2008, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ഇരണിയല്‍(Eraniel)


പൊടുന്നനവെയാണ്‌ മണ്ടയ്‌ക്കാട്‌ യാത്രയില്‍ ആര്‍ത്തലച്ച മഴ വന്നു പെട്ടത്‌. അത്‌ തമിഴ്‌നാടന്‍ കാലാവസ്ഥയുടെ മറുപുറ കാഴ്‌ചകള്‍ വാരിയിട്ടു. തോരാ ഭാവത്തോടെ മഴ മണവാളക്കുറിച്ചിയിലേയ്‌ക്ക്‌ കൂട്ടു വന്നു. കടല്‍ത്തീരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന റയര്‍ എര്‍ത്തുകാരുടെ ചുവന്നതും കറുത്തതുമായ മണല്‍ക്കൂന്നുകള്‍ക്കും അടങ്ങാത്തിരകള്‍ക്കുമിടയില്‍ നില്‌ക്കെ കടല്‍ചക്രവാളത്തില്‍ മിന്നല്‍ വേരുകള്‍ നിരന്തരം ഇറങ്ങിവന്നു കൊണ്ടിരുന്നു.

തിങ്കള്‍ചന്തയിലൂടെ യാത്രാവഴി ഇരണിയലിലേയ്‌ക്ക്‌ നീണ്ടു. തിരുവിതാകൂറിലെ കല്‍ക്കുളം താലൂക്കില്‍പെട്ട പഴയ അധികാരകേന്ദ്രമായിരുന്നു ഇരണിയല്‍. നഗര പ്രൗഡികളൊന്നുമില്ലാതെ അത്‌ ഓര്‍മ്മകള്‍ മൂടുപടമിട്ട നരച്ച സൗഹൃദം കാണിച്ചു നിന്നു. നിര്‍ബാധം മലയാളം പറയാനും കേള്‍ക്കാനുമാവുന്ന തമിഴിടം.

മധ്യാഹ്നം കനക്കുന്നതിനു മുമ്പെ പരിത്യക്തമായ വേണുഗോപാലഅമ്പലം ചുറ്റി കാടു കയറി മറിഞ്ഞ ഇരണിയല്‍ കൊട്ടാര മുന്നിലെത്തിലെത്തി. കടല്‍ത്തീര കാഴ്‌ചയില്‍ വന്നലച്ച ഉത്സാഹം മുഴുവനും അടിപറ്റിയ വേണാടു രാജധാനിയുടെ ദയനീയ ചിത്രത്തില്‍ അമര്‍ന്നൊതുങ്ങി.

ഇരണിയല്‍ ആയിരുന്നു വേണാടിന്റെ പഴയ തലസ്ഥാനം. തെക്കേ തേവന്‍ ചേരിയില്‍ കോയിക്കല്‍ എന്ന്‌‌ കൊട്ടാരത്തിന്റെ പൂര്‍വ്വനാമവും. മതിലകം രേഖകള്‍, തിരുവട്ടാര്‍ ഗ്രന്ഥവരിഎന്നിവയില്‍ ഇരണിയല്‍ കൊട്ടാരത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. മാര്‍ത്താണ്‌ഡവര്‍മ്മ ഇവിടെ താമസിച്ചിരുന്നു. രാമയ്യന്‍ ദളവ ലന്തക്കാര്‍ക്കെതിരെ എ.ഡി. 1741 ല്‍ പടനീക്കം നടത്തിയത്‌ ഇരണിയലില്‍ വച്ചാണ്‌. വേലുത്തമ്പിയുടെ പ്രക്ഷോഭണ തുടക്കം ഈ കൊട്ടാര മുറ്റത്തില്‍ നിന്നായിരുന്നു. ചരിത്രാംശങ്ങള്‍ പറഞ്ഞിട്ടും മനസ്സിന്‌..

കൊട്ടാരത്തിന്റെ പറ്റേതകര്‍ന്ന മുഖമണ്‌ഡപ ലക്ഷണമായി കാടു മൂടിയ കൂറ്റന്‍ പടിക്കെട്ട്‌ അവശേഷിക്കുന്നു. നാലുകെട്ടു കൊട്ടാരം ഇതാ ഇപ്പോള്‍ എന്ന മട്ടില്‍ ഓടുകള്‍ മുഴുവനായി ഉതിര്‍ന്നു വീണു ചുവരുകളിലെ സോപ്പു വലിപ്പ ഇഷ്‌ടികള്‍ പുറത്താക്കി കഴുക്കോലുകള്‍ അപ്പാടെ ഒടിഞ്ഞു താണങ്ങനെ. പൊന്തക്കാടുകള്‍ വകഞ്ഞു മാറ്റി വേണം അതിനു മുന്നിലെത്താന്‍. ഈര്‍പ്പവും കല്ലേപ്പിളര്‍ക്കു അധികാരത്തെ തിന്നു തീര്‍ക്കുന്ന കുഞ്ഞു ജീവികളും പരിവാര സമേതമതിനുള്ളില്‍ ഇപ്പോള്‍ വാഴുന്നു. നൂറ്റാണ്ടുകള്‍ പ്രായമേറിയ, വന്‍പോടു വീണ പുളിമരത്തിനും നിസ്സംഗതയില്‍ കുതിര്‍ മുത്തച്ഛന്‍ ഭാവം. ആരെങ്കിലുമൊന്നു തൊട്ടിരുന്നെങ്കിലെന്ന കൊതിയുറഞ്ഞ നീരാഴി.

തിരുവിതാകൂറിലെ അരചന്മാര്‍ അധികാരമേറ്റയുടനെ ഉടവാളു വച്ച്‌ വണങ്ങാനെത്തിയിരുന്ന വസന്തമണ്‌ഡപം നാലുകെട്ടിനു പുറകിലാണ്‌. അവശേഷിക്കുന്ന കൊത്തു പണികള്‍ നിറഞ്ഞ മച്ചിനെ എങ്ങനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാനാവുമെന്നു വസന്തമണ്‌ഡപം തേങ്ങുന്നു. കേരളം വിട്ട്‌ കടല്‍ കടന്നുവെന്നു കരുതുന്ന ചേരമാന്‍ പെരുമാള്‍ അവസാനമായി വിശ്രമിച്ചിരുന്ന കരിങ്കല്‍ കട്ടില്‍ എടുത്തു കൊണ്ടു പോകാനാവാത്തതിനാല്‍ മാത്രം അവിടെ അവശേഷിക്കുന്നു.

ഇച്ഛാശക്തിയുള്ള തീരുമാനങ്ങള്‍ ഉടനുണ്ടായാല്‍ വസന്തമാളികയെ തകര്‍ച്ചയില്‍ നിന്നു പിടിച്ചുയര്‍ത്താനാവും. തമിഴ്‌നാട്‌ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വൈകാതെ ചരിത്രസ്‌മാരകത്തെ രക്ഷിക്കുമെന്നു കരുതാം.

ഇരണിയല്‍ കൊട്ടാരമാളികയുടെ ചിത്രങ്ങള്‍ സര്‍വ്വവിജ്ഞാനകോശത്തില്‍ കാണാവുതില്‍ നിന്നും ഇതിന്റെ തകര്‍ച്ച വന്നു തുടങ്ങിയത്‌ ഭാഷാസംസ്ഥാന രൂപികരണശേഷമാണെന്നു കരുതാം. ഇന്നത്തെ നിലയിലുള്ള ഇരണിയല്‍ കൊട്ടാരം http://incrediblekumari.blogspot.com ല്‍ കാണാവുതാണ്‌.

തിരുവിതാംകുറിലെ പഴയ പ്രധാന കൃഷിയിടമായിരുന്ന കല്‍ക്കുളം താലൂക്കിലെ വയലേലകളും നെല്‍ക്കൃഷിയില്‍ നിന്നും മാറി നടക്കുന്നു എന്ന യഥാര്‍ത്ഥ്യത്തിലൂടെ പിന്നീട്‌ തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തിലെത്തി. ഇവിടെ ചരിത്രമെങ്ങനെ ടൂറിസ പോഷണ വസ്‌തുവാകുന്നു എന്ന കാഴ്‌ചയിലേയ്‌ക്ക്‌ യാത്ര നീളുന്നു.

2008, ഏപ്രിൽ 2, ബുധനാഴ്‌ച

സന്തോഷമരണം



ന്യദേശങ്ങളിലെ യാത്‌‌റകള്‍ രാമനുണ്ണിയുടെ സഞ്ചിയില്‍ പൊന്നും പണവും നിറച്ചു.


രാമനുണ്ണിയെ കള്ളനെന്ന ചീത്തപ്പേരു കേള്‍പ്പിക്കാന്‍ ഒരു പൂട്ടും തയ്യാറായില്ല. കൈകള്‍ തൊട്ടതും താഴുകള്‍ വഴങ്ങിക്കൊടുത്തു. ആള്‍ക്കുട്ടത്തിന്നിടയില്‍ വച്ച്‌ പോക്കറ്റുകള്‍ വിട്ടിറങ്ങിയ പേഴ്‌സുകള്‍ രാമനുണ്ണിയുടെ വിരലുകള്‍ക്കിടയില്‍ തളര്‍ന്നു കിടന്നു.


രാമനുണ്ണി നാട്ടില്‍ മാളിക വച്ചു. അയാളെ എല്ലാപേരും മുതലാളിയെന്നു വിളിച്ചു.


രാമനുണ്ണി മക്കളെ പഠിപ്പിച്ച്‌‌ ഡോക്ടര്‍മാരും ഇഞ്ചിനീയര്‍മാരുമാക്കി. അവര്‍ക്ക്‌ ഭാര്യമാരും ഭര്‍ത്താക്കന്മാരുമായി ഇഞ്ചിനീയര്‍മരേയും ഡോക്ടര്‍മാരേയും തെരഞ്ഞുപിടിച്ചു.


താനൊരു കള്ളനും ഇരയായില്ലല്ലോ എന്ന ദുഖമാണ്‌ മരിക്കാന്‍ നേരം അയാളെ വിഷമിപ്പിച്ചത്‌


പെരിയോര്‍ക്ക്‌ പെരിയോരെന്ന പ്‌റമാണം തെറ്റിക്കാതെ രാമനുണ്ണിയുടെ ഉയിരെടുക്കാന്‍ കാലന്‍ തന്നെ നേരിട്ടിറങ്ങി.


രാമനുണ്ണിയുടെ പ്‌റൗഢമായ കിടപ്പിനുമുന്നില്‍ കാലന്‍ അന്ധാളിച്ചു. അരഡസന്‍ ഡോക്ടര്‍ മക്കളും മരുമക്കളും രാമനുണ്ണിയുടെ ഉയിരിന്‌ കാവല്‍ തീര്‍ത്തു.


കാത്തു കാത്തു കാലന്റേയും കണ്ണുകള്‍ കഴച്ചു.


കാവല്‍ കൂട്ടത്തിന്റെ കണ്ണുലഞ്ഞല ഒരുനിമിഷം


ആ പഴുതിലൂടെ കൈയിട്ട്‌ കാലന്‍ രാമനുണ്ണിയുടെ ഉയിര്‌ പതിയെ വലിച്ചെടുത്തു.


തിരക്കിനിടയിലുടെ പേഴ്‌സ്‌ വഴുതിപ്പോകുന്നതറിഞ്ഞ ഇരയുടെ ഉല്‍ക്കണ്‌ഠ ഒരു നിമിഷത്തേയ്‌ക്കു മാത്‌റം രാമനുണ്ണിക്കറിയാനായി
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi