നാലഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാനവിടെ വീണ്ടും ചെന്നത്.
അവരെന്നെ ആ പഴയ കെട്ടിടത്തിലേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി.
ഇത്തവണ വേനല്‍ക്യാമ്പിനു വന്നവരില്‍ പഴയ കുട്ടികളാരുമില്ല. എല്ലാം പുതുമുഖങ്ങള്‍. എന്നിട്ടും ആ പരിസരം എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാവും ആ കുട്ടികളുടെ ഭാവം തെല്ലുമെന്നില്‍ താല്പര്യമുണര്‍ത്തിയതേയില്ല. തങ്ങളെ ഉപദ്രവിക്കാനാണിവിടെ കൊണ്ടുവന്നിരിക്കുന്നത്. ഓരോ കുഞ്ഞുമുഖവും അങ്ങനെ പറയുന്നുണ്ടായിരുന്നു.
ക്യാമ്പു നടത്തിപ്പുകാരനായ പെന്‍ഷനായ ആ ആദ്ധ്യാപകന്‍ എന്റെ പുറകില്‍ നിന്നു മാറിയില്ല. അദ്ദേഹത്തിന്റെ സാന്നിധ്യമാണ് അവരുടെ ആക്രമണോത്സുകതയെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. എപ്പോള്‍ അദ്ദേഹം അവിടെ നിന്നു മാറുന്നുവോ അന്നേരത്ത് അവിടൊരു കടന്നല്‍ക്കൂടിളകും. ഞാന്‍ തീര്‍ച്ചപ്പെടുത്തി.
ഞങ്ങളെ തകര്‍ക്കരുതേ! ആ പെണ്‍കുട്ടികളുടെ ഭാവം തീരെ കണ്ടില്ലെന്നു നടിച്ചു. മനസ്സിനെ ബലമായി വലിച്ചു തുറന്നു സംസാരിക്കാന്‍ തുടങ്ങി.
ഞാന്‍ വിചാരിച്ചതു മാതിരി തന്നെ സംഭവിച്ചു. പുറകില്‍ നിന്നും നടത്തിപ്പുകാരന് മാറിയതും അവന് ബഹളംവച്ചു തുടങ്ങി.
ആ കുട്ടിയുടെ മുഖത്തുനോക്കി ഞാന്‍ നേരെയങ്ങ് പറഞ്ഞു തുടങ്ങി.
മുമ്പ് ഞാനിവിടെ വന്നപ്പോഴും നീ ബഹളമുണ്ടാക്കിയിരുന്നു. അവനത് അംഗീകരിച്ചു. എന്നിട്ടും ഞാന്‍ നിര്‍ത്തിയില്ല.
അന്ന് ആടിന് തീറ്റ പറിക്കാന്‍ നേരമായെന്നു പറഞ്ഞാണ് നീയെഴുന്നേറ്റത്. ഞാന്‍ നിന്നെ പുറത്തുവിട്ടു. എന്നാല്‍ സ്ഥലം വിടാതെ നീയവിടെ തന്നെ നിന്നു. കഥകളെയും ഈ ലോകത്തിലെ എല്ലാ എഴുത്തുകാരെയും അപഹസിക്കുന്ന മട്ടില്‍ കോപ്രായം കാണിച്ചു നിന്നു.
വെറുതെയാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന സത്യം വേഗത്തില്‍ ഞാനുള്‍ക്കൊണ്ടു. എന്നാല്‍ ആരോപണങ്ങളെയെല്ലാം എാറ്റെടുത്ത് അവന് തലകുനിച്ചു നിന്നു. അതെന്നെ പിന്നെയും കുഴക്കി.
യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം എന്നെങ്കിലുമുണ്ടായിട്ടുണ്ടായോ? പിന്നെയെങ്ങനെയീക്കാര്യം എന്റെ മനസ്സില്‍ വന്നുപറ്റി?
ആശങ്കകളില്‍ ആടിയുലഞ്ഞ ഞാന്‍ കുട്ടികള്‍ക്കു മുന്നില്‍ നിന്നു കിതയ്ക്കാന്‍ തുടങ്ങി.
ശബ്ദജാലം. ഓണപ്പതിപ്പ് 2014
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ