2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

വെജിറ്റേറിയന്‍ മുള്ളുകള്‍ THORNS



വള്ളിപ്പടര്‍പ്പുകളും മാമരങ്ങളും നാട്ടിമ്പുറത്തിന് കാനനഛായയിട്ടിരുന്ന കാലത്ത് കുട്ടികളെ ഭയപ്പെടുത്തിയിരുന്നത് പാമ്പുകളായിരുന്നു.
പൊന്തക്കാട്ടില്‍ നിന്നുകിട്ടുന്ന കുത്തലുകളെല്ലാം സര്‍പ്പദംശനമായിട്ടാണ് ബോധത്തില്‍ തറഞ്ഞിരുന്നത്. ഓ. മുള്ളുകൊണ്ടതാണ്. ആ കാഴ്ചയില്‍ ഇതാ മരണമെത്തി എന്ന തോന്നല്‍ അകലുന്നു. ജീവന്‍ തിരിച്ചു കിട്ടിയതായി തോന്നുന്ന അനുഭവം.
ഒന്നു രണ്ടു ദിവസങ്ങള്‍ക്ക് മുള്ളുകുത്തലൊരു തൊന്തരവായ കൂട്ടാണ്. മുള്ളുമുറിവ് ചുവന്ന് ഒന്നു തൊട്ടാല്‍ നുളയുന്ന ഒരുതരം സുഖനൊമ്പരമായി നില്‍ക്കും.
എന്തെല്ലാം തരത്തിലുള്ള മുള്ളുകളാണുണ്ടായിരുന്നത്.
തൊട്ടാവാടി, കട്ടക്കാര, ഈന്തി, തൊടലി, ചൂരല്‍, മുള എന്നിങ്ങനെ വള്ളിച്ചെടികള്‍ മുതല്‍ പുല്ലുഭീമന്‍ വരെ. കമ്മല്‍ച്ചെടിയും കാര്‍ത്തികപ്പൂവും അരം കൊണ്ടുണ്ടാക്കുന്ന അസ്വസ്ഥത പകരുന്ന കൂട്ടരാണ്. മുരിക്കും മുള്ളെലവും മുള്ളുഭീമന്മാരാണ്. പച്ചപ്പിന്നിടയിലൂടെ ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ ഒന്നു തൊട്ടു എന്ന കാരണം മതി ചൊറിച്ചുലുണ്ടാക്കാന്‍ ചൊറിയണം എന്ന വള്ളിച്ചെടിയുമുണ്ട്. വേദന, അഴലല്‍, നീറ്റല്‍, ചൊറിച്ചില്‍ അങ്ങനെ അസ്വസ്ഥതകള്‍ പലതരത്തിലാണ്.
ചെരിപ്പില്ലാക്കാലത്ത് കാലില്‍ നുഴഞ്ഞു കയറാന്‍ തൊട്ടാവാടികള്‍ നാട്ടുവഴികളില്‍ കുട്ടികളെ കാത്തുകിടന്നു. ആ 'കണ്ണുകാണാ' കുട്ടിക്കാലത്ത് തൊലിപ്പുറത്തു തറഞ്ഞിരിക്കുന്ന തൊട്ടാവാടി മുള്ളിനെ നഖത്താല്‍ തോണ്ടിക്കളയാത്ത ദിവസങ്ങളില്ല. ദേഷ്യത്തോടെ നോക്കുമ്പോള്‍ 'നീയല്ലേ കുട്ടി എന്നെ വേദനിപ്പിച്ചത്' എന്ന കള്ളഭാവത്തോടെ അവ ഇലകള്‍ അടച്ചുപിടിച്ചു നില്‍ക്കും. രണ്ടുദിവസത്തേയ്ക്ക് തൊട്ടാവാടി വേദന കൂട്ടുണ്ടാവും. അതിനാല്‍ കാണുന്ന മാത്രയില്‍ വാശിയോടെ ബാല്യങ്ങള്‍  തൊട്ടാവാടി ചന്തത്തെ തല്ലിക്കെടുത്തി.
അളിയന്‍മുള്ളുകള്‍
----------------
ആനത്തോട്ടി പോലെ തൊലിയില്‍ കൊളുത്തി വലിഞ്ഞ് നിന്നെ ഞാനിതാ പിടിച്ചു നിര്‍ത്ത്യേ എന്ന ബോധവത്ക്കരണമാണ് ചൂരല്‍മുള്ളു നടത്തുന്നത്. ആ പിടുത്തം വിടുവിക്കല്‍ വേദനാജനകമാണ്. ഒരു തുള്ളിച്ചോരയെങ്കിലും പൊടിയാതിരിക്കില്ല. വേദനയുടെ ചങ്കോളം ആഴ്ന്നിറങ്ങിയാലെന്താ? ആഴ്ന്നു പിടിക്കുന്ന മുള്ളുകളുള്ള ചൂരല്‍ചാട്ടുളിക്ക് 'അളിയന്‍' എന്ന വിളിപ്പേരുമുണ്ട്.  ചൂരല്‍വള്ളിപ്പുറത്ത് കരടിരോമം മാതിരിയുള്ള ചെറുമുള്ളുകള്‍ വേറെയുമുണ്ട്. അവയുടെ ഇലകളുടെ അരികുകളിലും കുത്താന്‍ മുള്ളുകളുണ്ട്. അടുത്തു വരണ്ട മാറിനടന്നോ. എന്നൊരു ഭാവം ചൂരല്‍ക്കാടിന് പൊതുവേയുള്ളതാണ്.
പുളിയുറമ്പിന്റെ വാല്‍സഞ്ചി മാതിരിയുള്ള പശക്കായകള്‍ ചൂരല്‍ വള്ളികളില്‍ നിന്നും പൊഴിഞ്ഞു വീഴും. മൊട്ടുസൂചിക്കുത്തുണ്ടാക്കി അതില്‍ നിന്നും പശയെടുക്കാം. ഡപ്പിപ്പശകള്‍ വ്യാപകമാകാത്ത കാലത്തെ ഗ്രാമസൗഭാഗ്യം.
ചൂണ്ടക്കൊളുത്തിട്ടു പിടിക്കുന്ന സ്വഭാവമാണ് തൊടലിയുടെ മുള്ളുകള്‍ക്കുമുള്ളത്. അവ നീറ്റല്‍ പുകയ്ക്കുന്ന ചോരച്ചുവപ്പന്‍ രേഖകള്‍ തൊലിപ്പുറത്ത് വരഞ്ഞിട്ടുകളയും. പൂച്ചമാന്തല്‍പോലുള്ള വരകള്‍. ചിലപ്പോള്‍ മായാതെ വര്‍ഷങ്ങളോളം കിടക്കും. ഗൗനിക്കാതെ പോയാല്‍ വസ്ത്രത്തിലുടക്കി നിര്‍ത്താനും വിരുതുള്ളവരാണ് തൊടലികള്‍.
ഒരു തുള്ളിപ്പുളിയും മധുരവും നിറഞ്ഞ ആ കറുത്ത മണികളെ നുണയാതെ ഒരു കുട്ടിയും ഒഴിവാക്കിയിരുന്നില്ല. തൊടലിക്കായയുടെ കാഴ്ച എാതു മുതിര്‍ന്നയാളെയാണ് കുട്ടിക്കാലത്തിന്റെ ഊഷ്മളതയിലെത്തിക്കാത്തത്?
കട്ടക്കാര
--------
കട്ടക്കാരയും മുളമുള്ളും വഴിയില്‍ പതുങ്ങിക്കിടന്ന് ഇഞ്ചക്ഷന്‍ സൂചിവേദന കാലിലുണ്ടാക്കും.
നാശം! ശപിച്ചുപോകും. മാംസത്തിനുള്ളിലൊളിഞ്ഞിരിക്കുന്ന അവയെ പുറത്തു കൊണ്ടുവരാന്‍ പിന്ന്, പേനാക്കത്തി എന്നീ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വേണ്ടി വരും. കുറെ വഴക്കൊക്കെ പറഞ്ഞ് ആ ഭാഗം അമ്മ ഉപ്പുവച്ച് അനത്തിത്തരും. യോഗമുണ്ടെങ്കില്‍ അവിടം അടുത്ത ദിവസം തന്നെ മഞ്ഞച്ച് പഴുത്തു കാണാം. ഒന്നരക്കാലില്‍ കൊന്നിക്കൊന്നിയാണ് പിന്നെ സ്‌കൂള്‍ യാത്ര.
കൂടുകെട്ടാനെടുത്തു പോകുന്ന വഴിയില്‍ ചൂണ്ടു വീട്ടു വീഴുന്ന രീതിയില്‍ മുളമുള്ളിന്റെ വിതരണക്കുത്തക കാക്കകള്‍ക്കാണ്. അവ വഴിയില്‍ പതുങ്ങിക്കിടന്ന് കുട്ടികളെ 'അയ്യോ' വിളി്പ്പിക്കും. കുട്ടികളുടെ കൈയിലിട്ടുകൊടുക്കാന്‍ മുളങ്കൂട്ടത്തിന് മധുരഫലങ്ങളൊന്നുമില്ല. നിഗൂഢതയുമായി കുട്ടികളെ ഭയപ്പെടുത്തുന്ന ഇടങ്ങളാണ് ഇല്ലിക്കാടുകള്‍.
കട്ടക്കാരച്ചെടിയുടെ പച്ചക്കായകള്‍ ചവച്ചാല്‍ വായില്‍ കയ്പും ചവര്‍പ്പും നിറയും. ഒന്നു മൂത്ത് മഞ്ഞനിറത്തിലായാല്‍ അവയുടെ സ്വാദ് ചവര്‍പ്പാണ്. പിന്നത് കറുത്ത കട്ടക്കാരപ്പഴമായി മാറുന്നു.
ഈന്തിമുള്ള് വഴിയില്‍ കിടന്നു കാലില്‍ തറയാറില്ല. ഈന്തിച്ചെടിയോട് ഇടയുമ്പോള്‍ മാത്രം അവ നമ്മെയൊന്നു കുത്തിയെന്നിരിക്കും. യ്യോ. ഈ ഈന്തിയെന്താണെന്ന് പറഞ്ഞില്ല. അത് വനത്തില്‍ കാണുന്നു. തെങ്ങുമാതിരയൊക്കെ തോന്നും. ഈന്തപ്പഴത്തിന്റെ രുചിയാണ് അവയുടെ പഴത്തിന്. കറുത്തു പഴുത്തു നില്‍ക്കുന്ന പഴം കുലകുലയായി ഒടിക്കുന്നത് സൂക്ഷിച്ചാവണം. ഓലയിലെ മഞ്ഞനിറത്തിലെ മുള്ളിന് മാംസത്തിലാണ് ലാക്ക്.
കമ്മല്‍ച്ചെടിയും ഉപ്പനച്ചവും (കാര്‍ത്തികപ്പൂവ്) പൂഭംഗിയാല്‍ ആകര്‍ഷണീയമെങ്കിലും സൂക്ഷിക്കുക. റോസാമുള്ളു മാതിരി ഉടക്കിപ്പിടിച്ചില്ലെങ്കിലും അസ്വസ്ഥജനകമായ വേദനാനുഭവം അവയുടെ അരംകൊണ്ടുള്ള ഉരച്ചിലിന് നല്‍കാന്‍ ശേഷിയുണ്ട്.
ഇലവുമുള്ളു സീലുകള്‍
----------------------
കള്ളിമുള്ളുകള്‍ക്ക് നരച്ച മനോഹരമായ രോമത്തൊപ്പി മാതിരിയുള്ള ഭാഗമുണ്ട്. ചെടിയില്‍ നിന്നും അതിനെ ഊരിയെടുക്കാനും എളുപ്പമാണ്. പള്ളിക്കൂടത്തില്‍ കടലാസു കാറ്റാടികള്‍ വ്യാപകമാകുന്നത് കള്ളിമുള്ളുകള്‍ പാകമാകുമ്പോഴാണ്.
ആനപ്പുറുത്തി മുള്ളുകള്‍ക്കാണ് കുട്ടികള്‍ തിരികെ പണികൊടുക്കുന്നത്. വേലിയില്‍ കാവല്‍നില്‍ക്കുന്ന അവയുടെ ഇലാഗ്രത്തിലെ കൂര്‍ത്ത മുള്ളിനെ വളച്ച് ഇലയില്‍ കുത്തിവച്ചുകൊണ്ടാണ് കുട്ടികള്‍ മുള്‍ലോകത്തിനോട് പകരം വീട്ടുന്നത്. ആനപ്പുറത്തിയില വഴിയോരത്ത് അത്യാവശ്യം പേരെഴുതി വയ്ക്കാനുള്ള മാധ്യവുമാണ്. പുറത്തിച്ചെടി അഥവാ കൈതച്ചക്കച്ചെടി. അതിനുമുണ്ട് മുള്ളുകള്‍.
കൈതോലയിലെ മുള്ളുകളെ വകഞ്ഞുവേണം താഴാമ്പൂവിലേയ്ക്ക് കണ്ണെത്തിക്കാന്‍. കൈതമൂര്‍ഖന്‍ പേടിയുമായി വേണം അവയുടെ അടുത്ത് ചെല്ലാന്‍. കൈതപ്പൂവുമായി എത്തുന്നവനായിരുന്നു സ്‌കൂളില്‍ ഹീറോ. കൈതമുള്ളു മുറിവ് ദീര്‍ഘകാലം പൊള്ളിനില്‍ക്കുന്നതിനാല്‍ അത് കാന്‍സറുണ്ടാക്കുന്നതാണെന്ന് സ്‌കൂള്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞുണ്ടാക്കിയിരുന്നു.
ഇലവിന്‍ മുള്ള് കുട്ടികളില്‍ പകരുന്നത് സീലുണ്ടാക്കാനുള്ള സാങ്കേതികതയാണ്. പുലിനഖം മാതിരിയുള്ള അതിനെ തടിയില്‍ നിന്നടര്‍ത്തിയെടുക്കാനാവും. അതില്‍ പേരിന്റെ ആദ്യാക്ഷരം തലതിരിച്ച് കൊത്തിയെടുക്കണം. കൈവള്ളയില്‍ ഒരുതുള്ളി മഷിയിറ്റിച്ചാല്‍ അതൊരു പ്രാകൃത രൂപത്തിലെ സീലായി.
മുരിക്കിനുമുണ്ട് മുള്ളുകള്‍ നിറഞ്ഞ തടി. ചുവന്ന നിറത്തിലെ മുരുക്കിന്‍പൂവ് കണ്ണുദീനം വരുത്തുമെന്ന പേടിയും വാരിയെറിയുന്നു. അതിനാല്‍ നോട്ടം കൊണ്ടു പോലും കുട്ടികള്‍ അവയോട് അറപ്പു കാട്ടി.
ആ പഴയ കാലത്ത് പുറത്തിറങ്ങുമ്പോള്‍ 'കാലില്‍ മുള്ളു കൊള്ളാതെ തറയില്‍ നോക്കിപ്പോണേ' എന്നൊരു അമ്മക്കരുതല്‍ കൂട്ടിനുണ്ടായിരുന്നു. അന്നൊക്കെ കൈകാലുകളില്‍ മുള്ളുമുറിവില്ലാത്ത കുട്ടികളും അപൂര്‍വ്വമായിരുന്നു.
ഇന്നത്തെ കുട്ടികള്‍ക്ക് ആശുപത്രിയിലെ സിറിഞ്ചു മുള്ളിനെ മാത്രം ഭയന്നാല്‍ മതി. പിന്നുള്ളതെല്ലാം നൊണ്‍വെജ് മുള്ളുകള്‍.

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഓണവികാരശല്യം



സമ്പന്നന് രാവിലെ മുതല്‍ ഒരിദ് തുടങ്ങി.
ഹൂസ്റ്റണില്‍ ചെന്ന് അടുത്തയിടെയിടെയാണ് സമ്പന്‍ പ്ലാസ്റ്റിക് ഹൃദയം പിടിപ്പിച്ചത്. അതിനാല്‍ ചങ്കിന് കുഴപ്പമുണ്ടാകാന്‍ വഴിയില്ല. പഞ്ചറായ ഹൃദയം പോയതോടെ വികാരശല്യം തീര്‍ത്തും ഒഴിവായതുമാണ്.
ഇതിപ്പോള്‍ ആകപ്പാടെ..
ഹെല്‍ത്ത് റൂമില്‍ രണ്ടുതവണ കയറി ഓരോ മെഷീനിനെയും മൂന്നു തവണ വീതം ശരീരത്തിനോട് ഘടിപ്പിച്ചു നോക്കി.
തല, കരള്‍, ആമാശയം ഒന്നിനുമൊന്നിനും കുഴപ്പങ്ങള്‍ ലവലേശമില്ല. ഉള്ളില്‍ ചോര നിര്‍ബാധം ചുറ്റിത്തിരിയുന്നു. അടിവയറ്റിലെ അനങ്ങാത്ത ഒരു വായുകുമിള മാത്രം ടൊട്ടല്‍ ഹെല്‍ത്ത് മെഷീന്‍ മോണിട്ടറില്‍ കരടുകെട്ടി നിന്നു.
പിന്നെയെന്താണപ്പാ കേട്?
ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ സമ്പന്നന്‍ മണിമേടയില്‍ നിന്നിറങ്ങി നടന്നു.
എാറെ നാളുകള്‍ നടക്കാതിരുന്നതിനാലാവും ഒരു ബലക്കുറവ്. എക്‌സിക്യൂട്ടീവ് കോളനി കടന്നപ്പോള്‍ കാലുകള്‍ ഉറച്ചുകിട്ടി. പിച്ചനട മാറിയതായി സമ്പന്നനു തോന്നി.
മരങ്ങളൊന്നുമില്ലാതിരുന്നിട്ടും വഴിയില്‍ വെയില്‍ വാടിക്കിടന്നു. ദരിദ്രുടെ കോളനിയില്‍ നിന്നും തണുത്ത കാറ്റു വരുന്നു. അയാളങ്ങോട്ട് നടന്നു.
പാവങ്ങളുടെ കോളനിയില്‍ കയറിയതോടെ കുട്ടിക്കാലത്തേയ്ക്ക് ചുവടുകള്‍ മാറ്റിച്ചവിട്ടിയതുപോലെ.
ഓണക്കാലമാണ്.
ചില ചിഹ്നങ്ങള്‍- വേപ്പുമരത്തിലെ ഉഞ്ഞാല്, രണ്ട് അത്തക്കളങ്ങള്‍-അയാളുടെ ചിന്തകളെ പുറകിലേയ്ക്ക് തിരിച്ചു.
ഓ. ഓണക്കാലം! പ്ലാസ്റ്റിക്കാണെങ്കിലും ചങ്കില്‍ കുളര്‍മ്മ നിറഞ്ഞു. ഇത് ഓണക്കാലമാണെന്നറിഞ്ഞിരുന്നെങ്കില്‍ മുറ്റത്തെ കരിയിലകള്‍ പൊഴിയാത്ത കൃത്രിമ മരത്തിലൊരു ഊഞ്ഞാല്‍ തൂക്കിയിടാമായിരുന്നു. ഒരു ഓണാഗ്രഹം അയാളെ വന്നുതൊട്ടു.
ഒടുവില്‍ വിലകുറഞ്ഞ കളിപ്പാട്ടങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കടയുടെ മുന്നില്‍ സമ്പന്നന്റെ കാലുകള്‍ ഉറച്ചുപോയി. തീരെ ദരിദ്രരായ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന് ഒരു കളിപ്പാട്ടം വിലപേശി വാങ്ങുന്നു. അവരുടെ തൃപ്തി അയാള്‍ നന്നായി ആസ്വദിച്ചു.
അപ്പോഴാണ് സമ്പന്നന്റെ മനസ്സിലെ ഒരിദ് തീര്‍ത്തും അറ്റുപോയത്. അവിടെ തൂക്കിയിട്ടിരുന്ന മഞ്ഞക്കോടിയില്‍ നിന്നും അതുവാങ്ങാന്‍ പാങ്ങില്ലാത്തവനെപ്പോലെ അയാള്‍ കൈ പിന്‍വലിച്ചു.
ജനയുഗം വാരാന്തം 11.09.2016

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi