നാളുകള്‍ക്കുശേഷം അമ്മ വീട്ടിലെത്തുന്നു. അടുത്ത കുറച്ചുദിവസങ്ങളില്‍ അമ്മ അയാളോടൊത്തുണ്ടാവും.
അമ്മയെ കൂട്ടി വരാന്‍ കാറുമായി തീവണ്ടിയാപ്പീസിലേയ്‌ക്ക് പോണം. മകന്‍ നല്ല നിലയില്‍ ജീവിക്കുന്നതു കണ്ട് എാറെ സന്തോഷത്തോടെ അമ്മ തിരികെ വൃദ്ധസദനത്തിലേയ്‌ക്ക് മടങ്ങട്ടെ.
അമ്മയെ കൂട്ടാന്‍ അയാള്‍ വണ്ടിയിറക്കിയതാണ്.
വേണോ?
വീട്ടിലേയ്‌ക്കുള്ള വഴി എാതമ്മയ്‌ക്കാണ് അറിഞ്ഞുകൂടാത്തത്?
അമ്മ ബസ്സില്‍ വരട്ടെ!
പണവും സൗകര്യങ്ങളുമൊന്നുമില്ലാതിരുന്ന കാലത്ത് അമ്മ എന്തുമാത്രം നടന്നതാണ്. വൃദ്ധസദനത്തിലായതിനുശേഷം പുറം കാഴ്‌ചകള്‍ക്കുള്ള സൗകര്യങ്ങള്‍ കഷ്ടിയാണ്. നമ്മുടെ നാടിന് എന്തുമാറ്റമാണിപ്പോള്‍. അതൊക്കെ കണ്ടുകൊണ്ട് അമ്മ പതുക്കെ നടന്നുവരട്ടെ. തനിക്കതെല്ലാം കൊണ്ടുകാണിക്കാന്‍ നേരവുമില്ല. ചെറിയ ദൂരമല്ലേയുള്ളു.
അമ്മ അപ്പോള്‍ തന്നെ നടന്നെത്തുമെന്ന തോന്നല്‍ അയാള്‍ക്കുണ്ടായി.
അയാള്‍ ഭദ്രമായി വീട് അടച്ചുപൂട്ടി.
അടുത്തു തന്നെ ധാരാളം ബന്ധുവീടുകളുണ്ടല്ലോ. രണ്ടുദിവസം അവരോടൊപ്പം സന്തോഷത്തോടെ തങ്ങി അമ്മയ്‌ക്ക് തിരിച്ചുപോകാമല്ലോ.
അമ്മയ്‌ക്കീ വീട്ടിലെ ആധുനിക സൗകര്യങ്ങളും സമ്പ്രദായങ്ങളും രുചിക്കാന്‍ വഴിയില്ല. അമ്മയുടെ എല്ലാ പതിവുശീലങ്ങളും തെറ്റാനാണ് സാധ്യത.
മനസ്സിനെ അലങ്കോലപ്പെടുത്തുന്നതില്‍ അയാള്‍ തീര്‍ത്തും വിജയിച്ചു.
ഒരിറ്റു സമാധാനം?
തിരിഞ്ഞും മറിഞ്ഞും വേവലാതിപ്പെട്ട് ഒടുവില്‍ മനസ്സില്‍ വെളിച്ചം വീണു.
അടുത്ത പട്ടണത്തിലെ ദേവമാതാ സന്നിധി സന്ദര്‍ശിക്കാന്‍ അയാള്‍ തീരുമാനിച്ചു.
മനുഷ്യരൂപമെടുത്ത ആ ലോകമാതാവ് ഒന്നുതൊട്ടാല്‍ മതി. മനസ്സമാധാനം വരും.
അയാള്‍ മാതാവിനെ കാണാന്‍ പോകാന്‍ വണ്ടിയിറക്കി.
കെ.ജി.ഒ.എ.. ന്യൂസ് മേയ് 2011
1 comments:
കവി രോദാനുസാരി എന്ന് കാളിദാസന്‍.കഥയും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ