2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ചതുരഗിരി നെറുക


വൈവിധ്യമാര്‍ന്ന സന്ദര്‍ശനകേന്ദ്രങ്ങളാല്‍ സഹ്യാദ്രിയുടെ തമിഴ്‌നാടന്‍ ഭാഗങ്ങളും സമ്പന്നമാണ്.
തമിഴകത്തെ വിരുദുനഗര്‍ ജില്ലയിലെ ചതുരഗിരിയും ഊര്‍ജദായിനിയെന്നൊറ്റ വാക്കില്‍ പറയാം. പേശികള്‍ തൊട്ടെടുക്കുന്ന മലകയറ്റ ക്ലേശം മനോബലമായി ഇവിടെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു. സഹചാരികളായ വയോജനങ്ങള്‍ കിതയ്ക്കുന്നത് പുണ്യനിറവിന്. ശൈവ ഭക്തരല്ലാത്തവരെ കാനനപ്രകൃതിയും ട്രക്കിംഗിലെ ഉഷ്ണസഞ്ചാരാനുഭൂതിയും മാടിവിളിക്കുന്നു. നമ്മുടെ അഗസ്ത്യനിരകളുടെ കുഞ്ഞു പതിപ്പാണ് ചതുരഗിരി. അതിനാല്‍ വനാനുഭവങ്ങള്‍ക്ക് ആനുപാതിക ചുരുക്കവുമുണ്ട്.
അതിരാവിലെയായിരുന്നു യാത്രാ തുടക്കം. ഉറക്കച്ചടവുള്ള പയണികളില്‍ നിന്നും വിരുദുനഗര്‍ ബസ്സ്റ്റാന്‍ഡ് മുക്തമാകുന്നതേയുള്ളു. വജ്രയിരിപ്പിലേക്കുള്ള ബസിനെ കാമരാജിന്റെ സ്മൃതിച്ചിത്രങ്ങള്‍ പേറുന്ന നഗരച്ചുവരുകള്‍ ഗ്രാമവഴിയിലേക്ക് തള്ളിവിട്ടു. കാലദൈര്‍ഘ്യമില്ലാത്ത ഉണക്കിന്റെ പിടിയിലാണ്ട മണ്ണിന് പശിമരഹിതഭാവം. സഹ്യാദ്രിക്കപ്പുറത്ത് കര്‍ക്കിടകം തിമിര്‍ക്കുമ്പോഴാണ് ഇവിടെയീ ഉഷാറുകേട്.
പടിഞ്ഞാറു നിന്നും മുന്നിലേയ്‌ക്കോടി വരുന്ന മലനിരകളെ ഇരുകണ്ണുകളും വാരിയെടുത്തു. അവ തെളിഞ്ഞും തിളങ്ങിയും സ്വയം പ്രദര്‍ശനാര്‍ത്ഥം മുന്നോട്ടുവന്നുകൊണ്ടിരുന്നു. കിഴക്കുനിന്നും പലവിതാനങ്ങളില്‍ ചിന്തുന്ന സൂര്യാകാശം. കണ്‍, സ്മൃതി കോശങ്ങളവയെ പല പാകത്തിലുള്ള മണല്‍ക്കൂമ്പാരങ്ങളാക്കി തരംതിരിച്ചു കാണിച്ചു. വാഹനവേഗാനുസരണം പച്ചയുടെ വൈവിധ്യങ്ങള്‍ മാമലകള്‍ അണിഞ്ഞുകൊണ്ടിരുന്നു. കാനനനിരകള്‍ക്കു മുകളില്‍ വട്ടമിടുന്ന കരിമേഖ സാന്നിധ്യം കേരളത്തെ അമ്പാടെ വലിച്ചു പുതപ്പിച്ചു കോടക്കാറിന്റെ സമ്പന്ന ഛായമുണര്‍ത്തി.
മലവിരലുകള്‍
മഹാ(ക)രാജപുരം നാല്‍ക്കവല കടന്നാല്‍ നിവര്‍ത്തി മണ്ണില്‍ ചേര്‍ത്തുവച്ച കൈപ്പത്തിപോലെ മലമടക്കുകള്‍ ഇരുഭാഗക്കാഴ്ചകളില്‍ നിലയുറപ്പിച്ചു. നമ്മുടെ മലനാടിന്റെ രൂപഭാവങ്ങള്‍ മനസില്‍ തുളുമ്പുന്നു. വഴികളെന്തേ മാമലനാട്ടിലെപ്പോലെ ഏറ്റം വലിക്കു തുടങ്ങാത്തത്? അപാരസമതലം കൂസലെന്യേ, ഒറ്റയടിക്ക് അടിവാരത്തു ചെന്നുകയറാനാണ് സാധ്യത. പെയ്‌തൊഴിയാതെ കരിങ്കുട പിടിച്ചു നില്‍പ്പായി ആകാശം. ''മാരിവരാതെ'', സര്‍വ്വമാമരങ്ങളും കുമ്പിട്ടു നിന്നു. ആകെപ്പാടെ ഒരു പ്രകാശരഹിതാവസ്ഥ.
ചതുരഗിരിയാത്രയിലെ അവസാന പട്ടണമാണ് വജ്രാപ്പ്(വജ്രയിരിപ്പ്, ംമൃേമു). ശ്രീവല്ലിപുത്തൂരില്‍ നിന്നും വരുന്നവര്‍ക്ക് ഈ താവളം കടന്നുവേണം അടിവാരത്തിലെത്താന്‍. താണിപ്പാറയിലേക്ക് വഴി തിരിഞ്ഞപ്പോള്‍ തന്നെ വൃക്ഷജാലം ഇടിച്ചുകയറി മായാജാലം കാണിച്ചുതുടങ്ങി. വഴിയില്‍ പേരമരത്തോട്ടങ്ങള്‍. ചരിഞ്ഞുവരുന്ന മലഞ്ചരിവ്, പ്രകൃതിമാറുന്നു. ഭൂമിശാസ്ത്ര അറിവുകള്‍ നിരത്തിവച്ചുകൊണ്ട് കാഴ്ചകളില്‍ പരതി. പതിയെ വീഥി ഉന്നതിയിലേക്ക് ചാഞ്ഞുകിതച്ചു.
ഇനിയുള്ള വനയാത്രയ്ക്ക് കുടിവെള്ളമുള്‍പ്പെടെ മുന്‍കരുതലുകളെടുക്കാനുള്ള അവസാന താവളമാണ് താണിപ്പാറ. വരുംവാരത്തിലെ ആടി അമാവാസി - നമ്മുടെ കര്‍ക്കിടക വാവ് - ഉത്സവ ഒരുക്കത്തിന്റെ ധൃതിയിലാണ് താണുപ്പാറ. നാനാദിക്കില്‍ നിന്നും വന്നുകൂടുന്ന ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള താവളങ്ങളൊരുക്കല്‍, അമ്പലച്ചുവരിലെ ചായമിടല്‍, അട്ടിവച്ച തേങ്ങാച്ചുമടുകള്‍........താണിപ്പാറ ആരെയും ശ്രദ്ധിക്കാനുള്ള ഭാവത്തിലായിരുന്നില്ല.
കയറ്റം കിതയ്ക്കുന്നു
മലനിരകളും പ്രാന്തങ്ങളും വേനല്‍പ്പിടിയിലാണ്. നദി തീര്‍ത്തുമൊരു മണല്‍ക്കൂമ്പാരം. (അധിക ബാധ്യതയില്ലാതെ ശുദ്ധമണല്‍ ദര്‍ശനം). മഴക്കാലമാണെങ്കില്‍ നദി മുറിച്ചുകടക്കാന്‍ അതിജാഗ്രതവേണ്ടി വരുമെന്നും പ്രകൃതി സൂചനകള്‍. കുതിരയൂറ്റും വഴക്കുപാറയും കടന്നാല്‍ നടപ്പാത കഠിനമാകുന്നു. ആകാശത്തില്‍ നിന്നും ഉരുക്കിയിറക്കിയ പാറക്കെട്ടിന്റെ ബ്രഹത്‌രൂപങ്ങള്‍. അവയ്ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങിയ തണ്ണിയില്ലാ നദിപ്പാട്. കരിമ്പാറ ഇടുക്കില്‍ കാറ്റ് വരണ്ടു കിടക്കുന്നു. ഉയരങ്ങളിലേക്ക് കാലുകള്‍ വലിച്ചുവച്ച് കിതച്ചുകയറുമ്പോള്‍ അത്യുന്നതയിലെ മരച്ചില്ലകളില്‍ കാറ്റുകുലുക്കികളിക്കുന്നതിന്റെ ചിലമ്പിച്ച മുഴക്കം. പാറച്ചെരിവുകളില്‍ ഒരുപിടി മണ്ണില്‍ എങ്ങനെയാണ് മരങ്ങള്‍ വേരുകളാഴ്ത്തി പടര്‍ന്നിരിക്കുന്നത്?
മുകളിലെ സുന്ദരലിംഗം സന്ദനലിംഗം സന്നിധികളിലേയ്ക്കുള്ള തേങ്ങച്ചുമടുകള്‍ ജീവിതപ്പാടിന്റെ പേശിബലത്തെ കാണിച്ചു. (80 നാളികേരങ്ങളുള്ള ഒരു ചുമടിന് 150 രൂപയാണ് ചമുട്ടുകൂലി). പുലരും മുമ്പേ തേങ്ങാച്ചാക്കുമായി പോയവര്‍ അരയില്‍ കുത്തിവച്ച ടോര്‍ച്ചുകളുമായി മലയിറങ്ങുന്നു. അരച്ചുമടെടുത്തിട്ടും അമ്മമാരും കുമാരിമാരും കഷ്ടപ്പാടു വഴിയില്‍ തളര്‍ന്നിരിക്കുന്നു. വഴിയോരത്തെ ഇത്തിരി നിരപ്പില്‍ കച്ചവടസ്ഥാനമുറപ്പിക്കാന്‍ അധ്വാനിക്കുന്ന മറ്റൊരുകൂട്ടം.
മുട്ടുശാന്തികേന്ദ്രങ്ങള്‍
വഴിയോരത്തെ പാറയുച്ചിയിലെ 'കാലിക്കുളമ്പടയാള'ത്തില്‍ ദര്‍ശനശ്രദ്ധ തിരിക്കാന്‍ മഞ്ഞളും കുങ്കുമവും വാരിപ്പൂശിയിരിക്കുന്നു. ഭാഗ്യം! കാണിക്കവഞ്ചിയില്ല. കോരക്കാര്‍ ഗുഹ. ഞാവലൂറ്റിന്നടുത്തെ സ്വാമിവിഗ്രഹങ്ങള്‍ എന്നിവയും നടവഴിയില്‍ ഭക്തപരവശര്‍ക്കുള്ള മുട്ടുശാന്തി കേന്ദ്രങ്ങളാണ്.
കോരതര്‍ എന്ന സിദ്ധര്‍ താഴെ ഗുഹയിലിരുന്നാണ് ധ്യാനിച്ചതും പളനിയിലെ വിഗ്രഹക്കൂട്ടൊരുക്കിയതും. ദര്‍ശനം നടത്തിപ്പോരാം. വറ്റിയ നദീതടത്തിന്റെ ആഴത്തിലേയ്ക്ക് ഭക്തരെ തെളിക്കാന്‍, നിയോഗിതന്‍ ഒരല്‍പം കഥ പറഞ്ഞു. വ്യവസായത്തിന്റെ ആദ്യചുവടുകള്‍.
ഞാവലൂറ്റ്. അടുത്തുള്ള ഒരു പുളിമരം. കുഞ്ഞുകുട്ടികളുള്‍പ്പെടെ മന്തിക്കുലകള്‍ മാതിരി കുരങ്ങന്മാര്‍ അതിന്റെ ചില്ലയില്‍ വട്ടം തൂങ്ങി. ഞാവലൂറ്റിനു കാവലായ കല്‍വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന പൂമാലയിളക്കി ഭക്തരില്‍ നിന്നും കണ്ടു പഠിച്ച പൂജാക്രിയകള്‍ ആവര്‍ത്തിച്ചു രസിക്കുന്ന കുരങ്ങച്ചന്‍. സൂക്ഷിക്കുക ചതുരഗിരിയിലെ വാനരപ്പട അത്യാഗ്രഹികളുമാണ്. അവന്മാരുടെ മുന്നില്‍വച്ച് ഒന്നുകൊറിക്കാന്‍പോലും വായ തുറക്കരുത്. വളഞ്ഞുകളയും.
ക്ഷീണമാറ്റിക്കാന്‍ വഴിയില്‍ ഇഞ്ചി, മല്ലിസ്വാദുള്ള കാപ്പി തിളയ്ക്കുന്ന ചൂടില്‍ ലഭ്യമാണ്. കൊഞ്ചം ദേശചരിതം അവര്‍ വിളമ്പാതിരിക്കില്ല. മലയാളികളുടെ ഈ ചതുരഗിരി പ്രേമത്തോട് അവര്‍ക്കും മതിപ്പാണ്.
വഴിയുടെ മുള
കമ്പം, തേനി ചെല്ലും വഴിയെന്ന ബോര്‍ഡിനുതാഴെ അധികം തെളിയാതെ ഒലിച്ചുപോകുന്ന ചവിട്ടുവഴി. ഒരു ദീര്‍ഘപഥത്തിന്റെ മുളകണ്ട സന്തോഷത്തില്‍ നാടും വീടും ഒരു മാത്രയില്‍ മനസില്‍ മുളച്ചണഞ്ഞു. അളവില്ലാക്കാതങ്ങളിലെ ദേശദര്‍ശന മാര്‍ഗ സാധ്യതകള്‍ കൈവെള്ളയിലെ രേഖകള്‍ മാതിരി ചുരുങ്ങി നില്‍ക്കുന്നു.
ഇനിവേഗത്തിലാവട്ടെ നടപ്പ്. നിരവധിപേര്‍ നമ്മളെ കടന്നു പോയിരിക്കുന്നു. വഴിയുടെ ഭാവം പരിണാമം കൊണ്ടിരിക്കുന്നു. ലഘുകയറ്റം, വണ്ടിപ്പാക വീതി, വൃക്ഷസാന്നിധ്യം, അപാരാകാശത്തില്‍ നിന്നും വലിച്ചിറക്കിയ മെദുക്കാറ്റ്. വഴി മാറിയിരിക്കുന്നു. നടവഴിയില്‍ കുഴിഞ്ഞു കിടക്കുന്ന പാറക്കെട്ടുകള്‍ രൂപംകൊടുത്ത ചപ്പാത്തുകള്‍. അവ മഴക്കാലത്തെ അപകടകര കുത്തൊഴുക്കുകളുടെ സൂചനകള്‍ തന്നു. ഉയര്‍ന്നുപോകുന്ന കരിമ്പാറക്കെട്ടിന്‍ പള്ളയില്‍ ഋതുകൊത്തിയൊരുക്കിയ സൗമ്യ ഒഴുക്കിന്‍പാടില്‍ വിരലോടിക്കവെ ഒരു നിമിഷം ആര്‍ദ്രരഹിതാവസ്ഥയുടെ വിഷാദഛവി വിരല്‍ചൂണ്ടലില്‍ തെളിയുന്നു.
വരണ്ട നദിക്കോണുകളില്‍ അടിഞ്ഞ പ്ലാസ്റ്റിക് ജടക്കെട്ടുകള്‍ പതിവുപോലെ. വഴിയോരത്ത് ഭക്തരുടെ കാലുകളില്‍ നിന്നും പൊട്ടിച്ചാടിയ ചെരുപ്പിന്‍ കൂട്ടമാണ് മാലിന്യശേഖരം പണിതത്.
പ്ലാവടി (പിലാവടി) കറപ്പസ്വാമി ക്ഷേത്രസന്നിധിയില്‍ ആരതിയും വിഭൂതിയുമായി ചെറുഭക്തജനക്കൂട്ടം. മലിനമെങ്കിലും നദി കാത്തുപോരുന്ന ജലസാന്നിധ്യം ഒരിടത്താവള സാധ്യത പകരുന്നു. മടക്കവഴിയില്‍ ഒന്നുകുളിച്ചു പോരും. ഭൂഗര്‍ഭത്തില്‍ നിന്നുള്ള ജലധാരപൊന്തിക്കുന്ന കുഴല്‍പമ്പ് ആശ തന്നു.
ഒടുവില്‍ നമ്മള്‍ സുന്ദരലിംഗം, സന്ദനലിംഗം സന്നിധിയില്‍ എത്തിച്ചേരുന്നു. അധിക നിര്‍മിതികളുടെ വൃത്തികേടുകള്‍ മാറ്റിയാലുള്ള ശബരിമല ഛായ. ഉള്‍ക്കാട്ടിന്‍ മുളയെടുക്കുന്നത് നാളെ വളരാനിടയുള്ള ടൗണ്‍ഷിപ്പിന്റെ പ്രാക്‌രൂപം. മുകളില്‍ ആളെത്താവഴികള്‍ കടന്നുചെന്നാല്‍ ഇനിയും സിദ്ധര്‍കളുടെ പൂജായിടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. വഴിയോര അറിവിനു പിന്നാലെ കണ്ണുകള്‍ സോത്സാഹം ഉന്നതികളില്‍ അലഞ്ഞു.
കാടുവെട്ടുന്നവര്‍, ചായം പൂശുന്നവര്‍, ഉറങ്ങിപ്പോയ നീരുറവകളില്‍ നിന്നും ചെളിയെടുത്തവയെ തൊട്ടുണര്‍ത്തുന്നവര്‍. ചതുരഗിരിയിലെ വെയിലത്ര തീഷ്ണമല്ലാതിരുന്നിട്ടും രാവുമുഴുവനും കണ്‍മിഴിച്ചിരിക്കാന്‍ തയാറെടുത്ത് വെയിലുകായുന്ന സോളാര്‍ പാനലുകള്‍.
അറിയാതെ കാലുകള്‍ നീങ്ങിയത് സന്ദാനലിംഗസ്വാമി പക്കത്തിലെ അന്നദാനശാലയില്‍ ഇടം പിടിക്കാനാണ്. വെള്ളച്ചോറും അതിരുചി കുഴഞ്ഞുചേര്‍ന്ന സാമ്പാറും വെണ്ടക്കായക്കൂട്ടും. ദൈവം അന്നമായി അവതരിക്കുന്നു. മുഴുവനുമാഹരിച്ച് വിളമ്പുന്നവരെ തൃപ്തിയിലാറാടിക്കാന്‍ ഞങ്ങളും മടിച്ചില്ല. കയറ്റവഴിയില്‍ നാല്‍വിരല്‍പ്പടി കല്‍ക്കണ്ടത്തരികള്‍ കൈവെള്ളയില്‍ പകര്‍ന്ന് മലയിറങ്ങിപ്പോയ സുന്ദരികള്‍ മാലാഖമാരാണ്. ആഹാരം രുചി കൈലാസം ചമയ്ക്കുന്നവേള.
സുന്ദരലിംഗം സന്നിധിയിലെ പ്ലാവും ഈഴച്ചെമ്പകവും ഏകദേശം ഒരു നൂറ്റാണ്ടുകാലത്തെ സജീവ മനുഷ്യസാന്നിധ്യത്തിന്റെ പ്രത്യക്ഷ അടയാളമിട്ടു. വനതടങ്ങളില്‍ നിന്നു ശേഖരിച്ച കുന്തിരിക്കപ്പാളികളും കുമിഞ്ചാന്‍ കട്ടകളും തനതുകച്ചവട വിവരപ്പട്ടികയിലെ മുഖ്യ ഇനങ്ങളാണ്. പതിനായിരങ്ങളൊത്തുകൂടുന്ന അടുത്ത വാരത്തിലെന്താവും സ്ഥിതി? ഈ നിര്‍ജനതയുടെ ഓരോ ഇഞ്ചും പുരുഷാരത്താല്‍ ത്രസിക്കും.
താണിപ്പാറയിലെ യാത്രാത്തുടക്കം. ഉച്ചത്തില്‍ ശങ്കരജപവും ശംഖനാദവുമായി കാവിയണിഞ്ഞ സന്യാസിമാരുടെ ഒരു നിരയുണ്ടായിരുന്നു. ഉന്നതിയിലലിഞ്ഞു കിടക്കുന്ന മലനിരകളില്‍ ഇനിയും ദര്‍ശനസാധ്യതകള്‍ തിരയവെ പൂജാപുഷ്പങ്ങള്‍ പറിച്ചെടുക്കുകയായിരുന്ന ഒരു സാധു വല്ലാതെ കോപിച്ചു. നിനക്കിത്ര കാണാനുള്ള അവകാശമേയുള്ളു പിന്നെന്തിന് ഉയരങ്ങളെ കുറിച്ച് ചിന്തിക്കണം?
മലയിറക്കം
ഒരു പൗര്‍ണമി അണയുന്നതുവരെ സുന്ദരലിംഗം സന്ദനലിംഗം സ്വാമി പക്കങ്ങളില്‍ തങ്ങണം. കൊതി നിറഞ്ഞ ചിന്തകളുമായി വഴിയിറങ്ങി. നേരം തെറ്റാതിരിക്കാന്‍ ധൃതിവയ്ക്കുന്നതില്‍ കുഴപ്പമില്ല. നമ്മള്‍ മുക്തിമാര്‍ഗത്തിലല്ലല്ലോ. വഴിത്താരയുടെ വിവിധഘട്ട ക്ലേശങ്ങള്‍ താണ്ടി ഭക്തര്‍ അപ്പോഴും ഉന്നതപ്രാപ്തി തേടുന്നുണ്ടായിരുന്നു.
യാത്രികരെ വജ്രാഫിലെത്തിക്കാനുള്ള യന്തിര റിക്ഷകള്‍ ഒഴിച്ചാല്‍ താണിപ്പാറ വിജനമാണ്. കുരങ്ങുകളും കൂടണഞ്ഞു. സന്യാസികള്‍ മറഞ്ഞു.
പരിഭ്രമസമേതം അന്തിവീഴുന്ന താണിപ്പാറയിലാണ് മുകളിലേയ്ക്കുള്ള അവസാന ഭക്തസംഘത്തെ കണ്ടത്.
കൊടുങ്കാട്. അപാര വിജനവീഥി.
വിളക്കിറുക്ക് തമ്പി!
നമ്മുടെ ഉത്കണ്ഠകളെ ശമിപ്പിച്ചു കൊണ്ടവര്‍ സാവധാനം മലകയറിക്കൊണ്ടിരുന്നു.

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi