും നാട്ടിമ്പുറത്തുകാരന്‍. ഇന്റര്‍വ്യൂ പ്രമാണിച്ചാണ് മുണ്ടു മാറ്റി പാന്റ്‌സ് ഇട്ടതു തന്നെ. തണുപ്പിനോട് പടവെട്ടാന്‍ ഞാന്‍ കൊണ്ടുവന്നിരുന്നത് മറ്റൊരു അയല്‍ക്കാരന്‍ പട്ടാളക്കാരന്റെ സ്വെറ്റര്‍. അതിട്ടു കൊണ്ട് ഞാന്‍ കൈയുയര്‍ത്താന്‍ മടിച്ചു. കക്ഷത്താണ് ആ കീറല്‍. കൈ താഴ്ത്തിയിട്ടാല്‍ ആരും കാണില്ല. അതായിരുന്നു മനസ്സമാധാനം. ഞാന്‍ എന്റെ വേഷവിധാനങ്ങള്‍ ഒന്നു മനസ്സാല്‍ കണ്ണോടിച്ചു. നല്ലൊരു സ്വെറ്റര്‍ വാങ്ങണമെന്ന് ഞാനന്നേ കരുതിയതാണ്.

സക്കറിയയുടെ ആ ചുവന്ന ഭംഗിയുള്ള സ്വെറ്റര്‍ അതിപ്പോഴും ഓര്‍മ്മയുണ്ട്. ആ തണുത്ത മധുരതരമായ കാലാവസ്ഥപോലെ സക്കറിയയും എനിക്ക് അതീവാകര്‍ഷണീയമായി.

അവന്‍ കല്ല്യാണം കഴിച്ചിരിക്കാം. ഭരണങ്ങാനത്തുന്നോ, കുറവിലങ്ങാട്ടുന്നോ വണ്ടികയറിയ ഒരു നഴ്‌സ്. ഇപ്പോള്‍ സാമാന്യം നന്നായി ജീവിക്കാന്‍ പാകത്തില്‍ സംവിധാനങ്ങളുമായി ഡല്‍ഹീല്‍ തെന്നയുണ്ടാവും. മക്കള്‍ വലിയ കമ്പനി ഉദേ്യാഗസ്ഥന്മാരായി അല്ലെങ്കിള്‍ ഗള്‍ഫില്‍ ഉയര്‍ന്ന നിലയില്‍. ഒരു സാധാരണ മറുനാടന്‍ മലയാളി ജീവിതമായിരിക്കും സക്കറിയയ്ക്ക് ലഭിച്ചിരിക്കുക.

വര്‍ഷങ്ങള്‍ക്കുശേഷം ഇന്നു കേരള എക്‌സ്പ്രസ്സില്‍ ഡല്‍ഹിയിലേയ്ക്ക് വീണ്ടും കയറുമ്പോഴാണ് ഞാന്‍ സക്കറിയെ ഓര്‍ത്തത്. ഓ. ഞാനതു പറഞ്ഞില്ല. എനിക്കാ ജോലി കിട്ടിയില്ല. നാട്ടില്‍ ഒരുവിധത്തില്‍ പച്ചപിടിച്ചു. അതു നന്നായി. അവിടെ കിടന്ന് ശ്വാസം മുട്ടിയിട്ടെന്തു കാര്യം? സ്വെറ്ററും ധരിച്ച് പത്രാസ്സില്‍ നടക്കുന്നതിനെ കുറിച്ച് എത്രയോ കാലം കഴിഞ്ഞാണിന്ന് ഞാന്‍ വീണ്ടും ഓര്‍ത്തത്. ഞാന്‍ സഞ്ചരിക്കുന്ന ഈ വണ്ടിയെ നാഗപ്പുര്‍ കഴിഞ്ഞാലുടനെ തണുപ്പങ്ങ് ഏറ്റെടുക്കും. ഏ സി ബോഗി എന്നു പറഞ്ഞിട്ട'് കാര്യമില്ല. ഇത്തവണ വെതറല്പം അലോസരമുണ്ടാക്കുന്ന തരത്തിലാണ്. ഞാനപ്പോള്‍ പെട്ടിയിലെ പുതുപുത്തന്‍ സ്വെറ്റര്‍ എടുത്തണിയും. എന്റെ വിലയും നിലയും അതു പറയും. 

സെക്കന്റ് ക്ലാസ്സ് ബോഗിയിലെ സീറ്റ് പിടിക്കാനുള്ള വെപ്രാളവുമായിട്ടാണ് അയാള്‍ കയറി വന്നത്. ഇവിടെ തിക്കിനും തിരിക്കിനും ഒരുസ്ഥാനവുമില്ല. എന്നാലും മനുഷ്യനെും അടിസ്ഥാന സ്വഭാവങ്ങള്‍ കാണിച്ചു കൊണ്ടേയിരിക്കുന്നു. ഞാനത് ജീവിത നിരീക്ഷണത്തിലൂടെ സമ്പാദിച്ച അറിവാണ്. കോട്ടയത്തു നിന്നും കയറിയതു മുതല്‍ ഞാനയാളെ പഠിക്കുകയായിരുന്നു. 

ഞാനയാളുടെ എല്ലാ ചലനങ്ങളെയും കോങ്കണ്ണിട്ടുനോക്കിയിരുന്നു. എന്റെ പ്രായം തെന്നയാണ് ലോവര്‍ ബര്‍ത്തിന് അവകാശിയായ അയാള്‍ക്കും. വന്നപാടേ ബഹളങ്ങള്‍ കാട്ടി പെട്ടിപ്രമാണങ്ങള്‍ സീറ്റിടിയില്‍ തള്ളിക്കയറ്റി ആരുടെ കിടക്കയെന്നുപോലും പരിഗണിക്കാതെ അപ്പര്‍ ബര്‍ത്തിലേയ്ക്ക് ദേഹത്തിനെ ഉന്തിക്കയറ്റി ഒറ്റയുറക്കം. എനിക്കതല്പം അനിഷ്ടമുണ്ടാക്കി. രണ്ടുദിവസം ഇനിയെന്തൊക്കെ കാണാനുണ്ടാവും? 

വണ്ടി അനക്കമില്ലാതെയോടിക്കൊണ്ടിരിക്കുന്നു. അതു പായുന്നതിന്റെ ലക്ഷണം ചെറിയ മൂളല്‍ മാത്രമായിരുന്നു. രാത്രിയില്‍ ഞങ്ങളുടെ ആറു കിടക്കകള്‍ അട്ടിവച്ച അറ ഒരു മോര്‍ച്ചറിപോലെ തോന്നിപ്പിച്ചു. കിടക്കയുടെ വശങ്ങളിലെ തുറപ്പ് കൂടി അടച്ചുപൂട്ടണം. അതെ ശരിക്കും. ശവഅറകള്‍ തന്നെയായി അവ മാറുന്നതാണ്. മുകളിലാണ് ഞാന്‍ കിടന്നിരുന്നത്. ഉറക്കത്താളം മുറിഞ്ഞ ഇടവേളകളികളില്‍ ലോവര്‍ബര്‍ത്തിലെ കഥാനായകനെ നോക്കുമ്പോഴൊക്കെ എനിക്ക് തീര്‍ച്ച വന്നു. മരണപ്പെട്ടാല്‍ അയാള്‍ കിടക്കുന്നതും ഇമ്മാതി സെറ്റഡിയായിട്ടാവും.  

ആ ദിനമെത്തുന്നത് എന്നാണ്? ഉറക്കം മുട്ടിയ പാതിരാവില്‍ ഞാനങ്ങനെ ഒരു നേരിയ നീലവെളിച്ചം നിറഞ്ഞ മോര്‍ച്ചറി മുറിയില്‍ എന്ന രീതിയില്‍ കണ്ണുകള്‍ പരതിക്കിടന്നു. ഓടുന്ന വണ്ടിയില്‍ നിന്നും വേറിടുന്ന ദിനമാണ് മരണത്തിന്റേത്. തുടര്‍ന്ന് ഈ അറയൊരു പള്ളിസെമിത്തേരിയില്‍ ചെന്നു നില്‍ക്കും. അപ്പോഴും മുന്‍ബോഗികളുമായി തീവണ്ടി പുതിയ ആളുകളുമായി പാഞ്ഞുകൊണ്ടേയിരിക്കും.

കാലം ഈ ലോകത്തില്‍ ഏറ്റവും ചതിച്ചത് തെന്നയാണ്. അമ്മട്ടില്‍ അയാള്‍ ചരിതം പറയാന്‍ തുടങ്ങി. അതിനു വേണ്ടവിധത്തില്‍ അടുപ്പമൊന്നും ഞങ്ങള്‍ക്കിടയില്‍ മൊട്ടിട്ടിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പിറ്റേന്ന് എഴുേന്നറ്റയുടനെ പാന്‍ട്രിവാലായുടെ ആദ്യകാപ്പിക്കപ്പിനു മുന്നില്‍ ഞങ്ങള്‍ ഒന്നായി.  

അത്രയ്ക്ക് വിങ്ങല്‍ അയാള്‍ക്കുള്ളതായി തോന്നിയത് ശരിയായിരുന്നു. ആവശ്യപ്പെടാതെ തന്നെ സ്വയം വെളിപ്പെടുത്താന്‍ അയാള്‍ വ്യഗ്രതപ്പെട്ടു.

ഡല്‍ഹീലായിരുന്നു കഥാനായകന്‍ ജോലിയെടുത്തിരുന്നത്. കഠിന തണുപ്പും ഘോരമായ ചൂടും. കാലാവസ്ഥ പിടിക്കാതായ കാലത്ത് തത്പുരുഷന്‍ കളം നാട്ടിലേയ്ക്ക് മാറ്റി. നഴ്‌സായ ഭാര്യ അവിടെ പ്രവാസിയായി തുടര്‍ന്നു. പിരിഞ്ഞപ്പോള്‍ കിട്ടിയതു മുഴുവനുമെടുത്ത് നാട്ടില്‍ ബംഗ്ലാവ് പണിഞ്ഞതിനാല്‍ ഇപ്പോള്‍ കൈക്കാശിനു മുട്ടായി. അതിനാല്‍ വീട്ടിലൊരു ജോലിക്കാരി കൂടിയില്ല. അലക്കും വെപ്പുമെല്ലാം തന്നത്താനെ ചെയ്തു. ഭാര്യയില്‍ നിന്നും ദമ്പടി കിട്ടുന്നില്ല. അവള്‍ക്ക് ഡല്‍ഹീലെ ഫ്‌ളാറ്റിന് വാടക കൊടുക്കണം. ദിവസോം ജോലിക്ക് പോകാന്‍ ടാക്‌സി പിടിക്കണം. ഇനിയൊരു കൊച്ചനൊള്ളതിന് എന്തേലും കരുതണം. അങ്ങനെ ഒഴിവുകഴിവുകള്‍. അതു മാത്രവുമല്ല എന്നുമെന്നും വാടകവീടും പൊറുതി മാറലും മറ്റു നുലാമാലകളും. 

ഒന്നു മനസ്സുവച്ചാല്‍ പറ്റുമായിരുന്നു. അങ്ങനെയാണ് അവള്‍ അതിനെ കുറിച്ച് പറയാറുള്ളത്. ഡല്‍ഹിയില്‍ സ്വന്തമായി തലചായ്ക്കാനൊരിടമുണ്ടാക്കാനോ, സ്വസ്ഥതയുള്ള കുടുംബിനിയാകാനോ കഴിത്തില്ല. അതിലുള്ള നിരാശ പലതവണയവള്‍ പ്രകടിപ്പിച്ചിട്ടുണ്ട് തനിക്കാണെങ്കില്‍ രാമപുരത്തെ സെമിത്തേരിപ്പള്ളിയില്‍ ഉറങ്ങണമെന്നാണ് ആശ. ആരെയും കുറ്റപ്പെടുത്താതെ അയാള്‍ ജീവചരിത്രം തുറന്നിടുകയായിരുന്നു. ഞാനേന്നരത്ത് ഒന്നു കൂടി കഥാപുരുഷനെ സസൂക്ഷ്മം നിരീക്ഷിച്ചു.

യാത്ര പ്രമാണിച്ച് കുറെദിവസം നാട്ടില്‍ നിന്നും മാറി നില്‍ക്കുല്ലേ. ഇന്നലെ വീട്ടില്‍ നല്ല പണിയുണ്ടായിരുന്നു. എല്ലാമൊന്നു അടിച്ചും വാരിയുമിടണം. ഒരു മാസം കഴിഞ്ഞേയിനി മടങ്ങത്തൊള്ളു. വണ്ടിയില്‍ കഴിക്കാന്‍ ച്ചരെ വല്ലതു മുണ്ടാക്കണം. എല്ലാം ഞാനൊറ്റയ്ക്ക്. പായുന്ന സമയം. ഉത്ക്കണ്ഠയായി. ഓടിക്കയറി വരുന്ന വണ്ടി മിസ്സാകാതെ നോക്കണം. ഇന്നലെ അങ്ങനെ വല്ലാത്ത ടെന്‍ഷനിലായിരുന്നു. 

ഞാനതിശയിച്ചു. അയാള്‍ ശരിക്കുള്ളത് വെളിപ്പെടുത്തിയതായി എനിക്ക് വ്യക്തമായി. സഹകരിക്കാന്‍ കൊള്ളാവുന്ന യാത്രികനാണ് ഒപ്പമുള്ളത്. എന്റെ മനസ്സിലെ മുറുക്കമെല്ലാം അയഞ്ഞു. മൂക്കുമുട്ടെ കുടിച്ചിട്ടാണ് അയാള്‍ വണ്ടി കയറിയത് എന്റെ മുന്‍ധാരണയും പൊളിഞ്ഞു. 

നാട്ടില്‍ വീടുണ്ടായിട്ടെന്തു കാര്യം? പിരിവുകാരുടെ ശല്യം മാത്രം. വലിയ വീടുകണ്ട് അവരങ്ങ് പ്രതിക്ഷയോടെ ഗേറ്റ് തുറന്നു വരും. പുത്തപണമുള്ള അച്ചായന്‍! ആ വകയില്‍ മനഃസ്സമാധാനം ദിനന്തോറും ചോര്‍ന്നു. 

എന്റെ തുറന്ന കാതുകളും കൗതകത്താല്‍ വിടര്‍ന്ന അനുകൂല ഭാവവും കണ്ട് മനസ്സിലെ കലിപ്പൊഴിക്കാന്‍ സഹയാത്രികന്‍് തയ്യാറായി. 

ഈ റവറു വെട്ടിക്കാന്‍ ഒരു കൂലിക്കാരനെ വയ്ക്കാത്ത ഇതിയാനാണ് നമക്ക് പിരിവു തരുന്നത്. ഈയാള് ഡല്‍ഹീകെടെന്നൊണ്ടാക്കിയതൊക്കെ എങ്ങനെയാവോ തീര്‍ക്കാന്‍ പോവുന്നേ? ഗേറ്റടച്ച് റോഡിലിറങ്ങുമ്പോള്‍ അവന്മാര്‍ പിറുപിറുക്കും. 

റവറു വെട്ടാന്‍ ഇന്നത്തെ കാലത്ത് കുലിക്കാരനെ വച്ചാലെന്നാ കിട്ടാനാന്നേ? കത്തിയുമായി ഇറങ്ങിയാല്‍ പതിനൊന്നു മണിവരെ എനിക്ക് മനോരാജ്യം കണ്ട് പണിയെടുക്കാം. അതു മാത്രമേ മെച്ചമൊള്ളു. കോണാട്ട'് പ്ലേസ്സിലെ കടകളില്‍ കൗതുകത്തോടെ കയറിയിറങ്ങിയിരുന്ന ഓര്‍മ്മകളോടെയാണ് ഞാനോരോ റവര്‍ ചുവടിനെയും സമീപിക്കുന്നത്. ചിലമരങ്ങള്‍ യാദവന്മാര്‍. ചിലര്‍ സര്‍ദാര്‍ജിമാര്‍. ഇരുപത്തിയഞ്ചുവര്‍ഷക്കാലത്ത് ഡല്‍ഹീല്‍ എനിക്ക് പണി തന്നവന്മാരുടെ പള്ളിയില്‍ കത്തികൊണ്ടു വരഞ്ഞു പകരം തീര്‍ക്കുന്നതായി സങ്കല്പ്പിച്ചു. മനസ്സമാധാനം കോരിക്കുടിച്ചു.. ചാണക്യപുരിയില്‍ നടക്കുന്ന മാതിരിയാവും തോട്ടത്തിലെ ചാലുകളിലൂടെ കാലുകള്‍ കവച്ചുവയ്ക്കുന്നത്. അതിനാല്‍ ബോറടിക്കത്തേയില്ല. പകല്‍ നന്നായി മേലനങ്ങുന്നതിനാല്‍ രാത്രില്‍ ഉറക്കവും കിട്ടും. അതിന്നിടയില്‍ അരീകറിം വെപ്പും നടക്കും. 

മക്കള്‍?

ആത്മഭാഷണം അവസാനിക്കാറായി എന്നു തോന്നിയപ്പോള്‍ സമഗ്രജീവിതചിത്രം തുറുകിട്ടാന്‍ ഞാനൊരു സിമ്പിള്‍ ക്വസ്റ്റ്യനിട്ടു. (സത്യത്തില്‍ ഞാനയാളെ ഒരുവിധത്തിലും ചൂഷണം ചെയ്യുകയായിരുന്നില്ല. അയാള്‍ പറയുന്നു. ഞാന്‍ കേള്‍ക്കുന്നു. അത്രമാത്രം. ആ മനസ്സിലെ കത്തല്‍ കുറഞ്ഞുവരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുമാത്രമായിരന്നു അയാള്‍ക്ക് താല്പര്യം. തനിക്കൊന്നാശ്വസിക്കണം. എന്നെ സംബന്ധിക്കുന്ന ഒരുവിവരവും അയാള്‍ക്ക് വേണമെന്നുണ്ടായിരുന്നില്ല. തനിക്ക് നല്ലൊരു ശ്രോതാവ്. അത്ര മാത്രമേ അയാളാഗ്രഹിക്കുന്നുള്ളു. കിണ്ടിക്കിണ്ടി അലോസരത്തിരലുണ്ടാക്കാത്ത ഒരു ശ്രോതാവ്).

അതിനു മറുപടിയായി അയാളിങ്ങനെ പറഞ്ഞു.

ഓ. എന്നാ പറയാനാ? മൂത്തവന്‍ എയീംസീന്നു നഴ്‌സിംഗ് പാസ്സായി. അവന്‍ കരപിടിച്ചു. കുവൈറ്റിലാ. രണ്ടാമന് ഇരുപത്തിയൊന്‍പതായി. അവന്റെ കാര്യമൊന്നും പറയണ്ട. നല്ല പഠിക്കുന്ന കൊച്ചനായിരുന്നു. ഞാനവനെ സിയെയ്ക്ക് വിട്ടായിരുന്നു. അവനന്മാരാണേല്‍ അങ്ങനെയങ്ങനെയൊന്നും കൊച്ചുങ്ങളെ പരീക്ഷയ്ക്ക് പാസ്സാക്കത്തില്ലെന്നേ! അതു വിട്ടവന് വരാനുംമേലാ. ഇനിയും കൊറച്ച് പേപ്പറുകള്‍ മാത്രമേ എഴുതാനുള്ളു. പുലിവാലുപിടിച്ചതു മാതിരിയായി. ഞാന്‍ പറഞ്ഞു കൊച്ചേ നീയിത് കളഞ്ഞേച്ച് വല്ല എം.ബി.എയ്ക്കും ചേരാന്‍. അവന്‍ കേക്കത്തില്ല. അവന് സിയെക്കാരനാകണം. അവന്മാരൊട്ട'് അവനെയത് ആക്കത്തുമില്ല. 

അയാളുടെ വാക്കുകളില്‍ നനവില്ലാക്കണ്ണീര്‍പൊതിഞ്ഞിരുന്നതായി എനിക്ക് തോന്നി.

ഇവനെ കൊണ്ട് എങ്ങനാ ഞാന്‍ പെണ്ണുകെട്ടിക്കുന്നേ? ഞാനെന്നാ ചെയ്യാനാ? ഡല്‍ഹീലെ കാര്യങ്ങള്‍ ഓര്‍ത്താലെനിക്ക് ഒറക്കം വരുകേലാ. അതുകൊണ്ടാ ഞാന്‍ കൂടെക്കൂടെ അവരെ അടുത്തോട്ട'് വണ്ടി കേറുന്നേ! ഒരു മാസം കഴിഞ്ഞ് തണുപ്പ് മൂക്കുമ്പോ ഞാന്‍ തിരിച്ച് നാട്ടിലോട്ട'് പോരും. പെന്‍ഷനായാലും അവള് ഡല്‍ഹി വിടത്തില്ല. നാട്ടീ വന്നിട്ടെന്നാ കാണിക്കാനാ എന്നാണ് അവള് ചോദിക്കുന്നേ! അതും ശരിയാ. ഇങ്ങനെ വന്നുപോയീ ഞാനലമ്പാവും. 

ജീവിതം ഈ തണുത്ത ബോഗിപോലെയാണ്. പുതുതായൊന്നും പുറത്തു നിന്നും കയറുന്നതേയില്ല. അടഞ്ഞുപോയിരിക്കുന്നു. അപൂര്‍വ്വമായി വാതില്‍ തുറക്കുന്ന നേരത്ത് പുറത്തുനിന്നും കുറച്ചുപേര്‍ കയറും. പുറകിലെ വാതിലിലൂടെ യാത്രതീരുവര്‍ ഇറങ്ങിപ്പോകും. തീവണ്ടി നിര്‍ത്താതെയോടും. ഞാനൊരു നിമിഷം അങ്ങനെ കരുതി. 

കൂടെയുള്ളവര്‍ ഞങ്ങളെ ശ്രദ്ധിക്കുുണ്ടായിരുന്നില്ല. അതൊരു മൂന്നംഗ കുടുംബമായിരുന്നു. അവര്‍ വേദപുസ്തകങ്ങളില്‍ മിഴിവച്ചും വേദവാക്യങ്ങള്‍ കാതില്‍ തിരുകിയും നേരാനേരത്തിന് ഭക്ഷണം കഴിച്ചും സ്വര്‍ഗ്ഗരാജ്യത്തിലെവണ്ണം കഴിഞ്ഞു. പിന്നുള്ളത് വടക്കേന്ത്യക്കാരായ വയസ്സന്‍ ദമ്പതികള്‍. അവര്‍ മത്സരിച്ചുറങ്ങി നേരം കളഞ്ഞു.

ഉച്ചയായതോടെ അയാള്‍ കടലാസു പൊതിയഴിച്ച് നന്നായി വറ്റിച്ച ചോറും വലിയൊരു കുപ്പി നിറയെ മോരുകറിയും പുറത്തെടുത്ത് കഴിക്കാന്‍ തുടങ്ങി. കൂടുതല്‍ വികാരം കൊണ്ടിട്ടെന്താ കാര്യമെന്ന രീതിയില്‍. ഓടുന്നതു വരെ ഓടട്ടെ. അത്തരത്തിലൊരു നിസ്സംഗഭാവം അയാളില്‍ നിഴലിട്ടു. മനസ്സിലെ ഭാരം മുഴുവനും അയാള്‍ എന്നിലേയ്ക്കിട്ടു. യാത്ര ആസ്വദിക്കാനെത്തിയവനായിരുന്നു ഞാന്‍.

ഞാനിനി പറയണ്ടല്ലോ. അത് സക്കറിയ തന്നെയായിരുന്നു. ആ മുഖം ഞാന്‍ മറക്കില്ലല്ലോ. ഞാന്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ് സക്കറിയെ അലോസരപ്പെടുത്താനാഗ്രഹിച്ചില്ല. എനിക്ക് സക്കറിയ വെളിച്ചപ്പാടായിരുന്നു. വെളിച്ചപ്പാടിനെ ഇത്രയും കാലം മനസ്സില്‍ ചുമന്നു നടവന്‍ ഞാനല്ലേ! 

ഒന്നു കൂടിയുണ്ട്. എന്റെ ജീവിതവും ഈ സക്കറിയായുടെ അതേ ദിശയിലാണിപ്പോള്‍. ഞാനും ഭാര്യയും പിറന്ന ദേശങ്ങള്‍ വിട്ടാണ് വീടുണ്ടാക്കിയത്. അതിനാല്‍ തന്നെ ഇരുവരുടെയും ബന്ധങ്ങളുടെ വേരുകള്‍ ഏതാണ്ട് അറ്റുകഴിഞ്ഞിരിക്കുന്നു. ഒരു മകനുള്ളത് ന്യൂസിലാന്റില്‍.  മകളും കുടുംബവും ഡല്‍ഹിയില്‍ കുടിയേറി. ഞാനും ഭാര്യയും അരുടെ ക്ഷേമം നോക്കാന്‍ ഇങ്ങനെ ഷട്ടില്‍ സര്‍വ്വീസിലും. 

മലയാളനാട്ടിലിപ്പോള്‍ ഇങ്ങനെയും ജീവിതങ്ങളുണ്ട് ഭായ്.


കാലം 2020 വൃശ്ചികം



2020, നവംബർ 22, ഞായറാഴ്‌ച

പണിതീരാത്ത വായനാലയങ്ങള്‍ Library


 പണിതീരാത്ത വായനാലയങ്ങള്‍

എന്റെ വായനശാലയെ കുറിച്ചാരെങ്കിലുമാരാഞ്ഞാല്‍ ഞാനെന്തു പറയും? പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു വിഷയമാണ്. ഏതാണെന്റെ ഗ്രന്ഥശാല? എനിക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കിയതോ, മഹത്പാഠങ്ങളെ തുറനുവദിച്ച് പഠനത്തിനു കൂട്ടുനിന്നവയോ? അതോ ജോലിയെടുത്ത പതിന്നാലിനുമേലെണ്ണമുള്ള ലൈബ്രറികളാണോ? മലയാള നാടെമ്പാടും പരന്നു കിടക്കുന്ന അവയിലേതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്, വിശദീകരിക്കേണ്ടത്? ഭൂലോക ലൈബ്രറികള്‍ മായാലൈബ്രറികളായി (വിര്‍ച്ച്വല്‍ ലൈബ്രറികള്‍) സംക്രമിക്കുന്ന കാലത്ത് ഇതേ ചോദ്യം നാളെയൊരു വായനക്കാരന്‍ എങ്ങനെ അഭിമുഖീകരിക്കും? അതും ചിന്തനീയമാണ്. 

ഏതാണെന്റെ ഗ്രന്ഥശാല? പ്രൈമറി ക്ലാസ്സു മുതല്‍ വീട്ടപുസ്തകശാലയൊരുക്കാന്‍ തുടങ്ങിയിട്ടും പണിതീരാതെ വീടുമുഴുവനും ചിതറിക്കിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍. അതല്ല. ആദ്യമായി അംഗത്വം നല്‍കി വരിക്കാരനാക്കിയ നെടുമങ്ങാട് മുന്‍സിപ്പല്‍ ലൈബ്രറി, പഠന സഹായികളായി കൂട്ടുനിന്ന കോളേജ് ലൈബ്രറികള്‍, തിരുവനന്തപുരത്തെ മഹത് പുസ്തകാലയങ്ങള്‍, ഒന്‍പതാം ക്ലാസ്സില്‍ വച്ച്പുസ്തകങ്ങളെ തരംതിരിക്കാനും ക്രമത്തില്‍ തിരിച്ചടുക്കി വയ്ക്കാനും അവസരം തന്ന നെടുമങ്ങാട് ബി.എച്ച്.എസ്. സ്‌കൂള്‍ ലൈബ്രറി മുതല്‍ കണ്ണുരിന്റെ അങ്ങയറ്റത്തു പരിയാരം വരെ ചെന്നു ജോലി ചെയ്ത കലാലയ പുസ്തകാലയങ്ങള്‍? ഇതിലേതു പെരുമയെയാണ് പ്രഥമസ്ഥാനത്ത് നിര്‍ത്തേണ്ടത്? ഒന്നുണ്ടു തീര്‍ച്ച. എനിക്കെല്ലാം കിട്ടിയത് പുസ്തകങ്ങളില്‍ നിന്നും ഗ്രന്ഥശാലകളില്‍ നിന്നുമായിരുന്നു. ജീവിതവും സമ്പാദ്യവും എല്ലാമെല്ലാം തന്നത് പുസ്തകങ്ങളും അവയുടെ ആലയങ്ങളുമാണ്.  

മൂന്നാംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ലൈബ്രറി കാണാന്‍ സൗഭാഗ്യമുണ്ടായി. അതെന്റെ ലൈബ്രേറിയനമ്മാവന്‍ ഒരുക്കിത്തന്ന അവസരമായിരുന്നു. ആ കാഴ്ച കണ്ണില്‍ നിന്നും ഇന്നും മാഞ്ഞിട്ടില്ല. നറുങ്ങു പിറുങ്ങിണികള്‍ മുതല്‍ തലയില്‍ വീണാല്‍ ചത്തുപോകുന്ന തരത്തിലുള്ള തടിയന്‍ ഗ്രന്ഥങ്ങള്‍ വരെ. പുസ്തങ്ങള്‍ക്ക് ഒരു കൊട്ടാരവീട്! ഏതു കുട്ടിയാണ് അതിശയപ്പെടാതിരിക്കുക? ഗ്രന്ഥശാലകള്‍ എണ്ണപ്പെടേണ്ട സ്ഥാപനങ്ങളാണ് എന്ന തോന്നല്‍, അവിടത്തെ അടുക്കും ചി'ട്ടയുമാണ് കൊതിപ്പിച്ച മറ്റൊരു സംഗതി്.

തീരാസങ്കല്പങ്ങളുടെ വന്‍കെട്ടാണ് ആ ഒരൊറ്റ യാത്ര മനസ്സിലിട്ടു തന്നത്. ഞാനതിനു സ്വാഭാവികമായി ഏറെ നാള്‍ മനസ്സിലിട്ടാവി കയറ്റി പെരുപ്പിച്ചു നിര്‍ത്തി. അതു നല്‍കിയ പാകമായ പുസ്തകക്കൊട്ടാര സങ്കല്പച്ചിന്തുകളെ വരുതിയില്‍ നിര്‍ത്തി അല്പാല്പമായി ഇടയ്ക്കിടെ എടുത്തു നുണഞ്ഞു. മറ്റൊരു തിരുവനന്തപുരം പോക്കില്‍ക്കണ്ടത് ബ്രിട്ടീഷ് ലൈബ്രറിയെ. അവിടെയാണ് ഞാന്‍ നിശ്ശബ്ദ വായനയുടെ മാന്ത്രിക തന്ത്രികള്‍ പരുകിടക്കുന്നത് ആദ്യമായി അനുഭവിച്ചത്. ആ വായനാവീട്ടിലെ വായനാത്തളത്തില്‍ കൂടിയിരുന്ന കുട്ടികളുടെ കൈയില്‍ പന്തും കുട്ടിയും കോലുമായിരുന്നില്ല ഉണ്ടായിരുന്നത്. എന്റെ സമപ്രായക്കാരയവര്‍ സോഫായില്‍ ചാഞ്ഞിരുന്നു എല്ലാം മറന്നു വായിക്കുന്നു. മൗനവായന. കൂട്ടായ വായനയുടെ അദ്ധാനവും അതില്‍ നിന്നുള്ള ഊര്‍ജ്ജാവേശവും ആദ്യമായി കാണുകയാണ്. ഈ വായന എന്ന പ്രക്രിയ ക്ലാസ്സിലും മറ്റാരും കാണാതെ വീട്ടില്‍ ഒതുക്കാനുമുള്ളതല്ല എന്ന തിരച്ചറിവ്, ഈ ശീലത്തെ അനുകരിച്ചാല്‍ ഗുണപ്പെടും എന്നുമുള്ള ധാരണയുമായിട്ടാണ് തിരിച്ചുപോയത്. ഞാന്‍ സൂക്ഷിക്കുന്ന വലിയ ആഗ്രഹങ്ങളിലൊന്ന് നമ്മുടെ എല്ലാ സ്‌കൂള്‍കുട്ടികളെയും ഇത്തരത്തിലുള്ള പുസ്തകക്കൊട്ടാരങ്ങളിലേയ്ക്കാണ് അധ്യാപകര്‍ പഠനയാത്രയ്ക്ക് കൊണ്ടുപോകേണ്ടത് എന്നുള്ളതാണ്. മുതിര്‍ന്നവര്‍ ഓരോ പുസ്തകത്തെയും ഈ ലോകത്തിലെ വിജ്ഞാനവൈപുല്യത്തെയും കുറിച്ച് കുട്ടികളോട് സംസാരിക്കട്ടെ!

അത്യാവശ്യം പത്രമാസികള്‍, പുസ്തകങ്ങള്‍ എന്നിവ ചെറുപ്പം മുതല്‍ പരിചയിച്ചിതിനാലും വീട്ടിലെ മുതിര്‍വര്‍ പുസ്തകശേഖരങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന നിരീക്ഷിച്ചറിഞ്ഞതില്‍ നിന്നുമാവേശപ്പെട്ട് കൈയിലുള്ള റഷ്യന്‍നാടോടിക്കഥയും നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം, മാലിഭാരതം, ചില്ലറ ബഷീര്‍, എംടി (നിരോധിച്ച വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്നതുമുള്‍പ്പെട്ടു) കൃതികളെ കൂട്ടിവച്ച് ഒരു ഗ്രന്ഥാലയ നിര്‍മ്മിതി ഒരലമാരിയുടെ താഴെത്തട്ടില്‍ ചെയ്തു. അതായിരുന്നു വലിയലോകമെന്നു കരുതുകയും കുറേ നാളുകള്‍ അതിന്റെ വൈപുല്യത്തിനായി ആവേശപ്പെടുകയും ചെയ്തു. അതിനു അണ്ണാന്‍കുഞ്ഞു ലൈബ്രറിയെു പേരിടണമായിരുന്നു. 

അലമാരയുടെ മുകള്‍ത്തട്ടിലേയ്ക്ക് പുസ്തകാലയത്തിനെ വളര്‍ത്തണം. നിരവധി ശ്രമങ്ങള്‍. എട്ടാം ക്ലാസ്സില്‍വച്ച് നെടുമങ്ങാടു കച്ചേരി നടയില്‍ ആലിന്‍ ചുവട്ടില്‍ തറയില്‍ വിരിയിട്ടിരുന്ന അന്ധനായ, കുപ്പായമിടാത്ത ഒരു കുട്ടിയോളം മെലിഞ്ഞ ആ പുസ്തക വിലപ്നക്കാരനില്‍ നിന്നും വിക്രമാദിത്യന്‍ കഥകള്‍ വാങ്ങിയതും അതിപ്പോഴും കൈവശമുള്ളതും ഓര്‍ത്തുപോകുന്നു. കച്ചേരിമുക്കിലെ പഴയ പാഠപുസ്ത വില്പക്കാരനായ ശങ്കുണ്ണി നായരുടെ കടയില്‍ നിന്നും (കടയ്ക്ക് മൂക്കിപ്പൊടി വാസനയായിരുന്നു ഉണ്ടായിരുന്നത് എന്നാണോര്‍മ്മ) നയാപ്പസാ വിലയ്ക്ക് അന്നേ ഉറകുത്തിയ പുസ്തക്കക്കൂട്ടിത്തിലെ കാരൂരിന്റെ ബാലചന്ദ്രനെ സമ്പാദ്യമാക്കിയതും വലിയ പുസ്തകാനുഭവമായി കരുതണം. അതിനു തുടര്‍ച്ചയിടണ്ടേ! കാലുറച്ചു കുഞ്ഞു ശമ്പളക്കാരനയപ്പോള്‍ ഞാനാദ്യം തുടങ്ങിയത് എന്‍.ബി.എസ്സിലെ 'ബിസ്- രണ്ട്' എന്ന പുസ്തക സമ്പാദ്യച്ചിട്ടിയായിരുന്നു. വരികയും പോകുകയും ചെയ്യുമ്പോള്‍ സെക്രട്ടറിയേറ്റിനു നേര്‍മുിലെ നാഷണല്‍ ബുക്സ്റ്റാളില്‍ വെറുതെ കയറി ശ്വാസമെടുക്കുന്ന ശീലവും അന്നു മുതല്‍ തുടങ്ങി.

ഒരു വലിയ സൗഹൃദത്തില്‍ നിന്നാണ് നെടുമങ്ങാട് മുന്‍സിപ്പല്‍ ലൈബ്രറിയിലെ അംഗത്വത്തിന് പോകുന്നത്. അവിടെ 'കോണ്ടിക്കിയാത്ര' എന്നൊരു സവിശേഷ പുസ്തകമുണ്ടെന്നും ആദിമനുഷ്യരുടെ അതിശയകരമായ കടല്‍യാത്രയുടെ പുനരാവിഷ്‌കരണമാണതില്‍ വിവരിച്ചിരിക്കുന്നതെന്നും ഒന്‍പതാം ക്ലാസ്സു സഹപാഠി പറഞ്ഞപ്പോള്‍ എനിക്കുമതു വേണം, ഇത്തരം വായനകള്‍ അയാള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനും അങ്ങനെ അറിവും ആ വായനാനുഭവവും പകര്‍ന്നെടുക്കാനാണ് ഞാനാദ്യമായി ലൈബ്രറി അംഗത്വമെടുത്തത്. (ഐ.എസ്.ആര്‍.ഒ. യില്‍ അതിശയ ആകാശ വിസ്മയങ്ങള്‍ ഒരുക്കുന്ന ഒരുയര്‍ന്ന ശാസ്ത്രജ്ഞാനാണിപ്പോള്‍ ആ സുഹൃത്ത്). 

ഒരൊറ്റ പുസ്തകത്തിനായി തുടങ്ങിയ ശീലം പെട്ടെന്നു വീശിപ്പടര്‍ന്നു വളര്‍ന്നു. നാലുനാലുവച്ച് എട്ടു കിലോമീറ്റര്‍ വീതം കാലത്തും വൈകിട്ടും അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഓരോ ബാലസാഹിത്യ ഗ്രന്ഥമെടുത്ത് വീട്ടില്‍ കൊണ്ടുപോയി അന്നു തന്നെ വായിച്ചു തിരികെ മടക്കിയതാണ് മറ്റൊരു കുട്ടിക്കാല വായനോര്‍മ്മ. ആദ്യമായി ഇറ്റുവീണ തോര്‍ഹയര്‍ദാലിന്റെ 'കോണ്ടിക്കിയാത്ര' യേക്കാള്‍ മഹത്തായ ഒരു വായനാനുഭവമാണ് ഞാനിപ്പോഴും തേടുന്നത്. വായനയെ കുറിച്ച് ആരോടും മിണ്ടാനില്ലാത്ത മൗനക്കാലമാണിതെന്നും തിരിച്ചറിയുന്നു. തൊട്ടുതീര്‍ക്കാന്‍ പോലുമാവാതെ വായനാസാമഗ്രികള്‍ തറയിലും ഷെല്‍ഫിലും എന്തിനു ഡിജിറ്റല്‍ നാരുംവള്ളികളുമായി വായുവിലും അതങ്ങനെ പടര്‍ന്നു കിടക്കുന്നു. മുബൈല്‍ വഴി ഏതു ഗമണ്ടന്‍ ഗ്രന്ഥശാലയുമായി സ്ഥലസമയ തടസ്സങ്ങളെ ഭേദിച്ച് അന്തരീക്ഷ ബന്ധത്തിലൂടെ ഇരിപ്പിടിത്തിലിരുന്ന് തൊടാനുമെളുപ്പം. എഴുത്തും വായനയുമില്ലാത്ത ആളുകളുമില്ല. എന്നാലോ വായിച്ച പുസ്തകത്തിനെ കുറിച്ച് രണ്ടുവാക്ക് പങ്കിടാന്‍ നേരത്ത് പാരായണ പ്രേമികള്‍ എവിടെയോ ഒളിച്ചിരിക്കുന്നതായി കരുതാനാണ് ഞാനിഷ്ടപ്പെടുന്നത്.

കരുപ്പൂര് അപ്പര്‍ പ്രൈമറി സ്‌കൂളിലെ ഓഫീസ് മുറിയില്‍ കയറിക്കടന്ന അവസരങ്ങളില്‍ പുസ്തകക്കൂട്ടങ്ങളില്‍ നിന്നും അഴകനും പൂവാലിയും എല്ലാം ബ്ലാക്ക് ആന്റു വൈറ്റു കാലത്തു കളര്‍ പുസ്തകങ്ങള്‍ കണ്ടതും അതേപോലൊരെണ്ണം രൂപപ്പെടുത്താന്‍ എനിക്കൊരിക്കലം കഴിയില്ല. എന്നു തീരുമാനിച്ചതും ഇന്നോര്‍ക്കാന്‍ രസമുണ്ട്.  വായനാവഴികള്‍ തെരയുമ്പോള്‍ ഹൈസ്‌കൂള്‍ ലൈബ്രറിയില്‍ നിന്നാണ് ലൈബ്രറി മണത്തെ തിരിച്ചറിയുന്നത്. തുറക്കാത്ത അലമാരകളിലെ പുസ്തകങ്ങളുടെ ആ അമ്ലഗന്ധം അതിപ്പോഴും... 

ഒഴിവു വേളകളിലെ പൊടിതീറ്റപ്പണിക്കു പകരമായി ഫ്രാന്‍സിസ് സാര്‍ (ഫിസിക്‌സ്) വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കിയതും. ആ വാഗ്ദാനത്തില്‍ വല്ലാതെ ഭ്രമിച്ച് എാറ്റവും വലുതായ 'പാവങ്ങള്‍' ഞാനെടുത്തതും പൂര്‍ത്തിയാക്കാതെ തളര്‍ന്നതും. പിന്നീട് ജീവിതത്തിലൊരിക്കലും പാവങ്ങള്‍ വായിക്കാന്‍ താല്പര്യപ്പെടാത്തതും പുറത്തു പറയാത്ത രഹസ്യമാണ്.  ഫ്രാന്‍സിസ് സാറിന്റെ കര്‍ശന നിര്‍ദ്ദേശാനുസരണം വായനാക്കുറിപ്പെഴുതാന്‍ എന്തിനാണ് ഞാന്‍ സ്യമന്തകമണി മോഷണത്തിന്റെ  കഥ പറഞ്ഞ ആ ചെറിയ ഇംഗ്ലീഷ് പുസ്തകം തെന്നയെടുത്തു? മുന്നിലെ വഴിധാരണകളും സൂചനകളും ഉള്ളറിയാതെ മുളയെടുക്കുന്നതിനാലാണോ? അമ്മയുടെ നിര്‍ദ്ദേശാനുസരണം വീട്ടുഗ്രന്ഥാലയത്തിലെ മാര്‍ത്താണ്ഡവര്‍മ്മയെ എടുത്തു തുറന്നതും കടിച്ചാല്‍പ്പൊട്ടാത്തതെന്നു കരുതി അന്നേ താഴെയിട്ടു. നാല്പ്പതിയഞ്ചാം വയസ്സില്‍ സൗകര്യം കിട്ടിയപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മയെ പിടിച്ചു നിര്‍ത്തി കീഴ്‌പ്പെടുത്തി. ഇനി പാവങ്ങളും വായിക്കണം... അതിനുമൊരു വാശിയുണ്ടാവട്ടെ! ഓരോ വായനയും വാശിയുടെയും കൊതിയുടെയും ഉപോത്പവുമാണ്.

ഗ്രന്ഥാലയ സഹായത്തോടെ നടത്തേണ്ട ഗൗരവതരമായ പഠനവായന തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ പ്രീഡിഗ്രിപഠന കാലത്ത് സംഭവിച്ചു. അന്നത്തെ കോളേജ് ലൈബ്രേറിയനെ ഏതോ ഓണപ്പതിപ്പു താളില്‍കണ്ട കവി കെ.ജി.ശങ്കരപ്പിള്ളയായി മാറിദ്ധരിച്ചതും വായനാവഴിയില്‍ വന്നുകൂടിയ  തെറ്റിദ്ധാരണയില്‍ നിന്നാണ്. എന്തുകൊണ്ടാണ് സോവിയറ്റു കള്‍ച്ചറല്‍ സെന്ററില്‍ പോകാത്തത്? അതറിയില്ല.

ആയിരത്തിതൊള്ളായിരത്തി എഴുപത്തിയെട്ടില്‍ തുടങ്ങിയ കേരള യൂണിവേഴ്‌സിറ്റി ലൈബ്രറിയുമായുള്ള ബന്ധം ഏതാണ്ട് പന്ത്രണ്ടാണ്ട് കോട്ടയ ജീവിതകാലമൊഴിച്ചാല്‍ ഇപ്പോഴും തുടരുന്നു. അനന്തപുരത്തെ ഏറ്റവും വലിയ ആരാധാനലായം ഏതാണെു ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പറയും. എന്റെ ശ്രീകോവില്‍ കേരളാ യൂണി. ലൈബ്രറിയാണെന്ന്. തിരുവനന്തപുരത്തിന്റെ സുപ്രധാന നഷ്ടങ്ങളാണ് യു.എസ്.ഐ.എസ്.ലൈബ്രറി, റഷ്യന്‍ ലൈബ്രറി, ബ്രിട്ടീഷ് ലൈബ്രറി എന്നിവകളുടെ കാലത്തിനു തിരികെ നല്‍ക്കാനാവാത്ത തിരിച്ചുപോക്ക്. തീരാത്ത വായനക്കൊതിയുടെ തുടര്‍ച്ച തേടിയാണ് പെന്‍ഷനായതിനു ശേഷം ഞാന്‍ തിരു. പബ്‌ളിക് ലൈബ്രറിയി അംഗത്വമെടുത്തതും. പണ്ടുപണ്ടേ വിരല്‍ചൂണ്ടിവച്ച പുസ്തകങ്ങളെടുത്തു വായിക്കാന്‍ തുടങ്ങിയതും. ഈ വായനയിങ്ങനെ ഒഴുകട്ടെയെന്നതാണ് വലിയ ആഗ്രഹം.

കഴിഞ്ഞ കാലത്ത് കണ്ടുംകേട്ടും പരിചയിച്ച മഹാഗ്രന്ഥങ്ങളെ ഒരോന്നായി വായിച്ചു തീര്‍ക്കണം. വിവിധ താരാപഥങ്ങളില്‍ ഈ ലോകത്തു മുഴുവന്‍ ചിതറിയ ഭാഷാവിഷയ വൈവിധ്യഗ്രന്ഥങ്ങള്‍. അവയിലൊരെണ്ണത്തില്‍ തൊടുന്ന മാത്രയില്‍ ഉള്ളടക്കം തലച്ചോറില്‍ തരിപ്പിക്കുന്ന സംവിധാനം! അതു ഭാവിയില്‍ സംഭവിച്ചു കൂടെന്നില്ല. അച്ചൂകൂടങ്ങളില്‍ നിന്നിറങ്ങിപ്പോയ പുസ്തകങ്ങള്‍ അവ ബൈനറി ഡിജിറ്റു സങ്കീര്‍ണ്ണതയോടെ സ്ഥലരാശി തടസ്സങ്ങളെ മുഴുവനും ഭേദിച്ച് ലളിത രൂപത്തില്‍ പ്രത്യക്ഷമായ അനുഭവം മുന്നിലുണ്ടല്ലോ.

വായന ആത്മപോഷണത്തിനു മാത്രമല്ല. എനിക്ക് മാര്‍ക്കും തൊഴില്‍ നേട്ടമാകുകയും ചെയ്തു. ഗ്രന്ഥശാലാവിചാരിപ്പു പണിയൊരു മാന്യവേലയാണെ ധാരണ പടരാന്‍ കൗമാര യൗവനങ്ങളില്‍ നേടിയ അനുഭവങ്ങള്‍ ധാരാളമായിരുന്നു. അതിനാല്‍ എം.എസ്.സി. കഴിഞ്ഞ് കൂടുതല്‍ ആലോചിക്കാതെ ഗ്രന്ഥാലയ ശാസ്ത്രം പഠിക്കാന്‍ കേരള യൂണിവേഴ്‌സിറ്റിക്കു പോയി. അതുമൊരു വായനാ വഴിവെട്ടലായിരുന്നു.  



വിരുന്നുപോയവന്റെ വായന


വായനക്കാരനില്‍ നിന്നും വായനശാലയൊരുക്കുകാരനിലേയ്ക്കുള്ള സംക്രമണ പാഠശാലയുമുണ്ടായിരുന്നത് പുസ്തകങ്ങള്‍ക്കിടയിലാണ്. കേരള യൂണി. ലൈബ്രറിയുടെ മുകള്‍ നിലയിലെ ലൈബ്രറി സയന്‍സ്ബിരുദ ക്ലാസ്സുമുറിയില്‍ വച്ച് പുസ്തക സങ്കല്പങ്ങള്‍ മാറിമറിഞ്ഞു. ലൈബ്രറി ചിട്ടപ്പെടുത്തലിനു കമ്പ്യൂട്ടര്‍ ഉപയോഗിക്കാം. സിഡിറോമെന്നൊരു സംഗതിയുണ്ട്. ഡാറ്റാബേസുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. എന്നൊക്കെ മാത്രം മനസ്സിലാക്കിയ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയാറു എണ്‍പത്തിയേഴു കാലത്തിന്റെ തുടര്‍ച്ചയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കൊടുങ്കാറ്റില്‍ ലൈബ്രറികള്‍ക്കുണ്ടായ രൂപമാറ്റങ്ങള്‍ അടുത്തു കാണാനായത് വായനയെയും ഒപ്പം കൂട്ടിയ ശീലത്തിനാലുമാണ്. നാല്പതിലേറെ വര്‍ഷങ്ങള്‍. യുണി. ലൈബ്രറി എനിക്ക് വായനയും പാഠശാലയുമൊരുക്കി നല്‍കിയപ്പോള്‍ പഠനത്തിന്റെ രണ്ടാം വരവില്‍ എം.എല്‍.ഐ.സി.ക്ക് ഞാനൊരു റാങ്കും കരസ്ഥമാക്കി. 

ജോലിയിലിരിക്കെ എം.ജി.യൂണിവേഴ്‌സിറ്റിയിലെ സൗഹൃദങ്ങള്‍ ചൂണ്ടിക്കാട്ടിയ പുസ്തകളിലൂടെ  സാഹിത്യവായനക്കുറവ് നീക്കി. മലയാളം വിട്ടുള്ള പുസ്തകലോകത്തിലേയ്ക്ക് കിളിവാതില്‍ തുറന്നതും. 'വലിയ വായനക്കാര്‍' ലൈബ്രറിയിലെ റിട്ടേണ്‍ കൗണ്ടറില്‍ തിരികെ മടക്കുന്ന പുസ്തകങ്ങളെടുത്ത് പാരായണശീലത്തിനെ തീവണ്ടി, വാടകമുറികളിലേയ്ക്ക് നീട്ടാനും കഴിഞ്ഞു. സുഹൃത് ബന്ധങ്ങള്‍ വായനാത്വരകങ്ങളാണ്. ഒന്നല്ല. അതു പത്തുമാവണമെന്നില്ല. പുസ്തകങ്ങള്‍ക്കൊപ്പം സൗഹൃദങ്ങള്‍ മേമ്പൊടിയിടുമ്പോള്‍ വായനാനുഭവം വിപുലമാകുന്നു. വായിച്ച വരികള്‍ക്കിടയില്‍ ഇരുകണ്ണുകളും കാണാതെ വിട്ടതൊക്കെ പരസ്പര സംവാദങ്ങള്‍ വെളിപ്പെടുത്തി കുറവുതീര്‍ക്കുന്നു. .

വിവിധജാതി സ്‌പെഷ്യല്‍, അക്കാദമിക് ലൈബ്രറികളില്‍ ലക്ഷക്കണക്കിനു പുസ്തകങ്ങള്‍, അവയെ കൂട്ടുപിടിച്ച് അതീവ പ്രതിഭകളുടെ തലച്ചോറുകള്‍ക്ക് ഊണൊരുക്കാന്‍ കഴിഞ്ഞ ജോലിയൊരു സൗഭാഗ്യമായിരുന്നു. ഞാനെന്റെ പണിശാലകളിലെ വായനാനുഭവവുമായി ഒരു പൊട്ടുപോലും വിടാതെ അതിനെയെല്ലാം കൂട്ടിക്കെട്ടുന്നു. സ്വന്തശേഖത്തിലെ പുസ്തകങ്ങളും വാരികകളും അവരുടെ റിസര്‍ച്ചിനു വിട്ടു കൊടുത്തു. ഞാനെഴുതിയവയും വായനക്കാര്‍ക്ക് വായ്പകൊടുക്കാനുള്ള അവസരം കൂട്ടത്തില്‍ ലഭ്യമായത് എഴുത്തുകാരനെ ലൈബ്രേറിയനുമായി കൂട്ടിക്കെട്ടിയ കുസൃതിയായി കരുതട്ടെ'! നിസ്വാര്‍ത്ഥരായ, ആത്മാര്‍ത്തതയുടെ പര്യായങ്ങളായ നിരവധി ഗ്രന്ഥശാല പ്രവര്‍ത്തകരോട് സഹവസിച്ചതിനാലും അവരുടെ അറിവിനെയും സേവനതല്പരതയെയും തൊട്ടുനിന്നു കൊതിച്ചതിനാലും ഒരു മാത്രപോലും അതിശയകരമായി ജോലിചെയ്തു എന്നവകാശപ്പെടാന്‍ തോന്നുന്നതേയില്ല. അതിനു ധൈര്യവുമില്ല. 

വെളുക്കുവോളം ഉറക്കമൊഴിഞ്ഞ് ദേഹണ്ഡപ്പുരയില്‍ വിഭവങ്ങളൊരുക്കുന്ന പാചകക്കാരനെ ഓര്‍മ്മിച്ചു പോകാറുണ്ട്. ഉണ്ടല്ല. സദ്യകണ്ടും കഴിക്കുന്നവന്റെ രുചിതൃപ്തി കണ്ടുംകേട്ടും നുണഞ്ഞറിഞ്ഞും കൊതിയാറ്റാന്‍ വിധിക്കപ്പെട്ട തൊഴില്‍ സമൂഹങ്ങള്‍ അനവധിയുണ്ട് അതില്‍പ്പെടുവനാണ് ഗ്രന്ഥലായ വിചാരിപ്പുകാരനും. പുസ്തക അടുക്കളകളില്‍ വച്ചെന്തുചെയ്യാനാവും? എപ്പോഴാണ് ഇക്കണ്ടതു മുഴുവനും വായിച്ചു തീര്‍ക്കാനാകുക?  വായനക്കാരനെ നിലയില്‍ ഭാവിയിലേയ്ക്ക് കരുതലെടുക്കേണ്ട പുസ്തകങ്ങളെ കുറിച്ചൊരു ധാരണയും രൂപപ്പെടുത്താന്‍ ഗ്രന്ഥാലയങ്ങള്‍ അവസരം നല്‍കി. 

വായനക്കാരനെ കരുതലെടുത്തുള്ള ജനകീയ ജോലിയായതിനാല്‍ തീരെ സങ്കുചിതമായ സര്‍വ്വിസ് ചട്ടങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കാന്‍ സാധ്യത നല്‍കുന്നതാണ് ലൈബ്രേറിയന്‍ഷിപ്പ്. അങ്ങനെ അത്യപൂര്‍വ്വ സൗഹൃദങ്ങളുടെ പകര്‍ന്നാലും തീരാത്ത ബന്ധങ്ങള്‍ നേടിയെടുക്കാനും ഗ്രന്ഥശാലകള്‍ സഹായിച്ചു. നക്ഷത്രക്കണ്ണുള്ള, തെളിമനമുള്ള എത്രായിരം വായനക്കാരെ മലയാളനാട്ടിലെ വിവിധ ഗ്രന്ഥാലയങ്ങള്‍ എനിക്കു മിത്രങ്ങളായി തന്നു. അക്കൂട്ടത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സും, തിരുവനന്തപുരം കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ലൈബ്രറിയും ചങ്കിനുള്ളില്‍ കുടിവയ്പിച്ച വായനക്കാരുടെ നീണ്ടനിരയൊരുക്കി സമ്പന്നനാക്കി. 

കേരളനാടിന്റെ ഏതു കോണിലും മിത്രസമ്പാദ്യത്തിനും മഹത്തായ വായനമുറികള്‍ സഹായിച്ചതായി കരുതട്ടെ! തെക്കന്‍ തിരുവിതാംകൂര്‍, മധ്യകേരളം, വള്ളുവനാട്, വടക്കേ മലബാര്‍ അങ്ങനെ സാംസ്‌കാരിക കേരളത്തിന്റെ വൈവിധ്യ വിനിയമങ്ങള്‍ സ്വായത്തമാക്കാനും ഈ പരന്നുള്ള ലൈബ്രറി ജീവനമവസരമുണ്ടായി എന്ന സന്തോഷത്തെയും ചേര്‍ത്തു പിടിക്കുന്നു.

വേളിമലയിലെ വി.എസ്.എസ്.സി. ലൈബ്രറിയിലെ അപ്രന്റീസായി തുടങ്ങി, തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനീയറിംഗിലെ ചീഫ് ടെക്‌നിക്കല്‍ ലൈബ്രേറിയന്‍ വരെയുള്ള മുപ്പതാണ്ട് കാലത്ത് മിച്ചനേരങ്ങളില്‍ എഴുതാനുള്ള ആശങ്ങളെയവ നീട്ടിത്തു. നേര്‍രേഖീയ ജോലിയിടം മാത്രമായിരുന്നില്ല വായനശാലകള്‍. വായിക്കാനെത്തിയവരും എഴുത്തിനു ജീവന്‍ നല്‍കാന്‍ ഉതകിയെതും മറ്റൊരു അനുഭവം.

അങ്ങനെ പ്രതേ്യകിച്ചൊരു ലൈബ്രറിയില്‍ ചുരുങ്ങാതെ, ഒന്നു മാത്രമായി മുന്നിലില്ലാതെ, എന്നാല്‍ സര്‍വ്വാംഗവും പുസ്തകങ്ങളെക്കൊണ്ടു വളര്‍താണ് എന്റെ വായനാലോകം. വായിച്ചതൊന്നും ഓര്‍ക്കരുതേ അവ തരിമ്പും മനസ്സില്‍ക്കയറി എഴുത്തില്‍ കുരുങ്ങരുതേ! അതു കടലാസിലെ ആവര്‍ത്തിതാക്ഷര ആശയങ്ങളായി മാറരുതേയെന്ന പ്രാര്‍ത്ഥനയാണ് എഴുതാനിരിക്കുമ്പോള്‍. 

എഴുത്തും വായനയ്ക്കും വില കല്പിക്കുന്നവര്‍ക്കു മുന്നില്‍ വായിക്കാനായി വിരുന്നുപോയവന്റെ തീരെച്ചെറിയ പുസ്തകാനുഭവങ്ങള്‍ മാത്രമാണിത്. മായാമറവിയായി  ഈ ഭൂമിയിലെല്ലാം മാറിക്കൊണ്ടിരിക്കുമ്പോള്‍ മാഞ്ഞുപോകു വഴികളിലേയ്ക്ക് ഒരു പെന്‍ടോര്‍ച്ചുമായി വന്ന് അതു തെളിച്ചു തിരിഞ്ഞു  നോക്കുതു മാത്രമാണി കുറിപ്പിന്റെ ഉദ്ദേശ്യം.  

ഗ്രന്ഥാലോകം 2020 നവംബര്‍



2020, നവംബർ 21, ശനിയാഴ്‌ച

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌, നെടുമങ്ങാട് Sastra Sahitya Parishad, Nedumangad


 


നെടുമങ്ങാട് താലൂക്കിലെ ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷ തെളിവുകളൊന്നും പ്രകടമാക്കാതെ ആയിരത്തിതൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ നാടിനു പുതിയൊരു സാംസ്‌കാരികതയ്ക്ക് രൂപം കൊടുക്കുന്നതില്‍ മുഖ്യമായ പങ്ക് വഹിച്ചു വരുന്നു. അധ്യാപകരും സാധാരണക്കാരുമുള്‍പ്പെടെ പുരോഗമന ചിന്താധാരയിലുള്ളവര്‍ അതിനെ നെഞ്ചേറ്റി. പുതിയ തലമുറ ആ പ്രകാശമേറ്റെടുത്തു. ഒച്ചയും ബഹളവുമില്ലാതെ അത് അനസ്യൂതമിന്നും തുടരുന്നു. 

  1975 ല്‍ നെടുമങ്ങാട്ട് എ. അജ്മലിന്റെ നേതൃത്വത്തില്‍ പരിഷത് പ്രവര്‍ത്തനങ്ങള്‍ തുടക്കമിട്ടത് ശാസ്ത്രക്ലാസ്സുകള്‍ നടത്തിക്കൊണ്ടായിരുന്നു. സമീക്ഷ ഫിലിം സൊസൈറ്റിയുടെ സഹായത്തോടെയാണ് പരിപാടികള്‍ നടന്നത്. ഗ്രാമശാസ്ത്ര സമിതികളാണ് തുടക്കത്തിലുണ്ടായിരുന്നത്. ക്രമേണ അവ യൂണിറ്റുകളായി മാറി. നെടുമങ്ങാട്ട് പരിഷത്ത്  നടത്തിയ സിനിമാ പ്രദര്‍ശങ്ങള്‍ ശ്രദ്ധേയമായി. ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും ആളുകളെ ഈ കൂട്ടായ്മയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് സഹായിച്ചു. 

1978 മുതല്‍ നടത്തിയ സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബുകള്‍ അദ്ധ്യാപകരുടെ ശ്രദ്ധ പരിഷത്തിലെയ്ക്ക് കൊണ്ടുവന്നു.  യുറീക്ക വിജ്ഞാനോത്സവം, ശാസ്ത്രകേരളം ക്വിസ് എന്നിവയും ജനകീയാരോഗ്യ ക്ലാസ്സുകളും പരിഷത്തിനെ ശ്രദ്ധേയമായ സാന്നിധ്യമാക്കി. സൈലന്റവാലിയും പരിസ്ഥിതി ക്ലാസ്സുകളും ജനങ്ങള്‍ കൗതുകത്തോടെ ഉള്‍ക്കൊണ്ടു.

ഗ്രാമശാസ്ത്ര സമിതികളുടെ നേതൃത്വത്തില്‍ നാടെമ്പാടും ശാസ്ത്ര ക്ലാസ്സുകള്‍ നടന്നു. ആ പുത്തനുണര്‍വ്വില്‍ പെരിങ്ങമ്മല, ആനപ്പാറ, വിതുര, ചെറ്റച്ചല്‍, ആനപ്പെട്ടി, കീഴ്പാലൂര്‍, തൊളിക്കോട്, ആര്യനാട്, പരുത്തിപ്പള്ളി, ഉഴമലയ്ക്കല്‍, കളത്തറ, അരുവിക്കര, കരകുളം, കുറുപുഴ, ആനാട്, ആട്ടുകാല്‍, ചുള്ളിമാന്നൂര്‍, പനയമുട്ടം, കൊഞ്ചിറ എിവിടങ്ങളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

1976 ല്‍ വെള്ളനാട് മിത്രാനികേതനില്‍ കൂടിയ യോഗമാണ് പരിഷത്ത് മേഖല രൂപീകരണത്തിലേയ്ക്ക് നീങ്ങിയത്. കെ.ടി. സുരേന്ദ്രനായിരുന്നു ആദ്യസെക്രട്ടറി. എം. ടി. വാമദേവന്‍ (ആര്യനാട്), വി രവീന്ദ്രന്‍ (വെള്ളനാട്), നെയ്യപ്പള്ളി അപ്പുക്കുട്ടന്‍, ശങ്കരന്‍കുട്ടി നായര്‍ (നന്ദിയോട്), ഡി. വാമദേവന്‍ (പാലോട്), ഇരിഞ്ചയം സെബാസ്റ്റ്യന്‍ എന്നിവര്‍ കമ്മറ്റിയില്‍ വന്നു. 

പരിഷത്തിന്റെ സംസ്ഥാനതല വിദ്യാഭ്യാസപരിപാടികളുടെ തുടക്കം വെള്ളനാട്ടു നിന്നായിരുന്നു. 1981 ലെ അക്ഷരവേദിയാണ് പില്ക്കാലത്ത് കേരളത്തിലെ സ്‌കൂളുകളിലെ നിരക്ഷരത നിര്‍മ്മാജനമെന്ന ബ്രഹത് പദ്ധതിക്ക്  വിത്തുപാകിയത്. ഇതിനു പിന്നില്‍ കെ.ടി. സുരേന്ദ്രന്‍ (വെള്ളനാട്), വി. രവീന്ദ്രന്‍, തുളസീദാസ് ( കിളിമാന്നൂര്‍)എന്നിവരാണ് ചുക്കാന്‍ പിടിച്ചത്. 1986 ല്‍ സമഗ്ര ശാസ്ത്രപഠനം എന്ന ലക്ഷ്യവുമായി ഉദ്ഗ്രഥന ശാസ്ത്ര പഠന പരിപാടി വെള്ളനാട്ട'് തുടങ്ങി. ശാസ്ത്രാദ്ധ്യാപകര്‍ക്ക് പുതിയ വെളിച്ചം നല്‍കിയ പരിപാടിയുടെ ഉപജ്ഞാതക്കളില്‍ കെ.ടി. സുരേന്ദ്രന്‍, വി. രവീന്ദ്രന്‍, എം.എന്‍. ശങ്കരനാരായണന്‍ എന്നിവരാണുണ്ടായിരുന്നത്. എണ്‍പത്തിയഞ്ച് എണ്‍പത്തിയെട്ടില്‍ ഗണിതം മധുരം എന്ന പരിപാടിയും പരിഷത്തിന്റെ നെടുമങ്ങാട് മേഖലയുടെ തനത് പരിപാടികളായിരുന്നു.  

അക്ഷരവേദി പരിപാടികള്‍ പ്രായോഗിത തലത്തിലെത്തിക്കാന്‍ നിരവധി അദ്ധ്യാപകര്‍ക്കൊപ്പം ശിവപ്രസാദ് (മുതുവിള) ആനന്ദവല്ലി (മുതുവിള), പി. എ. ഉത്തമന്‍ എന്നിവരും അക്ഷീണം യത്‌നിച്ചു. അക്കാലത്ത് പരിഷത്തിന്റെ സംഘാടനത്തില്‍ നടന്നിരു അദ്ധ്യാപക പരിശീലന പരിപാടികളുടെ ഗുണഭോക്താക്കളാകാത്ത അദ്ധ്യാപകരുടെ സംഖ്യ കുറവായിരുന്നു. 

നെടുമങ്ങാട് മേഖലയുടെ മറ്റൊരു തനത് പരിപാടിയായിരുന്നു ഓപ്പണ്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍. വിജ്ഞാനോത്സവ കുട്ടികളുടെ തുടര്‍പഠനം ഇതുറപ്പാക്കിയിരുന്നു. 

പരിഷത്തിനെ കുട്ടികള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ ബാലവേദി നല്ലൊരു പങ്കുവഹിച്ചു. പി. എ. ഉത്തമന്‍, പി വേണുഗോപാല്‍ (നെടുമങ്ങാട്), പ്രഫുല്ലചന്ദ്രന്‍ (ആര്യനാട്), വെമ്പായം ജയചന്ദ്രന്‍, പ്രശാന്ത് (വെമ്പായം)എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പി വേണുഗോപാലിന്റെ പാവകളി സ്മരണീയമാണ്. 

സംസ്ഥാനത്തിനു തന്നെ മാതൃകയായതാണ് 1984 ല്‍ പൂവത്തൂരില്‍ നടന്ന കുട്ടികളുടെ സഹവാസ ക്യാമ്പ്. തൊണ്ണൂറുകള്‍ വരെ കുട്ടികളുടെ സഹവാസ ക്യാമ്പുകള്‍ മേഖലില്‍ നന്നായി നടന്നിരുന്നു. 

പരിഷത് ജാഥകള്‍ സാധാരണക്കാരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരുന്നത്. കുവേരി മുതല്‍ പൂവച്ചല്‍ വരെ നടന്ന ജാഥ ആദ്യകാല ശാസ്ത്ര സാംസ്‌കാരിക ജാഥ മുതല്‍ എല്ലാ ജാഥകള്‍ക്കും നെടുമങ്ങാട് മേഖലയില്‍ വമ്പിച്ച ജനപ്രീതിയാണ് ലഭിച്ചിരുന്നത്. അദ്ധ്വാനം സമ്പത്ത്, എവറഡി ബാക്ടറി ബഹിഷ്‌കരം, വനസംരക്ഷണം, വാമനപുരം പദ്ധതി, കിള്ളിയാര്‍ സുരക്ഷ ഇത്തരം ആശയങ്ങളുയര്‍ത്തി നെടുമങ്ങാട് മേഖലയുടെ തനത് ജാഥകളും വിവിധ കാലങ്ങളില്‍ നടന്നു. ആട്ടുകാല്‍ അജയന്‍, ആട്ടുകാല്‍ വിജയന്‍, ആട്ടുകാല്‍ ബൈജു, ഇരിഞ്ചയം മധു എന്നിങ്ങനെ കലാകാര പങ്കാളിത്തവും നെടുമങ്ങാട് മേഖലയുടെ വകയായി ഇതിനുണ്ടായി. നിരവധി പെണ്‍കുട്ടികളുടെ സാന്നിധ്യം എടുത്തു് പറയേണ്ടതാണ്.

സാക്ഷരതാ യജ്ഞത്തില്‍ കെ.ടി. സുരേന്ദ്രന്‍. രവീന്ദ്രന്‍ എന്നിവര്‍ സംസ്ഥാന കീ റിസോഴ്‌സ് പേഴ്‌സണ്‍സ് ആയിരുന്നു. സി. വിജയകുമാര്‍ (നെടുമങ്ങാട്) ജില്ല കോര്‍ഡിനേറ്ററും, പി കേശവന്‍ കുട്ടി (നെടുമങ്ങാട്) താലുക്ക് പ്രോജക്ട് ഓഫീസറുമായിരുന്നു. ത്രിവിക്രമന്‍ നായര്‍, സി കെ സദാശിവന്‍, കെ. പി. സന്തോഷ് കുമാര്‍, ബി. ബാലചന്ദ്രന്‍, ജി. എസ്. ജയചന്ദ്രന്‍, അരുവിക്കര രമേശന്‍, ബി. എല്‍. രാധാകൃഷ്ണന്‍, അശോകന്‍, ശേഖരപിള്ള എവര്‍ പരിഷത്തുകാരായ പ്രോജക്ട് ഓഫീസര്‍മാരായിരുന്നു. പി. എ. ഉത്തമന്‍ അക്ഷരകേരളം എഡിറ്ററായിരുന്നു. കളത്തറ മോഹന്‍, ആട്ടുകാല്‍ മോഹന്‍, ബി ചക്രപാണി, ടി മുരളീധരന്‍, ടി ശ്രീകുമാര്‍, എസ്. എല്‍. ശശികുമാര്‍ എന്നിവരുടെ അദ്ധ്വാനവും സ്മരണീയമാണ്. ആയിരക്കണക്കിന് യുവതീയുവാക്കളെ സാമൂഹ്യമുന്നേറ്റത്തില്‍ പങ്കാളികളാക്കാന്‍ പരിഷതിനു കഴിഞ്ഞു. ജെ. അരുന്ധതി എം എല്‍ എ ഉള്‍പ്പെടെ ഒരുപിടി ഭരണാധികാരിളുടെ തുടക്കവും നെടുമങ്ങാട് പരിഷത് കളരിയില്‍ നിന്നായിരുന്നു. 

ജനകീയാസൂത്രണ പരിപാടികള്‍ പുതിയ ഉണര്‍വ്വ് നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ടം എന്നിവകളിലേയ്ക്ക് വളര്‍ന്ന നെടുമങ്ങാട്ടിലെ സംഘബോധത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും അടിസ്ഥാനവും പരിഷത്ത് ഊര്‍ജ്ജത്തില്‍ നിന്നായിരുന്നു.

ജ്യോതിശാസ്ത്ര ക്ലാസ്സ്, ഉര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിഷത്ത് അടുപ്പ്, സോപ്പു നിര്‍മ്മാണം. സാഹിത്യത്തിലൂടെയുള്ള ആശയ പ്രചരണം. എന്നിവയിലും നെടുമങ്ങാട് മേഖല ജനകീയ സംഭാവനകള്‍ നല്‍കി. ചെലവു കുറഞ്ഞ വീടുകളുടെ നിര്‍മ്മാണം പരാജയപ്പെട്ട' പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു. സാഹിത്യ ക്ലാസ്സുകള്‍ ഒരു കൂട്ടം യുറിക്ക എഴുത്തുകാരായ കുട്ടികള്‍ക്ക് അവസരം നല്‍കി. യുറീക്ക വിജ്ഞാന പരീക്ഷകള്‍ കുട്ടികളെ പരിഷത്തുമായും ബന്ധിപ്പിക്കുന്ന കണ്ണിയായി തുടരുന്നു. എന്‍. പി. ഗിരി, ഡോ. ബി. എസ്. രാജശേഖന്‍ എന്നിവര്‍ ശാസ്ത്രഗതിയിലെ പ്രധാനപ്പെട്ട എഴുത്തുകാരായിരുന്നു. നയനതാര എന്‍ ജി, വിനീഷ് കളത്തറ, പി കെ സുധി എന്നിവരുടെ പുസ്തകങ്ങള്‍ പരിഷത്ത് പ്രസിദ്ധീകരിച്ചു. ജിജോ കൃഷ്ണന്‍ ശാസ്തക്ലാസ്സുകള്‍ നടത്തിവരുന്നു. യുവസമിതിയുടെ പരിപാടികള്‍ നെടുമങ്ങാട് മേഖലയില്‍ സജീവമാണ്. കളത്തറ യൂണിറ്റ് പരിപാടികള്‍ ജില്ലയിലെമ്പാടും ശ്രദ്ധനേടുകയുണ്ടായി.

ഭോപ്പാല്‍ ദുരന്തവും എവറഡി ബഹിഷ്‌കരണ പരിപാടികളും (1985) സ്മരണീയമാണ്. പതിനായിരം ശാസ്ത്ര ക്ലാസ്സുകള്‍ (1989), വഞ്ചിക്കപ്പെടു ഉപഭോക്താവ്, ഹാലി ധൂമകേതുവിന്റെ വരവോടെ നടത്തിയ നക്ഷത്ര നിരീക്ഷണം എന്നീ ക്ലാസ്സുകളും ശാസ്ത്രസാഹിത്യ പരിഷതിന് നെടുമങ്ങാട് മേഖലയില്‍ വമ്പിച്ച ജനശ്രദ്ധ നേടിക്കൊടുത്തു. ബഹുരാഷ്ട്ര കുത്തകളെ ഒഴിവാക്കി ബദല്‍ പരിപാടികള്‍ നന്നായി പ്രാവര്‍ത്തികമാക്കിയിരുന്നു. സമ്പൂര്‍ണ്ണ സാക്ഷതരാ യജ്ഞവും ജനകീയാസൂത്രണവും പരിഷത്തിന്റെ പുഷ്‌കലമായ കാലമായിരുന്നു.

മേഖലാഭാരവാഹികളായ ഹരിദാസ് (നന്ദിയോട്), ജയദേവന്‍ (കുറുപുഴ), ബി. ശശികുമാരന്‍ നായര്‍, സി. വിജയകുമാര്‍, ഇരിഞ്ചയം ബാബു, മനോഹരന്‍ നായര്‍, ഇ ശങ്കരന്‍ പോറ്റി, പി. വേണുഗോപാല്‍, ബി. എല്‍ രാധാകൃഷ്ണന്‍, ടി. മുരളീധരന്‍, മദന്‍മോഹന്‍ (വിതുര), ശങ്കരന്‍ പോറ്റി, ജി.ജെ. പോറ്റി,  പ്രഫുല്ലചന്ദ്രന്‍ വി (ആര്യനാട്), എം ജി വാസുദേവന്‍ പിള്ള, ജെ. രാമചന്ദ്രന്‍, രഘുകുറ്റിയാനി, സെന്റ്‌ജോര്‍ജ്ജ്, ആട്ടുകാല്‍ ഗോപന്‍, വിലാസചന്ദ്രന്‍, കളത്തറ വിനീഷ്, കളത്തറ മോഹന്‍,  അരുവിക്കര ബി ശ്രീകുമാര്‍, സി. സുന്ദരേശന്‍, വൈ. എ. റഷീദ്, ശരത്ചന്ദ്രന്‍, കരകുളം ഹരി, ശ്രീകണ്ഠന്‍ നായര്‍, ബിജൂ കളത്തറ, നാഗപ്പന്‍ എ. കെ. (വെമ്പായം), നാഗപ്പന്‍ ബി. കളത്തറ രജ്ഞിത്, ബിനു കളത്തറ എിവര്‍ സ്മരണീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.

കെ.ടി സുരേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി (1984), മേഖലയില്‍ നിന്നും രവീന്ദ്രന്‍ വി , കേശവന്‍കുട്ടി, നുജും (വെമ്പായം) എന്നിവരും ജില്ലാസെക്രട്ടറിമാരായി പ്രവര്‍ത്തിച്ചു. 

എണ്ണിയാലൊടുങ്ങാത്ത ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകരാണ് നെടുമങ്ങാട് പരിഷത്തിന്റെ കരുത്ത്. അവര്‍ യൂണിറ്റുതലം മുതല്‍ ഭാരവാഹികളായും പുസ്തക പ്രചരണം മുതല്‍ അടുപ്പു നിര്‍മ്മാണം വരെ ബൗദ്ധികവും അല്ലാത്തതുമായ പരിപാടികള്‍ വിജയിപ്പിക്കാന്‍ കരുത്ത് പകര്‍ന്നു എന്ന കാര്യം സ്മരണീയമാണ്.


2020, നവംബർ 14, ശനിയാഴ്‌ച

തട്ടാന്‍വിള ബാലചന്ദ്രന്‍ ബി. Balachandran B Thattanvila


 

പാവംജീവിതങ്ങളുടെ ഇതിഹാസം. ഡോ. ബി. ബാലചന്ദ്രന്‍


കാലത്തിന്റെ മുങ്ങാക്കയങ്ങളില്‍ നിന്ന് പാവംജീവിതങ്ങളുടെ ഓര്‍മ്മകള്‍ ശേഖരിക്കുകയും അതിനെ പുതിയ കാലാവസ്ഥയോട് വിളക്കിച്ചേര്‍ക്കുകയുമാണ് ബോധ്യങ്ങളുള്ള എാതൊരെഴുത്തുകാരനും ചെയ്യേണ്ടത്. എഴുത്തുതന്നെ രാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കെ വരുംകാലത്തോട് നീതി ചെയ്യേണ്ട വിശേഷപ്പെട്ട ദൗത്യം കൂടി എഴുത്തുകാരന്‍ എാറ്റെടുക്കേണ്ടിവരുന്നു. കേവല സൗന്ദര്യാവിഷ്‌കാരമെന്ന പ്രയോഗംപോലും കാലഹരണപ്പെട്ടിരിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ സാമൂഹ്യവ്യവസ്ഥകളാല്‍ പ്രശ്‌നപൂരിതമായ ഭൂമിയാണ് കേരളം. മതം, ജാതി, രാഷ്ട്രീയം എന്നീകാര്യങ്ങളുടെ ഇന്ത്യനവസ്ഥയുടെ നേര്‍പ്പതിപ്പേയല്ല ഈ നാട്. ഒളിയിടങ്ങളും കെണികളുമുള്ള സഞ്ചാരവഴികളിലൂടെയാണ് കേരളത്തിന്റെ സാമൂഹികവണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന്റെ ഉജ്വലമാതൃകകള്‍ സൃഷ്ടിച്ച നാടാണ്. പക്ഷേ, ജാതിത്തിരിവുകള്‍ പാടേ തകരാതെ കേരളത്തില്‍ നിലനില്‍ക്കുന്നു. ഉപജാതികളുമിവിടെ സജീവമാണ്. മതജാതി കലഹങ്ങള്‍ പ്രത്യക്ഷമായിട്ടില്ലെങ്കിലും അവയുടെ പ്രയോഗം കേരളസമൂഹത്തിന്റെ ഉള്‍പ്രവാഹത്തിലുണ്ട്. തൊഴിലും ജാതിയും ഒന്നായിനിന്ന കാലം മങ്ങിപ്പോയിരിക്കുന്നു. ഇവിടെ തൊഴിലിന്റെ കയറ്റിറക്ക് ശ്രേണീബന്ധങ്ങള്‍ക്ക് കാര്യമായ ഉടവുതട്ടിയിട്ടില്ല. പരമ്പരാഗത തൊഴിലുകളില്‍ മിക്കതും നിറംമങ്ങികൊഴിഞ്ഞുപോയിരിക്കുന്നു. അവ സമ്മാനിച്ചിരുന്ന സമ്പത്തും പദവിയും പുതിയ രാഷ്ട്രീയപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നടിയുമ്പോള്‍ അതത് തൊഴിലുകള്‍ കൈകാര്യം ചെയ്തിരുന്ന സമുദായങ്ങള്‍ ഓര്‍ക്കാപ്പുറത്തുള്ള പ്രഹരങ്ങളേറ്റ് തകരുകയാണ്.


തിരുവനന്തപുരം ജില്ലയിലെ മലയോരഭാഗമാണ് നെടുമങ്ങാട്. പാരമ്പര്യമായി കാണിക്കാര്‍, കുറവര്‍, പുലയര്‍, വേടര്‍, പറയര്‍ തുടങ്ങിയ സമുദായങ്ങള്‍ മണ്ണിന്റെ (കാടിന്റെ) നേരവകാശികളായി കഴിഞ്ഞുപോന്ന നാട്. രാജഭരണകാലത്ത് ഭരണനിര്‍വ്വഹണത്തിനായി വന്നുചേര്‍ന്ന വ്യത്യസ്ത തൊഴില്‍ സമുദായങ്ങള്‍ ക്രമേണ ഈ പ്രദേശത്തിന്റെ നിര്‍ണ്ണായ ശക്തികളായിത്തീര്‍ന്നു. വാണിയര്‍, തട്ടാര്‍, ആശാരി ഇവരൊക്കെയടങ്ങുന്ന ജാതിത്തൊഴില്‍ സമുദായങ്ങള്‍ നെടുമങ്ങാട് കേന്ദ്രത്തില്‍ തനതു തൊഴിലുകള്‍ ചെയ്ത് ഉപജീവനം നടത്തിപ്പോന്നു. തട്ടാന്‍ സമുദായം സ്വര്‍ണ്ണപ്പണിയുമായി ബന്ധപ്പെട്ടാണ് ജീവിച്ചത്. അവരുടെ ജീവിതത്തിന്റെ അകപ്പുറകാഴ്ചകളാണ് പി കെ സുധിയുടെ 'തട്ടാന്‍വിള' എന്ന നോവലിന്റെ കേന്ദ്രഭാവത്തിനു നിറമേകിയിരിക്കുന്നത്. മനുഷ്യന്റെ അസ്തിത്വമെന്തെന്ന ചോദ്യം മുഴങ്ങുന്ന നരവംശശാസ്ത്ര പരീക്ഷണശാലയാണ് ഒരു നോവലെഴുത്തുകാരനെ സംബന്ധിച്ച് അവനു ലഭ്യമായ ചരിത്രമുഹൂര്‍ത്തം എന്ന മിലന്‍ കുന്ദേരയുടെ (Art of the Novel) എന്ന കാഴ്ചപ്പാട് 'തട്ടാന്‍വിള' എന്ന നോവലെഴുത്തിന്റെ ഘട്ടങ്ങളില്‍ പി കെ സുധി തീര്‍ച്ചയായും അഭിമുഖീകരിച്ചിരിക്കണം. 


തട്ടാന്‍ സമുദായുവും ഇത്തരത്തിലുള്ള പ്രശ്‌നസങ്കീര്‍ണ്ണതകളിലൂടെ അനുഭവിച്ചു തകരുന്ന ഹൃദയഭേദകമായ കാഴ്ചകളാണ് തട്ടാന്‍വിള പറയുന്നത്. പഴമക്കാരുടെ ഓര്‍മ്മകളില്‍ ഒളിമങ്ങിക്കിടന്ന സാമൂഹികചലനങ്ങളെ നെയ്‌തെടുക്കുന്ന ദുഷ്‌കരമായ പ്രവര്‍ത്തനമാണ് പവിതയെന്ന ഗവേഷക ചെയ്യുന്നത്. രേഖീയമല്ലാത്ത ചരിത്രവസ്തുകള്‍ ചികഞ്ഞെടുക്കുന്ന അത്യന്തം ശ്രമകരമായ പണി അവള്‍ എാറ്റെടുക്കുകയാണ്. താന്‍കൂടി ഭാഗഭാക്കായ കൂട്ടായ്മയുടെ ചരിത്രമായപ്പോള്‍ അവള്‍ക്ക് ആവേശം കൂടി. ദത്തങ്ങളുടെ പെരുമഴച്ചാറ്റില്‍ നിന്ന് സത്യങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ പവിതയെ സഹായിക്കാനാവതില്ലാത്ത വഴികാട്ടി (ഗൈഡ്) യാണ് ഗ്ലെന്‍ പ്രകാശം. അറിവില്ലായ്മ വെളിപ്പെടുത്താതിരിക്കാന്‍ സാധാരണ മനുഷ്യന്‍ കാട്ടുന്ന പരാക്രമങ്ങളൊക്കെ അയാളും ചെയ്യുന്നുണ്ട്. നേശമണി എന്ന ഗ്ലെന്‍ പ്രകാശത്തിന്റെ ഭൂതകാലം കരിപ്പൂരിലിരുന്ന് പല്ലിളിക്കുകയാണ്. തന്റെയും കൂടി വേരുകള്‍ തേടിയുള്ള പവിതയുടെ യാത്രയില്‍ കാര്യമായി ഒന്നും നിര്‍ദ്ദേശിക്കാനാകാതെ പരുങ്ങുകയാണ് അയാള്‍. ജീവിച്ചിരിപ്പില്ലാത്ത കേശവപിള്ള എന്ന അപ്പൂപ്പനെയും വത്സലകുമാര്‍ എന്ന അച്ഛനെയുമൊക്ക സങ്കല്പലോകത്തില്‍വച്ചു സന്ധിക്കുന്ന പവിത ഗവേഷണമെന്ന പെരുംചുമട് വലിച്ചെറിഞ്ഞ് കഥയുടെ ഒരുക്കുശീലുകളിലേയ്ക്ക് ചരിത്രത്തെ ഇണക്കിയെടുക്കുന്ന ദൃശ്യത്തില്‍ നോവല്‍ അവസാനിക്കുകയാണ്.

വിവിധ ജാതിമതസ്ഥര്‍ പ്രയോഗിക്കുന്ന ഭാഷ അവസരത്തിനൊത്ത് കഥാഗതിയില്‍ ഇണക്കിചേര്‍ത്തിരിക്കുകയാണ്. തട്ടാര്‍ജാതിക്കാര്‍ക്ക്, സ്വന്തം തൊഴിലുപോലെ (ചെമ്പു ചേര്‍ത്തുള്ള കൂട്ട്) നെടുമങ്ങാട്ടില്‍ പരുവപ്പെട്ട തമിഴും നെടുമങ്ങാടന്‍ മലയാളവും ചേര്‍ത്തുള്ള വെങ്കലഭാഷയാണ് വിനിമയഭാഷ. 'തട്ടാന്‍വിള'യില്‍ അതേ ഭാഷയുടെ ഈണവും താളവും കഥയ്ക്കിണങ്ങുംവിധം ചേര്‍ത്തിട്ടുണ്ട്. ജാതിബന്ധങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതിരിക്കാന്‍ നാമൊക്കെ ആവുംവിധം ശ്രമിക്കുന്നുണ്ടല്ലോ. സത്യത്തിന്റെ കണ്ണാടിയില്‍ തെളിയുന്ന വൈകൃതങ്ങളെ നേരിടാനുള്ള ഉള്ളുറപ്പില്ലായ്മയാണ് പ്രശ്‌നം. 'തട്ടാന്‍വിള'യിലൂടെ ഗ്രന്ഥകര്‍ത്താവ് കരിപ്പൂരു പ്രദേശത്തിലെ ജാതിവ്യവസ്ഥയെ ഇഴകീറി പ്രശ്‌നവല്‍ക്കിരിച്ചിരിക്കുകയാണ്. ചൂഷണത്തിന്റെ, തട്ടിപ്പറിച്ചെടുക്കലിന്റെ, നഷ്ടപ്പെടലുകളുടെ നേര്‍ചിത്രം കൂടി ജാതിക്കുരുക്കുകളിഴിക്കുമ്പോള്‍ വെളിവാകുന്നുണ്ട്. ഒരു ജാതിക്കൂട്ടായ്മ മറ്റൊരു കൂട്ടായ്മയെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് കഥയുടെ നാനാവഴികള്‍ക്ക് കേടുപറ്റാത്ത വിധത്തില്‍ ചന്തത്തിലാവിഷ്‌കരിച്ചിരിക്കുന്നുണ്ട്. ഈ നോവല്‍, കെട്ടിയേല്‍പ്പിക്കപ്പെട്ട അപകര്‍ഷതാബോധത്തില്‍പെട്ടു കിടക്കുന്ന പാവം മനുഷ്യരുടെ കഥകൂടിയായിത്തീരുന്നത് ജാതിപ്രശ്‌നങ്ങളെ നേരായി വിലയിരുത്തിയതുകൊണ്ടുകൂടിയാണ്.


ഒരു ജാതിസമൂഹം സ്വീകരിക്കുന്ന ലോകവീക്ഷണത്തിന്റെ ശക്തമായ സൂചനകള്‍ 'തട്ടാന്‍വിള'യിലുണ്ട്. ഗാട്ടുകാരാറിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന യോഗങ്ങളെ ഇക്കരാറുകൊണ്ടു തന്നെ ഗതികെട്ടുപോകുന്ന ജനത പരിഹസിക്കുകയാണ്. 'ഇവിടെക്കെടെന്നെന്നും മുദ്രാവാക്യം വിളിച്ചോണ്ടിരുന്നാ ഇവിടെമെന്നും പട്ടിക്കാടായി തന്നെ കെടക്കും. നമ്മുടെ നാടിന് ഒരിക്കലും നന്നാവാന്‍ വിതിയില്ല.' എന്നാണ് പാവം സ്വര്‍ണ്ണപ്പണിക്കാരന്റെ കമന്റ്. രണ്ടായിരത്തിരണ്ടിലെ ജീവനക്കാരുടെ നീണ്ട പണിമുടക്കിനെ 'കള്ളക്കഴുവേറിടന്മാര്, എവമ്മാരൊയൊക്കെ ഒറ്റയടിക്ക് പിരിച്ചുവിടണം. കെടന്ന് തെണ്ടട്ട്' എന്നാണ് അവര്‍ പരിഹസിച്ചു തള്ളിയത്. എന്തും വാങ്ങാനും വില്‍ക്കാനും ഒരുക്കുന്ന സ്വതന്ത്ര ജനാധിപത്യ വിപണി ഒരുക്കുന്ന സമ്പ്രദായമാണ് വന്നുചേരുന്നതെന്ന് ജ്വല്ലറികളിലെ മേശിരിമാര്‍ ധരിച്ചു. ഒടുവിലവര്‍ തൊഴില്‍ നഷ്ടപ്പെട്ട് തെരുവിലലയുന്ന   അവസ്ഥയുടെ കെട്ടകാഴ്ച എഴുത്തുകാരന്‍ ഉള്ളിലലിയും വിധം എഴുതിയിട്ടുണ്ട്. 


'തട്ടാന്‍വിള'യില്‍ നിസ്വന്റെ പാടുംകേടും കിതപ്പും ചില ചെറുകുതിപ്പുകളുമാണുള്ളത്. രാത്രിയില്‍ ഉറഞ്ഞുതുള്ളി ദൈവമായിത്തീരുന്ന ബ്രഹ്മജ്ഞാനമൊന്നുമില്ലാത്ത പാവപ്പെട്ടവന്‍ പകലുളില്‍ വിയര്‍്പ്പും വിശപ്പുമായുഴലുന്നതിന്റെ ഹൃദയഭേദകമായ ഉദാഹരണമാണ് ഭഗവതി ആത്താള്‍ എന്ന ദുരന്തകഥാപാത്രം. ഉള്ളതിന്റെ ഉച്ചിയില്‍ നിന്നും കരിമ്പട്ടിണിയുടെ അവസ്ഥയിലെത്തി പലവട്ടം തൂങ്ങിമരിക്കാന്‍ ശ്രമിച്ച് പരിഹാസപാത്രമായി, അനുഭവിച്ചനുഭവിച്ച് ഒടുവില്‍ തൂങ്ങിമരണം കൊണ്ടവള്‍ എല്ലാം അവസാനിപ്പിക്കുന്നു. അവരുടെ മകന്‍ വേലായുധന്‍ മേശിരിയും തൂങ്ങിമരിക്കുകയാണ്. മറ്റുള്ളവന്റെ സങ്കടങ്ങളെ നാട്ടുകൂട്ടവും അധികാരികളും എത്ര നിസ്സാരമായാണ് കാണുന്നത് എന്നതിനുള്ള നല്ല ഉദാഹരണമാണ് ആ മരണരംഗവിവരണം. അതുപോലെ വായനക്കാരെ സ്പര്‍ശിക്കുന്ന ദുരന്തകഥാപാത്രങ്ങളാണ് രാജനും രാസാത്തിയും. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് വീട്ടിലെത്തിയ രാജന്‍, പെരിയപ്പാവും അപ്പാവും അകാലമരണം വരിച്ചതോര്‍ത്ത് മരണത്തെ മാറ്റിവച്ച് രാസാത്തിയോടൊപ്പം കിടക്കുന്നു. വെളുപ്പിന് അവള്‍ കിടുങ്ങതറിഞ്ഞ് ഉണര്‍ന്നു നോക്കിയപ്പോള്‍ അ്ത് ഒടുക്കത്തിന്റെ പിടച്ചിലായിരുന്നു. 'ഞാന്‍ കാത്തുവച്ച സയനൈഡ് അവള്‍ എാതുവിധത്തിലാണ് രുചിച്ചത്. ചവര്‍പ്പായിരുന്നോ? അതോ ഉപ്പോ?ആ മരണത്തിന്റെ സ്വാദ് എന്തായിരുന്നു? തിരുമണത്തിന് അവളിട്ടിരുന്ന ബ്ലൗസിന്റെ കക്ഷത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്ന മണം അവളുടേതായിരുന്നു. എനിക്കവളെ മണക്കാതിരിക്കാനാവില്ല. എത്ര തന്നെ വിഷമവും പ്രയാസങ്ങളുമുണ്ടായിരുന്നാലും ഉള്ളിലേയ്ക്ക് വലിച്ച ആ മണം മൂക്കില്‍ നിന്നും കാല്‍പ്പെരുവിരല്‍ വരെയെത്തുമ്പോള്‍ ഞാന്‍ ഉറങ്ങിക്കഴിയും.' ഇത്തരം വിഷാദച്ചുഴികളിലലയുന്ന മനുഷ്യരുടെ ജീവിതമാണ് ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും പച്ചജീവിതം ചെറുതെന്നോ വലുതെന്നോ ഉള്ള വേര്‍തിരിവുകളില്ലാതെ സൂക്ഷ്മമായി കോറിയിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് മറവിയുടെ വാതില്‍ ത്ള്ളിത്തുറന്ന് നമ്മെ അലോസരപ്പെടുത്തുന്ന പാവം ജീവിതങ്ങളുടെ ഇതിഹാസമായി 'തട്ടാന്‍വിള' നിലയുറപ്പിച്ചിരിക്കുന്നത്. 


ദേശാഭിമാനി വാരിക 16 ആഗസ്ത് 2020



2020, നവംബർ 8, ഞായറാഴ്‌ച

ആന്‍ ഹോഡ്ജസ്‌ Ann Hodges


 ഉല്‍ക്കയിടി

സര്‍ ഐസക്ക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ കഥയറിയാത്തവരില്ല. ന്യൂട്ടനങ്ങ് പ്രശസ്തനായി. അതുമാതിരിയായിരുന്നു ആന്‍ ഹോഡ്ജസിന്റെ കാര്യത്തിലുണ്ടായത്. ആനിന്റെ ഇടുപ്പില്‍ വന്നുവീണത് ചക്കയും മാങ്ങയുമൊന്നുമായിരുന്നില്ല. ശൂന്യാകാശത്തില്‍ നിന്നും പതിച്ച ഉല്‍ക്കയായിരുന്നു. ന്യൂട്ടന്റെ മാതിരി ഇതു കഥയുമല്ല.

ആന്‍ വെറും സാധാരണക്കാരിയായിരുന്നു. അവരൊന്നും കണ്ടുപിടിച്ചുമില്ല. ന്യൂട്ടനെ മാതിരി അങ്ങനെയങ്ങ് പ്രശസ്തയായതുമില്ല. ലോകത്തിലാദ്യമായി ഉല്‍ക്കവീണത് ആനിന്റെ ശരീരത്തിലായിരുന്നു എന്ന റെക്കോഡിന് ഉടമയായി എതുമാത്രം മിച്ചം. ബാക്കി കാര്യങ്ങളെല്ലാം അതീവ കഷ്ടത്തിലായി.

സംഭവം വളരെ രസകരമാണ്. അമേരിക്കയിലെ അലബാമയിലെ ഒരു ചെറിയ വാടകവീട്ടിലായിരുന്നു ഭര്‍ത്താവും അമ്മയുമായി മുപ്പത്തിരണ്ടുകാരിയായ ആന്‍ താമസിച്ചിരുന്നത്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിനാല് നവംബര്‍ മാസാന്ത്യത്തിലെ ഒരുച്ച നേരത്ത് ആന്‍ ഒന്നു മയങ്ങാന്‍ കിടന്നു. കണ്ണുകള്‍ അടയുതേയുണ്ടായിരുന്നുള്ളു. വീടിന്റെ മേല്‍ക്കൂരയും പൊളിച്ച് മാനത്തു നിന്നും ആ സാധനം വന്നിടിച്ചത് ആനിന്റെ ഇടതു ഇടുപ്പിലായിരുന്നു. ചതവും ചൂടും. വന്നു വീണ കല്ലുപോലെ കറുത്ത സാധനത്തില്‍ തൊട്ടപ്പോള്‍ കൈയും പൊള്ളി. മുകളിലേയ്ക്ക് നോക്കുമ്പോള്‍ കൂരയും പൊളിഞ്ഞിരിക്കുന്നു. ആന്‍ ആകെ വിരണ്ടുപോയി.  

അമേരിക്ക അക്കാലത്ത് സോവിയറ്റുയുണിയനുമായി ശീതയുദ്ധത്തിലായിരുന്നു. ചാരവിമാനത്തില്‍ നിന്നും ശത്രുവിന്റെ ബോംബ് വീണതാണ് അങ്ങനെയൊക്കെ പറഞ്ഞ് കാര്യമങ്ങ് മൂത്തു. വീട്ടിനു ചുറ്റിലും ആളങ്ങ് കൂടി. പോലീസും എയര്‍ഫോഴ്‌സുമൊക്കെ പാഞ്ഞെത്തി രംഗം കൊഴുപ്പിച്ചു. പരിക്കേറ്റ ആന്‍ ആശുപത്രിയിലായി. മൂന്നര കിലോഗ്രാം ഭാരമുള്ള വസ്തു ഉല്‍ക്ക തന്നെയെന്ന് ഒടുവില്‍ സ്ഥിരീകരിക്കപ്പെട്ടു.

മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണതുപോലെയായി ആനിന്റെ ജീവിതം. ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ പ്രശസ്തയായി. ഉല്‍ക്കയിടിച്ച ഈ ലോകത്തിലെ ആദ്യവനിതയായ ആനിനെ ടിവിക്കാരും പത്രക്കാരും വളഞ്ഞു. ദൈവം എനിക്ക് ആകാശത്തു നിന്നും ഇട്ടുതന്ന വസ്തുവാണ് അത്. എന്നൊക്കെ ആന്‍ പത്രക്കാരോട് വീമ്പടിച്ചു. ഒപ്പം മറ്റൊരു പുലിവാലുമുണ്ടായി. തന്റെ വീടിനു മുകളില്‍ പതിച്ച വസ്തു തനിക്കവകാശപ്പെട്ടതാണ് എന്ന വാദവും കേസും വക്കീലുമായി വീട്ടുടമയുമെത്തി. ആകപ്പാടെ കലിപ്പ് തന്നെ. ആന്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ തനിക്ക് കൂടുതല്‍ വിലയ്ക്ക് ഈ അപൂര്‍വ്വ വസ്തുവിനെ മിറച്ചു വില്‍ക്കാമെന്ന ധാരണയോടെ ഉല്‍ക്കക്കഷണത്തിന് അഞ്ഞൂറു ഡോളറുകള്‍ വീട്ടുടമയ്ക്ക് നല്‍കി കേസ് അവസാനിപ്പിച്ചു. 

സംഗതിക്ക് വച്ചടി കയറ്റമുണ്ടായില്ല. നമ്മുടെ നാട്ടിലേതു പോലെ പുതിയ ചൂടന്‍കാര്യങ്ങള്‍ വന്നപ്പോള്‍ ടിവിക്കാര്‍ ആനിനെ കൈവിട്ടു. പത്രക്കാരും ആ വഴിക്ക് വരാതെയായി. ഉല്‍യ്ക്കയെ വലിയ വിലയ്ക്ക് വില്‍ക്കാമെന്ന ആശയും അറ്റു. ആന്‍ നിരാശയില്‍പ്പെട്ടു. വൈകാതെ ഡിപ്രഷനും അവളെ പിടികൂടി. വീട്ടിലും സൈ്വരക്കേട് തുടങ്ങി. പുറത്തിറങ്ങറിയാല്‍ നാട്ടുകാരുടെ വകയായ കളിയാക്കലുകള്‍. തൊന്തരവു മാത്രം സമ്മാനിച്ച ഉല്‍ക്കയെ അലബാമ നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിനു ആന്‍ കൈമാറി. രോഗബാധിതയായി ആന്‍ ഹോഡ്ജസ് വൈകാതെ മരിച്ചു. 

ബഹിരാകാശത്തില്‍ നിന്നും ഉല്‍ക്കയാണ് വീണത്. എന്നിട്ടും ആനിന്റെ തലവര തെളിഞ്ഞില്ല എന്നു ചുരുക്കം. എങ്കിലും ഉല്‍ക്കയിടിച്ച വനിതയെ നിലയില്‍ അവര്‍ പ്രശസ്തയാണ്.

യുറീക്ക ഒക്ടോ. 2020


2020, നവംബർ 3, ചൊവ്വാഴ്ച

ഡോ.എസ്. എസ്. ശ്രീകുമാര്‍ തട്ടാന്‍വിള S S Sreekumar




ആഗോളീകരണ ലോകനീതിക്കെതിരെ പ്രാദേശികാനുഭവങ്ങളുടെ കലാപം

രണ്ടായിരത്തി പത്തില്‍ പ്രസിദ്ധീകരിച്ച ത്രുടി എന്ന നോവലിലൂടെയാണ് പി കെ സുധി എന്ന എഴുത്തുകാരന്‍ എന്റെ സജീവശ്രദ്ധയിലേയ്ക്ക് കടന്നുവരുന്നത്. അതിനുമുമ്പു തന്നെ 'ആകാശത്തിലെ നിരത്തുകള്‍' എന്ന കഥാസമാഹാരം ഞാന്‍ 'ഇന്ത്യാടുഡേ' മലയാളത്തിനു വേണ്ടി നിരൂപണം ചെയ്യുകയുണ്ടായി. കാലത്തിനെ ദാര്‍ശനികമാനങ്ങളോടെ കാണുകയും അതോടൊപ്പം തന്നെ കര്‍മ്മചന്ദ്രന്‍ പിള്ളയെ വാച്ച് മെക്കാനിക്കിന്റെ അനുഭവസമ്പൂര്‍ണ്ണവും വ്യതിരിക്തവുമായ ജീവിതത്തോട് ആ പ്രമേയത്തെ ഇഴചേര്‍ക്കുകയും അതേ അവസരത്തില്‍ത്തന്നെ അതിദക്ഷിണകേരളത്തിന്റെ പ്രാദേശികസംസ്‌കാരത്തിന്റെ കണ്ണാടിയായിത്തീരുകയുംചെയ്ത അസാധാരണത്വം എന്നെ ആകര്‍ഷിച്ചു. നോവലിലെ ആഖ്യാതാവായ സുരന്‍ എന്ന പത്രപ്രവര്‍ത്തകന്റെ കര്‍മ്മചന്ദ്രന്‍ പിള്ളയുമായി ബന്ധപ്പെട്ട ബാല്യാനുഭവങ്ങളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായുള്ള പില്‍ക്കാലബന്ധങ്ങളും ആ നോവലിനെ സജീവമാക്കിയിരുന്നു. നോവലിന്റെ അന്ത്യത്തിലെ പിന്നാക്കം ചലിക്കുന്ന ഘടികാരം എന്ന സുധിയുടെ സങ്കല്പം മലയാളനോവലില്‍ പിന്നീട് ആവര്‍ത്തിക്കുകയുണ്ടായിട്ടുണ്ട്. അത് 'ത്രുടി'യുടെ ബഹ്വര്‍ത്ഥനിര്‍ഭരതയെ ഉദാഹരിക്കുന്നു. എന്നാല്‍ ഏകനായകകേന്ദ്രിതമായ ആ നോവലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി സാധാരണ മനുഷ്യജീവിതങ്ങളെയും അവയുടെ പ്രതിജനഭിന്നതയും ആവിഷ്‌കരിക്കാനാണ് പുതിയ നോവല്‍ ശ്രദ്ധവയ്ക്കുന്നത്. ഇതില്‍ സാമ്പ്രദായിക രീതിയിലുള്ള നായികാനായകന്മാരോ അവരെ കേന്ദ്രീകരിക്കുന്ന കഥാഗതിയോ പ്രധാനമാകുന്നില്ല. ഇതിന്റെ ദേശകാലയുഗ്മം (Chronotope) അതിദക്ഷിണ കേരളത്തിന്റെ അറുപതുകള്‍ മുതല്‍ ഏതാണ്ട് രണ്ടായിരത്തിപ്പത്തുവരെയുള്ള പ്രാദേശികചരിത്രമാണ്. ഒരു പ്രദേശത്തിന്റെയും അവിടത്തെ കീഴാളജീവിതത്തിന്റെയും സമൃദ്ധി അപ്പാടെ പകരാനാണ് എഴുത്തുകാരന്‍ യത്‌നിക്കുന്നത്. ത്രുടിയില്‍ ഒരു പ്രാദേശികപത്രപ്രവര്‍ത്തകന്റെ തൊഴിലുമായി ബന്ധപ്പെട്ട ഒരു ഫീച്ചര്‍ രചനയാണ് നോവലിന്റെ പശ്ചാത്തലമായിത്തീരുന്നത്. ഒരു സാമൂഹികശാസ്ത്രവിദ്യാര്‍ത്ഥിനിയുടെ ഗവേഷണാര്‍ത്ഥമുള്ള വിവരശേഖരണമാണ് ഈ നോവലിന്റെ അടിത്തറ.

നെടുമാന്നൂര്‍ പുത്തന്‍വീട്ടില്‍ കേശവപിള്ളയുടെ സ്മരണകളാണ് 'തട്ടാന്‍വിള'യെന്ന നോവലിന്റെ ആഖ്യാനകേന്ദ്രം. അദ്ദേഹത്തിന്റെ യൗവനകാലം മാത്രമാണ് സ്മരണകളുടെ മഹാപ്രവാഹമായി മാറുന്നത്. അനന്തരമുള്ള ആഗോളവത്കരണകാലം മകനായ വത്സലകുമാറിന്റെ ഓര്‍മ്മകളിലൂടെ പൂര്‍ണ്ണമാവുകയാണ്. വത്സലകുമാറിന്റെ മകള്‍ പവിത അവളുടെ ഉപരിപഠനത്തിന്റെ ഭാഗമായി നടത്തേണ്ട പ്രബന്ധരചനയ്ക്കു വേണ്ട കരുക്കള്‍ ഇവര്‍ ഇരുവരില്‍ നിന്നും തട്ടാന്‍വിളയിലെ വിവിധാംഗങ്ങളുടെ അഭിമുഖങ്ങളില്‍ നിുന്നം പൂര്‍ത്തിയാക്കുന്നു. ഇതിലൂടെ കേരളത്തിലെ സംസ്‌കാരചരിത്രകാരന്മാരും സാമൂഹികശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ദ്ധന്മാരും 'വിളക്കുവച്ചുവായിക്കേണ്ട' കേരളീയസമൂഹികപരിണാമം ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ വിവരിച്ചു പൂര്‍ത്തിയാക്കുകയാണ് നോവലിസ്റ്റ്. നെടുമാൂര്‍ പുത്തന്‍വീട്ടില്‍ കേശവപിള്ളയുടെ പൗത്രി പവിത എന്ന ഗവേഷണ വിദ്യാര്‍ത്ഥിനിയും അതേ നാട്ടുകാരനായ ഞാനമുത്തന്‍നാടാരുടെ മകന്‍ നേശമണിയെന്ന ഗ്ലെന്‍പ്രകാശവും വിദ്യാര്‍ത്ഥിനിയും അദ്ധ്യാപകനുമായി ഈ നോവലില്‍ കടുവരുന്നു. ഒരേ നാട്ടുകാരാണെന്നു തിരിച്ചറിയാതെ അവരുടെ സംവാദങ്ങളിലൂടെക്കൂടിയാണ് ഈ ആഖ്യാനം പൂര്‍ണ്ണമാകുന്നത്. നോവലിന്റെ ഒടുക്കം പവിതയുടെ ഗവേഷണത്തിലുടനീളം അധികാരിയായി പ്രതിനായക വേഷം കെട്ടിയാടിയ ആ കൈക്കൂലിപ്പാപി ഒരു ഗവേഷണബിരുദം നേടാനായി വിദ്യാര്‍ത്ഥിനിയുടെ ഗവേഷണമാകെ സ്വന്തമാക്കാനാഗ്രഹിക്കുകയാണ്. കേരളത്തിലെ പല സര്‍വ്വകലാശാലകളിലും നടന്നുകൊണ്ടിരിക്കുന്ന ഈ കൊടുംചതി എങ്ങനെ നോവലിസ്റ്റ് മനസ്സിലാക്കിയെന്നു ഞാന്‍ അത്ഭുതംകൂറുന്നു. നാട്ടുവേരുകളില്‍ നിന്നും അതിദ്രുതം അന്യവത്കരിക്കപ്പെട്ട നേശമണിയെന്ന ഗ്ലെന്‍പ്രകാശം ഇന്നത്തെ അദ്ധ്യാപകസമൂഹത്തിന് ആരാകരുത് ഞാന്‍ എന്നൊരു ചൂണ്ടുപലകയാണ്. അയാള്‍ ഉപരിവര്‍ഗ്ഗത്തോട് ബന്ധപ്പെ'് സാമ്പത്തികോന്നതി നേടിയെങ്കിലും അപകര്‍ഷതാബോധത്തിന്റെ കെണിയിലാണ്. തന്റെ പഠനവിഭാഗത്തിലെ സഹാദ്ധ്യാപിക ഗവേഷണബിരുദം നേടിയ ഗ്ലോറി ജോണിനു ചുറ്റിലും അതുകൊണ്ടൊരു പ്രഭാവലയമുള്ളതായി ഭ്രമിക്കുന്നയാളാണയാള്‍. ഗവേഷകനാകാന്‍ വിദ്യാര്‍ത്ഥിനിയുടെ ഗവേഷണഫലങ്ങള്‍ തട്ടിയെടുക്കാന്‍ ഒരു മടിയുമില്ലാത്ത തരത്തില്‍ അയാള്‍ ജീവിതത്തില്‍ അന്യവത്കരിക്കപ്പെട്ടിരിക്കുന്നു. അയാളുടെ ഗ്രാമസ്മൃതികളും ആഖ്യാനത്തിന്റെ ഭാഗമാണ്. 

നെടുമങ്ങാട്ടുള്ള കരുപ്പൂര് എന്ന ഗ്രാമമാണ് ആഖ്യാനത്തിന്റെ കേന്ദ്രം. അവിടെ സ്വര്‍ണ്ണപ്പണിക്കാരായ തട്ടാന്മാര്‍ പ്രധാനമായും അധിവസിക്കുന്ന പ്രദേശമാണ് തട്ടാന്‍വിള. തട്ടാന്‍വിളയിലെ പ്രധാന സമൂഹമായ തട്ടാന്മാരെ കേന്ദ്രമാക്കി വികസിക്കുന്ന ഈ നോവലില്‍ നായന്മാര്‍, മാരാന്മാര്‍, നാടാന്മാര്‍, നായിഡുമാര്‍, ഈഴവര്‍, കുറവര്‍ തുടങ്ങിയ ഇതര സമുദായാംഗങ്ങളും കടുവരുന്നു. നായന്മാരും മാരാന്മാരും ഇതിലെ ഉപരിവര്‍ഗ്ഗമാണ്. രാജകുടുംബങ്ങളില്‍ ദാസ്യവൃത്തിയനുഷ്ഠിച്ച ഒരാളാണ് ഇതിലെ നായന്മാരുടെ വംശപൂര്‍വ്വികന്‍ എന്നാണ് നോവലിലെ സൂചന. നോവലില്‍ നായന്മാര്‍ ചൂത്തരന്മാരെന്ന പ്രാദേശികപദത്തിലൂടെയാണ് സൂചിപ്പിക്കപ്പെടുന്നത്. വാസ്തവത്തില്‍ ശൂദ്രന്‍ എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണിത്. ഇവിടെ ചൂത്തരന്മാര്‍ തന്ത്രപരമായി തട്ടാന്മാരുടെ കൈവശഭൂമിയെ സ്വന്തമാക്കു കഥയാണ് പറയുന്നത്. തട്ടാന്മാരുടെ മദ്യപാനശീലം, അവരുടെ അനുഷ്ഠാനങ്ങള്‍ക്കും അവരനുഭവിക്കുന്ന പോലീസ് കേസുകള്‍ക്കും സഹായിക്കാന്‍ എന്നിങ്ങനെയുള്ള ചതികളിലൂടെയാണ് ചൂത്തരന്മാര്‍ കീഴാളരുടെ ഭൂമി തട്ടിയെടുക്കുത്. അതിന്റെ വിശദചിത്രങ്ങള്‍ പവിതയുടെ അനേ്വഷണത്തിലൂടെ വെളിവാകുന്നത് സുധിയുടെ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു.

'ഓര്‍മ്മകള്‍ അഴിച്ചെടുത്താല്‍ അതില്‍ ചിതറിക്കിടക്കുന്നത് മരണമാണ്'എന്നു തിരിച്ചറിയുന്ന പവിത മുത്തച്ഛന്റെ നോട്ടുപുസ്തകത്തിലെ ജീവിതരേഖകളില്‍ നിന്നുകൂടിയാണ് നെടുമാന്നൂരിന്റെയും കരിങ്ങവനത്തിന്റെയും കരുപ്പൂരിന്റെയും ചരിത്രം പൂര്‍ത്തിയാക്കുന്നത്. തട്ടാന്‍വിളയിലെ മീനാക്ഷി ആത്താളുടെ വീട്ടില്‍ നിന്നും പപ്പടം വാങ്ങിവരാന്‍ വത്സലകുമാറിനെ ഓടിക്കാന്‍  ശ്രമിക്കുന്ന മറവിരോഗിയായ കേശവപിള്ള പഴയ സുഹൃത്തായ ചെല്ലയ്യന്‍ ആശാനെ കുശലപ്രശ്‌നത്തിനു ക്ഷണിക്കുന്നു. ഇതിനൊക്കെ കാരണം ഓര്‍മ്മകള്‍ 'കടലുപോലെ' കൂടിവരുന്നതാണ്. ഐ.എസ്.ആര്‍.ഒ. കടന്നുവന്ന് കരിങ്ങവനം മുഴുവനും അവരുടെ അധിവാസം സ്ഥാപിച്ചിട്ടും അതറിയാതെ അതിക്രമിച്ചു കയറുന്നിടത്തോളം കേശവപിള്ള ഓര്‍മ്മകളുടെ തടവിലാണ്. ആധുനികപൂര്‍വ്വമായ ഒരു ഗ്രാമസംസ്‌കൃതിയാണ് ഇന്നും അയാളുടെ ഉള്ളില്‍. അതു പൂര്‍ണ്ണമായും കൃഷികേന്ദ്രിതവുമാണ്. പുഴുക്കോല് (ഉണക്കി കുത്തി അരിയാക്കാനായി പുഴുങ്ങിയ നെല്ല്) കാക്ക കൊണ്ടുപോകുമെന്നും വവ്വാലാടിയ അടയ്ക്ക പെറുക്കണമെന്നുമൊക്കെയുള്ള സ്മരണകള്‍ അയാളില്‍ കുത്തിയൊലിച്ചെത്തുു. ആ ഓര്‍മ്മകളെ മകന്‍ വത്സലകുമാര്‍ പൂരിപ്പിക്കുന്നു. കേശവപിള്ളയുടെ മനസ്സില്‍ അദ്ദേഹത്തിന്റെ യൗവനകാലം മാത്രമേ ഇന്നുള്ളു. അനന്തരപരിണാമങ്ങള്‍ അടുത്ത തലമുറകളിലൂടെ പൂരിപ്പിക്കപ്പെടുമ്പോള്‍ ഒരു നാടിന്റെ ചരിത്രപരിണാമമാണ് നോവലിലൂടെ അനാവൃതമാകുന്നത്. ആദ്യ നോവല്‍വിമര്‍ശകനായി പ്രത്യക്ഷപ്പെടു സി. പി. അച്യുതമേനോന്‍ നോവല്‍ വായനയുടെ സവിശേഷതയായവതരിപ്പിക്കുന്നത് രസിപ്പിച്ചു കൊണ്ട് അറിവുനേടാന്‍ കഴിയുന്ന അതിന്റെ  പ്രതേ്യകതയാണ്. മലയാള നോവലിന്റെ ആസന്നവികാസത്തിന്റെ സമകാലിക പശ്ചാത്തലത്തിലും ഈ വീക്ഷണം പ്രസക്തം തന്നെ. അതുകൊണ്ടാണ് മലയാള സാഹിത്യത്തില്‍ ഒരു നവയുഗം തന്നെ പ്രോദ്ഘാടനം ചെയ്ത കേസരി ബാലകൃഷ്ണപിള്ള മലയാളനോവലിന്റെ വികാസത്തിന് ഒരു ബൃഹദ്പദ്ധതി രൂപപ്പെടുത്തിയത്. വ്യത്യസ്തജീവിതരംഗങ്ങള്‍ നോവലില്‍ അവതരിപ്പിക്കപ്പെടണമെഭിലഷിച്ച അദ്ദേഹം സാഹിത്യത്തിലൂടെയുള്ള സാമൂഹികപരിവര്‍ത്തനം ആഴത്തിലുള്ളതും അബോധപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാണെന്നും വിഭാവന ചെയ്തിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രാദേശിക ജീവിതാഖ്യാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന പ്രാധാന്യം പ്രാദേശിക നോവലെന്ന വലിയൊരു വിഭാഗത്തിനു തന്നെ പുതുജീവന്‍ നല്‍കിയിരിക്കുന്നു. നമ്മുടെ ചരിത്രകാരന്മാരും സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞന്മാരും രേഖപ്പെടുത്താന്‍ മറന്നുപോയ പ്രാദേശിക ജീവിതത്തിന്റെ പരിണാമങ്ങള്‍ കൃത്യമായി അവതരിപ്പിക്കപ്പെടുന്നു മലയാള നോവലില്‍. സി.വി. രാമന്‍പിള്ളയിലും മേരി കോളിന്‍സിലും ആരംഭിച്ച ഈ പാരമ്പര്യം മുന്‍നിര എഴുത്തുകാരിലൂടെ അഭിവ്യക്തമായി, സുശക്തമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു എതിന്റെ ഏറ്റവും നല്ല തെളിവാണ് എം. മുകുന്ദന്റെ കുട 'നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍' എന്നീ നോവലുകള്‍. സേതുവിന്റെ 'ആലിയ' എന്‍.എസ്. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തീനിയ'കള്‍ പി.എഫ്. മാത്യൂസിന്റെ 'ചാവുനിലം' പി. എ. ഉത്തമന്റെ 'ചാവെലി' ഇരിഞ്ചയം രവിയുടെ നോവല്‍ത്രയമായ 'അച്ചിപ്പുടവ, ചിത്രഗുപ്തന്റെ കണക്കുപുസ്തകം, പുരാവൃത്തം' അശോകന്‍ ചരുവിലിന്റെ 'കങ്കാരു നൃത്തം' മനോഹരന്‍ ജി പേരകത്തിന്റെ 'കേറ്റത്തിന്റ ഇരുപത് ദശാബ്ദങ്ങള്‍, ചാത്തച്ചന്‍' ജസ്സിയുടെ 'വിലാപ്പുറങ്ങള്‍' ബെന്യാമിന്റെ 'അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍, മാന്തളിരിന്റെ ഇരുപത് കമ്മ്യൂണിസ്റ്റുവര്‍ഷങ്ങള്‍', പി. കണ്ണന്‍ കുട്ടിയുടെ 'ഒടിയന്‍' അംബികാസുതന്‍ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ', പ്രകാശന്‍ മടിക്കൈയുടെ 'കൊരുവാനത്തെ പൂതങ്ങള്‍', എം ടി രഘുനാഥിന്റ 'സ്വാഗതം മുക്ക്', ഈ വി. റജിയുടെ 'ദര്‍ശനാ ടാക്കീസ്'  രഘുനാഥിന്റെ 'മച്ചാട് ടാക്കീസ്', അമലിന്റെ 'കല്‍ഹണന്‍, വ്യസനസമുച്ചയം' എിങ്ങനെ എണ്ണമറ്റ നോവലുകളും ഈ കൂട്ടത്തില്‍പ്പെടുന്നു. ഈ വായനക്കാരന്റെ കണ്‍വെട്ടത്തെത്താത്ത ഇനിയുമെത്രയോ നല്ല നോവലുകള്‍ ഇക്കൂട്ടത്തില്‍ ഇനിയുമുണ്ടാകാം. പ്രാദേശിക നോവലുകളെന്നാല്‍ കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങള്‍തന്നെ അവതരിപ്പിക്കുവയാകണമെന്നില്ല. 

എന്തുകൊണ്ടാണ് മലയാളത്തിലെ പ്രാദേശിക നോവലുകള്‍ ഒരനസ്യൂതധാരയായി സമകാലത്ത് പ്രവഹിക്കുന്നത്? ഒരിക്കലും സാഹിത്യകൃതികള്‍ സൗന്ദര്യാത്മകമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമുണ്ടാകുന്നതല്ല. മനുഷ്യവംശം ജീവിച്ചിരുന്ന മുഹൂര്‍ത്തങ്ങളെയും ആ ജീവിതത്തിന്റെ അര്‍ത്ഥം ആരായുന്ന അനേ്വഷണങ്ങളെയും അഭിസംബോധന ചെയ്യുന്നതില്‍ എന്നും ദത്തശ്രദ്ധമായിരുന്നു സാഹിത്യം; വിശേഷിച്ച് ഭാവനാത്മകഗദ്യസാഹിത്യം (Fiction). തങ്ങളുടെ സാമൂഹികമായ വാഴ്‌വിന്റെ പൊരുളുകളറിയാനുള്ള ആദ്യകാല നോവലിസ്റ്റുകള്‍ മുതല്‍ ഇന്നുവരെയുള്ളവരുടെ ആഖ്യാനങ്ങളെ ഇമ്മട്ടില്‍ സവിശേഷമാക്കുന്നത് ഇതാണെന്നു തിരിച്ചറിയാനാവും. തിരുവിതാംകൂറിന്റെ പ്രാദേശിക സംസ്‌കൃതി ആംഗലേയാധിനിവേശത്തില്‍ നടത്തുന്ന സ്വത്വാനേ്വഷണങ്ങള്‍ സി.വി.യുടെ നോവലിലുണ്ടെന്നതുപോലെ കൊളോണിയല്‍വിധേയബുദ്ധിജീവിയുടെ സ്വത്വാനേഷണമാണ് ഇന്ദുലേഖയിലും അടയാളപ്പെടുത്തപ്പെടുന്നത്. 19-ാം നൂറ്റാണ്ടിലെ സരസ്വതീ വിജയം, സുകുമാരി എന്നിവയിലും സാമൂഹികതയില്‍ സ്വന്തം അര്‍ത്ഥമാരായാനുള്ള മലയാളം എഴുത്തുകാരുടെ ശ്രമമാണുള്ളത്. 

അനാദ്യന്തമായ കാലപ്രവാഹത്തിന്റെ നൈരന്തര്യം എന്നും ചിന്തിക്കുന്ന മനുഷ്യനില്‍ ആകുലത നിറച്ചിരുന്നു. 'കാലഃ ക്രിഡതി, ഗച്ഛത്യായുഃ' എന്ന മനുഷ്യായുസ്സിന്റെ പരിമിതിയെക്കുറിച്ചോര്‍ക്കാനും കാലമാണ് കളിക്കുന്നത് നാം കരുക്കള്‍ മാത്രമാണെന്നു തിരിച്ചറിയാനും ശ്രമിച്ച ഇന്ത്യാക്കാര്‍ അവരുടെ ക്ലാസ്സിക് കാലബോധത്തില്‍ കാലത്തിന്റെ ചാക്രികഗതിയില്‍ വിശ്വസിക്കുവരായിത്തീര്‍ന്നു. ശരീരം കാലഗതിക്ക് അടിപ്പെടുമെങ്കിലും സനാതനമാണ് ആത്മാവ് എന്ന സങ്കല്പം അവര്‍ വെച്ചു പുലര്‍ത്തുകയും ശരീരം/ആത്മാവ്, ജീവിതം/ മരണം, ജീവാത്മാവ്/പരമാത്മാവ് എന്നിങ്ങനെയുള്ള ദ്വന്ദസങ്കല്പം വെച്ചുപുലര്‍ത്തുകയും ഇതില്‍ രണ്ടാമത്തേതിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ബ്രഹ്മം ഏകമാണെന്നും അതിനെ ജ്ഞാനികള്‍ പലതരത്തില്‍ പറയുന്നു എന്നും (ഏകം സദ്വിപ്രാബഹുധാവദന്തി) മരണമാണ് പ്രകൃതിയെന്നും ജീവിതം വികൃതിയാണെന്നും (മരണം പ്രകൃതിഃ ശരീരിണാം/വികൃതിര്‍ജീവിത മൂച്യതേ ബുധൈഃ). ബ്രഹ്മമാണ് സത്യമെന്നും ലോകം മായയാണെന്നും (ബ്രഹ്മസത്യം ജഗന്മിഥ്യ) അവര്‍ കരുതിപ്പോന്നു. കാലത്തെ ചാക്രികമായി സങ്കല്പിക്കാനും ജനനമരണങ്ങളെ ഈ ചക്രത്തില്‍ ബന്ധിപ്പിക്കാനും തദനുസൃതമായി പുനര്‍ജ്ജന്മം, കര്‍മ്മബന്ധങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ രൂപപ്പെടുത്താനും അവര്‍ തുനിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ജ്ഞാന, ഭക്തി, കര്‍മ്മയോഗാദികളെ മോക്ഷസാധനയ്ക്കുള്ള ഉപാധികളായും അവതരിപ്പിക്കുകയും ചെയ്തു. ഈ ആശയവാദപദ്ധതി ഇന്ത്യയുടെ ഭൗതികവളര്‍ച്ചയ്ക്ക് എന്നും വിഘാതമായിത്തീര്‍ന്നു. അതോടൊപ്പം ജാതിസമ്പ്രദായത്തിലൂടെ ഇതു ശാശ്വതീകരിച്ച് ജനതയെ കര്‍മ്മസിദ്ധാന്തത്തിന്റെ അടിമകളാക്കി. എന്നാല്‍ ഇന്ത്യയുടെ പ്രാദേശികസംസ്‌കൃതികളില്‍ തിടംവച്ചുണര്‍ന്ന ഇതര പ്രപഞ്ചബോധങ്ങളെ മുഴുവന്‍ സ്വാംശീകരിച്ചു നശിപ്പിക്കാന്‍ അവര്‍ക്കായില്ല. ഉദാഹരണം ദ്രാവിഡീയതയുടെ വ്യത്യസ്ത പ്രാദേശിക പ്രത്യക്ഷങ്ങള്‍ തന്നെ. ബ്രാഹ്മണ്യം പൗരോഹിത്യത്തിലൂടെ അന്യവത്കരിച്ചു നിര്‍ത്തിയിരുന്ന ദേവതമാരുടെ ലോകം സാധാരണ ജനജീവിതത്തിന് പ്രാപ്യമായിരുന്നില്ല. വേദാധികാരം ഉയര്‍ത്തിപ്പിടിച്ചിരുന്ന ദേവതാസങ്കല്പങ്ങളില്‍ നിന്ന് വ്യതിരിക്തമായ ഒരു ദൈവശാസ്ത്രം പിന്നീട് കീഴാളരായി മാറിയ ദ്രാവിഡര്‍ക്കുണ്ടായിരുന്നു. കാര്‍ഷിക സംസ്‌കാരത്തിന്റെ അധിനായകരായ അവര്‍ തനതുദേവതാ സങ്കല്പത്തെ തൃപ്തിപ്പെടുത്തി നിലനിന്നുപോന്നു. ഈ നോവലിലെ കാര്‍ഷികസംസ്‌കാരത്തിന്റെ പ്രതിനിധിയായ മാടന്‍ ഒരുദാഹരണം മാത്രം. എരുത്തിലുകളിലെ മാടന്‍തടി ആഗോളവത്കരണ കാലത്ത് വലിച്ചെറിയപ്പെടുമെന്ന്  സുധി എഴുതുന്നു. ഇതുപോലെ ഉര്‍വ്വരതാനുഷഠാന (Fertility rite) മായ ഉച്ചാരലും വരിച്ചിലും (ഇന്നാളിലാണ് വ്യാപകമായി പുലപ്പേടിയും മണ്ണാപ്പേടിയും കേരളത്തിലാചരിച്ചിരുന്നതെന്ന് 'എരി' എന്ന പ്രാദേശിക നോവലില്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതുന്നതും ഇവിടെയോര്‍ക്കാം) കാര്‍ഷികജീവിത പ്രത്യക്ഷമായി ഈ നോവലിലുണ്ട്. വിവിധ മലദൈവങ്ങളും വനദേവതമാരും ജലദേവതമാരും മറ്റു കാര്‍ഷികദൈവങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രാദേശിക ജനജീവിതം ഖനനം ചെയ്താല്‍ കണ്ടെടുക്കാം. ആര്യവത്കരണത്തിന്റെ അധിനിവേശം അങ്ങോട്ടു കടന്നുവെങ്കിലും ആ ദേവതമാരുടെ ജനസ്വാധീനം കുറഞ്ഞില്ല.

തങ്ങളുടെ പ്രദേശത്തെ സാധാരണക്കാരുടെ അസാധാരണതകളെക്കുറിച്ചുള്ള ഫീച്ചറെഴുതുന്ന സുരന്‍ എന്ന പത്രപ്രവര്‍ത്തകന്‍ കര്‍മ്മചന്ദ്രന്‍ പിള്ളയെന്ന വാച്ചു റിപ്പയററെ കുറിച്ചെഴുതിയതു വായിച്ച പ്രോഫ. ശശാങ്കന്‍ 'ത്രൂടി' എന്ന നോവലിലെ ഒരപ്രധാന കഥാപാത്രമാണെങ്കില്‍ക്കൂടി എഴുത്തുകാരന്റെ പ്രധാനപ്പെട്ട ഒരു പരിഗണനാവിഷയത്തെ നിര്‍ണ്ണയിക്കുന്നു. 'ഇത്തരം സൃഷ്ടികളെ നമ്മുടെ പ്രാദേശിക ഭാഷാഭേദ സംഭരണികളാക്കണം എന്നതാണത്. നാട്ടുഭാഷാശേഖരണത്തിന് നിങ്ങളൊന്നും തീരെ ശ്രദ്ധിക്കുന്നില്ല. എത്രയെത്ര വാക്കുകളാണ് മറയുന്നത്. കാര്‍ഷിക ജീവിതരീതി പോയതോടെ അതുമായി ബന്ധമുള്ള സംജ്ഞകളെല്ലാം പ്രയോഗത്തില്‍ നിന്നും അലിഞ്ഞുപോയിരിക്കുന്നു. നമ്മുടെ ഭാഷാശേഖരണത്തിന് ഇനിയും അമാന്തം പാടില്ല'. ത്രുടി എന്ന നോവലില്‍ പ്രാദേശികഭാഷയുടെ മനോഹരമായ അവതരണം കാണപ്പെടുന്നത് മനുഷ്യപരിണാമത്തിന്റെ ചരിത്രത്തിലുള്ള അഗാധമായ ബോധ്യം കൊണ്ടുകൂടിയാണ്. വാച്ചുകളും അവയ്ക്കു പിന്നിലുള്ള അനുഭവലോകവും- അന്നത്തെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍, അപാനശയനരീതികള്‍, ഗ്രാമീണമായ ഉത്പാദന-പ്രത്യുല്പാദന ബന്ധങ്ങള്‍ ഇവയെല്ലാം സുവിശദമായി ആ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും കാലത്തെ ദാര്‍ശനികമായി കാണുകയും കര്‍മ്മചന്ദ്രന്‍ പിള്ളയെ മനുഷ്യന്റെ ജീവിതപരിണാമങ്ങളെ അയാളുടെ മനോഭാവങ്ങളുടെ വെളിച്ചത്തില്‍- അയാള്‍ അയാളെക്കുറിച്ചു പറയുന്നത്, അയാളെക്കുറിച്ച് മറ്റുള്ളവര്‍ കരുതുത് എന്നിവയുടെ സംശ്ലേഷണബലം ഉപയോഗപ്പെടുത്തുകയുമാണ് എഴുത്തുകാരന്‍. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രപരിണാമത്തിലെ സവിശേഷഘട്ടങ്ങള്‍ കൃത്യമായുപയോഗപ്പെടുത്തുക വഴി സാമ്പ്രദായികചരിത്രം രേഖപ്പെടുത്താന്‍ വിസമ്മതിച്ച ഇടങ്ങള്‍ കൂടി പ്രകാശമാനമാക്കുകയായിരുന്നു അവിടെ നോവലിസ്റ്റ്. കര്‍മ്മചന്ദ്രന്‍ പിള്ള, അയാളുടെ ഭാര്യ രുഗ്മിണി, മക്കളായ സുബീഷ്, സുബിന എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളായി വരുന്ന നോവലാണത്. നെടുമങ്ങാട് എന്ന പ്രദേശത്തിലെ തട്ടാന്മാരുള്‍പ്പെടെയുള്ളവരുടെ ജീവിതവും അതിന്റെ പരിണതികളും അവിടെയും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തട്ടാന്‍വിളയെന്ന നോവലില്‍ വരുമ്പോള്‍ നായക കേന്ദ്രിതതത്വം എന്ന സവിശേഷത നോവലിസ്റ്റ് ഉപേക്ഷിക്കുന്നു. ഒരു പ്രദേശത്ത് പല തൊഴിലെടുത്തു ജീവിക്കുന്നവരുടെ പരസ്പരാശ്രിത ജീവിതം വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ-സമന്വയങ്ങളിലൂടെ സ്വാഭാവികമായി മുന്നോട്ടു നയിക്കുന്നതിലാണ് നോവലിസ്റ്റിന്റെ സമസ്തശ്രദ്ധയും സമര്‍പ്പിതമായിരിക്കുന്നത്. സ്വന്തം ഗവേഷണപ്രബത്തിനു വേണ്ടിയുള്ള പവിതയുടെ പ്രവര്‍ത്തനത്തിലൂടെ കരുപ്പൂരിന്റെ പ്രാദേശികചരിത്രം തന്നെയാണ് സുധിയുടെ 'തട്ടാന്‍വിള'യില്‍ രേഖപ്പെടുത്തുന്നത്.

മലയാളനോവലിലുടനീളം കാണാവുന്ന നായക-നായികാ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത് 'തട്ടാന്‍വിള' എന്ന നോവലിനെ വ്യത്യസ്തമാക്കുന്നു. സാമ്പ്രദായികരീതിയിലുള്ള നായികാനായകന്മാര്‍ ഈ നോവലിലില്ല. തട്ടാന്‍വിളയില്‍ ജനിച്ചു ജീവിക്കുന്നവരുടെയും മരണം തട്ടിയെടുത്തവരുടെയും സാധാരണ മനുഷ്യജീവിതം അനാര്‍ഭാടമായി വിസ്തരിക്കപ്പെടുകയാണിവിടെ. അന്നുമുതലിന്നു വരെയുള്ള മലയാള നോവല്‍ ത്രികോണ സ്ത്രീപുരുഷ ബന്ധത്തിലധിഷ്ഠിതമാണെ് എന്‍.പി.മുഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ സങ്കല്പത്തിന്റെ ധീരതിരസ്‌കാരം 'തട്ടാന്‍വിള'യെ വ്യത്യസ്തമാക്കുന്നു. കൊളോണിയല്‍ അധിനിവേശാനന്തരവും സ്വാഭാവികമായി നിലനിന്ന കാര്‍ഷികഗ്രാമീണസംസ്‌കാരം ആഗോളവത്കരണത്തിന്റെ വരവോടെ പൂര്‍ണ്ണമായി നശിക്കുന്നത് ത്രുടിയിലും തട്ടാന്‍വിളയിലും കാണാം. കേന്ദ്ര ഗവര്‍ണ്മെന്റു നയങ്ങളും ഗള്‍ഫിലെ എണ്ണ കണ്ടെത്തലും തദനന്തരമുള്ള ആഗോളവത്കരണ നയങ്ങളും കേരളീയ സമൂഹത്തിലുണ്ടാക്കുന്ന തിക്കുമുട്ടലുകള്‍ അഗാധമായ ചരിത്രജ്ഞാനത്തോടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. അദ്ധ്വാനശീലരായ നാടാന്മാരുടെയും അപ്പാവികളായ തട്ടാന്മാരുടെയും നായിഡുമാരുടെയും ഭൂസ്വത്തുക്കള്‍ കൗശലക്കാരായ നായന്മാരുടെയും കയ്യിലേയ്ക്ക് ഒഴുകിപ്പോകുന്നതും മറ്റു സമുദായാംഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ സേവനമേഖലകളിലെത്തിപ്പെടുമ്പോള്‍ ആ സമുദായങ്ങള്‍ അതിനെ ചെറുത്തുനിന്ന് സ്വാഭാവികമായ വിനാശത്തിലെത്തിച്ചേരുന്നതും മനുഷ്യസ്‌നേഹാര്‍ദ്രതയോടെ പി.കെ.സുധി ചിത്രീകരിക്കുന്നു. 

തട്ടാന്‍വിള എന്ന നോവലില്‍ പ്രത്യക്ഷപ്പെടുന്ന കീഴാളദൈവസങ്കല്പം ശ്രദ്ധേയമാണ്. ഇന്നു ഹിന്ദുക്കകളെന്നു വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണേതര ജാതിവിഭാഗങ്ങളെല്ലാം പിന്തുടര്‍ന്നു പോന്നത് പ്രാദേശികവും കീഴാള സ്വഭാവമുള്ളതും ദ്രാവിഡീയവുമായ ഒരാരാധനാരീതിയാണെന്നും നശീകരണത്തിലൂടെയും സ്വാംശീകരണത്തിലൂടെയുമാണ് അതിന്നു കാണുന്ന രീതിയില്‍ ഹൈന്ദവമായി മാറിയതെന്നും നോവലിസ്റ്റ് സൂക്ഷ്മമായ ചരിത്രബോധത്തോടെ പ്രഖ്യാപിക്കുന്നു. നായര്‍, നാടാര്‍, തട്ടാന്മാര്‍ തുടങ്ങിയവരെല്ലാം പിന്തുടര്‍ന്നിരുന്നത് ഈ ആരാധന രീതികളാണ്. ബ്രാഹ്മണരൊഴികെയുള്ള കേരളീയജാതിവിഭാഗങ്ങള്‍ക്ക് തനതായ ഒരാരാധനാ രീതിയുണ്ടായിരുന്നു. പുരോഹിതന്മാര്‍ക്ക് ഏറെയൊന്നും സ്ഥാനമനുവദിക്കാത്ത, പ്രാദേശികദേവതകളുമായി നേരിട്ടു സംവദിക്കുന്ന, ഒന്നായിരുതായിരുന്നു ആ ആരാധനാരീതി. പന, പാല മുതലായ വൃക്ഷച്ചുവടുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട കല്ലുകള്‍ക്കു മുന്നില്‍ കത്തിക്കുന്ന തിരികളാണ് ആ ആരാധനയുടെ ലളിതരൂപം. മണ്‍മറഞ്ഞ കാരവണവന്മാരെ (ചാവുകള്‍) വിളിച്ചുവരുത്തി കുരുതിയും പടുക്കയും കൊടുത്ത് തൃപ്തരാക്കുതാണതിന്റെ അടിസ്ഥാനസങ്കല്പം. അതനുസരിച്ച് സാമ്പ്രദായിക ഹിന്ദുമതത്തിലെപോലെ മരിച്ചവനു ശ്രാദ്ധ-ബലിതര്‍പ്പണങ്ങളിലൂടെ മോക്ഷം നല്‍കി പരലോകത്തിലേയ്ക്കയയ്ക്കുന്നില്ല. പിന്‍തലമുറകളുടെ ധനധാന്യസമൃദ്ധികള്‍ക്കായി അവരെപ്പോഴും കൂടെയുണ്ടെന്നാണ് കേരളത്തിലങ്ങോളമിങ്ങോളം കീഴാളജനവിഭാഗങ്ങള്‍ ഇന്നും കരുതിപ്പോരുന്നത്. കാളിയൂട്ട'്, പടയണി, തെയ്യം-തിറ എന്നിവയിലെല്ലാം പരദേവതമാരും കാരണവന്മാരും മനുഷ്യര്‍ക്കിടയിലേയ്ക്ക് കടന്നുവന്ന് ആരാധനയേറ്റു വാങ്ങി സംതൃപ്തരാകുന്നതു കാണാം. തട്ടാന്‍വിള എന്ന നോവലിലും ഇതിന്റെ സൂക്ഷ്മചിത്രണങ്ങള്‍ കാണാം. ഭാര്യയും മക്കളും ക്രിസ്തുമത വിശ്വാസികളായിട്ടും വടക്കേപ്പുറത്തെ ഒറ്റപ്പനയുടെ ചുവട്ടില്‍ തന്റെ ദൈവവുമായി കഴിഞ്ഞുകൂടുന്ന ഞാനമുത്തന്‍ നാടാര്‍ ഇതിന്റെ പ്രത്യക്ഷോദാഹരണമാണ്. മകന്‍ നേശമണി വിദ്യാഭ്യാസാനന്തരം ഉപരിവര്‍ഗ്ഗത്തിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടാനായി ഗ്ലെന്‍പ്രകാശമെന്ന പേരില്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോഴും ധനികയെ വിവാഹം കഴിച്ചപ്പോഴും പിതാവ് ഞാനമുത്തന്‍ നാടാര്‍ തന്റെ ദേവതകളെ കയ്യൊഴിഞ്ഞില്ല. മാടന്‍, മറുത, മന്ത്രമൂര്‍ത്തി, മരിച്ചുപോയ കാരണവന്മാര്‍ (ചാവുകള്‍) എന്നീ പ്രാദേശിക ദേവതകളാണ് കീഴാള ജനതയ്ക്കുള്ളത്. കന്നുകാലികളുടെ ദേവതയായ മാടന്‍, ദുര്‍മരണമടഞ്ഞവരുടെ രൂപാന്തരമായ അറവല (അറുകൊല)കള്‍, യക്ഷികള്‍ എന്നിവയെല്ലാം ഒരു കാര്‍ഷിക സംസ്‌കൃതിയുടെ തകര്‍ച്ചയ്ക്ക് ശേഷം ഇല്ലാതാകുതും സുധി ചിത്രീകരിക്കുന്നു. 'വടക്കേ വെളയില്‍ ചെന്നുപെടാതിരിക്കാന്‍ ഗ്ലെന്‍ പരമാവധി ശ്രമിച്ചിരുന്നു. മൂര്‍ത്തിപ്പനയും അതിന്റെ മൂട്ടിലെ പ്രതിഷ്ഠകളും കാഴ്ചയില്‍ പതിയരുത്. എത്രനാള്‍ ഈ ദൈവങ്ങള്‍ക്ക് വിളക്കു കൊളുത്തിയതാണ്. അവയില്‍ കണ്ണുചെന്നാല്‍ കര്‍ത്താവിനെ മറന്ന് അറിയാതെ തലകുമ്പിട്ടു പൊകും'(പു.9). പടവള്ളിക്കോണം മൂപ്പിലിന്റെ ചാവടിയില്‍ ചൂത്തരപ്രമാണിമാരും, ആശാരി, വെളുത്തേടന്‍, വിളക്കിത്തല നായര്‍, വില്ലായാന്മാര്‍ എന്നീ ഇതര സമുദായങ്ങളും നിരന്നത് പൂജയും പടുക്കയുമില്ലാതെ കിടന്ന മുടിപ്പുരയില്‍ ഉത്സവം നടത്താനാണ്. തൊട്ടടുത്ത ആനാട്, വെള്ളനാട് പ്രദേശങ്ങളിലെ സമൃദ്ധി അവരുടെ മുടിപ്പുരകളിലെ ഉത്സവത്തിന്റെ അനന്തരഫലമാണെ് നാട്ടുകാര്‍ വിശ്വസിച്ചു. കുത്തിയോട്ടവും തോറ്റംപാട്ടും നടത്താനവര്‍ തീരുമാനമെടുക്കുന്നു. കണ്ണകിയുടെ കോപത്തിനിരയായതിനാല്‍ തട്ടാന്മാര്‍  പൊതുവെ വിട്ടുനിെങ്കിലും തട്ടാന്‍വിളക്കാരനായ രത്‌നം മേസ്സിരി ചൂരല്‍കുത്താനുള്ള ദൗത്യമേറ്റേടുക്കുന്നു. പട്ടാളക്കാരനാണെങ്കിലും ഇതേവരെ ചോരചൊരിയാന്‍ തനിക്കിടവരാത്തത് ദേവിയുടെ അനുഗ്രഹം മൂലമാണെയാള്‍ കരുതി. പാകിസ്ഥാനുമേല്‍ വിജയം നേടി ഇന്ത്യന്‍പട്ടാളക്കാരെല്ലാം ഉന്മത്തരായി കീഴടക്കപ്പെട്ട പ്രദേശത്ത് കൊള്ളയ്ക്കും ബലാത്സംഗത്തിനുമിറങ്ങിയപ്പോള്‍ അതിലുള്‍പ്പെടാതെ മാറി നില്‍ക്കാനും അയാള്‍ക്കായത് തന്റെ അമ്മദൈവവിശ്വാസം കൊണ്ടുതന്നെ. ഇന്ത്യന്‍ പട്ടാളക്കാരുടെ ക്രൂരതകളിലൂടെ നമ്മുടെ ദേശീയതയുടെ ഇരുണ്ട ഇടങ്ങളാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. രത്‌നത്തിന്റെ വേറിട്ടു നില്‍ക്കലിലൂടെ ആസൂരദേശീയതയ്‌ക്കെതിരെ നിലകൊള്ളുന്ന ആത്മീയമായ പ്രാദേശികതയെയല്ലേ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? ഇത് ഉദാരമായ മനുഷ്യമഹത്വബോധം കൊണ്ടു തന്നെ. എവിടെയും അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്‍ ഒന്നാണെന്ന ഡലേസിന്റെയും ഗത്താരിയുടെയും ജനസഞ്ചയ(Mutlitude)ത്തിന്റെ രാഷ്ടീയം തന്നെയാണിത് അന്തിമവിശകലനത്തില്‍.

തട്ടാന്‍വിള എന്ന നോവലിലെ വിവിധ ജാതി സമുദായങ്ങളെല്ലാം അവരുടേതായ കീഴാള ആരാധനാ സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോന്നു. 'ഈഴവര്‍ക്ക് തൊണ്ടിക്കരയില്‍ തെക്കത് ഉണ്ടായിരുന്നു. തട്ടാന്മാര് പൊങ്കാലയിടാനും തുള്ളിയുറയാനും കുഞ്ചാറു മേസ്സിരിയുടെ തെക്കതിലെത്തി. നടുവത്തേലായുടെ കരയില്‍ നായിഡുമാര്‍ക്കായി കുഞ്ചുമണിയന്‍ സാറ് ആല്‍ത്തറയുണ്ടാക്കി. മാരാന്മാരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു മുഖവൂരിലെ ശ്രീകൃഷ്ണന്‍. ആശാരിമാരുടെ കുടുംബക്ഷേത്രമായിരുന്ന കുറുങ്കുളത്ത് ദേവിയാണ് പ്രതിഷ്ഠ. നായര്‍ വീടുകളായ പൂവന്‍വീട്, പൂണത്തല, ഗോപുരത്തിന്‍കാല, കാളികണ്ടം, മേടയില്‍ കുടുംബം എന്നിവര്‍ക്ക് അവരുടെ തെക്കതുകളോ വച്ചാരാധനയോ ഉണ്ടായിരുന്നു. എന്നിട്ടും മുടിപ്പുരയിലെ ഉത്സവം ഒത്തൊരുമിച്ച് നാട്ടുകാര്‍ കൊണ്ടാടി' (പു. 45). ഇതില്‍ മാരാന്മാരുടെ മുഖവൂരില്‍ ശ്രീകൃഷ്ണന്‍ മാത്രമാണ് സവര്‍ണ്ണദേവതയെതു ശ്രദ്ധേയമാണ്.

പലനാടുകളില്‍ നിന്നും കുടിയേറിയവരാണ് തങ്ങളുള്‍പ്പെടെ കരുപ്പൂരിലുള്ളവരെല്ലാം എന്നു കേശവ പിള്ള പറയുന്നു. കൊട്ടാരത്തില്‍ ജോലിക്കാരനായിരുന്ന പ്രപിതാമഹന്റെ വെള്ളനാട്ടുള്ള കുടുംബമാണ് കരുപ്പൂരില്‍ കാര്‍ഷികവൃത്തിയുമായി ചേക്കേറുന്നത്. ചെറുചെടികള്‍ പോലും വന്‍മരങ്ങളായി വളരുന്ന ആ കാട്ടുപ്രദേശത്ത് തോട്ടിനു അഭിമുഖമായിരുന്ന വയല്‍ക്കരകളിലാണ് കര്‍ഷകാരായിരുന്ന നായര്‍പ്രമാണിമാര്‍ വാസമുറപ്പിച്ചത്. 'ഇവിടെ പട്ട'ന്മാരില്ലാത്തിനാല്‍ ചൂത്തരന്മാരും മാരാന്മാരുമായിരുന്നു നാട്ടിലെ പ്രമാണിമാര്‍. ഭൂമിയുടെ മുഖ്യപങ്കും അവരുടെ കൈകളിലായിരുന്നു. തട്ടാന്‍വിളയുടെ തെക്ക് നായക്കന്മാരും വടക്കേ കോണില്‍ തട്ടാന്മാരും താമസിച്ചു. ഈഴവക്കുടികള്‍ ഉഴപ്പാക്കോണത്തും തൊണ്ടിക്കരയിലുമായിരുന്നു. നാടാന്മാര്‍ ഇടമലയിലും തറട്ടയിലും.' കരുപ്പൂരിന്റെ ഭൂരിഭാഗവും കൈവശമുണ്ടായിരുന്ന നെടുമങ്ങാട്ടുകാരന്‍ വരദയ്യന്‍ സ്വാമി അനന്തരാവകാശികളില്ലാതെ മരിച്ചപ്പോള്‍ സ്വത്തെല്ലാം മേല്‍നോട്ടക്കാരുടെ കയ്യിലായി. കെടുകാര്യസ്ഥത കാരണം അവയെല്ലാം നിസ്സാര വിലയ്ക്ക് നായന്മാര്‍ സ്വന്തമാക്കി. അദ്ധ്വാനശീലരായിരുന്ന നായക്ക(നായിഡു)ന്മാര്‍ കായികാദ്ധ്വാനികളും കര്‍ഷകത്തൊഴിലാളികളുമായി ജീവിതം തുടര്‍ന്നു. ഉമയമ്മറാണിയുടെ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരപ്പെട്ടു എന്നു കരുതുന്ന തട്ടാന്മാര്‍ക്ക് ഭൂസ്വത്തുണ്ടായിരുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ അതെല്ലാം ചൂത്തരന്മാര്‍ എറിയപ്പെടുന്ന നായര്‍ സമുദായാഗംഗങ്ങള്‍ തട്ടിയെടുക്കുന്ന കഥകളാണ് തട്ടാന്‍വിളയെ നോവലിന്റെ പ്രധാനഭാഗം. ശങ്ങതിമേസ്സിരിയുടെ വയറുവേദനയ്ക്ക് കാരാള്ളിക്കോണം പാക്കരപിള്ള വാങ്ങിനല്‍കിയ വാറ്റുചാരായം അയാളുടെ കൃഷിഭൂമി നഷ്ടപ്പെടുത്തുന്നതും കൊച്ചുകിട്ടന്‍ മേസ്സിരിയുടെ ആത്മഹത്യ വരുത്തുന്ന പോലീസ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച കൃഷ്ണപിള്ള അവരുടെ കൃഷിഭൂമി സ്വന്തമാക്കുന്നതും തെക്കതിലെ അശുദ്ധി മാറാന്‍ കാണിച്ചാറ്റു നടത്തിയ കുഞ്ചാറു മേസ്സിരിയുടെ ഭൂമി അരീക്കുഴി ശേഖരപിള്ളയുടെ കയ്യിലെത്തിച്ചേരുന്നതും വിശദാംശങ്ങളോടെ അവതരിപ്പിക്കപ്പെടുന്നു. പട്ടിണി സഹിക്കാന്‍ കഴിയാതെ പരമ്പരാഗത സ്വര്‍ണ്ണപ്പണിയില്‍ നിന്ന് തേങ്ങയിടല്‍ക്കാരായും കല്ലുപണിക്കാരായും മാറിയവരാണ് കൊമരന്‍ മേസ്സിരിയും സുന്ദരനും. രത്‌നം മേസ്സിരി പട്ടാളക്കാരനായി. ധനേശന്‍ സൈക്കിള്‍ നന്നാക്കി കുടുംബത്തിന്റെ പട്ടിണി മാറ്റി. വിദ്യാഭ്യാസത്തിന് പൊതുവെ പുറംതിരിഞ്ഞു നിന്നു ആ സമുദായം. അതിന്റെ വ്യഥകള്‍ രത്‌നം മേസ്സിരി പങ്കുവയ്ക്കുന്നുണ്ട്. കണ്ടറാക്കെ വിളിപ്പേരിലറിയപ്പെട്ട കരുപ്പൂരിലെ  ഈഴവര്‍ കുലത്തൊഴിലല്ല മരംമുറിക്കുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണപ്പണി, മരംമുറി, കല്ലുപണി തുടങ്ങിയ പ്രാദേശിക ജീവസന്ധാരണമാര്‍ഗ്ഗങ്ങളുടെ വിശദമായ രേഖപ്പെടുത്തല്‍ (Documentation) ഈ നോവലിന്റെ പ്രതേ്യകതയാണ്. സമകാലിക പ്രാദേശികനോവലുകളിലെല്ലാം ഈ സവിശേഷത കാണാം. കൊമരന്റെ തെങ്ങുകയറ്റത്തിന്റെയും വെട്ടുകത്തി നിര്‍മ്മാണത്തിന്റെയും ധനേശന്റെ സൈക്കിള്‍ നന്നാക്കലിന്റെയും രത്‌നത്തിന്റെ പട്ടാളജീവിതത്തിന്റെയും വിശദാംശങ്ങളും ഞാനമുത്തന്‍ നാടാരുടെ കൃഷിപ്പണികളും പുറമെ കാലിചികിത്സ, ലേവിയാശാന്റെ മര്‍മ്മ ചികിത്സ, കിണറുണ്ടാക്കലും വൃത്തിയാക്കലും തുടങ്ങി കേരളചരിത്രം മറന്നുപോയ കേരളീയന്റെ തൊഴില്‍ സംസ്‌കാരത്തിന്റെ പ്രകാശമാനമായ ഇടങ്ങള്‍ ഈ നോവലിലവതരിപ്പിക്കപ്പെടുന്നത് ആഗോളവത്ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെടുത്തിയതെന്തൊക്കെ എന്ന് വ്യക്തമായി ഉദാഹരിച്ചു തരുന്നു. ഈ ഭൗതിക ജീവിതത്തില്‍ ഉയര്‍ന്നു വരുന്ന സാംസ്‌കാരിക ജീവിതവും നോവലില്‍ അവതരിപ്പിക്കുന്നു. തിരികൊളുത്തിയുള്ള നിത്യാരാധനകളും അതിനപ്പുറം ദൈവത്തറകളിലെ കൊടുതിയും ഉത്സവങ്ങളും കാണിക്കാരുടെ ചാവുകളെ വിളിച്ചുവരുത്തിയുള്ള ചാറ്റും വിവാഹ-മരണാനന്തര കര്‍മ്മങ്ങളുമൊക്കെ വിശദമായി രേഖപ്പെടുത്തുക വഴി ഈ നോവല്‍ ഒരു സൗന്ദര്യാത്മകവ്യവഹാരമെന്ന നിലവിട്ട് ഒരു സാമൂഹികരേഖയാകുന്നു..

നായികാ-നായക കേന്ദ്രീകരണത്തെ ആദ്യം തന്നെ ഉപേക്ഷിച്ച്, അപ്രധാന കഥാപാത്രങ്ങളുടെ ജീവിതം സമഗ്രമയവതരിപ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിതസംഗരത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തി മുേന്നറുന്ന 'തട്ടാന്‍വിള' എന്ന നോവല്‍ മലയാള നോവല്‍സാഹിത്യത്തെയും അതിന്റെ വായനയും വിമര്‍ശനവും മുന്നോട്ടു വെച്ച വ്യക്തികേന്ദ്രിതമായ പാരായണ രീതികളെയും വീണ്ടുവിചാരം നടത്താനാവശ്യപ്പെടുന്നു. അദ്ധ്വാനിക്കുവരുടെ കൈയില്‍ നിന്ന് ഉത്പാദനോപകരണങ്ങള്‍ തട്ടിയെടുത്ത അതേ മധ്യവര്‍ഗ്ഗസമൂഹം തെന്നയാണ് സാഹിത്യപഠനത്തിലും ചില മുന്‍ഗണനാ ക്രമങ്ങള്‍ സൃഷ്ടിച്ചത്. സ്വാതന്ത്യാനന്തര ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തങ്ങളുടെ നാട് എങ്ങനെ ഇന്ത്യന്‍ ദേശീയതയില്‍ അന്വയിക്കപ്പെടുന്നു എന്ന പ്രശ്‌നം നോവലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മേഖലാ നോവല്‍, പ്രാദേശിക നോവല്‍ എിങ്ങനെ ഇതര ഭാഷകളിലെല്ലാം അതംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലയാള നോവലിന്റെ ലക്ഷണയുക്തത പാശ്ചാത്യ പാരമ്പര്യം പിന്‍തുടരുതാണെന്നു ധരിച്ച അടിമബുദ്ധിജീവിതത്തിന്റെ ഒരു പാരമ്പര്യമാണ് മലയാള നോവല്‍ വിമര്‍ശനത്തെ ഭരിക്കുന്നത്. സംസ്‌കാരത്തിന്റെ കുലീനതയും വ്യക്തി മഹത്വത്തിന്റെ പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ മധ്യവര്‍ഗ്ഗഭാവുകത്വം വലിച്ചിഴച്ചുകൊണ്ടുവന്ന ആര്യമതകേന്ദ്രിതമായ ആത്മീയതയും അരാഷ്ട്രീയതയും അചരിത്രപരതയും കേരളീയ ജനജീവിതത്തിന്റെ വ്യത്യസ്തതകള്‍ അടയാളപ്പെടുത്തുന്ന ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സ്മാരകശിലകള്‍ എന്നീ മികച്ച പ്രാദേശികനോവലുകളെ ഏതുതരത്തിലാണ് വായിച്ചൊതുക്കിയതെന്ന് ഇന്നു നമുക്കറിയാം. സംസ്‌കാരത്തിന്റെ ഭൗതികോന്മുഖതയും അതിനു ജനജീവിതവുമായുള്ള അഭേദ്യ ബന്ധവും കാഴ്ചപ്പുറത്തു കൊണ്ടുവരുന്ന പി.കെ.സുധിയുടെ 'തട്ടാന്‍വിള' നമ്മുടെ മധ്യവര്‍ഗ്ഗ ഭാവുകത്വത്തെ വിചാരണ ചെയ്യുന്നു. തികച്ചും തനതായ ആഖ്യാനവും സംഭാഷണരചനയും വികേന്ദ്രീകൃതമായ ഒരു ശില്പഘടനയും കൊണ്ട് അസാധാരണമാം വിധം സര്‍ഗ്ഗാത്മകമാണ് ഈ നോവല്‍. എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല, എന്തുകൊണ്ട് ഞാനൊരു ഹിന്ദുവായി എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങള്‍ പുസ്തകച്ചന്തകളില്‍ മത്സരിക്കുമ്പോള്‍ 1870 ലെ ബ്രിട്ടീഷ് കനേഷുമാരിയാണ് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കീഴാള ദ്രാവിഡ വിശ്വാസികളെയും പിന്നീട് സവര്‍ണ്ണതയിലേയ്ക്ക് കടന്നു ചെന്ന അതേ വിശ്വാസം പുലര്‍ത്തിയ നായരാദികളെയും ബ്രാഹ്മണര്‍ക്കൊപ്പം ഹിന്ദുക്കളാക്കി മാറ്റിയതെന്ന് നാം ഓര്‍ക്കാറില്ല. ഇന്നത്തെ പ്രധാന മതങ്ങളെല്ലാം പ്രാചീന മതങ്ങളുടെ നവീകൃത രൂപങ്ങളാണെന്നും ഇന്ത്യന്‍ ദേവീദേവ സങ്കല്പങ്ങളിലെല്ലാം കലര്‍പ്പുകളുണ്ടെന്നും കീഴാളദൈവങ്ങള്‍ തന്നെ ഇന്നും ആര്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും ചരിത്രമെന്നത് ഇന്നലെ സംഭവിച്ചതു മാത്രമല്ല. ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നതാണെന്നും ബോധ്യപ്പെടുമെങ്കില്‍ കുറെയേറെ ഉര്‍ജ്ജവ്യയം നമുക്കെഴിവാക്കാം. സുധിയുടെ നോവല്‍ മുന്നോട്ടു വെയ്ക്കുന്ന കീഴാള ദൈവസങ്കല്പം മാത്രം മതി അത്തരമൊരു ചിന്തയ്ക്ക് നമ്മെ സജ്ജരാക്കാന്‍. തന്റെ നോവലിനെ ഒരു സൗന്ദര്യാത്മകവ്യവഹാരമെന്നതിലുപരിയായി ഒരു പ്രദേശത്തിന്റെ സാംസ്‌കാര വൈഭിന്ന്യത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാക്കി മാറ്റിയ നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. സാഹിത്യരസികന്മാരുടേതു മാത്രമല്ല ഈ നോവല്‍. കേരള ചരിത്രത്തിലും നരവംശശാസ്ത്രത്തിലും സാമൂഹിക-സാമ്പത്തിക ശാസ്ത്രതല്പരരിലുമൊക്കെ അഗാധ ചലനങ്ങളുളവാക്കിയേക്കാവുന്നതാണത്. സസന്തോഷം മലയാൡവായനാസമൂഹത്തിനു മുമ്പാകെ ഞാന്‍ ഈ നോവല്‍ അവതരിപ്പിക്കുകയാണ്


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi