2016, നവംബർ 6, ഞായറാഴ്‌ച

ദേശത്തനിമകളുടെ കലവറക്കാരന്‍ Utharamcode Sasi



പണ്ട് തിരുവിതാംകൂര്‍ ചുറ്റിയടിച്ചു വിവരശേഖരണം നടത്തിയ സാമുവല്‍മറ്റീര്‍ നെടുമങ്ങാടിനെ കുറിച്ചെന്തു പറഞ്ഞു? കഥകളിയാശാനായിരുന്ന കരുപ്പുരിലെ കീരിക്കാടു ശങ്കരപ്പിള്ളയ്ക്കും (19121992യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച കൂടിയാട്ടത്തിനും തമ്മിലെന്തു ബന്ധം? മടത്തറയിലെ അപ്പുക്കുട്ടന്‍ കാണി ആ ഗോത്രസമുദായത്തിലെ ആദ്യ അദ്ധ്യാപകനാകാന്‍ എന്തൊക്കെ സഹിച്ചു? എന്താണ് കൊക്കരയും ചക്കിമുക്കിയും? കാലം മാറി. ഇതൊക്കെ ഇന്നിപ്പോള്‍ പരസ്പര ബന്ധമില്ലാത്ത സംഗതികളാണ്. ലോകമപ്പാടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സൂക്ഷ്മമായി ചിന്തിച്ചാല്‍ മലകളും തോട്ടങ്ങളുള്‍പ്പെടെ കൃഷിയിടങ്ങള്‍ നിറഞ്ഞ നെടുമങ്ങാടിന്റെ സാംസ്‌കാരികതയെ നിര്‍ണ്ണയിക്കുന്നതില്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് എന്നു കാണാം. 
നെടുമങ്ങാടിനെ സംബന്ധിക്കുന്ന ഏതു തരത്തിലുള്ള സംശയങ്ങളുടെയും കുരുക്കഴിക്കലില്‍ മുഴുകി കഴിയുകയാണ് ഉഴമലയ്ക്കല്‍ ഹരിതത്തില്‍ ഉത്തരംകോട് ശശി എന്ന അറുപത്തിയാറുകാരന്‍. കഴിഞ്ഞ പത്തിരുപതു കൊല്ലങ്ങളായി നെടുമങ്ങാടിന്റെ സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ ചരിത്രത്തെ കുറിച്ചുള്ള എഴുതപ്പെട്ടതും അല്ലാത്തതുമായ വിവരങ്ങളുടെ അനേ്വഷണങ്ങളാണ് ശ്രീമാന്‍ ഉത്തരംകോട് ശശിയെ കേരളത്തിലെ കാക്കത്തൊള്ളായിരം റിട്ടയേര്‍ഡ് അദ്ധ്യാപകരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ഇത്തരം കണ്ടെത്തലുകളിലൂടെയാണ് നെടുമങ്ങാട് എന്ന അതി വിസ്തൃതായ നാടിന്റെ ചരിത്രം പൂര്‍ണ്ണമാകുന്നത്.
നെടുമങ്ങാട് താലൂക്കിനെ കുറിച്ച് എഴുതപ്പെട്ടതും അല്ലാത്തതുമായ വിവരങ്ങളുടെ ശേഖരണത്തിനും അവയെ ആസ്പദമാക്കി രചനകളുണ്ടാക്കുന്നതിനും ഉത്തരംകോട് ശശി പ്രേരിതനായതിനു പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യകാലം. യൂണിവേഴ്‌സിറ്റി കോളേജ് മലയാളം വിഭാഗത്തിലെ സ്റ്റാഫ് റൂമാണ് രംഗം. നെടുമങ്ങാട്താലൂക്ക് യാതൊരുവിധ സാംസകാരിക തനിമയുമില്ലാത്ത ഒരു കാട്ടുപ്രദേശമാണ്. അത് മരച്ചീനി മൂടന്മാരുടെയും സിറ്റിയിലെ വീടുകളില്‍ വേലയ്ക്ക് പോകുന്നവരുടെയും നാടാണ് എന്ന രീതിയിലുള്ള സഹപ്രവര്‍ത്തകരുടെ കൊള്ളിവര്‍ത്തമാനത്തില്‍ നിന്നാണ് പിറന്ന നാടിന്റെ സമഗ്രമായ സാംസ്‌കാരിക ചരിത്രാനേ്വഷണത്തിന് ഉത്തരംകോട് ശശി തുടക്കമിട്ടത്. 
അക്ഷീണമായ ഇത്തരം പ്രവര്‍ത്തങ്ങള്‍ സ്വന്തം വ്യക്തിത്വത്തിനെ മാത്രമല്ല മാറ്റിയത്. പലയിടത്തു നിന്നുമായി കണ്ടെടുത്തപൊട്ടിലും പൊടിയിലും നിന്ന് നെടുമങ്ങാടിനെ കുറിച്ചും അവിടത്തെ വ്യത്യസ്ഥമായ ജീവിതത്തെക്കുറിച്ചും കനപ്പെട്ട വിവരങ്ങളടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന് തയ്യാറാക്കാന്‍ കഴിഞ്ഞു. നാടിനെക്കുറിച്ച് എന്തറിയാനും ആര്‍ക്കും ആശ്രയിക്കാവുന്ന സ്രോതസ്സായി അങ്ങനെ ഉത്തരംകോട് ശശിയുടെ അറിവും അദ്ധ്വാനവും മാറി. അത് ഒരു കോളെജ് അദ്ധ്യാപകനെതിലുപരിയായി പുതിയൊരു ഉത്തരംകോട് ശശിയുടെ പിറവിക്ക് കാരണമായി.

സര്‍ഗ്ഗലാവണ്യം Nedumangad

ചെറുപ്പകാലം മുതലുള്ള കാവ്യരചന, കഥാപ്രസംഗം തുടങ്ങിയ ഉത്തരംകോട് ശശിയുടെ സാംസ്‌കാരിക സപര്യകള്‍ ഉച്ചസ്ഥായിലെത്തുന്നത് നാടിന്റെ സമഗ്ര സാഹിത്യചരിത്രമായ 'നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യ'ത്തിന്റെ രചനയോടെയാണ്. നെടുമങ്ങാട് താലൂക്കിലെ എഴുത്തുകാരുടെയും മറ്റ് കലാകാരന്മാരെയും സംബന്ധിക്കു വിവരങ്ങള്‍ ശേഖരിക്കാന്‍ താലൂക്ക് മുഴുവനും അദ്ദേഹം ഓടി നടന്നു. കണ്ടറിവുകളുടെയും കേട്ടറിവുകളുടെയുംസമാഹാരമായ നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യം രണ്ടായിരത്തില്‍ പ്രസിദ്ധീകൃതമായി. സ്വന്തമായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നാട്ടില്‍ നിന്നും മറഞ്ഞവരുള്‍പ്പെടെയുള്ള  കലാകാരന്മാരെ സംബന്ധിക്കന്നു വിവരങ്ങള്‍ ലഭിക്കും. അങ്ങനെ നെടുമങ്ങാട് താലൂക്കിന്റെ സാംസ്‌കാരിക ചരിത്രമായി ഈ പുസ്തകം മാറി. ഒരു നാട്ടിലെ സാംസ്‌കാരിക സവിശേഷതകള്‍ മറവിക്കടിപ്പെടാതെ നിലനിര്‍ത്തിയ ഈ പുസ്തകം മലയാളത്തില്‍ ഒരു പക്ഷേ ആദ്യത്തേതായിരിക്കും. നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യത്തിന്റെ പ്രസിദ്ധീകരണം താലൂക്കിലെ എഴുത്തുകാരുള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പുതുഊര്‍ജ്ജമാണ് നല്‍കിയത്. 
പ്രാദേശിക ചരിത്രരചന രംഗത്ത് പുതിയൊരു ചലനമാണ് അദ്ദേഹമുണ്ടാക്കിയത്. പില്‍ക്കാലത്ത് തിരുവനന്തപുരം ജില്ലയിലെ മറ്റു താലൂക്കുകളില്‍ നടന്ന സാംസ്‌കാരികചരിത്രരചനകള്‍ക്ക് ഉത്തരംകോട് ശശിയുടെ ഈ യത്‌നം മാതൃകയായി. ദൃശ്യ, ശ്രാവ്യ രംഗങ്ങളിലെ കലാകാരന്മാരുള്‍പ്പെടെ കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷത്തെ നാട്ടിലെ പുതുനാമ്പുകളെ ഉള്‍പ്പെടുത്തി 'നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യ'ത്തിന്റെ പുതിയ പതിപ്പ് തയ്യാറാക്കുന്ന പണികളില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി അദ്ദേഹം മുഴുകിയിരിക്കുന്നു.

ഇടപെടലുകള്‍

സാംസ്‌കാരിക രംഗത്തെ ഇടപെടലുകളാണ് ഉത്തരംകോട് ശശിയെ നെടുമങ്ങാടിന്റെ ഭൂമികയില്‍ കൂടുതല്‍ പ്രിയപ്പെട്ടവനാക്കുത്. നാടിന്റെ സാംസ്‌കാരിക പോഷണത്തിന് നിദാനമായ എല്ലാപുരോഗമന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു വരുന്നു. പ്രസംഗ, ചര്‍ച്ചാ വേദികളിലെ നിരന്തര സാന്നിധ്യം. അവതാരികള്‍, നിരുപണങ്ങള്‍, ലേഖനങ്ങള്‍ എന്നിവയുടെ രചനയിലൂടെ നടത്തു സാഹിത്യ പ്രവര്‍ത്തങ്ങള്‍ എന്നിവ അതിലുള്‍പ്പെടുന്നു. 
ഗ്രന്ഥശാലകള്‍,സാംസ്‌കാരിക സമിതികള്‍ എന്നിവകളുടെ രൂപീകരണവും നടത്തിപ്പുമാണ് ഉത്തരംകോട് ശശിയെ സാംസ്‌കാരിക രംഗത്ത് വ്യത്യസ്ഥനാക്കുന്നത്. ജന്മദേശമായ  ഉത്തരംകോട്ട'് 1975ല്‍ രാഗം തിയറ്റേഴ്‌സ് ഗ്രന്ഥശാലയും നെടുമങ്ങാട് മുളമുക്കിലെ പൊതുവായനശാലയും തുടങ്ങാന്‍ ഈ അദ്ധ്യാപകന്‍ നേതൃത്വം നല്‍കി. മുളമുക്കിലെ പൊതുജനഗ്രന്ഥശാലവായനശാല മുളയിട്ടത് അദ്ദേഹത്തിന്റെ വീട്ടിലായിരുു. കുടുംബാഗംങ്ങളും അയല്‍ക്കാരുമുള്‍പ്പെടെയുള്ളവരുടെ പ്രാരംഭ സഹായം അദ്ദേഹത്തിന് ഇത്തരം ഉദ്യമങ്ങളില്‍ നിര്‍ലോഭം ലഭിക്കുകയുണ്ടായി. ചുരുക്കത്തില്‍ എഴുത്ത്, പ്രസംഗം എന്നിവയിലൂടെ മാത്രമല്ല അേദ്ദഹം പുതിയ തലമുറയെ സാംസ്‌കാരിക പാതയിലൂടെ നയിച്ചത്.
ഉത്തരംകോട് രാഗം തിയറ്റേഴ്‌സ്, നെടുമങ്ങാട് സ്വതന്ത്ര ചര്‍ച്ചാവേദി, തിരുവനന്തപുരം ജില്ലാഫോക്‌ലോര്‍ പഠനകേന്ദ്രം എന്നിവയുടെ തുടക്കവും തുടര്‍പ്രവര്‍ത്തനങ്ങളും നാടിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തനുള്ള ഈ റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപകന്റെ ആഭിമുഖ്യെത്ത കാണിക്കുന്നു.രണ്ടായിരത്തിന്റെ ആദ്യദശകങ്ങളില്‍ ഉത്തരംകോട് ശശിയുടെ നേതൃത്വത്തില്‍ നെടുമങ്ങാട്, ആര്യനാട് എന്നിവിടങ്ങളില്‍ എണ്ണമറ്റസാഹിത്യ, നാടോടിവിജ്ഞാനീയ ക്യാമ്പുകള്‍ നടത്തി. ആഗോളവത്ക്കരണ കാലത്ത് നാടിന്റെ സാംസ്‌കാരിക തനിമയുടെ പ്രാധാന്യം സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരുടെ സന്നാിധ്യം ഉറപ്പാക്കുന്ന പരിപാടികളായിരുന്നു അവയെല്ലാം. നാട്ടുഭക്ഷണത്തെക്കുറിച്ച് വീട്ടമ്മമാരും ആദിവാസിപ്പെരുമകളെക്കുറിച്ച് കാണിസെറ്റില്‍മെന്റില്‍ നിന്നുള്ളവരുമാണ് അത്തരം പരിപാടികളില്‍ സംസാരിക്കാനായി അദ്ദേഹം കണ്ടെത്തിയത്.
താലൂക്കിലെ നിരവധി പുതിയ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ദിശാബോധം നല്‍കാന്‍ ഈ പരിപാടികളിലൂടെ പരോക്ഷമായി അദ്ദേഹത്തിനു കഴിഞ്ഞു. അക്കാദമിക് ഗവേഷണത്തിന് പുറത്തു നടന്ന സുപ്രധാനമായ സാംസ്‌കാരിക അനേ്വഷങ്ങളായിരുന്നു അവയെല്ലാം. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും സമാനത കാണാനാവില്ല.
വിശദമായ അനേ്വഷണങ്ങളില്‍ നിന്നുള്ള ഉത്പങ്ങളാണ് നെടുമങ്ങാടിന്റെ അകവും പുറവും, തിരുവനന്തപുരം ജില്ലയിലെ ഫോക്‌ലോര്‍ രൂപങ്ങള്‍ തുടങ്ങിയ കൃതികള്‍. നെടുമങ്ങാടിന്റെ സാംസ്‌കാരിക തനിമയെ കുറിച്ചുള്ള ചിത്രങ്ങള്‍ അവയില്‍ നിന്നും ലഭിക്കുന്നു. ഈ വായ്‌മൊഴി വിജ്ഞാനം ശേഖരിക്കപ്പെടാതെയിരുെന്നങ്കില്‍ മറഞ്ഞുപോകുവയാണ്. നാട്ടറിവുകളുടെ സമാഹരണമാണ് ഈ പ്രവര്‍ത്തനങ്ങളുടെ മഹത്വം. അതിലൂടെ നെടുമങ്ങാട് എന്ന ദേശം പരോക്ഷമായി ഉത്തരംകോട് ശശിയോട് കടപ്പെട്ട'ിരിക്കുന്നു.

തെറിയും മറയു കാലം

വ്യക്തികള്‍, തൊഴിലുകള്‍, പരിസ്ഥിതി എല്ലാം മാറി. നെല്‍വയലുകള്‍ മറഞ്ഞു. നെല്‍ക്ക്യഷി കാണാനില്ലാതെയായി. യന്ത്രവല്‍കൃത ലോകത്തില്‍ വൈജ്ഞാനിക ജീവിത സാഹചര്യങ്ങള്‍ ജനങ്ങളുടെ പെരുമാറ്റത്തെപ്പോലും മാറ്റിമറിച്ചു കഴിഞ്ഞു. പരിസ്ഥിതിയിലെ മാറ്റം കാരണം കാര്‍ഷിക രംഗത്ത് വലിയ വ്യതിയാനങ്ങളുണ്ടായി. ഇവയെല്ലാം മലയാളി ജീവിതങ്ങളെ നിരന്തരം പുതുക്കിപ്പണിയുകയാണ്. വ്യവഹാരത്തില്‍ നിന്നും പഴയ വാക്കുകള്‍ ഒഴിഞ്ഞു പോകുന്നു. പ്രാദേശിക പ്രതേ്യകളും ജാതിയ വ്യത്യാസങ്ങളില്ലാതെ പുതിയൊരു ഭാഷ പിറന്നു കഴിഞ്ഞു.
ക്ഷേത്രങ്ങളിലും അരാധനാ രീതികളിലും വമ്പിച്ച മാറ്റങ്ങള്‍ വന്നു. അടിസ്ഥാന ജനത ഉള്‍പ്പെടെയുള്ളവരുടെ ആരാധനാ സമ്പ്രദായങ്ങളും വ്യത്യാസപ്പെട്ടു. ജീവിതത്തില്‍ നിന്നും പഴമയുടെ ചിഹ്നങ്ങള്‍ അനുനിമിഷം മറഞ്ഞുകൊണ്ടിരിക്കുന്നു. ഇവയ്ക്കിടയില്‍ തനിമ നഷ്ടമാകുന്ന ഭാഷ, ജീവിത രീതികള്‍, ആരാധന സമ്പ്രദായങ്ങള്‍, ചരിത്രാംശങ്ങള്‍ എന്നിവയെക്കുറിച്ചാക്കെ അദ്ദേഹം ജാഗ്രതയുള്ളവനാണ്.
സി.വി. യുടെ രചനകളിലൂടെ തിളങ്ങി നിന്നിരുന്ന തെക്കന്‍ തിരുവിതാംകൂര്‍ ഭാഷയെ സിനിമയിലെ തമാശ ഭാഷയാക്കി സൗന്ദര്യം നഷ്‌പ്പെടുത്തിയതില്‍ ഈ അദ്ധ്യാപകന്‍ ഖിന്നനാണ്. ജാതിയവും തൊഴില്‍ പരവുമായി വ്യത്യസ്ഥമായ പിരിവുകളുള്ളതും അനുനിമിഷം മറയുന്നതുമായ തിരുവിതാംകൂര്‍ സംഭാഷണത്തിനെ തിരിച്ചു പിടിക്കാനാവില്ലെങ്കിലും അവയെ സംഭരിക്കുക എതാണ് തന്റെ ജീവിത വ്രതമെന്ന് ഈ പ്രതിഭ തിരിച്ചറിയുന്നു. 
നാട്ടുപദങ്ങളുടെ സമാഹരണം ഉത്തരംകോട് ശശിയുടെ മറ്റൊരു കര്‍മ്മ മേഘലയാകുന്നത് അങ്ങനെയാണ്. നിരവധി പ്രബന്ധങ്ങളിലും ഭാഷാ സംബന്ധിയായ ഗ്രന്ഥങ്ങളിലൂടെയും നെടുമങ്ങാടിന്റെ വാമൊഴി വഴക്കത്തെ ഒഴുകി മറയാതെ പുസ്തകത്താളിലെങ്കിലും പിടിച്ചു നിര്‍ത്തുന്നതിന് കഴിഞ്ഞു.
ഭാഷാപ്രവര്‍ത്തനങ്ങളില്‍ തൊട്ടുകൂടായ്മ പാടില്ലെന്ന ചിന്താഗതിക്കാരനായ ഇദ്ദേഹം നെടുങ്ങാട് പ്രദേശങ്ങളിലെ തെറികള്‍ സമാഹാരിക്കുന്നതിലും ശ്രദ്ധനാണ്. കല്ലുപോലെ കരുത്തുള്ള തെറിവാക്കുകളിലെ ജാതിയവും, ലിംഗപരമായ സവിശേഷതകള്‍ പഠന വിഷയമാകേണ്ടതുണ്ടെന്ന അഭിപ്രായക്കാരനാണ് ഉത്തരംകോട് ശശി. ഭാഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുപടിമുന്നിലുള്ള സഞ്ചാരമായി ഈ യത്‌നം ഭാവില്‍ വിലയിരുത്തപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്.

സൊവനീറുകള്‍

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി നെടുമങ്ങാട് താലൂക്കില്‍ നിന്നുമിറങ്ങിയ നിരവധി സൊവനീറുകളില്‍ ഇദ്ദേഹത്തെ കാണാന്‍ കഴിയും. നെടുമങ്ങാടിനെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ഉത്തരംകോടു ശശിയുടെ നിരവധി ലേഖനങ്ങള്‍ അവയില്‍ ചിതറിക്കിടക്കുന്നു. കാണിക്കാരുടെ ലോകത്തെക്കുറിച്ചുള്ള പുറംലോകമറിയാത്ത അറിവുകള്‍ മുതല്‍ നെടുമങ്ങാട്ടെ ചന്തസമരത്തെ കുറിച്ചുള്ള അത്യപൂര്‍വ്വ വിവരങ്ങള്‍ വരെ അതിലുള്‍പ്പെടുന്നു.
വായനശാലകള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്മരണികകള്‍ തയ്യാറാക്കുന്ന വേളയില്‍ ആദ്യമോര്‍മ്മിക്കുന്ന പേര് ഉത്തരംകോടു ശശിയുടേതാണ്. നാടിന്റെ സാംസ്‌കാരികതയെ സംബന്ധിക്കുന്ന ലേഖനരചയിതാവ് എതിലുപരിയായി നിരവധി സൊവനീറുകളുടെ എഡിറ്ററായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.ടി.സി കോഴ്‌സിനു പഠിക്കുമ്പോഴാണ് ഈ മേഖലയില്‍ അദ്ദേഹം തുടക്കം കുറിക്കുന്നത്. അതുള്‍പ്പെടെ ഏതാണ്ട് പതിനഞ്ചില്‍പ്പരം സ്മരണികകള്‍ തന്റെ ചുമതലയില്‍ പുറത്തിറങ്ങിയ കാര്യം അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഇത്രയധികം സൊവനീറുകള്‍ തയ്യാറാക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വ പ്രതിഭയും ഉത്തരംകോട് ശശിയായിരിക്കും. താലൂക്കിലെ സ്‌കൂളുകള്‍, വായനാശാലകള്‍, സാംസ്‌കാരിക സമിതികള്‍ എന്നിവയുടെ സ്മരണികകള്‍ വിഷയതലത്തില്‍ പ്രൗഡമായതിനു പിന്നില്‍ ഉത്തരംകോട് ശശിയുടെ അദ്ധ്വാനമാണുള്ളത്.

അഗസ്ത്യമുടിക്കണി Agasthya

നെടുമങ്ങാട് താലൂക്കിലെ ഉള്‍ഗ്രാമമയായ ഉത്തരംകോട് ജനിച്ചു വളര്‍ന്ന ശശിധരന് നിത്യകണിയായത് അഗസ്ത്യമുടിയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ആദിമനിവാസികളായ കാണിക്കാരുടെ ഈറ്റില്ലമാണ് അഗസ്ത്യവനച്ചെരിവുകള്‍. വനവിഭവങ്ങളായ തേനും നെടുവന്‍ കിഴങ്ങുമായി നാടിറങ്ങിയിരുന്ന അവരുട െജീവിതത്തെ കൗതുകപൂര്‍വ്വമാണ് കുട്ടിക്കാലം മുതല്‍ നിരീക്ഷിച്ചിരുന്നത്. ആദിവാസികളായ കാണിക്കാരുടെ ഗോത്രജീവിത നിഗൂഡതകളും കാണിച്ചാറ്റും മരുന്നും മന്ത്രവാദവും ആദ്ദേഹത്തെ ആകര്‍ഷിച്ചതില്‍ അതിശയമില്ല. കുട്ടിക്കാലം മുതല്‍ തന്നെ കാണിക്കാരുടെ ജീവിതചര്യകള്‍ പഠനാര്‍ഹമായ വിഷയമായി ശശിധരന്‍ കരുതി. മാനവ സംസ്‌കാരം ഉരുവപ്പെടുത്തുതില്‍ അഗസ്ത്യമലയുടെ പൈതൃക പ്രാധാന്യത്തില്‍ അദ്ദേഹം ആകാംഷ പൂണ്ടിരുന്നു. അതിന്റെ ചെരിവുകളിലെ ഗോത്രസംസ്‌കൃതിയും നാട്ടുപാട്ടുകളും സമാഹരിക്കുന്നതിലും കാണിഭാഷയിലെ വൈചിത്രങ്ങള്‍ അനേ്വഷിക്കുന്നതിലും ഈ പഠിതാവ് എന്നും ശദ്ധനായിരുന്നു. കാണിഭക്ഷണം, കാടിന്റെ ഉള്ളറകള്‍, ആചാരങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന അിറവുകള്‍ക്ക് നമ്മള്‍ ഉത്തരംകോട് ശശിയോടും കടപ്പെട്ടിരിക്കുന്നു.  അരുവിമൂപ്പത്തിയമ്മ ക്ഷേത്രം, അഗസ്ത്യകൂടം എന്നീ ഗ്രന്ഥങ്ങളിലൂടടെയാണ്. ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം നടത്.
നെടുമങ്ങാടിലെ വനിതാഭരണാധികാരിയായ ഉമയമ്മറാണി, പുലയസമുദായത്തിലെ റാണിയായി കരുതപ്പെടുന്ന കോതറാണി എന്നിവെര സംബന്ധിക്കു ഐതീഹ്യവും ചരിത്രാശംങ്ങളും അദ്ദേഹത്തിന്റെ അനേ്വഷണ ബുദ്ധിയില്‍ ഇടംനേടി. അവയെ സംബന്ധിക്കുന്ന നെല്ലും പതിരും അദ്ദേഹത്തിലൂടെ വേര്‍തിരിഞ്ഞു. കഥയും കാര്യവും കൂട്ടിക്കുഴയ്ക്കുതില്‍ നിന്നും നെടുമങ്ങാടിന്റെ ചരിത്രത്തെ മോചിതമാക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്.

ജീവിത രേഖ Kottoor

മേലേ മാത്തൂര്‍ കുട്ടന്‍പണിക്കര്‍, ചപ്പാത്തില്‍ ജി. സരോജിനി ദമ്പതികളുടെ മകനായി 1950 ല്‍നെടുമങ്ങാട് താലൂക്കിലെ കോട്ടൂരില്‍ ജനിച്ച ഉത്തരംകോട് ശശിയുടെ പ്രാഥമിക വിദ്യാഭ്യാസം ഉത്തരംകോട്, ആര്യനാട് സ്‌കൂളുകളിലായിരുന്നു. നെയ്യാറ്റിന്‍കര ഊരൂട്ടുകാല അദ്ധ്യാപക പരിശീലന വിദ്യാലയത്തില്‍ നിന്നും ടി.ടി.സി പാസ്സായി 1971 മുതല്‍ സ്‌കൂള്‍ അധ്യാപകനായി. മലയാളം എം.എ യക്ക് പ്രൈവറ്റായി പഠിച്ച് സ്വപ്രയത്‌നത്താല്‍ 1992 ല്‍ കോളേജ് അധ്യാപകനായി. മടപ്പള്ളി, കോഴിക്കോട്, കട്ടപ്പന, കല്‍പ്പറ്റ, നെടുമങ്ങാട്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എന്നീ കോളേജുകളില്‍ അദ്ദേഹം പഠിപ്പിച്ചു. 2006 ല്‍ പെന്‍ഷനായതിനുശേഷം ുടര്‍ജീവിതവും ശ്രദ്ധയും നാടിന്റെ സാംസ്‌കാരിക വേരുകള്‍ തെരയുന്നതിലായി. ഗവ.കോളേജുകളില്‍ മലയാളം അധ്യാപികയായിരുന്ന പ്രൊഫ. ബി. ഗിരിജയാണ് ഭാര്യ. കേരളയുണിവേഴ്‌സിറ്റിയില്‍ പുരാവസ്തുശാസ്ത്ര പഠനവിഭാഗത്തിലെ പ്രൊഫസറായ അഭയനും ര്‍ക്കാര്‍ ഉദേ്യാഗസ്ഥനായ വിനയനുമാണ് മക്കള്‍.

കൃതികള്‍

പദസുമങ്ങള്‍, കൃഷ്ണഗാഥ, ഗുരുചരണം ശരണം, നെടുമങ്ങാടിന്റെ അകവും പുറവും, തിരുവനന്തപുരം ജില്ലയിലെ ഫോക്‌ലോര്‍ രൂപങ്ങള്‍, നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യം, നാട്ടുവഴക്കങ്ങള്‍, നാട്ടറിവിലെ നാനാത്വം, സംഖ്യാശബ്ദകുസുമങ്ങള്‍, ചീത്തകള്‍ക്കുള്ളിലെ ആള്‍ക്കൂട്ടം, ചമയങ്ങളില്ലാത്ത മൊഴി, അഗസ്ത്യകൂടം, ഊരിലെ പഴമൊഴികള്‍, തെക്കന്‍ നാടന്‍കഥകള്‍, ഫോക്‌ലോര്‍ ഒരു സാമൂഹ്യശാസ്ത്രം, അരുവി മുപ്പത്തിയമ്മ ക്ഷേത്രം, കണിയാരത്തമ്പുരാന്‍ ഊട്ടുപാട്ട'് (സമ്പാദനം), വാമൊഴിക്കഥകള്‍ എന്നിവയാണ് ഉത്തരംകോടു ശശിയുടെ കൃതികള്‍.
ഗ്രാമഗ്രാമാന്തരങ്ങളില്‍ ഒച്ചയും ബഹളവുമില്ലാതെ നടുകൊണ്ടിരിക്കുന്ന ഇത്തരം ചരിത്രസമാഹാരണ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ ഭൂതകാലത്തെ കുറിച്ചുള്ള സമഗ്രമായ അറിവ് നല്‍കുത്. ൗദോഗിക സെമിനാറുകള്‍ക്ക് പുറത്ത് സംസ്‌കാരത്തിനു വേണ്ടിയുള്ള ഇപ്രകാരമുള്ള ചെറുസൂക്ഷിപ്പുകള്‍ വിത്തു സംഭരണം പോലെയാണ്. അടുത്ത തലമുറയ്ക്കായി സംസ്‌കാരത്തെ കരുതി വയ്ക്കുന്ന സുപ്രധാന പ്രവര്‍ത്തനമാണത്. ചിതലെടുത്തുപോകുന്ന പഴമയെക്കുറിച്ച് നെടുമങ്ങാട്ടുകാര്‍ക്ക് വേവലാതി വേണ്ട. അതിന്റെ സംഭരണ പ്രവര്‍ത്തനങ്ങളിലാണ് ഉത്തരംകോട് ശശിയെ പ്രതിഭ ദശകങ്ങളായി മുഴുകിയിരിക്കുന്നത്.



2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ഒടുവില്‍




ഏറെ നാളുകള്‍ക്കുശേഷമാണ് നഗരത്തില്‍ തിരികെ എത്തിയത്. ആ സായാഹ്നത്തില്‍ തന്നെ അയാള്‍ അക്കാദമിഹാളിലേയ്ക്ക് നടന്നു.
യാത്രകള്‍. പുതിയ സ്ഥലങ്ങള്‍. അനുഭവങ്ങള്‍. ആനന്ദം. ഒടുവില്‍ സന്തോഷങ്ങള്‍ കുരുക്കെറിഞ്ഞു സമ്മാനിച്ച രോഗങ്ങള്‍. മാനസികമായ പൊരുത്തക്കേടുകള്‍ക്കുള്ളചികിത്സകളും ഇതിന്നിടയില്‍ അയാള്‍ക്ക്‌വേണ്ടിവന്നു.
 ഇവിടെ നഗരത്തില്‍ അയാള്‍ക്ക് ഒന്നു രണ്ടിടങ്ങളില്‍പോകാനുണ്ടായിരുന്നു. ഇനിയും ജീവിതത്തില്‍ തിരികെ കിട്ടാത്ത സുന്ദരങ്ങളായ പല അനുഭവങ്ങളും നല്‍കയിത് അവയായിരുന്നു. അതൊക്കെ സംഭവിച്ചത് തന്റെ ജീവിതത്തിലായിരുന്നോ? ആ സംശയം അയാളെ പലപ്പോഴും അലട്ടയിയിരുന്നു.അതൊന്നുറപ്പു വരുത്തുക. ചുരുങ്ങിയ ജീവിത ലക്ഷ്യം മാത്രം അയാളിലവശേഷിച്ചു.
ഞാന്‍ ഇവിടെ അക്കാഡമിഹാളില്‍ കഥ വായിച്ചിട്ടുണ്ട്. ഞാനൊരു കാലത്ത് അിറയപ്പെടുന്ന എഴുത്തുകാരനായിരുന്നു. അയാള്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടൊക്കെ പറഞ്ഞിരുന്നു. ഒരു രോഗിയുടെ വെറും പറച്ചിലുകള്‍. പഴയ കടലാസ്സുപോലെ മനസ്സപ്പാടെ പൊടിഞ്ഞുപോയ ഒരാളുടെ ജല്പനങ്ങള്‍. ആ നിലയ്ക്ക് മാത്രം അയാളുടെ ചികിത്സകര്‍ അതിനെ കണ്ടു.
ചിലരൊക്കെ വെറുതെ ചിരിച്ചു. അത്അനുകൂലമായിട്ടാണോ? പ്രതികൂലമായിട്ടോ? അയാള്‍ക്കതും മനസ്സിലായില്ല.
താനൊരു എഴുത്തുകാരനായിരുന്നു. തെളിവിനായി അയാളുടെ കൈയില്‍ ആ കഥകളുടെ കോപ്പികളില്ല. അവയെല്ലാം കാലം തിന്നു തീര്‍ത്തു. കാലത്തിന് അത്രമാത്രം വിശപ്പായിരുന്നു. ആര്‍ത്തിയോടെ അതയാളുടെ കൈയിലുണ്ടായിരുതെല്ലാം തട്ടിപ്പറിച്ച് ശാപ്പിടുകയായിരുന്നു. മുമ്പ് തനിക്കുണ്ടായിരുന്ന നല്ല ജീവിതത്തെ കുറിച്ച് പുറം ലോകത്തിനു മുന്നില്‍ കാണിക്കാന്‍ അയാളുടെ കൈവശം തെളിവുകളൊന്നുമില്ല.
എന്നാല്‍ ഭായ്. ഒരു കഥ പറയൂ. ഞാനൊന്നു കേള്‍ക്കട്ടെ. അതു നിങ്ങള്‍ എഴുതിയതു തന്നെയാവണം.
മൂന്നാമത്തെ തവണ ചോര ഛര്‍ദ്ദിച്ച് അവശനായ ആളോടാണ് ആ സിസ്റ്റര്‍ ആവശ്യപ്പെട്ടത്. അയാള്‍ വല്ലാത്ത തളര്‍ച്ചയിലായിരുന്നു. പോരാത്തതിന് അവള്‍ തന്നെ പറ്റിക്കുകയാണോയെന്ന സംശയവും. അയാള്‍  ആ പെണ്ണിനോട് പ്രതികരിച്ചില്ല.
അവള്‍ക്കറിയില്ലല്ലോ. കഥകള്‍, എഴുത്തു ജീവിതം അവ തന്നെ കുരുക്കെറിഞ്ഞ് വന്‍കടലിലേയ്ക്ക് വലിച്ചു കൊണ്ടുപോകുകയായിരുന്നു എന്ന സത്യം. അതിന്റെ ആഴങ്ങള്‍. മനോജ്ഞമായ ശാന്തത. ചില നേരങ്ങളിലെ ആക്രോശം. ഒന്നുമൊന്നും ആരുമറിയുന്നില്ല. താനതില്‍ അത്രയ്ക്കങ്ങ് മുങ്ങിയമരാന്‍ പാടില്ലായിരുന്നു. അതെന്നെ നശിപ്പിക്കുകയായിരുന്നു.
പാവം. വലിയ എഴുത്തുകാരനായിരുത്രേ! ഇനി സ്റ്റേറ്റ് ഹോണറിന് പോലീസുകാര്‍ തോക്കുമായി എത്തിയാല്‍ മാത്രം മതി.
മയക്കത്തിലേയ്ക്ക് താണുപോകുമ്പോഴും ആ നഴ്‌സ് തമാശയായി കൂടെ നിന്നവളോട് പറഞ്ഞത് അയാള്‍ കേട്ടു.
എടീ. അയാള്‍ മനസ്സില്‍ തെറിവിളിച്ചു.
അപൂര്‍വ്വമായി അയാളെ ആനന്ദിപ്പിക്കാന്‍ നഗരത്തിരക്കില്‍ നിന്നും ചിലരൊക്കെ പൊന്തി വിന്നിരുന്നു.
സര്‍. നിങ്ങള് അന്നെഴുതിയത് ഞാന്‍ മുടങ്ങാതെ വായിച്ചിരുന്നു. ആ വാക്കുകള്‍ക്ക് എത്ര കരുത്തായിരുന്നു. നിങ്ങള്‍ക്കും നല്ലൊരു ജോലിയും നിരുപകന്മാരെ പോറ്റാനുള്ള വകയുമൊക്കെയുണ്ടായിരുെന്നങ്കില്‍! നിങ്ങളാവുമായിരുന്നു ഇന്നത്തെ വലിയ എഴുത്തുകാരന്‍. പത്രക്കാര്‍ നിങ്ങളുടെ പുറകിലുണ്ടാകുമായിരുന്നു.
ഒരു സത്യം പറയട്ടെ നിങ്ങളുടെ 'എക്‌സ്‌കവേറ്റര്‍' എന്ന കഥ ഞാന്‍ വായിച്ചത് ഞാനന്നു പണിയെടുത്തിരുന്ന ആ ട്യൂറ്റോറിയിലെ ഓല ഷെഡില്‍ വച്ചായിരുന്നു. അന്നത്തെ ദിവസം ഞാനൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കുട്ടിപോലും ഫീസുമായി വരാത്ത ഒരു ദിവസമായിരുന്നു അത്. വിശപ്പിനു മുകളിലാണ് നിങ്ങളുടെ കഥ ആവേശമായി എന്നില്‍ കത്തിക്കയറിയത്. എത്ര പ്രയാസമുണ്ടായിരുിരുന്നാലും നിങ്ങള്‍ എഴുത്ത് വിടരുതായിരുന്നു. ആ പഴയ ലിറ്റില്‍ മാഗസിന്‍ നിറുത്തരുതായിരുന്നു. അതിലൂടെ നിങ്ങളെത്ര പുതിയ എഴുത്തുകാരെയാണ് മുന്നിലേയ്ക്ക് കൊണ്ടുവത്. നിങ്ങളത് നിര്‍ത്തിയത് വ്യക്തിപരമായ നഷ്ടം മാത്രമല്ലയുണ്ടാക്കിയത്. സാഹിത്യത്തിലേയ്ക്കുള്ള നവാഗതരുടെ കവാടം കൂടിയാണ് അടഞ്ഞുപോയത്.
അയാള്‍ അന്നേരങ്ങളില്‍ തകര്‍ന്നു പോയി. ആനന്ദിക്കേണ്ടതിനു പകരം അത്തരം ദിവസങ്ങളില്‍ വാടക മുറിയില്‍ അടിഞ്ഞു കിടന്നു. നിശ്വാസങ്ങള്‍ കൊണ്ട് തുടര്‍ന്നുള്ള രാത്രികളെ നിറച്ചു. അവന്‍ വെറുതെ പറഞ്ഞതാണ് അതൊക്കെ. അവനെന്തിന് എെന്നക്കുറിച്ച് ഇങ്ങനെയൊക്കെ പറയണം? ഉള്ളിലെ കള്ള് അവന്റെ ഓര്‍മ്മകളെ തെറ്റിച്ചതാണ്. മറ്റാരോ ആയി എന്നെ തെറ്റിദ്ധരിച്ചതാണ്.
അക്കാദമി ഹാളിലേയ്ക്ക് വലിഞ്ഞു നീങ്ങുമ്പോള്‍ യവ്വനത്തില്‍ ആ പടികള്‍ ചാടിക്കയറിയതിന്റെയും ഏറെ പ്രശസ്തനായ ആ എഴുത്തുകാരനു മുന്നില്‍ കഥ വായിച്ചതും. വലിയൊരു സദസ്സിനു മുന്നില്‍ വച്ച് അഭിനന്ദിക്കപ്പെട്ടതും ഒരിക്കല്‍കൂടി ഓര്‍മ്മവന്നു.
പരിപാടി തുടങ്ങാന്‍ പോകുന്നു.
മുന്‍നിരയില്‍ ചെന്നിരിക്കാന്‍ ആഞ്ഞതാണ്. എന്നാല്‍ പഴകിയ അഴുക്കു വസ്ത്രങ്ങള്‍ അയാളെ പുറകിലേയ്ക്ക് വലിച്ചു. ഏറ്റവും പുറകിലെ നിരയില്‍ അയാളിരുന്നു.
പുതിയ കുട്ടികളുടെ കഥാവതരണ വേളയാണ്. താനന്ന് തലയെടുപ്പുമായി സ്റ്റേജിലിരുപ്പോഴും ഇങ്ങനെ പുറകില്‍ കുറേ മുഷിഞ്ഞ സംഘം ബീഡിയും വലിച്ച്..
കാലം തെന്നയുമിവിടെ എത്തിച്ചിരിക്കുന്നു. അയാള്‍ക്ക് മനസ്സലായി താനൊരു കാലത്ത് കഥകള്‍ എഴുതിയിരുന്നു. തീര്‍ച്ച.
പുറകിലെ ബഞ്ചിലിരിക്കാന്‍ തുടങ്ങുമ്പോള്‍ അജ്ഞാതമായ സമാധാനം അയാളെ വന്നു തൊട്ടു.

2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

വെജിറ്റേറിയന്‍ മുള്ളുകള്‍ THORNS



വള്ളിപ്പടര്‍പ്പുകളും മാമരങ്ങളും നാട്ടിമ്പുറത്തിന് കാനനഛായയിട്ടിരുന്ന കാലത്ത് കുട്ടികളെ ഭയപ്പെടുത്തിയിരുന്നത് പാമ്പുകളായിരുന്നു.
പൊന്തക്കാട്ടില്‍ നിന്നുകിട്ടുന്ന കുത്തലുകളെല്ലാം സര്‍പ്പദംശനമായിട്ടാണ് ബോധത്തില്‍ തറഞ്ഞിരുന്നത്. ഓ. മുള്ളുകൊണ്ടതാണ്. ആ കാഴ്ചയില്‍ ഇതാ മരണമെത്തി എന്ന തോന്നല്‍ അകലുന്നു. ജീവന്‍ തിരിച്ചു കിട്ടിയതായി തോന്നുന്ന അനുഭവം.
ഒന്നു രണ്ടു ദിവസങ്ങള്‍ക്ക് മുള്ളുകുത്തലൊരു തൊന്തരവായ കൂട്ടാണ്. മുള്ളുമുറിവ് ചുവന്ന് ഒന്നു തൊട്ടാല്‍ നുളയുന്ന ഒരുതരം സുഖനൊമ്പരമായി നില്‍ക്കും.
എന്തെല്ലാം തരത്തിലുള്ള മുള്ളുകളാണുണ്ടായിരുന്നത്.
തൊട്ടാവാടി, കട്ടക്കാര, ഈന്തി, തൊടലി, ചൂരല്‍, മുള എന്നിങ്ങനെ വള്ളിച്ചെടികള്‍ മുതല്‍ പുല്ലുഭീമന്‍ വരെ. കമ്മല്‍ച്ചെടിയും കാര്‍ത്തികപ്പൂവും അരം കൊണ്ടുണ്ടാക്കുന്ന അസ്വസ്ഥത പകരുന്ന കൂട്ടരാണ്. മുരിക്കും മുള്ളെലവും മുള്ളുഭീമന്മാരാണ്. പച്ചപ്പിന്നിടയിലൂടെ ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ ഒന്നു തൊട്ടു എന്ന കാരണം മതി ചൊറിച്ചുലുണ്ടാക്കാന്‍ ചൊറിയണം എന്ന വള്ളിച്ചെടിയുമുണ്ട്. വേദന, അഴലല്‍, നീറ്റല്‍, ചൊറിച്ചില്‍ അങ്ങനെ അസ്വസ്ഥതകള്‍ പലതരത്തിലാണ്.
ചെരിപ്പില്ലാക്കാലത്ത് കാലില്‍ നുഴഞ്ഞു കയറാന്‍ തൊട്ടാവാടികള്‍ നാട്ടുവഴികളില്‍ കുട്ടികളെ കാത്തുകിടന്നു. ആ 'കണ്ണുകാണാ' കുട്ടിക്കാലത്ത് തൊലിപ്പുറത്തു തറഞ്ഞിരിക്കുന്ന തൊട്ടാവാടി മുള്ളിനെ നഖത്താല്‍ തോണ്ടിക്കളയാത്ത ദിവസങ്ങളില്ല. ദേഷ്യത്തോടെ നോക്കുമ്പോള്‍ 'നീയല്ലേ കുട്ടി എന്നെ വേദനിപ്പിച്ചത്' എന്ന കള്ളഭാവത്തോടെ അവ ഇലകള്‍ അടച്ചുപിടിച്ചു നില്‍ക്കും. രണ്ടുദിവസത്തേയ്ക്ക് തൊട്ടാവാടി വേദന കൂട്ടുണ്ടാവും. അതിനാല്‍ കാണുന്ന മാത്രയില്‍ വാശിയോടെ ബാല്യങ്ങള്‍  തൊട്ടാവാടി ചന്തത്തെ തല്ലിക്കെടുത്തി.
അളിയന്‍മുള്ളുകള്‍
----------------
ആനത്തോട്ടി പോലെ തൊലിയില്‍ കൊളുത്തി വലിഞ്ഞ് നിന്നെ ഞാനിതാ പിടിച്ചു നിര്‍ത്ത്യേ എന്ന ബോധവത്ക്കരണമാണ് ചൂരല്‍മുള്ളു നടത്തുന്നത്. ആ പിടുത്തം വിടുവിക്കല്‍ വേദനാജനകമാണ്. ഒരു തുള്ളിച്ചോരയെങ്കിലും പൊടിയാതിരിക്കില്ല. വേദനയുടെ ചങ്കോളം ആഴ്ന്നിറങ്ങിയാലെന്താ? ആഴ്ന്നു പിടിക്കുന്ന മുള്ളുകളുള്ള ചൂരല്‍ചാട്ടുളിക്ക് 'അളിയന്‍' എന്ന വിളിപ്പേരുമുണ്ട്.  ചൂരല്‍വള്ളിപ്പുറത്ത് കരടിരോമം മാതിരിയുള്ള ചെറുമുള്ളുകള്‍ വേറെയുമുണ്ട്. അവയുടെ ഇലകളുടെ അരികുകളിലും കുത്താന്‍ മുള്ളുകളുണ്ട്. അടുത്തു വരണ്ട മാറിനടന്നോ. എന്നൊരു ഭാവം ചൂരല്‍ക്കാടിന് പൊതുവേയുള്ളതാണ്.
പുളിയുറമ്പിന്റെ വാല്‍സഞ്ചി മാതിരിയുള്ള പശക്കായകള്‍ ചൂരല്‍ വള്ളികളില്‍ നിന്നും പൊഴിഞ്ഞു വീഴും. മൊട്ടുസൂചിക്കുത്തുണ്ടാക്കി അതില്‍ നിന്നും പശയെടുക്കാം. ഡപ്പിപ്പശകള്‍ വ്യാപകമാകാത്ത കാലത്തെ ഗ്രാമസൗഭാഗ്യം.
ചൂണ്ടക്കൊളുത്തിട്ടു പിടിക്കുന്ന സ്വഭാവമാണ് തൊടലിയുടെ മുള്ളുകള്‍ക്കുമുള്ളത്. അവ നീറ്റല്‍ പുകയ്ക്കുന്ന ചോരച്ചുവപ്പന്‍ രേഖകള്‍ തൊലിപ്പുറത്ത് വരഞ്ഞിട്ടുകളയും. പൂച്ചമാന്തല്‍പോലുള്ള വരകള്‍. ചിലപ്പോള്‍ മായാതെ വര്‍ഷങ്ങളോളം കിടക്കും. ഗൗനിക്കാതെ പോയാല്‍ വസ്ത്രത്തിലുടക്കി നിര്‍ത്താനും വിരുതുള്ളവരാണ് തൊടലികള്‍.
ഒരു തുള്ളിപ്പുളിയും മധുരവും നിറഞ്ഞ ആ കറുത്ത മണികളെ നുണയാതെ ഒരു കുട്ടിയും ഒഴിവാക്കിയിരുന്നില്ല. തൊടലിക്കായയുടെ കാഴ്ച എാതു മുതിര്‍ന്നയാളെയാണ് കുട്ടിക്കാലത്തിന്റെ ഊഷ്മളതയിലെത്തിക്കാത്തത്?
കട്ടക്കാര
--------
കട്ടക്കാരയും മുളമുള്ളും വഴിയില്‍ പതുങ്ങിക്കിടന്ന് ഇഞ്ചക്ഷന്‍ സൂചിവേദന കാലിലുണ്ടാക്കും.
നാശം! ശപിച്ചുപോകും. മാംസത്തിനുള്ളിലൊളിഞ്ഞിരിക്കുന്ന അവയെ പുറത്തു കൊണ്ടുവരാന്‍ പിന്ന്, പേനാക്കത്തി എന്നീ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വേണ്ടി വരും. കുറെ വഴക്കൊക്കെ പറഞ്ഞ് ആ ഭാഗം അമ്മ ഉപ്പുവച്ച് അനത്തിത്തരും. യോഗമുണ്ടെങ്കില്‍ അവിടം അടുത്ത ദിവസം തന്നെ മഞ്ഞച്ച് പഴുത്തു കാണാം. ഒന്നരക്കാലില്‍ കൊന്നിക്കൊന്നിയാണ് പിന്നെ സ്‌കൂള്‍ യാത്ര.
കൂടുകെട്ടാനെടുത്തു പോകുന്ന വഴിയില്‍ ചൂണ്ടു വീട്ടു വീഴുന്ന രീതിയില്‍ മുളമുള്ളിന്റെ വിതരണക്കുത്തക കാക്കകള്‍ക്കാണ്. അവ വഴിയില്‍ പതുങ്ങിക്കിടന്ന് കുട്ടികളെ 'അയ്യോ' വിളി്പ്പിക്കും. കുട്ടികളുടെ കൈയിലിട്ടുകൊടുക്കാന്‍ മുളങ്കൂട്ടത്തിന് മധുരഫലങ്ങളൊന്നുമില്ല. നിഗൂഢതയുമായി കുട്ടികളെ ഭയപ്പെടുത്തുന്ന ഇടങ്ങളാണ് ഇല്ലിക്കാടുകള്‍.
കട്ടക്കാരച്ചെടിയുടെ പച്ചക്കായകള്‍ ചവച്ചാല്‍ വായില്‍ കയ്പും ചവര്‍പ്പും നിറയും. ഒന്നു മൂത്ത് മഞ്ഞനിറത്തിലായാല്‍ അവയുടെ സ്വാദ് ചവര്‍പ്പാണ്. പിന്നത് കറുത്ത കട്ടക്കാരപ്പഴമായി മാറുന്നു.
ഈന്തിമുള്ള് വഴിയില്‍ കിടന്നു കാലില്‍ തറയാറില്ല. ഈന്തിച്ചെടിയോട് ഇടയുമ്പോള്‍ മാത്രം അവ നമ്മെയൊന്നു കുത്തിയെന്നിരിക്കും. യ്യോ. ഈ ഈന്തിയെന്താണെന്ന് പറഞ്ഞില്ല. അത് വനത്തില്‍ കാണുന്നു. തെങ്ങുമാതിരയൊക്കെ തോന്നും. ഈന്തപ്പഴത്തിന്റെ രുചിയാണ് അവയുടെ പഴത്തിന്. കറുത്തു പഴുത്തു നില്‍ക്കുന്ന പഴം കുലകുലയായി ഒടിക്കുന്നത് സൂക്ഷിച്ചാവണം. ഓലയിലെ മഞ്ഞനിറത്തിലെ മുള്ളിന് മാംസത്തിലാണ് ലാക്ക്.
കമ്മല്‍ച്ചെടിയും ഉപ്പനച്ചവും (കാര്‍ത്തികപ്പൂവ്) പൂഭംഗിയാല്‍ ആകര്‍ഷണീയമെങ്കിലും സൂക്ഷിക്കുക. റോസാമുള്ളു മാതിരി ഉടക്കിപ്പിടിച്ചില്ലെങ്കിലും അസ്വസ്ഥജനകമായ വേദനാനുഭവം അവയുടെ അരംകൊണ്ടുള്ള ഉരച്ചിലിന് നല്‍കാന്‍ ശേഷിയുണ്ട്.
ഇലവുമുള്ളു സീലുകള്‍
----------------------
കള്ളിമുള്ളുകള്‍ക്ക് നരച്ച മനോഹരമായ രോമത്തൊപ്പി മാതിരിയുള്ള ഭാഗമുണ്ട്. ചെടിയില്‍ നിന്നും അതിനെ ഊരിയെടുക്കാനും എളുപ്പമാണ്. പള്ളിക്കൂടത്തില്‍ കടലാസു കാറ്റാടികള്‍ വ്യാപകമാകുന്നത് കള്ളിമുള്ളുകള്‍ പാകമാകുമ്പോഴാണ്.
ആനപ്പുറുത്തി മുള്ളുകള്‍ക്കാണ് കുട്ടികള്‍ തിരികെ പണികൊടുക്കുന്നത്. വേലിയില്‍ കാവല്‍നില്‍ക്കുന്ന അവയുടെ ഇലാഗ്രത്തിലെ കൂര്‍ത്ത മുള്ളിനെ വളച്ച് ഇലയില്‍ കുത്തിവച്ചുകൊണ്ടാണ് കുട്ടികള്‍ മുള്‍ലോകത്തിനോട് പകരം വീട്ടുന്നത്. ആനപ്പുറത്തിയില വഴിയോരത്ത് അത്യാവശ്യം പേരെഴുതി വയ്ക്കാനുള്ള മാധ്യവുമാണ്. പുറത്തിച്ചെടി അഥവാ കൈതച്ചക്കച്ചെടി. അതിനുമുണ്ട് മുള്ളുകള്‍.
കൈതോലയിലെ മുള്ളുകളെ വകഞ്ഞുവേണം താഴാമ്പൂവിലേയ്ക്ക് കണ്ണെത്തിക്കാന്‍. കൈതമൂര്‍ഖന്‍ പേടിയുമായി വേണം അവയുടെ അടുത്ത് ചെല്ലാന്‍. കൈതപ്പൂവുമായി എത്തുന്നവനായിരുന്നു സ്‌കൂളില്‍ ഹീറോ. കൈതമുള്ളു മുറിവ് ദീര്‍ഘകാലം പൊള്ളിനില്‍ക്കുന്നതിനാല്‍ അത് കാന്‍സറുണ്ടാക്കുന്നതാണെന്ന് സ്‌കൂള്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞുണ്ടാക്കിയിരുന്നു.
ഇലവിന്‍ മുള്ള് കുട്ടികളില്‍ പകരുന്നത് സീലുണ്ടാക്കാനുള്ള സാങ്കേതികതയാണ്. പുലിനഖം മാതിരിയുള്ള അതിനെ തടിയില്‍ നിന്നടര്‍ത്തിയെടുക്കാനാവും. അതില്‍ പേരിന്റെ ആദ്യാക്ഷരം തലതിരിച്ച് കൊത്തിയെടുക്കണം. കൈവള്ളയില്‍ ഒരുതുള്ളി മഷിയിറ്റിച്ചാല്‍ അതൊരു പ്രാകൃത രൂപത്തിലെ സീലായി.
മുരിക്കിനുമുണ്ട് മുള്ളുകള്‍ നിറഞ്ഞ തടി. ചുവന്ന നിറത്തിലെ മുരുക്കിന്‍പൂവ് കണ്ണുദീനം വരുത്തുമെന്ന പേടിയും വാരിയെറിയുന്നു. അതിനാല്‍ നോട്ടം കൊണ്ടു പോലും കുട്ടികള്‍ അവയോട് അറപ്പു കാട്ടി.
ആ പഴയ കാലത്ത് പുറത്തിറങ്ങുമ്പോള്‍ 'കാലില്‍ മുള്ളു കൊള്ളാതെ തറയില്‍ നോക്കിപ്പോണേ' എന്നൊരു അമ്മക്കരുതല്‍ കൂട്ടിനുണ്ടായിരുന്നു. അന്നൊക്കെ കൈകാലുകളില്‍ മുള്ളുമുറിവില്ലാത്ത കുട്ടികളും അപൂര്‍വ്വമായിരുന്നു.
ഇന്നത്തെ കുട്ടികള്‍ക്ക് ആശുപത്രിയിലെ സിറിഞ്ചു മുള്ളിനെ മാത്രം ഭയന്നാല്‍ മതി. പിന്നുള്ളതെല്ലാം നൊണ്‍വെജ് മുള്ളുകള്‍.

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഓണവികാരശല്യം



സമ്പന്നന് രാവിലെ മുതല്‍ ഒരിദ് തുടങ്ങി.
ഹൂസ്റ്റണില്‍ ചെന്ന് അടുത്തയിടെയിടെയാണ് സമ്പന്‍ പ്ലാസ്റ്റിക് ഹൃദയം പിടിപ്പിച്ചത്. അതിനാല്‍ ചങ്കിന് കുഴപ്പമുണ്ടാകാന്‍ വഴിയില്ല. പഞ്ചറായ ഹൃദയം പോയതോടെ വികാരശല്യം തീര്‍ത്തും ഒഴിവായതുമാണ്.
ഇതിപ്പോള്‍ ആകപ്പാടെ..
ഹെല്‍ത്ത് റൂമില്‍ രണ്ടുതവണ കയറി ഓരോ മെഷീനിനെയും മൂന്നു തവണ വീതം ശരീരത്തിനോട് ഘടിപ്പിച്ചു നോക്കി.
തല, കരള്‍, ആമാശയം ഒന്നിനുമൊന്നിനും കുഴപ്പങ്ങള്‍ ലവലേശമില്ല. ഉള്ളില്‍ ചോര നിര്‍ബാധം ചുറ്റിത്തിരിയുന്നു. അടിവയറ്റിലെ അനങ്ങാത്ത ഒരു വായുകുമിള മാത്രം ടൊട്ടല്‍ ഹെല്‍ത്ത് മെഷീന്‍ മോണിട്ടറില്‍ കരടുകെട്ടി നിന്നു.
പിന്നെയെന്താണപ്പാ കേട്?
ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ സമ്പന്നന്‍ മണിമേടയില്‍ നിന്നിറങ്ങി നടന്നു.
എാറെ നാളുകള്‍ നടക്കാതിരുന്നതിനാലാവും ഒരു ബലക്കുറവ്. എക്‌സിക്യൂട്ടീവ് കോളനി കടന്നപ്പോള്‍ കാലുകള്‍ ഉറച്ചുകിട്ടി. പിച്ചനട മാറിയതായി സമ്പന്നനു തോന്നി.
മരങ്ങളൊന്നുമില്ലാതിരുന്നിട്ടും വഴിയില്‍ വെയില്‍ വാടിക്കിടന്നു. ദരിദ്രുടെ കോളനിയില്‍ നിന്നും തണുത്ത കാറ്റു വരുന്നു. അയാളങ്ങോട്ട് നടന്നു.
പാവങ്ങളുടെ കോളനിയില്‍ കയറിയതോടെ കുട്ടിക്കാലത്തേയ്ക്ക് ചുവടുകള്‍ മാറ്റിച്ചവിട്ടിയതുപോലെ.
ഓണക്കാലമാണ്.
ചില ചിഹ്നങ്ങള്‍- വേപ്പുമരത്തിലെ ഉഞ്ഞാല്, രണ്ട് അത്തക്കളങ്ങള്‍-അയാളുടെ ചിന്തകളെ പുറകിലേയ്ക്ക് തിരിച്ചു.
ഓ. ഓണക്കാലം! പ്ലാസ്റ്റിക്കാണെങ്കിലും ചങ്കില്‍ കുളര്‍മ്മ നിറഞ്ഞു. ഇത് ഓണക്കാലമാണെന്നറിഞ്ഞിരുന്നെങ്കില്‍ മുറ്റത്തെ കരിയിലകള്‍ പൊഴിയാത്ത കൃത്രിമ മരത്തിലൊരു ഊഞ്ഞാല്‍ തൂക്കിയിടാമായിരുന്നു. ഒരു ഓണാഗ്രഹം അയാളെ വന്നുതൊട്ടു.
ഒടുവില്‍ വിലകുറഞ്ഞ കളിപ്പാട്ടങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കടയുടെ മുന്നില്‍ സമ്പന്നന്റെ കാലുകള്‍ ഉറച്ചുപോയി. തീരെ ദരിദ്രരായ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന് ഒരു കളിപ്പാട്ടം വിലപേശി വാങ്ങുന്നു. അവരുടെ തൃപ്തി അയാള്‍ നന്നായി ആസ്വദിച്ചു.
അപ്പോഴാണ് സമ്പന്നന്റെ മനസ്സിലെ ഒരിദ് തീര്‍ത്തും അറ്റുപോയത്. അവിടെ തൂക്കിയിട്ടിരുന്ന മഞ്ഞക്കോടിയില്‍ നിന്നും അതുവാങ്ങാന്‍ പാങ്ങില്ലാത്തവനെപ്പോലെ അയാള്‍ കൈ പിന്‍വലിച്ചു.
ജനയുഗം വാരാന്തം 11.09.2016

2016, ജൂലൈ 31, ഞായറാഴ്‌ച

അപ്പുക്കിളിവീട്




ആകാശത്തിന്റെ അനന്തതയില്‍ നിന്നും പടച്ചോന്‍ വാരിയെറിഞ്ഞ ചില കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഭാഗ്യമുണ്ടായവരാണ് പാലക്കാടു ജില്ലയിലെ തസ്രാക്കുകാര്‍. അതിലെഴുതിയിരുന്നതു മാതിരി ചിലര്‍ അള്ളാപ്പിച്ച മൊല്ലാക്കയായും, മൈമൂനയായും നൈജാമലിയായും ശിവരാമന്‍ നായരായും ആ ചെറിയ ഭൂമികയില്‍ തകര്‍ത്താടി. അപ്പുകിളിയുടെ കാര്യം പ്രതേ്യകം പറയേണ്ടതില്ല. മലയാളം നിലനില്‍ക്കുന്നിടത്തോളം കാലം ഈ തസ്രാക്കുകാരുടെ ചരിത്രം ശാശ്വതീകരിക്കാനായി ഒരു കാര്‍ഡും പിടിച്ചെടുത്ത് സാക്ഷാല്‍ ഒ.വി.വിജയനും അന്നു തസ്രാക്കിലെത്തി. നെല്‍ക്കൃഷിയുടെ ആ നാടിനെ എഴുത്തുകാരന്‍ ഭാവനാലോകത്തിലെ ഖസാക്കാക്കി മാറ്റി. കഥാപാത്രങ്ങളായി മാറിയവരും നോവലിസ്റ്റുമുള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കു വീണു കിട്ടിയ സ്‌ക്രിപ്റ്റിന്‍പടി പണിയെടുത്ത് പിന്‍വാങ്ങി. 'ഖസാക്കിന്റെ ഇതിഹാസവും, ഇതിഹാസത്തിന്റെ ഇതിഹാസ'വുമായി അതൊക്കെ മാറി.
ശിവരാമന്‍ നായരുടെ ഞാറ്റുപുര, ഏകാദ്ധ്യാപക വിദ്യാലയമായിരുന്ന ഇന്നത്തെ മദ്രസ്സ, അറബിക്കുളം ഞാറ്റുപുരയിലെ വിരുന്നുകാരനായ എഴുത്തുകാരന്‍.. ഖസാക്കിന്റെ പെരുമയില്‍ മുട്ടി തസ്രാക്ക്ിലെ സത്യമേത്? ഖസാക്കിനെ സംബന്ധിച്ച ഭാവനയുടെ വരമ്പുകള്‍ ഈ നാട്ടില്‍ എവിടെ അവസാനിക്കുന്നു?ഇവ പലപ്പോഴും ആ ഗ്രാമത്തിലെത്തുന്നവരെ ഒരു നിമിഷം വിഭ്രമിപ്പിക്കാറുണ്ട്.
മിഥുന മഴയില്‍ തോരാനിട്ട ഈറന്‍ തുണിമാതിരി നനഞ്ഞു കിടന്ന പാലക്കാടും കടന്ന് തസ്രാക്കിലെത്തിയപ്പോള്‍ ഒരു വീടിനു മുന്നില്‍ അപ്പുക്കിളി എന്ന പേര് മാര്‍ബിളില്‍ കൊത്തി വച്ചതു കണ്ടാണ് ഞാന്‍ അതിശയം കൊണ്ടത്. എന്നാണപ്പാ നമ്മുടെ കിളി വീടു പണിഞ്ഞത്? അതിനി കിളിയണ്ണന്റെ ബന്ധുക്കളെങ്ങാനും ചെയ്ത പണിയാവുമോ?
'അത് കളിയണ്ണന്റെ വീടു തന്നെ. വിറ്റുപോയപ്പോള്‍ പുതുതായി വാങ്ങിയ ആള്‍ അങ്ങനൊരു ബോര്‍ഡു വച്ചതാണ്.' ഖസാക്ക് സ്മാരകത്തിലെ മജീദണ്ണന്‍ കഥയും കാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ അപ്പുക്കളിയെന്ന മതില്‍ ബോര്‍ഡിനെ കുറിച്ചും എന്നോടു ചുരുക്കിപ്പറഞ്ഞു.
ആ നാട്ടിലെ തുമ്പികള്‍ക്കും ഓന്തുകള്‍ക്കും വരെ കാര്‍ഡുകള്‍ കിട്ടി. ശിവരാമന്‍ നായര്‍ കളപ്പുരയിലെ പണിക്കായി ഇറക്കിയ കിളിയണ്ണന്‍ അപ്പുക്കിളിയെന്ന പുതു വേഷമിട്ട'്ഖസ്സാക്കില്‍ കയറിക്കൂടി. അപ്പുക്കിളിയായി മാറിയ കിളിയണ്ണന്‍ ഒടുവില്‍ എല്ലാ കളികളും മതിയാക്കി കാര്‍ഡു താഴെവച്ച് തിരികെപ്പോയി. തസ്രാക്കില്‍ നിന്നും ബന്ധുക്കളും താമസം മാറ്റിയതോടെ അണ്ണന്റെ വീട് പരിപാലനമില്ലാതെ ചോര്‍ന്നൊലിച്ചു കിടു.
ഇനിയാണ് കഥ തുടങ്ങുത്.
കിളിയണ്ണന്‍ ഇട്ടുപോയ കാര്‍ഡ് നറുക്കു വീണതുമാതിരി കിട്ടിയത് പാലക്കാട് യാക്കരക്കാരനും ഇന്‍സ്ട്രുമെന്റഷനിലെ ജീവനക്കാരനുമായ പി.വി. സുകുമാരനാണ്. അതുമായാണ് അദ്ദേഹം തസ്രാക്കില്‍ പുതിയൊരു ഇതിഹാസ രചനയ്ക്ക് എത്തിയിരിക്കുകയാണ്.
പുതുക്കിപ്പണി നടന്നുകൊണ്ടിരിക്കുന്ന വീടിനു മുന്നില്‍ വച്ച് കിളിയണ്ണന്റെ വീട് തനിക്കു കിട്ടിയതിനെക്കുറിച്ച് പി.വി. സുകുമാരന്‍ ഇങ്ങനെ പറയുന്നു.
'എല്ലാം എന്റെ തലവരപോലെയെന്നു പറഞ്ഞാല്‍ മതി. ഇതിഹാസ ഖണ്ഡത്തിലെ ഈ വീട് സ്വന്തമാക്കാനുള്ള നറുക്ക് വീണത് എനിക്കാണ്. പാലക്കാടന്‍ വയല്‍ത്തണുപ്പും നെല്ലിന്‍ പച്ചപ്പും ചേറ്റുമണവും ആസ്വദിച്ച് നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്കിടെ വന്നു വിശ്രമിക്കാന്‍ വേണ്ടി ഒരു ചെറിയ വീടുനോക്കിയാണ് ഞാന്‍ തസ്രാക്കിലെത്തിയത്. ഒടുവില്‍ വില്ക്കാനിട്ടിരുന്ന ഈ ആറര സെന്റു ഭൂമിയും കഥാനായകന്റെ വീടും എനിക്ക് കിട്ടി. വാക്കു പറഞ്ഞ് കൈയിലുണ്ടായിരുന്ന ആയിരം രൂപ അഡ്വാസ് കൊടുത്തതോടെ മടങ്ങുന്ന വഴിയില്‍ ഒരു ചായ കുടിക്കാനുള്ള പണംപോലും പഴ്‌സില്‍ മിച്ചമുണ്ടായിരുന്നില്ല.
പിന്നെയെല്ലാം നടന്നു. ആകെത്തകര്‍ന്ന മേല്‍ക്കുര ശരിയാക്കി. തറ വൃത്തിയാക്കി. അപ്പുകിളിയുടെ വാസയിടത്തിന് വലിയ മാറ്റം വരുത്താതെ പുതുക്കിയെടുത്തു. മതിലില്‍ അപ്പുക്കിളി എന്ന ബോര്‍ഡും സ്ഥാപിച്ചു'
പത്തൊന്‍പതു ലക്ഷം രൂപ മുടക്കി പുതുക്കിയ അപ്പുക്കിളി വീട് തസ്രാക്കില്‍ ഒ. വി. വിജയന്‍ താമസിച്ചിരുന്ന ഞാറ്റുപുരയുടെ അടുത്തു തെന്നയാണ്. പഴയ രീതിയിലുള്ള ഒരു പാലക്കാടന്‍ വീട്. അതിന്റെ മതിലില്‍ പുതുതായി പിടിച്ചിച്ച അപ്പുക്കിളിയെന്ന ബോര്‍ഡാണ് ഖസാക്ക് കാണാന്‍ വരുന്നവരുടെ ശ്രദ്ധയിലേയ്ക്ക് ഇതിനെ  ചൂണ്ടിക്കൊടുക്കുന്നത്. അതില്ലെങ്കില്‍ അപ്പുക്കിളി വീടിനെ ആരും കണ്ടെത്തില്ല. ആരോരുമറിയാതെ തസ്രാക്കില്‍ അതുറക്കത്തില്‍ വീണുകിടക്കും.
പുറകു വശത്തെ ചെറിയ മുറ്റം. അത് തുമ്പികള്‍ പറക്കാനെത്തുന്ന പാടത്തിലേയ്ക്കാണ് നോക്കി നില്‍ക്കുന്നത്. പഴയ മുളവേലി അവിടെ പൗരാണിക രീതിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. പി.വി. സുകുമാരന്‍ പറഞ്ഞതു മാതിരി കാറ്റും ചേറുമണവും തുമ്പികളുടെ വിളയാട്ടവുമെല്ലാം കണ്ടുകണ്ടവിടെ അപ്പുക്കിളിയെ മാതിരി എത്രനേരം വേണമെങ്കിലും ഇരുന്നുപോകും.
ആഷാമേനോനും, ടി.കെ. ശങ്കരനാരായണനും പി. എ. വാസുദേവന്‍ മാഷുമൊക്കെ ഇതിനോടകം പി.വി. സുകുമാനെ ഈ വീടുവാങ്ങിയതിലും അതിനെ പുതിക്കിപ്പണിതതിലും അഭിനന്ദിച്ചു കഴിഞ്ഞു. അതില്‍ സുകുമാരന് ഏറെ സന്തോഷമുണ്ട്.
ഞങ്ങള്‍ സ്വപ്നം കണ്ടൊരു കാര്യം നിങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി എന്നാണ് അവര്‍ അതിനെക്കുറിച്ച് പറഞ്ഞതെന്ന് ഒരെഴുത്തുകാരന്‍ കൂടിയായ സുകുമാരന്‍ പറയുന്നു.
 തസ്രാക്കില്‍ വന്നു താമസിച്ച് സാഹിത്യ രചന നടത്താന്‍ താല്പര്യമുള്ളവരെ പരിഗണിച്ച് ചില പരിപാടികളൊക്കെ അദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്.
തസ്രാക്കിലെ ഞാറ്റുപുരയിലെത്തുന്ന കുട്ടികള്‍ വിജയന്‍ താമസിച്ചിരുന്ന മുറിയുടെ തിണ്ണയില്‍ കൈ തൊട്ട'് നെറുകയില്‍ വയ്ക്കുത് പലപ്പോഴും കണ്ടിട്ടുള്ള പി.വി.യുടെ മനസ്സില്‍ അവരെയൊക്കെ ഉള്‍ക്കൊള്ളുന്ന പരിപാടികളാണുള്ളത്.
'ഇതിന്റെ കേറിത്താമസത്തിന് ഞാനെന്തായാലും തസ്രാക്കുകാരെ മുഴുവനും ക്ഷണിക്കുന്നുണ്ട്. ഞാനിപ്പോള്‍ അവരുടെ പ്രിയപ്പെട്ടവനാണ്.
ഇവിടെയത്തുമ്പോള്‍ ഒരു ശാന്തതയെനിക്കുണ്ടാകുന്നു.ഞാനെന്നെ മറക്കുന്നു. വീണ്ടും ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നതു മാതിരി തോന്നും. പലപ്പാഴും ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങുന്നത് രാത്രിയിലാണ്. കഴിയുമെങ്കില്‍ ഇവിടെ താമസിച്ച് ചിലതൊക്കെ എനിക്ക് എഴുതണമെന്നുണ്ട്.. ഇനിയങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലും ചിലപ്പൊഴൊക്കെ ഈ വലിയ ലോകത്തില്‍ കുറെ നേരം നമ്മളും അപ്പുക്കിളിയെ മാതിരി മണ്ടനാകുന്നതില്‍ തെറ്റില്ല.'
പി.വി. സുകുമാരന്‍ പറഞ്ഞത് ശരിയാണ്. ഏതുനാട്ടിലും ഒരപ്പുക്കിളിയുണ്ടാകും. അവരെ തൊട്ടുനില്‍ക്കുമ്പോള്‍ ഉറഞ്ഞു നില്‍ക്കുന്ന മനസ്സൊന്നയയും. കനമില്ലായ്മ അനുഭവിക്കാന്‍ സാധിക്കും. അപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട കിളിയുടെ സവിധത്തിലാകുമ്പോഴോ? ഒ.വി. ഒിജയന്‍ സ്മരാകമായി മാറിയ സാക്ഷാല്‍ ഞാറ്റുപുരയില്‍ നിന്നുമേറ്റു വാങ്ങിയ അനുഭൂതി ഇവിടെയും ലഭ്യമാകുന്നു.
സംരക്ഷിക്കാന്‍ നാഥന്മാരില്ലാതെ പൈതൃകങ്ങള്‍  തകരുന്ന കാലമാണിത്. അപ്പോഴാണ് വായനയുടെ ലോകത്തില്‍ നിന്നിറങ്ങി തസ്രാക്കിലേയ്ക്ക് പി.വി. സുകുമാരനെത്തുത്. അദ്ദേഹം പുനര്‍നിര്‍മ്മിച്ച കിളിയണ്ണന്റെ അപ്പുക്കിളി വീട് എഴുത്തിനെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ നിന്നൊരിക്കലും മായില്ല. ആരെയും കൊതിപ്പിക്കുന്ന എല്ലാവരുടെയും പ്രശംസയര്‍ഹിക്കുന്ന പ്രവൃത്തിയാണ് പി.വി. സുകുമാരനില്‍ നിന്നുണ്ടായിരിക്കുന്നത്.
പടച്ചോന്‍ പിന്നെയും പഴയ കാര്‍ഡുകള്‍ ഇറക്കുന്നുണ്ട്. സ്മാരകമായി മാറിയ ഞാറ്റുപുരയുടെ സമീപത്ത് ശിവരാമന്‍ നായരുടെ അനന്തരാവകാശികള്‍ മറ്റൊരു കളപ്പുര കൂടി നിര്‍മ്മിച്ചിട്ടുണ്ട്. അതടഞ്ഞു കിടക്കുകയാണ്. കാര്‍ഡു കിട്ടുന്ന മറ്റൊരു വിജയന്‍ എവിടെ നിന്നെങ്കിലും ഇനിയും തസ്രാക്കിലെത്തും. അങ്ങനെ പുതിയൊരു ഇതിഹാസത്തിനുകൂടി ഇവിടെ സാധ്യതയുണ്ട്. ചരിത്രത്തിന് ആവര്‍ത്തിക്കാരിരിക്കാനാവില്ലല്ലോ. അപ്പുക്കിളി വീടിന്റെ പുനര്‍ജ്ജനി അതിലേയ്ക്കാണ് ചൂണ്ടുത്.

വാരാദ്യ മാധ്യമം 24.07.2016

2016, ജൂലൈ 9, ശനിയാഴ്‌ച

ചിന്നബിയുടെ ഫ്‌ളാറ്റുകള്‍



ചിന്നബിയുടെ വീട് നഗരത്തിനു മധ്യത്തിലാണ്. അവിടെ അത്തരത്തിലുള്ള ഒറ്റവീട് അവര്‍ക്കുമാത്രമേയുണ്ടായിരുന്നുള്ളു. ചേരിയിലെ ചെറ്റക്കുടിലുകളിലാണ് അവളുടെ ബാപ്പുവിന്റെ കൂടെ ജോലിയെടുക്കുന്നവരെല്ലാം താമസിച്ചിരുന്നത്.തന്റെ വീടിനെക്കുറിച്ച് അവള്‍ക്ക് അഭിമാനം തോന്നിയിരുന്നു.
മുമ്പ് ഗ്രാമത്തിലായിരുന്നു ചിന്നബിയുടെ കുടുംബക്കാര്‍ വസിച്ചിരുന്നത്.
ആ നാട്ടിലെരാജ അവളുടെ മുത്തച്ഛന്റെ മുത്തച്ഛനെ പട്ടണത്തിലേയ്ക്ക് കൊണ്ടുവരികയാണുണ്ടായത്. വെറുതെ വിളിച്ചു വരുത്തിയതൊന്നുമല്ല. രാജാവ് ക്ഷണിച്ചിട്ടു തന്നെയാണ് അവര്‍ നാടുമാറിയത്.

മുത്തശ്ശി മരിക്കുതു വരെയും അതു പറഞ്ഞിരുന്നു. അക്കാര്യങ്ങള്‍ അവള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്.ആ രാജയാണ് നഗരമധ്യത്തിലെ ഈ വീട് അവര്‍ക്ക് കൊടുത്തത്. ആ ഉത്തരവിന്‍ പ്രകാരമാണ് അവളുടെ ബാപ്പു എന്നും രാവിലെ നഗരം വൃത്തിയാക്കാനിറങ്ങുന്നത്. മാ അവരുടെ വീടിനെ വൃത്തിയായി സൂക്ഷിച്ചു. ബാപ്പു നഗരത്തിനെയും ഭംഗിയാക്കി.
ചിന്നബിയൊരിക്കലും ഉദയസൂര്യനെ കണ്ടിട്ടുണ്ടായിരുന്നില്ല. അവളുടെ വീടിനു വലതുവശത്ത് വലിയൊരു ഫ്‌ളാറ്റുണ്ടായിരുന്നു. മാനം മുട്ടുന്ന ഉയരത്തിലുള്ള അത് രാവിലെ ബാലസൂര്യനെ മറച്ചു കളയും.അവളുടെ വീടിന്റെ ഇടതുവശത്ത് വലിയ മൈതാനമാണുള്ളത്.പുറത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നത് ആ മൈതാനത്തിലേയ്ക്കായിരുന്നു. ഉച്ചക്കഴിഞ്ഞാല്‍ സൂര്യന്‍ വീട്ടിലേയ്ക്ക് അടിച്ചു കയറും. മരത്തണല്‍അവിടെങ്ങുമില്ല. അങ്ങനെ തണല്‍ തരുന്നത് വലിയ കെട്ടിടങ്ങളാണെു ചിന്നബി കരുതി.
വീടിന് ഇടതുവശത്തും ഒരു വലിയ ഫ്‌ളാറ്റ് വന്നിരുന്നെങ്കില്‍! അവള്‍ക്ക് വീടിന് വലതുഭാഗത്തുള്ള ആ ഫ്‌ളാറ്റ് അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.
ആ ഫ്‌ളാറ്റില്‍ നിന്നുമെപ്പോഴും സംഗീതം മഴപോലെപൊഴിഞ്ഞു. പലതരത്തിലുടെ പാട്ടുകളുടെ താരാട്ടില്‍ രാജകുമാരിയെപ്പോലെയാണ് അവളുറങ്ങിയത്. ഖാനയുടെ നേരത്താണ് രസം.വെറും ചോറോ ചപ്പാത്തിയോ ആണ് മാ എടുത്തു വയ്ക്കുതെങ്കിലും ചിക്കന്‍ കറിയുടെ മണം ഏതെങ്കിലും ഫ്‌ളാറ്റില്‍ നിന്നുമോടിയെത്തും. അങ്ങനെചിക്കന്‍ മണം ആസ്വദിച്ചു കൊണ്ട്, കടിച്ചു തിന്നാന്‍ ഒരു മിര്‍ച്ചിക്കഷണം പോലുമില്ലാതെ, രണ്ടു ചപ്പാത്തികള്‍ വരെ അവള്‍ കഴിച്ചിട്ടുണ്ട്.
കടുത്ത വേനലിലും അവരുടെ വീടിനെ തണുപ്പ് പൊതിഞ്ഞു നില്‍ക്കും.ഫ്‌ളാറ്റിലെ ഏതെങ്കിലും വികൃതികള്‍ അവരുടെ ജനാലകള്‍ തുറന്നിടുന്നതാണ് അതിനു കാരണം.അവിടെ നിന്നും എ. സി. തണുപ്പ് താണുതാണു വന്ന് ചിബിയുടെ വീടിനെ പൊതിയും.
ഒരു പാവ ഒരിക്കല്‍ അവളുടെ മുന്നില്‍ വന്നു വീണു. ആകാശത്തില്‍ നിന്നും അതിന്റെ ഉടമസ്ഥനിപ്പോള്‍ ഇറങ്ങിവരും.അയാള്‍ തന്നെ ചീത്തപറയും.അതിനെ നോക്കുക പോലും ചെയ്യാതെ അവള്‍ അകത്തു കയറി വാതിലടച്ചിരുന്നു. ഏറെ കാത്തിരുന്നിട്ടും പാവക്കരടിയെ കൊണ്ടുപോകാന്‍ ആരുമെത്തിയില്ല. അങ്ങനെയാണ് ആ പഞ്ഞിക്കരടി അവളുടെ കൂട്ടുകാരിയായത്. ജാമ്പു എന്നതിനെ ചിന്നബി ഓമനപ്പേരിട്ടു വിളിച്ചു.
വീടിനു ഇടതുവശത്തു കൂടിയൊരു ഫ്‌ളാറ്റു വന്നെങ്കില്‍! അവള്‍ കൊതിച്ചുപോയിട്ടുണ്ട്.
ആ മൈതാനയില്‍ നിന്നും അത്രയ്ക്കാണ് തീക്കാറ്റ് ഒഴുകി വരുത്. അവള്‍ക്ക് മൈതാനത്തിനെ തീരെ ഇഷ്ടമില്ല. അവിടെ എപ്പോഴും ബഹളമാണ്. സര്‍വ്വനേരത്തും കളിക്കാരെ കൊണ്ടു നിറഞ്ഞിരിക്കും.ഏതൊക്കെ ദിക്കുകളില്‍ നിന്നാണ് ബാബുമാര്‍ ഓടാനും ക്രിക്കറ്റ് കളിക്കാനുമെത്തുന്നത്. ശല്യങ്ങള്‍.
ഒരു ദിവസം ഇറയത്തിരുന്ന അവളുടെ അനിയന്‍ മുനിയയുടെ മുതുകത്താണ് ബോള്‍ വന്നുവീണത്. സോറി.സോറി.സോറി.എന്നു പറഞ്ഞതല്ലാതെ ആ ബാബു മുനിയയെ ഒരു തലോടിയതു പോലുമില്ല. അവന്‍ കരഞ്ഞുകൊണ്ടിരുന്നത് അവരെ തെല്ലും അലോസരപ്പെടുത്തിയതുമില്ല.അവിടെ നിന്നും ആ മൈതാനത്തെ എടുത്തു കളയാന്‍ അവള്‍ വല്ലാതെ കൊതിച്ചു.
എവിടെ നിന്നെങ്കിലും കൗവ്വാ ഒരു ഫ്‌ളാറ്റും കൊത്തിക്കൊണ്ട് വെങ്കില്‍!
ഹേയ്. കാലാ കൗവ്വാ നീയീ മൈതാനത്തിലൊരു ഫ്‌ളാറ്റ് കൊണ്ടിട്. അവളുടെ കൈയില്‍ നിന്നും ചപ്പാത്തിക്കഷണം കൊത്തിയെടുത്തു പറക്കുന്ന കാക്കയോട് അവളെന്നും അക്കാര്യം പറയാറുള്ളതാണ്. അതു കേള്‍ക്കുന്ന മാത്രയില്‍ ഇപ്പം ശര്യാക്കാം എന്നു കാറിക്കൊണ്ട് അവന്‍ പോണതല്ലാതെ കാര്യമൊട്ടു നടന്നിട്ടില്ല.
അവളുടെ മനസ്സു കണ്ടതുമാതിരി തന്നെ സംഭവിച്ചു. അന്നത്തെ ദിവസം അവളുണരാന്‍ ഏറെ വൈകി. രാവിലെ ഏന്തൊക്കെയോ ബഹളം കേട്ടാണ് ചിന്നബി ഉണര്‍ന്നത്.
ബാപ്പു പണിക്ക് പോയില്ല. മൈതാനിയില്‍ വലിയ ഫ്‌ളാറ്റുകെട്ടാന്‍ പോകുന്ന വിവരം തലേന്നു രാത്രിയില്‍ ബാപ്പുവും മായും പറയുന്നതവള്‍ കേട്ടിരുന്നു.
എന്തു വിലകൊടുത്തും മൈതാനം നശിപ്പിക്കാന്‍ വരുന്നവരെ തടയുമെന്നാണ് ബാപ്പു പറഞ്ഞത്. അതെന്തിനാണ് ബാപ്പു അങ്ങനെ ചെയ്യാന്‍ പോണത്. നമ്മുടെ വീട്ടിലേയ്ക്കുള്ള വഴി ഇല്ലാതായാലെന്താ? പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലെന്താ? ഇടത്തും വലത്തുമായി രണ്ടു ഫ്‌ളാറ്റുകളുടെ തണലില്‍ സുഖമായി താമസിച്ചു കൂടേ?
പാവം ചിന്നബി അങ്ങനെ ചിന്തിച്ചു.
---------------------------------------------------------

കുടുംബമാധ്യമം ജൂലൈ 2016


2016, ജൂൺ 26, ഞായറാഴ്‌ച

വെള്ളാനപ്പാറ




ശിവന്‍പിള്ളയുടെ  കുന്നിന്‍മുകളിലെ ആനപ്പാറയെ കണ്ടാല്‍ മൂന്നു കൂറ്റന്‍ കൂറ്റന്‍ കൊമ്പനാനകള്‍ ശരിക്കും ചന്തി തിരിഞ്ഞിരിക്കുന്നതു പോലെ തന്നെ തോന്നും.
''ശിവന്‍പിള്ളയുടെ ആനപ്പാറ കാണുമ്പോള്‍ ഇടത്തോട്ട് വഴി തിരിയണം ശിവന്‍പിള്ളയുടെ പാറയുടെ അടുത്താണ് വീട്.''
നിറയെ പാറക്കൂട്ടങ്ങളും മലകളുമുള്ള നാടായിരുന്നിട്ടും പെരുമ ശിവന്‍പിള്ളയുടെ  ആനപ്പാറയ്ക്കായിരുന്നു.
ആ നാട്ടിലേയ്ക്ക് ക്വാറികള്‍ വന്നു. അവ പാറക്കൂട്ടങ്ങളെ തുടച്ചുവാരി. പണമാക്കിമാറ്റി.
എന്റെ ആനപ്പാറയ്ക്കും പൊന്നുവില കിട്ടും.
എാറെ നാള്‍ കാത്തിരുന്നു മടുത്ത ശിവന്‍പിള്ള ഒടുവില്‍ ക്വാറിക്കാരുടെ അടുത്തെത്തി.
'' അതു പിള്ളേ നിങ്ങളുടെ പാറയില്‍ തൊട്ടാല്‍ സംഗതി പൊല്ലാപ്പാവും. പത്രങ്ങളില്‍ വാര്‍ത്ത വരും. ചാനലുകളിളകും. അതു പ്രകൃതിയുടെ ശില്പമാണ് പിള്ളേ!
ഉടയ്ക്കാന്‍ നാട്ടുകാര് സമ്മതിക്കൂല്ല.''
ക്വാറിക്കാരുടെ മുന്നില്‍ പിള്ള മിഴിച്ചുപോയി.
സ്ഥലം മെനക്കെടുത്തി. എത്ര പണം കിട്ടേണ്ടതായിരുന്നു.
മടങ്ങിവന്നപ്പോള്‍ അയാള്‍ പാറയുടെ മുന്നില്‍ കാറിത്തുപ്പി.
ഒടുവില്‍ വെള്ളാനപ്പാറയെന്ന ബോര്‍ഡുവച്ച് കലിയടക്കി.
--------------------------------------------------
ജനയുഗം വാരാന്തം 29.05.2016

2016, ജൂൺ 23, വ്യാഴാഴ്‌ച

മയില്‍മൈതാനം



ക്യാമ്പസുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യമോര്‍മ്മയില്‍ വരുന്നത് കൂട്ട'ം കൂടി നടക്കുന്ന സുന്ദരീസുന്ദരന്മാരെയാണ്. അവരുടെ ചടുലത, പ്രതീക്ഷകള്‍ എന്നിവ നിറയുന്ന സജീവമായ ഇടമാണത്. കലായലങ്ങളിലെ പ്രകൃതിയും ഊഷ്മളമാണ്.
Read More>>

2016, മേയ് 8, ഞായറാഴ്‌ച

സമ്മാനത്തുക




അവാര്‍ഡു തുക അയ്യായിരമായതു കൊണ്ടാണ് ശരീര സുഖമില്ലാതിരുന്നിട്ടും കവിതയുമായി ഒരു ബന്ധവുമില്ലാത്ത വ്യവസായിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ ഇക്കണ്ട ദൂരമത്രയും സഞ്ചരിക്കാന്‍ അയാള്‍ തയ്യാറായത്.
സമ്മാനവിതരണം നടത്തിയ ബഹുമാന്യ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തക അയാളെക്കുറിച്ചോ മലയാള കവിതയെക്കുറിച്ചോ കമാന്നു മിണ്ടിയില്ല. പണത്തോടുള്ള ബഹുമാനം കൊണ്ടയാള്‍ അതും ക്ഷമിച്ചു.
തുകയുടെ മോഹിത വലിപ്പം. അതു കാരണമാണ് കവിതാഗന്ധം ലേശവുമില്ലാത്ത സദസ്സിനോട് അയാള്‍ തൊണ്ടയെടുത്ത് സംസാരിച്ചതും ബദ്ധപ്പെട്ട് ഒരു കവിത ചൊല്ലിയതും.
വേദിയില്‍ മറ്റൊരു പ്രാസംഗികനോട് മിണ്ടിയും പറഞ്ഞുമിരുന്നതിനാല്‍ അയാളുടെ നന്ദിവാക്കുകള്‍ അവള്‍ കേട്ടില്ല. പണം കൊടുത്തതിലെ നന്ദി. അയാള്‍ അതും മറന്നു.
ഇറങ്ങുന്നതിനു മുമ്പ് മൂത്രപ്പുരയില്‍ വച്ച് സ്വകാര്യമായി സമ്മാനക്കവര്‍ തുറന്നതും....

2016, മാർച്ച് 27, ഞായറാഴ്‌ച

കില്ലര്‍ഗെയിം




ഹിമാലയം കണ്ടുവന്ന അമ്മാവന്‍ ജിതിന് ഒരു സമ്മാനം കൊടുത്തു. കരള്‍ബാഗില്‍ നിന്നും വാങ്ങിയ ഒരു കമ്പ്യൂട്ടര്‍ ഗയിമായിരുന്നത്.
കല്ല്, കവണ, ശൂലം തുടങ്ങി പ്രാകൃതമായവ മുതല്‍ ലേസര്‍ ബോംബുവരെയുള്ള ആയുധങ്ങള്‍ അതിലുണ്ടായിരുന്നു. മുയല്‍, മാന്‍, ആന, കടുവ എന്നിങ്ങനെ കോടാനുകോടി മൃഗങ്ങള്‍ അതിന്റെ ടാര്‍ജറ്റു കോളത്തില്‍ നിരന്നു. കുട്ടിക്കാലം മുതല്‍ കുഞ്ഞുങ്ങളെ ആയോധനം ശീലിപ്പിക്കുക. കളിയിലൂടെ കരുത്ത് എതായിരുന്നു ആ ഗെയിമിന്റെ മുദ്രാവാക്യം.
തുടക്കത്തില്‍ എത്ര ഉന്നംവച്ച് കല്ലിന്റെ ബട്ടണ്‍ അമര്‍ത്തിയിട്ടും അത് പൊന്തക്കാട്ടില്‍ ചെന്നു വീണു. ഏറുകൊണ്ടു ചത്തുമലക്കേണ്ട മുയല്‍ അവനെനോക്കി കൈകൊട്ടി ചിരിച്ച് മാളത്തില്‍ ഓടിയിറങ്ങി. കല്ലിനുപോലും വഴങ്ങാതിരുന്ന പുരാതന മനുഷ്യന്റെ ദൈന്യത ജീതിന്‍ അപ്പോള്‍ മനസ്സിലാക്കി.
എന്തായീ? എന്തായീ? നീയ്യ് അതു ചെയ്തു പഠിക്കുന്നുണ്ടോ?
അമ്മാവന്‍ ധൃതികൂട്ടിക്കൊണ്ടിരുന്നു.
ഒരു പേടമാനിന്റെ നെറ്റിച്ചുഴിയില്‍ ഉന്നംകൊള്ളിച്ച് അമ്പ് എയ്തു പിടിപ്പിച്ചപ്പോള്‍ കൃത്യതയുടെ ആവേശമല്ല, സങ്കടമാണവനുണ്ടായത്. അന്നത്തെ ദിവസം അത്താഴത്തില്‍പ്പോലും ചോര കയ്ചു.
അമ്മാവന്റെ നിര്‍ബന്ധം കാരണം അവന്‍ ഗദയും വടിവാളുമെടുത്തു. ശൂലം പരിശീലിച്ചു. പശ്ചിമലോകത്ത് യുദ്ധം കൊഴുത്തപ്പോള്‍ ജീതിനും ആവേശിതനായി. അവന്റെ വിരലില്‍ നിന്നൂര്‍ജ്ജമെടുത്ത ഫൈറ്ററുകള്‍ ക്ലസ്റ്റര്‍ ബോംബുകളുമായി പറന്നുയര്‍ന്നു. അതിന്റെ ടാര്‍ജറ്റുകള്‍? അവന്‍ കണ്ണുകളടച്ചിരുന്നു.
ഒരു തവണ വാളെടുത്ത് അവനൊരു മനുഷ്യനുനേരെ ചാമ്പി. ആരുമാരും അവനെ തടഞ്ഞില്ല. ഹുറേ ഹുറേ വിളികള്‍ സ്പീക്കറില്‍ നിന്നുപൊന്തി. ദീനരോദനങ്ങളെ മുക്കിക്കളഞ്ഞു. എന്നിട്ടും അടുക്കളയില്‍ നിന്നും നടുക്കണ്ടവുമായി എടുത്തു ചാടിയ പൂച്ചയെ കല്ലെറിയാനുള്ള കരുത്ത് കുട്ടിക്ക് കിട്ടിയില്ല.
നീയേതൊക്കെ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു? ചുണക്കുട്ടനായോടാ? ഒരൊറ്റ വാള്‍വീശലില്‍ നിനക്കെത്രപേരെ യമപുരിയിലെത്തിക്കാന്‍ കഴിയും? അങ്ങനെയൊക്കെ അമ്മാവന്‍ ചോദിച്ച ദിവസം തൃസ്സന്ധ്യയില്‍ അവന്റെ വിരലില്‍ കുടങ്ങിയത് ഒരു പശുവായിരുന്നു. ഇതൊരു വെറും കളിയാണല്ലോ എന്ന തോന്നല്‍ മാത്രമേ ജിതിനുണ്ടായിരുന്നുള്ളു.
പക്ഷേ ഗയിമില്‍ നിന്നും സാധാരണയുള്ള ആവേശ ഒച്ചകളുയര്‍ന്നില്ല. പകരം ആക്രോശത്തിന്റെ ബഹളങ്ങള്‍ പൊങ്ങി.
ഇതെന്താണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഗ്രാമങ്ങളെ കത്തിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന? മനുഷ്യസഹോദന്മാര്‍ക്കെതിരെ ശൂലവും ബോംബുമെറിഞ്ഞപ്പോള്‍ അരുതേയെന്നു വിലക്കാത്ത ഗയിം?
അങ്ങനെ മനുഷ്യകുലത്തിനു വേണ്ടി ജിതിന്‍ എന്ന കുട്ടി ആ ഗയിം എന്നന്നേയ്ക്കുമായി അടച്ചു വച്ചു.

2016, മാർച്ച് 25, വെള്ളിയാഴ്‌ച

വൈഫ് ഓഫ് ക്രോക്കഡൈല്‍



അത്രയ്ക്ക് ചൊവ്വല്ലാത്ത എന്റെ ഓഫീസിലേയ്ക്ക് സ്‌നേഹിതന്റെ മകള്‍ പിന്നെയും വന്നു.
ഇന്നവള്‍ക്ക് ഡേ കെയറില്‍ ക്ലാസ്സു കാണില്ല. അങ്ങനെ കരുതിയതും അവള്‍ എന്റടുത്തേയ്ക്ക് ഓടി വന്നു. ഉറപ്പിച്ച കാര്യം നേടിയെടുക്കാനുള്ള ആവേശം ഞാനാ മുഖത്തു കണ്ടു.
അങ്ക്ള്‍ ആ ക്രോക്കഡൈലിന്റെ വൈഫില്ലേ! എനിക്കതിനെക്കൂടെ തരുമോ?
മേശയ്ക്കുള്ളിലേയ്ക്ക് നോക്കി അവള്‍ കൊഞ്ചി.
അവളുടെ കൗശലത്തില്‍ ആവേശം കൊള്ളാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
മുമ്പൊരിക്കല്‍ വന്നപ്പോള്‍ ഓഫീസ് മേശവലിപ്പില്‍ നിന്നും ഞാനവള്‍ക്കൊരു കുഞ്ഞു മുതലയെ സമ്മാനിച്ചിരുന്നു. ആ ഓര്‍മ്മയില്‍ ഞാന്‍ തളര്‍ന്നു. ഇനിയൊരു പ്ലാസ്റ്റിക് മുതലയെ കൂടി സംഘടിപ്പിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍.
ഫയലിലെ തീരുമാനമറിയാന്‍ പലതവണ വന്നു സഹികെട്ട ഒരുത്തന്‍ എന്നെയിപ്പോള്‍ ഒരുപാടധിക്ഷേപിച്ചതേയുണ്ടായിരുന്നുള്ളു. ഫയലിന് അടയിരിക്കുന്ന ഒരു പെരുംമുതല. ആ വാക്കുകള്‍ മുറിയില്‍ നിന്നും മാഞ്ഞിരുന്നില്ല. അപ്പോഴാണവള്‍ കൊഞ്ചിക്കൊണ്ടു വന്നത്.
തുറക്കാത്ത ഫയലുകള്‍ക്കിടയില്‍ പെണ്‍മുതലയെ തപ്പുന്ന രീതിയില്‍ ഞാന്‍ കുനിഞ്ഞിരുന്നു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi