2015, ജൂലൈ 22, ബുധനാഴ്‌ച

ഞാനും




ഹോട്ടലിലെ ഭക്ഷണമേശയില്‍ എനിക്കെതിരെ ഒരു വൃദ്ധനാണുണ്ടായിരുന്നത്.
അയാളുടെ കൃത്രിമ ദന്തങ്ങള്‍ ഓരോ വറ്റിലും 'ടിക്, ടിക് ' എന്ന് ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.
മുമ്പൊക്കെ അത്രമാത്രം മതി. ഞാന്‍ ഛര്‍ദ്ദിച്ചുപോകുമായിരുന്നു.
ഇന്നിപ്പോള്‍ ഡന്റിസ്റ്റിനെ കണ്ട് പുതിയ പല്ലുകള്‍ക്ക് അഡ്വാന്‍സ് കൊടുത്ത് ഞാനും...
ഇന്ന് മാസിക ജൂലൈ 2015
-----------------------

2015, ജൂലൈ 1, ബുധനാഴ്‌ച

ജലസാക്ഷരത WATER LITERACY



കാറ്റിനെയും സൂര്യരശ്മികളെയും മഞ്ഞുതുള്ളിക്ക് പേടിയാണ്. ആ ശത്രുക്കള്‍ കാണാതെ അവള്‍ ഇലത്തുമ്പില്‍ തൂങ്ങി നിന്നു.
എന്തെടി വായ്‌നോക്കണത്?
സൂര്യകിരണങ്ങളും കാറ്റും ഒരുമിച്ചവളെ പേടിപ്പിക്കാന്‍ വന്നു.
ഞാനിപ്പോള്‍ കടലില്‍ നിന്നാണു വരുന്നത്. ഞാനവിടെ കുറെ തിരകളെയുണ്ടാക്കി. കാറ്റു പറഞ്ഞു.
ഞാന്‍ തീയാണ് നിന്നെയിപ്പോള്‍ തീര്‍ത്തു കളയും.
സൂര്യന്‍ അവളെ നോക്കി കണ്ണുകളുരുട്ടി.
മഞ്ഞു തുള്ളിയും വിട്ടില്ല. ശ്വാസം പിടിച്ചുകൊണ്ടവള്‍ പറഞ്ഞു.
ഞാന്‍ ജലമാണ് എനിക്കും ഒരുപാടു കഴിവുകളുണ്ട്. ഞാനില്ലെങ്കില്‍ നിന്റെ ചൂടുകൊണ്ടെന്തു കാര്യം സൂര്യാ? വെള്ളമില്ലാതെ ചെടികള്‍ക്ക് ഭക്ഷണമുണ്ടാക്കാന്‍ കഴില്ല. കൃഷിചെയ്യണമെങ്കില്‍ ഞാന്‍ വേണം. വൈദ്യുതിയുടെ അമ്മയും ഞാനാണ്.
കാറ്റിനു കലി വന്നു. ഇലയുടെ അറ്റത്ത് ഇറ്റിനിന്ന മഞ്ഞുതുള്ളിയെ അതു വലിച്ചെടുത്തു.

രണ്ട്

അടുക്കളയിലെ കുക്കറില്‍ കയറാന്‍ നേരത്തുമാത്രം കുളിക്കുന്ന അരിമണികളെ വാട്ടര്‍ടാപ്പിന് പുച്ഛമാണ്.
എടാ. നിനക്കറിയാമോ ഞാനെത്ര വെള്ളം കുടിച്ചിട്ടുണ്ടെന്ന്?
സിങ്കില്‍ തൂവിപ്പോയ ഒരു അരിമണി ചോദിച്ചതുകേട്ട് ടാപ്പ് മിഴുങ്ങസ്യാണ് നിന്നു.
ഞങ്ങളുടെ അമ്മച്ചെടികള്‍ എാകദേശം ആയിരത്തി അഞ്ഞൂറു ലിറ്റര്‍ വെള്ളം കുടിച്ചിട്ടാണ് ഒരു കിലോ അരിയുണ്ടാകുന്നത്.
അപ്പോള്‍ കുഞ്ഞന്‍ അരിമണിയായി ഞാനെത്ര വെള്ളം കുടിച്ചിട്ടുണ്ടെന്ന് നീ കണക്ക് കൂട്ടെടാ...
ടാപ്പ് മെല്ലെയൊന്നു തിരിഞ്ഞു. പേപ്പറിനും പേനയ്ക്കും വേണ്ടി.

മൂന്ന്

കുട്ടികള്‍ക്ക് കടലാസ് കുനുകുനാന്ന് കീറിപ്പറത്തണമെന്നു തോന്നി.
അന്നേരത്ത് കടലാസ് പറഞ്ഞു.
ഒരു ഷീറ്റ് കടലാസുണ്ടാക്കാന്‍ എാകദേശം പത്തുലിറ്റര്‍ വെള്ളം വേണം.
സംഗതി ശരിയാണേ! ഒരു പൗണ്ട് പ്ലാസ്റ്റിക് ഉണ്ടാക്കാന്‍ ഇരുപത്തിനാലും ഗ്യാലന്‍ വെള്ളമാണ് വേണ്ട്ത്.
അടുത്തുണ്ടായിരുന്ന പേനയും പറഞ്ഞു.

നാല്

ടീച്ചര്‍: കുട്ടികളേ കഥകളെല്ലാം കേട്ടില്ലേ? എല്ലാകാര്യങ്ങള്‍ക്കും ജലം ആവശ്യമാണെന്നു മനസ്സിലായില്ലേ? എാതു വസ്തു ഉണ്ടാക്കാനും വെള്ളം വേണം. അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന ജലത്തെ നാം കണുന്നില്ലേന്നേയുള്ളു.
കുട്ടികള്‍: അതെല്ലാം മനസ്സിലായി. പക്ഷേ ഈ ജലസാക്ഷരത, അതെന്താണെന്ന് മനസ്സിലായില്ല.
ടീച്ചര്‍: നമുക്കാവശ്യമായ ജലം എങ്ങനെ കിട്ടുന്നു. വെള്ളത്തെ നമ്മള്‍ എപ്രകാരം ഉപയോഗിക്കുന്നു. ഈ അറിവുകളെയാണ് ജലസാക്ഷരത എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ജലസാക്ഷരത എന്നാല്‍ എന്തെന്ന് മനസ്സിലായില്ലേ? കുട്ടികള്‍ തലകുലുക്കി.
നിങ്ങള്‍ക്ക് ജലസാക്ഷരതയുണ്ടോ? ടീച്ചര്‍ കുട്ടികളോട് ചോദിച്ചു.
കുട്ടികള്‍: ഉണ്ടല്ലോ. മഞ്ഞുതുള്ളി, അരിമണി, കലാസ് എന്നിവരെല്ലാം അതാണല്ലോ പഠിപ്പിച്ചത്.
ടീച്ചര്‍: എന്നാല്‍ നോക്കട്ടെ. ജലസാക്ഷരത നേടാന്‍ നമ്മളെന്തൊക്കെ മനസ്സിലാക്കണം.
കുട്ടികള്‍: ഇലത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള അറിവുവേണം. തണ്ണീര്‍ത്തടങ്ങള്‍, ഭൂഗര്‍ഭജലം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കണം ജലത്തിന്റെ ഉപയോഗം മലിനജല നിര്‍മ്മാര്‍ജനം എന്നിവയും ജലസാക്ഷരതയുടെ ഭാഗമാണെന്ന ധാരണയുണ്ടാവണം. ജലവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം തിരിച്ചറിയണം. ജലം, ആരോഗ്യം, ജലശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവും വേണം.
ടീച്ചര്‍: നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. ടീച്ചര്‍ കുട്ടികളെ അഭിനന്ദിച്ചു.

അഞ്ച്

കാറ്റ് വലിച്ചെടുത്ത മഞ്ഞുതുള്ളിക്ക് വളരെ സന്തോഷമായി. കാറ്റിന്റെ തോളിലേറി അവള്‍ അപ്പോള്‍ പറന്നുകൊണ്ടിരുന്നത് സ്‌കൂളിന്റെ മുകളിലൂടെയായിരുന്നു.  കുട്ടികള്‍ ജലസാക്ഷരരാകുന്നതു കണ്ട് മഞ്ഞുതുള്ളി സന്തോഷിച്ചു.

(എന്റെ മലയാളം: മാതൃഭാഷാ പാഠാവലി ക്ലാസ്സ് നാല്. New Jyothi Publication)


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi