2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഒരേ വാതില്‍




സമതയുടെ അടുത്ത ലക്കമിറക്കാന്‍ വൈകിയെ വെമ്പലോടെയാണ് അവള്‍ പ്രസ്സിന്റെ വാതില്‍ തുറന്നത്. വിടവിലൂടെ പോസ്റ്റുമാന്‍ തള്ളിയ മാറ്ററുകളെന്തെങ്കിലുമുണ്ടെങ്കില്‍ ഒുട്ടം ചുളുങ്ങിപ്പോകരുത്. ശ്രദ്ധിച്ച് വാതില്‍പ്പാളി തള്ളിയകറ്റി.
കെ. എ. കുറുപ്പ്, പത്രാധിപര്‍, സമത മാസിക, കേരള പ്രസ്സ് എന്ന വിലാസത്തില്‍ പണ്ടു വന്നിരുന്ന കത്തുകള്‍ അച്ഛന്‍ എടുത്തു സൂക്ഷിക്കുന്നത് അവള്‍ വെറുതെ ഓര്‍ത്തുപോയി.
ഇപ്പോള്‍ പോസ്റ്റാപ്പീസും ചാവുകഴിഞ്ഞ വീടുപോലെയാണ്. ആവിയും അനക്കവുമില്ല. പത്തു പതിനൊന്നു മണിവരെ പെന്‍ഷന്‍ കാത്തിരിക്കുന്ന കുറെ വയസ്സന്മാര്‍ മാത്രം അവിടെ ചുറ്റിപ്പറ്റിയിരിക്കുന്നുണ്ടാവും.
എത്രയോ കാലമായി തനിക്കൊരു കത്തുകിട്ടിയിട്ട്! മറ്റേ ലോകത്തില്‍ നിന്നും അച്ഛന്റെയൊരു എഴുത്ത്! അവള്‍ വെറുതെയൊന്നു നിശ്വസിച്ചു.
കുറുപ്പുസാര്‍ പറ്റിച്ചു. ഇന്നലെയും സാറെത്തിയിരുന്നില്ല. സാറു വന്നതിന്റെ ഒരു ലക്ഷണവും അവിടെ കാണാനില്ല. പുതിയ ലക്കത്തിനുള്ള മുഖപ്രസംഗം?
ഇതറിഞ്ഞിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് താനിങ്ങോട്ടു് വരില്ലായിരുന്നു. പനി തീര്‍ത്തും മാറിയിട്ടില്ല. ഒരു ചെറിയ തളര്‍ച്ച അവളെ തൊട്ടു.
ഇപ്പോഴിപ്പോള്‍ സമതയുടെ പതിപ്പുകളെല്ലാം ഏതാണ്ട് ഒരുപോലെയാണിരിക്കുത്. പ്രസ്സിലാണെങ്കില്‍ മറ്റു പണികളൊന്നും വരാറുമില്ല. അതുകൊണ്ട് സമതയുടെ അച്ചടി കഴിഞ്ഞ പഴയ ഫാറങ്ങളൊന്നും പെട്ടെന്ന'് അഴിക്കേണ്ടതില്ല. അക്ഷരങ്ങള്‍ക്ക് മുട്ടുവരുമ്പോള്‍ മാത്രം അതില്‍ തൊട്ടാല്‍ മതി. അങ്ങനെ പുതിയ ലക്കത്തിന് മാറ്റര്‍ തികയാതെ വരുമ്പോള്‍ പഴയ ഫാറങ്ങള്‍ അതേപടിയെടുത്ത് വീണ്ടും അവള്‍ ചേര്‍ത്തിരുന്നു. ആവര്‍ത്തനങ്ങള്‍ ആരുടെ കണ്ണിലും പെട്ടിരുന്നില്ല... ഒരു പരാതിയും പറഞ്ഞു കേട്ടില്ല. ആരുമങ്ങനെ സമത വായിക്കുന്നുണ്ടാവില്ല. അവയുടെ റാപ്പറുകള്‍ പൊട്ടിക്കുന്നതു പോലുമുണ്ടാവില്ല. സാറിനോടുള്ള അടുപ്പം കാരണമാണ് കുറച്ചു കോപ്പികളെങ്കിലും പോകുന്നത്.
പ്രസ്സില്‍ നിന്നും സോമന്‍പിള്ള മാമന്‍ പിണങ്ങിേപ്പായപ്പോഴായിരുന്നു അച്ഛനെ സഹായിക്കാന്‍ അവള്‍ വന്നു തുടങ്ങിയത്. മാമനെങ്ങനെ പിണങ്ങാതിരിക്കും?
ടൗണില്‍ ഓഫ്‌സെറ്റ് പ്രസ്സുകള്‍ തുറന്നതോടെ കേരളയില്‍ വര്‍ക്കില്ലാതെയായി. മാമന്റെ ശമ്പളം മുടങ്ങി. പിന്നെ അച്ഛന് മുട്ടുവേദന കടുത്തതോടെ അവള്‍ക്ക് പ്രസ്സിലും കാലുവയ്‌ക്കേണ്ടി വന്നു.
നമ്മുടെ സമതയൊന്നു പച്ചപിടിച്ചോട്ടെ മോളെ. പ്രിന്റിംഗ് മെഷീന് നമുക്ക് മോട്ടോര്‍ പിടിപ്പിക്കാം. ക്ലേശിച്ച് പ്രസ്സ് ചവിട്ടിക്കറക്കുന്ന അവളെക്കണ്ട് കുറുപ്പുസാര്‍ ചിരിച്ചോണ്ടാണ് പറഞ്ഞത്. അവള്‍ തൊട്ടതോടെ സമതയുടെ സര്‍ക്കുലേഷന്‍ പിന്നെയും താഴോട്ട'് പോയി.
മുമ്പൊക്കെ കവിതയുമായി കുറുപ്പ് സാറിനെ കാണാന്‍ ഒരു കൊച്ചന്‍ സ്ഥിരമായി അവിടെ വരുമായിരുന്നു. അവനെയീയിടെ മാര്‍ക്കറ്റു ജംഗ്ഷനില്‍ വച്ചു കണ്ടു. ചേച്ചീന്ന് വിളിച്ചോണ്ടാണവന്‍ അടുത്തു വന്നത്. ആ ഓര്‍മ്മ മാത്രം അവള്‍ക്കിത്തിരി സന്തോഷം കൊടുത്തു.
'ചേച്ചി ഞാനിപ്പോള്‍ ഫേസ്ബുക്കില്‍ കവിതകള്‍ പോസ്റ്റുചെയ്യുന്നുണ്ട്.' അവന്‍ പറഞ്ഞതെന്താണെ് അവള്‍ക്കത്ര തിട്ടമായില്ല. അവനിട്ടിരുത് ഒരു പച്ച ഷര്‍ട്ടായിരുതു കൊണ്ടാവും ഫേസ്ബുക്കെന്നാല്‍ എന്തോ പച്ചപ്പുപോലെ അവള്‍ക്കു തോന്നിയത്. എന്തായാലും അവനെങ്കിലും മേല്‍ഗതി വന്നല്ലോ
സോമന്‍പിള്ള മാമന്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന മുറിക്കണ്ണാടിയില്‍ കണ്ണുകള്‍ തട്ടിയതും അവള്‍ മുഖം തിരിച്ചു. ഭാഗ്യം കെട്ടവളേ! ആ പ്രതിബിംബം അവളെ നോക്കി വിളിച്ചു.
ആ കസേരയില്‍ ഇരിക്കവെയാണ് ഒരു സന്ധ്യയ്ക്ക് അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചത്. അച്ഛനെപ്പോഴും ഇരിക്കാറുണ്ടായിരുന്ന ആ കസേരയെ ഒന്നു കൂടി തുടച്ചു വൃത്തിയാക്കിയശേഷം അവള്‍ പ്രസ്സിന്റെ വാതിലടച്ച് പുറത്തിറങ്ങി.
-------------------------------------------------------------
കെ.എല്‍.എസ്.ഇ.ഒ. ധ്വനി ഓണപ്പതിപ്പ് 2014

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi