കണ്ണാശുപത്രിയിലെ കാഴ്ച പരിശോധനാഹാള്‍.
അവസാനത്തെ ബഞ്ചിലെ പതിവ് ഇരിപ്പിടത്തില്‍ അയാളെത്തിച്ചേര്‍ന്നു.
സ്പടിക സമാനമായ തെളിനീര്‍ക്കാഴ്ച തുളുമ്പുന്ന ഒരു കുളത്തിന്റെ വക്കിലാണു താന്‍. ആ തെളിമ തന്റെ നിര്‍ജ്ജലമായ കണ്‍കുഴികളിലേയ്ക്ക് വൈകാതെ ആവേശിക്കും- ഒരു ശാന്തത അയാളെ വന്നുതൊട്ടു.
ഒടുവിലത്തേതാണ് തന്റെ ഊഴമെന്ന് ടോക്കണ്‍ സ്പര്‍ശം അയാളെ അറിയിച്ചു. ഇന്നും അവസാനമാവും തന്നെ വിളിക്കാനവര്‍ തീരുമാനിച്ചിരിക്കുന്നത്.
നിമിഷങ്ങള്‍ കഴിയവെ കണ്‍കുളത്തിന്റെ വക്കത്ത് തിരക്കേറുന്നതിന്റെ പെരുപെരുപ്പ് അയാള്‍ക്കറിയാന്‍ കഴിഞ്ഞു.
എത്തിയപാടേ തന്നെ ഒഫ്താല്‍മിക് അസിസ്റ്റന്റ് അദ്യടോക്കണ്‍ വിളിച്ചു. ഇന്നും പരുക്കന്‍ഭാവം അയാള്‍ തെല്ലും മാറ്റിവച്ചിട്ടില്ല. കാഴ്ചയുടെ കുത്തക മറ്റാര്‍ക്കും പകുക്കാന്‍ ഇഷ്ടമില്ലാത്ത ജനുസ്സില്‍പ്പെട്ട ഒരാള്‍.
അവനൊരു കുട്ടിയല്ലേ!
ഒഫ്താല്‍മിക് അസിസ്റ്റന്റ് കാഴ്ച പരിശോധന തുടങ്ങി.
മുന്നിലെ ഡിസ്‌പ്ലേയില്‍ നിന്നും അക്കങ്ങള്‍ വായിക്കാന്‍ പറഞ്ഞപ്പോള്‍ ആ കുട്ടിക്ക് വിക്കിപ്പോയി. ക്ലാസ്സോര്‍മ്മകളുടെ കയ്പാവണം അവന്റെ വായ്ക്കുള്ളില്‍ പെട്ടെന്നു നിറഞ്ഞത്. അതുകൊണ്ടു തെയാണ് അക്കങ്ങള്‍ അവനു വഴുതിപ്പോയത്. നിങ്ങള്‍ കരുതുതുപോലെ അവന്റെ കണ്ണുകള്‍ക്ക് ഒരു കുഴപ്പവുമില്ല.
കുട്ടികള്‍ക്കൊരിക്കലും കാഴ്ച മങ്ങില്ല. നിങ്ങള്‍ കുട്ടികളോടെങ്കിലും കരുണ കാണിക്കാന്‍ ശീലിക്കൂ.
അയാള്‍ മനസ്സില്‍ പറഞ്ഞു.
മോനെ! 2-8-5-7. അതാണ് നിനക്ക് തെളിഞ്ഞു കിട്ടാതെപോയ അവസാന വരിയിലെ അക്കങ്ങള്‍.
കാഴ്ച പരിശോധിക്കാനെത്തുവര്‍ നിരന്തരം ഉരുവിടു അക്കങ്ങളും അക്ഷരങ്ങളും അയാള്‍ക്ക് മനപ്പാഠം.
2-8-5-7. അയാളുടെ ചുണ്ടുകള്‍ ഒരിക്കല്‍ക്കൂടി ആ കുഞ്ഞിനെ സഹായിക്കാന്‍ വെമ്പിയതും അടുത്തിരുന്നയാള്‍ തോളില്‍ തട്ടിയതും ഒരുമിച്ചായിരുന്നു.
കുട്ടികള്‍ക്ക് കാഴ്ചമുട്ടില്ല.
അയാള്‍ തീര്‍ത്തും വിശ്വസിച്ചു.
എത്രയെത്ര പാല്‍ക്കൊച്ചുങ്ങളാണിവിടെയെത്തുമ്പോള്‍ കാഴ്ചക്കുളത്തില്‍ നിന്നും വെളിച്ചമിറ്റി വീണതിലെ ആഹ്ലാദം കീറിവിളിച്ച് അറിയിച്ചിട്ടുള്ളത്- എന്നിട്ടും ആ കുട്ടിയെ കുറിച്ചുള്ള വെപ്രാളം അയാള്‍ക്ക് അടക്കാനായില്ല.
വണ്‍-ഫോര്‍-നയന്‍. മുറ്റന്‍ സ്വനതന്തുക്കളുടെ പിടക്കുന്ന പ്രകടനം.
കുഗ്രാമത്തിലെ ഓലഷെഡിലെ മണ്‍നിലത്തിലിരുന്ന് താന്‍ ഒന്നേരണ്ടേയും തറയും പറയും കൊത്തിപ്പെറുക്കിയപ്പോള്‍ ഈ സ്ത്രി നഗരത്തിലെ ഏതോ മുന്തിയ കോവെന്റു സ്‌കൂളില്‍... അവരുടെ സാരി തനിപ്പട്ടിന്റേതാണ്. ഉലയു നൂലിന്റെ കിരുകിരുപ്പ് അയാള്‍ ആകാംക്ഷാപൂര്‍വ്വം ശ്രദ്ധിച്ചു.
കണ്ണുകള്‍ നന്നായി തുറന്നു വയ്ക്കണം. എനിക്കീ മരുന്ന് ഒഴിക്കാനുള്ളതാണ്.
അയാളുടെ അടുത്തിരുന്ന രോഗിയുടെ കൃഷ്ണമണികള്‍ വികസിപ്പിച്ച് പരിശോധിക്കാന്‍ നഴ്‌സ് എത്തി.
നീറ്റല്‍ തുള്ളിമരുന്ന് കണ്ണില്‍ വീണതിന്റെ അസ്വാസ്ഥ്യത്തോടെ രോഗി ഇന്ദ്രിയങ്ങള്‍ പൂട്ടിക്കാണണം. തന്റെ കണ്ണുകള്‍ വൈകാതെ പ്രകാശപ്രളയത്തില്‍ പഴയതുപോലെ ആറാടുമെന്ന തോന്നലില്‍ അയാള്‍ തല്കാലിക നിര്‍വ്വാണാവസ്ഥ പ്രാപിച്ചിരിക്കണം.
അങ്ങനെയങ്ങനെ അയാളും മയങ്ങിപ്പോയി.
കണ്‍കുളം വന്‍കടലായി മാറിയ ആരവം.
അന്ധകാരനഴി തുഴഞ്ഞു നടന്നിരു ഒരുവന്റെ ഓപ്പറേഷനുശേഷമുള്ള ആഹ്ലാദം. അതയാളെ വിളിച്ചുണര്‍ത്തി. ഒരാള്‍ മാത്രം കാഴ്ചയുടെ അപാര നീലപ്പരപ്പിലേയ്ക്ക് ഒറ്റയ്ക്ക് തുഴഞ്ഞുപോയതിലെ അനിഷ്ടം തൊട്ട അയാള്‍ പിന്നെയും മയക്കത്തിലേയ്ക്ക് താണുപോയി.
ഒടുവില്‍ ഉണരുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല.
തനിക്കുകിട്ടിയ വിയര്‍പ്പിറ്റുന്ന ടോക്കണ്‍ വിളിച്ചുവോ? തിരക്കാന്‍ പോലും മെനക്കെടാതെ അയാള്‍ നിത്യാന്ധകാരത്തിലേയ്ക്ക് വൈറ്റ്‌കെയ്ന്‍ നീട്ടി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ