2014, ഏപ്രിൽ 29, ചൊവ്വാഴ്ച

പണ്ടങ്ങള്‍



സുഹൃത്ത്‌ മരണത്തെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയത്‌ പെട്ടെന്നായിരുന്നു. 

``വല്ല്യമ്മയെ ഞാനൊടുവില്‍ കണ്ടത്‌ ബസ്റ്റാന്‍ഡില്‍ വച്ചായിരുന്നു. എാറെ നാള്‍ സുഖമില്ലാതെ കിടന്നിട്ടും അവരെയൊന്നു ചെന്നു കണ്ടില്ല. പണ്ട്‌ പണ്ട്‌ പൊല്ലാക്കാലത്ത്‌ ഞങ്ങളെ ഒരുപാടു സഹായിച്ചത്‌ വല്ല്യമ്മയായിരുന്നു. ഞാനിതൊക്കെ എവിടെ കൊണ്ടുചെന്നു വയ്‌ക്കും? കുറെ കടങ്ങള്‍ കിടക്കട്ടെ!''
അങ്ങനെ സമാധാനിക്കുമ്പോള്‍ അയാളൊരു കറുത്ത പായ നിവര്‍ത്തിക്കാട്ടി, വീണ്ടും ചുരുട്ടിയെടുത്തതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌.
എന്നെക്കാണാന്‍ വേണ്ടി മാത്രമായിരുന്നു ഉയിരായിരുന്ന ഉറ്റബന്ധു ദീര്‍ഘദൂരം സഞ്ചരിച്ച്‌ എന്റെ ഓഫീസിലെത്തിയത്‌. അന്നത്തെ ദിവസം ഞാന്‍ ലീവിലായിരുന്നു. ഒരു ഓര്‍മ്മച്ചിന്ത്‌ വെളുത്ത പായയായി എന്റെ മുന്നിലും നിവര്‍ന്നു.
വീട്ടുകാര്യങ്ങള്‍, സാഹിത്യം, ലോകരീതികള്‍ ഒരുമിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഒരുപാടു കാര്യങ്ങള്‍ നിരത്തിയിരുന്നു. അതില്‍ നിന്നുള്ള പുതുകാറ്റ്‌ ഹൃദയത്തെ തണുപ്പിച്ചു. ചിലപ്പോള്‍ സംവാദ എരിപൊരികളില്‍ ചങ്കുകുത്തി നീറിയിട്ടുമുണ്ട്‌.
പരസ്‌പരം കാണാതെപോയ അന്ന്‌ തിരികെ മടുങ്ങുമ്പോള്‍ മിന്നല്‍ വേഗത്തില്‍ അദ്ദേഹം എല്ലാവഴികളും വിട്ട്‌ കുതറിച്ചാടി മറഞ്ഞു.
എന്തൊക്കെ പണ്ടങ്ങളായിരുന്നു ഒടുവില്‍ പങ്കിടാന്‍ ആ ഭാണ്ഡത്തില്‍ അദ്ദേഹം കരുതിയിരുന്നത്‌?
വെളുത്ത കരുക്കല്‍ നിരത്തിയ ഭാഗത്ത്‌ ആളില്ലാത്ത വലിയൊരു ചരുരംഗപ്പലക.... എതിര്‍ഭാഗത്ത്‌ കറുത്ത കരുക്കളുമായി ഞാന്‍..
അങ്ങനെ സങ്കല്‍പ്പിക്കാന്‍ ഞാനും ശ്രമിച്ചു.
-------------------------------
വാരാദ്യ മാധ്യമം 27 എാപ്രില്‍ 2014
------------------------------- 
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi