2023, ജനുവരി 7, ശനിയാഴ്‌ച

വെളുത്തമഷി പുസ്തകം Natarajan Bonakkad


 

'' നോക്കൂ, ഈ കാലുകള്‍ എന്തു ചെമപ്പും മൃദുവുമായിരിക്കുന്നു. അമ്മ ശിശുവിനെ ഓമനിച്ചുകൊണ്ടിരിക്കുമ്പോള്‍ അത്ഭുതപ്പെട്ടു. പൂക്കളുടെ സ്പര്‍ശവും വര്‍ണ്ണവും കൊണ്ടാണത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പിതാവ് പ്രതിവചിച്ചു. ശിരസ്സ് നീരുറവകളുടെ ഗിരിശൃംഖങ്ങള്‍കൊണ്ട്. കണ്ണുകള്‍ പ്രപഞ്ചത്തിലെ പ്രഥമസൂരേ്യാദയങ്ങള്‍ കൊണ്ട്. (ശിശുക്കള്‍)''


കരടില്ലാത്ത ഭാഷ തേടുന്നവര്‍ക്കു മുന്നില്‍ നടരാജന്‍ ബോണക്കാട് ഒരു കഥാ പുസ്തകം അവതരിപ്പിരിക്കുന്നു. (കഥകള്‍, നടരാജന്‍ ബോണക്കാട്, പരിധി പബ്ലിക്കേഷന്‍സ്, 2021 വില രൂപ 250.00). അകിടില്‍ നിന്നും കറന്നെടുത്ത പാല് അടുപ്പിലിരുന്നു വറ്റിവറ്റി ഉറഞ്ഞതു മാതിരിയുള്ള ഗദ്യത്തിലെ കുഞ്ഞുകഥള്‍ കൊണ്ടാണീ കഥാപുസ്തകം നിറച്ചിരിക്കുന്നത്. പതിരെന്ന രൂപത്തില്‍ ഒഴിവാക്കാനൊരു വാക്കുപോലുമില്ലാത്ത കഥകളാണ് 'കഥകള'ുടെയുള്ളിലുള്ളത്. ''നീറ്റുമരുന്നിന്റെ നിര്‍മ്മാണകൗശലത്തിന് കൂട്ടിരുന്നിട്ടുണ്ട്. ഇനി വറ്റാനില്ലാത്തവിധം നീറിനീറിയുള്ളൊരു ശേഷിപ്പ്. ഈ ശേഷിപ്പിന് സമമായ അനുഭവമാണ് എഴുത്തുകാരന്‍ കരുതിവച്ചിരിക്കുന്നത്. വാതിലുകളെല്ലാം തുറന്നിട്ടു സഞ്ചരിക്കുന്ന ഒരു വീടുപോലെ നടരാജന്റെ കഥകള്‍ അനുഭവപ്പെടുകയാണ്.'' എല്ലാ വാതിലുകളും തുറന്നിട്ടങ്ങനെ.... എന്നു അവതാരികയില്‍ ഡോ. ബാലചന്ദ്രന്‍ പുസ്തകമേന്മനകളെ കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്.


ഈ ശേഖരത്തിലെ കുഞ്ഞുകഥകളില്‍ എണ്‍പതുകളില്‍ തുടങ്ങുന്ന ഒരു യുവാവിന്റെ ജീവിതാനുഭവത്തുണ്ടുകളാണുള്ളത്. ഇന്നത്തെ നവമായാ മാധ്യമകാലം വരെ അയാളുടെ മനസ്സില്‍ പതിഞ്ഞവയെയാണ് പുസ്തകത്തില്‍ വരഞ്ഞിട്ടിരിക്കുന്ന വിശേഷങ്ങള്‍. ഈ ചെറിയ കഥകളുടെ സമാഹാരത്തിലൂടെ നടരാജന്‍ കഥകള്‍ ജലപാതഘോഷമുണ്ടാക്കുന്നില്ല. അതു മഞ്ഞുതുളളി വീഴ്ചയുടെ ഞരങ്ങലുകളെ, സുഗന്ധ സൗമ്യതയെയാണ് ഓര്‍മ്മിപ്പിക്കുന്നത്.


ഞാന്‍, അയാള്‍, ഭാര്യ, കുഞ്ഞ്, മിത്രങ്ങള്‍, മുയലുകള്‍, പൂച്ച, ചെടികള്‍ ഇവര്‍ ചിലപ്പോള്‍ നടേശനായും സുജാതയായും ഓര്‍മ്മക്കാരന്‍, രാജേന്ദ്രന്‍, ഡ്രാക്കുള, ശിവന്‍ അടിപറമ്പ്, മിയാന്‍ മല്‍ഹാര്‍, കുട്ടപ്പന്‍ പുഴു, പലപേരുകളിലെ പൂച്ചകള്‍ അങ്ങനെയൊക്കെയുള്ള ജീവിതങ്ങള്‍ കഥാപാത്രങ്ങളായി വേഷമിട്ടീ കഥകളിലെത്തുന്നു. ഇവരെല്ലാം കറുത്ത വിശപ്പിന്റെ, അനാഥത്വത്തിന്റെ, വീട്ടിനുള്ളിലെ, നിരത്തുകളിലെ ബസ് സ്റ്റാന്‍ഡുകളിലെ കഥകള്‍ പറഞ്ഞുകൊണ്ട്  വായനക്കാരനെ മഥിക്കാനായുന്നു. 


വെളുത്ത മഷിയിട്ടു വിളയിച്ച കറുത്ത സത്യങ്ങളുടെ വെറും പറച്ചിലുകള്‍ മാത്രമാണിവ. ജീവിതത്തെ അപ്പാടെ തകിടം മിറച്ചിടുന്ന കുഴമറിച്ചിലുകളെ എങ്ങനെ തുരത്താം? ഏതുവഴിക്കാണ് നാമിനി പോകേണ്ടത്? പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ശേഷിയില്ലാത്ത കഥാപാത്രങ്ങളാണിവര്‍. അവര്‍ തങ്ങളുടെ കനലുകളെ, ഉണ്മകളെയും ദുരിതങ്ങളെയും പാതയോരത്ത് നിരത്തുക മാത്രം അവര്‍ ചെയ്യുന്നു. അതിനാല്‍ ഇങ്ങനെ ചുരുക്കാം. പുനര്‍നിര്‍വ്വചനം ആവശ്യമായ വിഷയങ്ങളുമായിട്ടാണ് എഴുത്തുകാരന്‍ തന്റെ ഉള്ളവുമായി വായനക്കാരനു മുന്നിലെത്തിയിരിക്കുന്നത്. മലയാളത്തിലെ തീവ്രരാഷ്ട്രീയ കഥകളുടെ ശേഖരത്തില്‍ നടരാജന്‍ ബോണക്കാടിന്റെ ഈ പുസ്തകവും തലയെടുപ്പോടെ നില്‍ക്കുന്നതാണ്. നമ്മുടെ ഭാഷയിലെ നാനോഫിക്ഷന്‍ രചയിതാക്കളുടെ കൂട്ടത്തില്‍ നിന്നും എത്ര വെട്ടിക്കളഞ്ഞാലും നടരാജന്‍ ബോണക്കാട് ഒഴിവാകുന്നില്ല. 

തേയിലക്കഥകളുമായി ഈ കഥാശേഖരം തുറന്നുവരുന്നു. അവയിലെമ്പാടും പച്ചജീവന്റെ തിളച്ചൂടാണ് വറ്റിമറയുന്നത്. കുട്ടികളുടെ നൊമ്പരങ്ങള്‍. അതിനൊപ്പം അധികാരത്തിന്റെ അശ്ലീലഭാവവും പ്രമേയമാകുന്നുണ്ട് ചില കഥകള്‍ എഴുത്തുകാരന്റെ സ്വപ്നങ്ങളുടെ പകര്‍ത്തിയെഴുത്തുകളാണ്. അവയുടെ ആവിഷ്‌കരണരീതിയതു തീര്‍ച്ച പറയുന്നു. വിവിധ ഭാവത്തിലുള്ള നിരവധി വീടുകഥകള്‍ ഈ പുസ്തകത്തിനെ സമ്പമാക്കുന്നു. ഇത്രയധികം വീട്ടുകഥകള്‍ തുടര്‍ച്ചയായി എഴുതിയ ഒരെഴുത്തുകാരന്‍ മലയാളത്തില്‍ മറ്റാരുമുണ്ടാവില്ല. 

വൈവിധ്യവും തീഷ്ണവുമായ ഈ ഒറ്റയൊറ്റ കഥത്തുണ്ടുകളെ (അവയിപ്പോള്‍ ഫിലിം തുണ്ടുകളാണ്) മനസ്സിലെ പ്രോജക്ടറിലാക്കി ഒന്നു വേഗത്തില്‍ കറക്കി നോക്കുക. നിങ്ങള്‍ ചെന്നുപെടുന്നത് ഒരു സിനിമാ തിയറ്ററിനുള്ളിലാണ്. കാണുതൊരു ജീവിത ചിത്രവും. ചുറ്റിലും നിറയുന്ന ഏകാന്തതയില്‍ ബോണക്കാടന്‍ ലയത്തില്‍ പിറന്ന് ജീവിതത്തെ പ്രണിയിച്ച, മാറ്റത്തിനുവേണ്ടി പോരാടിയ, മാനത്തിനെ അടപ്പാക്കി വീടുണ്ടാക്കിയ (അവിചാരിതമായ മഴപെയ്യുമ്പോള്‍ ശിരസ്സിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൈത്തലമാണ് വീട്) കഥാപാത്രങ്ങളുടേതായ ഒരു ജീവചരിത്രകഥയും വായിച്ചു നമുക്ക് മെനയാന്‍ സാധിക്കുന്നതാണ്. 


ഈ നൂറ്റിതൊണ്ണൂറ്റി നാലു കഥകളെ വര്‍ഗ്ഗീകരിക്കാന്‍ സാധിക്കുമോ എന്നൊന്നു പരിശോധിക്കാം. അവയിലെ വിഷയ വൈവിധ്യം അത്തരമൊരു വായനാനീക്കത്തിന് സാധുത നല്‍കുന്നു. ഭൗതികവാദം, പ്രകൃതി, ജീവിത നൊമ്പരങ്ങള്‍, ദാമ്പത്യം, ഭഗ്നപ്രണയം, രാഷ്ട്രീയം, കിനാവും വിഭ്രമവും, തിര്യക്കുകളുടെ സംഗീതം, വീടു കഥകള്‍, പരിസ്ഥിതിയും കറുത്തഫലിതവും, വ്യക്തിപരം.. എന്നിങ്ങനെയൊരു വായനക്കാരന്‍ ഇത്രയും കഥകള്‍ക്ക് തന്റെ വായനയ്ക്കിടയില്‍ ഇടത്തലക്കെട്ടുകള്‍ നല്‍കിപ്പോകുക സ്വഭാവികമാണ്. അത്രയ്ക്ക് വിഷയവൈവിധ്യം അവയ്ക്കുണ്ട്.

ഒരു വിളക്കിന്റെ കഥ, ചുടലപ്പുക എന്നിവകളില്‍ അപ്പന്‍ മരിച്ച കുട്ടികളുടെ വിങ്ങള്‍ അടഞ്ഞു കുമിയുന്നു. ഖനി എന്ന കഥയിലെത്തുമ്പോള്‍ അതു തീഷ്ണമായി ഒരു കുടുംബത്തിന്റെ വിങ്ങലായി മാറുന്നു. ചിലപ്പോള്‍ തണുപ്പു ചീറ്റുന്ന ഭയവും നിസ്സഹായതയും പ്രകടമാക്കുന്നതാണ് ഈ കഥകള്‍. കോടയിലെ വേളാങ്കണ്ണി കാലപ്രതീകമാണ്. സ്‌നേഹ മകനില്‍ അതു ബന്ധങ്ങളുടെ ഊഷ്മളത തീര്‍ക്കുന്നു. വികാരങ്ങളുടെ കുടമാറ്റം കുഞ്ഞുകഥകളില്‍ തീര്‍ച്ചയായും ദര്‍ശിക്കാം. 

''അവരുടേത് ഒരു ആറുകാല്‍പ്പുരയായിരുന്നു. ഋതുക്കള്‍ വന്നുവീണ് തകര്‍്ന്ന അതിപ്പോള്‍ ... ഒരു കാക്ക വന്നിരുന്നപ്പോള്‍ അതു വേച്ചുപോയി. (സ്റ്റേജ്)  ''മഞ്ചാടി മരങ്ങളെവിടെ അപ്പാ? പറക്കുന്ന ഓന്തുകളെ കാണിച്ചു തരാമെന്നു പറഞ്ഞിട്ടെവിടെ അപ്പാ?'' (ബോണക്കാട്). ''ഉറക്കത്തില്‍ എന്നെയും കുഞ്ഞിനെയും മടിയില്‍ നിന്നിറക്കി, ചേലക്കഷണവും ധരിച്ച്, നീ എവിടേക്കെങ്കിലും തുലഞ്ഞുപോവുക! (നളദമയന്തിക്കഥ). മനുഷ്യ നിസ്സഹായാവസ്ഥയുടെ ആഴങ്ങള്‍ ഈ കഥകള്‍ ഏന്തിവലിഞ്ഞു ചുമക്കുന്നു. 


നടരാജന്‍ ബോണക്കാടില്‍ ആഗസ്ത് മാസം വരയുന്നത് രാഷ്ട്രീയ ചിത്രങ്ങളാണ്. കഠിമായ അധികാര വിമര്‍ശനങ്ങള്‍. അതേ സമയം സ്‌കൂളിലെ ഉപ്പുമാവിന്റെ മണം, പ്രകൃതിനാശച്ചിത്രങ്ങള്‍, തടവുകാരും പോലീസും അങ്ങനെ പോകുന്നു മറ്റൊരുപിടിക്കഥകളുടെ മനസ്സ്. കുട്ടികളെയും തിര്യക്കുകളെയും എഴുത്തുകാരന്‍ ചൂണ്ടുവിരലില്‍ കോര്‍ത്തുവച്ചിരിക്കുന്നു. അവരെ തീരെ ഒഴിവാക്കാനാവില്ല. മെട്രോ നഗരങ്ങായി നാടു മാറിയ ഇക്കാലത്തും. 


ചിന്തിപ്പിക്കുക, കരയിപ്പിക്കുക അതുമാത്രമല്ല ചിരിപ്പിക്കാനും ആക്ഷേപഹാസ്യത്തിന്റെ കുന്തമുനയാകാനും പ്രാപ്തിയുള്ളവയാണ് ഈ കഥകള്‍. വിവിധ വേഷങ്ങളില്‍ നിറഞ്ഞാടി അവ മിനിക്കഥകളുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. കുറഞ്ഞ വാക്കുകളില്‍ അത് അധികാരത്തെ കുടയുന്നു. ഈ കഥകള്‍ നോക്കുക.

''തോക്കുകള്‍ അണിയണിയായി മാര്‍ചുചെയ്ത് വരുന്നതുകണ്ട് അതിലേ വന്ന ബലിക്കാക്ക ചോദിച്ചു/ അല്ല എങ്ങടാ?/ സംസ്ഥാന ബഹുമതികളോടെ ഒരു ശവസംസ്‌കാരം.../തോക്കിന്റെ തൊണ്ടയിടറി:/നമ്മുടെ ആസ്ഥാന സമാധാനദൂതന്‍ മി. പ്രാവ് അന്തരിച്ചു. (ബഹുമതി). ഇതേ നിഷ്‌കളങ്കതയെ ഏറ്റിക്കൊണ്ടാണ്  പാര്‍ക്കും കോടതിയുമുള്‍പ്പെടെയുള്ള കഥകള്‍ പണിഞ്ഞിരിക്കുത്.

വ്യക്തിപരമെന്ന ലഘുശീര്‍ഷകമിട്ടാല്‍ 'ചതിയന്‍' ഉള്‍പ്പെടെയുള്ള കഥകളെ അതിനുള്ളില്‍ കള്ളിതിരിക്കാം. പരിസ്ഥിതി ദുരന്തങ്ങളെ തെളിച്ചു പിടിച്ച കഥകള്‍ ഞെട്ടിപ്പിക്കുന്നവയായി കോറിയടപ്പെട്ടിരിക്കുന്നു. ''പെട്ടെന്ന'് ഒരു കാര്‍ സഡന്‍ബ്രേക്കിട്ടു വന്നുനിന്നു. ഒരാള്‍ ഓടിയറങ്ങി ആളുകളെ ഉന്തിമാറ്റി, തിരക്കിട്ടു മുമ്പോട്ടു വന്നു. എന്റെ കെട്ടിടമാണ് ഞാനാദ്യം തിന്നും. (ബില്‍ഡിംഗ്). ഏറ്റവും പ്രിയപ്പെട്ടൊരാള്‍ മൃതിപ്പെട്ടുപോയതുപോലെയാണ് കിണര്‍ മൂച്ചൂടും വരണ്ടുപോയപ്പോള്‍ അയാള്‍ വീണുപോയത്... ... ഒടുവില്‍ കിണറില്‍ അതാ ഒരു തിളക്കം... അത്യാഹ്ലാദത്തില്‍ തലകുത്തി മറിഞ്ഞ് കോരിയപ്പോള്‍- ചൂടുലാവ. (മരണക്കിണര്‍). ഏതു വായനക്കാരനാണിവിടെ കിടുങ്ങാത്തത്? പരിസ്ഥിതിപ്രേമി മാത്രമല്ല. ഇളനീര്‍ദേവനില്‍ പുതിയ ദര്‍ശനം കാണാം. മറ്റൊരു എഴുത്തുകാരനും സാധിക്കാത്തത്. 

കുമറുക, ചറുവി, കൂരാപ്പ്, തലതെറിക്കെ, ഊറ്റ് ഇങ്ങനെ കഴിഞ്ഞുപോയ കാലത്തില്‍ നിന്നും വാക്കുകള്‍ തൊട്ടെടുക്കുമ്പോള്‍ ജലച്ചീളുകള്‍, ജലനൃത്തം, അമര്‍ക്കളം, ഭ്രാന്തിന്റെ വാള്‍ത്തിളക്കം... (ഇവ അവയില്‍ ചുരുക്കം) എന്നിങ്ങനെ നടരാജനൃത്തമായി പുതിയ കല്‍പ്പനകളുണ്ടാകുന്നു. ഭാഷാ പ്രയോഗത്തിലെ ഊറ്റവും കഥകള്‍ക്ക് കാമ്പുമെനയുമെന്നു വിശ്വസിക്കുന്നവര്‍ കഥയെഴുത്തു പാഠപുസ്തകമായി ഈ 'കഥകള്‍' ശുപാര്‍ശചെയ്യുന്നതാണ്. 

കഥയുടെ പ്രവേശന കവാടത്തില്‍ മാത്രമെത്തിയ ചില രചനകളും 'കഥകളി'ലെ കവിതകളും ഒഴിവാക്കിയാല്‍ പുസ്തകത്തിനു പിന്നെയും കനമേറുമായിരുന്നു എതു കൂടി സൂചിപ്പിക്കുന്നു. 



ഗ്രന്ഥാലോകം എാപ്രില്‍ 2022


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi