2022, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഉരുള്‍പൊട്ടല്‍ ഉണ്ടാകുത് എന്തുകൊണ്ട്?


 


ഭൂകമ്പവും ഭൂമികുലുക്കവും പ്രളയവുമെല്ലാം അടുത്ത കാലം വരെ നമുക്ക് അകലെയുള്ള ഏതോ ദേശങ്ങളില്‍ നടമാടുന്ന സംഭവങ്ങളുടെ പട്ടികയില്‍പ്പെട്ടവ മാത്രമായിരുന്നു.  2018 ലെ നൂറ്റാണ്ടുപ്രളയവും തുടര്‍വര്‍ഷങ്ങളിലാവര്‍ത്തിച്ച മലയിടിച്ചിലുകളും ദുരന്തങ്ങള്‍ നമ്മുടെ ചാരത്തെത്തിയതായി പഠിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്ക, ആസ്‌ത്രേലിയ എന്നിവടങ്ങളിലെ വന്‍ തീപിടുത്തങ്ങളില്‍ മനുഷ്യര്‍ നിസ്സഹായരാകുന്നത് നമ്മളെയും ആശങ്കപ്പെടുത്തി. ആമസോണ്‍ നിത്യഹരിത വനങ്ങളിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുണ്ടായ അഗ്നിവിളയാട്ടത്തിലൂടെ ഭൂമിയുടെ ശ്വാസകോശങ്ങള്‍ വെന്തുപോകുന്നതായി വിലയിരുത്തപ്പെട്ടു. 

ഈ നൂറ്റാണ്ടിന്റെ ആദ്യരണ്ടു ദശകങ്ങളിലായി ലോകവ്യാപകമായി 12.3 ലക്ഷം പേരാണ് പ്രകൃതി ദുരന്തക്കെടുതികള്‍ നിമിത്തം ജീവനൊഴിഞ്ഞത്. 2,97,000 കോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. ഭൂലോകം ദുരന്തപ്പിടിയില്‍ അമര്‍ന്നതിന്റെ ഉത്ക്കണ്ഠാകുല ചിത്രങ്ങളാണ് കഴിഞ്ഞ കുറെക്കാലങ്ങളായി മനുഷ്യരെ തേടിവന്നു കൊണ്ടിരിക്കുത്. കാലാവസ്ഥാവ്യതിയാനത്തിന്റെ കൂടി ഉപോത്പന്നമായ കോവിഡ്19 വീശിപ്പരന്നതോടെ ദുരന്തങ്ങള്‍ക്ക് വന്‍കരകളുടെ അതിരുകള്‍ കടന്നും മനുഷ്യരെ ആക്രമിക്കാന്‍ പ്രാപ്തിയുള്ളതായി വിലയിരുത്തേണ്ടി വന്നു. 

ഇനിയെന്താണ് പോംവഴി? നമുക്ക് മനുഷ്യര്‍ക്ക് ഈ ഭൂമിയിലെ മറ്റുജീവിജാലങ്ങളെ കൂടി രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്വവുമുണ്ട് എന്നോര്‍ക്കുക. ഇത്തരം നാശങ്ങള്‍ക്കെതിരെ ലോകജനത ഒരുമിച്ചു പൊരുതുക. പഴുതുകള്‍ അടച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ കരണീയമായുള്ളു. അത്തരത്തിലൂള്ള ചിന്തയാണ് സലീം എന്‍. കെ. യുടെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്? എന്ന പുസ്തകം അവതരിപ്പിക്കുന്നത്. 

കാലാവസ്ഥ നിശ്ചയിക്കുന്ന സസ്യജന്തുജാലം മനുഷ്യരുടെ സൈ്വര്യജീവിതത്തിന് എത്രമാത്രം അനുപേക്ഷണീയമാണ് എന്നത് ഒരു മലയാളി മനസ്സിലാക്കിയത്ര വിധത്തില്‍ ഈ ലോകത്തില്‍ മറ്റാര്‍ക്കും അറിയാന്‍ വഴിയില്ല.. അതിനാല്‍ത്തന്നെ പ്രകൃതിയുടെ സംരക്ഷണം ശ്വാസോച്ഛാസം മാതിരി ജീവത് പ്രശ്‌നമായി തീര്‍ന്നിരിക്കുന്നതായി ഈ പുസ്തകം വെളിപ്പെടുത്തുന്നു. വെരി ഷോര്‍ട്ട'് ഇന്‍ട്രൊഡക്ഷന്‍ സീരീസില്‍ ഉള്‍പ്പെടുത്തി 'ഉരുള്‍പൊട്ട'ല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?' എന്ന പുസ്തകം ഡി.സി. ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

നിലവില്‍ മഴക്കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ സാര്‍വ്വത്രികമായി മാറിയ ഉരുള്‍പൊട്ടലിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഈ പുസ്തകത്തില്‍ കാലാവസ്ഥാ വ്യതിയാന സംബന്ധിയായി ലോകവ്യാപകമായി നടക്കുന്ന ഈ അപകടത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ദുരന്തകാരണങ്ങള്‍ മനസ്സിലാക്കിയാല്‍ അവയില്‍ നിന്നും രക്ഷനേടാന്‍ സാധ്യമാണ്. ശാസ്ത്രീയ അറിവിന്റെ കീഴ്തലം വരെയുള്ള പ്രചരണത്തിലൂടെ മാത്രമാണ് നമ്മള്‍ സുരക്ഷിതരാകുന്നത് എന്നത് കൊറോണവ്യാപന ചെറുക്കലിനു സ്വീകരിച്ച നടപടികളില്‍ തെളിഞ്ഞതുമാണ്.   

ആയിരത്തിതൊള്ളായരത്തി അമ്പതുകളിലും അറുപതുകളിലും നടന്ന വനംകൈയേറ്റങ്ങളും ഉത്സവമാമാങ്കങ്ങളായി കൊണ്ടാടപ്പെട്ട പട്ടയമേളകളുടെയും പരിണിതഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് അടുത്ത തലമുറയിലെ ജനങ്ങളാണ്. അതിമനോഹരമായ ഹൈറേഞ്ചുകള്‍ ജീവത്ഭയം കാരണം വിട്ടൊഴിയാന്‍ മലയോരവാസികള്‍ ആഗ്രഹിക്കുന്ന കാലമെത്തിയിരിക്കുന്നു. ഒരു പക്ഷേ കാടുകൈയേറ്റം നിമിത്തം ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള ദുരന്തധാരണകള്‍ പത്തറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശാസ്ത്രത്തിന് അവതരിപ്പിക്കാനുള്ള ശേഷി കൈവരിച്ചിരുെങ്കില്‍! ഇന്നീ ദുര്‍ഗതി മലയാളനാടിന് അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ല. 

തേനീച്ചകളും ശലഭങ്ങളും അപ്രത്യക്ഷമായാല്‍? വളരെ നിസ്സാരകാര്യമായി തോന്നാം. ഹിമാലയത്തിലെ മഞ്ഞ് തുള്ളിയുമവശേഷിക്കാതെ ഉരുകി മറഞ്ഞാല്‍? തീരെ ചെറുതെന്നു ഒറ്റക്കേള്‍വിയില്‍ തോന്നുന്നതും ബഹുഭൂരിപക്ഷം സാധാരണക്കാരന്റെ ശ്രദ്ധയില്‍ പതിയാത്തതുമായ ഇത്തരത്തിലുള്ള നിരവധി ദുരന്തങ്ങള്‍ ആസന്നഭാവിയില്‍ തീര്‍ച്ചയാക്കപ്പെട്ടിരിക്കുന്നു. 2019 ഫെബ്രുവരിയില്‍ ആസ്‌ത്രേലിയായിലെ ബ്രാംബ്ള്‍കെ മെലോമിംസ് എന്ന ജീവിയുടെ തിരോദ്ധാനമാണ് ആഗോളതാപത്തിന്റെ പ്രഖ്യാപിതമായ ആദ്യ സര്‍വ്വനാശം. ഇപ്പോളിതാ പത്തുലക്ഷം ജീവജാലങ്ങള്‍ നാശത്തിന്റെ വക്കിലാണ്. അതിനുള്ള ഒരു കാരണമായി നമ്മുടെ നാട്ടിലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മാറുന്നു. അതിനാല്‍ പൈതൃകഭൂമിയായ പശ്ചിമഘട്ടത്തിന്റെ നാശത്തിനെ കുറിച്ചുള്ള സമഗ്രമായ അറിവ് സാധാരണക്കാരില്‍ കൂടി എത്തിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് ഈ പുസ്തകരചന ശ്ലാഖ്യനീയമാകുന്നത്.

1961 ലാണ് അഞ്ചുപേരുടെ മരണവുമായി ഈ ദുരന്തം ശ്രദ്ധയില്‍ വരുന്നതെങ്കിലും കൗതുകകരമായതും വ്യക്തിപരമായതുമായ ഒരു ചിന്ത ഇതുമായി ബന്ധിച്ചുള്ളത് അതിനുമേറെ മുമ്പ് ഇന്നത്തെ വലിയമല ബഹിരാകാശ റിസര്‍ച്ചു സെന്ററിലെ (തിരുവനന്തപുരം) പഴയ വനഭാഗത്തെ കുറിച്ചുള്ളതാണ്. അതില്‍പ്പെട്ടിരുന്ന 'ഉരളുപാഞ്ഞാം കുഴി' എന്ന ദിക്‌നാമം  ഉരുളുപാച്ചില്‍  എന്ന പ്രതിഭാസം മലയില്‍ സ്വാഭാവികമായും അല്ലാതെയുമുള്ള ഇടപെടലുകളുടെ ഭാഗമായി മുമ്പും ഉണ്ടായിരുന്നു എന്നുള്ള സൂചന നല്‍കുന്നുണ്ട്.

''ഓരോ മണ്‍സൂണും കൊണ്ടുപോകുന്നത് വിലപ്പെട്ട ജീവനുകളാണ്. പ്രതീക്ഷകളാണ്.'' എന്നു പുസ്തകാമുഖത്തില്‍ പറയുമ്പോള്‍ അതു കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം വെളിവാകുന്നു. ശൂന്യാകാശത്തിന്റെ മറ്റേ അറ്റത്തിനെ നിരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ നിരവധി നടക്കുമ്പോഴും ചവിട്ടടിയുടെ അന്തര്‍ഭാഗത്ത് നടക്കുന്ന കാര്യങ്ങള്‍ അതാര്യമായി ഇപ്പോഴും നില്‍ക്കുന്നു. മലയാള വിജ്ഞാന സാഹിതത്യരംഗത്തു ഭൗമവിജ്ഞാനസംബന്ധിയായ രചനകളുടെ എണ്ണം താരതമേ്യന കുറവാണ്. സര്‍വ്വംസഹയെന്ന ഭൂമിയുടെ പര്യായം മാറ്റേണ്ടതായ കാലത്ത് ഭൗമശോഷണ സംബന്ധിയായ അടിസ്ഥാന വിവരണങ്ങള്‍ ഈ ഗ്രന്ഥം നല്‍കുന്നു.

 'ബാഹ്യജന്യ പ്രവര്‍ത്തനങ്ങള്‍' ഉണ്ടാക്കുന്ന ഭൗമമാറ്റങ്ങള്‍, മനുഷ്യരുടെ അനിയന്ത്രിത ഇടപെടലുകളുടെ ആഘാതവുമാണ് ഉരുള്‍പൊട്ടലിനു കാരണം. അതിനാല്‍ ഉരുളുകള്‍ മനുഷ്യജന്യമാണെന്നു ചുരുക്കം. കൃഷിക്കും തോട്ടവ്യവസായത്തിനുമായി കാടുകയറി പരിസ്ഥിതി നാശം വരുത്തിയതിന്റെ വിളവെടുപ്പാഘോഷിക്കുമ്പോള്‍ ഇതിനെ സ്വയംകൃതാനര്‍ത്ഥമായി വിലയിരുത്താം. ഈ രംഘത്ത് ശരിയായ ബോധവത്കരണം നടന്നിരുന്നെങ്കില്‍ പലതും ഒഴിവാക്കാനാവുമായിരുന്നു.  ''അശാസ്ത്രീയ വികസനപ്രവര്‍ത്തന നേട്ടങ്ങളേക്കാളേറെ പുനരധിവാസത്തിന് ചെലവാകുന്നു എന്ന യാഥാര്‍ത്ഥ്യം'' അവതരിപ്പിച്ചു കൊണ്ട് കേരളത്തിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിര്‍മ്മിതികളും കൃഷിയുമാണ് വേണ്ടതെന്നതിലേയ്ക്ക് ഗ്രന്ഥകാരന്‍ സൂചനകള്‍ നല്‍കുന്നു. 

ദുരന്തത്തെ ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ അപകടത്തെ കണ്ടറിഞ്ഞു രക്ഷപ്പെടാനുള്ള മനുഷ്യരുടെ സഹജശേഷിയെ ബലപ്പെടുത്തുന്നു. അത്തരം വിലപ്പെട്ട സൂചനകള്‍ അതീവലോലമായ പരിസ്ഥിതിവ്യൂഹങ്ങള്‍ നിറഞ്ഞ കേരളത്തിന് ഏറെ ഉപകാരപ്രദമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട'് നിരാകരിക്കുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭനീക്കള്‍ക്ക് പിന്നില്‍ ഇത്തരം അറിവിന്റെ ലഭ്യതയില്ലായ്മയും കാരണമായിട്ടുണ്ട്. കേരളത്തിലെ 31% ഭൂവിഭാഗങ്ങളും ഉരുളുപാച്ചില്‍ ദുരന്തനിഴിലാണ് എന്ന വസ്തുതയും ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇനിയും പെട്ടിമുടികള്‍ ഒഴിവാക്കാന്‍ എന്തുചെയ്യാനാവും? എന്ന ചിന്തയെയാണ് ഗ്രന്ഥകാരന്‍ ഇതിലൂടെ താഴെ തട്ടിലെത്തിക്കുന്നത്. അല്പവും ദുര്‍ഗ്രഹതയില്ലാതെ ലളിതമായ രീതിയിലാണ് ഈ ഗ്രന്ഥത്തില്‍ ശാസ്ത്രാവിഷ്‌കരണം നിര്‍വ്വഹിച്ചിരിക്കുന്നത്.

പദസൂചിയുള്‍പ്പെടെയുള്ള മേന്മകള്‍ക്കിടയില്‍ ചില വിവരണ ആവര്‍ത്തനങ്ങള്‍, കിഴക്കന്‍മലകളിലെ കുടിയേറ്റവും ഈ നാട്ടില്‍ ആസൂത്രണം ചെയ്ത പട്ടയമേളകളും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനുമേല്‍ പൊടിയിട്ട സൂത്രവിദ്യകളുടെ ദുഷ്ടലാക്കുകള്‍ ഇവയും പ്രകൃതിയ്ക്ക് മേലുള്ള അക്രമണങ്ങളാണ്. അത്തരം  സൂചനകള്‍ കൂടി നികത്തിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. മനുഷ്യജന്യമായ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമാണ് നാമിന്നനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് ഹേതു എതും ഉറപ്പിച്ചു പറയണമായിരുന്നു. 

ഭൗമവൈജ്ഞായിക രംഗത്തെ ഗ്രന്ഥങ്ങളുടെ ലഭ്യതക്കുറവ് നികത്താനും ഭൂഗര്‍ഭശാസ്ത്ര പ്രചരണത്തിനും അതുവഴി ദുരന്താഘാത ലഘൂകരണത്തിനും ഈ പുസ്തകം ഉതകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 



ഉരുള്‍പൊട്ടല്‍ ഉണ്ടാകുത് എന്തുകൊണ്ട്? 

എന്‍.കെ. സലീം 

ഡി.സി.ബുക്‌സ്, കോട്ടയം




2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

കെ. വാമന്‍: അധ്യാപനത്തിലെ സമഗ്രത


 

നിസ്തുലമായ അധ്യാപകജീവതത്തിന്റെ അതിരുകള്‍, അതിന്റെയാഴം, വ്യാപ്തി എന്നിവ ചിന്തകളെ സ്പര്‍ശിക്കുമ്പോഴും, കേവലമായ തൊഴിലിനുപരിയായി അധ്യാപകന്റെ കര്‍മ്മങ്ങളുടെ വൈവിധ്യരൂപങ്ങള്‍ തെരയുമ്പോഴും അതിന് ഉത്കൃഷ്ട മാതൃകയായി കെ. വാമന്‍ എന്ന ഗുരുശ്രേഷ്ഠനില്‍ കണ്ണുകളെത്തുന്നു. 

നെടുമങ്ങാട് ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം (1975-78). അന്നത്തെ പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും ആയിരത്തിയൊന്നു രാവുകളുമായി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് എട്ടാം ക്ലാസ്സുകാരനായ എന്നെ ഞങ്ങളുടെ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ബഹുമാനപ്പെട്ട വാമന്‍സാറ് ആദ്യമായി പിടികൂടിയത്. ഒന്നു രണ്ടു വാചകങ്ങളിലൂടെ പാഠപുസ്തകേതര ഗ്രന്ഥങ്ങള്‍ ഇഷ്ടപ്പെടുന്ന അധ്യാപകരും ഉണ്ടെന്ന അറിവില്‍ ഞാന്‍ നിറഞ്ഞുപോയി. കാണുമ്പോഴെല്ലാം വിദ്യാഭ്യാസാനുഭവങ്ങളെ കുറിച്ചാണ് വാമന്‍ സാറ് സംസാരിക്കുന്നത്. 

1952 ല്‍ തിരുവനന്തപുരം ആനാട് എസ്.എന്‍.വി. സ്‌കൂളിലെ പ്രഥമാധ്യാപകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസരംഗത്തേയ്ക്കുള്ള പ്രവേശനം. വെണ്മണലില്‍ വിരല്‍തൊട്ടു നേടിയ അക്ഷരപുണ്യം അന്നുമുതല്‍ പുതുതലമുറയിലേയ്ക്ക് പകരാന്‍ അവസരം കൈവന്ന ഗുരുശ്രേഷ്ഠനാണ് കെ. വാമന്‍. വിശ്രമരഹിതമായ ജ്ഞാനപ്രസരണമാണ് ഗുരുവിന്റെ ജീവിതലക്ഷ്യമെന്ന വസ്തുത നിരന്തര കര്‍മ്മത്തിലൂടെ ഈ ജ്ഞാനവൃദ്ധന്‍ ഓര്‍മ്മപ്പെടുത്തുന്നു. 


പ്രവൃത്തിയും വിരമിക്കലും 


1985-ല്‍ ഔദ്യോഗിക അധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച കെ. വാമന്‍, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട തുടര്‍പരിപാടികളില്‍ 1994 വരെ പങ്കെടുത്തു. നിരവധി അധ്യാപകപരിശീലന കലാലയങ്ങളിലും, എഞ്ചിനീയറിംഗ് കോളേജുകളിലും അധ്യാപകനായിരുന്നു. കൂടാതെ സാമൂഹികസ്ഥാപനങ്ങളുടെ അമരക്കാരനായും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തി. ഇത്തരം തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ പെന്‍ഷന്‍ വാങ്ങാനുള്ളതു മാത്രമല്ല വാര്‍ദ്ധക്യം എന്ന കാര്യവും സമൂഹത്തിനെ ബോധ്യപ്പെടുത്തി.

1954-ല്‍ തക്കല ഗവ. ഹൈസ്‌കൂളിലായിരുന്നു കെ. വാമന്റെ ആദ്യത്തെ സര്‍ക്കാര്‍ നിയമനം. ക്ലാസ്സ് മുറിക്കു പുറത്തുള്ള പഠനസാധ്യതകള്‍ തുടക്കത്തില്‍ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു. ആക്കാലത്തെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികളുടെ സ്‌കൂള്‍ ഓഫീസറായി നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. ഈ വിഷയത്തില്‍ പരിശീലനത്തിനായി തുടര്‍ന്ന് ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയിലേയ്ക്ക് (1957) പോയി. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നേടിയ ഈ അറിവ് പില്ക്കാലത്ത് പ്രായോഗിക തലത്തിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. അധ്യാപകനായിരുന്ന കാലത്ത് 1960-ല്‍ തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്. ബിരുദം നേടി. ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ ഇംഗ്ലീഷ്പഠന പരിപാടിയില്‍ (1964) നിന്നുള്ള ഡിപ്ലോമയും അധ്യാപനരംഗത്ത് മുതല്‍ക്കൂട്ടായി. അധ്യാപകര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസ പരിശീലനപരിപാടികളിലെ മികച്ച റിസോഴ്‌സ് പേഴ്‌സണാകാന്‍ ഇതു വാമന്‍സാറിനെ പ്രാപ്തനാക്കി. 1968 മുതല്‍ പാഠപുസ്തകനിര്‍മ്മാണ സമിതിയിലും അദ്ദേഹം നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു.

കാസറകോട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹൈസ്‌കൂളുകളില്‍ അധ്യാപകനായിരുന്ന അദ്ദേഹം 1980-85 കാലത്ത് യുണിസെഫില്‍ വിദ്യാഭ്യാസ ഓഫീസറായി നിയമിതനായി. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗങ്ങളുടെ വ്യാപ്തി കൂട്ടുകയാണു ചെയ്തത്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനു ശേഷം 1994 വരെ ലക്ഷദ്വീപിലെ അധ്യാപക പരിശീലന പരിപാടികളില്‍ തുടര്‍ന്നു. 

സാമൂഹ്യാവസ്ഥയും കുടുംബസാഹചര്യങ്ങളും മനസ്സിലാക്കിയുള്ള സമീപനങ്ങളായിരുന്നു കുട്ടികളോട് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ക്ലാസ്സുമുറിക്കു പുറത്തുവികസിതമാകേണ്ട കുട്ടികളുടെ ഭാവികാലം ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളും കരുതലുകളും അദ്ദേഹത്തെ പ്രിയപ്പെട്ടവനും ശ്രദ്ധേയനുമാക്കി. 

നെടുമങ്ങാട് താലൂക്കില്‍ പനവൂര്‍ വെള്ളാഞ്ചിറയില്‍ 1930 ലായിരുന്നു കെ. വാമന്‍ ജനിച്ചത്. പാരമ്പര്യചികിത്സകനായിരുന്ന കേശവന്‍ വൈദ്യനും ലക്ഷ്മിയുമായിരുന്നു മാതാപിതാക്കള്‍. പണ്ഡിതനായിരുന്ന പിതാവിന്റെ ഗ്രന്ഥശേഖരം കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തില്‍ വിജ്ഞാന തൃഷ്ണയുണര്‍ത്തി. ബാല്യകാലത്തു തന്നെ ഇംഗ്ലീഷ്, സംസ്‌കൃതം, ഹിന്ദി, തമിഴുള്‍പ്പെടെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായിരുന്നു. നെടുമങ്ങാട് ഗവ. സ്‌കൂള്‍ (1939), കവടിയാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1952-ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഫിലോസഫിയില്‍ ബി. എ. ഓണേഴ്‌സ് ബിരുദം നേടി. നെടുമങ്ങാട് താലൂക്കിലെ ആദ്യത്തെ ഓണേഴ്‌സ് ബിരുദധാരിയായിരുന്നു കെ. വാമന്‍.


എഴുത്തുകാരന്‍


ആനാടു സ്‌കൂളിലെ താല്ക്കാലിക പ്രഥമാധ്യാപക ജോലിവിട്ട് അദ്ദേഹം ബോംബേയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ കുറച്ചുകാലം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ബഹുതല സ്പര്‍ശിയായ അധ്യാപനത്തിനൊപ്പം ശാസ്ത്രം, തത്വശാസ്ത്രം എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ മലയാളരാജ്യമുള്‍പ്പെടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതി. സര്‍വ്വവിജ്ഞാനകോശത്തിനുള്ള ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 

എം.എസ്. ശ്രീധരന്‍ തയ്യാറാക്കിയ ഭാരതീയ ശാസ്ത്രമഞ്ജുഷ: ഭാരതീയ ശാസ്ത്രങ്ങളുടെ പ്രഥമ വിജ്ഞാനകോശം (1987) ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനും അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. 2005-ല്‍ പബ്ലിക്കേഷന്‍ ഡിവിഷന്‍ ഭാരതീയ വിജ്ഞാന്‍ മഞ്ജുഷ എന്ന പേരില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു. ഡോ. എന്‍.എ. കരീം എഡിറ്റുചെയ്ത ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു (എന്‍.ഇ.ആര്‍.സി. പബ്ലിക്കേഷന്‍) നിര്‍മ്മാണത്തിലും സഹകരിച്ചിരുന്നു. 

പ്രഗ്ത്ഭനായ അധ്യാപകന്‍ സമര്‍ത്ഥനായ പഠിതാവുകൂടിയായിരിക്കണം എന്ന ആശയത്തില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍. അതിനായി വിവരസാങ്കേതികയുടെ സാധ്യതകള്‍ ഉപയോഗിക്കുമ്പോഴും തന്റെ പഴയ നോട്ടുപുസ്തകങ്ങള്‍ സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. പൂര്‍ണ്ണതയോടെയാവണം മനുഷ്യപ്രവര്‍ത്തനങ്ങള്‍ എന്ന ആശയം നടപ്പിലാക്കിയ അധ്യാപകനാണ് കെ. വാമന്‍.


മഞ്ചയുടെ വാമന്‍സാര്‍


വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം നെടുമങ്ങാട് ഹൈസ്‌കൂളിനെ ഗേള്‍സും ബോയ്‌സുമായി വിഭജിച്ചുവെങ്കിലും പ്രത്യേകം ബോയ്‌സ് സ്‌കൂളായി അത് ടൗണില്‍ തുടര്‍ന്നു. 1966-ല്‍ എന്‍.സി.പിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലത്താണ് മഞ്ചയിലെ ഇരുനിലകെട്ടിടത്തിലേയ്ക്ക് ബോയ്‌സ് സ്‌കൂള്‍ മാറിയത്. അക്കാലത്തും ബി.എച്ച്.എസ് മഞ്ചയിലെ അധ്യാപകനായിരുന്ന വാമന്‍ സാറ് സ്‌കൂളിനുവേണ്ടി ആറ് എാക്കര്‍ ആറു സെന്റ് സ്ഥലം അക്വര്‍ചെയ്തതും കെട്ടിടം പണി നടത്തിയതുമായ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു. ആക്കാലത്ത് കുറച്ചുകാലം മഞ്ച സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിച്ചിരുന്നു. 1979-ലാണ് മഞ്ച സ്‌കൂളില്‍ നിന്നും മാറുന്നത്. കേരളീയ സമൂഹത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നിരവധി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിലും വലിയ പങ്കാണ് വാമന്‍സാറു വഹിച്ചിട്ടുള്ളത്.


പഠനേതര വഴികള്‍


ആയൂര്‍വേദത്തിന്റെ രോഗശമനസാധ്യതകളെ ആധുനികശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന് പാരമ്പര്യ വൈദ്യകുടുംബാംഗമായ ഈ അധ്യാപകന്‍ ആഗ്രഹിക്കുന്നു. അതിനായി അദ്ദേഹം ഒരു ഔഷധത്തോട്ടം പരിപാലിച്ചുപോന്നു. 

1968-ല്‍ സത്യഭാമയുമായി കുടുംബജീവിതമാരംഭിച്ചു. ദിലീപ് വാമനും വി.എസ്. ജയയുമാണ് മക്കള്‍. ഭാര്യയുടെ നിര്യാണശേഷം 1992 മുതല്‍ വാര്‍ദ്ധക്യത്തെ സമൂഹനന്മയ്ക്കായി ഉപയോഗിക്കാനുള്ള സാധ്യതകളുമായി പഠന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുന്നു. 

ജീവിതമെന്നാല്‍ മുഴുനീള അന്വേഷമാണ് എന്ന സ്വന്തം വാക്കുകളെ തികച്ചും അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഗുരുവര്യന്‍ തന്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിലും തുടരുന്നത്. ജ്ഞാനസമ്പാദനവും വിതരണവും ജീവിതാന്ത്യം വരെയുമുള്ള പ്രക്രിയയാണെന്ന് ഈ നിത്യഅധ്യാപകന്‍ കാണിച്ചു തരുന്നു. ബഹുതലസ്പര്‍ശിയായ ജീവിതമാണ് അധ്യാപകരെ കൂടുതല്‍ ആദരണീയരാക്കുന്നതെന്നും വാമന്‍സാറിന്റെ ചര്യകള്‍ ഉദാഹരിക്കുന്നു. 


ജനപഥം സെപ്തം. 2011


2022, മാർച്ച് 9, ബുധനാഴ്‌ച

നെടുമങ്ങാട്ടെ കാക്കപ്പൂവുകള്‍


 

മലയാളനാടിനെ സ്പര്‍ശിച്ച ഒട്ടുമിക്ക വസന്തങ്ങളും നെടുമങ്ങാട്ടെ സാംസ്‌കാരികാന്തരീക്ഷത്തിലും നിറംമാറ്റങ്ങളുണ്ടാക്കി. ഗ്രന്ഥശാലാ പ്രസ്ഥാനവും, തീവ്ര നവചിന്തളും തെളിച്ചം വീശിയ ഈ നാട്ടില്‍ സാക്ഷരതാ പ്രസ്ഥാനവും സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പുതുപ്രകാശത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ വിരിയിച്ചു. സര്‍വ്വവിധ കൂട്ടായ്മകളുടെയും തെളിഞ്ഞ സാന്നിധ്യം നെടുമങ്ങാട്ട് എന്നും പ്രകടമായിരുന്നു. ഈ താലൂക്കില്‍ നിന്നിറങ്ങിയ ചെറുമാസികകളും നാടിന്റെ സാംസ്‌കാരികതയ്ക്ക് തനത് സംഭാവനകള്‍ നല്‍കി.  

       എഴുപതുകളിലെ കൈയെഴുത്തു ആശയപ്രചരണോപാധികളുടെ പരിമിതികളുള്‍ക്കൊണ്ട്, അക്ഷരാഗ്നി ജ്വലിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചകളില്‍ നിന്നാണ് കേരളത്തിലെ മറ്റുഭാഗങ്ങളിലെപ്പോലെ ഇവിടെയും ചെറുമാസികാ വസന്തങ്ങളുണര്‍ന്നത്. റേഡിയോ ക്ലബ്ബുകളുടെയും ജനകീയ സാംസ്‌കാരിക കൂട്ടായ്മകളുടെയും ചൂട് ഇവയില്‍ പടര്‍ന്നു കയറി. വാക്കും വരയും കാഴ്ചകളും സങ്കല്പങ്ങളും എഴുത്തുമെല്ലാം ഇന്നു ബൈനറി ഡിജിറ്റുകളാകുമ്പോഴും വാര്‍ഷിക പുഷ്പികളെ മാതിരി, അവ ഘടികാര സ്വഭാവം കാണിച്ചു കൊണ്ട് പുറത്തുവരുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ സാംസ്‌കാരിക ഉണര്‍വ്വിനെ ഇടയ്ക്കിടെ അതെല്ലാമോര്‍മ്മപ്പെടുത്തുന്നു. 

    മലയാളം മുഴുവനുമറിയപ്പെട്ടിരുന്ന ഒരുപിടി കുഞ്ഞുമാസികകള്‍ നെടുമങ്ങാട്ടെ അച്ചുകൂടങ്ങളില്‍ എണ്‍പതുകള്‍ മുതല്‍ പിറന്നു. അവ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ആവിഷ്‌കരണാവസരങ്ങള്‍ നല്‍കി അരങ്ങൊഴിഞ്ഞു. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഇന്‍ഡ്യയുടെ അംഗീകാരം നേടി തീര്‍ത്തും ഗൗരവഭാവത്തോടെയാണ് ഇവ ചുവടുകള്‍ വച്ചത്.  കൃത്യയായ ഉദ്ദേശ ലക്ഷ്യങ്ങളും, സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകളും ഇടപെടലുകളും ഉള്ളടക്കത്തില്‍ പരീക്ഷിച്ചപ്പോള്‍. സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച വലിപ്പവും രൂപവും അവ പുറകാഴ്ചയില്‍ക്കാട്ടി. അങ്ങനെ നെടുമങ്ങാടന്‍ കുത്തു മാസികളുടെ പ്രതേ്യകതകള്‍ കെട്ടിലും മട്ടിലും വേറിട്ടതായിരുന്നു. 

    പഴയ യുഗത്തില്‍ അച്ചുകള്‍ നിരത്തി പ്രൂഫിലെ കരടുകള്‍ പെറുക്കിമാറ്റി ഒരു പേജൊരുക്കുന്ന നേരം കൊണ്ടിന്നൊരു പുസ്തകമിറക്കാന്‍ സാധിക്കുന്ന കാലത്ത് തിരിഞ്ഞുനോക്കുമ്പോള്‍ ഈ മാസികാപ്രവര്‍ത്തകരുടെ ദൗത്യഗരിമ തെളിയുന്നു. സാമ്പത്തിക പരിമിതികളെ വകഞ്ഞു നീങ്ങിയ കുഞ്ഞുമാസികാ പ്രവര്‍ത്തകര്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവതയുടെ ചിന്താപദ്ധതികളെ വളര്‍ത്തി. ആളിപ്പടര്‍ന്ന സൗഹൃദങ്ങളുടെ ലോകമായിരുന്നത്. ഒരു കുഞ്ഞു മാസിക മറ്റൊരെണ്ണത്തിനെ കുറിച്ച് പ്രതേ്യക പതിപ്പ് ഇറക്കുന്നതില്‍ വരെ ആ സഹകരണം ചെന്നെത്തിയിരുന്നു. (തെറ്റാടി മാസികയുടെ പാത പതിപ്പ് സസന്തോഷം ഓര്‍ക്കാം). ഇല്ലായ്മകളില്‍ നടന്നു നടന്നു പിറവിയെടുത്ത പ്രസിദ്ധീകരണങ്ങളായിരുന്നു അവയെല്ലാം.

    പുതു കവിത, കഥ എന്നിവകളുടെ സാധ്യതകള്‍ക്ക് അപ്പുറത്ത് സ്ത്രീപക്ഷവാദം, ആഗോളീകരണ ബദലുകള്‍, വര്‍ഗ്ഗീയത വിഷലിപ്തമാക്കാന്‍ പോകുന്ന ഭാവികേരള മണ്ണിനെ കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ എന്നിവ ഇവയുടെ ഉള്ളിനെ ചൂടുറ്റതാക്കി. പരിസ്ഥിതി വിഷയങ്ങളോട് അവയൊപ്പം ചേര്‍ന്നു നിന്നു. അഥവാ അത്തരം കാര്യങ്ങളെ അവ കണ്ടെടുക്കുകയായിരുന്നു. ദേശദേശാന്തരം പുതിയ വസന്തമുണ്ടാക്കി തപാല്‍മാര്‍ഗ്ഗം സഞ്ചരിച്ച മാസികളുടെ കൂട്ടത്തില്‍ പാത, തെറ്റാടി, ഘടികാരം, ആവിഷ്‌കാരം എന്നിവകളുടെ സാന്നിദ്ധേ്യാര്‍മ്മകള്‍ മൂന്ന് ദശാബ്ദത്തിനു ശേഷവും ഏറെ തെളിച്ചമുള്ളതാണ്. 

    എണ്‍പതുകളിലിറങ്ങിയ സൂര്യന്‍ മാസികയാണ് നെടുമങ്ങാട് ചെറുമാസികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കിയത്. പ്രാദേശിക വിഷയങ്ങളെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണ് സൂര്യന്‍ ചെയ്തത്. ഈ മാസിക ഒന്‍പതു ലക്കങ്ങലേയ്ക്ക് നീണ്ടു. 

    തെരുവില്‍ വില്പന നടത്തിയിരുന്ന 'പാത' മാസിക ആശയ പ്രചരണത്തിനു സാധാരണക്കാരോടു സംവദിച്ചു. ജനകീയ സമീപനമായിരുന്നു പാത എന്ന കുഞ്ഞു മാസികയുടെ പ്രധാന പ്രതേ്യകത. നെടുമങ്ങാടിന്റെ കിഴക്കന്‍ മലയോരങ്ങളിലെ തോട്ടം തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ആശയപ്രചരണത്തിലെ നിലവാരമത് ഉയര്‍ത്തിക്കാട്ടി. സമത്വത്തില്‍ അധിഷ്ടിതമായ നവലോക സങ്കല്പമാണ് ഈ കുഞ്ഞു മാസികയുടെ ഉള്‍ക്കാമ്പ്. 

    പ്രധാനമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍പരിഗണിക്കപ്പെട്ടതാണ് തെറ്റാടി (1992). രണ്ടായിരത്തി ഒന്നുവരെ ഈ ദേശെത്ത പുതുചിന്തയുടെ താക്കോല്‍ തെറ്റാടി വഹിച്ചു. തെറ്റാടിയുടെ മുഖ, ഉള്‍ച്ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുഞ്ഞുമാസികയ്ക്ക് വേണ്ടി ഒരു പടം ബ്ലോക്ക് ആകുന്നതില്‍ വിദ്യാര്‍ത്ഥിയായിരുന്ന തെറ്റാടി പത്രാധിപരുടെ അദ്ധ്വാനം ഓര്‍ക്കുക. വിവിധ വിഷയ സംബന്ധിയായ പതിപ്പുകളാണ് തെറ്റാടിയെ വേറിട്ടു നിര്‍ത്തിയത്. കഥാപ്പതിപ്പ്, വി.പി.ശിവകുമാര്‍ പതിപ്പ്, സ്വപ്നവംശത്തിലെ കഥ, കവിതാപതിപ്പ് (1993), കുട്ടികള്‍ക്കായി തയ്യാറാക്കിയ സെന്‍ പതിപ്പ്, സമാന്തര പ്രസിദ്ധീകരണപതിപ്പ് എന്നിവ മാസികാപ്രവര്‍ത്തകളുടെ സര്‍ഗ്ഗധനതയുടെ തെളിവ് നല്‍കുന്നു. ഗസ്റ്റ് എഡിറ്റര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയ കുഞ്ഞു മാസികയായിരുന്നു തെറ്റാടി. അതീവ പത്രാധിപ ധിഷണകളുടെ ഓര്‍മ്മകളുണ്ടാക്കുന്ന ഈ മാസിക രൂപത്തിലും വലിപ്പത്തിലുമാവര്‍ത്തിക്കാത്ത വൈവിധ്യം നിലനിര്‍ത്തി. ഒറീസ്സയില്‍ അതിക്രൂരമായി ഇല്ലായ്മചെയ്യപ്പെട്ട ഗ്രഹാംസ്റ്റെയില്‍ എന്ന ആസ്‌ത്രേലിയന്‍ പാതിരിക്ക് ഒരു ലക്കം സമര്‍പ്പിച്ചത് തെറ്റാടി സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാടുകളുടെ ലിറ്റ്മസ് ആയിരുന്നു.  

    താലൂക്കിലെ പ്രധാന വ്യവസായ സ്ഥാപനമായ കരകുളം കെല്‍ട്രോണിലെ തൊഴിലാളികളും ജീവനക്കാരും കുഞ്ഞുമാസികാ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. അവയില്‍ നിദേശം, സമത. എന്നിവകയുടെ സാംസ്‌കാരിക സംഭാവനകള്‍ തെളിവാര്‍ന്നതാണ്. നിദേശം മാസിക നല്ലരചനകള്‍ക്ക് ഇരുപത്തിയഞ്ചു രൂപ സമ്മാനം നല്‍കി കുഞ്ഞെഴുത്തുകാരെ മാനിച്ചു. വായനക്കാരുടെ പ്രതികരണങ്ങള്‍ക്കും ഈ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കിയിരുന്നു.

    കവിതയെ നെഞ്ചത്തേറ്റിയ താലൂക്കില്‍ നിന്നുള്ള പ്രസിദ്ധീകരണമാണ് ഘടികാരം. പ്രവര്‍ത്തന മികവിന്റെ സൂചകമായി പി. എ. ഉത്തമന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവരെ കുറിച്ചുള്ള പ്രതേ്യക പതിപ്പുകള്‍ ഘടികാരം ഇറക്കി. ഈ മാസികയുടെ വീട് പതിപ്പ് ശ്രദ്ധേയമാണ്. രണ്ടായിരത്തിലെ 'ഗുജറാത്ത്' പതിപ്പ് 'പില്‍ക്കാല' ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്കുള്ള കൈചൂണ്ടിയായി നിലകൊണ്ടു. നാടകപ്പതിപ്പ്, യുവസ്പന്ദം എന്ന പേരിലുണ്ടായിരുന്ന പുതിയ എഴുത്തുകാരുടെ ഇന്റര്‍വ്യൂ കോളം എന്നിവയും ശ്രദ്ധേയമാണ്. കവിതാ പഠനങ്ങള്‍ക്ക് ഘടികാരം പ്രാധാന്യം നല്‍കിയിരുന്നു. 

    ചിന്തിക്കുന്നവര്‍ക്കു മാത്രമായി നെടുമങ്ങാടു നിന്നും പുറത്തു വന്നതാണ് ആവിഷ്‌കാരം മാസിക. ഡെമ്മി നാലിലൊന്നു വലിപ്പവും തൊണ്ണുറുകളിലെ ആശയ സമഗ്രതയും ഇതുപേറി. തുടര്‍ലേഖനങ്ങള്‍ ആവിഷ്‌കാരത്തിന്റെ മറ്റൊരു പ്രതേ്യകതയാണ്. ആഗോളീകരണത്തിനെതിരെയുള്ള ബദല്‍ അനേ്വഷണങ്ങള്‍ക്ക് ചിന്താ ശക്തിപകര്‍ന്നതായിരുന്നു ഈ മാസികയുടെ നിലപാട്. പരിസ്ഥിതി, പ്രാദേശിക വിഭവസംരക്ഷണം, എന്നീ ആശയങ്ങള്‍ക്ക് പുറമെ ആവിഷ്‌കാരത്തിലെ നാട്ടറിവു പംക്തി ശ്രദ്ധേയമായിരുന്നു. നാലുലക്കങ്ങളോളം സാംസ്‌കാരിക പ്രവര്‍ത്തനനങ്ങള്‍ അതുതുടര്‍ന്നു.

    ഈ കുഞ്ഞുമാസിക സംഘാടകരില്‍ ചിലര്‍ ഒരുപടി കൂടി മുന്നേറി. ചെറുകിട പ്രസാധന രംഗത്തേയ്ക്ക് കാല്‍വയ്പു നടത്തി മുന്നോട്ടു പോയവരാണ്. ഉണ്മ സാസികയുടെ (നെടുമങ്ങാട്) ഉണ്മ ലിറ്റില്‍ ബുക്‌സ്. കനല്‍ ബുക്‌സ്, തെറ്റാടി മാസികയുടെയും പ്രസിദ്ധീകരണ സംരംഭങ്ങള്‍. കല്ലാര്‍ ഗോപകുമാറിന്റെ എക്‌സ്- പ്രസ്സ് പബ്ലിക്കേഷനും സ്മരണീയമാണ്. ഇവയുടെയെല്ലാം  സാന്നിധ്യവും തെരുവുകളിലായിരുന്നു. ഡിജിറ്റല്‍ പ്രസിദ്ധീകരണരംഗത്തേയ്ക്കും തെറ്റാടി  മാസിക പ്രവര്‍ത്തകന്‍ ചുവടുകള്‍ നീട്ടാതിരുന്നില്ല.

    മികവുറ്റു എഡിറ്റോറിയലുകളുമായി എട്ടും പന്ത്രണ്ടും ലക്കങ്ങള്‍ തുടര്‍ച്ചയായി പൂര്‍ത്തീകരിച്ചാണ് ഇവയില്‍ പല പ്രസിദ്ധീകരണങ്ങളും വിടവാങ്ങിയത്. അതിന് അപവാദം ഘടികാരം മാസികയാണ്. മുപ്പതു വര്‍ഷങ്ങളായി തുടര്‍ച്ചയില്ലെങ്കിലും ഘടികാരം ഇപ്പോഴും നിലനിന്നുപോരുന്നുണ്ട്. ഒരു മാസികാപ്രവര്‍ത്തന സഹകരണോര്‍ജ്ജത്തില്‍ നിന്ന് മറ്റൊരു പ്രസിദ്ധീകരണമുണ്ടാകുന്ന രീതിയും പ്രകടമായിരുന്നു.


യുവതയുടെ ഊര്‍ജ്ജചരിതം


    ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ സൂര്യന്‍ മാസികയുടെ പ്രസിദ്ധീകണ പങ്കാളിയായി നടരാജന്‍ ബോണക്കാട് എത്തിയതോടെയാണ് നെടുമങ്ങാട്ടെ ചെറുമാസികാ പ്രവര്‍ത്തനങ്ങള്‍ പുതുഘട്ടത്തിലേയ്ക്ക് കടക്കുന്നത്. 

    ഇരിഞ്ചയത്തു നിന്നും എം സെബാസ്റ്റ്യന്‍, കെ മധു എന്നിവരുടെ സംഘമാണ് സൂര്യന്‍ ആരംഭിച്ചത്. നടരാജന്‍ ബോണക്കാട് ഉള്‍പ്പെടെയുള്ള പത്രാധിപസമിതി നെടുമങ്ങാട്ട് നിന്നും തുടര്‍ന്ന് മാസികയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

    നടരാജന്‍ ബോണക്കാട് മാസികാപ്രവര്‍ത്തനത്തിലെ നിലപാടുകള്‍ വ്യക്തമാക്കി വ്യതിരിക്തത നിലനിര്‍ത്തിയ പത്രാധിപരായിരുന്നു. ലേ ഔട്ട്, അച്ചടിയിലെ സൂക്ഷ്മത എന്നിവ നടരാജനിലെ പത്രാധിപ പ്രതിഭയെ വെളിപ്പെടുത്തി. സംഘത്തുടക്കത്തിലാരംഭിച്ച് തുടര്‍ന്ന് ഏകനായി  അദ്ദേഹത്തിനു തന്റെ മാസികകളെ നിരവധി വര്‍ഷങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. കവിത, കഥ, പ്രശ്‌നാധിഷ്ടിതമായ ഇടപെടലുകള്‍ എന്നിവ നടരാജന്‍ മാസികകളുടെ ഉള്ളടക്ക പ്രതേ്യകതകളാണ്. സൂര്യന്‍ (1982), നു പുറമെ ജനതുട ി, ഉണ്മ എന്നിവയാണ് നടരാജന്റെ കൈപ്പാടു പതിഞ്ഞ ചെറുമാസികാ സംരംഭങ്ങള്‍. സൂര്യനിലൂടെയാണ് പുതിയ മാസികാ സാംസ്‌കാരികത നെടുമങ്ങാട്ട് തുടക്കമിട്ടതെങ്കിലും പാത എത്തുന്നതോടെ അത് ഉച്ചാവസ്ഥയിലായി. വിവിധ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ നടരാജന്‍ മുഖ്യ കാര്‍മ്മികനായ പാതമാസിക (1988) യാണ് ഏറെ ജനകീയമായി മാറിയത്. 

    1982 ല്‍ തൃശൂരില്‍ നടന്ന ചെറുമാസിക പ്രവര്‍ത്തകരുടെ കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നടരാജന്‍ പങ്കെടുത്തിരുന്നു. ഉണ്മ, കനല്‍ എന്നിവകളിലൂടെ കുഞ്ഞുപ്രസിദ്ധീകരണത്തിലേയ്ക്കും നടരാജന്‍ കടന്നിരുന്നു.

    ഇളവട്ടം കെ. പി. രവിയുടെയും സംഘത്തിന്റെയും ബോധി (1983) മാസികയും പ്രവര്‍ത്തകരുടെ തീവ്രരാഷ്ട്രീയം വെളിപ്പെടുത്തിയ ചെറുമാസികയാണ്. പുരോഗമന രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്ത ഒന്നായി അതു നെടുമങ്ങാടു കുഞ്ഞു മാസികാ ചരിത്രത്തില്‍ ഇടം പിടിക്കുന്നു. യുവാക്കളുള്‍പ്പെട്ട പുതിയ തലമുറയാണ് ഈ ദൗത്യത്തിനുള്‍ക്കാമ്പുകളെ നെഞ്ചേറ്റിയത്. 

    പാച്ചല്ലൂര്‍ ബാലചന്ദ്രന്റെ കൈപ്പാട് പതിഞ്ഞത് നിദേശം (1987) മാസികയിലാണ്. സ്പന്ദനം, ശലാക, യജ്ഞം, സ്പന്ദനം എന്നിവയും കെല്‍ട്രോണ്‍ ക്യാമ്പസില്‍ നിന്നും പാച്ചല്ലൂര്‍ ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിന്താ തീഷ്ണതയില്‍ പുറത്തിറങ്ങി. ക്ലാപ്പന ഷണ്മുഖന്റെ സമത (1989) യാണ് ഈ വ്യവസായ കേന്ദ്രത്തില്‍ നിന്നും പുറത്തുവന്ന മറ്റൊരു കുഞ്ഞു മാസിക. മാസികാ പ്രവര്‍ത്തകരുടെ വലിയ കൂട്ടായ്മാ കരകുളം കെല്‍ട്രോണ്‍ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്നു. 

    തെറ്റാടി മാസിക (1992) യിലൂടെ ഉദയന്‍ മലയാളത്തില്‍ പുതിയ മാസികാ ചരിത്രം നെടുമങ്ങാട്ടു നിന്നും രചിക്കുകയായിരുന്നു. അതിനു മുമ്പേ തന്നെ ഉദയന്റെ പ്രവര്‍ത്തനങ്ങളില്‍ തൂലിക (1988),  തണല്‍ (1990) എന്നിവ ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണങ്ങള്‍ തെറ്റാടി മാസികയെ സമഗ്രമാക്കുന്നതില്‍ വിദ്യാഭ്യാസ കാലത്തു തന്നെ ഉദയനു കരുത്തു നല്‍കി.         ചെറുകാലത്തിന്നിടയില്‍ തണല്‍ അതിന്റെ വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിച്ചു, തെറ്റാടിയുടെ വൈവിധ്യ വിഷയപ്പതിപ്പുകള്‍ ശ്രദ്ധേയങ്ങളാണ്. യൂണിവേഴ്‌സിറ്റി കോളേജിന്റെ സാംസ്‌കാരിക രസതന്ത്രം ഈ മാസികാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദയനു കരുത്തു നല്‍കിയതായി കാണാം.  

    ബി. എസ്. രാജീവിന്റെ നേതൃത്വത്തില്‍ ഘടികാരം (1990) ഇളവട്ടത്തു നിന്നാരംഭിച്ചു. കവിതയ്ക്ക് പ്രാമൂഖ്യമുള്ള മാസികയായി ഘടികാരമിന്നും നിലകൊള്ളുന്നു. പുതിയ അച്ചടിസങ്കേതങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ആദ്യ തലമുറ മാസികളില്‍ ഒന്നാണ് ഘടികാരം. പാതയിലെ  പ്രവര്‍ത്തന പരിചയത്തില്‍ നിന്നായിരുന്നു ഘടികാരത്തിന്റെ വളര്‍ച്ച.

    കെ. മധുവിന്റെ ആവിഷ്‌കാരത്തിനും (1993) ഏറെ ശ്രദ്ധ ലഭിച്ചു. ആഗോളവത്കരണത്തിന്റെ രാഷ്ട്രീയമായിരുന്നു ആവിഷ്‌കാരം മാസിക ലക്ഷ്യമിട്ടത്. തൊളിക്കോട്ടു നിന്നും ഇറങ്ങിയ തുലനം (1994) വും ഈ സംഘത്തില്‍ ഉള്‍പ്പെട്ടു. ഷാജഹാനാണ് ഈ ചെറുമാസികയുടെ പ്രവര്‍ത്തകന്‍. 

    ആദ്യകാലാ മാസികാ പ്രവര്‍ത്തകനായ സതീഷ് കുമാറിന്റെ സേവനങ്ങള്‍ സ്മരണീയമാണ്. ശരം മാസിക (70കളില്‍) യാണ് നെടുമങ്ങാടു മാസികാ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും പ്രചോദനമായ മറ്റൊരു കുഞ്ഞുപ്രസിദ്ധീകരണം.

     ദീപശിഖ ഏറ്റെടുത്ത് കൊണ്ട് പുതുതലമുറയുമെത്തി. ഷിറാസ് പാലോട് ചുമതലക്കാരനായ അക്ഷരം (2000) മാസിക പതിന്നാറു ലക്കങ്ങള്‍ പത്തിറക്കിയ 'പ്രതിമാസ സുതാര്യ ഗ്രാമപത്ര'മായിരുന്നു. രാഷ്ട്രീയവും കാല്പനികതയും അക്ഷരത്തിന് വര്‍ജ്യമായിരുന്നു. 

    മുഖ്യപത്രാധിപന്മാരായി ഷിജുഖാന്‍ പുതിയ സൂര്യന്‍ (2004) ഒന്‍പതു പതിപ്പുകള്‍ പുറത്തിറക്കി. വി  സി അഭിലാഷ് പകലു (2008) മായി മാസികാ പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നുവന്നു. 

    എഴുതി തുടങ്ങുന്നവര്‍ക്ക് പ്രോത്സാഹനം. സാഹിത്യത്തിലെ 'മെരിറ്റിനു' നല്‍കിയ പ്രാധാന്യം എന്നിവയാല്‍ ഇവയൊക്കെ ഏറെ ശ്രദ്ധേയങ്ങളായിരുന്നു. എണ്‍പതുകള്‍ തുടങ്ങി ഇരുപത്തിയഞ്ചാണ്ടുകളിലെ യുവാക്കളുടെ തീവ്രചിന്താപദ്ധതികളുടെ പതാകകള്‍ ഈ മാസികകള്‍ പേറി. ഈ മാസികാ പ്രവര്‍ത്തകരില്‍ മിക്കപേരും എഴുത്തുകാരായി മാറിയെങ്കിലും മുഖ്യധാരാ പത്രപ്രവര്‍ത്തന രംഗത്ത് ഷിജുഖാനും വി സി അഭിലാഷും മാത്രമേ കൈവച്ചുള്ളു. 

    ഇവയില്‍ പല മാസികകളും നെടുമങ്ങാടിന്റെ നാലതിരുകളിലൊതുങ്ങാതെ കേരളം മുഴുവനും ചര്‍ച്ചചെയ്ത പ്രസിദ്ധീകരണങ്ങളായിരുന്നു. അതിലൂടെ പ്രവര്‍ത്തന ബന്ധങ്ങള്‍ വികസിച്ചു. എണ്‍പതു തൊണ്ണൂറുകളില്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മറക്കാന്‍ വയ്യാത്ത സാംസ്‌കാരികതയുടെ അഷ്ടബന്ധങ്ങളായി അവയോരോന്നും വിലയിരുത്തപ്പെട്ടു.

    കുടുസ്സുമുറികളിലെ അച്ചടിശാല ഉടമകളോട് കടപ്പാടില്ലാതെ മാസികാ ചരിത്രം വിലയിരുത്തുന്നതു പൂര്‍ണ്ണമാകില്ല. അവരുടെ ക്ഷമയും സ്‌നേഹസ്പര്‍ശവും കുഞ്ഞുമാസികളുടെ ജനനവും വളര്‍ച്ചയും ഒരു പരിധിവരെ നിശ്ചയിച്ചു. ആര്‍ട്ടിസ്റ്റ് ചിന്ത ബാഹുലേയന്‍ നല്‍കിയ സംഭാവനകളും നെടുമങ്ങാടന്‍ മാസികാ സംരംഭങ്ങളെ സ്മരണീയമാക്കുന്നു.

    വികേന്ദ്രികൃതമായ അദ്ധ്വാനം ഇവയില്‍ പ്രകടമായിരുന്നു. മാസികകള്‍ ഒരുക്കുന്നതില്‍ മുതല്‍ വിതരണത്തില്‍വരെ ആ ഊര്‍ജ്ജം നീണ്ടുചെന്നു. 

    പാതയ്ക്കു പിന്നില്‍ എം സെബാസ്റ്റ്യന്‍, പി എ ഉത്തമന്‍, ഉഴമലയ്ക്കല്‍ മൈതീന്‍, കല്ലാര്‍ ഗോപകുമാര്‍, എസ്. ഡി. ചുള്ളിമാന്നൂര്‍, അജയപുരം ജ്യോതിഷ് കുമാര്‍, ജിജോകൃഷ്ണന്‍, കല്ലാര്‍ ഹരികുമാര്‍, ബി എസ് രാജീവ്, വട്ടപ്പാറ ജയകുമാര്‍, പ്രതീപ് കെ ജി, ഗോപി എന്നിവരുടെ അദ്ധ്വാനം കാണാം. ജനതുടി, ഉണ്മ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലാര്‍ ഗോപകുമാര്‍ സഹകരിച്ചിരുന്നു.

    ബോധിയുടെ കാഴ്ചപ്പാടുകള്‍ക്ക് കരുത്തുണ്ടാക്കിയത് രാമകൃഷ്ണന്‍, നെയ്യപ്പള്ളി അപ്പുക്കുട്ടന്‍  നായര്‍, വേലായുധന്‍ പിള്ള, ശശികുമാര്‍, വാമന്‍, എന്നിവരാണ്. 

    കെല്‍ട്രോണിലെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് പിന്നില്‍ പ്രഭാകരന്‍ നിലോവ്‌ന, പരശുവയ്ക്കല്‍ കൃഷ്ണന്‍കുട്ടി, രത്‌നാകരന്‍, ഗോപാലകൃഷ്ണന്‍, രവി, എന്നിവരെ കാണാം. അപ്പു, കബീര്‍, എന്നിവരും സൂര്യനുവേണ്ടി വിയര്‍പ്പൊഴുക്കി. 

    ഘടികാരത്തിന്റെ മുന്‍നിര പ്രവര്‍ത്തകരായി ഉഴമലയ്ക്കല്‍ മൈതീന്‍, ജോണ്‍ പരുത്തിക്കുഴി, സുനില്‍ എന്നിവരുണ്ട്. ഉദയന്‍, ഉഴമലയ്ക്കല്‍ മൈതീന്‍, ഗിരീഷ് പുലിയൂര്‍, പേരയം സന്തോഷ് എന്നിവരാണ് ആവിഷ്‌കാരത്തിന്റെ ശക്തി. 

    പഴയകാല യവ്വനോര്‍മ്മകളെല്ലാം ചിതലെടുക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുന്നത് അവ വിരിയിച്ച ഇല്ലായ്മപൂക്കളെ വീണ്ടും കാണാന്‍ വേണ്ടിയാണ്. ആ സൂനങ്ങള്‍ ഇല്ലായ്മ പൂക്കളായിരുന്നു. അതു തീര്‍ച്ച.

    

സാക്ഷി 2021


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi