2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

പുള്ളി



പുത്തന്‍ വീട്ടലിലേയ്‌ക്ക്‌ മാറാന്‍ നേരത്ത്‌ അതിന്റെ ചന്തത്തിന്‌ അനുയോജ്യമല്ലെന്നു പറഞ്ഞ്‌ മകന്റെ


രണ്ടു ബാഗു കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടുന്ന ശേഖരമായിരുന്നു അച്ഛന്‍ തള്ളിക്കളഞ്ഞത്‌.

വലുതാകട്ടെ ഞാനും ഒരു മാളിക വയ്‌ക്കും.

അച്ഛനൊരു പഴഞ്ചരക്കല്ലേ ഞാനെങ്ങനെ പുതിയ വീട്ടിലേയ്‌ക്ക്‌ കൊണ്ടു പോകും എന്നു പറയാന്‍

പാടില്ലെന്നവന്‍ അന്നേരത്ത്‌ തന്നെ തീര്‍ച്ചയാക്കി

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

നിറകുത്തരി



മൂന്നു വര്‍ഷങ്ങളായി കൃഷിയിറക്കാതെ കിടന്നിരുന്ന പാടം വിറ്റവകയില്‍ കൈ നിറയെ പണം വന്നു.
നേരെ ആട്ടോമൊബൈല്‍ ഷോപ്പിലേയ്‌ക്ക്‌ വിട്ടു.
അത്‌ നിറപുത്തരി ദിവസം കൂടിയായിരുന്നു.
പുതിയ കാറുമായി ക്ഷേത്‌റ ദര്‍ശനത്തിന്‌.
നഗരത്തിലെ ഇഷ്ടദൈവങ്ങളുടെ പക്കല്‍ നിന്ന്‌ ഓരോ കതിരു മാത്‌റം കൈപ്പറ്റിയിട്ടും അരക്കെട്ട്‌ കച്ചീം കതിരും തികഞ്ഞു.
ഐശ്വര്യം നിറച്ച കാറുമായി മടങ്ങുമ്പോള്‍ ചോറു വയ്‌ക്കാന്‍ അരി വാങ്ങാന്‍ മറന്നിരുന്നു.

2009, ജൂൺ 5, വെള്ളിയാഴ്‌ച

ആചാരങ്ങള്‍


രാധകരാല്‍ വലയം ചെയ്യപ്പെട്ടിരുന്ന ആ പ്‌റേമഗായികയുടെ ശരീരത്തെ കഫന്‍ ചെയ്യാന്‍ കടുംവിശ്വാസികള്‍ എാറ്റെടുത്തപ്പോഴായിരുന്നു സ്‌നേഹത്തിന്റെ അവസാന മാത്‌റകളും ആ നിഷ്‌ചേതന ദേഹം വിട്ടിറങ്ങിയത്‌.

മുതുകില്‍ വര്‍ണ്ണവരകളുള്ള, ചടുല രൂപിയായ ഒരണ്ണാറക്കണ്ണാനായി അതു പുനര്‍ജന്മമെടുത്തു.

തന്റെ നാഥയ്‌ക്കായി ഒരുങ്ങുന്ന ഖബറിനു മുകളില്‍ വീശിയ ഗുല്‍മോഹര്‍ പൂങ്കുലകള്‍ക്കിടയില്‍ ഇരുന്നത്‌ താഴത്തെ ചടങ്ങുകള്‍ സാകൂതം നോക്കി

ഠേ ഠേ ആചാരവെടി പിളര്‍ന്നത്‌ ആ പൊന്‍ദേഹത്തെ.

ഖബറിനുള്ളില്‍ സ്‌േനഹഗായികയുടെ ദേഹവും അപ്പോള്‍ മണ്‍തുള്ളികളെ എാറ്റുവാങ്ങുകയായിരുന്നു.

2009, മേയ് 2, ശനിയാഴ്‌ച

പി എ ഉത്തമന്റെ എഴുത്താലകള്‍




കേരള സാഹിത്യ അക്കാദമിയുടെ ഈവര്‍ഷ നോവല്‍ പുരസ്‌കാരം തന്റെ ഗൃഹനാഥനെ തേടിയെത്തിയിരിക്കുന്നു എന്ന നിറവിലായിരുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ നെടുമങ്ങാട്‌, പഴകുറ്റി, കൊടിപ്പുറത്തെ ശ്രീവള്ളി.


                       സന്ധ്യാകാശത്തില്‍ നിന്നും കൊടിപ്പുറത്തെ പച്ചപ്പിലേയ്‌ക്ക്‌ ഞാത്തിവച്ച വലിയൊരു കിള്‌ിക്കൂടിനെ കാഴ്‌ചയില്‍ ശ്രീവള്ളി ഓര്‍മ്മിപ്പിക്കുന്നു. തുന്നാരന്‍ കിളി തന്റെ ആന്തരികതയിലേയ്‌ക്കുള്ള പാതയെ ഒളിപ്പിച്ചതു മാതിരി ഉള്ളിലേയ്‌ക്ക്‌ അമര്‍ന്നാണ്‌ അതിന്റെ മുഖ്യ കവാടം. കിളിവാതിലിനുള്ളില്‍ ഉത്തമന്റെ രണ്ടു മുറികളിലൊതുങ്ങുന്ന രചനാലോകമായി. വര്‍ത്തുള ഗോവണി മുകള്‍ നിലയിലെ മക്കളുടെ മുറിയിലേയ്‌ക്ക്‌. ആ സൂക്ഷ്‌മാന്തരീക്ഷത്തില്‍ ഉരുവമെടുത്ത ചാവൊലി എന്ന നോവലാണ്‌ മലയാള സാഹിത്യചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്‌. 


                                                              വിവിധ രൂപഭാവാദികളില്‍ മിഴിവാര്‍ന്ന നിരവധി കഥാപാത്രങ്ങളെ ആവാഹിച്ച്‌്‌ സൂക്ഷ്‌മ കഥാതന്തുക്കളാല്‍ ഇഴചേര്‍ത്തൊരുക്കി അനുവാചകര്‍ക്ക്‌ സമ്മാനിക്കാനുള്ള ഉത്തമന്റെ ക്രിയകള്‍ക്ക്‌ സാക്ഷിനിന്നആ വര്‍ത്തുളാകൃത ചുവരുകള്‍ ആ സായാഹ്നത്തില്‍ നിവൃതിയില്‍ തുടുത്തു നിന്നു.

                             ഉത്തമപുരുഷന്റെ അസാന്നിധ്യത്തില്‍, രചനകളുടെ ഫലശ്രുതി സാഫല്യാഭിനന്ദനം ചൊരിയാനെത്തുന്നവരെ വരവേല്‍ക്കാനായി ശ്രീവള്ളി കണ്ണീര്‍ മുഖം തുടച്ച്‌ ഒരുങ്ങി നിന്നു

                                              സുഹൃത്തുക്കളായ ഞങ്ങള്‍ അതിഥികളായി എത്തുമ്പോഴെല്ലാം കരിഞ്ചായ പകരാന്‍ ആ കുടുംബം മാറ്റിവച്ചിരുന്ന കുഞ്ഞിസ്‌ഫടിക പാത്രങ്ങള്‍. അതില്‍ പുരസ്‌കാര മാധുര്യത്തിന്റെ പഞ്ചാരപ്പായസവുമായി ഉത്തമന്‍ ``എടേ'' എന്നു സംബോധന ചെയ്‌തിരുന്ന കുടുംബിനി എത്തി. ആതിഥേയയുടെ മനമെമ്പാടും കണ്ണീര്‍ തുളുമ്പി നില്‍ക്കുന്നു എന്ന്‌ മുഖം പറഞ്ഞു. അനുവാചകരുടേയും ആരാധകരുടേയും സന്തോഷം കൈവാങ്ങാന്‍ ശ്രീവള്ളി ഇനിയും പാകമായിട്ടില്ല എന്ന അറിവോടെ ഞങ്ങള്‍ പുറത്തിറങ്ങി.

                                ഉത്തമന്റെ കഥകള്‍ കേട്ടുവളര്‍ന്ന നടുതിനങ്ങള്‍ നിറഞ്ഞ കൊടിപ്പുറത്തെ തുണ്ടു പറമ്പ്‌. കഥാലോകത്തിലെ ചവിട്ടുവഴിയിലേയ്‌ക്ക്‌ ഉത്തമനിറങ്ങിയത്‌ ഈ വഴിത്താരയിലൂടെയാണ്‌.

 മൂന്നു ചെറുകഥാസമാഹാരങ്ങളും (സുന്ദരപുരുഷന്മാര്‍1986, കവാടങ്ങള്‍ക്കരുകില്‍ 1990, കറുത്ത കുരിശ്‌ 2006) ചാവൊലി (2007) എന്ന നോവലും പുസ്‌തകമായപ്പോഴും അവയെ തുറന്നു കൗതുകപൂര്‍വ്വം കണ്ട ആ പരിസരം അക്കാദമിയുടെ പുരസ്‌കാര സമര്‍പ്പണ ദിനത്തെ കാത്തിരിക്കുന്നതായി തോന്നി. ഉത്തമന്റെ റേഡിയോ നാടകങ്ങളുടെ പ്രക്ഷേപണം കേട്ടുറങ്ങിയ പരിസരങ്ങളും അനുബന്ധസ്ഥലികളുമാണ്‌ ആദ്യപാദ രചനകളുടെ ഭൂമികയായി മാറിയത്‌.

                   ഈ കൊച്ചു പരിമിതലോകം നല്‍കിയ വസ്‌തുതാ കഥനത്തിന്റെ അറിവും സ്വകീയമായ കരുത്തുറ്റ ഭാഷയുമായിരുന്നു ഉത്തമന്റെ രചനകളുടെ കാതല്‍.

                       തൊട്ടടുത്തു തന്നെയാണ്‌ ഉത്തമന്റെ പെറ്റവീട്‌. ആള്‍താമസമില്ലാതെ ഇരുളില്‍ മുങ്ങിക്കിടക്കുന്ന മുത്തശ്ശി വീടിനും പേരു ശ്രീവള്ളിയെന്നു തന്നെ. അതിനുള്ളിലെ പരിമിതികളിലാണ്‌ ഉത്തമനിലെ എഴുത്തുകാരന്‍ പിറവി കൊണ്ടത്‌. ആ കുഞ്ഞിടങ്ങളിലെ ഇരുട്ടിലാണ്‌ എഴുത്തുകാരനിലെ വിങ്ങലും വേദനകളും ഉരുകി ഉറഞ്ഞ്‌ കഥാഗന്ധികളായി മാറാന്‍ വേദിയായത്‌.

                         ഞങ്ങളെ സാകൂതം നോക്കിനില്‍ക്കുന്ന ആ പഴയ വീട്ടില്‍ താമസിക്കുമ്പോഴാണ്‌ സുന്ദരപുരുഷന്മാരിലെ, കവാടങ്ങള്‍ക്കരുകിലെ എണ്‍പതുകളിലെ രാഷ്ടീയ സാമൂഹ്യജീവിതവും വ്യക്തി ദുഖസമ്പുഷ്ടവുമായ കഥകള്‍ ഉരുവമെടുത്തത്‌. പരിസ്ഥിതി, ദലിത്‌ ആശയസമ്പുഷ്ടമായ രചനകള്‍ മലയാളത്തില്‍ സാധാരണമാകുന്നതിനു മുമ്പെ എന്റെ കുഞ്ഞ്‌ അതിറിഞ്ഞിരുന്നു. ഓടു കൂരയുള്ള ആ മുത്തശ്ശി മന്ത്രിച്ചു.

                           `` ഒരു കഷണം അപ്പത്തിനായി എലിക്കെണയില്‍ വീണ്‌്‌ അപ്പം കടിച്ചു തിന്നുമ്പോഴും പോര്‍വിമാനങ്ങളുടെ മുഴക്കം കാതോര്‍ത്തു കിടന്നു''. (കഥ സ്‌മരണിക) ജീവിതത്തെ ആഖ്യാനം ചെയ്യുന്ന ഒരുപാടു ഉത്തമന്‍ കഥകളില്‍ വീട്‌ പ്രമേയമാകുന്നു.`` വീട്‌ എന്നും നിന്റെ വേദനയായിരുന്നു.'' (സ്‌മരണിക)


                                     മുറി, വീട്‌, കളിവീടുകള്‍, നഗരത്തിലെ വീടുകള്‍, തണുത്ത വെളുപ്പാന്‍ കാലങ്ങളില്‍, അമരവാഴ്‌വുകളിങ്ങനെ എന്നീ കഥകളില്‍ കയ്‌പനും മാധുര്യമിറ്റുന്നതുമായ ഭവന സങ്കല്‌പം കുടിലായും ചെറ്റയായും കൊണ്‍ക്രീറ്റു മാളികയായും അനുഭവപാഠം പകര്‍ത്തുന്നു.- ഞങ്ങള്‍ കഥയിലേയും ജീവിതത്തിലേയും ഉത്തമന്റെ വീടുകളെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു. ശ്രീവള്ളിയില്‍ അടുത്തയിടെ കുടിവച്ച `ആട്ടൂട്ടി' എന്ന അമൃതയുടെ ആട്ടിന്‍കുട്ടിക്ക്‌ അതൊന്നുമറിയില്ലല്ലോ. ``മേ''യെന്നവള്‍ കാതുകള്‍ ഉയര്‍ത്തി ശ്രദ്ധിച്ചു.

                         എണ്‍പതുകളുടെ മധ്യം കഴിഞ്ഞതോടെ ഉത്തമന്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്‌ & കെമിക്കല്‍സില്‍ ജോലിക്കുചേര്‍ന്നു. പിന്നെ ആഴ്‌ചകളില്‍ സംഭവിക്കുന്ന പൊക്കിള്‍ക്കൊടി സഞ്ചാരമായി ഭവനബന്ധം 

                        അതിന്നിടയില്‍ പഞ്ചാരക്കമ്പനി മദ്യനിര്‍മ്മാണത്തിലേയ്‌ക്ക്‌ നിറം മാറി. കൂട്ടപ്പിരിച്ചുവിടലിന്റെ വേവും തസ്‌തിക താഴ്‌ത്തിയുള്ള അപമാനവും ശമ്പളമില്ലായ്‌മയുടെ ആന്തലുമായി ചേതന കരിഞ്ഞു. ആഗോളീകരണത്തിന്റെ തുടക്കക്കാലത്ത്‌ വളഞ്ഞവട്ടത്തെ ആ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സിന്‌ ആ മനസ്സിലെ തീയെ തലോടാനായോ? ഇല്ലേയില്ല. അക്കാലത്തെ ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ പരിണിതിയായ കറുത്തകുരിശും തുപ്പെ തുപ്പെയും അതിനു സാക്ഷ്യം വയ്‌ക്കുന്നു. ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്‌ത അരമണിക്കൂര്‍ നാടകങ്ങളും ഭാര്യയും കുരുന്നു മക്കളും അക്കാലത്ത്‌ ഉത്തമനെ ജീവിതത്തിലേയ്‌ക്ക്‌ വരിഞ്ഞിട്ടു.

                              പമ്പയാറ്റിലെ ആവര്‍ത്തിത വെള്ളപ്പൊക്കത്തിലും അതിന്റെ കരയില്‍ നുരയ്‌ക്കുന്ന ജീവജാലങ്ങളിലും മനുഷ്യരിലും മധ്യതിരുവിതാംകൂറിന്റെ തനതു വികാരങ്ങിലും ഉത്തമന്റെ രചനാലോകം സമ്പന്നമായി. പുതിയൊരു രചനാപരിസരത്തിലേയ്‌ക്ക്‌ അവ ആവാഹിക്കപ്പെട്ടു. രണ്ടാംഘട്ടരചനകളില്‍ പുതിയ ശൈലിയും രൂപഭാവങ്ങളും വന്നുനിറഞ്ഞു.

                                               ``എഴുത്തുകാരന്‍ നെടുമങ്ങാട്‌ ബിവറേജസ്‌ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയതിനുശേഷമായിരുന്നു എന്റെ പിറവി പൂര്‍ണ്ണമായത്‌ (2002). ശ്രീവള്ളിയെന്ന വീട്‌ ഓര്‍ത്തു മന്ത്രിച്ചു. `` അതിനുള്ളില്‍ താമസിച്ച ചുരുങ്ങിയ കാലഘട്ടത്തില്‍ നിരവധി രചനകളുണ്ടായി. ഞാന്‍ താങ്ങായും തണലാവുന്നതും എന്നില്‍ അമരാന്‍ ഓടിവരുന്നത്‌ ഒരു എഴുത്തുകാരനാണ്‌ എന്നതില്‍ ഞാന്‍ ഗര്‍വ്വിതയായി. മനസ്സിലും ചെറുകുറിപ്പുകളിലുമായി വിങ്ങിനിന്ന ചാവൊലി കടലാസ്സിലൊഴുകിയ രാപ്പകലുകള്‍. അതിന്റെ ഉന്മാദത്തില്‍ രാവുകള്‍ പകല്‍പോലെയായത്‌... ആ എഴുത്തിനെ കുറിച്ചു പറയുന്നത്‌ സങ്കടമാണ്‌. എന്നാലും പറയാതെ വയ്യല്ലോ. ശയ്യാവലമ്പിയായി അപുവിന്‌ എഴുതാന്‍ പാകത്തില്‍ `തുപ്പെ തുപ്പെ'യുടെ കനലുകളെ മന്ത്രിച്ചു കൊടുത്തതും.. ശ്രീവള്ളി ശരിക്കും തേങ്ങിപ്പോയി.

                                          ഓ. നീ മാത്രമല്ല. ഞങ്ങളെല്ലാം ചേര്‍ന്നാണ്‌ ഉത്തമനെ എഴുത്തിലേയ്‌ക്ക്‌ കൊണ്ടുപോയത്‌. പരിസരം അപ്പാടെ സംഭാഷണത്തില്‍ ഇടപെടുന്നതായി തോന്നി.

                        ശരിയാണ്‌ ഒരുപാടു ഘടകങ്ങള്‍ ഓരോ ചുവടും ഓരോ കിനാവും ഓര്‍മ്മത്തുണ്ടുകളും എഴുത്തിലേയ്‌ക്ക്‌ വലിച്ചിടുന്നു. കവാടങ്ങള്‍ക്കരുകില്‍, കണ്ണുകള്‍, വീട്‌, അമ്മ കരയുന്നു, ഒരു പുല്ലറുപ്പോത്തിയുടെ കത, നഗരപാലകര്‍ക്ക്‌ വഴികാട്ടി, തലമുറകള്‍, തെങ്ങ്‌, അമരവാഴ്‌വുകളിങ്ങനെ, നിറങ്ങളില്‍ നിന്നും അകന്നുപോകുന്നവര്‍ തുടങ്ങിയ കഥകളില്‍ പരീക്ഷിച്ച രൂപ, തന്ത്രഭാഷഗന്ധാതികള്‍ വളര്‍ന്നു വലുതായതാണ്‌ ചാവൊലി. അപ്പോള്‍ ശ്രീവള്ളി എന്ന ഒരു വീടിനു മാത്രമല്ല. ഉത്തമന്റെ സഞ്ചാരയിടങ്ങള്‍ക്ക്‌ മുഴുവനായി അക്കാദമി പുരസ്‌കാരത്തെ അവകാശപ്പെടാനാവും.

                        മുകളിലെ എഴുത്താലയില്‍ നിന്നും കുഞ്ഞു വര്‍ത്തുള ഗോവണി ഇറങ്ങി താഴെയുള്ള ലിവിങ്‌, ഡൈനിംഗ്‌ കം കിച്ചണ്‍ ആയ ഹാളിലേയ്‌ക്ക്‌ എഴുത്തുകാരന്‍ വന്നെത്തിയോ? 

                            ഇരുട്ടുകനക്കുന്നു.
                         
                                   ശ്രീമതി ഇന്ദിരയോടും അപുവിനോടും അമൃതയോടും യാത്രചോദിക്കാന്‍ ഞങ്ങളൊന്നു കൂടി അകത്തു കയറി.

                         കാസര്‍കോട്‌ തുളുനാടു മാസിക സാഹിത്യസമഗ്ര സംഭാവനയ്‌ക്ക്‌ 2007 ല്‍ നല്‍കിയ പുരസ്‌കാരം, എാറ്റുമാന്നൂര്‍ സാഹിത്യവേദിയുടെ ചെറുകഥാ അവാര്‍ഡ്‌ 2008 എന്നിവകള്‍ക്ക്‌ സമീപത്ത്‌ അക്കാദമി പുരസ്‌കാരത്തെയും വൈകാതെ ശ്രീവള്ളി പ്രതീക്ഷിക്കുന്നു.

                  `` നിങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ ചേട്ടനിപ്പോള്‍ വന്നെത്തുമെന്ന്‌ കുറേ നേരമായി ആരോ മനസ്സിലിരുന്നു പറയുന്നു''. ഉത്തമന്റെ ഭാര്യ പിന്നെയും. 

                  ഒരു സങ്കട സായാഹ്നത്തെ പിന്നിടുമ്പോള്‍ ഒന്നു കൂടി ഞങ്ങള്‍ ശ്രീവള്ളിയിലേയ്‌ക്ക്‌ നോക്കി.

ജനയുഗം വാരാന്തം 26 എാപ്‌റില്‍ 200

2009, മാർച്ച് 27, വെള്ളിയാഴ്‌ച

റേഷന്‍ ഫോട്ടോ


രിദ്‌റ ബാല്ല്യത്തിന്റെ ഓര്‍മ്മക്കെട്ടായ റേഷന്‍ കാര്‍ഡില്‍ അയാള്‍ക്ക്‌ താല്‌പര്യമൊട്ടുമില്ലായിരുന്നു.

ചെറിയ പുസ്‌തകമല്ലേ!

നമ്മളേയും മക്കളേയും കുറിച്ച്‌ മറ്റൊരിടത്തും ആരുമൊന്നും എഴുതില്ലല്ലോ.

പോയി വാങ്ങൂ. റേഷന്‍ കടക്കാരന്‌ കുത്തിവരയ്‌ക്കാന്‍ കൊടുക്കാണ്ടിരുന്നാല്‍ മതി. ഭാര്യ നിര്‍ബന്ധിച്ചു.

അയാള്‍ കാറിറക്കി. ക്യൂ നിന്നു.

കവര്‍ച്ചിത്‌റം കണ്ടു ഞെട്ടിപ്പോയി.

കഞ്ഞിവെള്ളം നക്കിയിട്ട്‌ എാഴുനാളായി എന്നു തോന്നിപ്പോവും.

റേഷന്‍ ഫോട്ടോ ബിലോ പോവര്‍ട്ടി ലൈനിലേത്‌

2009, മാർച്ച് 11, ബുധനാഴ്‌ച

ശിവാലയഓട്ടം Sivalayam



ഒരു പുലര്‍ച്ചയ്‌ക്കു മുന്നേ
ജീവിതയാത്രയിലെ ഒരു ഖണ്‌ഡം തീര്‍ത്ഥയാത്രാപഥത്തില്‍ ചെന്നു മുട്ടിയപ്പോള്‍ മാല പോലെ അപരിചിത ഗ്രാമങ്ങള്‍ മുന്നിലേയ്‌ക്ക്‌ തുറന്നു വന്നു. രാജപാതകള്‍, ഇടവഴികള്‍, നാട്ടുവഴികള്‍, നടവഴികള്‍, പാടവരമ്പുകള്‍, പറമ്പുകളെ ഖണ്‌ഡിക്കുന്ന കുറുക്കുവഴികള്‍, കനാല്‍ത്തിട്ട അങ്ങനെ വൈവിധ്യ സഞ്ചാരയിടങ്ങള്‍ ആ രാവില്‍ പ്രാപ്യമായി. സായാഹ്ന, സന്ധ്യ, പിന്നെ രാവു മുഴുവനും നീളുന്ന കാല്‍നട യാത്രയായി ശിവാലയ ഓട്ടം മാറി.
(ശിവരാത്രിയിലും അതിനു മുന്നിലെ രാത്രിയിലും അവയുടെ ഇടപ്പകലിലും പഴയ തിരുവിതാംകൂറിലെ കല്‍ക്കുളം വിളവങ്കോടു താലൂക്കുകളില്‍ തിരുമല മുതല്‍ തിരുനട്ടാലം വരെ പന്ത്രണ്ട്‌ ശിവാലയങ്ങളിലായി ശിവഭക്തന്മാര്‍ ഓടിയെത്തി ദര്‍ശന പൂര്‍ത്തീകരണം നടത്തുന്ന തീര്‍ത്ഥയാണിത്‌. പുതിയ കാലത്തില്‍ അതു ബൈക്കു യാത്രയായും വലിയ വാഹനങ്ങളിലെ തീര്‍ത്ഥാടന ടൂറിസമായും മാറിയിരിക്കുന്നു).
മുന്നില്‍ തുറന്നു വരുന്ന വഴിയുടെ ലക്ഷണങ്ങള്‍ ഓര്‍ത്തെടുത്ത്‌ കാവിയുടുത്ത (മുമ്പ്‌ വേഷം മഞ്ഞ നിറത്തിലായിരുന്നു) ദേശാടനക്കിളികള്‍ തിരുവിതാംകൂര്‍ ഏടുകളിലെ രാജശാസന, ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളിലേയ്‌ക്കുള്ള പാതകളെ നിരവധി തവണ മുറിച്ചും അതിനൊപ്പമൊഴുകിയും താണ്ടുന്നു. പകല്‍ സന്ധ്യയിലേയ്‌ക്കും പൂര്‍ണ്ണ ഇരുട്ടിലേയ്‌ക്കും വഴിമാറുമ്പോള്‍ കൂരിരുട്ടിന്റെ വങ്കാളങ്ങളില്‍ നിന്നു ജീവിതയാത്രയിലെ ചില പരിചയക്കാര്‍ നുഴ്‌ന്നു വെളിച്ചത്തിലേയ്‌ക്ക്‌ കയറി വരുന്നു. പരിമിത കുശലങ്ങള്‍ക്കുശേഷവര്‍ പിന്നെയും ഇരുളത്തിലേയ്‌ക്ക്‌ തുരിറങ്ങി തുടര്‍വഴിയില്‍ മുഗ്‌ദരാവുന്നു.
4 മണി വൈകുന്നേരം
മുഞ്ചിറയിലെ താമ്രപര്‍ണി നദിയുടെ ഈറന്‍ വാരിച്ചുറ്റിയ ഭക്തര്‍ `` പന്ത്രണ്ട്‌ ആലയങ്ങളിലായി ഭക്തി പാരവശ്യവുമായി ഓടിത്തളരുന്ന വ്യാഘ്രപാദമുനിയെയും ഭീമസേയേയും'' വീശിത്തണുപ്പിക്കാനായി പനയോല വിശറിയും ഭസ്‌മം ശേഖരണത്തിന്‌ കുഞ്ഞു തുണിസഞ്ചിയും കൈവശപ്പെടുത്തി തിരുമല ഒന്നാം ശിവാലയത്തില്‍ ഒത്തുകൂടുന്നു. ഏകദേശം നൂറിനു പുറത്തു കിലോമീറ്ററുകള്‍ വരുന്ന യാത്രാപഥത്തിലേയ്‌ക്ക്‌ കുതിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുരുഷാലയമായി ശിവരാത്രി തലേന്നുള്ള സായാഹ്നത്തില്‍ തിരുമല മാറുന്നു. അമ്പലമണികള്‍ മുഴങ്ങവെ തുറന്നു വിട്ട പുരുഷപ്രവാഹം പടികളിലൂടെ കിഴക്ക്‌ ദേശത്തിലെ രണ്ടാം ശിവാലയത്തിലേയ്‌ക്ക്‌ കുതിക്കുന്നു. ഏകലക്ഷ്യമായി അതങ്ങനെ വിവിധ സാംസ്‌കാരിതയിലൂടെ ഒഴുകിപ്പരക്കുന്നു. അവിടെ വര്‍ഷത്തിലൊരിക്കല്‍ മാത്രം വന്നു നിറയുന്ന തീര്‍ത്ഥയാത്രികരിലേയ്‌ക്ക്‌ കണ്‍മിഴിച്ചു നില്‍ക്കുന്നത്‌ എണ്ണമറ്റ തരത്തിലെ സസ്യജാലങ്ങളും കൂടിയാണ്‌.
ഇടനാടിന്റെ കാര്‍ഷിക സമൃദ്ധി കരക്കൃഷിയില്‍ ദര്‍ശന സായൂജ്യമാകുന്നു. നാഗരികതയിലേയ്‌ക്കുള്ള പ്രയാണത്തില്‍ തെറിച്ചു നില്‍ക്കു മാറ്റങ്ങള്‍ നികത്തെപ്പെടുന്ന കൃഷിയിടങ്ങളിലും നെല്ലില്‍ നിന്നുള്ള കാര്‍ഷിക പരിവര്‍ത്തനത്തിലും കാണാവുന്നതാണ്‌. കുഴിത്തുറ റെയിലാപ്പീസുകയറി, മാര്‍ത്താണ്‌ഡത്ത്‌ നാഷണല്‍ ഹൈവേയും കടന്ന്‌ പാദലക്ഷ്യം തിക്കുറിശ്ശിയിലേയ്‌ക്ക്‌.
7 മണി
ഒരിക്കല്‍ കൂടി താമ്രപര്‍ണ്ണി നദി തെളിനീര്‍ ദര്‍ശന പുണ്യമൊരുക്കുന്നു. തിക്കുറിശ്ശിയിലെ പാലത്തില്‍ നില്‍ക്കവെ പാതയോരത്ത്‌ യാത്രികര്‍ക്കായി പടിഞ്ഞാറേ അന്തിമാനം കാത്തുവച്ചത്‌ ആകാശക്കാഴ്‌ചകളുടെ അവസാനമാത്രകളാണ്‌. തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉറവിടം താമ്രപര്‍ണ്ണി നദിയോരത്തെ ഇരു കരകളിലെയും ഇഷ്‌ടികക്കളങ്ങളാണ്‌‌. രാത്രിയിലും എക്‌സ്‌കവേറ്ററുകള്‍ മണ്ണു ചവിച്ചിടുന്ന ഒച്ചകേട്ട്‌‌ ചെളി കലങ്ങുന്ന കടവുകളില്‍ മുങ്ങി നിവര്‍ന്ന്‌‌ ഭക്തര്‍ തിക്കുറിശ്ശി ഭഗവാനെയും ഗോവിന്ദാ ഗോപാലാ ജപിച്ച്‌ നനഞ്ഞ വിശറിയാല്‍ വീശിണുപ്പിക്കുന്നു.
ക്ഷേത്രദര്‍ശനം, ഭഗവാനു മുന്നിലെ വീശല്‍, ഭസ്‌മലേപനം, ഗോവിന്ദായെന്ന്‌ ഉച്ചരിച്ച്‌ ഗോപാലായെന്ന മറുനാമം കേട്ടുള്ള പലായനം. ഇവയില്‍ മാത്രമായി ഒതുങ്ങുന്ന തരത്തിള്ള ലളിതമായ ചിട്ടവട്ടങ്ങളാണ്‌ ശിവായഓട്ടത്തിനുള്ളത്‌.
ദര്‍ശന വഴിയിപ്പോള്‍ മലമ്പാതയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. തിക്കുറിശ്ശിയില്‍ കൊയ്യാനായി വിളഞ്ഞു കിടന്നത്‌ ഇടനാടിലെ അവസാന പാടശേഖരമായിരുന്നു. മലയാളനാട്ടില്‍ നിന്നു ഒളിച്ചുപോന്ന കശുവണ്ടിഫാക്‌ടറികള്‍ കേരളക്കാരെ കാണാതിരിക്കാനായി അവിടെ ഇരുട്ടില്‍ പതിഞ്ഞു കിടന്നു.
പൂത്തുകിടക്കുന്ന റബ്ബര്‍ക്കാടുകളുടെ മദിച്ച ഗന്ധമാണ്‌ വഴിക്കിപ്പോള്‍. പൂമുഖങ്ങളില്‍ പഥികരെ കാത്തിരിക്കുന്ന കിടാങ്ങള്‍ ഗോവിന്ദായെന്നു വിളിച്ച്‌ ഗോപാലായെന്ന മറുവിളി പരീക്ഷണത്തിന്‌ തയ്യാറായിരിക്കുന്നു. ഈ സാംസ്‌കാരിതയുടെ ഖണ്‌ഡങ്ങളെ നാളെ മുന്നോട്ടു പുതു കാലത്തിലേയ്‌ക്ക്‌ നീക്കുന്നതിലെ പരീക്ഷണങ്ങളില്‍ കുഞ്ഞുങ്ങള്‍ മുഴുകുതായി തോന്നി.
നടന്നു തളരുന്നവര്‍ക്ക്‌ സംഭാരം, ചുക്കുവെള്ളം, കരിപ്പെട്ടി കാപ്പി, തേങ്ങയിട്ടു വേവിച്ച ചുണ്ടല്‍ക്കടല എന്നിവയിലൂടെ പഴമയുടെ സല്‍ക്കാരകണ്ണികള്‍ പുതുകാലത്തിലൂം ആവര്‍ത്തിക്കുന്നു. വിശപ്പും ക്ഷീണവും എങ്ങനെയാണ്‌ വെന്തുകുതിര്‍ന്ന ഒരു പാത്രം കഞ്ഞിയിലും ഒരു കീറു നാരങ്ങ അച്ചാറിലൂടെയും ശരീരം വലിച്ചെടുത്തു വിയര്‍പ്പാക്കി കളയുന്നത്‌ എതിന്റെ രസതന്ത്രം ഇരുളില്‍ വഴിയോരത്ത്‌ നിന്നും പഠിക്കാനാവുന്നു. ഒരു നാവു മാങ്ങാഅച്ചാര്‍ പതിയെ അലിഞ്ഞിറിങ്ങുമ്പോള്‍ തൊണ്ടിയില്‍ കുരുങ്ങിക്കിടന്ന ദാഹത്തിന്റെ ചോദനകള്‍ എവിടെ എങ്ങനെ മാറിമറിഞ്ഞു. അനുഭവമുണ്ടാകണമെങ്കില്‍ നടന്നു തളരണം.
പാതയിപ്പോള്‍ ശിവായങ്ങളിലേയ്‌ക്ക്‌ കുതിക്കുന്ന ബൈക്കുള്‍ ഉള്‍പ്പെടെ വാഹനങ്ങളെ കൊണ്ടു നിറഞ്ഞു. (ദൈവദര്‍ശനത്തില്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സഹായം. ഈ നിശ്ശബ്‌ദതയെ എന്തിനാണ്‌ യാന്ത്രിക സവാരിക്കാര്‍ ഹോണ്‍ മുഴക്കി മുറിക്കുന്നത്‌?).
ചിതറാള്‍ മലൈക്കോവിലു താഴ്‌വാരമെത്തുമ്പോള്‍ പൗരാണികതയില്‍ അണഞ്ഞുപോയ ജൈന സാംസ്‌കാരികതയുടെ ചിഹ്നമായി പാറമുകളില്‍ നക്ഷത്രവിളക്ക്‌ കൊളുത്തി വച്ച വലിയ കല്‍പ്പരപ്പ്‌ ഇരുളില്‍ മുങ്ങിക്കിടക്കുന്നു. മനസ്സ്‌ ഒരു തവണകൂടി ആ ജൈനകേന്ദ്രത്തില്‍ ചുറ്റി വന്നു.
അരുമനയിലെ അല്‌പനേര വിശ്രമത്തിലാണ്‌ അയ്യോ കാല്‍പാദങ്ങള്‍ പിറുപിറുക്കുന്നുേേല്ലാ എന്ന ചിന്ത ഉദിച്ചത്‌.
10 മണി രാവ്‌
തൃപ്പരപ്പില്‍ താമ്രപര്‍ണ്ണി വിശാലമായ പാറപ്പുറം വിരിച്ചിട്ട്‌‌ തളര്‍ന്നു കിടന്നു. വിരലുകള്‍ പോലെ പാറയിടുക്കിലൂടെ നദി മന്ദമായി നീങ്ങി. ഒഴുക്കുഭാഗങ്ങളില്‍ യാത്രികര്‍ മുങ്ങി വരുന്നതുവരെ നക്ഷത്രം വിതറിയ മാനം നോക്കിക്കിടക്കവെ ശരീരമെമ്പാടും വേദന വന്നു കൊത്തി. അക്കരെ അമ്പല വെളിച്ചത്തെ ലാക്കാക്കി ഒറ്റയ്‌ക്കൊരു വെള്ളി മൂങ്ങ പറന്നു പോയപ്പോള്‍ ഉത്സവരാവുകളില്‍ ആരവങ്ങള്‍ക്കും പ്രകാശാന്തരീക്ഷത്തിനുമുള്ളിലൂടെ വുന്നു തൊട്ടിരുന്ന കുഞ്ഞുന്നാള്‍ സങ്കടത്തെ ഓര്‍മ്മ പുതുക്കി.
മൂന്നാം ശിവാലയത്തില്‍ നിന്നിറങ്ങുമ്പോള്‍ കാല്‍പ്പാദങ്ങളിലെ പിറുപിറുക്കലുകള്‍ ശരിവേദനയായി പരാതി വാക്കുകള്‍ എറിഞ്ഞു. എങ്കിലും ഇരവിലെ മോഹിത വഴികള്‍ ആകാംക്ഷാപൂര്‍വ്വം പൊള്ളിനിന്ന്‌ മുന്നിലേയ്‌ക്ക്‌ മാടി വിളിച്ചു. ഒരു റബ്ബര്‍ക്കാടിന്നിരുളിലൂടെ വാഴപ്പണചാടി കടന്നു നീങ്ങുമ്പോള്‍ നിറപാതിരായില്‍ മറുജപം പ്രതീക്ഷിച്ച്‌ ഇരുളില്‍ നിന്നു വന്ന ഗോവിന്ദാ എന്ന പെണ്ണൊച്ചയില്‍ മനസ്സ്‌ ആകാശത്തോളം തഴച്ചു.
ഇറമ്പോളം മുട്ടിമുട്ടിയൊഴുകുന്ന പേച്ചിപ്പാറയുടെ കനാല്‍ വരമ്പിറങ്ങി ചെന്നത്‌ മറക്കാകാഴ്‌ചയിലേയ്‌ക്ക്‌. മറുവശത്തെ താഴ്‌ചയിലെ ചെരിവില്‍ നിന്നും വെള്ളം പടിഞ്ഞാറുഭാഗത്തേയ്‌ക്ക്‌ ഒഴുകി നീങ്ങാന്‍ കനാല്‍ത്താഴ്‌ചയ്‌ക്കുമടിയില്‍ പണിത ടണലാണ്‌ കഥാപാത്രം. അഞ്ചടി ഉയരവും കഷ്‌ടി മൂന്നടി വീതിയിലെ വൃത്താകൃത ദ്വാരത്തിനുള്ളില്‍ ജലസാന്നിധ്യത്തിലും ടോര്‍ച്ചിന്‍ പ്രകാശവും ഗോവിന്ദാ ഗോപാലാ ജപവും കൂട്ടിക്കൊണ്ടുപോയത്‌ ശരിയാത്രാനുഭവത്തിലേയ്‌ക്ക്‌. മുകളില്‍ ഇരമ്പിപ്പോകുന്ന കനാലില്‍ നിന്നും നെറുകയില്‍ തുള്ളികള്‍ ഊറിവീണു സാന്ദ്വനിപ്പിച്ചു. കഷ്‌ടി നൂറുമീറ്റര്‍ നടപ്പിനുശേഷമുള്ള വിശാലമായ ഭൂമിക തിരുനന്തിക്കര അമ്പലക്കുളത്തിരുകില്‍ പിന്നെയും എത്തിക്കുന്നു.-
1.30 രാവുമദ്ധ്യാഹ്നം
മോഹിത കാഴ്‌ചയിടങ്ങളിലൂടെ വെട്ടിവെട്ടിക്കയറി യാത്രയിലെ അവസാ ശിവാലയത്തിലെത്താനായി കൂട്ടുകാരെ പറഞ്ഞു വിട്ട്‌‌ തോറ്റ പടയാളിയുടെ അംഗഭംഗ ഭാവവുമായി തിരുനന്തിക്കര ബസ്റ്റാന്‍ഡില്‍ ആദ്യബസ്സിനു പുലര്‍ച്ച തേടി ഞാനിരുന്നു.

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

മറുതള്ള


കൊച്ചൂട്ടാ, വടക്ക്‌ വശത്തേയ്‌ക്ക്‌ വാടാ. നെനക്ക്‌ കഞ്ഞിയെടുത്തു വച്ചിട്ട്‌ നേരമെത്‌റയായി. ആറിത്തണുത്തു. അല്ലെങ്കി ഇങ്ങോട്ട്‌ കൊണ്ടരാം. കൈ നനച്ച്‌ വന്നോ.

അവന്‍ മുഖം തിരിച്ചതുപോലുമില്ല. ഇറയത്തു നിന്ന ബന്ധക്കാരി അവന്റെ പ്‌റതികരണമില്ലായ്‌മയില്‍ താളം ചവിട്ടിത്തളര്‍ന്ന്‌ അകത്തേയ്‌ക്ക്‌ മറഞ്ഞു.

മാധവി അമ്മയുടെ നിലയറിയാന്‍ വന്ന പോത്തുകുറുപ്പ്‌ ഒരു പടികൂടി മുന്നേറി. നീ വാടാ കുഞ്ഞുകുട്ടാ. മുക്കിലെ കടേന്നൊരു കാലിച്ചായ കുടിക്കാം. അയാളവനെ ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ചു കുറുപ്പിന്റെ കൈ അയഞ്ഞ്‌ അവന്‍ പിന്നെയും കുഴഞ്ഞിരിപ്പായി.

അവര്‌ പാടേ കെടപ്പായ മൊതല്‌ കൊച്ചൂട്ടനും അനക്കമില്ലാണ്‌ടായീ. വടക്കേപ്പുറത്ത്‌ പെണ്ണുങ്ങള്‍ അവനെപ്പറ്റി പറഞ്ഞു.

കഞ്ഞി കുടിക്കാന്‍ ഒരു പ്ലാവില കുനിഞ്ഞെടുക്കാന്‍ ഇന്നേവരെ തള്ളയവനെ സമ്മതിച്ചിട്ടില്ല. ഒരു പാളവെള്ളം കോരാനോ, കീറത്തുണി അലമ്പാനോ അവനിടയുണ്ടായിട്ടില്ല. തിന്നാനല്ലാതൊരു പണിം അവനറിഞ്ഞും കൂടാ. പോയ കുംഭത്തില്‍ മുപ്പത്തിരണ്ടു തികഞ്ഞു.

വെച്ചുവെളമ്പി എച്ചിലെടുത്ത്‌ തള്ളയവനെ കുഴിമടിയനാക്കി. മക്കളെ ഇങ്ങനെ പോക്കണംകെട്ടവരാക്കാമോ? വായു വലിച്ചു കെടക്കണ തള്ളപോയാ എവനാരെപ്പിടിച്ചു തിന്നും

നിര്‍ഗുണ പരബ്‌റഹ്മത്തെ കൊണ്ടെന്തരു കൊണം മച്ചമ്പി? മാധവി അമ്മയെ ഇറക്കിക്കിടത്താന്‍ കുളിപ്പിക്കാനെടുത്തപ്പോഴും, ദര്‍ഭ തിരയുമ്പോഴും, ഭസ്‌മം തൊടീപ്പിക്കുമ്പോഴും ബന്ധക്കാരാരും അവനെ തെരഞ്ഞില്ല.

ഒടുവില്‍ കുഞ്ഞുകുട്ടനു പ്‌റവേശിക്കേണ്ട നേരമെത്തി. കര്‍മ്മം ചെയ്യാന്‍ കൊച്ചുകുട്ടനെവിടെ? ഇവനെങ്ങോട്ടു മറഞ്ഞു? കിണറ്റിലുമില്ലല്ലോ.. തമാശ കുതിര്‍ന്ന ഉത്സാഹത്തോടെ അവര്‍ അവനെ കുളത്തിലും തെരഞ്ഞു.

പതിച്ചി നാരായണിക്കാണ്‌ രണ്ടാമതും കുഞ്ഞുകുട്ടനെ കാണാനുള്ള ഭാഗ്യമുണ്ടായത്‌. അതേ പേറ്റുമുറിയില്‍ മപ്പത്തിരണ്ടു വര്‍ഷം മുമ്പത്തെപ്പോലെ കൈകാലിളക്കി, വിറച്ചു വിറച്ചു അവന്‍ മറ്റൊരു ജീവിതം കാത്തു കിടന്നു.

2009, ജനുവരി 24, ശനിയാഴ്‌ച

വിര്‍ച്ച്വല്‍ ഫീല്‍ഡ്‌


കാശത്തിന്റെ ഇടത്തട്ടില്‍ കിളികള്‍ പറക്കാ ഉയരത്തിലെ ഫ്‌ളാറ്റിലാണ്‌ കുട്ടന്‍ താമസിക്കുന്നത്‌. മമ്മീം ഡാഡീം വെളുപ്പിന്‌ ഐറ്റീ പാര്‍ക്കിലേയ്‌ക്ക്‌ പായും. വൈകുന്നേരം ക്ഷീണത്തില്‍ കുഴഞ്ഞ്‌ മടങ്ങി വരും.

അവന്‍ ഫിഫ്‌ത്ത്‌ സ്‌റ്റാന്‍ഡേര്‍ഡിലെത്തിയില്ലേ! ഇനി കുഴപ്പമില്ല. ഒറ്റയ്‌ക്കിരുന്നോളും മെയ്‌ഡിനെ പറഞ്ഞു വിടാന്‍ മമ്മിക്കായിരുന്നു ധൃതി. സ്‌ക്കൂള്‍ നേരത്തിനു മുമ്പും പിമ്പും അവനങ്ങനെ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കായി.

സന്ധ്യയ്‌ക്ക്‌ മമ്മി, ഡാഡിമാരെത്തിയാലോ? അവര്‍ കമ്പ്യൂട്ടറിനുള്ളിലേയ്‌ക്ക്‌ വലിഞ്ഞുകയറും. ഡാഡി വാങ്ങിവരണ അത്താഴപ്പൊതി വിളമ്പിക്കിട്ടണത്‌ അവനേതാണ്ട്‌ ഉറക്കത്തെ തൊടുമ്പോഴാണ്‌.

പെട്ടെന്നൊരു ദിവസം ഒരു കുടന്ന ഗ്‌റാമപ്പച്ച പറിച്ചിട്ടതു മാതിരി മുത്തച്ഛന്‍ അവിടെയെത്തി. അതിന്റെ രണ്ടാം നാള്‍ ഡൈനിംഗ്‌ടേബിളില്‍ ദോശമണം പരന്നു. മുത്തച്ഛനുണ്ടാക്കിയ ദോശ അവന്‍ എരിചട്‌ണിയില്‍ തൊട്ടു തിന്നു തീര്‍ത്തു.

മുത്തച്ഛന്‍ കുട്ടിക്കാലം മുതല്‍ ശീലിച്ച കൃഷിപ്പണികള്‍, തൊഴുത്തിലുണ്ടായിരുന്ന സുന്ദരി പൈക്കള്‍, കാവല്‍ക്കാരായിരുന്ന നായ്‌ക്കളുടെ വീരചരിതങ്ങള്‍, മുത്തച്ഛന്‍ ബെഡ്‌റൂമിലും കിച്ചണിലും വാക്കുകളാല്‍ താഴാമ്പൂ മണവും മാങ്ങാച്ചൂരും നിറച്ചു. തൊടാതെ തെളിനീരിന്റെ കുളിര്‍മ്മ അവനനുഭവിച്ചു. റോഡിലെ സി്‌ഗ്നല്‍ ലൈറ്റില്‍ പറ്റിവച്ച കാക്കക്കൂടുകള്‍, ഉറക്കൂടുന്ന സന്ധ്യാരാഗ മേഘങ്ങള്‍. കാഴ്‌ചകള്‍ അവനില്‍ പുതുകൗതുകങ്ങളായി.

നാട്ടിമ്പുറത്തെ വീട്ടില്‍ തിരിച്ചു പോകാനാവാത്തതുകൊണ്ടാണു മുത്തച്ഛന്‍ ഇടയ്‌ക്കിടെ മൂഡോഫാകുന്നതെന്നവന്‍ കണ്ടെത്തി. നഗരച്ചൂടും പൊടിയും ശബ്ദകോലാഹലങ്ങളും മുത്തച്ഛന്‌ പുഴുക്കമാവുന്നുണ്ടാവുമെന്നവന്‍ കരുതി.

``മുത്തച്ഛാ ഞാനൊരു പാട്ടുപാടിത്തരാം'' ടി വി യില്‍ നിന്നു പഠിച്ച കൃഷിപ്പാട്ടിലൂടെ അവന്‍ മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ ശ്‌റമിച്ചു.

`` ഞാനൊന്നു വലുതായിക്കോട്ടെ നമുക്കു ഗ്‌റാമത്തില്‍ പോയി താമസിക്കാം.'' കേട്ടപാതി മുത്തച്ഛന്‍ അവനെ വാരിയെടുതതു.

അപ്പാര്‍ട്ടുമെന്റെിന്റെ നാലുവശത്തു കൂടിയും ഭൂമിയിലേയ്‌ക്ക്‌ ചാഞ്ഞും ചെരിഞ്ഞുമിറങ്ങുന്ന മഴവള്ളികളെ മുത്തച്ഛന്‍ നോക്കിനിന്നു. വല്ലാതെ മുതുകു നനഞ്ഞൊരു കാക്കച്ചി മഴനാരുകളെ മുറിച്ചു പോകുന്നത്‌്‌ അവനും കണ്ടു.

നാട്ടില്‍ കൃഷിക്കാലമെത്തിയരിക്കുന്നു. മുത്തച്ഛന്റെ മുഖം പറഞ്ഞു.

``മുത്തച്ഛാ ഇതാണു മുത്തച്ഛന്റെ മുപ്പറ വാലുകണ്ടം''

ഉത്സാഹത്തോടെ അവന്‍ ലിവിങ്‌റൂമില്‍ ഒറ്റക്കാലാല്‍ അടയാളമിട്ടു പാടം തിരിച്ചു.

``ഞാന്‍ ഓരിണപ്പോത്താവാം. ദാ കലപ്പവച്ചുകെട്ട്‌'' മുത്തച്ഛന്റെ മുന്നില്‍ അവന്‍ കൊമ്പു കുലുക്കി നിന്നു.

``വെയില്‍ മൂക്കും മുമ്പ്‌ ഉഴവു തീര്‍ക്കുന്നുണ്ടോ?''

മാര്‍ബിള്‍ കഠിനതയില്‍ നുകം താഴ്‌ത്തിപ്പിടിച്ച്‌ മുത്തച്ഛന്‍ പോത്തിനു പിന്നാലെ നടന്നു.

കിച്ചണില്‍ നിന്നും അവനൂറ്റിയെടുത്ത കഞ്ഞിവെള്ളം മുത്തച്ഛന്‍ മടമടാന്നു കുടിച്ചു. തലേക്കെട്ടഴിച്ച്‌ വിയര്‍പ്പാറ്റി.

കണ്ടമൊരുക്കി ചാണകവും ചാരവും വിതറി. അവരൊരുമിച്ചു ഞാറുനട്ടു.. നടു നീര്‍ത്തി. നീരൊഴുകുന്ന മടവ അടച്ചു. കുറേ നേരം ഇളഞാറ്‌ ആടുന്ന കണ്ടത്തിനെ കണ്ടുകൊണ്ട്‌ വരമ്പത്തിരുന്നു. മുത്തച്ഛന്റെ പൊതിയില്‍ നിന്നും അവന്‍ വെറ്റില പാക്കു പകുത്തു.

മുത്തച്ഛന്റെ പ്‌റീയപ്പെട്ട പണിക്കാരില്‍ പലരായി അവന്‍ വേഷങ്ങള്‍ മാറിമാറി കെട്ടിയാടി.

വൈകുന്നേരം

അവരുടെ മുഖത്തെ ക്ഷീണതളര്‍ച്ചാ ചുളിവുകളില്‍ മമ്മി ഡാഡിമാര്‍ ഉത്‌ക്കണ്‌ഠപ്പെട്ടു

``ഓ. ഞങ്ങളൊരു ലോങ്‌ പേ്‌ളയിലായിരുന്നു. വെരിമച്ച്‌ ടയേര്‍ഡ്‌. ഞാനും മുത്തച്ഛനും കൂടി ഇവിടെയൊരു വിര്‍ച്ച്വല്‍ പാഡി ഫീല്‍ഡൊരുക്കി. കണ്ടം കൊത്തി, വരമ്പ്‌ അരിഞ്ഞു, ചേറ്‌ കോരിപ്പിടിച്ചു. ദേ ഞാറു നട്ടിരിക്കുവാ. ഡാഡ്‌ കേര്‍ഫുള്‍ അവിടെ ചവിട്ടല്ലേ. വരമ്പപ്പടി ചേറാ. തെന്നി വീഴും''. വിര്‍ച്ച്വല്‍ ഫീല്‍ഡില്‍ പറഞ്ഞു തീരും മുമ്പ്‌ ഡാഡി തെന്നി വീണു.

അവന്റെ ``ക്ക,ക്ക'' ചിരിയില്‍ മുത്തച്ഛനും കൂടി.

``വരുന്ന ഓണത്തിന്‌ ഈ വീട്ടില്‍ പാഴ്‌സല്‍ സദ്യയില്ല. ഞാനും മുത്തച്ഛനും കൂടി ഇതു കൊയ്‌ത്‌ പുത്തരി സദ്യയൊരുക്കും ല്ലേ മുത്തച്ഛാ.

'' അതു കേള്‍ക്കാന്‍ മുത്തച്ഛന്‍ നില്‍ക്കില്ലെന്നവന്‌ അറിയാം. നിരത്തിലെ മനുഷ്യ ഉറുമ്പിന്‍ തിരക്കിനെ നോക്കി മുത്തച്ഛന്‍ നില്‌ക്കുന്നിടത്തേയ്‌ക്ക്‌ അവനും നീങ്ങി.

ജനയുഗം വാരാന്തം 18 ജനുവരി 2009

2009, ജനുവരി 6, ചൊവ്വാഴ്ച

മേലേപുളിയങ്കുടി


ഭാരവണ്ടികള്‍ നിന്നു കിതയ്‌ക്കാത്ത, വെപ്രാളപാച്ചിലുകള്‍ക്ക്‌ അവധികൊടുത്തു മയക്കത്തില്‍ വീണ തമിഴ്‌നാടന്‍ ഹൈവേകള്‍. പാടങ്ങള്‍, കമ്പനിപ്പരിസരങ്ങള്‍ കടകമ്പോളങ്ങള്‍ എവിടെയും ദീവാളിശൂന്യതയും ആലസ്യവും.

10 മണി.

തെങ്കാശ്ശി കഴിഞ്ഞ്‌ പുളിയങ്കുടിയില്‍ വണ്ടിയിറങ്ങുമ്പോള്‍ മുന്‍സിപ്പല്‍ ടൗണ്‍ തെരുവുകള്‍ ദീവാളി ഉത്സാഹത്തില്‍ സജ്ജീവമായിരുന്നു. മാംസക്കടകളില്‍ തിരക്കിന്‍ വേലിയേറ്റം. നടന്നു നടന്നവിടെ ചെല്ലുമ്പോള്‍ ആതിഥേയര്‍ കൈയൊഴിഞ്ഞാലോ? കുറച്ചു പഴവും ബ്രെഡും വാങ്ങാന്‍ ബുദ്ധിതോന്നി.

വഴി തിട്ടമാക്കി തെരുവിലൂടെ മേലേപുളിയങ്കുടിയിലേയ്‌ക്ക്‌ നടത്തമാരംഭിച്ചു. സാധാരണയുള്ള തമിഴ്‌ മണങ്ങള്‍ക്കു മേലെ വെടിമരുന്നിന്റെ ഗന്ധം പൊന്തി നിന്നു. കൈവശം മിച്ചം വന്ന പടക്കങ്ങള്‍ കുട്ടികള്‍ തെരുവിലിട്ടു പൊട്ടിക്കുന്നു. സാമാന്യം നീളമുള്ള ശാബ്രാണിത്തിരിയാല്‍ പടക്കത്തില്‍ തീ പകരുന്ന കുട്ടികളെ നോക്കി അമ്മമാര്‍ വീടുകളുടെ ഇറയങ്ങളിലിരുന്നു.മുന്നിലും പിന്നിലും `ശക്‌, ടപ്‌, ഠപേ' ശബ്‌ദാകമ്പടിക്കിടയിലെ കാല്‍വയ്‌പുകള്‍ യുദ്ധഭൂമി പ്രതീതിയിലായി.

പത്തു കിലോമീറ്റര്‍ അകലെ മേലേപുളിയങ്കുടിയിലെ സഹ്യമല നിരകള്‍ക്ക്‌ ചെറിയതോതില്‍ മുന്നിലേയ്‌ക്ക്‌ ഇളക്കമുണ്ടോ? അവ ഉറുമ്പിയ ചലനുമായി സജ്ജ പടക്കൂട്ടമായി മുന്നോട്ടടുത്തു വരുത്‌ ശ്രദ്ധിച്ചാല്‍ കാണാം.

കഷ്‌ടി നടപ്പോള്‍ തെരുവ്‌ അവസാനിച്ചു. ടാര്‍ റോഡ്‌ പുതുതായി ബുള്‍ഡോസറുകള്‍ വരച്ചിട്ട വിശാലമായ മണ്‍നിരത്തിലേയ്‌ക്ക്‌ നീണ്ടു. നിരത്തിന്റെ മുളകണ്ടാലറിയാം വിള.... ആസന്ന ഭാവിയില്‍ ഇവന്‍ വങ്കാളനൊരു റോഡായി മാറുമെന്നതുറപ്പ്‌- നാലു വരിപ്പാത- പടിഞ്ഞാറേ മലയില്‍ ഡാം പണിയുന്നു. വാട്ടര്‍ തീം പാര്‍ക്കിനു സാധ്യതയുണ്ട്‌ എന്നൊക്കെ കേട്ടിരുന്നു. വിശാല ഭാവികാലത്തെ കണ്ടുള്ള തമിഴ്‌ പ്ലാനിങിനെ നമിക്കാതെ വയ്യ.

തരിശാക്കിയ കൃഷിയിടത്തില്‍ ഫ്‌ളാറ്റു മുളപ്പിക്കാന്‍ കല്ലുകള്‍ കുഴിച്ചു വച്ചിരിക്കുന്നത്‌ നമ്മുടെ അന്നം മുടക്കുമോ എന്ന ഉത്‌ക്കണ്‌ഠയായി. .

കള്ളിച്ചെടി, കിളിമരം, കരിനൊച്ചി, കറിവേപ്പ്‌ ജൈവവേലി പോലും മലയാളികളുടെ ഭക്ഷണ സാധ്യതകളെ ഓര്‍മ്മിപ്പിച്ചു. വേലിയ്‌ക്കുള്ളില്‍ കൃഷിയിടങ്ങളുടെ വിശാലത. മുന്നോട്ടു നീങ്ങുന്തോറും നീലമലകളുടെ ഉന്നതിയില്‍ ചെന്നു മുട്ടി കൃഷിയിടങ്ങള്‍ തളര്‍ന്നു കിടന്നു. ആരാണു ആരാണു വരുതെറിയാന്‍ പിന്‍നിരയില്‍ നിന്നും ഒന്നിനു പുറകില്‍ ഒന്നൊന്നായി മലനിരകള്‍ എഴുന്നേറ്റ്‌ എത്തി നോക്കുന്നുണ്ടെന്നതു സത്യം.

താഴ്‌ത്തി മണ്ണു നീക്കിയ റോഡിനേക്കാള്‍ ഉയരത്തിലെ കൃഷിയിടം. കറിനാരകത്തോപ്പുകളാണ്‌ മുഖ്യം. തീര്‍ച്ചയായും വരാനിടയുള്ള ഒരു പി.എസ്‌.സി ചോദ്യം രഹസ്യത്തില്‍ പറയാം. മലയാളിയുടെ ചെറുനാരങ്ങാ അച്ചാര്‍ ഭരണിയേത്‌? തമിഴ്‌നാട്ടില്‍ നാരങ്ങയുത്‌പാദനത്തില്‍ രണ്ടാം സ്ഥാനമുള്ള പുളിയങ്കുടിയെന്നുത്തരം. മാതളം, നെല്ല്‌, തെങ്ങ്‌ വിളകള്‍ കാര്‍ഷിക മനത്തെ കൊതിപ്പിച്ചു നിര്‍ത്തി.

തലേന്നു പതിച്ചു വച്ച ഞാറുയര്‍ന്നു വരുന്ന പാടം, വിളറിയ പച്ചപ്പ്‌, മൂത്തുവരുന്ന നടീലിനങ്ങള്‍. പടിഞ്ഞാറു തിരിഞ്ഞാല്‍ മലനിരകള്‍, കിഴക്ക്‌ വാനവിശാലത. പരിസരത്തില്‍ ഒറ്റതിരിഞ്ഞ ചെറിയ വീടുകള്‍. ചുറ്റിലും പൂക്കളുമായി. ശ്ശൊ. കൊതിപ്പിക്കാന്‍ പറഞ്ഞതല്ല. സത്യമാണ്‌. അതവിടെ കാണാം. കുടിച്ചാലും കുടിച്ചാലും തീരാത്ത ഏകാന്തതയുടെ ആഴിപ്പരപ്പ്‌. മയിലിന്റെ നീണ്ട ചാട്ടുളിയൊച്ചയും കിളിക്കിന്നാരവും കാറ്റിന്റെ മൂളലകമ്പടിയും തൊട്ടു നക്കാന്‍ പുറമെ. അവിടെ കൂടാന്‍ കൊതിയുണ്ടോ? മയില്‍ ചോദിക്കുന്നത്‌ അതു തന്നെ.

തലേന്നാളത്തെ ഘോരമഴ മാന്തിക്കീറിയിട്ടിരുന്ന റോഡ്‌ കുട്ടുനടക്കുന്ന ഏകാന്തതയുടെ ആഴത്തെ പെരുപ്പിച്ചു. പന, ആല്‌, നൂറ്റാണ്ടുകളുടെ ജര അടയാളങ്ങള്‍ ഏറ്റിത്തളര്‍ന്ന വമ്പന്‍ പുളിമരങ്ങള്‍. പനമാറിലെ ഇനിയുമടര്‍ന്നു മാറാത്ത പട്ടകള്‍ അവയ്‌ക്കിനിയും മനുഷ്യ സ്‌പര്‍ശമേറ്റിട്ടില്ലെ്‌ ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടു കണ്ട ആലുമരം, നിസ്സംഗത കട്ടിയിട്ട വലിയ പുറുത്തിച്ചെടികള്‍. കൂടികൂടി വരു ഏകാന്തത വിക്രമകാളീശ്വരത്തിന്റെ (പത്മരാജന്‍) ഭീതിയിലെത്തിച്ചു.

അപൂര്‍വ്വമായി കുട്ടികള്‍ പടിഞ്ഞാറു ഭാഗത്തേയ്‌ക്ക്‌ വാടക സൈക്കിളുകളില്‍ ഡബ്‌ള്‍ വച്ച്‌ ഞങ്ങളെ കടന്നു പോയി. കേരളാക്കാരെന്നവര്‍ ഞങ്ങളെ സംശയിച്ചു പിറുപിറുത്തു.

വഴിവക്കിലെ റവന്യൂ ശൂന്യത നാളെ അവിടെ വന്നു നില്‌ക്കാനിടയുള്ള ബസ്സ്‌ ടെര്‍മിനലിന്റെ സാധ്യതിയിലേയ്‌ക്ക്‌ ആലോചനയെ എത്തിച്ചു.

പത്തു കിലോമീറ്റര്‍ നടന്നു തീര്‍പ്പോള്‍ കൃഷിയിടപ്പരപ്പുകള്‍ അവസാനിച്ചു. മലനിരകളുടെ നേര്‍മടിത്തട്ടിലെ പറമ്പുകള്‍ നമ്മുടെ നാട്ടിമ്പുറ സമാനതയെ ചൂണ്ടി. ഓടിപ്പോകാനാവാത്ത വിധത്തില്‍ ഞങ്ങളെ എപ്പോഴായിരുന്നു മലക്കോട്ടകള്‍ നാലുഭാഗത്തും വളഞ്ഞത്‌?

12 മണി

ആതിഥേയരാവുമെന്നു കരുതിയിരുന്ന പുത്തന്‍ കൃഷിക്കാരുടെ കളത്തിലെ വൈദ്യുത വേലി ഗേറ്റ്‌ അടഞ്ഞു കിടക്കുന്നു.

പുറത്ത്‌ മേയുന്ന രണ്ടു കുതിരകള്‍. അവറ്റകളെ പശുക്കളെ മാതിരി കെട്ടിയിട്ടിരിക്കുത്‌ കാഴ്‌ചയില്‍ നീരസമായി. സിനിമകളില്‍ വെടിയേറ്റു കുതിരകള്‍ വീഴുന്നതുപോലും എന്തു മാത്രം അന്തസ്സോടെയാണ്‌. വേലിക്കുള്ളില്‍ കയറില്‍ തടഞ്ഞ ആട്‌ നിരന്തര കുശലം ചോദിച്ചു കരഞ്ഞത്‌ ശ്രദ്ധിക്കാന്‍ പോയില്ല.

തീവാളിക്കുളിക്കു വന്ന കുട്ടികള്‍ ഞങ്ങളെ കണ്ടാണോ അതിരിട്ട്‌ അവിടം ചുറ്റിയൊഴുകുന്ന കാട്ടുചോലയില്‍ നിന്നും പൊയ്‌ക്കളഞ്ഞത്‌? അവരിലാണോ അതോ ഞങ്ങളിലോ ആശങ്കകള്‍ ഉണര്‍ത്‌?

ശങ്ക തീരെയില്ലാത്ത ആ കാട്ടൊഴുക്കില്‍ അരമണിക്കൂര്‍ മുങ്ങിക്കിടന്നു. നടപ്പു ക്ഷീണത്തെ തീര്‍ത്തു വകഞ്ഞാറ്റി ശരീരത്തെ പുഴ തിരിച്ചു തന്നു. പൊതിഞ്ഞെടുത്തിരുന്ന കേരള അട, തമിഴ്‌ പഴങ്ങള്‍, ബ്രെഡ്‌ എന്നിവയില്‍ എപ്പോഴും കിക്കറയിടുന്ന പശി തൃപ്‌തയായി.

രണ്ടു മണിക്കൂര്‍ നീളുന്ന മടക്കയാത്രയ്‌ക്ക്‌ തുടക്കമിട്ടു.അമ്പതാടുകളുടെ മേച്ചില്‍ പറ്റവുമായി വന്ന മാരിയപ്പന്‌ കേരളാ ബോണസ്സു രീതികളെ കുറിച്ചറിയണം. കേരള മുതലാളി കബളിപ്പിക്കുന്നുണ്ടോയെന്ന തൊഴിലാളി ഉത്‌കണ്‌ഠ. ഈ വിവസായമിടങ്ങളുടെ ഉടമകള്‍? വഴിയില്‍ ചിലപോയ്‌ന്റുകളില്‍ `ആടു മാഞ്ചിയം തേക്ക്‌' തട്ടിപ്പുകളുടെ ഓര്‍മ്മകള്‍ തികട്ടിയത്‌ അനവസരത്തിലാണെന്നു തോന്നുന്നില്ല.

തിരിച്ചു പോരുമ്പോള്‍ ഉദയന്‍ (ശരിപ്പേരല്ല. തികച്ചും സാങ്കല്‌പികം) മയിലൊച്ചയില്‍ ഉത്തേജിതനായി. വേലി മറിഞ്ഞ്‌ ഇണപ്പക്ഷികളുടെ സമീപത്തേയ്‌ക്ക്‌ നടന്നു. അവിടമൊക്കെ കൃഷിയൊഴിഞ്ഞ തക്കാളി പാടങ്ങളായിരുന്നു.

മടക്കത്തില്‍ കുറച്ചുദൂരം ഒപ്പം കൂടിയ രണ്ടു ചെങ്കോട്ടപ്പട്ടികള്‍. അവരുടെ അനുസരണയും തികച്ചും അന്യരായ ഞങ്ങളോടുള്ള വിധേയത്വവും ഏതു പൂര്‍വ്വ ജന്മാന്തര സ്‌മരണയിലായിരുന്നു?

കാട്ടുചോലയില്‍ ദീവാളിക്കുളിയും, കാനനക്കറക്കവും കഴിഞ്ഞ്‌ കുട്ടികള്‍ സൈക്കിള്‍ ചവിട്ടി ഞങ്ങളെ കടന്ന്‌ കിഴക്ക്‌ പോയി. എല്ലാപേരും വിദ്യാര്‍ത്ഥികളെന്നത്‌ പുളിയാങ്കുടി വിദ്യാപ്‌റാധാന്യത്തിന്‌ തെളിവായി. പുറകില്‍ അകലുന്ന മലയൊന്നു ചാടിയാല്‍ അപ്പുറത്തെ കേരളത്തിലെത്തുമോ? എങ്കില്‍ നാടു പിടിക്കാന്‍ എളുപ്പമായിരിക്കും. ചിന്തകള്‍ മലയ്‌ക്കു മുകളിലൂടെ വീട്ടിലെത്തി.

പുറകില്‍ ആകാശം വമ്പന്‍ തപാല്‍ക്കവറായി. മുക്കോണം മടക്കിയെടുത്ത നീലനിറത്തിലെ എഴുത്തു കടലാസുകളായി നീലമലകള്‍ ഓറഞ്ചു ലക്കോട്ടിനുള്ളിലേയ്‌ക്ക്‌ കൂമ്പിനിന്നു. നിറഗാഢതയുടെ ഏറ്റക്കുറവനുസരിച്ച്‌ ആരാണ്‌ അവയെ ഒന്നിനു പുറകില്‍ ഒന്നൊന്നായി ആകാശക്കവറിനുള്ളിലേയ്‌ക്ക്‌ തള്ളികയറ്റുന്നത്‌?

പുളിയങ്കുടിയിലേയ്‌ക്ക്‌ മുന്നോക്കം പോകുമ്പോള്‍ കാഴ്‌ചയെത്തുന്ന വശങ്ങളില്‍ നിന്നും മലകള്‍ അയഞ്ഞയഞ്ഞ്‌ അകന്നു പോയി. വിടുതല്‍ നല്‍കി അവ ഞങ്ങളുടെ ലോകത്തെ വിശാലമാക്കി തന്നു.

3 മണി.

തെങ്കാശ്ശിയിലേയ്‌ക്ക്‌ ബസ്സേറുമ്പോള്‍ പടിഞ്ഞാറ്‌ സമാന്തര അകലത്തില്‍ ഒന്നൊന്നായി ഇഴ തിരിക്കാനാവാത്ത മലനിരകള്‍ ഒറ്റക്കട്ടയായി ബസ്സിനു സമാന്തരം ഓടിക്കൊണ്ടിരുന്നു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi