2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഉത്തപുരം UTHAPURAM ഓര്‍മ്മ





മധുരയിലുള്ള ഗ്രാമമാണ്‌ ഉത്തപുരം. കമ്പം, തേനി ഹൈവേ കടന്നുപോകുന്നത്‌ ഇതുവഴിക്കാണ്‌. 1950കള്‍ മുതല്‍ അവിടെ ജാതി പ്രശ്‌നങ്ങളും വെട്ടിക്കൊലകളും നീറി നിന്നിരുന്നു. ഈ നൂറ്റാണ്ടോടെ മതിലുകള്‍ കെട്ടിയുയര്‍ത്തി ദളിതുകളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ വരെ അതു ചെന്നെത്തി. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ കെ.എന്‍.ഷാജി അതിനെക്കുറിച്ച്‌ എഴുതിയ കാലത്താണ്‌ നമ്മുടെ ചന്ദ്രയാന്‍ യാത്രയുടെ ഫലശ്രുതി എന്ന നിലയില്‍ അമ്പിളിമാമനില്‍ ജലമുണ്ടെന്ന കണ്ടെത്തലും വന്നത്‌. 
ഉത്തപുരത്ത്‌ ദളിതുകള്‍ക്ക്‌ പൊതുനിരത്തിലൂടെ നടക്കാന്‍ പാടില്ല. അവരുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെതിരെയുള്ള വിലക്കുകള്‍ നീക്കാന്‍ പൊരുതിയവര്‍ക്ക്‌ ജീവനും നഷ്ടമായി. പുറം ലോകത്തിന്‌ ഈ ഗ്രാമത്തിലേയ്‌ക്ക്‌ പ്രവേശനം നിഷിദ്ധമായിരുന്നു. 2009 ല്‍ ഈ പ്രശ്‌നം എാറ്റെടുത്ത്‌ CPI (M) പോളിറ്റ്‌ ബ്യൂറോ മെമ്പറായ വൃന്ദാകാരട്ട്‌ നടത്തിയ യാത്രയെപ്പോലും പോലീസ്‌ തടഞ്ഞിരുന്നു. അത്യന്തം തീഷ്‌ണമായ അവസ്ഥകളായിരുന്നു ഉത്തപുത്തുണ്ടായിരുന്നത്‌്‌.
ചന്ദ്രയാന്‍ കാലത്തും നിലനില്‍ക്കുന്ന അനാചാരങ്ങളെ കവിത കൊണ്ട്‌്‌ കഴുകിക്കളയാന്‍ കഴിയുമോ? സാധാരണക്കാര്‍ക്കിടയില്‍ കവിതയുടെ ആശ്വാസ സാധ്യതകള്‍ എന്തൊക്കെയാണ്‌? ആ നിലകളിലാണ്‌ ഒരു ഉത്തപുരം യാത്രയെക്കുറിച്ചുള്ള ആലോചനകള്‍ കുരീപ്പുഴ ശ്രീകുമാര്‍ ആരംഭിച്ചത്‌. സവര്‍ണ്ണ സങ്കേതങ്ങളിലും പൊതുവഴിയിലുടെയും നടക്കാന്‍ അനുവാദമില്ലാത്തവര്‍ക്കായി കുരീപ്പുഴയുടെ നേതൃത്വത്തില്‍ ഒരു കാവ്യദൗത്യം. അത്യപൂര്‍വ്വമായ പ്രതിഷേധത്തിലൂടെ പീഡിതര്‍ക്ക്‌ ആത്മധൈര്യം പകരുക. അങ്ങനെയൊക്കെയായിരുന്നു ഉത്തപുരിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്‌.
നവം.22 ഞങ്ങള്‍ക്ക്‌ ഇരിഞ്ചയം സെബാസ്റ്റ്യന്‍ അനുസ്‌മരണ ദിനമാണ്‌. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മപ്പുസ്‌തകത്തിന്റെ പ്രകാശനവും അന്നേദിവസം ഉദ്ദേശിച്ചിരുന്നു. ജാതിപ്പോരിന്റെ മണ്ണില്‍വച്ച്‌ കുരീപ്പുഴ ഈ ചെറുഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഉത്തപുരത്തെ ബസ്‌സ്റ്റോപ്പില്‍ ദളിതരെ മാറ്റി നിര്‍ത്താന്‍ പണിഞ്ഞ മതിലു തന്നെ അതിനു സാക്ഷ്യം വഹിക്കട്ടെ.
എങ്കിലും അത്തരത്തിലൊരു യാത്രയിലുള്ള അപകടങ്ങളും ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. കെ.എന്‍.ഷാജി എാതൊക്കെയോ വിധത്തിലാണ്‌ ഗ്രാമത്തിനുള്ളില്‍ കടന്നതെന്ന അറിവ്‌ വൈകിയാണ്‌ കിട്ടിയത്‌. ``പോലീസ്‌ തടഞ്ഞാല്‍ അവിടെ നിന്നും തിരിച്ചു പോരുക.'' കുരീപ്പുഴയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു.
ഉത്തപുരത്തിനുള്ള യാത്രയുടെ വിവരങ്ങള്‍ മധുര ആര്‍പ്പാളയം സ്‌റ്റാന്‍ഡിലാണ്‌ തിരക്കിയത്‌. ആ അന്വേഷണമാവണം ഞങ്ങളെ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. തേനി ബസ്സില്‍ കയറി എളുമലയ്‌ സ്റ്റോപ്പിലിറങ്ങാനുള്ള ഒന്നര മണിക്കൂര്‍ യാത്രയ്‌ക്കിടയില്‍ അതേ ബസ്സില്‍ അയ്യപ്പ വേഷത്തില്‍ പോലീസും കയറിയിരുന്നു. എളുമലയ്‌ക്ക്‌ ടിക്കറ്റു ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ക്കുണ്ടായ ഭാവമാറ്റത്തിന്റെ അര്‍ത്ഥം പിന്നീടല്ലേ മനസ്സിലായത്‌.
എളുമലയില്‍ മറ്റാരും ഇറങ്ങാറില്ല. കൂടെയിറങ്ങിയ അയ്യപ്പന്‍ വേഷധാരിയും വന്നു കൂടിയ പോലീസും ചേര്‍ന്ന്‌ ഞങ്ങളെ കൈയോടെ വഴിയോരത്തെ പോലീസ്‌ കേന്ദ്രത്തിലേയ്‌ക്ക്‌ കൊണ്ടുപോയി. ആതിന്നിടയില്‍ അടഞ്ഞ്‌ വലമൂടിയ ഒരു അമ്പലവും ചൂടുകട്ടയില്‍ തീര്‍ത്ത മതിലും ചുറ്റിലും പട്ടാള സമാന രീതിയിലെ പോലീസ്‌ സന്നാഹങ്ങളും കണ്ണില്‍ പതിഞ്ഞു. പൊതുജനം തൊടാത്ത ആ സ്റ്റോപ്പിലിറങ്ങിയ ഞങ്ങളെ കൗതുകത്തോടെ നോക്കി ബസ്സും അകന്നു.
സര്‍വ്വസ്വാതന്ത്ര്യത്തിന്റെയും നാട്ടില്‍ നിന്നു വന്നവര്‍ പൊടുന്നനവെ 144 പ്രഖ്യാപനത്താല്‍ മരവിച്ച മണ്ണിലെ നിയമവാഴ്‌ചയുടെ തീഷ്‌ണതയറിഞ്ഞു.
കേരളത്തില്‍ നിന്നും കവിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമെത്തിയത്‌ എന്തിന്‌? പോലീസ്‌ ഓഫീസറുടെ ചോദ്യത്തിന്‌ പെട്ടെന്നാര്‍ക്കും തൃപ്‌തികരമായ ഉത്തരം കൊടുക്കാനായില്ല. സംഘര്‍ഷ മേഖലയില്‍ പറത്താന്‍ മനസ്സിലിട്ടു കൊണ്ടുവന്ന സമാധാനത്തിന്റെ വെള്ളപ്രാവുകള്‍ പെട്ടെന്നു ആവിയായി പറന്നു. കുരീപ്പുഴയുടെ കവിതാപുസ്‌തകങ്ങളിലെയും തലേന്നിറങ്ങിയ ജനയുഗം പത്രത്തിലെയും ഫോട്ടോകള്‍ കാണിച്ചപ്പോള്‍ സംഘം കുഴപ്പത്തിനല്ല വന്നത്‌ എന്ന കാര്യം മേധാവിക്ക്‌ ബോധ്യമായി.
ഉള്ളിലേയ്‌ക്കുള്ള നിങ്ങളുടെ ഈ പോക്കു മാത്രം മതി ഇപ്പോഴുള്ള അമൈതിയെ തകര്‍ക്കാന്‍. അതോടെ തിരിച്ചുപോരാന്‍ ഞങ്ങളും തീരുമാനിച്ചു.
പോലീസ്‌ വലയത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴും കണ്ണുകള്‍ മാത്രമേ സ്വതന്ത്രമായുള്ളു. തിരികെ മധുരയ്‌ക്കുള്ള ബസ്സ്‌ കാത്തു നില്‍ക്കെ കുറച്ചു കാഴ്‌ചകള്‍ മാത്രം കണ്ണില്‍ ഇടിച്ചു കയറി. പൊടി മൂടിയ അമ്പലം, അതില്‍ തൂങ്ങുന്ന താഴും പൂട്ടും, ചുവരില്‍പ്പതിച്ചിരിക്കുന്ന ഉത്തരവുകള്‍. അതിന്നപ്പുറത്ത്‌ കുറച്ചകലെ ഒരു ഫോട്ടോഗ്രാഫര്‍ ഒരു ഷെഡിനു മുന്നില്‍ എല്ലാ ചലനങ്ങളും ചിത്രീകരിക്കുന്നു.- അതൊരു പുനരധിവാസ ക്യാമ്പാവണം. ആശ്വാസ ചലനമായി ആകെ കിട്ടിയത്‌ ഒരു കെട്ടുപുല്ലുമായി ഒരു സ്‌്‌ത്രീ അതുവഴി നടന്നു പോയതാണ്‌. അവരെയും മറച്ചുകൊണ്ട്‌ ഒരു സംഘം പോലീസുമായി ഒരു വാനെത്തി.
ബസ്സ്‌ എത്തിയപ്പോള്‍ തിരികെപ്പോകാന്‍ ഞങ്ങളതില്‍ കയറിത്‌ പോലീസ്‌ ഉറപ്പാക്കി.
ഉസലംപട്ടില്‍ നഗര ചത്വരത്തില്‍ വച്ച്‌്‌ സെബാസ്റ്റ്യന്‍ ഓര്‍മ്മ- രണ്ടാം പുസ്‌തകത്തിന്റെ പ്രകാശനം കുരീപ്പുഴ നടത്തിയപ്പോള്‍ സാധാരണക്കാര്‍ അതു കണ്ടുംകാണാതെയും ചുറ്റിലുമായി ഒഴുകിക്കൊണ്ടിരുന്നു. ഒരു കുഞ്ഞുമഴ കുറഞ്ഞ തുള്ളികളുമായി എത്തി ചടങ്ങിനെ ആശീര്‍വദിച്ചു.
തുടര്‍ന്നു ഞങ്ങള്‍ കരമത്തൂര്‍ എന്ന ഗ്രാമത്തിലേയ്‌ക്ക്‌ പോയി.
ബാക്കി
------
ഒരു മതിലും ശാശ്വതമല്ല. നിരന്തര പോരാട്ടങ്ങള്‍ക്കു ശേഷം 2011 നവം. മാസത്തില്‍ മധുര ജില്ലാകളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആ ജാതിമതില്‍ പൊളിച്ചു കളഞ്ഞു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്‌ത്രീകള്‍ അന്നേരത്ത്‌്‌ മുടിയഴിച്ചിട്ട്‌ ഒപ്പാരിയിട്ടതായി പത്രത്തില്‍ വായിച്ചു.
14.11.2011 ന്‌ കുരീപ്പുഴ എഴുതിയ കത്തില്‍ ഉത്തപുരം യാത്രയെ ഇങ്ങനെ പരാമര്‍ശിച്ചു.``ഉത്തപുരം ഓര്‍മ്മയിലുണ്ട്‌്‌. സമരം വിജയിച്ചല്ലോ. മാരിയമ്മന്റെ നിസ്സഹായത പഠിപ്പിക്കാന്‍ ഇ.വി. രാമസ്വാമി വേണം.''
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi