2021, ജനുവരി 22, വെള്ളിയാഴ്‌ച

ലേറ്റേഴ്‌സിലെ ഗന്ധര്‍വ്വന്‍


 ലേറ്റേഴ്‌സിലെ ഗന്ധര്‍വ്വന്‍

  

തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്‌കൂള്‍ ഓഫ് സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സില്‍ റീഡറായിട്ടാണ് വിനയചന്ദ്രന്‍ സാറ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. നരേന്ദ്രപ്രസാദ്, ഡോ. എന്‍. എന്‍. മൂസ്സത്. ഡോ. വി. സി. ഹാരിസ്സ്, ഡോ. പി.പി. രവീന്ദ്രന്‍, പി. ബാലചന്ദ്രന്‍, ഡോ. കെ.എം. കൃഷ്ണന്‍ എന്നിവരുടെ പ്രതിഭാസ്ഫുരണങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിറഞ്ഞു നിന്നിരുന്ന കാലം. അടുത്ത മുറിയിലിരുന്ന ഒ.വി. ഉഷ അച്ചടിവിഭാഗത്തെ നയിച്ചു. യൂണിവേഴ്‌സിറ്റിയിലെ സംസ്‌കാരിക വിഭാഗമായ 'പ്രാസാരംഗ'ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വി.കെ. ഉണ്ണിക്കൃഷ്ണനും ഇടയ്ക്കിടെ അവിടെയെത്തിയിരുന്നു. നരേന്ദ്രപ്രസാദ് ലീവില്‍പോയ ദീര്‍ഘമായ കാലയളവില്‍ വിനയചന്ദ്രന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ റീഡര്‍-ഇന്‍-ചാര്‍ജ്ജ് ആയി മാറി. അതിരമ്പുഴിലെ മറ്റം കവലയിലെ ഹസ്സന്‍മന്‍സില്‍ എന്ന വലിയ കെട്ടിടത്തിലാണ് സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 


ഡിപ്പാര്‍ട്ടുമെന്റിനെ കുറിച്ച് അതിശയോക്തി നിറഞ്ഞ കഥകളായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ പരന്നിരുന്നത്. ഹസ്സന്‍മന്‍സില്‍ എന്ന ബംഗ്‌ളാവ് അതിന്റെ പ്രൗഡിയും പഴക്കവും കൊണ്ട് എല്ലാത്തരം വെറും പറച്ചിലുകള്‍ക്കും നിഗൂഢതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തങ്ങനെ നിന്നു. ഹസ്സന്‍മന്‍സിലില്‍ ദീര്‍ഘകാലം തങ്ങിയിരുന്ന സൂഫിയും മച്ചില്‍ ഉറങ്ങുന്നു എന്നു കരുതുന്ന ജിന്നുകളും ഈ കഥകളിലെ നായികാ നായകന്മാരായി. വിനയചന്ദ്രന്റെ വേഷവും ഉണ്ടക്കണ്ണുകളും ചുറ്റിക്കെട്ടിയ മുടിയും ശബ്ദപ്പൊലിമയും എല്ലാപേരില്‍ നിന്നും അകന്നുള്ള നടപ്പും സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സിന്റെ പരിവേഷത്തിന് അധിക മേമ്പൊടി ചാര്‍ത്തിക്കൊടുത്തു.

1993 സെപ്തംബര്‍ മാസം മുതലാണ് കവിയുടെ കൂടെ ജോലി ചെയ്യാനുള്ള അവസരം എനിക്കു കി്ട്ടിയത്. അത്തവണത്തെ തുലാമഴ കണ്ടിരിക്കു കവിയെക്കുറിച്ചുള്ളതാണ് തുടുത്തു നില്‍ക്കുന്ന എന്റെ ആദ്യോര്‍മ്മ. ഹസ്സന്‍മന്‍സിലിന്റെ വലിയ വരാന്തകളിലും വിശാലമായ മുറികളിലും ഇരുന്നാല്‍ ചരല്‍ മുറ്റത്തും കിഴക്ക് പറമ്പിലും അതിനപ്പുറത്തെ പാഴ്പ്പാടങ്ങളിലും ചിതറിയും ചെരിഞ്ഞും വീഴുന്ന മഴയുടെ വിവിധ രീതിയിലുള്ള പെയ്ത്തനുഭവങ്ങള്‍ കിട്ടും. 

കോട്ടയത്തെ കച്ചവടപ്രമാണിയായിരുന്ന ഹസ്സന്‍ റാവുത്തറുടേതായിരുന്നു ആ മന്ദിരം. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പ്രവര്‍ത്തിച്ച കുറച്ചുകാലത്തേയ്ക്ക് കവികളെയും കലാകാരന്മാരെയും ചേര്‍ത്തുപിടിക്കാനുള്ള ഭാഗ്യം ആ കെട്ടിടത്തിനുണ്ടായി. വിശാലമായ ആ തളത്തില്‍ അരങ്ങേറിയ വൈവിധ്യമാര്‍ന്ന സര്‍ഗ്ഗത്മക പ്രകടനങ്ങള്‍ക്ക് പിന്നില്‍ വിനയചന്ദ്രന്‍ സ്ഫര്‍ശവും കൂടിയുണ്ട്. 

മലയാളം, ഇംഗ്ലീഷ്, നാടകം, സിനിമാ പഠനം, താരതമ്യസാഹിത്യം എന്നിവകളില്‍ എം.എ. എം.ഫില്‍. പി.എച്ച്.ഡി. എന്നിങ്ങനെ ചി'ട്ടപ്പടിയുള്ള പഠനത്തില്‍ ഒതുങ്ങാതെ സകല കലാപഠനമായിരുന്നു ലെറ്റേഴ്‌സില്‍ നടന്നിരുന്നത്. കവിയരങ്ങും നാടകാവതരണങ്ങളും ശില്പശാലകളും ഹസ്സന്‍മന്‍സിലിന് കലാശാലയുടെ ഭാവം നല്‍കിയി. ജി. ശങ്കരപ്പിള്ള, നരേന്ദ്രപ്രസാദ് എന്നിവരുടെ പ്രവര്‍ത്തനത്തുടര്‍ച്ച സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സ് വിനയചന്ദ്രന്‍ സാറിന്റെ കാലത്തും നിലനിര്‍ത്തി.

 കോട്ടയത്ത് എത്തുന്ന എഴുത്തുകാര്‍ വിനയചന്ദ്രന്‍ സൗഹൃദത്താല്‍ ആകൃഷ്ടരായി സ്‌കൂള്‍  ഓഫ് ലെറ്റേഴ്‌സില്‍ വിരുന്നുവന്നു. ആ മന്‍സിലിന്റെ താഴത്തെയും മുകള്‍ നിലയിലെയും ഹാളുകളില്‍ അവര്‍ കവിത ചൊല്ലി. വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ചില ക്ലാസ്സുകള്‍ മാതളനാരകം തുടുത്ത പറമ്പുകളിലേയ്ക്ക് നീണ്ടു. വിദ്യാര്‍ത്ഥികളും അധ്യാപകരും സദസ്യരായി. ഹസ്സന്‍ മന്‍സിലിന്റെ മച്ചില്‍ ഉറങ്ങു ജിന്നുകള്‍ അപ്പോഴുണ്ടായ ശബ്ദപ്പകര്‍ച്ചയില്‍ ഒരു നിമിഷം ഞെട്ടിയുണര്‍ന്നു. അവരും കഥകളി മുദ്രകള്‍ കണ്ടു. ഒപ്പം ചേര്‍ന്നു കവിതകള്‍ ചൊല്ലി. കഥകളിയാട്ടക്കാര്‍ക്കൊപ്പം ചുവടുകള്‍ വച്ചു. ഡിപ്പാര്‍ട്ടുമെന്റില്‍ പരിപാടികള്‍ നടക്കുന്നത് കേട്ടറിഞ്ഞ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഹൃദയര്‍ എത്തുമായിരുന്നു. വലിയ മുറികളെങ്കിലും അവ നിറഞ്ഞു തുളുമ്പി.

സര്‍ഗ്ഗാത്മകനായ മേധാവിയുടെ കാലത്ത് ഡിപ്പാര്‍മെന്റില്‍ വൈവിധ്യമായ കലാപരിപാടികള്‍ നടന്നു. വൈവിധ്യമാര്‍ ശില്പശാലകളും സംവാദ സദസ്സുകളിലൂടെയും നവകലാദര്‍ശനം പരത്താന്‍ കവിക്ക് കഴിഞ്ഞു. തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, എം.ടി. വാസുദേവന്‍ നായര്‍, അയ്യപ്പപ്പണിക്കര്‍, എന്‍.പി. മുഹമ്മദ്, എം.കെ.സാനു, മേതില്‍, സക്കറിയ എന്നിവര്‍ അതില്‍പ്പെടു ചുരക്കം ചിലരാണ്. ലെറ്റേഴ്‌സില്‍ സ്ഥാപിച്ച ബഷീര്‍ ചെയറില്‍ ആര്‍.ഇ. ആഷറും ജയന്തമഹാപാത്രയയും സാരഥ്യം വഹിച്ചു. 

എന്നാലും ഓഫീസ് ഭരണവും റിസര്‍ച്ചുഗൈഡു പണിയുമായി പലപ്പോഴും കവി പൊരുത്തപ്പെടാതെ മാറി നിന്നിരുന്നു. സാഹിത്യം ജീവിതമാക്കിയവര്‍ എങ്ങനെയാണ് ഓഫീസ് ഭരിക്കുന്നത്? നാട്യങ്ങളുടെ കാലത്തിലൂടെയും കവി കടന്നുപോയി.


വായനയും പുസ്തകങ്ങളും


ഒരു ആയുസ്സു മുഴുവനും വായിക്കാനുള്ള പുസ്തകങ്ങള്‍ എനിക്ക് സ്വന്തമായി ഉണ്ടെന്നു വിനയചന്ദ്രന്‍ അഭിമാനിച്ചിരുന്നു. 

സ്ഥാവര ജംഗമ വസ്തുക്കളില്‍ തന്റെ ഗ്രന്ഥശേഖരത്തെച്ചൊല്ലി മാത്രമാണ് വിനയചന്ദ്രന്‍സാര്‍ വേവലാതിപ്പെട്ടിരുന്നത്. സംഗീത കാസറ്റുകളും പുസ്തങ്ങളും കൈമറിഞ്ഞാലുണ്ടാകുന്ന അപകടത്തെ കുറിച്ച് കവിയെപ്പോഴും ആശങ്കപ്പെട്ടിരുന്നു. വിനയചന്ദ്രന്റെ ഏറ്റവും വലിയ കരുതല്‍ തന്റെ പുസ്തങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. 

നീണ്ട അവധികള്‍ കഴിഞ്ഞ് കവി തിരികെയെത്തുമ്പോള്‍ തപാലാപ്പീസില്‍ വന്നു കൂടിയ ഉരുപ്പടികള്‍ ചാക്കുകളിലായിരുന്നു താമസസ്ഥലത്തേയ്ക്ക് എത്തിയത്. പത്രമാസികളാണവയില്‍ മുഖ്യം. വിളവെടുപ്പിനു ശേഷം കൃഷിക്കാരന്റെ മുറ്റത്ത് ധാന്യക്കുമ്പാരം കുമിയുന്നതു മാതിരി അവ മുറികളില്‍ വന്നു നിറഞ്ഞു. അതിവിശാലമായ മലയാള മണ്ണിലെ വൈവിദ്ധ്യങ്ങളായ കായകനികള്‍ നിറഞ്ഞ പത്രികകള്‍.

അമേരിക്കന്‍ സഞ്ചാരം കഴിഞ്ഞു വന്ന കവിയുടെ  പെട്ടികള്‍ നിറയെ പുസ്തകങ്ങളും കാസറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. ഏതൊക്കെയാണ് തന്റെ പുതിയ സമ്പാദ്യങ്ങള്‍. അവയെ കുറിച്ച് മറ്റാരോടും പറയരുത് എന്ന നിഷ്‌കര്‍ഷയോടെയാണ് അതൊക്കെ തുറന്നു കാണിക്കാന്‍ താല്പര്യപ്പെട്ടത്. 

അക്കാലത്ത് അതിരമ്പുഴ കള്ളന്മാരുടെ മേച്ചില്‍ സ്ഥലമായിരുന്നു. പ്രതേ്യകിച്ചും മഴക്കാലത്ത്. വീടുകളില്‍ കള്ളന്‍ കയറുന്ന വാര്‍ത്തകളായിരുന്നു നാട്ടുവര്‍ത്തമാനങ്ങളില്‍ മുഖ്യമായത്. ഒന്നും എടുക്കാനില്ല എന്നറിഞ്ഞിട്ടും സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സിന്റെ മുറികളില്‍ ഇടയ്ക്കിടെയൊരുവന്‍ വിസിറ്റു നടത്തിയിരുന്നു. അലമാരിയിലെ പുസ്തകങ്ങള്‍ താഴെ വാരിയിടുന്ന കുസ്ൃതിക്കാരന്‍.  അമേരിക്കന്‍ സന്ദര്‍ശനത്തിന്നിടയില്‍ ചിക്കാഗോയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് വിനയചന്ദ്രന്‍ പറന്നു കൊണ്ടിരുന്നു. അതേയവസരത്ത് കവിയുടെ വീട്ടില്‍ കള്ളന്‍ കയറി. പാവം കള്ളന്‍! പുസ്തകക്കൂമ്പാരങ്ങളും തറയില്‍ കൂനകൂട്ടിയ മാസികളും കണ്ടയാള്‍ അന്തം വിട്ടിരിക്കും. ''ഇതെന്നാ ജാതി മനുഷ്യന്‍''? എന്നു കള്ളന്‍ തീര്‍ച്ചയായും പറഞ്ഞിരിക്കും.

വായന കൊണ്ട് അതിസമ്പനായിരുന്നു വിനയചന്ദ്രന്‍. അപൂര്‍വ്വമായി മാത്രം ഒരു ലൈബ്രേറിയന് ലഭിക്കുന്ന നല്ല വായനക്കാരന്‍.

കവിതയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സാറിന്റെ വായനാലോകം. ആ രചനകള്‍ക്ക് കവിയെ പ്രാപ്തനാക്കിയത് അറ്റവും അന്തവുമില്ലാത്ത ആഴത്തിലും പരപ്പിലുമുള്ള വായനാശീലമായിരുന്നു. സര്‍ഗ്ഗാത്മക കൃതികള്‍ മുതല്‍ സാഹിത്യ സിദ്ധാന്തങ്ങള്‍ വരെയതിലുള്‍പ്പെട്ടു. ചിത്രമെഴുത്ത്, നാടകം, സിനിമ എന്നിവയെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങളെയും ആസ്വാദനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നില്ല. മുന്നില്‍ വന്ന ഏതു പുസ്തവും തൊട്ടുപോകാന്‍ കിട്ടിയ അവസരങ്ങള്‍ വിനയചന്ദ്രന്‍ ഒഴിവാക്കിയില്ല. ഒരു വിഷയവും അദ്ദേഹത്തിനന്യമായിരുന്നില്ല. 

പുതിയ പുസ്തങ്ങളുടെ ഓരോ കെട്ടും പൊട്ടിക്കുന്നതു കാത്ത് വിനയചന്ദ്രന്‍ സാര്‍ ലൈബ്രറിയില്‍ നിന്നു. മറ്റാരും തൊടുതിനു മുമ്പ് ആദ്യം വായിക്കാനുള്ള കൊതി. കാടിനോടും പ്രകൃതിയോടും യാത്രയോടുമുള്ള അതേ പ്രണയം തെന്നയായിരുന്നു വായനയിലും പ്രകടിപ്പിച്ചിരുന്നത്. അതിന്റെ ആഴവും പരപ്പും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ മുഴുവനും പ്രകടമായി. ക്ലാസ്സുകളിലും വിനയചന്ദ്രന്‍ ഒഴുകിപ്പരന്നു പോകുന്നത് ഒളിച്ചു നിന്ന് കേള്‍ക്കാനുള്ള അവസം എനിക്ക് ധാരാളമുണ്ടായി.  മണല്‍ത്തരികളില്‍ നിന്നും ഉര്‍ജ്ജമെടുത്ത് ആ സിലബസ്സ് വിശ്വാകാശത്തോളമുയര്‍ന്നു.

എല്ലാം നരന്തരം മായുക എന്ന പ്രമാണമുള്ള ഈ മണ്ണിലി് അതിരമ്പുഴയിലെ ഹസ്സന്‍മന്‍സില്‍ എന്ന വലിയ കെട്ടിടമില്ല. അതുപോലെ അവിടെ ഗന്ധര്‍വ്വ ജന്മമെടുത്ത കവിയും, അവരെല്ലാം തന്റെ വീഥികളിലേയ്ക്ക് ഇറങ്ങി മറഞ്ഞിരിക്കുന്നു.


മാതൃഭൂമി വാരാന്തപ്പതിപ്പ് 9.2.2014


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi