2008, മേയ് 31, ശനിയാഴ്‌ച

സെമിനാറില്‍ കുട്ടി പറഞ്ഞത്‌



എന്റെ അച്ഛന്‍ മണലാരണ്യത്തില്‍ ചോര നീരാക്കിയാണ്‌ പണമുണ്ടാക്കിയത്‌.

നാട്ടിലെ കുന്നിനെ നിരപ്പാക്കി മാളിക വച്ചു.


ഇപ്പം പാവം പരിസ്ഥിതിയുടെ രക്ഷയ്‌ക്ക്‌ വീടിന്റെ ടെറസ്സില്‍ ചെടികള്‍ നടന്നു.


നമ്മളൊക്കെ അച്ഛനെ മാതിരി ആത്മാര്‍ത്ഥമായി.....

2008, മേയ് 2, വെള്ളിയാഴ്‌ച

പുതിയ നഗരം



പുതിയ നഗരത്തില്‍ അയാള്‍ക്ക്‌ പരിചയക്കാര്‍ ആരുമുണ്ടായിരുന്നില്ല.


ആകസ്‌മിക ദര്‍ശനത്തില്‍ അത്ഭുതം സ്‌പുരിപ്പിക്കുന്ന മുഖം തിരക്കില്‍ നിന്നും പ്‌റതീക്ഷിച്ചു. പെരുംകൂട്ടത്തില്‍ നിന്നും തന്റെ പേരു വിളിച്ച്‌ ആരെങ്കിലും അടുത്തുവന്നെങ്കിലെന്ന്‌ അയാള്‍ കൊതിച്ചു.


പഴയ ജോലി സ്‌ലത്തയാള്‍ പ്‌റസിദ്ധനായിരുന്നു. ടൗണ്‍ഹാളില്‍ അമ്പലത്തില്‍ കുശലം ചോദിക്കാതെ ആരും അയാളെ കടന്നു പോകുന്നുണ്ടായിരുന്നില്ല.


വാടകവീടിന്റെ ജനല്‍ തുറന്നാല്‍ എതിര്‍വശത്തെ മതിലില്‍ പതിച്ച പോസ്റ്ററുകള്‍ വ്യക്തമായി കാണാം. അതില്‍ പരിചിതരായ നടീനടന്മാര്‍ അയാളെ നോക്കി ഗോഷ്ടികള്‍ കാണിച്ചു. കൈകൊട്ടി വിളിച്ചെന്നപോലെ ചിലനേരങ്ങളില്‍ അയാള്‍ അവരുടെ അടുത്തേയ്‌ക്ക്‌ നടന്നിട്ടുണ്ട്‌. ഒന്നും മിണ്ടാത്ത അവയ്‌ക്കുമുന്നില്‍ നിന്നും ആളുതെറ്റിയ ഖേദത്തോടെ....


അടുത്ത വീട്ടിലെ സ്‌തീയുമായി, കുട്ടികളുമായി, പാല്‍ക്കാരനുമായി ഭാര്യ ഇതിനോടകം സൗഹൃദം സമ്പാദിച്ചു. താഴത്തെ വീട്ടിലെ ഗൃഹനാഥന്‍ വെളുപ്പിനു പോയി വൈകിമാത്‌റം എത്തുന്ന ആളാണ്‌. അവധി ദിവസങ്ങളില്‍ ചെന്നു കാണുന്നതിനോ സംസാരിക്കുന്നതിനോ അയാളും താല്‌പര്യം കാണിച്ചിരുന്നില്ല.


പുതിയ പ്‌റതിമയ്‌ക്കപ്പുറത്തെ പാര്‍ക്കില്‍ നിന്നാണ്‌ മുഖം ചുളുങ്ങി കോങ്കണ്ണുള്ള തടിയന്‍ അയാള്‍ക്കൊപ്പം നടന്നു തുടങ്ങിയത്‌. തീരെ വൃത്തിയില്ലാത്ത വേഷം. ചെളി കെട്ടിയ താടിയും മുടിയും. വരുന്നോയെന്ന്‌ ചോദിച്ചതേയില്ലെന്ന്‌ ഒപ്പം നടക്കുമ്പോള്‍ പലതവണ സ്വയം പറഞ്ഞയാള്‍ സമാധാനിച്ചു.


ഇത്തരമൊരാളെ ഭാര്യ ഒരിക്കലും പൊറുപ്പിക്കില്ല.


എന്നിട്ടും ആര്‍ത്തി പിടിച്ച്‌ ചോറു വാരിയെടുക്കുന്നത്‌ അവള്‍ നോക്കി നിന്നു. പിന്നെയും വിളമ്പാന്‍ ചോറെടുടുക്കാന്‍ അകത്തേയ്‌ക്ക്‌ പോയപ്പോള്‍ അയാളും കൂടെച്ചെന്നു. പാവം ദിവസങ്ങള്‍ കഴിഞ്ഞെന്നു തോന്നുന്നു എന്തെങ്കിലും കഴിച്ചിട്ട്‌ എന്നവള്‍ പറഞ്ഞത്‌ സന്തോഷിപ്പിച്ചു.


ചോറു തിന്ന്‌ അയാളിറങ്ങിപ്പോയ വഴിയിലേയ്‌ക്ക്‌ നോക്കി നില്‍ക്കുമ്പോള്‍ പിന്നില്‍ ഭാര്യ വന്നതറിഞ്ഞു.


നിങ്ങളുടെ മരിച്ചുപോയ പോറ്റിമാമന്റ പക്കനാളിന്നായിരുന്നോ? എന്നവളും
നിന്റെ ചെറിയച്ഛനെ കാണാതെ പോയിട്ട്‌ ഇപ്പേള്‍ എത്‌റ വര്‍ഷമായി എന്നയാളും ചോദിച്ചതേയില്ല
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi