2008, നവംബർ 25, ചൊവ്വാഴ്ച

വൃശ്‌ചികത്തിന്റെ വെള്ളോട്ടു പാത്രം


മണ്ണിനും വിണ്ണിനും കൗമാരഭാവം. കുളിരും ചെറുചൂടും മഞ്ഞിന്‍ പാടയില്‍ ആറാടി നടക്കുന്ന ദേശച്ചന്തവും. എമ്പാടും ഉത്സാഹം കുമിഞ്ഞു നിറയുന്നു. ഏറെ പ്രിയങ്കരിയായ ചിങ്ങത്തിനു പോലും ഇത്രത്തോളം ഓമനയാകാന്‍ കഴിയുന്നില്ല. കേരളീയ സൗന്ദര്യാംശത്തില്‍ വൃശ്‌ചികം അധിക ചാരുത വരഞ്ഞിടുന്നു.

അതീവ സുതാര്യമായ മഞ്ഞിന്‍ തുണിയാല്‍ പ്രപഞ്ചമാകെ മൂടപ്പെട്ടിരിക്കുന്നു. അത്തരം തോന്നലോടെയാണ്‌ വൃശ്‌ചിക പുലരികള്‍ കണ്‍മിഴിക്കുന്നത്‌. നീര്‍ക്കണങ്ങള്‍ ഇറ്റുവീഴാന്‍ വിറകൂട്ടി നില്‍ക്കുന്ന തുളസിക്കതിര്‍ ചൂടിയ കൂന്തല്‍ ഭാരത്തെ ഓര്‍മ്മിപ്പിക്കുന്ന സുന്ദര പ്രഭാതമാണ്‌ അതിനുള്ളത്‌. സായാഹ്നങ്ങളില്‍ നിറ കര്‍പ്പുര ഗന്ധം വൃശ്‌ചിക സാന്നിധ്യമായി വന്നു തൊടുന്നു.കുത്തിനോവിക്കാത്ത വശ്യത്തണുപ്പു പടര്‍ന്ന പകലും രാവും. വട്ടമിടുന്ന ഇളംകാറ്റ്‌ ( വൃശ്‌ചിക കാറ്റേ.... വൃകൃതി കാറ്റേ....വഴിമാറി വീശല്ലേ ....നീ വഴിമാറി വീശല്ലേ....)

തുലാമഴയില്‍ തോര്‍ത്തി തളര്‍ന്ന പച്ചപ്പിനു മേല്‍ വൃശ്‌ചികം മിത ഊഷ്‌മളാവസ്ഥയുടെ നിറ ഉത്സാഹം കൊരിയൊഴിക്കുന്നു. വവോഢ ചമയാത്ത ഏതു സസ്യജാലമാണീ കാലത്തില്ലാത്തത്‌?

കറുത്ത മുഖത്തേയും വാരിയെടുത്ത്‌ മേഘങ്ങള്‍ ആകാശത്തിന്റെ കാണാദിക്കുകള്‍ തേടി പൊയ്‌ക്കളഞ്ഞു. മിതോഷ്‌ണാന്തരീക്ഷത്തില്‍ പരന്നു നിറഞ്ഞ പുകമഞ്ഞും സൗമ്യസൗര സാന്നിധ്യവും തെളിനീലവാനവും വൃശ്‌ചികക്കൂറിനെ ഓര്‍മ്മപ്പെടുത്തുന്നു.

പകല്‍ വെളിച്ചത്തോട്‌ ഒട്ടിക്കിടക്കുന്ന പുകമഞ്ഞിന്റെ സൗരഭ്യം നാട്ടിമ്പുറങ്ങള്‍ക്ക്‌ അലൗകിക ഭാവം പകരുന്നു.വൃശ്‌ചിക പകല്‍ നടുന്നു ചെന്നു ചായുന്നത്‌ അന്തി നടത്തത്തിനിറങ്ങിയ സായാഹ്നമാറിലേയ്‌ക്കും. വിശാലമായ പാടശേഖരം, കാറ്റില്‍ ചാഞ്ചാടുന്ന നെല്‍മെത്ത, ആര്‍ത്തിയും കൊതിയും മൂത്ത്‌ പച്ചപ്പിലേയ്‌ക്ക്‌ വീഴുന്ന പൊന്‍വെളിച്ചം. സായാഹ്നകാഴ്‌ചകളില്‍ യവ്വനോരുക്കത്തിന്റേതായ വേലിയേറ്റത്തില്‍ കരള്‍ പിടച്ചുപോവും.

ഋതുചക്രത്തില്‍ നിന്നുള്ള തുലാമാസ വേര്‍പിരിയല്‍ അപൂര്‍വ്വ കാഴ്‌ചയാണ്‌. തലേന്നുണ്ടായ അവസാന പെയ്‌ത്തില്‍ നിന്നും മിച്ചം പിടിച്ചൊരുക്കിയ കോടമഞ്ഞിന്റെ കനത്ത പാളികള്‍ ഭൂവല്‍ക്കത്തോടു ചേര്‍ന്നു പറ്റിക്കിടക്കും. മറയാന്‍ വയ്യ! പറിച്ചു നീക്കാനാവാത്ത ഗാഢാലിംഗനം.

മൂടല്‍ മഞ്ഞിന്‍ പാളികളെ ഭേദിച്ച്‌ സൈക്കിളോടിച്ച ബാല്യം. കൈത്തണ്ടയില്‍ കുനുകുനുത്ത രോമത്തില്‍ മഞ്ഞിന്‍ പൂപ്പല്‍ വന്നു തൊടുമ്പോള്‍ ഞാനിപ്പോള്‍ യൂറോപ്പിലാണ്‌. കാശ്‌മീരിലാണ്‌. എന്നൊക്കെ പിറുപിറുത്ത്‌ കിടുകിടുക്കാന്‍ വന്ന തണുപ്പിനെ ഓടിക്കും.

ഇതു സഞ്ചാരമാസമാണ്‌. ശരാശരി മലയാളിയുടെ ദൂരക്കാഴ്‌ചകളും യാത്ര പോകലും വൃശ്‌ചികത്തിലെ അയ്യപ്പന്‍ യാത്രകളില്‍ നിന്നാണു തുടങ്ങുന്നത്‌. വിശിഷ്യ കുട്ടികളുടെ കാര്യത്തില്‍. തീഷ്‌ണച്ചായക്കൂട്ടുകള്‍ നിറച്ച്‌ അതു കാഴ്‌ചകളെ സമ്പുഷ്‌ടമാക്കുന്നു. മൂളിപ്പാട്ടുമായി യാത്രാവേളകളില്‍ കൂട്ടുവരുന്ന സ്‌നേഹിതയായി വൃശ്‌ചികത്തെ നിശ്ചയം പരിഗണിക്കാം.

വൃശ്‌ചികത്തിലെ കാര്‍ത്തിക നാളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ തൃക്കാര്‍ത്തിക വിളക്കുത്സവം ആഘോഷിക്കുന്നു. വാഴത്തട വിളക്കുകള്‍, കുരുത്തോല അലങ്കാരങ്ങള്‍, നിറദീപ മണ്‍ചെരാതുമായി പെണ്‍കുട്ടികള്‍. ചേമ്പ്‌, കാച്ചില്‍, നനകിഴങ്ങ്‌ വിവിധതരത്തിലെ പുഴുക്കുകളും ഇളനീരിന്റെ മാധുര്യവും. കാര്‍ത്തിക സന്ധ്യയുടെ ചന്തത്തിന്‌ പെരുംകൂട്ടാവുന്ന പൗര്‍ണ്ണമി ചന്ദ്രനും പാല്‍ നിലാവും.

``വിളക്കു കണ്ടോ വെണ്‍ മുറം കണ്ടോ
നിക്കുന്ന വൃക്ഷങ്ങളൊക്കെയും കണ്ടോ
ഒരാണ്ടു കൂടി വരും മാതേവിയമ്മയ്‌ക്ക്‌
അരിയോ.... അരിയോ..
തെങ്ങേ കണ്ടോ മാവേ കണ്ടോ..
വിളക്കു കണ്ടോ വെണ്‍ മുറം കണ്ടോ'' ഒരു ബാല്യാവസ്ഥയാണിവിടെ ഓര്‍മ്മിക്കപ്പെടുന്നത്‌.

നിലാവിന്റെ മാത്രകള്‍ വൃശ്‌ചികത്തില്‍ പുതയുന്നത്‌ അനര്‍ഘ രാത്രികളെ നിര്‍മ്മിക്കുന്നു. പാലപൂത്ത മണമുതിരുമ്പോള്‍ യക്ഷ, ഗന്ധര്‍വ്വ, കിന്നര, അപ്‌സരസ്സിന്‍ സാന്നിധ്യം മനസ്സില്‍ ഞെട്ടുന്നു. നിലാവ്‌ അന്യമായ കൂരിരുള്‍ രാവില്‍ കാണാമഞ്ഞിന്‍ കടല്‍ വരവ്‌ നാസാരന്ധ്രങ്ങളില്‍ അറിയുന്നു.

തണുപ്പിലൂടെ അരിച്ചണയുന്ന അയ്യപ്പന്‍ പാട്ടിന്റെ ശീലുകള്‍....ഒരു പ്രേമഗാനം.... രാക്കിളി ചിറകടിയും അവരുടെ ഉറക്കപ്പേച്ചുകളും.... മറക്കാ നിമിഷങ്ങളെ വരച്ചിടുന്നു.

ദൂരം താണ്ടി തീവണ്ടി പായുമ്പോള്‍ മഞ്ഞും നിലാവും മത്സരിച്ചു പൂത്തുലഞ്ഞ രാവുകളില്‍ മനസ്സെങ്ങനെ ഉറങ്ങും? നിളയെപ്പോലെ തീവണ്ടിക്കൊപ്പം സമാന്തരം വാശിയോടെ ഒരു നദികൂടി ഒഴുകുകയാണെങ്കില്‍? അതില്‍ കരയ്‌ക്കു കയറാനാവാതെ കട്ടച്ചന്ദ്രിക വീണു കിടക്കുകയാണെങ്കില്‍?

``വൃശ്‌ചിക പൂനിലാവേ പിച്ചകപ്പുനിലാവേമച്ചിന്റെ മേലിരു ന്നൊളിച്ചു നോക്കാന്‍..''

വൃശ്‌ചികപ്പെരുമ തുളുമ്പുന്ന ഗാനം മൂളാതിരിക്കുതെങ്ങനെ?മൂത്തു പാകമായ മഞ്ഞും തണുപ്പുമായി ധനുമാസം തൊട്ടുമുന്നില്‍ കാത്തു നില്‍ക്കുന്നുവെങ്കിലും പ്രിയം സൗമ്യയായ വൃശ്‌ചികത്തോടു ചേര്‍ന്നു സഞ്ചരിക്കാനാണ്‌.
വാരാന്ത്യകൗമുദി 16.11.2008

2008, നവംബർ 7, വെള്ളിയാഴ്‌ച

ഒഴിഞ്ഞു പോകുന്ന മാമരങ്ങള്‍


ഈ പ്‌റപഞ്ചത്തിലെ വൃക്ഷവൈജാത്യത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍....(തുടര്‍ന്നു വായിക്കുക ) http://www.puzha.com/puzha/magazine/html/essay1_feb26_08.html

2008, നവംബർ 1, ശനിയാഴ്‌ച

ദര്‍ശനത്തരിപ്പ്‌


ഗരത്തിരക്കുകള്‍ക്കു മുമ്പേ വണ്ടിയിറങ്ങി പട്ടണ പ്‌റാന്തങ്ങളില്‍ അലയുന്ന ശീലമെനിക്കുണ്ട്‌. ഓര്‍മ്മയടരുകളില്‍ കൗതുക കാഴ്‌ചകള്‍ പറ്റിനിറയുന്ന നേരം.

സര്‍പ്പക്കൂടുകളുമായി പോയ ആളിനു പിന്നാലെ കൂടിയത്‌ അങ്ങനെയാണ്‌

പട്ടണം ഗ്‌റാമ ശീലങ്ങള്‍ക്ക്‌ പെട്ടെന്നു വിധേയയായി. രണ്‌‌ടു കയ്യാലകള്‍ക്കിടയിലൂടെ മണ്‍നിരത്ത്‌ വളഞ്ഞു പുളഞ്ഞു ഞെരുങ്ങി നീങ്ങി. തുറസ്സു മൈതാന ഇടവും കടന്ന്‌ ചേരിയുടെ ക്‌റമരഹിതാവസ്ഥയില്‍ പെട്ടു.

അയാളുടെ പിന്നാലെ ഞാന്‍ പാമ്പാട്ടി വീട്ടിലേയ്‌ക്ക്‌ കയറി.

ചായ്‌പ്‌ മുറിയിലെ കടുസ്സും അരണ്ട വെളിച്ചവും. പാമ്പിന്‍ കൂടുകളുടെ വലിയ തുണിക്കെട്ടുകള്‍ തറയില്‍. കഴുക്കോലില്‍ തൂക്കിയിട്ട അഞ്ചു കൂടുകളുടെ മറ്റൊരു കെട്ട്‌.

ശ്‌മശാന നിശ്ശബ്ദതയുമായി കൂട്ടുചേര്‍ന്ന കനത്ത മണം. അയാസത്തോടെ അയാള്‍ ഒരു കെട്ടിനെ പുറത്തു കൊണ്ടു വന്നു. കൂടുകള്‍ ഒന്നൊന്നായി എടുത്തു വച്ചു.

തുറന്ന കൂടിനുള്ളില്‍ അവന്‍ മയക്കത്തിലായിരുന്നു. തീറ്റയെടുത്ത ക്ഷീണമെന്ന വിശദീകരണത്തോടെ കഴുത്തിനു താഴെ അയാല്‍ ഒന്നു തട്ടിയതും ഭയത്തിന്റെ പൂക്കുറ്റി ഉയര്‍ന്നു ചാടി പത്തി വിടര്‍ത്തി. അവന്‍ തീഷ്‌ണം ചീറി നിന്നു. ചുരുട്ടി, മുന്നില്‍ ചുഴറ്റിയ പാമ്പാട്ടി മുഷ്ടിക്കു നേരെ അവന്‍ ചീറ്റലുതിര്‍ത്ത്‌ ആഞ്ഞു കൊത്തി. എനിക്കു തൃപ്‌തി വന്നുവെന്നു തോന്നിയതിനാലാവാം അയാള്‍ മൂടിയിട്ടു. അടച്ച കൂട്ടിനുള്ളില്‍ അവന്റെ കലിശീല്‌കാരം നേര്‍ത്തു വരുന്നതിന്നിടെ അടുത്ത കൂടു തുറന്നു. പിന്നെയും ഒരു കീറ്‌ ചീറ്റല്‍ പൊന്തി വന്നു... തുടര്‍ന്നു കൂടുകള്‍ തുറക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.

കുട്ടിക്കാലത്ത്‌ മൂവന്തി വിജനതയില്‍ കല്ലു വിളക്കില്‍ തിരി കത്തിച്ചു തിരിയുമ്പോള്‍ പിടി കൂടിയിരുന്ന ഭയത്തുണ്ട്‌ കാലില്‍ ചുറ്റി. അയാളുടെ തലക്കെട്ട്‌ പത്തി രൂപത്തിലാവുന്നോ? ശരീരം ചതഞ്ഞ്‌ സര്‍പ്പാകൃതിയിലേയ്‌ക്ക്‌? അയാള്‍ ഇതാ ഇപ്പോള്‍ ചീറുമെന്നു തോന്നിയപ്പോള്‍ അവിടെ നിന്നും പുറത്തു ചാടി.

തലച്ചോറില്‍ നിറയെ ചീറ്റലും അറിയാ മുഴക്കങ്ങളും. തിരിച്ചു നടന്ന വഴിത്താര പാമ്പിന്‍ ദേഹം പോലെ പുളഞ്ഞതും, വഴുക്കല്‍ നിറഞ്ഞതും, അതേ ചൂരു നിറഞ്ഞതുമായിരുന്നു.

വല്ലാത്ത ശ്വാസം മുട്ടലെന്നെ പിടികൂടി.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi