2022, മാർച്ച് 9, ബുധനാഴ്‌ച

നെടുമങ്ങാട്ടെ കാക്കപ്പൂവുകള്‍


 

മലയാളനാടിനെ സ്പര്‍ശിച്ച ഒട്ടുമിക്ക വസന്തങ്ങളും നെടുമങ്ങാട്ടെ സാംസ്‌കാരികാന്തരീക്ഷത്തിലും നിറംമാറ്റങ്ങളുണ്ടാക്കി. ഗ്രന്ഥശാലാ പ്രസ്ഥാനവും, തീവ്ര നവചിന്തളും തെളിച്ചം വീശിയ ഈ നാട്ടില്‍ സാക്ഷരതാ പ്രസ്ഥാനവും സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പുതുപ്രകാശത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ വിരിയിച്ചു. സര്‍വ്വവിധ കൂട്ടായ്മകളുടെയും തെളിഞ്ഞ സാന്നിധ്യം നെടുമങ്ങാട്ട് എന്നും പ്രകടമായിരുന്നു. ഈ താലൂക്കില്‍ നിന്നിറങ്ങിയ ചെറുമാസികകളും നാടിന്റെ സാംസ്‌കാരികതയ്ക്ക് തനത് സംഭാവനകള്‍ നല്‍കി.  

       എഴുപതുകളിലെ കൈയെഴുത്തു ആശയപ്രചരണോപാധികളുടെ പരിമിതികളുള്‍ക്കൊണ്ട്, അക്ഷരാഗ്നി ജ്വലിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചകളില്‍ നിന്നാണ് കേരളത്തിലെ മറ്റുഭാഗങ്ങളിലെപ്പോലെ ഇവിടെയും ചെറുമാസികാ വസന്തങ്ങളുണര്‍ന്നത്. റേഡിയോ ക്ലബ്ബുകളുടെയും ജനകീയ സാംസ്‌കാരിക കൂട്ടായ്മകളുടെയും ചൂട് ഇവയില്‍ പടര്‍ന്നു കയറി. വാക്കും വരയും കാഴ്ചകളും സങ്കല്പങ്ങളും എഴുത്തുമെല്ലാം ഇന്നു ബൈനറി ഡിജിറ്റുകളാകുമ്പോഴും വാര്‍ഷിക പുഷ്പികളെ മാതിരി, അവ ഘടികാര സ്വഭാവം കാണിച്ചു കൊണ്ട് പുറത്തുവരുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ സാംസ്‌കാരിക ഉണര്‍വ്വിനെ ഇടയ്ക്കിടെ അതെല്ലാമോര്‍മ്മപ്പെടുത്തുന്നു. 

    മലയാളം മുഴുവനുമറിയപ്പെട്ടിരുന്ന ഒരുപിടി കുഞ്ഞുമാസികകള്‍ നെടുമങ്ങാട്ടെ അച്ചുകൂടങ്ങളില്‍ എണ്‍പതുകള്‍ മുതല്‍ പിറന്നു. അവ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ആവിഷ്‌കരണാവസരങ്ങള്‍ നല്‍കി അരങ്ങൊഴിഞ്ഞു. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഇന്‍ഡ്യയുടെ അംഗീകാരം നേടി തീര്‍ത്തും ഗൗരവഭാവത്തോടെയാണ് ഇവ ചുവടുകള്‍ വച്ചത്.  കൃത്യയായ ഉദ്ദേശ ലക്ഷ്യങ്ങളും, സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകളും ഇടപെടലുകളും ഉള്ളടക്കത്തില്‍ പരീക്ഷിച്ചപ്പോള്‍. സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച വലിപ്പവും രൂപവും അവ പുറകാഴ്ചയില്‍ക്കാട്ടി. അങ്ങനെ നെടുമങ്ങാടന്‍ കുത്തു മാസികളുടെ പ്രതേ്യകതകള്‍ കെട്ടിലും മട്ടിലും വേറിട്ടതായിരുന്നു. 

    പഴയ യുഗത്തില്‍ അച്ചുകള്‍ നിരത്തി പ്രൂഫിലെ കരടുകള്‍ പെറുക്കിമാറ്റി ഒരു പേജൊരുക്കുന്ന നേരം കൊണ്ടിന്നൊരു പുസ്തകമിറക്കാന്‍ സാധിക്കുന്ന കാലത്ത് തിരിഞ്ഞുനോക്കുമ്പോള്‍ ഈ മാസികാപ്രവര്‍ത്തകരുടെ ദൗത്യഗരിമ തെളിയുന്നു. സാമ്പത്തിക പരിമിതികളെ വകഞ്ഞു നീങ്ങിയ കുഞ്ഞുമാസികാ പ്രവര്‍ത്തകര്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവതയുടെ ചിന്താപദ്ധതികളെ വളര്‍ത്തി. ആളിപ്പടര്‍ന്ന സൗഹൃദങ്ങളുടെ ലോകമായിരുന്നത്. ഒരു കുഞ്ഞു മാസിക മറ്റൊരെണ്ണത്തിനെ കുറിച്ച് പ്രതേ്യക പതിപ്പ് ഇറക്കുന്നതില്‍ വരെ ആ സഹകരണം ചെന്നെത്തിയിരുന്നു. (തെറ്റാടി മാസികയുടെ പാത പതിപ്പ് സസന്തോഷം ഓര്‍ക്കാം). ഇല്ലായ്മകളില്‍ നടന്നു നടന്നു പിറവിയെടുത്ത പ്രസിദ്ധീകരണങ്ങളായിരുന്നു അവയെല്ലാം.

    പുതു കവിത, കഥ എന്നിവകളുടെ സാധ്യതകള്‍ക്ക് അപ്പുറത്ത് സ്ത്രീപക്ഷവാദം, ആഗോളീകരണ ബദലുകള്‍, വര്‍ഗ്ഗീയത വിഷലിപ്തമാക്കാന്‍ പോകുന്ന ഭാവികേരള മണ്ണിനെ കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ എന്നിവ ഇവയുടെ ഉള്ളിനെ ചൂടുറ്റതാക്കി. പരിസ്ഥിതി വിഷയങ്ങളോട് അവയൊപ്പം ചേര്‍ന്നു നിന്നു. അഥവാ അത്തരം കാര്യങ്ങളെ അവ കണ്ടെടുക്കുകയായിരുന്നു. ദേശദേശാന്തരം പുതിയ വസന്തമുണ്ടാക്കി തപാല്‍മാര്‍ഗ്ഗം സഞ്ചരിച്ച മാസികളുടെ കൂട്ടത്തില്‍ പാത, തെറ്റാടി, ഘടികാരം, ആവിഷ്‌കാരം എന്നിവകളുടെ സാന്നിദ്ധേ്യാര്‍മ്മകള്‍ മൂന്ന് ദശാബ്ദത്തിനു ശേഷവും ഏറെ തെളിച്ചമുള്ളതാണ്. 

    എണ്‍പതുകളിലിറങ്ങിയ സൂര്യന്‍ മാസികയാണ് നെടുമങ്ങാട് ചെറുമാസികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കിയത്. പ്രാദേശിക വിഷയങ്ങളെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണ് സൂര്യന്‍ ചെയ്തത്. ഈ മാസിക ഒന്‍പതു ലക്കങ്ങലേയ്ക്ക് നീണ്ടു. 

    തെരുവില്‍ വില്പന നടത്തിയിരുന്ന 'പാത' മാസിക ആശയ പ്രചരണത്തിനു സാധാരണക്കാരോടു സംവദിച്ചു. ജനകീയ സമീപനമായിരുന്നു പാത എന്ന കുഞ്ഞു മാസികയുടെ പ്രധാന പ്രതേ്യകത. നെടുമങ്ങാടിന്റെ കിഴക്കന്‍ മലയോരങ്ങളിലെ തോട്ടം തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ആശയപ്രചരണത്തിലെ നിലവാരമത് ഉയര്‍ത്തിക്കാട്ടി. സമത്വത്തില്‍ അധിഷ്ടിതമായ നവലോക സങ്കല്പമാണ് ഈ കുഞ്ഞു മാസികയുടെ ഉള്‍ക്കാമ്പ്. 

    പ്രധാനമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍പരിഗണിക്കപ്പെട്ടതാണ് തെറ്റാടി (1992). രണ്ടായിരത്തി ഒന്നുവരെ ഈ ദേശെത്ത പുതുചിന്തയുടെ താക്കോല്‍ തെറ്റാടി വഹിച്ചു. തെറ്റാടിയുടെ മുഖ, ഉള്‍ച്ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുഞ്ഞുമാസികയ്ക്ക് വേണ്ടി ഒരു പടം ബ്ലോക്ക് ആകുന്നതില്‍ വിദ്യാര്‍ത്ഥിയായിരുന്ന തെറ്റാടി പത്രാധിപരുടെ അദ്ധ്വാനം ഓര്‍ക്കുക. വിവിധ വിഷയ സംബന്ധിയായ പതിപ്പുകളാണ് തെറ്റാടിയെ വേറിട്ടു നിര്‍ത്തിയത്. കഥാപ്പതിപ്പ്, വി.പി.ശിവകുമാര്‍ പതിപ്പ്, സ്വപ്നവംശത്തിലെ കഥ, കവിതാപതിപ്പ് (1993), കുട്ടികള്‍ക്കായി തയ്യാറാക്കിയ സെന്‍ പതിപ്പ്, സമാന്തര പ്രസിദ്ധീകരണപതിപ്പ് എന്നിവ മാസികാപ്രവര്‍ത്തകളുടെ സര്‍ഗ്ഗധനതയുടെ തെളിവ് നല്‍കുന്നു. ഗസ്റ്റ് എഡിറ്റര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയ കുഞ്ഞു മാസികയായിരുന്നു തെറ്റാടി. അതീവ പത്രാധിപ ധിഷണകളുടെ ഓര്‍മ്മകളുണ്ടാക്കുന്ന ഈ മാസിക രൂപത്തിലും വലിപ്പത്തിലുമാവര്‍ത്തിക്കാത്ത വൈവിധ്യം നിലനിര്‍ത്തി. ഒറീസ്സയില്‍ അതിക്രൂരമായി ഇല്ലായ്മചെയ്യപ്പെട്ട ഗ്രഹാംസ്റ്റെയില്‍ എന്ന ആസ്‌ത്രേലിയന്‍ പാതിരിക്ക് ഒരു ലക്കം സമര്‍പ്പിച്ചത് തെറ്റാടി സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാടുകളുടെ ലിറ്റ്മസ് ആയിരുന്നു.  

    താലൂക്കിലെ പ്രധാന വ്യവസായ സ്ഥാപനമായ കരകുളം കെല്‍ട്രോണിലെ തൊഴിലാളികളും ജീവനക്കാരും കുഞ്ഞുമാസികാ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. അവയില്‍ നിദേശം, സമത. എന്നിവകയുടെ സാംസ്‌കാരിക സംഭാവനകള്‍ തെളിവാര്‍ന്നതാണ്. നിദേശം മാസിക നല്ലരചനകള്‍ക്ക് ഇരുപത്തിയഞ്ചു രൂപ സമ്മാനം നല്‍കി കുഞ്ഞെഴുത്തുകാരെ മാനിച്ചു. വായനക്കാരുടെ പ്രതികരണങ്ങള്‍ക്കും ഈ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കിയിരുന്നു.

    കവിതയെ നെഞ്ചത്തേറ്റിയ താലൂക്കില്‍ നിന്നുള്ള പ്രസിദ്ധീകരണമാണ് ഘടികാരം. പ്രവര്‍ത്തന മികവിന്റെ സൂചകമായി പി. എ. ഉത്തമന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവരെ കുറിച്ചുള്ള പ്രതേ്യക പതിപ്പുകള്‍ ഘടികാരം ഇറക്കി. ഈ മാസികയുടെ വീട് പതിപ്പ് ശ്രദ്ധേയമാണ്. രണ്ടായിരത്തിലെ 'ഗുജറാത്ത്' പതിപ്പ് 'പില്‍ക്കാല' ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്കുള്ള കൈചൂണ്ടിയായി നിലകൊണ്ടു. നാടകപ്പതിപ്പ്, യുവസ്പന്ദം എന്ന പേരിലുണ്ടായിരുന്ന പുതിയ എഴുത്തുകാരുടെ ഇന്റര്‍വ്യൂ കോളം എന്നിവയും ശ്രദ്ധേയമാണ്. കവിതാ പഠനങ്ങള്‍ക്ക് ഘടികാരം പ്രാധാന്യം നല്‍കിയിരുന്നു. 

    ചിന്തിക്കുന്നവര്‍ക്കു മാത്രമായി നെടുമങ്ങാടു നിന്നും പുറത്തു വന്നതാണ് ആവിഷ്‌കാരം മാസിക. ഡെമ്മി നാലിലൊന്നു വലിപ്പവും തൊണ്ണുറുകളിലെ ആശയ സമഗ്രതയും ഇതുപേറി. തുടര്‍ലേഖനങ്ങള്‍ ആവിഷ്‌കാരത്തിന്റെ മറ്റൊരു പ്രതേ്യകതയാണ്. ആഗോളീകരണത്തിനെതിരെയുള്ള ബദല്‍ അനേ്വഷണങ്ങള്‍ക്ക് ചിന്താ ശക്തിപകര്‍ന്നതായിരുന്നു ഈ മാസികയുടെ നിലപാട്. പരിസ്ഥിതി, പ്രാദേശിക വിഭവസംരക്ഷണം, എന്നീ ആശയങ്ങള്‍ക്ക് പുറമെ ആവിഷ്‌കാരത്തിലെ നാട്ടറിവു പംക്തി ശ്രദ്ധേയമായിരുന്നു. നാലുലക്കങ്ങളോളം സാംസ്‌കാരിക പ്രവര്‍ത്തനനങ്ങള്‍ അതുതുടര്‍ന്നു.

    ഈ കുഞ്ഞുമാസിക സംഘാടകരില്‍ ചിലര്‍ ഒരുപടി കൂടി മുന്നേറി. ചെറുകിട പ്രസാധന രംഗത്തേയ്ക്ക് കാല്‍വയ്പു നടത്തി മുന്നോട്ടു പോയവരാണ്. ഉണ്മ സാസികയുടെ (നെടുമങ്ങാട്) ഉണ്മ ലിറ്റില്‍ ബുക്‌സ്. കനല്‍ ബുക്‌സ്, തെറ്റാടി മാസികയുടെയും പ്രസിദ്ധീകരണ സംരംഭങ്ങള്‍. കല്ലാര്‍ ഗോപകുമാറിന്റെ എക്‌സ്- പ്രസ്സ് പബ്ലിക്കേഷനും സ്മരണീയമാണ്. ഇവയുടെയെല്ലാം  സാന്നിധ്യവും തെരുവുകളിലായിരുന്നു. ഡിജിറ്റല്‍ പ്രസിദ്ധീകരണരംഗത്തേയ്ക്കും തെറ്റാടി  മാസിക പ്രവര്‍ത്തകന്‍ ചുവടുകള്‍ നീട്ടാതിരുന്നില്ല.

    മികവുറ്റു എഡിറ്റോറിയലുകളുമായി എട്ടും പന്ത്രണ്ടും ലക്കങ്ങള്‍ തുടര്‍ച്ചയായി പൂര്‍ത്തീകരിച്ചാണ് ഇവയില്‍ പല പ്രസിദ്ധീകരണങ്ങളും വിടവാങ്ങിയത്. അതിന് അപവാദം ഘടികാരം മാസികയാണ്. മുപ്പതു വര്‍ഷങ്ങളായി തുടര്‍ച്ചയില്ലെങ്കിലും ഘടികാരം ഇപ്പോഴും നിലനിന്നുപോരുന്നുണ്ട്. ഒരു മാസികാപ്രവര്‍ത്തന സഹകരണോര്‍ജ്ജത്തില്‍ നിന്ന് മറ്റൊരു പ്രസിദ്ധീകരണമുണ്ടാകുന്ന രീതിയും പ്രകടമായിരുന്നു.


യുവതയുടെ ഊര്‍ജ്ജചരിതം


    ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ സൂര്യന്‍ മാസികയുടെ പ്രസിദ്ധീകണ പങ്കാളിയായി നടരാജന്‍ ബോണക്കാട് എത്തിയതോടെയാണ് നെടുമങ്ങാട്ടെ ചെറുമാസികാ പ്രവര്‍ത്തനങ്ങള്‍ പുതുഘട്ടത്തിലേയ്ക്ക് കടക്കുന്നത്. 

    ഇരിഞ്ചയത്തു നിന്നും എം സെബാസ്റ്റ്യന്‍, കെ മധു എന്നിവരുടെ സംഘമാണ് സൂര്യന്‍ ആരംഭിച്ചത്. നടരാജന്‍ ബോണക്കാട് ഉള്‍പ്പെടെയുള്ള പത്രാധിപസമിതി നെടുമങ്ങാട്ട് നിന്നും തുടര്‍ന്ന് മാസികയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

    നടരാജന്‍ ബോണക്കാട് മാസികാപ്രവര്‍ത്തനത്തിലെ നിലപാടുകള്‍ വ്യക്തമാക്കി വ്യതിരിക്തത നിലനിര്‍ത്തിയ പത്രാധിപരായിരുന്നു. ലേ ഔട്ട്, അച്ചടിയിലെ സൂക്ഷ്മത എന്നിവ നടരാജനിലെ പത്രാധിപ പ്രതിഭയെ വെളിപ്പെടുത്തി. സംഘത്തുടക്കത്തിലാരംഭിച്ച് തുടര്‍ന്ന് ഏകനായി  അദ്ദേഹത്തിനു തന്റെ മാസികകളെ നിരവധി വര്‍ഷങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. കവിത, കഥ, പ്രശ്‌നാധിഷ്ടിതമായ ഇടപെടലുകള്‍ എന്നിവ നടരാജന്‍ മാസികകളുടെ ഉള്ളടക്ക പ്രതേ്യകതകളാണ്. സൂര്യന്‍ (1982), നു പുറമെ ജനതുട ി, ഉണ്മ എന്നിവയാണ് നടരാജന്റെ കൈപ്പാടു പതിഞ്ഞ ചെറുമാസികാ സംരംഭങ്ങള്‍. സൂര്യനിലൂടെയാണ് പുതിയ മാസികാ സാംസ്‌കാരികത നെടുമങ്ങാട്ട് തുടക്കമിട്ടതെങ്കിലും പാത എത്തുന്നതോടെ അത് ഉച്ചാവസ്ഥയിലായി. വിവിധ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ നടരാജന്‍ മുഖ്യ കാര്‍മ്മികനായ പാതമാസിക (1988) യാണ് ഏറെ ജനകീയമായി മാറിയത്. 

    1982 ല്‍ തൃശൂരില്‍ നടന്ന ചെറുമാസിക പ്രവര്‍ത്തകരുടെ കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നടരാജന്‍ പങ്കെടുത്തിരുന്നു. ഉണ്മ, കനല്‍ എന്നിവകളിലൂടെ കുഞ്ഞുപ്രസിദ്ധീകരണത്തിലേയ്ക്കും നടരാജന്‍ കടന്നിരുന്നു.

    ഇളവട്ടം കെ. പി. രവിയുടെയും സംഘത്തിന്റെയും ബോധി (1983) മാസികയും പ്രവര്‍ത്തകരുടെ തീവ്രരാഷ്ട്രീയം വെളിപ്പെടുത്തിയ ചെറുമാസികയാണ്. പുരോഗമന രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്ത ഒന്നായി അതു നെടുമങ്ങാടു കുഞ്ഞു മാസികാ ചരിത്രത്തില്‍ ഇടം പിടിക്കുന്നു. യുവാക്കളുള്‍പ്പെട്ട പുതിയ തലമുറയാണ് ഈ ദൗത്യത്തിനുള്‍ക്കാമ്പുകളെ നെഞ്ചേറ്റിയത്. 

    പാച്ചല്ലൂര്‍ ബാലചന്ദ്രന്റെ കൈപ്പാട് പതിഞ്ഞത് നിദേശം (1987) മാസികയിലാണ്. സ്പന്ദനം, ശലാക, യജ്ഞം, സ്പന്ദനം എന്നിവയും കെല്‍ട്രോണ്‍ ക്യാമ്പസില്‍ നിന്നും പാച്ചല്ലൂര്‍ ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിന്താ തീഷ്ണതയില്‍ പുറത്തിറങ്ങി. ക്ലാപ്പന ഷണ്മുഖന്റെ സമത (1989) യാണ് ഈ വ്യവസായ കേന്ദ്രത്തില്‍ നിന്നും പുറത്തുവന്ന മറ്റൊരു കുഞ്ഞു മാസിക. മാസികാ പ്രവര്‍ത്തകരുടെ വലിയ കൂട്ടായ്മാ കരകുളം കെല്‍ട്രോണ്‍ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്നു. 

    തെറ്റാടി മാസിക (1992) യിലൂടെ ഉദയന്‍ മലയാളത്തില്‍ പുതിയ മാസികാ ചരിത്രം നെടുമങ്ങാട്ടു നിന്നും രചിക്കുകയായിരുന്നു. അതിനു മുമ്പേ തന്നെ ഉദയന്റെ പ്രവര്‍ത്തനങ്ങളില്‍ തൂലിക (1988),  തണല്‍ (1990) എന്നിവ ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണങ്ങള്‍ തെറ്റാടി മാസികയെ സമഗ്രമാക്കുന്നതില്‍ വിദ്യാഭ്യാസ കാലത്തു തന്നെ ഉദയനു കരുത്തു നല്‍കി.         ചെറുകാലത്തിന്നിടയില്‍ തണല്‍ അതിന്റെ വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിച്ചു, തെറ്റാടിയുടെ വൈവിധ്യ വിഷയപ്പതിപ്പുകള്‍ ശ്രദ്ധേയങ്ങളാണ്. യൂണിവേഴ്‌സിറ്റി കോളേജിന്റെ സാംസ്‌കാരിക രസതന്ത്രം ഈ മാസികാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദയനു കരുത്തു നല്‍കിയതായി കാണാം.  

    ബി. എസ്. രാജീവിന്റെ നേതൃത്വത്തില്‍ ഘടികാരം (1990) ഇളവട്ടത്തു നിന്നാരംഭിച്ചു. കവിതയ്ക്ക് പ്രാമൂഖ്യമുള്ള മാസികയായി ഘടികാരമിന്നും നിലകൊള്ളുന്നു. പുതിയ അച്ചടിസങ്കേതങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ആദ്യ തലമുറ മാസികളില്‍ ഒന്നാണ് ഘടികാരം. പാതയിലെ  പ്രവര്‍ത്തന പരിചയത്തില്‍ നിന്നായിരുന്നു ഘടികാരത്തിന്റെ വളര്‍ച്ച.

    കെ. മധുവിന്റെ ആവിഷ്‌കാരത്തിനും (1993) ഏറെ ശ്രദ്ധ ലഭിച്ചു. ആഗോളവത്കരണത്തിന്റെ രാഷ്ട്രീയമായിരുന്നു ആവിഷ്‌കാരം മാസിക ലക്ഷ്യമിട്ടത്. തൊളിക്കോട്ടു നിന്നും ഇറങ്ങിയ തുലനം (1994) വും ഈ സംഘത്തില്‍ ഉള്‍പ്പെട്ടു. ഷാജഹാനാണ് ഈ ചെറുമാസികയുടെ പ്രവര്‍ത്തകന്‍. 

    ആദ്യകാലാ മാസികാ പ്രവര്‍ത്തകനായ സതീഷ് കുമാറിന്റെ സേവനങ്ങള്‍ സ്മരണീയമാണ്. ശരം മാസിക (70കളില്‍) യാണ് നെടുമങ്ങാടു മാസികാ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും പ്രചോദനമായ മറ്റൊരു കുഞ്ഞുപ്രസിദ്ധീകരണം.

     ദീപശിഖ ഏറ്റെടുത്ത് കൊണ്ട് പുതുതലമുറയുമെത്തി. ഷിറാസ് പാലോട് ചുമതലക്കാരനായ അക്ഷരം (2000) മാസിക പതിന്നാറു ലക്കങ്ങള്‍ പത്തിറക്കിയ 'പ്രതിമാസ സുതാര്യ ഗ്രാമപത്ര'മായിരുന്നു. രാഷ്ട്രീയവും കാല്പനികതയും അക്ഷരത്തിന് വര്‍ജ്യമായിരുന്നു. 

    മുഖ്യപത്രാധിപന്മാരായി ഷിജുഖാന്‍ പുതിയ സൂര്യന്‍ (2004) ഒന്‍പതു പതിപ്പുകള്‍ പുറത്തിറക്കി. വി  സി അഭിലാഷ് പകലു (2008) മായി മാസികാ പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നുവന്നു. 

    എഴുതി തുടങ്ങുന്നവര്‍ക്ക് പ്രോത്സാഹനം. സാഹിത്യത്തിലെ 'മെരിറ്റിനു' നല്‍കിയ പ്രാധാന്യം എന്നിവയാല്‍ ഇവയൊക്കെ ഏറെ ശ്രദ്ധേയങ്ങളായിരുന്നു. എണ്‍പതുകള്‍ തുടങ്ങി ഇരുപത്തിയഞ്ചാണ്ടുകളിലെ യുവാക്കളുടെ തീവ്രചിന്താപദ്ധതികളുടെ പതാകകള്‍ ഈ മാസികകള്‍ പേറി. ഈ മാസികാ പ്രവര്‍ത്തകരില്‍ മിക്കപേരും എഴുത്തുകാരായി മാറിയെങ്കിലും മുഖ്യധാരാ പത്രപ്രവര്‍ത്തന രംഗത്ത് ഷിജുഖാനും വി സി അഭിലാഷും മാത്രമേ കൈവച്ചുള്ളു. 

    ഇവയില്‍ പല മാസികകളും നെടുമങ്ങാടിന്റെ നാലതിരുകളിലൊതുങ്ങാതെ കേരളം മുഴുവനും ചര്‍ച്ചചെയ്ത പ്രസിദ്ധീകരണങ്ങളായിരുന്നു. അതിലൂടെ പ്രവര്‍ത്തന ബന്ധങ്ങള്‍ വികസിച്ചു. എണ്‍പതു തൊണ്ണൂറുകളില്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മറക്കാന്‍ വയ്യാത്ത സാംസ്‌കാരികതയുടെ അഷ്ടബന്ധങ്ങളായി അവയോരോന്നും വിലയിരുത്തപ്പെട്ടു.

    കുടുസ്സുമുറികളിലെ അച്ചടിശാല ഉടമകളോട് കടപ്പാടില്ലാതെ മാസികാ ചരിത്രം വിലയിരുത്തുന്നതു പൂര്‍ണ്ണമാകില്ല. അവരുടെ ക്ഷമയും സ്‌നേഹസ്പര്‍ശവും കുഞ്ഞുമാസികളുടെ ജനനവും വളര്‍ച്ചയും ഒരു പരിധിവരെ നിശ്ചയിച്ചു. ആര്‍ട്ടിസ്റ്റ് ചിന്ത ബാഹുലേയന്‍ നല്‍കിയ സംഭാവനകളും നെടുമങ്ങാടന്‍ മാസികാ സംരംഭങ്ങളെ സ്മരണീയമാക്കുന്നു.

    വികേന്ദ്രികൃതമായ അദ്ധ്വാനം ഇവയില്‍ പ്രകടമായിരുന്നു. മാസികകള്‍ ഒരുക്കുന്നതില്‍ മുതല്‍ വിതരണത്തില്‍വരെ ആ ഊര്‍ജ്ജം നീണ്ടുചെന്നു. 

    പാതയ്ക്കു പിന്നില്‍ എം സെബാസ്റ്റ്യന്‍, പി എ ഉത്തമന്‍, ഉഴമലയ്ക്കല്‍ മൈതീന്‍, കല്ലാര്‍ ഗോപകുമാര്‍, എസ്. ഡി. ചുള്ളിമാന്നൂര്‍, അജയപുരം ജ്യോതിഷ് കുമാര്‍, ജിജോകൃഷ്ണന്‍, കല്ലാര്‍ ഹരികുമാര്‍, ബി എസ് രാജീവ്, വട്ടപ്പാറ ജയകുമാര്‍, പ്രതീപ് കെ ജി, ഗോപി എന്നിവരുടെ അദ്ധ്വാനം കാണാം. ജനതുടി, ഉണ്മ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലാര്‍ ഗോപകുമാര്‍ സഹകരിച്ചിരുന്നു.

    ബോധിയുടെ കാഴ്ചപ്പാടുകള്‍ക്ക് കരുത്തുണ്ടാക്കിയത് രാമകൃഷ്ണന്‍, നെയ്യപ്പള്ളി അപ്പുക്കുട്ടന്‍  നായര്‍, വേലായുധന്‍ പിള്ള, ശശികുമാര്‍, വാമന്‍, എന്നിവരാണ്. 

    കെല്‍ട്രോണിലെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് പിന്നില്‍ പ്രഭാകരന്‍ നിലോവ്‌ന, പരശുവയ്ക്കല്‍ കൃഷ്ണന്‍കുട്ടി, രത്‌നാകരന്‍, ഗോപാലകൃഷ്ണന്‍, രവി, എന്നിവരെ കാണാം. അപ്പു, കബീര്‍, എന്നിവരും സൂര്യനുവേണ്ടി വിയര്‍പ്പൊഴുക്കി. 

    ഘടികാരത്തിന്റെ മുന്‍നിര പ്രവര്‍ത്തകരായി ഉഴമലയ്ക്കല്‍ മൈതീന്‍, ജോണ്‍ പരുത്തിക്കുഴി, സുനില്‍ എന്നിവരുണ്ട്. ഉദയന്‍, ഉഴമലയ്ക്കല്‍ മൈതീന്‍, ഗിരീഷ് പുലിയൂര്‍, പേരയം സന്തോഷ് എന്നിവരാണ് ആവിഷ്‌കാരത്തിന്റെ ശക്തി. 

    പഴയകാല യവ്വനോര്‍മ്മകളെല്ലാം ചിതലെടുക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുന്നത് അവ വിരിയിച്ച ഇല്ലായ്മപൂക്കളെ വീണ്ടും കാണാന്‍ വേണ്ടിയാണ്. ആ സൂനങ്ങള്‍ ഇല്ലായ്മ പൂക്കളായിരുന്നു. അതു തീര്‍ച്ച.

    

സാക്ഷി 2021


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi