2014, ഡിസംബർ 31, ബുധനാഴ്‌ച

വലിയപിതാവിന്റെ മരണം



''പ്രൊഫ. ഈച്ചരവാരിയര്‍ ഇന്നു രാവിലെ അന്തരിച്ചു.
ഇദ്ദേഹത്തിന്റെ ആത്മകഥയായ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. എാറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ആളായിരുന്നു. അടിയന്തിരാവസ്ഥയില്‍ കാണാതായ രാജനെന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പിതാവാണ്.''
ഉച്ചനേരത്തെ ഡല്‍ഹി ആകാശവാണിയിലെ ആ വാര്‍ത്ത, പുത്രനെത്തേടി അലഞ്ഞ ഒരു പിതാവിനെ അവഹേളിച്ചതായി അരവിന്ദനു തോന്നി.സ്നേഹത്തിന്റെ വിലയെ അപ്പാടെ തകര്‍ത്തു കളഞ്ഞു. ദയാരഹിതമായ വാര്‍ത്തയെക്കുറിച്ചയാള്‍ അരുന്ധതിയോട് പരാതി പറഞ്ഞു.
ഓര്‍ക്കാപ്പുറത്ത് അവളും വാചാലയായി.
'പിറവി' എന്ന സിനിമയായിരുന്നു എനിക്ക് പിതൃസ്‌നേഹാനുഭവം ഇത്ര തീഷ്ണമാണെന്ന അറിവു തന്നത്. ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ കാണാതെപോയ എന്റച്ഛന്‍ അടുത്തേയ്ക്ക് വരികയാണെന്ന തോന്നല്‍ മഴപെയ്യുമ്പോഴെനിക്കുണ്ടാവും. ആ അനുഭവം പകര്‍ന്നത് പിറവിയാണ്. ഇന്നലത്തെ മഴയിലും ആ സങ്കടം എന്നെ കുളിപ്പിച്ചു.
അരവിന്ദന്റെ മറുപടിക്ക് കാക്കാതെ അവള്‍ തുടര്‍ന്നു.
ഇനി നമ്മളവനെ അന്വേഷിക്കേണ്ടതില്ലെന്ന് ആ ചേച്ചി- നടി അര്‍ച്ചനയല്ലേ?- പ്രേംജി ചാക്യാരോട് പറയുന്നേത്ത് നീ എന്തിനാ അവന്റെ ഓപ്പോളായേ? ഇവളെന്തിനാ അമ്മയായേ? ഞാനെന്തിനാ അവന്റച്ഛനായേ എന്നു പറഞ്ഞുള്ള പ്രേംജിയുടെ അച്ഛന്‍ ഭാവമുണ്ടല്ലോ അതെന്ന കരയിപ്പിക്കാതെ കരയിച്ചു. സിനിമയുടെ ഓര്‍മ്മകളില്‍ അരുന്ധതിയുടെ വാക്കുകള്‍ ഈറനായി.
അവളുടെ സംഭാഷണത്തിന്നിടയില്‍ മൗനത്തിന്റെ ഒരിഴ വന്നപ്പോള്‍ അരവിന്ദന്‍ ആലോചിച്ചിരുന്നു. രാജന്‍സംഭവം നടക്കുന്ന കാലത്ത് താന്‍ പഠിക്കുകയായിരുന്നു. നീറിനീറി ഒരച്ഛന്‍ കേസും കൂട്ടവുമായി നടക്കുമ്പോഴാണ് താന്‍ ജീവിതം പടുത്തുയര്‍ത്തിയത്. ഉദ്യോഗം, കുടുംബം, മക്കള്‍, സ്വന്തം വീട്...
കുറച്ചുകൂടിപ്പറയു. അതിനെക്കുറിച്ച്. അരുന്ധതി നിശ്ശബ്ദത മുറിച്ചു.
ശരിയാണ്. കക്കയം ക്യാമ്പ്, രാജനെവിടെ? ചുവരെഴുത്തുകള്‍ക്കുംമേല്‍ പിറവിയായിരുന്നു നേര്‍വിങ്ങലായി എന്നില്‍ മാറിയത്. അനാഥാലത്തില്‍ ചുരുങ്ങിപ്പോയ കുട്ടിക്കാല ഓര്‍മ്മയിലേയ്ക്ക് ഒരച്ഛന്‍ സ്‌നേഹം വന്നു വീണതങ്ങനെയാണ്. അച്ഛന്‍ മകനെത്തേടി നടക്കുന്നു. എന്നത് എാതൊരു അനാഥനും സുഖമുള്ള ചിന്തയാണ്.
നമ്മളിതുവരെയും ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചിട്ടില്ലല്ലോ. ലൈബ്രറിയില്‍ നിന്നും എടുത്ത് കൊണ്ടുവരുമോ? അല്ലെങ്കില്‍ ബുക്ക്സ്റ്റാളില്‍ നിന്നും ഒരെണ്ണം വാങ്ങിച്ചോ. ഷര്‍ട്ടിട്ടുവന്ന അരവിന്ദനോട് അവള്‍ പറഞ്ഞു.
അരവിന്ദന്‍ വണ്ടിയോടിച്ചത് ലൈബ്രറിയിലേയ്‌ക്കോ ബുക്ക് സ്റ്റാളിലേയ്‌ക്കോ ആയിരുന്നില്ല.
ഭാര്യവീട്ടില്‍ വിരുന്നുപോയ മക്കളെ കൂട്ടിവരാനായിരുന്നു.
''''''''''''''''''''''''''''''''''''''''''''''''
ഗ്രന്ഥാലോകം 2007 ഡിസം.

2014, ഡിസംബർ 27, ശനിയാഴ്‌ച

പ്രണയക്കണ്ണുകള്‍



ചില ദിവസങ്ങളില്‍ രാവിലെ തന്നെ വല്ലാത്ത തളര്‍ച്ചയില്‍ വീഴും. വലിയൊരു ക്ഷീണക്കഷണത്തില്‍ നിന്നും വാര്‍ന്നിട്ടതുപോലെ. എഴുന്നേല്‍ക്കാന്‍ മടിച്ച് പിന്നെയും വളരെക്കുറച്ചു നേരം കിടന്നുപോകും. മടിച്ചു മടിച്ച് അടുക്കളയിലേയ്ക്ക്. മോള്‍ക്കുള്ള ടിഫിന്‍ ബോക്‌സ് നിറച്ചുകഴിയുമ്പോള്‍ കണ്ണുകളിലൊരു തൂങ്ങള്‍..
ബസ്സിലൊരു സീറ്റുകിട്ടിയെങ്കില്‍! ജോലി സ്ഥലത്തേയ്ക്കുള്ള കൃത്യം മുപ്പത്തിരണ്ടു കിലോമീറ്റര്‍ ദൂരം നന്നായിട്ടൊന്നു മയങ്ങാം. ഓഫീസ് സ്‌റ്റോപ്പിലിറങ്ങുമ്പോള്‍ കണ്ണുകളില്‍ ഭാരമില്ലായ്മ അടിഞ്ഞിരിക്കും. തുടര്‍പ്പണികള്‍ക്ക് അത് ഉന്മേഷമായി മാറുന്നു- സ്റ്റാന്‍ഡിലെത്തുമ്പോള്‍ തിരിക്കില്ലാത്ത ബസ്സിനെ കൊതിച്ചുപോകും.
ഇന്നുമിന്നലേയും അതേ സീറ്റുതന്നെ കിട്ടി. അതിശയം! അടുത്തിരിക്കാന്‍ വന്നതും അതേ പെണ്‍കുട്ടി. അതിന്നപ്പുറത്ത് അവന്‍. പെണ്‍കുട്ടി സിറ്റിയിലെ എാതോ കോളെജിലാണ്. അവള്‍ക്ക് മകളെ ഓര്‍മ്മവന്നു.
ഇന്നും മയക്കമില്ല. അവള്‍ക്ക് ചെറുകലി വന്നു. ഇന്നലേയും ഇങ്ങനെ തന്നെയായിരുന്നു. അവരുടെ തട്ടലും മുട്ടലും അവളുടെ ദേഹത്തെത്തൊട്ട് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഉറക്കം തട്ടിപ്പൊട്ടാന്‍ പോകുന്നതിലെ ഈര്‍ഷ്യ നുരഞ്ഞു.
പെണ്‍കുട്ടി മുബൈല്‍ എടുത്തുകഴിഞ്ഞു. അവരുടെ ഇടയിലെ ഇഷ്ടത്തിന്റെ മധ്യസ്ഥത അതിനാണെന്നു തോന്നി. അവര്‍ മത്സരിക്കാന്‍ തുടങ്ങിയത് മെയില്‍ ബോക്‌സ് തുറക്കാനാണ്. ഒരേ ഗയിമിന്റെ കരുക്കളില്‍ വിരലോടിച്ച് നേരം തള്ളി.
ക്രമേണ അവളിലും വല്ലാത്ത ഊര്‍ജ്ജം പ്രസരിച്ചു തുടങ്ങി.
അന്നത്തെ പ്രഭാതത്തിന് നല്ല വെളിച്ചം.
ബസ്സിനു സമാന്തരം ഒരു കിളി പറക്കുന്നു.
എാറെക്കാലത്തിനു ശേഷമെന്നോണം അവള്‍ പുറംകാഴ്ചകള്‍ പുതിയ അല്ല പഴയ പ്രണയക്കണ്ണുകളോടെ കാണുകയായിരുന്നു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi