2024, ജൂലൈ 3, ബുധനാഴ്‌ച

എസ് എസ് ശ്രീകുമാര്‍ സര്‍ഗ്ഗവസന്തം


 കഥാപാത്രം വിളക്കുകണ്ണിയായ കഥ


മധ്യവയസ്സ് കഴിയുമ്പോള്‍ ജീവിതത്തില്‍ നിന്നും പുരുഷന്മാര്‍ ഏറ്റുപിടിച്ച പരിക്കുകള്‍, ഇനിയും കൊടിപ്പടം ഉയര്‍ത്താനാവാതെ കുഴങ്ങുന്ന, മുന്‍പിന്‍ നീങ്ങാനാവാതെ, തീരെച്ചെറിയ കാര്യങ്ങളില്‍ നിന്നും പിന്നോട്ടു വലിക്കുന്ന നിസ്സഹായവസ്ഥകള്‍. ഇത്തരം പുരുഷാവസ്ഥകളുടെ പ്രതീകമായ കര്‍മ്മചന്ദ്രന്‍ പിള്ളയാണ് ഞാനും എസ്. എസ്. ശ്രീകുമാര്‍ സാറിനുമിടയിലെ അടുപ്പത്തെ മുറുക്കിവിട്ട മുഖ്യകണ്ണി. കര്‍മ്മചന്ദ്രന്‍ പിള്ള മുഖ്യകഥാപാത്രമായ എന്റെ ത്രുടി എന്ന നോവല്‍ സാറു വായിച്ചതോടെയാണ് ബന്ധം മുറുകിയത്. കര്‍മ്മചന്ദ്രന്‍ പിള്ളയുടെ ജീവിതാവസ്ഥകളെ കുറിച്ച് ഫോണ്‍ സംഭാഷണങ്ങളില്‍ പലതവണ സാറു പരാമര്‍ശിച്ചിരുന്നതിനാലാണ് അങ്ങനെ തോന്നുന്നത്. 

സര്‍ഗ്ഗാത്മകതയുടെ ഉള്‍ച്ചൂടുമായി അലയുന്ന കലാകാരജന്മങ്ങളുടെ വ്യക്തിപരമായ പരിമിതികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള  നിരൂപകനാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍. അസ്വസ്ഥതകളുടെ പെരുങ്കെട്ടുകളായ ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ പോലും എഴുത്തുകാരനെ കണ്ടമട്ടു കാണിക്കാത്ത രീതിയാണ് പൊതുവില്‍ പുലര്‍ത്തിപ്പോരുന്നത്. സൗമനസ്യ രീതിയിലെ പെരുമാറ്റം അവരില്‍ നിന്നും അത്യപൂര്‍വ്വവും. അവിടെയാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍ എന്ന പ്രമുഖ നിരൂപകന്റെ കരങ്ങളുടെ പ്രസക്തി. അത് എഴുതാന്‍ വേണ്ടി മാത്രമല്ല. മറ്റ് എഴുത്തുകാെര ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു. വ്യക്തിപരമായ അടുപ്പവും സ്‌നേഹ സമീപനങ്ങളും സൂക്ഷിക്കുന്ന അപൂര്‍വ്വ നിരൂപകരില്‍ ഒരാളായി തികച്ചും ഇഷ്ടം പകരുന്നതാണ് ശ്രീകുമാര്‍ സാറിന്റെ പെരുമാറ്റരീതികള്‍. 

എന്റെ സങ്കടങ്ങള്‍ക്ക് മറുപടിയായി തിയറികള്‍ അവതരിപ്പിക്കാതെ, എന്നും  ചേര്‍ത്തു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. 

സുഖമാണോ? എഴുതുന്നുണ്ടോ? വല്ലപ്പോഴുമുള്ള എന്റെ ഫോണുകള്‍ക്കുള്ള മറുപടി. അതങ്ങനെയാണ് തുടങ്ങുന്നത്. വീണ്ടും ചരിക്കാനുള്ള ഊര്‍ജ്ജം അദ്ദേഹം എപ്പോഴുമെന്നില്‍ പകര്‍ന്നിരുന്നു. 

88

ചില നേരങ്ങളില്‍ തലശ്ശേരിയില്‍ നിന്നുള്ള സാറിന്റെ വര്‍ത്തമാനം മണിക്കൂറിന്നടുത്തേയ്ക്ക് നീണ്ടുപോയിരുന്നു. ആ സംഭാഷണങ്ങളില്‍ നിറഞ്ഞത് തികച്ചും എഴുത്തും സാഹിത്യവും മാത്രം.

വിവിധ വഷയസംബന്ധിയായി നിര്‍ത്താതെയുള്ള വര്‍ത്തമാനത്തിലൂടെ ഏകാന്തവാസം വിതറിയിട്ട' ചെടിപ്പില്‍ നിന്നുള്ള മോചനം കൂടി കാംക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സാഹിത്യത്തിലെ നാനാമുഖമായ സവിശേഷതകള്‍, അതിനുള്ളിലേയ്ക്കുള്ള രാഷ്ര്ട്രീയത്തിന്റെ ഇടപെടല്‍, തത്വസംഹിതകള്‍ക്ക് സാഹിത്യത്തിലുള്ള പ്രസക്തി എന്നിവകളെ കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിചാരത്തിലെ മൂല്യമില്ലായ്മ, ഏകാധിപത്യ പ്രവണതകള്‍ എന്നിവകളെ വിമര്‍ശന വിേധയമാക്കാന്‍ മറക്കാറില്ല.  

വിവിധ സാഹിത്യപ്രവണതകള്‍, സാഹിത്യ ചരിത്രങ്ങള്‍ അങ്ങനെ അതെല്ലാം എനിക്കുള്ള കലാലയ സാഹിത്യ  ക്ലാസ്സുകളായി മാറുകയും ചെയ്തുകൊണ്ടിരുന്നു.  

ആ ഭാഷണങ്ങളില്‍ പ്രാദേശിക നോവലുകള്‍ മലയാളത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് അദ്ദേഹം വാചാലനായി. പ്രാദേശിക നോവല്‍ പ്രമേയമാക്കിയ ഒരുപിടി എഴുത്തുകാരുടെ രചനകളുടെ മേന്മകളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. പ്രാദേശിക രചനകള്‍ പരിചയപ്പെടുത്തു ഫേസ് ബുക്ക് പോസ്റ്റുകള്‍, കേരളത്തിലെ നരവംശപ്പെരുമകള്‍ സാധാരണക്കാരില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ ഫോട്ടോകള്‍! കോവിഡ് കാലത്ത് ഏകാന്തതയുടെ പിടിയില്‍ നിന്നും മോചിതനാകാന്‍ അദ്ദേഹം സോഷ്യല്‍ മീഡിയെ ഉപയോഗിച്ചതും ഓര്‍മ്മിക്കുന്നു 

തികച്ചും ഭയരഹിതമായ സമീപനമായിരുന്നു ഡോ. എസ്. എസ്. ശ്രീകുമാറിലെ നിരൂപകന്‍ പുലര്‍ത്തിയത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന യൗവനകാല രീതികള്‍ സൂക്ഷിക്കുന്നതില്‍ നിന്നും ഒരിക്കലും അദ്ദേഹം പിന്നോക്കം പോയിരുന്നില്ല. തുറന്നു പറച്ചിലുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അതു നിമിത്തം ലഭ്യമാകുമായിരുന്ന പദവികളെ കുറിച്ച് ആശങ്കപ്പെടുന്നതുമില്ല. 

000

യൗവനം മുതല്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന ആശയങ്ങള്‍ നിരര്‍ത്ഥകമാകുന്നതിലെ സങ്കടം. സംഭവിച്ചു കൂടാത്തത് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് ഇതിനെതിരെ പ്രതികരിക്കുക? എന്ന സങ്കട പ്രകടനത്തില്‍ കലാപ കലുഷിതമായ മനസ്സ് വ്യക്തമാകുന്നു. 

മുമ്പ് സ്വീകരിച്ച നിലപാടുകള്‍! അവയൊക്കെ വ്യര്‍ത്ഥമാകുന്നത് ഡോ. എസ്. എസ്. ശ്രീകുമാറിനെ വ്യാകുലനാക്കുന്നു. സ്വാര്‍ത്ഥതയുടെ കടന്നു കയറ്റത്തില്‍ ദുഷിച്ചുപോയ അക്കാദമിക് ലോകത്തെ കുറിച്ച് അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കാറുണ്ട്

ഒഴുക്കിനൊപ്പം നീങ്ങാന്‍ ഒരിക്കലും ശ്രമിക്കാത്ത ഈ വ്യക്തിത്വം തിരിച്ചറിയപ്പെടേണ്ടതാണ്. മാര്‍ക്‌സിസവും എഴുത്തും തമ്മിലുള്ള ധാരകളെ കുറിച്ച് സുവ്യക്തമായ അഭിപ്രായങ്ങള്‍ നിറഞ്ഞ മനസ്സ്. ഭൂപരിഷ്‌കരണ നിയമ്ം ചെയ്തു വച്ചത് വലിയൊരു ചതികൂടിയാണെന്ന് പറയുന്നത് കേരള ചരിത്രത്തിനെ വിലയിരുത്താനുള്ള ശേഷിയും കൈമുതലായുള്ളതിനാലാണ്. 

കാലത്തിനൊപ്പം എഴുത്തുകാരന്‍ നിലപാടുകള്‍ മാറ്റുന്നത് സങ്കടകരമാണ് എന്ന വസ്തുതയും അദ്ദേഹം എടുത്തു കാണിക്കുന്നു.

ഒടുവില്‍ സംസാരിക്കുമ്പോള്‍ ഇരട്ടത്താപ്പുകള്‍ക്കെതിരെ സമരം ചെയ്ത ഡോ. കുഞ്ഞാമന്‍ സാറിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി. നിരന്തരം പരാജയത്തിന്റെ ലോകത്തില്‍ പെരുമാറിയ വന്‍പ്രതിഭ അദ്ദേഹം സ്വന്തം ശരീരത്തോടു തന്നെ പടവെട്ടല്‍ നടത്തി വിജയിച്ച ആ സമരരീതിയെ കുറിച്ച് അദ്ദേഹം എടുത്തു പറയുകയുണ്ടായി. 

പ്രതിഭകള്‍ക്ക് താങ്ങുകൊടുക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്തരത്തില്‍ ആലോചിച്ചുപോകുക സ്വാഭാവികമാണ്.


888

എഴുതുന്ന നേരത്ത് കൈകള്‍ മനസ്സിനൊപ്പം നീങ്ങാത്തതിനെ കുറിച്ചാണ് അദ്ദേഹം പലപ്പോഴും പരിതപിച്ചിട്ടുള്ളത്. മനസ്സു നിറയെ ഇനിയും എഴുതി തീര്‍ക്കാനുള്ളവ നിറഞ്ഞു കൂടുന്നു. ആവേശത്തോടും സങ്കടത്തോടും അദ്ദേഹം പങ്കിട്ടു. വര്‍ത്തമാനത്തില്‍ മുഴുകുമ്പോഴാണ് താന്‍ ആശയങ്ങളുടെ പെരുവെള്ളപ്പാച്ചിലില്‍ പെടുന്നത്.

പലവിധ സാഹിത്യ ശ്രമങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെ കുറിച്ച് അദ്ദേഹം സൂചനകള്‍ തന്നിരുന്നു. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത നിരൂപണ പദ്ധതികളോടെയാണ് കൃതികളെ അദ്ദേഹം സമീപിച്ചിരുന്നത്. അതിനാല്‍ ഡോ. ശ്രീകുമാറിന്റെ ഓരോ എഴുത്തും വ്യതിരിക്തങ്ങളായി മാറി.

ചിലപ്പോള്‍ സംഭാഷണം തികച്ചും വൈയക്തികമായ തലങ്ങളിലേയ്ക്ക് കടന്നു. കുറച്ചു കാലങ്ങളായി പിടികൂടിയ ശാരീരിക അസ്വസ്ഥതകള്‍, വേദനകള്‍ പങ്കിടുന്നതിലൂടെ ആശ്വാസം തേടുന്ന മനസ്സ് എന്ന നിലയിലേയ്ക്ക് പരസ്പരം പാലമിട്ടു എന്നും പറയാം. നല്ലൊരു ശ്രോതാവായി ഞാനതെല്ലാം കേട്ടു നിന്നു.  

വേനലവധിക്ക് ശേഷം തലശ്ശേരിയില്‍ എത്തുമ്പോള്‍ വീടു പൊടി മൂടിക്കിടക്കുന്നു. അത് വൃത്തിയാക്കാനുള്ള പരിശ്രമങ്ങള്‍, ദീര്‍ഘവര്‍ഷങ്ങള്‍ മാറാലയും പൊടിയും മൂടിയ ലോഡ്ജ് മുറിയില്‍ താമസിച്ചിരുന്നപ്പോള്‍ ഞാനനുഭവിച്ചിരുതെല്ലാം മനസ്സിലേയ്ക്ക് ഇരച്ചു.

ഇനിയും ചില പുസ്തകങ്ങള്‍ വായിക്കാത്തതിന്, ഇടയ്ക്കിടെ ഫോണ്‍ ചെയ്യാത്തതിന് അദ്ദേഹം പലപ്പോഴും പരിഭവിച്ചു. 

മത്സര പരീക്ഷകളിലെ ഒന്നാം സ്ഥാനക്കാരനയതിനെ കുറിച്ച്, ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ കാലത്തെ ഓര്‍മ്മകള്‍. പന്തളത്തെ വീട്ടുപറമ്പിലെ പണി നടത്തുന്നതിനെ കുറിച്ചുള്ള കൊച്ചു കൊച്ച് വര്‍ത്തമാനങ്ങള്‍, ഇടവയിലെ ബാല്യം. പഠനത്തില്‍ മുഴുകി കഴിഞ്ഞ പഴയകാലം. കാര്യവട്ടത്തെ കേരള യൂണിവേഴ്‌സിറ്റിയിലെ ലോകം.

ഇന്നു രാത്രിയില്‍ ഞാനുറങ്ങുന്നില്ല. ഉറങ്ങിയാല്‍ എഴുതാനുള്ള ആശയങ്ങള്‍ കൈവിട്ടുപോകും. അങ്ങനെ സംഭാഷണം അവസാനിപ്പിച്ച രാവും ഞാനൊരിക്കലും മറക്കുന്നില്ല. 


888 

ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളിലാണ് എന്റെ തട്ടാന്‍വിള എന്ന രണ്ടാമത്തെ നോവലിനുള്ള അതീവ സമഗ്രമായ അവതാരിക തയ്യാറാക്കി തന്നത്. പതിന്നാലു പേജുകള്‍ കൈയെഴുത്തുള്ള അതു കൈപ്പറ്റുമ്പോള്‍, നെഞ്ചിടിപ്പോടെ വായിച്ചു നോക്കുമ്പോള്‍. എന്റെ രചന അനുഗ്രഹിക്കപ്പെട്ടതായി തോന്നിപ്പോയി.

'ആഗോളീകരണ ലോകനീതിക്കെതിരെ പ്രാദേശികാനുഭവങ്ങളുടെ കലാപം' എന്ന അവതാരികെയ സംബന്ധിച്ച് അദ്ദേഹം നല്‍കിയ സൂചന ഇതാണ്. തട്ടാന്‍വിളയില്‍ നോവല്‍ പിന്‍പറ്റുന്ന വിഷയങ്ങളെ കുറിച്ച് തനിക്ക് എല്ലാമെഴുതാന്‍ പറ്റാതായതിനെ കുറിച്ച്... 

അടുത്ത ദിവസം എഴുതി വച്ചതില്‍ നിന്നുരിപ്പോയതായ ചില പേജുകള്‍ വേഗത്തപാലില്‍ വന്നു.

ടൈപ്പു ചെയ്ത അവതാരികയിലെ അക്ഷരത്തെറ്റുകള തിരുത്താന്‍ ദിവസങ്ങള്‍, മണിക്കൂറുകള്‍ നീണ്ട ഫോണ്‍ യഞ്ജം ഒരു നിരൂപകനെന്ന നിലയില്‍ അദ്ദേഹം വച്ചു പുലര്‍ത്തുന്ന എഴുത്തിലെ ആത്മാര്‍ത്ഥയുടെ തെളിവായി എന്റെ മനസ്സിലുണ്ട്.

അതോടെ പത്രമാസികളില്‍ അച്ചടിച്ചു വരുന്ന കഥകളെ കുറിച്ച് പറയാന്‍, അവയുടെ കോപ്പികള്‍ എത്തിച്ചുകൊടുക്കാന്‍ എനിക്കൊരാളായി. ഈ മുതിര്‍ന്ന എഴുത്തുകാരന്‍ സാഹിത്യത്തില്‍ എനിക്കൊരു രക്ഷാകര്‍ത്താവാണ് എന്ന നിലയിലേയ്ക്ക് ഞാന്‍ ശ്രീകുമാര്‍ സാറിനെ കരുതാന്‍ തുടങ്ങി. ഈ നാട്ടിലും മറുനാട്ടിലും ആ കരുതല്‍ കരുത്തു പകര്‍ന്നു.

000

രണ്ടായിരത്തി ഒന്ന് സെപ്തംബര്‍, 19 ലക്കം ഇന്‍ഡ്യാ ടുഡേയില്‍ 'കഥയും ജീവിതവും' എന്ന തലക്കെട്ടില്‍ ശാരദ, ഐസക്ക് ഈപ്പന്‍ എന്നിവരുടെ ചെറുകഥാ സമാഹാരങ്ങള്‍ക്കാപ്പം 'ആകാശത്തിലെ നിരത്തുക'ളെ കുറിച്ച് കുറിപ്പെഴുതിയാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍ എന്നെ വിസ്മയപ്പെടുത്തിയത്. ആ  മുന്‍നിര നിരൂപകന്‍ എന്റെ കഥകളെ കുറിച്ച് ഇങ്ങനെ എഴുതി.  ''മലയാള ചെറുകഥയിലെ അമേച്വര്‍ സ്വഭാവമുള്ള എഴുത്തുകാരനാണിവിടെ പരിഗണനാ വിധേയനാകുന്നത്. ഈ കഥകള്‍ വിഷയവൈചിത്ര്യവും രീതി വൈവിധ്യവും പ്രകടിപ്പിക്കുന്നു.'' സാഹിത്യവൈവിധ്യം തീര്‍ക്കുന്നത് കൊമ്പുകുലുക്കുന്ന മദഗജങ്ങള്‍ മാത്രമല്ല. അതില്‍ ചെറു ജീവികളും ഉള്‍പ്പെടുന്നു എന്ന കാഴ്ചപ്പാടില്‍ നിന്നായിരുന്നു ആ എഴുത്ത് നടന്നത്. 

പിന്നെയും കാലം കഴിയുമ്പോള്‍ അന്നു ത്രൂടിയൊക്കെ ഇറങ്ങിക്കഴിഞ്ഞിരുന്നു. (ഇങ്ങനൊരു പുസ്തകമുണ്ടെന്ന് മലബാറില്‍ ആര്‍ക്കും അറിയില്ലെന്നും സാറ് തന്നെ പറഞ്ഞു.) ഒരു ദിവസം എന്നെ തേടി ഫോണ്‍ വന്നു. വൈകാതെ ആരംഭിക്കാന്‍ പോകുന്ന സാഹിത്യ സംരംഭങ്ങളെ കുറിച്ച്, അതിന് എന്റെ  സഹായം തേടിയത് അതൊക്കെയായിരുന്നു ആ സംഭാഷണത്തിന്റെ കാതല്‍. ഇതു നടക്കുന്നത് രണ്ടായിരത്തി പന്ത്രണ്ടുകള്‍ക്ക് ശേഷമാണ്. 

ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് മൂര്‍ച്ച വന്നത് ഞാന്‍ തട്ടാന്‍വിളയുടെ വായനാനുഭവം അറിയാന്‍ അതിന്റെ സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തതിനു ശേഷമായിരുന്നു. തുടര്‍ന്ന് അത്തരത്തിലൊരു പുസ്തകത്തിന് പ്രസാധകനെ ലഭിക്കാത്തതിനെ കുറിച്ച് അദ്ദേഹം എതിര്‍ദിശയിലെ കോളത്തില്‍ എഴുതുകയുമുണ്ടായി.

000

ഞങ്ങള്‍ നേരിക്കല്‍ക്കണ്ടത് രണ്ടു തവണ മാത്രം. ആദ്യത്തേത് ഭാര്യയുടെ ചികിത്സാര്‍ത്ഥം എന്റെ തൊട്ടടുത്ത നാട്ടില്‍ സകുടുംബം സാറെത്തിയപ്പോഴാണ്. 

അതൊരു മഴയുള്ള ദിവസമായിരുന്നു. ഞാനദ്ദേഹത്തിന്റെ കാറിന് പൈലറ്റായി വീട്ടിലേയ്ക്ക് വഴി കാട്ടി. ഒരു കാരണവരുടെ മട്ട'ില്‍ വീടും ചുറ്റുപാടും കണ്ട് ആ പെരുമഴയില്‍ മടങ്ങി. 

അടുത്തത് സാറിന്റെ മകളുടെ കല്യാണത്തിന് അടൂരിലെ വിവാഹമണ്ഡപത്തില്‍ വച്ചും. 


00

നിരൂപകര്‍ എല്‍ ഇ ഡി ബള്‍ബുകളായി പരിണമിച്ച ഇക്കാലത്ത് ഡോ. എസ് എസ് ശ്രീകുമാര്‍ എന്ന നിരൂപണ പ്രതിഭ ശരിക്കും തേയ്ചു മിനുക്കിയ നിലവിളക്കു മാതിരി പ്രഭചൊരിയുന്നു.

ഔദേ്യാഗിക ജോലിയില്‍ നിന്നും വിരമിച്ചശേഷം ആ വെളിച്ചം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മലയാള സാഹിത്യത്തില്‍ അഭംഗുരം നീണാള്‍ പരക്കട്ടെ'! 

ശ്രീകുമാര്‍ സാറിന് ആശംസകള്‍!


എസ് എസ് ശ്രീകുമാര്‍ സര്‍ഗ്ഗവസന്തം എഡി. പി കെ സഭിത്ത് മൈത്രി ബുക്‌സ് 2024 പേജ് 115-120


2024, ജൂൺ 29, ശനിയാഴ്‌ച

ആണ്‍പെണ്‍ ഫോണുകള്‍


 കഥ


ആണ്‍പെണ്‍ ഫോണുകള്‍ 

(ഇരുവരുടേയും പേരുകള്‍ മാറ്റിയിട്ടുണ്ട്) 


''നീയെന്റെ സര്‍വ്വസ്വമാണ്.''

ആദ്യമായി കാണാനും അടുത്തിരിക്കാനും അവസരം വന്നപ്പോള്‍ അവരൊരു കാര്യമാണാലോചിച്ചത്. ഒരാള്‍ അയച്ചതും മറ്റേയാള്‍ സ്വീകരിച്ചതുമായ ആ സന്ദേശം. അവരിലൊന്ന് ആണ്‍ഫോണും മറ്റേത് പെണ്‍ഫോണുമായിരുന്നു. 

മീന്‍സ് ഒരാണിന്റെയും പെണ്ണിന്റെയും ഫോണുകള്‍. അത്രേയുള്ളു.

ഹോട്ടല്‍ മുറിയിലെ ശീതളിമയില്‍ ഒരേമേശയില്‍ തൊട്ടുതൊട്ടാണവരിരുന്നത്. ആണ്‍ഫോണ്‍ പെണ്‍ഫോണിനെ നോക്കി. സുന്ദരി, മെലിഞ്ഞവള്‍. അവളുടെ ലതര്‍ക്കുപ്പായം വലിച്ചു കീറിക്കളയാനവനു തോന്നി.

പെണ്‍ഫോണൊന്നു വിറച്ചു. അവള്‍ വൈബ്രേഷന്‍ മോഡിലായിരുന്നു. അവര്‍ കണ്ണുകളൊട്ടിച്ച് പരസ്പരം നോക്കിയിരുന്നു.

അവരുടെ ഉടമകള്‍ അപ്പോള്‍ കട്ടിലിലായിരുന്നു. പെണ്‍ഫോണ്‍ണ്‍ താനയച്ചതും തനിക്ക് ആണ്‍ഫോണില്‍ നിന്നും കിട്ടിയതുമായ എല്ലാ സന്ദേശങ്ങളും ഓര്‍ത്തു കിടന്നു. 

ആണ്‍ഫോണിന്റെ ക്യാമറക്കണ്ണുകകള്‍ ആ കട്ടിലിലോളം എത്തുന്നുണ്ടായിരുന്നു.  ഉടമകള്‍ അവിടെ ചെയ്യുന്നതൊന്നും വെറും ഫോണുകളായ തങ്ങള്‍ക്ക് പ്രാപ്യമല്ലാത്തതില്‍ അവര്‍ തങ്ങളുടെ കൂടി സ്രഷ്ടാവായ ദൈവത്തിനെ പഴിച്ചു. 

ഒടുവില്‍ ഫോണ്‍ഉടമകള്‍ കട്ടിലിലെ ബന്ധനത്തില്‍ നിന്നും വേര്‍പിരിഞ്ഞതും ഉള്‍ത്താപം പരമോന്നകോടിയിലെത്തിയ ആണ്‍പെണ്‍ഫോണുകള്‍ വലിയ ശബ്ദത്തോടെ നിമിഷങ്ങളുടെ വ്യത്യാസത്തിലൊരുമിച്ച് പൊട്ടിത്തെറിച്ചു. 

ശുഭം.


ഒരുമ 2023


2024, ജൂൺ 18, ചൊവ്വാഴ്ച

രാജാമണിയുടെ അച്ഛന്‍


 കഥ


 രാജാമണിയുടെ അച്ഛന്‍


തിരക്കുള്ള വണ്ടിയില്‍ മാന്യന്മാര്‍ സൗമനസ്യത്തോടെ രാജാമണിക്ക് ഇരിപ്പിടം കൊടുത്തു. പുസ്തകക്കെട്ടുമായി നിന്നാടുകയായിരുന്നു അവന്‍. ആരേയും തൊടാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെ അവനൊതുങ്ങി.

വന്നലച്ച വര്‍ത്തമാനങ്ങള്‍ ഒരത്ഭുതലോകം അവനു മുന്നില്‍ തുറന്നു. 

അവനിന്നലെ ഞാന്‍ മെമ്മോ കൊടുത്തു. കള്ളന്‍. ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുവായിരുന്നത്രേ. കള്ളന്‍ എവിടെയെങ്കിലും ചീട്ടുകളിച്ചിരുന്നിട്ടുണ്ടാവും. 

ഒരാള്‍ നിര്‍ത്തിയതും അപരന്‍ തുടര്‍ന്നു. 

ഈ തോംസണെ ഞാന്‍ വാണ്‍ ചെയ്തി'ട്ടുണ്ട് മേനനേ. ഒരു ദിവസം എന്നോടു ചോദിക്കാതെ മോട്ടോര്‍ ഓഫ് ചെയ്തു. പ്രഷര്‍ കൂടിയത്രേ! അതൊക്കെ തീരുമാനിക്കുന്നത് നമ്മള്‍ എഞ്ചിനീയര്‍മാരല്ലേ!

ഈ സാറന്മാരുടെ മുഖം കാണാന്‍ കഴിഞ്ഞെങ്കില്‍? ഫാക്ടറിയിലെ വലിയ കാര്യങ്ങളില്‍ രാജാമണിക്ക് താല്പര്യമേറി. പിഞ്ഞിത്തുടങ്ങിയ നിക്കറില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

സാറന്മാര്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?

വഴക്കുണ്ടാക്കി ഒറ്റക്കുത്തിനാണ് എന്റച്ഛന്‍ ഒരുത്തനെ കൊന്നത്. അച്ഛനിപ്പോള്‍ ജയിലിലാണ്.

തീവണ്ടിയില്‍ നിശ്ശബ്ദത പൊട്ടിവീണു.

 

പാത 1990


2024, ജൂൺ 15, ശനിയാഴ്‌ച

ദൈര്‍ഘ്യമാര്‍ന്ന മിനിട്ടുകള്‍


 കഥ


ദൈര്‍ഘ്യമാര്‍ന്ന മിനിട്ടുകള്‍


അഞ്ചാം നമ്പര്‍ പ്ലാറ്റുഫോമില്‍ യാത്രാ വെമ്പലുകളുമായി കിടന്ന വണ്ടിയില്‍ ഞാന്‍ മയക്കത്തിലായിരുന്നു. അടുത്തു വന്നിരുന്ന ചെമ്പക മണം. അതൊരു ചെറിയ പെണ്‍കുട്ടിയാണ്. എനിക്ക് തീര്‍ച്ചയായി. എന്നിട്ടും ഞാന്‍ കണ്ണുകള്‍ തുറന്നില്ല. 

'അമ്മേ ഞാന്‍ വണ്ടിയില്‍ കയറി.' 

അകലെയുള്ള ഒരമമ്മയുടെ ഉള്‍ത്താപം അവളുടെ വാക്കുകളില്‍. 

'അമ്മേ ഞാനൊരു മിനുട്ടു കഴിഞ്ഞ് വിളിക്കാം.' 

മറ്റൊരു വെപ്രാള സന്ദേശം അവളെ മുട്ടിയതായി ഞാനുറപ്പിച്ചു. 

'നീയെവിടെടാ? വേഗം ടിക്കറ്റെടുത്ത് ഫിഫ്ത്ത് പ്ലാറ്റ്‌ഫോമിലെത്തിക്കോ. വണ്ടി വിടാറായെടാ. ശ്ശോ. ഇതിപ്പം വിടുവേ. എന്താ ടിക്കറ്റ് കിട്ടിയില്ലേ?'

ഇഷ്ടപ്പെട്ടില്ലെങ്കിലും തുടര്‍കാളുകള്‍ എന്റെ കാതില്‍ തൊട്ടുകൊണ്ടിരുന്നു. 

'ടാ. വണ്ടി വിട്ടു. ഓ എസ്. സിക്‌സ് ബോഗിയില്‍ കയറിയോ? ഇനിയൊരു മണിക്കൂര്‍ അവിടെ നിന്നോ. ഒരു മണിക്കൂറെടുക്കും കൊല്ലത്ത് വണ്ടിയെത്താന്‍.'

ഒരിക്കലും തീരാത്ത അവളുടെ കുറുകുറെ വര്‍ത്തമാനങ്ങള്‍ എന്റെ മയക്കത്തെ തിന്നു. 

ഒരു മിനുട്ടിനു ശേഷം അവള്‍ അമ്മയെ വിളിച്ചോ? അവളിറങ്ങിപ്പോയപ്പോഴും ഞാന്‍ പലവട്ടം പ്രജ്ഞയില്‍ പരതി.

നീ അമ്മയെ.. കണ്ണുകള്‍ തുറക്കാനിഷ്ടമില്ലാത്തതിനാലാണ് ഞാനത് അവളോട് ചോദിക്കാതിരുന്നത്.

എന്റെ മകളും ഞങ്ങളെ വിളിച്ചിട്ട് നാളുകള്‍ കഴിഞ്ഞുവല്ലോ. അവളും ചെമ്പകമണം പ്രസരിപ്പിച്ചിരുന്നത്. അതോര്‍ക്കാന്‍ കൂടി ഞാനിഷ്ടപ്പെട്ടില്ല.


അവര്‍ കണ്ണുകള്‍കൊണ്ടു കാണുന്നു. സി.ഇ.ടി കോളേജ് മാഗസിന്‍ 2018


2024, ജൂൺ 13, വ്യാഴാഴ്‌ച

അസീം താന്നിമൂട്: അന്നുകണ്ട കിളിയുടെ മട്ട്


 ആ കിളിയുടെ ഉള്ളം 

(അസീം താന്നിമൂട്: അന്നുകണ്ട കിളിയുടെ മട്ട്, ഡി.സി.ബുക്‌സ്. 2022)


ഓ. അതിന്റെ മട്ടുംമാതിരിയും കണ്ടാല്‍... അതിപ്രകടനത്തിലെ അന്തഃസാര ശൂന്യതയെ വിവക്ഷിക്കാന്‍ ഇതിനപ്പുറം കരുത്തുറ്റൊരു നാട്ടുപ്രയോഗം? ഇല്ല തന്നെ. അന്നുകണ്ട കിളിയുടെ മട്ട'് എന്ന അസീം താന്നിമൂടിന്റെ കവിതകളുമായി ഈ പ്രയോഗത്തിനൊരു ബന്ധവുമില്ല. അതെ. ഉള്ളുറപ്പുള്ള, കാമ്പും കനവും കാതലും തരാതരത്തിനു നിറഞ്ഞ വ്യത്യസ്ത ഭാവനാതലങ്ങളുള്ള അമ്പത് കവിതകളുടെ സമാഹാരമാണ് അന്നുകണ്ട കിളിയുടെ മട്ട'്. പുനര്‍വായനയിലൂടെ പ്രജ്ഞയില്‍ ചേരുന്ന മൂല്യവത്തും ചിന്തോദ്യോപകവുമായ രചനകളാണിവ. ഒന്നു ചപ്പി ദൂരെത്തെറിയാന്‍? സാധിക്കില്ല. ഈ കവിതകള്‍ തീര്‍ച്ചയായും ലഘുവായനയ്ക്കു തടസ്സം നില്‍ക്കുന്നവയാണ്.

ജീവിതത്തിന്റെ ആന്തരിക, ബാഹ്യദ്വന്ദങ്ങളില്‍ ഉറച്ചതാണ് അസീമിന്റെ കവിതകള്‍. പുറം മാതിരിയല്ല അതിന്റെയുള്ള്. വാക്കിണക്കു വിദ്യകള്‍പ്പുറത്ത് ക്യാന്‍വാസും ചായവും, ശില്പവിദ്യ തുടങ്ങി അപരകലകളുമായി തന്റെ വൈകാരികത ചങ്ങാത്തം കൂടുന്ന രചനകള്‍ു. വാക്കുകള്‍, പതിവുകാഴ്ചകള്‍ എന്നിവയ്ക്ക് അപ്പുറത്താണ് തന്റെ കവിതാസങ്കേതം നിലപിടിച്ചിരിക്കുന്നത് എന്നു പറയാതെ പറയുന്ന കവിതകളാണ് അസീം താന്നിമൂടിന്റേത്. രചനയുടെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്ന ഈ കവിതകള്‍ എന്തിനെയാണ് ലക്ഷ്യമിടുന്നത്? ജീവിതം, അതിലെ കൃത്യതയുടെ കൂര്‍പ്പ്, സ്ത്രീകളോടുള്ള കരുതല്‍, കുടുംബഭദ്രത, ചുറ്റിലും സംഗീതവും ചാരുതയും സമാധാനവും നിറയുന്ന അവസ്ഥ, ആര്‍ക്കും പ്രാപ്യമായ സ്വച്ഛമായപ്രകൃതിയും പരിസ്ഥിതിയും. ജീവിതത്തില്‍ എഴുത്തും വായനയും ചിത്രാസ്വാദനവും നിറച്ചിടുന്ന സൗരഭ്യം. അറിവ്, ജ്ഞാനം എന്നിവകളോടള്ള തുറന്ന സമീപനം, ചുറ്റിലും ഉണ്മ പുലരേണ്ടതിന്റെ ആവശ്യകത. സംസ്‌കാര സംരക്ഷണം, കേവല രാഷ്ട്രീയത്തിനപ്പുറത്തെ വ്യവഹാര സാധ്യതകള്‍ എന്നിവയെയൊക്കെയാണവ. ബാഹ്യലോകത്തെയല്ല ആന്തരിക സൗന്ദര്യത്തിനെയാണ് ഈ കവിതകള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആവിഷ്‌കാര വൈവിധ്യവും 'കവിത്തച്ചു' തെളിഞ്ഞ പണിത്തരങ്ങളാണ് അന്നുകണ്ട കളിയുടെ മട്ടിലുള്ളത്. അവയില്‍ ഉളിയുടെ മൂര്‍ച്ചയും നീളംവീതി ഉയര അളവുകളുടെ കൃത്യതയും ദൃഢതയും പ്രതീകമാകുന്നു. 


നാരായവേര്


'അന്നുകണ്ട കിളിയുടെ മട്ട'്' എന്ന സമാഹാരത്തിലെ കവിതകെള ഗണിതാരൂഢത്തിലാണ് ബന്ധിച്ചിരിക്കുന്നത്. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന നിരവധി സംവാദസാധ്യതകള്‍ തെളിച്ചിട്ടിരിക്കുന്നു. എണ്ണല്‍സംഖ്യകളുടെ പൊരുളുകള്‍, അക്കങ്ങള്‍ ചമയ്ക്കുന്ന മാന്ത്രികതയും നിഗൂഢതതയും, ജ്യാമിതീയരൂപ കൃത്യത എന്നിവ ഒറ്റനോട്ടത്തില്‍ത്തന്നെ പ്രകടമാണ്. കൂര്‍പ്പിന്റയും ചൊല്ലിന്റെയും കൃത്യതകളായ വിരല്‍ ചൂണ്ടലുകളും ഗണിത വകദേഭങ്ങളായി പ്രത്യക്ഷമാകുമ്പോള്‍ അതേ സൂക്ഷ്മത സത്യാനേ്വഷണ അറിവായും അലാറം നല്‍കുന്ന മുന്നറിയിപ്പോടെ  കവിതകളുടെ സാമൂഹ്യ ഉത്തരവാദിത്വത്തെ എടുത്തു കാട്ടുന്നു. 

'നക്ഷത്രങ്ങളുടെ എണ്ണം' എന്ന കവിതയില്‍ ഗണിതം സങ്കടത്തിന്റെ ചിന്തയാണ്. ഞെട്ടല്‍ വികാരമായും ഗണിതത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. അത്, മണിയൊച്ച നിലച്ചാലും തുടരുന്ന മരണമുഴക്കത്തിന്റെ തിളക്കമാണ്. കൂര്‍പ്പ് എന്ന സംജ്ഞയുടെ ജ്യാമിതീയതയില്‍ ത്രികോണത്തിനുള്ളില്‍പ്പെട്ട ജീവിതാവസ്ഥകളും വിരസതയോടുള്ള യോജിപ്പ്/വിയോജിപ്പ് എന്നിവ കണ്ടെത്താനാവുന്നു. 1310 എന്ന സംഖ്യയുടെ സാമൂഹ്യപ്രസക്തിയും അത് ജീവിതത്തെ എങ്ങനെ ഹരിച്ചു ഗുണിച്ച ഒടുവില്‍ ചീര്‍ത്തുവീര്‍ത്ത് ജഡമായി മാറിയത് എന്ന അനേ്വഷണവും അപൂര്‍വ്വതയുറച്ച കാവ്യാഖ്യാനമാണ്. 'ഹുസൈനും കോമ്പസ്സും' എന്നതില്‍ വൃത്തങ്ങള്‍, മുനപ്പ്, ചതുരം, ഗുണിതം ഇവ എങ്ങനെ ഗണിതത്തടവാകുന്നു എതിനെ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പരിധിയെ ശൗര്യം കൊണ്ടു ഹരിച്ചും ഗുണിച്ചും മുതലാക്കുന്ന നായ ('വളര്‍ത്തുനായയും ഞാനും') മറ്റൊരു ഗണിതാശ്ചര്യമാണ്. പ്രായോഗിക ജീവിതകണക്കുകൂട്ടലുകളുടെ കനവും ഇടുക്കവും കൂടിപ്പോയി, കണക്കുതെറ്റിയാല്‍, ജീവിതം എപ്രകാരം മാറിമറിയുമെന്ന സൂചന 'എന്റെ വിധി' എന്ന കവിത ചര്‍ച്ചചെയ്യുന്നു.  

സമയത്തെ വിസ്തരിക്കാനെടുത്ത കവിതകളില്‍ മറ്റുകാലരൂപ ഭാവങ്ങള്‍ തുടിക്കുന്നു. വൃത്തിയും വെടിപ്പും ഇവിടെ സമയവുമായി ഇഴചേര്‍ന്നു കിടക്കുന്നു. മിടിപ്പിന്റെ കണക്കുകള്‍ പറയാന്‍ വാച്ചും ക്ലോക്കുമുണ്ട്. കൃത്യതയുടെ ഗണിതം പേറാന്‍ കവിതച്ചുവരില്‍ അലാറവും കവി സൂക്ഷിച്ചിരിക്കുന്നു. മരണവും വാച്ചിന്റെ മിടിപ്പുമായി സമരസപ്പെടുതിന്റെ സൂചനകളും അവയെല്ലാം നല്‍കുന്നുണ്ട്. എന്തിനധികം, ഗണിത മൂര്‍ച്ച എന്നൊരു പ്രയോഗം ഈ കവിതകളെ സംബന്ധിച്ചുള്ള സൂക്ഷ്മതകളുടെ സൂചനാ ജാഗ്രതയാകുന്നു. 

''സമയമധികരി-

ച്ചെന്നൊരു സന്ദേശമാ-

വേളയില്‍ ക്ലോക്കിന്‍ സൂചി-

ത്തുമ്പുകളെയ്യും...''ജീവിതാന്ത്യസൂചനയെ ഗണിതഭാവം അലാറമെന്ന കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ രൂപത്തിലാണ്. വിവധ ഗണിതരൂപങ്ങളുടെ സമ്മിശ്രഭാവം പുലര്‍ത്തുന്ന കവിതകളാണിവ.


സര്‍ഗ്ഗവിസ്മയലോകം


വിവിധങ്ങളായ സര്‍ഗ്ഗപ്രപഞ്ചങ്ങളുടെ അനേ്വഷണം അസീം താന്നിമൂടിന്റെ രചനകളുടെ സവിശേഷതയാണ്. ചിത്രകാരന്റെ ചായവും ബ്രഷുമായുള്ള വൈകാരികത, ആധുനിക ഫോട്ടോഗ്രാഫിക് ടൂളുകളുടെ ഉപയോഗം, അതെപ്രകാരമാണ് പ്രതിലോമകരമായി ജനതയില്‍ പ്രയോഗിക്കപ്പെടുന്നത് എന്ന സന്ദേഹം, അധികാരാഘാതമുപയോഗിച്ച് ഇരകള്‍ ആക്രമിക്കപ്പെടുകയല്ല. അവര്‍ 'സജൂദി'ലാണ് എന്ന തോലുണ്ടാക്കുന്ന ഭീകരരാഷ്ട്രീയത്തിന്റെ അപകടം പിടിച്ച അവസ്ഥകളും അവതരിപ്പിച്ചിരിക്കുന്നു. അതീവ സാധാരണ ജീവിതങ്ങള്‍ക്കുള്ളില്‍ നിഷ്‌കളങ്കമെന്നു തോന്നുന്ന തരത്തില്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന പരീക്ഷണങ്ങളാണതെല്ലാം. സത്യത്തെ കീഴ്‌മേല്‍ മറിക്കുന്ന ജീവിതാവസ്ഥകളുടെ ആവിഷ്‌കരണം ചിത്രകാരന്റെ പുനരാഗമനം, ക്രോപ്പ് എന്നീ കവിതകളില്‍ കാണാം. അതേ സമയം ചായവും ബ്രഷുമായി പൂര്‍ണ്ണത തേടാന്‍ വെമ്പുന്ന കാലാകാരനെ വായനക്കാരനു മുന്നില്‍ കൊണ്ടുവന്നു നിര്‍ത്താനും കവി മറക്കുന്നില്ല.

''തിരുത്തിക്കഴിഞ്ഞതിന്‍

തൃപ്തിയില്‍ തിരിഞ്ഞൊന്നു

നോക്കാനും തുനിയാതെ-

യുടനെ ക്യാന്‍വാസെടു-

ത്തച്ചിത്രകാരന്‍ പോയീ.. 

രൂപങ്ങളലോസര-

പ്പെടുത്തും വിധം മാറ്റി-

വരയാനിരവയാള്‍-

ക്കെതിരരെ വരുതായ്-

ക്കണ്ടു ഞാനിരുണ്ടുപോയ്..'''ചിത്രകാരന്റെ പുനഃരാഗമനം' എന്ന കവിത എല്ലാ മാറ്റങ്ങളേയും എടുത്തു മാറ്റുക എന്ന ഉദ്ദേശ്യവുമായുള്ള കാലത്തിന്റെ കടന്നുവരവും അപ്രതീക്ഷിത പരിണാമഗുപ്തിയാകുന്നു. 

കാവ്യപരിഗണനയേറ്റ കലാരൂപങ്ങള്‍ പിെന്നയുമുണ്ട്. എംബ്രോയിഡറി, പിക്‌റ്റോഗ്രാഫ്, കോമ്പസ് വരകള്‍, മഴയെഴുത്ത്, ശില്പവിദ്യ ഇവ അസീം കവിതകളിലെ ഇമേജുകളാണ്. 'എളുപ്പമുള്ള ഗാന്ധി'യെ കവിതയില്‍ എന്താണു ഗാന്ധി? ലളിതമായ ആ ആവിഷ്‌കാരം ശ്രദ്ധേയമാണ്. സമകാലിക രാഷ്ട്രീയാവസ്ഥയില്‍ ഗാന്ധിയുടെ പുനര്‍നിര്‍വ്വചനത്തിന് തീര്‍ത്തും ഇണങ്ങുന്ന വരകളാണ് കവി ഉപയോഗിച്ചിരിക്കുന്നത്. പിന്തിരിഞ്ഞ ഗാന്ധിയാണ് ഐശ്വര്യം എന്നെത്ര ലളിതമായിട്ടാണ് തിരസ്‌കൃത ഗാന്ധിയെ 'ചെറുതും വലുതുമായ രണ്ടു വളഞ്ഞ വരകളുടെ' ചൂണ്ടയില്‍ കോര്‍ത്ത് നമുക്കു മുന്നിലിട്ടു തന്നിരിക്കുത്! സുവ്യക്തമായ ഗണിത ദര്‍ശനം ഇവിടെയും ഉള്ളുമെനയുന്നു. 

മണ്ണില്‍ വെയില്‍പെയ്ത്തു കൊണ്ട് നിഴല്‍രൂപങ്ങള്‍ ചമയ്ക്കുന്ന വികൃതി അസീമിന്റെ കൈവശമുണ്ട് (നിഴല്‍രൂപങ്ങള്‍). അത്, നിഷ്‌കളങ്കമായ തമാശക്കളിയായിട്ടാണ് തുടങ്ങിയതെങ്കിലും 

''വെയില്‍ വെറിയായി മുതിര്‍ന്നു

 വിരലുകളെവയിലെരിഞ്ഞു

മെനയും നിഴലുകള്‍ പിന്നെ

മുരളും മട്ടു പിറന്നു.'' 

അപ്രകാരം ചുറ്റുപാടുകള്‍ ക്രൂരമായി രൂപാന്തരപ്പെടുന്നത് കവിയെ ആശങ്കപ്പെടുത്തുന്നു. ''ചുറ്റിലുമഴലിന്‍ കാട്....... ഭൂതലം... എത്രയസഹ്യം...'' ആ നിലയിലേയ്ക്ക് താന്‍ ചമയ്ക്കുന്ന ലോകത്തിന്റെ ആഹ്ലാദം ഭീതിതമായി വളരുന്നു. 

നാടന്‍ പറച്ചിലുകളും നാട്ടുപുരാണങ്ങളും നിറഞ്ഞ കഥാകാവ്യങ്ങള്‍ വായനക്കാരില്‍ കവിതാഹ്ലാദം നിറയ്ക്കുന്നു. ഇല്ലാമ മണിയന്‍, 1310, ഹുസൈനും കോമ്പസ്സും ഈ കവിതകളില്‍ കാണുന്നത് പച്ചയായ ജീവിതചിത്രണങ്ങളാണ്. അടിസ്ഥാന മനുഷ്യജീവിതങ്ങളുടെ നിസ്സഹായാവസ്ഥയുടെ നേരാഖ്യാനങ്ങളായി ഈ കവിതകള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 'തൃപ്തിയില്‍'

 ''നീമാത്രമെന്താണു 

പൂക്കാത്ത''തെന്നൊന്നു

ചോദിക്കുവാന്‍ കൂടി 

വയ്യ.. ആ നോവിനാ-

ലപ്പടി വാടിക്കരിഞ്ഞാലോ?''

മാനവീയതയിലേയ്ക്ക്, അപരദുഃഖത്തെ ഉള്‍ക്കൊള്ളല്‍, എന്നിവകളെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളാണ് ഈ കവിത നല്‍കുന്നത്. 


അപൂര്‍ണ്ണതയെ ആന്തല്‍ 


അപൂര്‍ണ്ണമനുഷ്യനെന്ന ഉത്തമബോധ്യത്തോടെ ജീവിതമുന്തുമ്പോള്‍ തന്നെ പരിമിതികള്‍ മറയ്ക്കാനും പൂര്‍ണ്ണതതേടാനുമുള്ള വാഞ്ഛ തുടിക്കുന്ന കവിതകളുമുണ്ട്. അതേ സമയം സമ്പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ തടസ്സം നില്‍ക്കുന്ന എതിരാളിയെ, അപരനെ തെരയുന്ന മാനസികാവസ്ഥകളുടെ ആവിഷ്‌കാരവും ഈ കവിതകള്‍ വെളിവാക്കുന്നു. കൂര്‍പ്പ് എന്ന കവിതയില്‍ ഈ അസഹ്യതയുടെ ആഴത്തെ വായിക്കാം. തിരുത്തപ്പെടാന്‍ ശ്രമിച്ച് സമരസപ്പെടുന്ന വ്യക്തിത്വങ്ങളുടെ പ്രതിനിധിയാണ് ഈ രചനയിലെ ആഖ്യാതാവ്. കവിതാബാഹ്യമായ ഘടകങ്ങള്‍ (അവ പ്രിയപ്പെട്ടതുമാണ്) കവിവ്യക്തിത്വവുമായി ഇടഞ്ഞുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ കൂര്‍പ്പില്‍ തെളിയുന്നു. 

''താങ്കളെന്തിനെ

യാണ് നിശ്ശൂന്യതയ്-

ക്കകമേ നിന്നു

മെടുപ്പത്?'' 

എന്ന ചോദ്യത്തിന് കൂര്‍പ്പ് എന്ന കവിതയിലും കൃത്യമായ ഉത്തരമില്ല. ഇത് കവിജീവിതത്തിന്റെ ഉള്‍സംഘര്‍ഷത്തിന്റെ, കാവ്യവൃത്തിക്ക് പുറത്ത് ഗൃഹസ്ഥനു നിര്‍വ്വഹിച്ചു പൂര്‍ണ്ണത തൊടാനാവാതെ പോകുന്ന ഉത്തരവാദിത്വങ്ങളെ സംബന്ധിക്കുന്ന ആന്തലിന്റെ ആവിഷ്‌കാരമാണ്. കൊളുത്ത് എന്ന ഗദ്യകവിത പറയുന്നതും മറ്റൊുമല്ല. സമാനമായ മാനസികാവസ്ഥകള്‍ ആംഗ്യം, അലാറം എന്നീ കവിതകളില്‍ കാണാം. ജീവിതമെന്ന കാവ്യത്തെ തിരുത്താന്‍ കാട്ടുന്ന വ്യഗ്രതയാണ് അലാറത്തില്‍. സ്വയംവിമര്‍ശനത്തിന്റെ തലം കുടികൊള്ളുതാണീ കവിത.

''വീടുവിട്ട'്

തനിയെ പാര്‍ക്കാ-

നൊരുമ്പെട്ടിറങ്ങിയപ്പോഴാണ്

വീട്ട'ിലേയ്ക്കുള്ള യാത്ര

മനസ്സിന്റെ

അടക്കാനാകാത്തൊരാംഗ്യമാണ്

ബോധ്യമായത്.'' 

ആംഗ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ സ്വയമറിയാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒടുക്കത്തിനെയാണ് വിസ്തരിച്ചത്. മരണമാണ് പൂര്‍ണ്ണതയെന്ന ബോധ്യത്തില്‍ 'ആംഗ്യങ്ങള്‍' വായനക്കാരനെ എത്തിക്കുന്നു. 

മരണനേരത്തു തെളിയുന്ന കാഴ്ചകള്‍! അതില്‍ സത്യവും പൂര്‍വ്വാനുഭവ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന സന്തോഷങ്ങളും ഒരുമിക്കുന്നു. ഈ സൂചനയാണ് 'അന്നുകണ്ട കിളിയുടെ മട്ട'്' വായനക്കാര്‍ക്ക് നല്‍കുന്നത്. ജീവിതം കാമനകള്‍ മാത്രം നിറഞ്ഞതാണ്. എല്ലാ പരുക്കന്‍ അനുഭവങ്ങളും അടുത്ത നിമിഷത്തില്‍ ''കിളി വട്ടമിട്ടങ്ങുയരെ പറക്കാനുള്ള'' നിമിഷത്തിനായുള്ള കാത്തിരിപ്പാണ്. ആ സൂചനയില്‍ അനുവാചകന്‍ ചെത്തെുന്നു. 

'ആരാവാം?' എന്ന കവിത സ്വയം വിമര്‍ശനമെന്ന നിരന്തരശല്യത്തിനു മുതിരുന്ന തന്റെയുള്ളിലെ തന്നെ അപരനെ കാട്ടുന്ന കണ്ണാടിയാണ്. 

''ഇനിയെങ്ങാനുമതെന്‍

 നിഴലാണെന്നാകുമോ?

അതോ

ഞാനോ

നിഴല്‍?'' 

അനേ്വഷണം ഒടുവില്‍ അഴിച്ചെടുക്കാന്‍ കഴിയാത്ത കുരുക്കായി മാറുന്നതിന്റെ ദുരേ്യാഗചിത്രവുമുണ്ട്. 'കെണിയില്‍' ''കരുതിവെയ്ക്കുന്നവതൊക്കെയും കൂരിരുള്‍-

ക്കരളുമായ് വേട്ടയാടും മുരള്‍ച്ചകള്‍!'' 

'നീണ്ട ഒരു മൗനത്തിന്റെ നിഴല്‍' എന്നിവയും കവിയുടെ തപിച്ച ആന്തരഭാവത്തിലേയ്ക്കുള്ള ചുണ്ടലുകളാണ്. കുറ്റബോധത്തിന്റെ, ഭയം തുടിക്കുന്ന, നിഴല്‍വീണ കണ്ണുകള്‍ അശാന്തിയായി പിന്തുടരുന്നു. 'ക്ലോസെറ്റിലെ പാറ്റയില്‍' ഈ കുടുക്ക് പൊട്ടിച്ച് നീങ്ങാനുള്ള പഴുതുകള്‍ ഇരയ്ക്ക് ഉപയോഗിക്കാനാവാതെ പോകുന്നതിനെ കുറിച്ചുള്ള പരിതാപമാണ് വ്യക്തമാക്കുന്നത്. കാതും കാതില്‍പ്പെട്ടതും രക്ഷപ്രാപിക്കുന്നില്ല എന്നു പറയുന്ന ഈ കവിത വിജ്ഞാനലോകത്തിലും അറിവില്ലായ്മകളുമായി മുടന്തുന്നവര്‍ക്കുള്ള താക്കീതു കൂടിയാണ്. 'വായന, എന്റെ വിധി, ഇരുട്ടിലേയ്ക്ക്, അപൂര്‍ണ്ണത' എന്നിവയും സമ്പൂര്‍ണ്ണ വ്യക്തിത്വത്തിനോടുള്ള അഭിനിവേശം പലതരത്തില്‍ പ്രകടമാക്കുന്നു. അപൂര്‍ണ്ണതയില്‍ വീട് കാത്തരിക്കുന്നത് ആരെയാണ്? ആരുടെ സവിധത്തിലാണ് പൂര്‍ണ്ണതയുടെ ഇരിപ്പിടം എന്ന ചോദ്യമാണ് ഉയിക്കുന്നത്.



കവിതയുടെ ആകാശങ്ങള്‍


എഴുത്ത് ഒരനേ്വഷണമാണ്. കവിയുടെ ഉണര്‍വ്വുകള്‍ എതെല്ലാം പ്രകൃതി രൂപങ്ങളിലൂടെ കടന്നു പോകുന്നു... അത് കാട്, കടല്‍, ആകാശം, പ്രണയം എന്നിവകളെ ഒരുമിപ്പിക്കാന്‍ ശ്രദ്ധചെലുത്തുന്നു. അതേസമയം 

''സര്‍വതുമറിഞ്ഞേറുവാനാകുവ-

തടവിയോ, കട, ലാകാശമോ ചെറു-

പ്രണയമോ പോലുമല്ലെന്ന വാസ്തവ-

മുണര്‍വിയറ്റുവതെങ്ങനെയെന്നതാ-

ണുലകിലെന്നെയലയ്ക്കുമാശങ്കള്‍''.. അപ്രകാരം രചനകളുടെ പരാജയ ലോകത്തെയും കവി ഉള്‍ക്കൊള്ളുന്നു. തിരുത്തലുകളിലൂടെ ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള വ്യഗ്രതയാണ് 'അലാറം' കാണിച്ചു തരുന്നത്. ''മുഖ്യമായൊരു ബിംബവും ഉണരാന്‍ മടിച്ച രണ്ടിരട്ടയിമേജുകളും'' കവിതയില്‍ ആര്‍ജ്ജവം നിറയ്ക്കുന്നു. പരമപ്രധാനമായ ബിംബത്തിന്റെ ഇടപെടല്‍ അടുത്ത പ്രഭാതത്തിലെ അലാറമുഴക്കത്തിലേയ്ക്ക് ജീവനെ വലിച്ചു നീട്ടുന്നത് ജീവിതത്തോടുള്ള പ്രതീക്ഷാനിര്‍ഭരമായ സൂചനയാണ്.

'മിടിപ്പുകള്‍' എന്ന കവിത അക്ഷരങ്ങള്‍ക്ക് അപ്പുറത്ത് ശില്പമായി, ചിത്രമായി , കൈക്കോട്ടിന്‍ കരുത്തായി, ഹൃത്തിലാക സര്‍ഗ്ഗാത്മകത ചൊരിയുന്ന ആവിഷ്‌കാരരൂപങ്ങളുടെ  പ്രകാശത്തെ മിന്നിച്ചു തരുന്നു. മൗഢ്യം എന്ന കവിതയും മുന്നോട്ടു വയ്ക്കുന്നത് സര്‍ഗ്ഗാത്മകതയുടെ സൗന്ദര്യസൗരഭ്യം നിറഞ്ഞ ഗൂഢലോകത്തെയാണ്. അസിം താന്നിമൂടിന്റെ കവിതാലോകം നിസ്സാരമായ ജീവിതങ്ങളിലും ഇടപെടലുകള്‍ നടത്തുന്നുണ്ട്. അവയെ ആഴത്തിലും പരപ്പിലും ചിത്രീകരിച്ചിരിക്കുന്നു. അനാഥരുടെയും അദ്ധ്വാനിക്കുവരുടെയും കഥനം തീര്‍ത്തും ലളിതമായ രീതിയിലാണ് പ്രകാശിപ്പിച്ചത്. 'ഇല്ലാമ മണിയന്‍', '1310', 'ഹുസൈനും കോമ്പസ്സും' എന്നിവ ഈ ഗണത്തിലെ കവിതകളാണ്. പഴഞ്ചന്‍ ചെരിപ്പ് പോലും അസഹ്യമാകുമ്പോള്‍, അതു തിരിച്ചെടുക്കാന്‍ സാധിക്കുമ്പോള്‍, ആ നിസ്വമായ ജീവിതങ്ങള്‍ ഗ്രാമവീഥികളില്‍ തേഞ്ഞുതീരുന്നതായിട്ടാണ് വരച്ചിട്ടിരിക്കുന്നത്.

ഇതു പഴയ ദരിദ്രകാലമല്ല. എന്നിട്ടും എന്തിനാണ് ഐക്കരനായരെപ്പോലെ പെരുമാറുന്നത്? ആര്‍ത്തിമൂത്ത് വിത്തെടുത്ത് കുത്തുന്നതിനോടുള്ള ജാഗ്രത, പല കവിതകളിലും പരോക്ഷമായ പരിസ്ഥിതി പ്രതികരണങ്ങളായി കടന്നു വരുന്നു. അണ്ടിക്കഞ്ഞി എന്ന കവിത ഭക്ഷ്യസുരക്ഷ തകിടം മറിയുന്ന കാലാവസ്ഥാവ്യതിയാന കാലത്ത് ഒരു മുറിയിപ്പു കൂടിയാണ്. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിത കുന്നിടിയ്ക്കലുമായി ബന്ധിച്ചുള്ള പരിസ്ഥിതി പരിഗണനകളോടെ വായിക്കാവുതാണ് 

കവിതയ്ക്കുള്ളില്‍ രാഷ്ട്രീയത്തെ കവി അടച്ചു സൂക്ഷിക്കുന്നുണ്ട്. വളര്‍ത്തുനായയും ഞാനും എന്ന കവിതയില്‍ സ്വാതന്ത്ര്യത്തിന്റെ പരിധി എന്ന വിഷയമാണ് ചര്‍ച്ചയ്‌ക്കെടുത്തിരിക്കുന്നത്. അസ്വാതന്ത്ര്യത്തിന്റെ ആഘാതം തുടലിനുള്ളില്‍ ചുരുങ്ങുമ്പോഴും നായ അതിന്റെ ഉടമയ്ക്കു മേല്‍ വിധേയത്വം ചൊരിയുന്നു. സ്വാതന്ത്ര്യമെന്നാല്‍ വിലമതിക്കാനാകാത്ത അവകാശമൊന്നുമല്ലെന്നും സ്വാതന്ത്ര്യത്തേക്കാള്‍ അനുസരണയ്ക്ക് പ്രാധാന്യമുള്ള അവസ്ഥകളെയും ഈ രചന കണ്ടെത്തുന്നു. ഒടുവില്‍ ''അതു തുടലിലും ഞാനതിന്റെ തടവിലും'' എന്ന മട്ടായി.. തീര്‍ത്തും നിഷ്‌കളങ്കമായൊരു ശൂലവും കൂടി വരച്ചിട്ടാല്‍ എന്താണുണ്ടാകുക? 'എന്റെ വിധി'കവിതയുടെ അപകടത്തെ കുറിച്ച് സംസാരിക്കുന്നു. 


സംഘര്‍ഷത്തിലെ കവിത

 

ദ്വന്ദപ്രമേയങ്ങളുടെ സാന്ദ്രതയേറിയ കവിതാവിഷയങ്ങളില്‍ വെളിച്ചവും നിഴലും, സത്യവും മിഥ്യയും, അറിവും അറിവില്ലായ്മയും പ്രത്യക്ഷമാകുന്നുണ്ട്. ശാന്തതയും ഒഴുകലും വെളിച്ചം മാതിരി. ഒടുവില്‍ ഭൂമിയും മണ്ണില്‍ താന്‍ മെനഞ്ഞ നിഴലുകളും അസഹ്യമാകുന്നത് 'നിഴല്‍രൂപങ്ങ'ളില്‍ കാണാം. ആവര്‍ത്തിക്കുന്ന നിഴല്‍രൂപങ്ങളെ രാകിരാകി മിനുക്കിയെടുത്ത പ്രദര്‍ശനശാല കൂടിയാണ് ഈ സമാഹാരം. 

വെളിച്ചത്തെ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന കവിതയാണ് 'റാന്തല്‍'. വിന്‍സന്റ് വാന്‍ഗോഗിന്റെ 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന ചിത്രത്തെ പുതിയ വെളിച്ചത്തില്‍ കവിത നോക്കിക്കാണുന്നു. സമൂഹത്തിലെ ദാരിദ്ര്യം, ഉച്ചനീചത്വങ്ങള്‍ എന്നിവകളെ ആരൊക്കെ ഏതൊക്കെ വിധത്തില്‍ വീക്ഷിക്കപ്പെടണം? അത്തരം കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ആരാണ്? അതാണ് ഈ കവിത ലക്ഷ്യമിടുന്നത്. വെളിച്ചമാണോ കാഴ്ച? വെളിച്ചത്തിലാണോ കാണുന്നത്? എന്ന സന്ദേഹം ഈ കവിത ജനിപ്പിക്കുന്നു. ചിത്രശാലകളിലേയ്ക്ക് നോട്ടമുള്ള അപൂര്‍വ്വഭാവം റാന്തല്‍ എന്ന കവിതയ്ക്കുണ്ട്.

''അഞ്ചുപേരിലൊരാള്‍ കുഞ്ഞു-

പെണ്‍കുട്ടിയാണവള്‍ മാത്രം

 പിന്തിരിഞ്ഞാണ്...

എത്രയും വേഗത്തിലങ്ങ

കെട്ടിരുളാനുള്ളൊരാശ-

സ്പഷ്ട മാ റാന്തലിനുണ്ട്.'' എഴുത്തില്‍ അപ്രകാരം പൂരിപ്പിക്കാനൊരു കഥാംശം സൂക്ഷിക്കുന്ന കവിതയാണ് റാന്തല്‍. ഇവിടെ നിഴലല്ല. മറിച്ച് വെളിച്ചമാണ് നായകസ്ഥാനത്ത്. ആ വെളിച്ചവും ഉത്തരവാദിത്വത്തില്‍ നിന്നും ഇപ്പോഴും മാറിക്കളയുന്നുണ്ടോ എന്നൊരു ശങ്കയും പുലര്‍ത്താതിരിക്കുന്നില്ല. 

''പിരിഞ്ഞു പോവുക

 വെളിച്ചമേ,യല്പം

മനസ്സമാധാനം

 പകരുവാനിനി-

യിരുട്ട'ുമാത്രമാണഭയം.'' എന്നാണ് ഇരുട്ടിലേയ്ക്ക് എന്ന കവിതയില്‍ കവി പറയുന്നത്. 


വിത്തുകളും പ്രകൃതിയും


എല്ലാത്തിലും രൂചിതേടുന്നത് നന്നല്ലയെന്ന സൂചനയുമായി പുത്തന്‍ മനോഭാവങ്ങളുടെ അപകടങ്ങളെ അവതരിപ്പിക്കുന്ന കവിതയാണ് അണ്ടിക്കഞ്ഞി. സുരക്ഷയുടെ തോടുടച്ച് ഭക്ഷണം കണ്ടെത്തുകയല്ല. പൊതിഞ്ഞു വച്ചതിനുള്ളിലെ സാംസ്‌കാരിക വിനിമയങ്ങളുടെ സംരക്ഷണമാണ് ഇന്നത്തെയാവശ്യമെന്ന് അണ്ടിക്കഞ്ഞിയെന്ന കവിത പറയുന്നു. പാണ്ടിക്കുള്ളില്‍ പ്രകൃതിയൊളിപ്പിച്ച ആ രഹസ്യസന്ദേശങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമേ കണ്ടെടുക്കാനും പുനര്‍ജ്ജീവിപ്പിക്കാനും സാധ്യമാകുകയുള്ളു. അതേ ഗണത്തില്‍ വരുന്ന മറ്റൊരു കവിതയാണ് വിത്തുകള്‍. പ്രകൃതിയിലെ ചിന്താശേഷിയുള്ള മാനവന്റെ ഉത്തരവാദിത്തങ്ങളെ വിത്തുകള്‍ എന്ന കവിത ഓര്‍മ്മപ്പെടുത്തുന്നു. 

''ചുളയും ചാറും നുണഞ്ഞുകഴിഞ്ഞ്

ഈ കുരു ഞാന്‍

ഉടന്‍ വലിച്ചുതുപ്പും

ആ തരിശുനിലം

അടുത്ത നിമിഷം നിബിഡവനമാകും.'' (വിത്തുകള്‍). എത്ര ബൃഹത്തായ സ്വപ്നമാണിത്.'വിത്തുകളി'ല്‍ കവിയുടെ പ്രകൃതി സങ്കല്പം പൂത്തുലയുന്നു. അന്നം വിളമ്പിയ അമ്മപ്ലാവിനോട് മലയാളിക്കുള്ള കടപ്പാടും ഇതില്‍ത്തെളിയുന്നു. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിതയില്‍ കുന്നിനും തൊടിക്കുമിടയില്‍ ഒരു പ്രണയം പ്രകടമാകുന്നതും മാനവന്റെ ഇടപെടലില്‍ അതു തകര്‍ന്നു പോകുന്നതും വിവരിച്ചിരിക്കുന്നു. വെയിലിനെയും നിഴലുകളെയും തകര്‍ക്കാന്‍ യന്ത്രം കടന്നുവരുന്നു. 

ആ സ്വച്ഛപ്രകൃതിയില്‍ ''നോട്ടപ്പഴുതങ്ങടച്ചുയര്‍ന്നു കൂറ്റനിരു ഭീമാകാര സൗധം..!'' സമകാലിക വികസനത്തെ കുറിച്ചുള്ള ചിന്തകളും കാഴ്ചപ്പാടുകളും ഇവിടെ വ്യക്തമാണ്.


എഴുത്തും വായനയും


എഴുത്ത്, വായന എന്നീ പ്രമേയങ്ങള്‍ സര്‍ഗ്ഗപ്രവര്‍ത്തനങ്ങളിലെ ഉന്മാദത്തെയാണ് കാട്ടിത്തരുന്നത്. അപരനെ ദര്‍ശിക്കുന്നതു കൂടിയാണ് വായന. 'വായന' എന്ന കവിതയെ അപ്രകാരം നിരീക്ഷിക്കാം.

''നാനാവിധത്തില്‍

ലിപിക, ളവ്യക്തത-

പേറും പദങ്ങള്‍, വരികള്‍... ..

നിന്നെ വായിക്കുവാ-

നാകാതെയെന്നില്‍ നി-

ന്നെങ്ങോ ഞാനൂര്‍ന്നുപോയിട്ടും..'' (വായന) അതിന്നിടയിലും പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ താന്‍ തോല്‍ക്കുന്നത് തിരിച്ചറിയുന്നു. ഈ പരാജയപ്പേടി രചനകളുടെ ഉള്‍ജീവിതത്തില്‍ തുടിച്ചു നില്‍ക്കുന്നുണ്ട്. പ്രയത്‌നങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ഭ്രാന്തുപിടിച്ചോടുന്ന കവിയെ ഭയപ്പെടുത്തുന്നതും ഒരുതരത്തിലുള്ള പരാജയപ്പേടിയാണ്.

''കൂരിരുളപ്പടി-മാഞ്ഞു...''

''ഇന്നു ഞാന്‍ വായിക്കുന്നു

നിന്നെ ഞാനിന്ദ്രിയ

മെല്ലൊം തുറന്നുയിര്‍ക്കൊണ്ട്.'' 

ഇവിടെയാണെങ്കില്‍ ഭാവിപ്രതീക്ഷകള്‍ പൂര്‍ണ്ണത തേടുന്നതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. 'മഴയുടെ കൃതികളി'ല്‍ കവി ആദിപ്രപഞ്ചത്തെ കുറിച്ചുള്ള ചിന്തകളില്‍ മുഴുകുന്നു. പ്രാകൃത കൈപ്പടയിലുള്ള ലിപിയുടെ ശക്തിയെ കുറിച്ച് ആശങ്കപ്പെടുന്നു. 

''പുരാതനഭാഷകള്‍-

കോറിയിടുമാ 

പഴഞ്ചന്‍ ലിപികളില്‍.'' എന്ന സൂചനയില്‍ ആദിപ്പഴമയുടെ ഗന്ധം പൊന്തിയുയരുന്നത് വായനക്കാര്‍ക്ക് തീര്‍ച്ചയായും ആസ്വദിക്കാനാകുന്നു. മഴ, വെറി എന്നിവ ഈ കവിതയില്‍ ദ്വന്ദഭാവം ചമയ്ക്കുന്നതിന്റെ സൗന്ദര്യം മനസ്സില്‍ ഓളമാകുന്നു.    

പ്രകടരീതിയില്‍ പ്രണയത്തിന്റെ തിരനോട്ടം ഈ സമാഹാരത്തിലെ കവിതകളില്‍ അപൂര്‍വ്വമാണ്. '1310' ല്‍ അന്ത്രുമാന്റെ മകള്‍ക്കും അതേ സംഖ്യ മാന്ത്രിക സംഖ്യയാകുന്നു. അതിന്റെ ഗുണിതങ്ങള്‍ എംബ്രോയിഡറിയായി അവള്‍ തുന്നിനീര്‍ത്തുന്നു. ഇതേരീതിയില്‍ കൂര്‍പ്പിലും പ്രണയം പ്രത്യക്ഷമാകുന്നത് നാനാവികാരങ്ങള്‍ സ്‌നേഹനൂലാല്‍ ആകര്‍ഷക രൂപങ്ങളാക്കി മാറ്റുന്ന എംബ്രോയിഡറി എന്ന കലാവൈഭവത്തെ കൂട്ടുപിടിച്ചാണ്. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിതയില്‍ മനുഷ്യരുടെ ഇടപെടലുകള്‍ നിമിത്തം പ്രണയം തകര്‍ത്തെറിയപ്പെടുന്നതിന്റെ സാക്ഷിപത്രമാണ്. 'പിക്‌റ്റോഗ്രാഫ്' (എഴുത്തുവിദ്യയുടെ ആദ്യരൂപം എന്നു ടിപ്പണി) എന്ന കവിതയില്‍ സ്ത്രീ സൗന്ദര്യത്തിന്റെ ആന്തരികഭാവും ഉള്‍പ്രണയ നിഗൂഢതകളുമാണ് ഭദ്രമാക്കിയിരിക്കുന്നത്. എഴുതുക, കവിത തിരുത്തുക, പ്രണയത്തെ ആവിഷ്‌കരിക്കുക ഇത്തരം സര്‍ഗ്ഗ ക്രിയകള്‍ ബാഹ്യപ്രകടനത്തിനുള്ളതല്ല എന്ന സന്ദേശവും നിഴലിടുന്നുണ്ട്. ഒടുവില്‍ എന്ന കവിതയില്‍ ഒളിപ്പിച്ചുവച്ച പ്രണയമുണ്ട്. 

''അതൊടുവില്‍ വിളറു, മടിമുടി

വാടിക്കുഴഞ്ഞുടന്‍

 കരിഞ്ഞുമണ്ണോടു ലയിക്കും.'' എന്ന നിതാന്ത സത്യവും അവതരിപ്പിച്ചിരിക്കുന്നു. 

തന്റെ കവിതകകളുടെ കാമ്പില്‍ തൊടാനാവാതെപോയ വായനക്കാരനെ കവിയിങ്ങനെയാണ് ആശ്വസിപ്പിച്ചിരിക്കുന്നത്. 

''ശങ്കവേണ്ട സുഹൃത്തേ.. 

ഈ ഭൂമി സ്വന്തമായി കറങ്ങുന്നുണ്ടൊപ്പമാ

വമ്പനര്‍ക്കനെ ചുറ്റുന്നുമുണ്ടതു

നല്ലപോലെ ഞാന്‍ നോക്കീട്ടൊരല്പവുമില്ല ഫീലീയെനിക്കും.. 

വിട്ടേയ്ക്കുക.'' താനും തന്റെ സര്‍ഗ്ഗലോകത്തിലെ അദ്ധ്വാനവും അതുവെറെയാണ് എന്നു സധൈര്യം കവി ഇവിടെ വ്യക്തമാക്കുന്നു. 


ക്ഷമിക്കണം എന്ന കവിതയില്‍ അജ്ഞതകളെ കുറിച്ചാണ് കവി ഉല്‍ക്കണ്ഠപ്പെടുത്.

''പിന്നിലത്രമേലാണ്ടൊരിരുള്‍ ഗുഹ-

തന്നെയാണെതോര്‍ക്കാതെയല്ല ഞാ-

നെന്നോ മിന്നിത്തെളിഞ്ഞ കാലങ്ങളെ

സംഭരിച്ചു പ്രകാശിച്ചു നിന്നത്.'' താന്‍ സധൈര്യം മുന്നോട്ടുണ്ടെന്നും ഇനിയും തനിക്ക് എഴുതാനുണ്ടെന്നുമുള്ള സൂചന

 ''തൂത്തൂതൂത്തേറെ ദൂരെയാട്ടീടീലും

തീര്‍ത്തൊഴിഞ്ഞു പോകില്ലതിന്‍ വാസ്തവം.'' എന്നു 'മണല്‍ത്തരി'യിലും തന്റെ സാന്നിധ്യത്തിന്റെ ആവശ്യകതയുടെ സൂചനയെ കുറിച്ചു പറയുന്നു.


ശുദ്ധഗ്രാമീണതയുടെ സംബലുകളാണ് വിവിധ കവിതകളിലെ ഈ പദങ്ങള്‍. ''മരിപ്പ്, ഹാല്‍, ഐക്കരനായര്‍, അണ്ടിക്കഞ്ഞി, മുനിഞ്ഞുകണ്ടു, പോയാറ, വെറി, മുശിട്, അലപ്പറക്കാരി..'' 


വീട്, ചെറിയ ഗ്രാമം, കുറച്ചു ഗ്രാമീണര്‍, ഗ്രാമെത്തരുവ് എവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്ന കാവ്യപരിസരമാണ് അന്നുകണ്ട കിളിയുടെ മട്ടില്‍ തെളിഞ്ഞു നില്‍ക്കുന്നത് എന്നു പറയുന്നത് ഈ കാവ്യപ്രഞ്ചത്തെ സംബന്ധിച്ച് ഒരു കുറവേയല്ല. വ്യക്തികേന്ദ്രീകൃതമെങ്കിലും പ്രമേയങ്ങള്‍ മാനത്തേയ്ക്കും തൊടിയിലേയ്ക്കും അയല്‍പക്കങ്ങളിലേയ്ക്കും കണ്ണുകള്‍ നീട്ടുന്നുണ്ട്. അതിനാല്‍ വെറും മട്ടല്ല. അതിസങ്കീര്‍ണ്ണമായ വിഷയങ്ങളുടെ ഗൗരവാഖ്യാനമാണ് 'അന്നുകണ്ട കിളിയുടെ മട്ട് എന്ന സമാഹാരം എന്നു ചുരുക്കിപ്പറയാം. 


കവിത്തച്ചു തെളിഞ്ഞ പണിത്തരങ്ങള്‍ ദേശാഭിമാനി ഡോട്ട് കോം  4 എാപ്രില്‍ 2023

  ഡി സി പോര്‍ട്ടല്‍ 23 മേയ് 2023


2024, ജനുവരി 31, ബുധനാഴ്‌ച

കേട്ടതും കേള്‍ക്കാത്തതും പാതി


 ഒരു പ്രളയത്തിന്റെ ബാക്കി/ ശബ്ദതാരാവലി തീണ്ടാത്തവ


കല്ലാര്‍ ഗോപകുമാറിന്റെ കേട്ടതും കേള്‍ക്കാത്തതും പാതി എന്ന കവിതാസമാഹാരം കയ്പന്‍ ജീവിതത്തെ ചിരിയുമായി വിളക്കിച്ചേര്‍ത്ത ഒന്നാണ്. മൈത്രി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കവിതകള്‍ വായിച്ച് പൊട്ടിച്ചിരിക്കുകയല്ല. നെടുവീര്‍പ്പിനുള്ള സാധ്യതകളാണ് കൂടുതല്‍. 

തെല്ലും ക്ലിഷ്ടതയില്ലാത്ത പ്രമേയാവതരണം. നിഘണ്ടു സഹായമില്ലാതെ മനം നിറയ്ക്കുന്ന തരത്തില്‍ തെളിവാര്‍ന്നതാണ് കവിതകള്‍. സ്വാഭാവികമായി ഉരുത്തിരിഞ്ഞവയാണിവ. സമകാലിക ജീവിതപരിസരങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്നതിലൂടെ  നിരന്തരമായ വായനയും പഠനത്തിന്റയും ആഴം ഈ എഴുത്തിന്റെ ഉള്‍ക്കാമ്പ് പണിയാന്‍ കവിയെ സ്വാധീനിച്ചതായി തെളിയുന്നു. ഫിലോസഫിയുടെ ച'ട്ടക്കൂട്ടില്‍ സിമന്റു കുഴമ്പു ചേര്‍ത്തുവച്ച് പണിയുന്നതല്ല, മനസ്സില്‍ വിരിയുന്നതാണ് കവിതയെന്ന് കല്ലാര്‍ ഗോപകുമാറിന്റെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ഈ കവിതകള്‍ വ്യാഖ്യാനിക്കാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. കവിതക്കോട്ടയുടെ മതില്‍ക്കെട്ടുകള്‍ പൊളിക്കാന്‍ ശബ്ദതാരാവലിയും തേടേണ്ടതില്ല. ആര്‍ക്കും പ്രാപ്യമാണ് 'കേട്ടതും കേള്‍ക്കാത്തതും പാതി'യിലെ നൂറിനോടടുത്ത കവിതകള്‍.


''കാടു കണ്ടിട്ടെത്ര നാളായി?'' എന്നു കാട് എന്ന കവിതയില്‍ കവി ചോദിക്കുന്നുണ്ട്. അതുമാതിരി നൂറുകണക്കിനു കവിതാസമാഹാരങ്ങള്‍ക്കിടയില്‍ നല്ലൊരു കവിതാപുസ്തകം വായിച്ചിട്ട'് എത്രനാളായി എന്ന ചോദ്യത്തിനുത്തരമാണ് ഈ പുസ്തകം. ശരാശരി കേരളീയ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു പുരുഷായുസ്സ് താനനുഭവിച്ച ജീവീതാവസ്ഥകളെ സമകാലിക ബിംബസമേതം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. ജീവിതവുമായി ബന്ധിതമായ വിഷയവൈവിധ്യം ഈ സമാഹാരത്തെ ഉയര്‍ന്ന പടിയില്‍ പ്രതിഷ്ഠിക്കുന്നു. 

വിപ്ലവം, അധികാരരാഷ്ട്രീയം, ഉദേ്യാഗസ്ഥ അധികാരം,  മാധ്യമവിചാരണ, പഴമയും പുതുമകളും തമ്മിലുള്ള സംഘട്ടനം, കവിവിചാരണ, ആള്‍ദൈവങ്ങള്‍, ഫോക്‌ലോര്‍, വ്യാകരണം, ഐറ്റി,  മാര്‍ക്കറ്റ്, ദാമ്പത്യം അങ്ങനെ ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള വിഷയങ്ങളാണ് ഇവയിലെ പ്രമേയങ്ങള്‍. അവ നിത്യവ്യവഹാരങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു. കാലികവും ആവര്‍ത്തിക്കപ്പെടാത്തതുമായ ഈ വൈവിധ്യത്തില്‍ കാലം ഏറെ ചര്‍ച്ചചെയ്യുന്ന പരിസ്ഥിതി, സ്ത്രീ പീഡനങ്ങള്‍, പ്രണയം ഇവയും വിഷയമാകുന്നു. കോവിഡാനന്തര കാലം മായ്ചു കളഞ്ഞത് എന്തൊക്കെയാണ്? അത്തരത്തിലുള്ള അനേ്വഷണവുമുണ്ട്.


 കയ്ക്കുന്ന തമാശകള്‍ക്കിടയില്‍ പുതിയ പ്രതീക്ഷയാണ് തളിരിടുന്നത് ഇതിനുദാരഹരണമാണ് ക്വിറ്റ് ഇന്‍ഡ്യ. 

''ഞാനും ഞാനും പിന്നൊരു ഞാനും 

ഞാനും ചേര്‍ന്നാല്‍ 

നാനാത്വത്തിനേകത്വം അതു-

വേദാന്തപ്പൊരുളെന്നു കുരയ്ക്കും'' അങ്ങനെ സമകാലിക തത്വശാസ്ത്രം ഒഴുകിനിറയുന്നതും ഈ കവിതയില്‍ കാണാം. ഇതിനെ തമസ്‌കരിച്ചുകൊണ്ട് പുതിയ കാലത്തെ കവി പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു.


കവി നിരന്തരം പുതുക്കു വായനയുടെ ലോകം 'നോട്ട'് ഒണ്‍ലി ബട്ട'് ആള്‍സോ'യില്‍ കാണുന്നത്. 

''കാലം മാറ്റും കഥ മാറ്റും നാം 

ആനന്ദിക്കുക സൈരന്ധ്രീ

ലൈനില്‍ മറയുക നീയേ സൈരന്ധ്രീ

വേഗം 'സൈന്‍ ഔട്ട'്' ആവുക നീയേ സൈരന്ധ്രീ..''

കയ്ക്കുന്ന ജീവിതത്തെ ഫലിതം കൊണ്ട് തൊട്ടെടുക്കാമെന്ന നിലപാട് സാധൂകരിക്കുന്ന കവിതകളാണ് കല്ലാര്‍ ഗോപന്റേത്. 

നഗരഹൃദയത്തിലും അന്നം തേടുന്ന ഒരു സാധാരണ പൗരന്റെ ജീവിതം, സ്വപ്നങ്ങള്‍ അവയെ എങ്ങനെ കഥകളിയുടെ മേളക്കൊഴുപ്പുചേര്‍ത്തു കൊണ്ട് പറയാം? എഫ്.ബി. വാട്ട്‌സാപ്പ് കാമനകളില്‍ നിന്നും 'വേഗം സൈന്‍ ഔട്ട് ആകുക   സൈരരന്ധ്രീ' കീചകവധത്തിനെ പിന്‍പറ്റി വറും കാലികമായ വിചാരണകള്‍ക്കപ്പുറത്താണ് പുതിയ ലോകമെന്ന സത്യത്തെയും വിഷയവത്ക്കരിക്കുന്നു.


ആ-ചാരത്തില്‍ എത്തുമ്പോള്‍ ഹാസ്യവിചാരണയാണ് തന്റെ ട്രേഡ് മാര്‍ക്ക് എന്ന നയം കല്ലാര്‍ ഗോപകുമാര്‍ വ്യക്തമാക്കുന്നു. ''ആചാരങ്ങള്‍ വിട്ടൊരു കളിയില്ല സാര്‍

ഞാനും ഈ വളഞ്ഞ മൂക്കോടെ 

അന്തസ്സായി .. ദിവംഗതനാവും സാര്‍'' എന്നാണ് പറയുന്നത്. 


സമകാലികമായ ഭാരതീയാവസ്ഥകള്‍ വാവാ സുരേഷിനെ വിളി എന്നതില്‍ കാണാം. രാഷ്ട്രീയം കൂട്ടിവായിക്കാന്‍ വെമ്പുന്നവര്‍ ഇതു കാണുക. കൊടുംപട്ടിണിയുടെ ഏഴാം നാള്‍ കവിതയില്‍ രാഷ്ട്രീയം എന്ത് എന്നതിനുത്തരമാകുന്നു. രാഷ്ട്രീയ വിമര്‍ശന വിധേയമല്ലാത്ത കവിത ഏതുണ്ട് ഈ സമാഹാരത്തില്‍?  

പരിണാമവാദത്തെ തമസ്‌ക്കരിക്കാന്‍ വെമ്പുന്ന കാലത്ത് പഴമയില്‍ തൂങ്ങി അതില്‍ത്തന്നെ നാശമടയാനുള്ള താല്പര്യമാണ് വായിക്കാന്‍ കഴിയുന്നത്. 

''കൊടും പട്ടിണിയുടെ ഏഴാം നാള്‍ വഴിയോരത്ത് കിടന്ന തേങ്ങയെടുത്ത 

മഹാപരാധിയെ ചിത്രവധപ്പെട്ടിയിലേറ്റി മരത്തില്‍ തൂക്കിയ നല്ലകാലം

 വീണ്ടും തിരിച്ചെത്തുമെന്ന് മലര്‍പ്പൊടി സ്വപ്നം കാണുവരാണോ..'' ശീര്‍ഷകമില്ലാത്ത കവിതയും ഇതുമായി ബന്ധിച്ച് വായിക്കാം. 

ഇതു സ്വപ്‌നങ്ങളുടെ ആവിഷ്‌കാരമാണ്. ഭാരതീയരുടെ പ്രതീക്ഷയെന്ന നഗ്നയാഥാര്‍ത്ഥ്യത്തെ കവി വിവിധ രൂപങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്



ചോദ്യകവിതകള്‍, ശീര്‍ഷകമില്ലാത്ത കവിതകള്‍ എന്നിവ കല്ലാര്‍ ഗോപകുമാറിന്റെ സവിശേഷ സംഭാവനകളായി എണ്ണാവുന്നതാണ്. 

ന്യൂജന്‍ രമണന്‍, വിര്‍ച്ച്വല്‍ ട്രീ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ലൈനില്‍ തുടരുക, സൈന്‍ഔട്ട'് എന്നിവ ശ്രദ്ധിക്കുക. കാലത്തിനൊത്ത് പുതുക്കുന്ന രചനാതന്ത്രം കവിയെ പുത്തനായി നിലനിര്‍ത്തുന്നു. അതേ സമയത്ത് തന്നെ നോട്ട'് ഒലി ബട്ട'് ആള്‍സോ, മന്ദാക്രാന്താ, നിപ്രസം ഉപ്രസം, ചേരുപടി ചേര്‍ക്കുക തുടങ്ങിയ പഴയപാഠങ്ങളും രചനകളില്‍ നിന്നും ഉപേക്ഷിക്കപ്പെടുന്നില്ല. താന്‍ പഴമയില്‍ വിളഞ്ഞ് കാലത്തിനോടൊത്ത് സഞ്ചരിക്കുന്നവനാണ്. ഈ പ്രമേയങ്ങളും പ്രയോഗങ്ങളും തെന്നയതിനു തെളിവ്. 

കവിത്രയം എന്ന സവിശേഷ രചന സമകാലിക സാഹിത്യ പ്രവണതകളെ പൊളിച്ചിടുന്നു. എഴുത്തുകാരനെ ആക്രാന്തം ആവേശിക്കുന്നത്. അവര്‍ ലക്ഷ്യമിടുന്ന ജ്ഞാനപീഠത്തെ കുറിച്ച്, എഴുത്തച്ഛന്‍ അവാര്‍ഡ് മോശമല്ല. അങ്ങനെ കവിയുടെ ചാട്ടവാര്‍ തൊടാത്തവര്‍ ആരുമില്ല.


'ചോദ്യകവിതകള്‍: ശീര്‍ഷകമില്ലാത്ത' ഇതില്‍  ഇരുപത്തിയൊന്‍പത് സവിശേഷ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയിലെ ചോദ്യങ്ങളും അവയ്ക്ക് കവി നല്‍കിയ ഉത്തരങ്ങളും വായനക്കാരനെ ഞെട്ടിക്കുന്ന ചിന്തകളാണ്. സാമൂഹ്യാവസ്ഥകളുടെ സൂചകങ്ങളായ ഇവ കറുത്ത ഫലിതം പേറുന്നു. എന്താണ് കേരളം എന്ന ചിന്ത ഈ കവിതകള്‍ നമുക്ക് മുന്നില്‍ വയ്ക്കുന്നു. സ്വയം വിമര്‍ശനം, രാഷ്ട്രീയ വിചാരണ ദൈവവിചാരണ, കാലവിചാരണ, ഫോക്‌ലോര്‍ പുനര്‍ചിന്തനം, ടെക്‌നോളജി വിചാരണ അങ്ങനെ ഈ കുറുങ്കവിതകളില്‍ ഒന്നുപോലും വായനക്കാരനെ തൊടാതെ പോകുന്നില്ല. കവിയുടെ വിശാലമായ നീരിക്ഷണ പാടവത്തിന് ഇവ തെളിവാണ്. 


2030 എന്തു സംഭവിക്കും? കാലപ്രവചനം പഴങ്കാല വര്‍ണ്ണനകള്‍ പോലെ കവിത്വം നിറഞ്ഞതാണ്. 

ലൈംഗികത, വര്‍ഗ്ഗീയത്, ദേശീയത, ചട്ടമ്പിത്തനത്തിന്റെ രാഷ്ട്രീയം തുടങ്ങിയ സല്‍ഫ്യൂരിക്ക്, ഹൈഡ്രോക്ലോറിക്, നൈട്രിക് അസിഡുകള്‍ക്കൊപ്പം ആവശ്യത്തിനു ഗന്ധകപ്പൊടിയും വിതറിയല്ല രചനകള്‍ തീര്‍ക്കേണ്ടത് എന്ന രചനാതത്വം വീണ്ടും വീണ്ടും വിളിച്ചു പറയുന്ന കവിതകളാണ് ഈ കവിയുടേത്. അത് കവിഹൃദയത്തില്‍ നിന്നും സ്വയമേവ ഒഴുകിവരേണ്ടതാണെും ഈ സമാഹാരം ഓര്‍മ്മപ്പെടുത്തുന്നു.


''തോന്നലുകളെ, മറുതോന്നലുകളുടെ കാലാള്‍പ്പട ഇറക്കിവെട്ടുന്ന കളി, പഴഞ്ചൊല്ലുകളെപ്പോലെ ഉറച്ചുപോയ തോന്നലുകളെ നാടിന്റെ പതിവ് ശീലങ്ങളെ, ബോധത്തിന്റെ അടിയാധാരങ്ങളെ ആക്രമിച്ചുകൊണ്ട് അതിന്റെ മറുമുഖം മിന്നിച്ചു കാണിക്കുന്ന ഒരു വിദ്യ കല്ലാര്‍ ഗോപകുമാറിന്റെ കവിതകളിലുണ്ട്. ചോദ്യരൂപേണയോ ഫലിതരൂപേണയോ ഈ പൊളിച്ചടുക്കല്‍ നടത്തിക്കൊണ്ടാണ് ഗോപന്റെ കവിതകള്‍ മുന്നേറുന്നത്'' അവതാരികയില്‍ ശ്രീ. അനില്‍ വേങ്കാട് അപ്രകാരം രേഖപ്പെടുത്തുന്നു. 

പൊളിച്ച് തോടുകളയാനില്ലാത്ത കവിതകളാണിവയെന്നു ചുരുക്കം. ചെറുതും വലതും തനിക്ക് ഏതുതരം കവിതയും വഴങ്ങും. കൃത്യമായ തെളിവാണ് കേട്ടതും കേള്‍ക്കാത്തതും പാതി എന്ന സമാഹാരം മുന്നില്‍ വയ്ക്കുന്നത്.


2023, ഡിസംബർ 8, വെള്ളിയാഴ്‌ച

ഗിരി എന്‍ പി : നമ്മുടെ ബഹിരാകാശ പ്രതിഭ


 


''ഞാനീയിടെ വീട്ടുപറമ്പിലെ ഒരു മഹാഗണി വെട്ടിച്ച് അതുകൊണ്ടൊരു അലമാര പണിയിച്ചു. അതില്‍ നിറയെ വായിക്കാനുള്ള പുസ്തകങ്ങളും അടുക്കി വച്ചു. മലയാള സാഹിത്യ വായനയിനി തുടങ്ങണം. എഴുതണം. ഔദേ്യാഗികമായ തിരക്കുകള്‍ കഴിഞ്ഞല്ലോ.'' ഈ വാക്കുകള്‍ ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി എസ് എല്‍ വി) പ്രോജക്ട് ഡയറക്ടായിരുന്ന ശ്രീ .എന്‍. പി ഗിരിയുടേതാണ്. ഐ എസ് ആര്‍ ഒ (ഇസ്‌റോ) യിലെ മുപ്പത്തിയേഴു വര്‍ഷ സേവനശേഷമുള്ള വിരമിക്കലിനെ തുടര്‍ന്നാണ് ഈ ശാസ്ത്ര പ്രതിഭ ഭാവിജീവിത താലപര്യങ്ങള്‍ വെളിപ്പെടുത്തിയത്.  
ജി എസ് എല്‍ വി റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണം നടന്നത് 2023 മേയ് 28 നായിരുന്നു. ഇന്‍ഡ്യയുടെ ശാസ്ത്രനേട്ടത്തിന്റേതായ പതാക  ഒരിക്കല്‍ കൂടി പാറിക്കാന്‍ നേതൃത്വം നല്‍കിയതിനു ശേഷം ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന വ്യക്തിപരമായ ചോദ്യത്തിനുള്ള ഉത്തരം ഈ പ്രതിഭയുടെ മാനസിക ലോകത്തെ കുറിച്ചുള്ള തെളിമയുടെ സൂചകം കൂടിയാണ്. ഒരു 'അനുസരണയില്ലാത്ത കുട്ടി' എന്നദ്ദേഹം വിശേഷിപ്പിച്ച ജി എസ് എല്‍ വിയുടെ വിക്ഷേപണ വിജയമാണ് തനിക്കുള്ള ഏറ്റവും നല്ല വിരമിക്കല്‍ സമ്മാനമെന്നദ്ദേഹം വിലയിരുത്തുന്നു. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് മേയ് മുപ്പത്തിയൊന്നിന് അദ്ദേഹം ഇസ്‌റോയില്‍ നിന്നും വിരമിക്കുകയും ചെയ്തു. 
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ ഐ സ് ആര്‍ ഒ യില്‍ സയന്റിസ്റ്റ് എഞ്ചിനീയര്‍ സി ആയി പ്രവേശിച്ച എന്‍ പി ഗിരി നമ്മുടെ പ്രധാന റോക്കറ്റുകളായ പി എസ് എല്‍ വി, ജി എസ് എല്‍ വി എന്നിവകളുടെ വികാസത്തിനും വിജയകരമായ വിക്ഷേപണങ്ങള്‍ക്കും അവയുടെ തുടക്ക കാലത്തന്നു തന്നെ പങ്കുവഹിച്ചു. 
ഇസ്‌റോയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ഉപരിപഠനാര്‍ത്ഥം അദ്ദേഹം എം ടെക് പഠനം നടത്തിയത്. ടെലി ഓപ്പറേറ്റഡ് റോബോട്ടിക്‌സ് ആയിരുന്നു എം ടെക് പഠനവേളയിലെ പ്രോജക്ട്. കാണ്‍പൂരിലെ ഐ ഐ റ്റി യില്‍ നടത്തിയ പ്രോജക്ടിന്റെ സങ്കേതിക കണ്ടെത്തലിന്റെ വികസിത രൂപത്തിലൂള്ള റോബോട്ടുകള്‍ ഇപ്പോഴും നമ്മുടെ ആണവ നിലയങ്ങളില്‍ മനുഷ്യപ്രവേശനം അസാധ്യമായ വികിരണ മേഖലകളില്‍ ഉപയോഗിച്ചു വരുന്നു. സ്പര്‍ശന മേഖലകളിലെല്ലാം പ്രായോഗിക വിജയം എന്നതിന്റെ ലക്ഷണമായി പഠനകാലത്തെ തുടക്കത്തിനെ വിലയിരുത്താം.

ചില താക്കോല്‍ പ്രവര്‍ത്തനങ്ങള്‍
റോക്കറ്റുകളുടെ സ്റ്റേജ് സെപ്പറേഷന്‍ സിസ്റ്റത്തിന്റെ (ജ്വലനശേഷമുള്ള വിവിധ ഘട്ടങ്ങളുടെ വേര്‍പെടല്‍ സംവിധാനം) രൂപകല്പന പ്രവര്‍ത്തനങ്ങളിലാണ് തുടക്കത്തില്‍ സയന്റിസ്റ്റ് എന്ന നിലയില്‍ പങ്കുചേര്‍ന്നത്. ആ കണ്ടെത്തലുകള്‍ പി എസ് എല്‍ വി റോക്കറ്റിന്റെ ഒന്നാം ഘട്ട റിട്രോ റോക്കറ്റ് സിസ്റ്റം വേര്‍പിരിയല്‍ സംവിധാനത്തില്‍ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഡിസൈന്‍, വികസനം, നിര്‍മ്മാണം സംബന്ധിയായ ചുമതലകളാണ് പി എസ് എല്‍ വി പ്രോജക്ട് ഭാഗമായി തുടര്‍ന്നു എന്‍ പി ഗിരി നിര്‍വ്വഹിച്ചത്. റോക്കറ്റ് മെക്കാനിസം, ഡിസൈന്‍, അവയുടെ അനാലിസിസ് വിഭാഗം തലവന്‍ എന്ന നിലയിലും ടെലി റോബോട്ടിക്‌സ് ശാഖയ്ക്കും ഒട്ടേറെ സംഭാവനകള്‍ നല്‍കുകയുണ്ടായി.
ചാന്ദ്ര പര്യവേഷണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞത് രാജ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന ശാസ്ത്ര സംഭാവനയാണ്. ചന്ദ്രയാന്‍ 1 ഉപയോഗിച്ച് ചന്ദ്രനില്‍ ദേശീയപതാക എത്തിച്ച മൂണ്‍ ഇംപാക്ട് പ്രോബ് (എം ഐ പി) ന്റെ ഘടന ഡിസൈന്‍ ചെയ്തതില്‍ സുപ്രധാന പങ്കുവഹിച്ചു. 
2007ല്‍ നടന്ന സ്‌പേസ് റിക്കവറി എക്‌സ്‌പെരിമെന്റ് ഒന്നിലെ പങ്കാളിത്തമായിരുന്നു എന്‍ പി ഗിരിയുടെ സംഭാവനകളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. ഭാവിയിലെ മനുഷ്യരെ വഹിച്ചുള്ള പേടകങ്ങള്‍ ദൗത്യശേഷം ഭൂമിയില്‍ തിരിച്ചിറക്കുക എന്നതിന്റെ നാന്ദി പരീക്ഷണമായിരുന്നു അത്. ബഹിരാകാശത്തെത്തുന്ന പേടകത്തെ സുരക്ഷിതമായി ഭൂമിയില്‍ തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യയുടെ വിവിധ ഘട്ടങ്ങളുടെ നിര്‍മ്മാണവും പരീക്ഷണവും അതിലൂടെയാണ് പൂര്‍ത്തീകരിച്ചത്.
ഈ പരീക്ഷണത്തിലെ ക്യാപ്‌സ്യൂളിന്റെ ബഹിരാകാശത്തു നിന്നും തിരിച്ചുള്ള അന്തരീക്ഷ പ്രവേശവും അതിനെ ഭൂമിയില്‍ സുരക്ഷിതമായി ഇറക്കുന്ന റീ എന്‍ട്രി പരീക്ഷണത്തിലും എന്‍ പി ഗിരി സുപ്രധാന പങ്കുവഹിച്ചു. അഞ്ചിലേറെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരീക്ഷണങ്ങളില്‍ എന്‍ പി ഗിരി സിസ്റ്റംസ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റ ഡപ്യൂട്ടി ഡയറക്ടറായിരുന്നു. പരീക്ഷണത്തിന്റെ  ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ പ്രധാന സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തിച്ച് അതു പൂര്‍ത്തിയാക്കേണ്ടതായും വന്നു. അതിനുപരിയായി സ്‌പേസ് ക്യാപ്‌സ്യൂളിന്റെ ബാഹ്യ താപസംരക്ഷണ കവചത്തിന്റെ രൂപകല്പന, വികാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവകളില്‍ സുപ്രധാന സംഭാവനകള്‍ നല്‍കുകയും ചെയ്തു. 
മൈക്രോഗ്രാവിറ്റിയിലെ ഭാരമില്ലായ്മയില്‍ ക്യാപ്‌സ്യൂളിനുള്ളില്‍ നടത്തിയ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങള്‍, 12 ദിവസങ്ങള്‍ ഓര്‍ബിറ്റ് വാസം കഴിഞ്ഞതിനുശേഷം ക്യാപ്‌സൂളിനെ തിരിച്ച് ഭൂമിയിലേയ്ക്ക് ഇറക്കി കൊണ്ടുവരിക തുടങ്ങിയ പരീക്ഷണങ്ങളെ കൃത്യമായി  ട്രാക്ക് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നെന്ന് എന്‍ പി ഗിരി അതിനെ കുറിച്ച് ഓര്‍ക്കുന്നു.  .
ബഹിരാകാശത്ത് പ്ലസ്മ അവസ്ഥയില്‍ 90 മുതല്‍ 40 കിലോ മീറ്റര്‍ വരെയുള്ള ദൂരത്തില്‍ ക്യാപ്യൂസിളിന്റെ പതനവേളയില്‍ ഏകദേശം  നാലു മിനുട്ട് സമയം അതുമായി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ സാധ്യമായിരുന്നില്ല. ക്യാപ്‌സൂളിന് എന്തു പറ്റി എന്നുപോലും ഗ്രൗണ്ടിലെ നിയന്ത്രണ കേന്ദ്രങ്ങള്‍ക്ക് അറിയാന്‍ കഴിയുമായിരുന്നില്ല. താഴേയ്ക്ക് നിപതിക്കുന്ന ക്യാപ്‌സ്യുളിനെ കടലിലെ കൃത്യമായ സ്ഥാനത്ത് എത്തിക്കുകയും വീണ്ടെടുക്കുകയും ചെയ്യുക എന്നത് തീര്‍ത്തും ശ്രമകരമായ ദൗത്യമായിരുന്നു എദ്ദേഹം ഓര്‍ക്കുന്നു.
 ഭാവിയില്‍ ഐ എസ് ആര്‍ യുടെ ശൂന്യാകാശ ദൗത്യങ്ങളില്‍ ഈ കണ്ടുപിടുത്തങ്ങള്‍ക്ക് സുപ്രധാനമായ പ്രാധാന്യമാണുള്ളത്. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുക മാത്രമല്ല മനുഷ്യദൗത്യങ്ങള്‍ വിജയകരമാക്കുന്നതിലും ഈ രണ്ടാം തലമുറ ഐ സ് ആര്‍ ഒ ശാസ്ത്ര്ജ്ഞന്റെ ബൗദ്ധികതയുടെ സാന്നിധ്യം പ്രകടമാണ്.  
തദ്ദേശീയമായി നിര്‍മ്മിച്ച ക്രയോജനിക് സ്റ്റേജ് ഉപയോഗിച്ച് ജി എസ് എല്‍ വിയുടെ വിജയകരമായ  വിക്ഷേപണങ്ങളില്‍ അഞ്ച് തവണ വെഹിക്കിള്‍ ഡയറക്ടര്‍ ചുമതലകള്‍ നിര്‍വ്വഹിച്ചു. 2019 മുതല്‍ തുടര്‍ന്ന് ജി എസ് എല്‍ വി യുടെ പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്‌പേസ് റിക്കവറി എക്‌സ്‌പെരിമെന്റ് നടത്തുമ്പോള്‍ അതൊരു ആവേശമായിരുന്നു. എന്നാല്‍ ജി എസ് എല്‍ വി ദൗത്യത്തിന്റെ വിജയത്തിനായി യത്‌നിക്കുമ്പോള്‍ അതിന്റെ ഫലം കരഗതമായപ്പോള്‍ അതൊരു മഹത്തായ ആശ്വാസമായി, രാജ്യത്തിന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ വിജയം നല്‍കിയ  വലിയ ആശ്വാസവും ആത്മവിശ്വാസവുമാണത്. കാരണം എസ് ആര്‍ ഇ പ്രോജക്ട് എന്നത് ചെറിയൊരു ജലാശയം മാതിരിയായിരുന്നു. ജി എസ് എല്‍ വി എന്നത് പരീക്ഷണങ്ങളുടെ പാരാവാരമാണ്. അതിനെ വിജയത്തില്‍ എത്തിക്കാന്‍ യത്‌നിക്കുക എന്നത് അതിസാഹസീയത നിറഞ്ഞ സമുദ്ര സഞ്ചാരമായിരുന്നു എന്നദ്ദേഹം വിലയിരുത്തുന്നു.  
അന്താരാഷ്ട്ര തലത്തില്‍ നിരവധി സ്‌പേസ് കോണ്‍ഫറന്‍സുകളില്‍ എന്‍ പി ഗിരിയുടെ സാന്നിധ്യമുണ്ടായി എന്നതും ശ്രദ്ധേയമാണ്.. ഇന്‍ഡ്യന്‍ അസ്‌ട്രോനോട്ടിക്കല്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ നാഷണല്‍ സൊസൈറ്റി ഓ്ണ്‍ എയ്‌റോ സ്‌പേസ് തുടങ്ങിയ സംഘടനകളില്‍ അംഗത്വമുള്ള ഈ ശാസ്ത്രജ്ഞന്‍ നിരവധി രാജ്യാന്തര കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിനോടകം അനവധി ശാസ്ത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുണ്ട്. എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി, സിസ്റ്റം സൊസൈറ്റി എന്നീ ഗവേഷണ സംഘടനകളുടെ തിരുവനന്തപുരം ശാഖയുടെ ചെയര്‍മാനായിരുന്നു. 
പ്രവൃത്തി പരിചയത്തിന്റെയും  അറിവുകളുടെ അടിസ്ഥാനത്തില്‍ യഥോചിതമായ തീരുമാനങ്ങളാണ് ഒരു എയറോ നോട്ടിക് എഞ്ചിനീയറെന്ന നിലയിലെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ഈ ശാസ്ത്രപ്രതിഭ സ്വയം വിലയിരുത്തുന്നു. റോക്കറ്റുകളുടെയും റീ എന്‍ട്രി വാഹനങ്ങളുടെയും സിസ്റ്റം എന്‍ഞ്ചിനീറിംഗില്‍  ഗൈഡന്‍സ് ആന്റ് നാവിഗേഷന്‍ രംഗത്തെ രാജ്യത്തെ അപൂര്‍വ്വ ബൗദ്ധിക സാന്നിധ്യമായ എന്‍ പി ഗിരി വിരമിച്ചിട്ടും ഐ സ് ആര്‍ ഒ യുടെ പ്രോജക്ടുകളുടെ വിലയിരുത്തല്‍ പ്രക്രിയയുടെ കമ്മിറ്റികളുടെ  ചെയര്‍മാനായി ഇപ്പോള്‍ തുടരുകയാണ്.

ജീവിതവും വീക്ഷണവും
നെടുമങ്ങാട് അമ്മന്‍കോവിലിനു സമീപം കാനറാ ബാങ്ക് ഉദേ്യാഗസ്ഥനായ നീലകണ്ഠപ്പിള്ളയുടെയും പാര്‍വ്വതി അമ്മയുടെയും പുത്രനായി 1963 ലായിരുന്നു ജനനം. 
അധ്യാപികയായിരുന്ന ശ്രീമതി മിനിയാണ് ഭാര്യ. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ആയ ശ്രീമതി അപര്‍ണ്ണ, മാധ്യമ, സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരായ അച്യത്, അക്ഷയ് എന്നിവര്‍ മക്കളാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് താമസം.
നെടുമങ്ങാട് ടൗണ്‍ എല്‍ പി എസ്, ബോയ്‌സ് യു പി എസ്, മഞ്ച ബോയ്‌സ് ഹൈസ്‌കൂള്‍ നെടുമങ്ങാട്, തിരുവനന്തപുരം ഗവ. ആര്‍ട്ട്‌സ് കോളേജ്, തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജ്, കാണ്‍പൂര്‍ ഐ ഐ റ്റി എന്നിവിടങ്ങളിലായിരുന്നു പഠനം നടത്തിയത്. 1978 ല്‍ എന്‍ സി അര്‍ റ്റി ഇ യുടെ ദേശീയ തലത്തിലുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ളിപ്പ് സ്‌കൂള്‍ പഠന കാലത്തെ സുപ്രധാന പഠനനേട്ടത്തിളക്കങ്ങളില്‍ ഒന്നാണ്. 
സി ഇ ടി യില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് റാങ്കോടെ പാസ്സായ ശേഷം 1985 ല്‍ വി എസ് എസ് സി യില്‍ സയന്റിസ്റ്റ് എഞ്ചിനീയറായി ചേര്‍ന്നു. തുടര്‍ന്ന് 99.68% ഗേറ്റ് സ്‌കോറോടെ കാണ്‍പൂര്‍ ഐ ഐ റ്റിയില്‍  എം ടെക് പ്രവേശനം നേടി. മെഷീന്‍ ഡിസൈന്‍ & റോബോട്ടിക്‌സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. 
എസ് എല്‍ വി റോക്കറ്റിന്റെ വിക്ഷേപണ വിജയത്തോടെ റോക്കറ്ററി എന്ന ശാസ്ത്രവിഭാഗം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്താണ് എന്‍ പി ഗിരി ഇസ്‌റോയില്‍ ചേരുന്നത്. 'കലാം ഇഫക്ട്' കത്തി നില്‍ക്കുന്ന സമയം. എ പി ജെ അബ്ദുള്‍ കലാമിന്റെ ഉത്തേജക ജനകമായ നിര്‍ദ്ദേശങ്ങള്‍ ഇന്‍ഡ്യയുടെ ബഹിരാകാശത്തിലെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കാലമായിരുന്നത്. ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധവച്ചിരുന്നു. 
 ഓരോ ഫ്‌ളൈറ്റിലെയും നൂറായിരം ഘടകങ്ങളുടെ നിരന്തരമായ പരീക്ഷണങ്ങളുടെ ആകെത്തുകയാണ് വിക്ഷേപണത്തറയിലെത്തുന്ന ഓരോ റോക്കറ്റും. നിരവധി വിജയ പരാജയങ്ങളിലൂടെയാണ് അവയിലെ അനേകം ഘടകങ്ങളും കടന്നു വന്നിരിക്കുന്നത്. വിജയം എന്നതിനേക്കാള്‍ പരാജയങ്ങളുടെ സംഖ്യയാണ് ബഹിരാകാശ ശാസ്ത്രത്തില്‍ ഏറെയുള്ളത്. അതിനാല്‍ തന്നെ തോല്‌വിയെ കുറിച്ച് എന്‍ പി ഗിരി വ്യക്തമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നുണ്ട്. പരാജയത്തില്‍ നിന്നും വിജയത്തിലേയ്ക്ക് ചലിക്കുക അതാണ് വേണ്ടത് എന്നാണ് വിലയിരുത്തുന്നത്. മനുഷ്യരുടെ വികാസചരിത്രത്തില്‍ ഒരിടത്തും പരാജയത്തില്‍ നിന്നും അവര്‍ പിന്മാറിയതായി കാണാനാവില്ല. മുന്നേറുക എന്നതിനെ സൂചിപ്പിക്കാന്‍ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു.
പഠന കാലത്തുടനീളം പ്രഗത്ഭനായ വിദ്യാര്‍ത്ഥി ആയിരുന്ന അദ്ദേഹത്തിന് കുട്ടികളോട് പറയാനുള്ളത് നന്നായി പഠിക്കുക, നന്നായി വായിക്കുക, നന്നായി ആലോചിക്കുക എന്നതാണ്. കുട്ടിക്കാലം ഭാവിയിലേയ്ക്കുള്ള ചൂണ്ടുപലകയാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് അങ്ങനെ ഏതു വിഷയത്തിനും റോക്കറ്ററി രംഗത്ത്  സ്ഥാനമുണ്ട്. സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിലൂടെയാണ് തന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രി. കെ വാമദേവന്‍ തന്നില്‍ വളര്‍ത്തിയ ശാസ്ത്രീയ ഉത്സുകതയെ ഇപ്പോഴും ഈ ശാസ്ത്രജ്ഞന്‍ സ്മരിക്കുന്നു. നെടുമങ്ങാട് സ്വാതന്ത്ര്യ സമര ശതവാര്‍ഷിക ഗ്രന്ഥശാലയിലെ സജീവ വായനക്കാലവും സാംസ്‌കാരിക അടിത്തറ നല്‍കിയതും ഉജ്ജ്വലമായ കൂട്ടിക്കാല ഓര്‍മ്മയാണ്. പഠനകാലത്ത് കലാകായിക രംഗത്തും എന്‍ പി ഗിരി ശോഭിച്ചിരുന്നു. മഞ്ച സ്‌കൂളിലെ ഗാനമേള, കഥാപ്രസംഗം, നാടക സ്റ്റേജുകള്‍ അന്യമായിരുന്നില്ല. സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രസംഗ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. നല്ലൊരു ഷട്ടില്‍ ബാറ്റ്മിന്റ കളിക്കാരനുമായിരുന്നു. അതീവ സമ്പമായ ഒരു ബാല്യകാലം വിജയത്തിന് അത്യന്താപേക്ഷിതമാണെ സൂചനകള്‍ ഇവ നല്‍കുന്നു. 
ശാസ്ത്രഗതി മാസികയില്‍ ഗണിതപ്രശ്‌ന പംക്തി കൈകാര്യം ചെയ്തിരുന്നതും ഹാലീസ് വാല്‍നക്ഷത്രം വന്ന സമയത്ത് ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേര്‍ന്നു നടത്തിയ ജ്യോതിശാസ്ത്ര ക്ലാസ്സുകളും ഇദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ സൂചകങ്ങളാണ്. കോവിഡ് കാലത്ത് തന്റെ വിദ്യാലയത്തിലെ തുടര്‍വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും സ്മരണീയമാണ്. അതിനാലാണ് വായിക്കാനും എഴുതാനും താല്പര്യമെടുക്കുന്ന ഈ ശാസ്ത്രജ്ഞനെ ലോകം കാതോര്‍ത്തിരിക്കുന്നത്. 
ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ നടത്തിപ്പ് മാത്രമല്ല ബഹിരാകാശ ഭാവി പരിപാടികളിലും അസൂയാര്‍ഹമായ കൈയൊപ്പാണ് ഈ പ്രതിഭ പതിപ്പിച്ചത് എന്നതില്‍ തര്‍ക്കമില്ല.


2023, നവംബർ 25, ശനിയാഴ്‌ച

എക്‌സ്‌കവേറ്റര്‍ EXCAVATOR


 


ദാവണ്‍ഗരെ പ്രോജക്ടിനുവേണ്ടി കുന്നുകളും താഴ്‌വരകളും നിറഞ്ഞ ഒരു ദേശത്തിനെ അപ്പാടെ തട്ടി നിരപ്പാക്കിയിതിനു ശേഷം അവര്‍ യാത്ര തുടങ്ങി. കഴിഞ്ഞ ഒന്നൊന്നര മാസമായി ഒന്നിരിക്കാന്‍പോലും നേരം കിട്ടാതെ പൂഴിയിലിഴയുകയായിരുന്നു. പറന്നുപൊങ്ങിയ പൊടിപടലം മനസ്സിലും ചെളിയുടെ പാടയുണ്ടാക്കി. നാട്ടിലേക്കൊന്നു പോകാന്‍, കൈകാലുകള്‍ നിവര്‍ത്തി റെസ്റ്റെടുക്കാന്‍ ചെറിയൊരു ഇടവേള മുരുകന്‍ പ്രതീക്ഷിച്ചു. പക്ഷേ ദാവണ്‍ഗരെയിലെ പണി അവസാനിക്കും മുമ്പേ തന്നെ ഹിന്ദുസ്ഥാന്‍ എര്‍ത്ത് മൂവേഴ്‌സിന്റെ വകയായ പ്രൊക്ലൈനറുകള്‍, എക്‌സ്‌കവേറ്ററുകള്‍, ടിപ്പര്‍ലോറികള്‍ എന്നിവയടങ്ങുന്ന വാഹനവ്യൂഹം യാത്രാസജ്ജമായി. പൂക്കോടുംപാടം എന്ന ഗ്രാമത്തിലാണ് അടുത്ത യുദ്ധം.

യന്ത്രവാഹന കോണ്‍വോയ്‌യുടെ ഏറ്റവും പുറകിലായിരുന്നു മുരുകനോടിക്കുന്ന ആദിപരാശക്തിയെന്ന എക്‌സ്‌കവേറ്റര്‍. പൊടികയറാതെ ചില്ലുകള്‍ താഴ്ത്തിവച്ച് ക്യാബിനുള്ളില്‍ മുരുകനിരുന്നു. കല്‍ക്കുളത്തു നിന്നും വന്നിരുന്ന ആന്റണിയോടിച്ചിരുന്ന ലോറിയാണ് ആദിപരാശക്തിയെയും അതിനുള്ളിലെ മുരുകനെയും ചുമന്നിരുന്നത്. പൂക്കോടുംപാടത്തെ കിളച്ചുമറിച്ചൊരുക്കുന്നത് എന്തു നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണാവോ? വിമാനത്താവളത്തിന്റെ ജോലി, അതു തീരാന്‍ മാസങ്ങളെടുക്കും എന്നൊക്കെ നേരത്തെ കേട്ടിരുന്നു. അത്തരം കെട്ടുകഥകള്‍ മുരുകന്‍ അവഗണിക്കാറേയുള്ളു. അവിടെ കെട്ടിയൊരുക്കുന്നത് സ്‌കൂളോ, കോളേജോ, ആശുപത്രിയോ? എന്തു ശവക്കോട്ടയാണെറിഞ്ഞിട്ട് പരദേശിക്കെന്തു കാര്യം? ചെന്നിലംപട്ടിയില്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ. അതു മതി. സീനിയര്‍ സൂപ്പര്‍വൈസര്‍ ജോസിന് കാര്യങ്ങളെല്ലാമറിയാം. മുതലാളിമാരുടെ രഹസ്യങ്ങള്‍പോലും. പക്ഷേ ഒരു കിന്നാരത്തിനും അവനെ കിട്ടില്ല. എഞ്ചിനീയര്‍മാര്‍ക്കും പണിക്കാര്‍ക്കുമിടയില്‍ ഓടിനടക്കുന്നതിന്നിടയില്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. യന്ത്രങ്ങളെപ്പോലെ തന്നെ മിണ്ടില്ല. ജോലിക്കാരെ വിരട്ടാന്‍ ചിലപ്പോള്‍ അലറിയെന്നിരിക്കും. 

യന്ത്രത്തിന്റെ മണ്ണെടുക്കുന്ന എക്‌സ്‌കവേറ്റര്‍ ഭാഗം പ്രാര്‍ത്ഥനാപ്പക്കിയുടെ തൊഴുതു മടക്കി വച്ചിരിക്കുന്ന കൈകള്‍പോലെ. അതു പൊടിയുടെ വലക്കെട്ടില്‍ വശങ്ങളിലേയ്ക്ക് ആടിക്കൊണ്ടിരുന്നു. എന്നെ ഉപദ്രവിക്കരുതേയെന്ന ഭാവത്തില്‍ ഇഴയുന്ന ഒരു പാവം ജീവി. ആ ന്ത്രത്തെ കാണുന്ന ആരും അങ്ങനേയേ പറയൂ. ലിവറുകള്‍ അഴിച്ച് എക്‌സ്‌കവേറ്ററിനെ അയച്ചുവിടണം. അപ്പോള്‍ കാണാം വിക്രിയകള്‍. ഭൂമിയുടെ കണ്ണും കാതും തൊഴുകൈ നിര്‍ദാക്ഷണ്യം ചൂഴ്‌െന്നടുക്കും.

ഇത്തരത്തിലുള്ള യുദ്ധസാഹം ഗ്രാമത്തിലാദ്യമായാണ്. മണ്ണുമാന്തികളെ, ചുമന്നുകൊണ്ടുവരുന്ന സാമാനങ്ങളെ നിന്നനില്പില്‍ പിന്നോക്കം മറിക്കുന്ന ലോറികളെ, അവയ്ക്കുള്ളിലെ വിവിധ വേഷധാരികളായ പണിക്കാരെ നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനിന്നു. അത്ഭുതാരവങ്ങളോടെ വായപൊളിച്ചു നില്ക്കുന്നവരില്‍, ആരുടെയൊക്കെ കിടപ്പാടങ്ങളെയാണാവോ വേരോടെ പിഴുതെറിയേണ്ടത്? എത്രയെത്ര നെല്‍പ്പാടങ്ങളുടെ കണ്ണീര്‍ക്കയങ്ങളിലാണ് മണ്ണെറിഞ്ഞ് നിരപ്പുവരുത്തേണ്ടത്? ഏതേതു കുടിനീരുറവകള്‍ക്കുള്ളിലേയ്ക്ക് മണ്ണുകുത്തിയിറക്കണം? നാടിന്റെ പച്ചപ്പു മുഴുവനും വലിച്ചു പറിക്കുന്നതോര്‍ക്കുമ്പോള്‍ അകലെയുള്ള വരള്‍ച്ചയൊഴിയാത്ത ഒരു ഗ്രാമം മുന്നിലേയ്ക്ക് ഓടിവന്നു. 

പച്ചപ്പാവടയും ബ്ലൗസും കറുത്ത തട്ടവുമായി വഴിയരികില്‍ കാഴ്ചകണ്ടു നിന്ന ആമിന മുരുകനു നേരെയും കൈവീശി. ഇതിലെന്തു പുതുമയെ ഭാവത്തോടെ മുരുകന്‍ അറച്ചറച്ച് തിരിച്ചും. ചെന്നിലംപട്ടിയിലെ പനയോല മേഞ്ഞ കുടിലിന്റെ ഓര്‍മ്മ മുരുകനില്‍ അവളുണ്ടാക്കി. പുഷ്പവും മകളും എന്തുചെയ്യുകയാവുമിപ്പോള്‍? ദാവണ്‍ഗരെ പ്രോജക്ടിന്റെ പണി കഴിഞ്ഞാലുടനെ നാട്ടിലേയ്ക്ക് പോകണമെന്നുറപ്പിച്ചതായിരുന്നു. മകളെ സ്‌കൂളില്‍ ചേര്‍ക്കേണ്ട കാലം കഴിഞ്ഞെന്നു തോന്നുന്നു. കുളിച്ച് കുറിയിട്ട് ഈ നാട്ടിലെ കുട്ടികളെല്ലാം രാവിലെ സ്‌കൂളിലേയ്ക്ക് പോകുന്നതു കാണുമ്പോള്‍ മുരുകന് അതിശയമാണ്. പുഷ്പത്തിന് അതിനെക്കുറിച്ചെന്തെങ്കിലുമറിയാമോ? അവിടെയിത്തവണ പുരമേഞ്ഞിരിക്കുമോ? അതാലോചിച്ചപ്പോള്‍ മുരുകനൊരാന്തലുണ്ടായി. താനുമപ്പനും മണ്ണുകുഴച്ച് ഒരുക്കിയതായിരുന്നു കൂര. കാലംതെറ്റി വരുന്ന ഒരു മഴയെപ്പോലും താങ്ങാനുള്ള ശേഷി മേല്‍പ്പുരയ്ക്കുണ്ടാവില്ല. അതൊക്കെ മറക്കാന്‍ മുരുകന്‍ ആമിനയ്ക്ക് നേരെ കൈവീശിക്കൊണ്ടിരുന്നു. 

മുിലെ വാഹനത്തിന്റെ വാഹനത്തിന്റെ വാലുപിടിച്ച് ലോറിക്കു മുകളിലിരുുള്ള സുഖയാത്ര മുരുകനും അരോചകമായി തോി. ആദിപരാശക്തിയും ഉറക്കം തൂങ്ങുകയാണ്. യന്ത്രത്തെ ഉണര്‍ത്താന്‍ അതിന്റെ  എക്‌സ്‌കവേറ്റര്‍ ഭാഗം മുരുകനുയര്‍ത്തി വച്ചു. ലോറിക്കുള്ളില്‍ ഇപ്പോഴുള്ളത് പുറത്തേയ്ക്ക് ചാടാനൊരുങ്ങിയ കങ്കാരുവാണെ് മുരുകന്‍ സങ്കല്പിച്ചു. 

ആമ്പുലന്‍സായിരുന്നു മുമ്പ് മരുകനോടിച്ചിരുന്നത്. മാറിപ്പോ, മാറിപ്പോയെന്നു വിളിച്ച് തലയില്‍ ചുവന്ന ലൈറ്റും ചുഴറ്റിപ്പായുമ്പോള്‍ മുന്നിലാരും വന്ന് വഴി തടയാറില്ല. എങ്കിലും സ്റ്റീയറിംഗില്‍ കൈ തൊടുമ്പോള്‍ തന്നെ മനസ്സടഞ്ഞുപോകും. സര്‍വ്വാംഗങ്ങളിലും മരവിപ്പ്. പുറകില്‍ നീറിപ്പുകഞ്ഞുയരുന്ന കരച്ചിലുകള്‍ക്കിടയില്‍ ടാര്‍നിരത്തുകള്‍ മാത്രം മുന്നില്‍ത്തെളിയും. വീണ്ടുമൊരിക്കല്‍ക്കൂടി  പോകാനാഗ്രഹം തോന്നാത്ത കറുത്ത വഴികള്‍. എങ്ങനെയൊക്കെ ചുറ്റിവളഞ്ഞോടിയാലും ഒടുവിലത് ചെന്നവസാനിക്കുന്നത് കൂട്ടനിലവിളികളുകളുടെ പെരുങ്കെട്ടിലാണ്. ആമ്പുലന്‍സിനെ കണ്ടിട്ടിതുവരെയും ആരും കൈവീശിക്കാണിച്ചിട്ടില്ല. ആ കാഴ്ചതന്നെെയാരു കത്തലാണെന്ന് വേഗം കുറച്ച് ചില വളവുകള്‍ തിരിയുമ്പോള്‍ ഉത്ക്കണ്ഠാകുല മുഖങ്ങള്‍ പറയുന്നത് മുരുകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സായാഹ്നങ്ങളില്‍ പടിഞ്ഞാറുനിന്നും ചിതറി വീഴുന്ന സ്വര്‍ണ്ണപ്രകാശത്തിനുള്ളിലൂടെ ഒരു കുന്നിഴഞ്ഞു കയറുമ്പോള്‍, മഞ്ഞും നിലാവും മേളിക്കുന്ന നേരത്ത്, പാടത്തിന്റെ നടുവില്‍ തിരക്കില്ലാത്ത റോഡില്‍ കണ്ണുകള്‍പോലും ചത്തിരിക്കും. മടക്കയാത്രകളില്‍ ഏകാന്തനായി അടയാളക്കല്ലുകള്‍ മാത്രം ശ്രദ്ധിച്ച്, പടിപ്പുരകള്‍ അടച്ചുറങ്ങുന്ന വീടുകള്‍ക്കിടയിലൂടെ വഴിചോദിക്കാന്‍ ആരെയും കാണാതെ പുറത്തൊരു നെയ്ത്തിരി നേര്‍ച്ചവച്ച് ദേവീദേവന്മാരുറങ്ങുന്ന അമ്പലങ്ങള്‍ക്കു മുന്നിലൂടെ ചിലയിടങ്ങളില്‍ ട്യൂബ്‌ലൈറ്റിന്റെ പ്രകാശത്തില്‍ ഉണ്ണിയേശു രൂപങ്ങള്‍ മാത്രം ഉണര്‍ന്നിരിക്കും. അപരിചിതരെക്കണ്ടുപോലും പുഞ്ചിരിച്ചുകൊണ്ട്. 

അന്നൊക്കെ മൂന്നാലു ദിവസങ്ങള്‍ കൂടുമ്പോഴെങ്കിലും വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നു. എത്ര ഉറക്കത്തിന്നിടയിലായിരുന്നാലും കാല്‍പ്പെരുമാറ്റം പുഷ്പം പിടിച്ചെടുക്കും. തിണ്ണയില്‍ നിന്നും വലിച്ചിറക്കി, തലയിലൊരു കുടം വെള്ളമൊഴിച്ചതിനുശേഷം മാത്രമേ അവള്‍ അകത്തുകയറാന്‍ സമ്മതിച്ചിരുന്നുള്ളു. ഏതു വേനലിലും അതിനുള്ള വെള്ളമവള്‍ കരുതിവച്ചിരിക്കും. ഇപ്പോള്‍ പുഷ്പത്തിനെ കുറിച്ചോര്‍ക്കാന്‍ തന്നെ ഭയമാകുന്നു. സത്യത്തില്‍ അവളുടെ മൂക്കൂത്തിയുടെ നിറംപോലും മറന്നുപോയിരിക്കുന്നു. പറന്നുയരുന്ന പൊടിക്കാട്ടില്‍ രാവും പകലും യന്ത്രങ്ങള്‍ ആര്‍ത്തിരമ്പുമ്പോള്‍ പുഷ്പത്തിനെ കുറിച്ചെന്തോര്‍ക്കാനാണ്? മണ്ണിന്റെയും മരങ്ങളുടെയും പ്രാണന്‍ പറിഞ്ഞു നീങ്ങുമ്പോഴുയരുന്ന നിലവിളികള്‍ക്കിടയില്‍ മനസ്സൊന്നു തെളിഞ്ഞാല്‍ത്തന്നെ ജോസിന്റെ ആക്രോശങ്ങളിലെല്ലാം കലങ്ങിമറിയും. പുഷ്പത്തിന് കാവല്‍ ഇരുട്ടുമാത്രം. ചേരിയില്‍ നിന്നു പൊങ്ങുന്ന ചൂളംവിളിയൊച്ചകള്‍ അവളെ പ്രലോഭിപ്പിക്കാതിരിക്കട്ടെ. മുത്തുമാരിയമ്മന്‍ പുഷ്പത്തെ കാത്തുകൊള്ളും. ഒരിക്കല്‍വന്ന കൈപ്പിഴ അമ്മന്‍ മറന്നുകാണില്ല.

ഓടിത്തളര്‍ന്ന കോവോയ് ചെറിയൊരു മൈതാനത്തിലുറഞ്ഞു. കൊച്ചുകൊച്ചു പച്ചക്കുന്നുകള്‍ കാഴ്ചയില്‍ വരുന്ന ഒരിടം. വാഹനങ്ങള്‍ നിന്നപ്പോള്‍ തന്നെ ജോസിനു പിരിയിളകി. ടെന്റുകള്‍ ഉറപ്പിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി അവനോടി നടന്നു. മണ്ണുമാന്തികളെ തുടച്ചുവൃത്തിയാക്കുക, സന്ധികളില്‍ എണ്ണയിടുക, തുടങ്ങിയ ജോലികള്‍ ഹെല്‍പ്പേഴ്‌സ് ചെയ്തു തുടങ്ങി. ആഹാരം തയ്യാറാക്കുന്ന കൂടാരങ്ങളില്‍ നിന്നും എണ്ണയുമുള്ളിയും മൂക്കുന്നതിന്റെ മണമുയര്‍ന്നു. ചെറിയ മൈതാനം കാണക്കാണെ നിറഞ്ഞു തുളുമ്പുന്ന ഒരുറവയായി ഈ പ്രദേശത്തു മുഴുവനും പടരും. യന്ത്രങ്ങള്‍ പച്ചപ്പിനെ വേരിളിക്കി വടിച്ചുമാറ്റും. ഗ്രാമീണര്‍ പലായനം ചെയ്യും. ജീവജാലങ്ങളുടെ ഭൂപടത്തില്‍ നിന്നും ഇങ്ങനൊരു പ്രദേശം അപ്രത്യക്ഷമാകും. 

യന്ത്രങ്ങള്‍ മുരളുന്ന മൈതാനത്തിന് നിമിഷംപ്രതി വലിപ്പം കൂടി വന്നു. ചോരച്ചാലുകള്‍പോലെ ലോറിത്താരകള്‍ താഴ്‌വരകളിലേയ്ക്ക് നീണ്ടുപോയി. പച്ചമണ്ണുമായി അവയിലൂടെ ടിപ്പര്‍ലോറികള്‍ കണ്ണുകളടച്ച് പാഞ്ഞുകൊണ്ടിരുന്നു. ധൃതിപ്പണികള്‍ക്കിടയില്‍ ഒരു അസ്ഥിത്തറയുടെ കല്‍ക്കെട്ടില്‍ എക്‌സ്‌കവേറ്റര്‍ നഖങ്ങള്‍ കുരുങ്ങിയറച്ചപ്പോള്‍ മുരുകന്‍ പണി നിര്‍ത്തിവച്ചു. മൂളുകയും മുരളുകയും അലറുകയുമൊക്കെ ചെയ്യുന്ന യന്ത്രത്തെ മുരുകന്‍ സ്റ്റാന്‍ഡിലേയ്ക്കുയര്‍ത്തി. ദേഹം കുടയാനൊരുങ്ങുന്ന തയ്യാറെടുപ്പുകളോടെ അതാഞ്ഞുയര്‍ന്നു നിന്നു. കയറുപൊട്ടിച്ചോടുന്നതിന്നിടയില്‍ അറച്ചുപോയപ്പോള്‍ അറിയാതുയര്‍ന്നു പോയ പശുവിന്റെ വാലുപോലെ എക്‌സ്‌കവേറ്റര്‍ മുരുകനുയര്‍ത്തി. എക്‌സ്‌കവേറ്റര്‍ നഖങ്ങള്‍ക്കിടയില്‍ കുരുങ്ങിനിന്ന വലിയ വേര് നിലത്തേയ്ക്കൂര്‍ന്നു പോയത് സര്‍പ്പദര്‍ശനമുണ്ടാക്കുന്ന ഞെട്ടല്‍ മുരുകനിലുണ്ടാക്കി.

അടുത്തയുടനെ മണ്ണുനീക്കി ഭൂപ്രതലത്തില്‍നിന്നു മായ്ചുകളയേണ്ട തിട്ടയില്‍ പച്ചപ്പാവാടയുടെ മിന്നലാട്ടം മുരുകന്‍ കണ്ടു. ഒറ്റയ്ക്കു നിന്നിരുന്ന ആമിനയെക്കണ്ട് മുരുകന്‍ കൈയുയര്‍ത്തി. ഒരറപ്പുമില്ലാതെ അവള്‍ വിളിച്ചു ചോദിച്ചു. ഈ ജന്തു മനുഷ്യനെ അള്ളുമോ? മുരുകനുത്സാഹമായി. ഒരു കുട്ടിയെങ്കിലും തന്റെ മനസ്സറിഞ്ഞിരിക്കുന്നു. ഇതിനെ വെറുമൊരു മണ്ണുമാന്തിയായിട്ടല്ല അവളും കാണുന്നത്. ഇല്ലേയില്ലെന്നു ചിരിച്ചുകൊണ്ടു മുരുകന്‍ പറഞ്ഞു. ഇതു കടിക്കുമോ? ഇല്ലെന്നു മുരുകന്‍ ചുണ്ടുകള്‍ കോട്ടി. ദേഷ്യത്തോടെ ഇതൊന്നു മുക്രയിടുക കൂടിയില്ല. ഞാന്‍ പറയുമ്പോലെല്ലാം കേള്‍ക്കും. കുഞ്ഞായിരുന്നപ്പോഴെനിക്കു കിട്ടിയതാ. അന്നുമൊതലേ നന്നായിട്ടെനിക്കറിയാം. പിന്നെ തിന്നുകൊഴുത്തീ പരുവത്തിലായെേന്നയുള്ളു. എങ്കിലും നന്നായി പണിയെടുക്കും. എല്ലുമുറിയെത്തന്നെ. പഞ്ചപാവം. ചെവിക്കു പിടിച്ചു തിരിച്ചാല്‍ ഞാന്‍ പറയിണടത്തു നിക്കും. ശരിയല്ലേടാ? ഞാന്‍ പറയണപോലെ നീ കേക്കില്ലേ? അതിനുത്തരമായി മുരുകന്‍ എക്‌സ്‌കവേറ്ററിനെ അതെയെന്ന അര്‍ത്ഥത്തില്‍ ചലിപ്പിച്ചു. ആമിന നിര്‍ത്താതെ പൊട്ടിച്ചിരിച്ചു. അന്നു രാത്രിയില്‍ കുടിച്ചുകുടിച്ചു നല്ലബോധം മറഞ്ഞിട്ടും മുരുകന്‍ എക്‌സ്‌കവേറ്റര്‍ എന്ന ജന്തുവിനെക്കുറിച്ച് ആമിനയോട് പിറുപിറുത്തുകൊണ്ടിരുന്നു.

പിന്നൊരു ദിവസം ലോഡെടുക്കാന്‍ ടിപ്പറെത്താത്ത നേരത്ത് മുരുകന്‍ ആമിനയെക്കണ്ടു. അയാള്‍ യന്ത്രത്തെ അവളുടെ അടുത്തുകൊണ്ടുവന്നു നിര്‍ത്തി. കുട്ടിയേതു ക്ലാസ്സിലാണ്? അവളുടെ ആംഗ്യഭാഷയിലെ ഉത്തരം മുരുകന് മനസ്സിലാവാതെ പോയി. അവളുടെ ചലനങ്ങള്‍ മകളെ ഓര്‍മ്മിപ്പിച്ചു. അമ്മയ്ക്കും മകള്‍ക്കും തന്നോട് സ്‌നേഹക്കുറവു വരാന്‍ വഴിയൊന്നുമില്ല. അടുത്ത സൈറ്റിലേയ്ക്ക് പോകുന്നതിനു മുമ്പെന്തായാലും നാട്ടിലേയ്ക്ക് പോകണം. അക്കാര്യത്തിനൊരു മാറ്റവുമില്ല. ജോസ് ഭീഷണിപ്പെടുത്തട്ടെ! പണിപോണെങ്കില്‍ പോയ്‌ക്കോട്ടെ! പുഷ്പത്തിന്റെ പിണക്കമൊക്കെ തീര്‍ത്ത് മെരുക്കിയെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തില്‍ മുരുകനടങ്ങി. 

ഞങ്ങളുടെയൊക്കെ വീടും വയലുമൊക്കെ നശിപ്പിക്കണ മണ്ണുമാന്തിപ്പന്നികളെ പടക്കം വച്ചുകൊല്ലണമെന്നാണുമ്മ പയറണത്. പടക്കംപൊട്ടി ഈ ജന്തു ചത്തുപോയാല്‍ നിങ്ങളെന്തു ചെയ്യും?

ഇതിനെ കൊല്ലാനോ? പറ്റില്ല മോളേ. ഇവന്‍ പോലീസു പട്ടിയെപ്പോലെ പടക്കവും ബോംബുമൊക്കെ മണത്തു പിടിക്കും പിന്നതെടുത്തൊറ്റ വിഴുങ്ങലാണ്. വയറ്റത്തു ചെന്നാല്‍ വെടിമരുന്നു പൊട്ടിത്തെറിക്കില്ല. അലിഞ്ഞുപോവും. വെടിമരുന്നിവന് മുട്ടായിപോലല്ലേ! ആമിനയുടെ മുഖത്ത് തോല്‍വിയുടെ രസം പടര്‍ന്നു.

പടിഞ്ഞാറുഭാഗത്തെ പണികള്‍ക്കിടയില്‍ നിന്നും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആദിപരാശക്തിയെ ആമിനയുടെ വീടിന്നടുത്തേയ്ക്ക് നിയോഗിക്കപ്പെട്ടു. ആമിനയുടെ വീട് എക്‌സ്‌കവേറ്ററിലിരുന്നാല്‍ വ്യക്തമായി കാണാം. ഇവിടം വിട്ടുപോണത് നിങ്ങള്‍ക്കൊക്കെ ഇഷ്ടമാണോ? ആമിനയെ കണ്ടയുടനെ മുരുകന്‍ തിരക്കി. ഇവിടുന്നു പോവാന്‍ വാപ്പയെന്നേ റെഡിയായിക്കഴിഞ്ഞു. ഇനി ബനിയനൂടിട്ടാല്‍ മതി. കിട്ടണ പൈശ കൈനെറയെ വാങ്ങിച്ച് ഈ കാട്ടുമുക്കീന്നെത്രയും പെട്ടെന്ന് പോണോന്നാ വാപ്പ പറയണത്. പക്ഷേങ്കി ഉമ്മായ്ക്കിഷ്ടമല്ല. ഇതുമ്മാന്റെ വീതത്തിലെ സ്ഥലമാണ്. ദാ. കാണുന്ന മാവും പുളീം കവുങ്ങുമൊക്കെ എന്റുമ്മാ നട്ടതാണ്. ഞാനുമൊരു ചാമ്പക്കുരു കുഴിച്ചിട്ടിട്ടുണ്ട്. ആ വാളന്‍പുളിക്ക് തേനുണ്ടെന്ന് നിങ്ങക്കറിയാമോ?

മുരുകന്‍ തറയിലേയ്ക്ക് എക്‌സ്‌കവേറ്ററിനെ നിവര്‍ത്തിവച്ചു. ഇപ്പോള്‍ക്കണ്ടാല്‍ മണ്ണില്‍ തലവച്ച് കഴുത്തു നീട്ടിക്കെടക്കണ ഒട്ടകം മാതിരി. എന്റെ വീട്ടിലെ പൊസ്തകത്തിലൊണ്ട്. അതിലെ ഒട്ടകം ഇതുതന്നെ. ആമിന പറഞ്ഞപ്പോഴാണ് എക്‌സ്‌കവേറ്റര്‍ ഒട്ടകമായി രൂപംമാറിയത് മുരുകന്‍ ശ്രദ്ധിച്ചത്. ശരിയാണു മോളെ. ഇപ്പോളിവന്‍ ഒട്ടകം തന്നെ. പണിതുടങ്ങിയാല്‍ ശരിക്കും മദയാന. ഭൂമിയുടെ കാമ്പുപോലും ചവിട്ടിപ്പറിച്ചെടുക്കും. 

നിങ്ങള്‍ക്കിവനെയൊരു മുയലാക്കാന്‍ പറ്റുമോ? ചെവികള്‍ മുകളിലേയ്ക്കുയര്‍ത്തി ഓടാന്‍ പാകത്തില്‍ നില്‍ക്കുന്ന... മുരുകന്‍ ലിവറുകള്‍ തിരിച്ച് എക്‌സ്‌കവേറ്ററിനെ മുകളിലേയ്ക്കുയര്‍ത്തി നോക്കി. എത്ര തിരിച്ചിട്ടും രൂപം ശരിയാകാതെ ഉദ്യമം പരാജയപ്പെട്ടു. ഓരോ തവണ ലിവറുകള്‍ തിരിക്കുമ്പോഴും യന്ത്രം പരുഷശബ്ദങ്ങളുണ്ടാക്കി വിയോജിപ്പ് പ്രകടിപ്പിച്ചു. ആമിനയുടെ മുഖത്ത് വിജയഭാവം. ഒരു നിമിഷം അവളുടെ മുഖത്തിനെ തന്റെ മകളുടേതിനോട് ചേര്‍ത്തു വയ്ക്കാന്‍ മുരുകനു കഴിഞ്ഞു. അവയിലെ സമാനതകള്‍ വായിക്കെ മുരുകന് സന്തോഷം കൂടിവന്നു. അകലെ നിന്നും മകളോടി മുന്നില്‍ വന്നതായി മുരുകനു തോന്നി. പക്ഷേ പുഷ്ം? പുഷ്പത്തിന്റെതിനു സമാനമായൊരു മുഖം?

ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ തങ്ങള്‍ തുരന്നു മറിക്കുന്നത് വിമാനത്താവളത്തിനു വേണ്ടിയാണെന്നെല്ലാപേര്‍ക്കും മനസ്സിലായി. എക്‌സ്‌കവേറ്ററിനെ തൊട്ടുതൊട്ടില്ലെന്നു ഭാവിച്ചു പറന്നുയരുന്ന വിമാനങ്ങളെ മുരുകന്‍ സ്വപ്നം കണ്ടു. എത്ര മായ്ച്ചാലും മുഖത്തുനിന്നും ചിരിപോവാത്ത ഒരെഞ്ചിനീയറോട് മുരുകന്‍ വിമാനത്താവളത്തിന്റെ അതിരുകളനേ്വഷിച്ചു. ഔദാര്യം പൂത്തുലഞ്ഞ നേരം. പിറവി പൂര്‍ണ്ണമാകാത്ത മൈതാനത്തിന്റെ മൂലകളയാള്‍ ചൂണ്ടിക്കാട്ടി. അവയ്ക്കുനേരെ അടയാളം വച്ച് ആമിനയുടെ വീട്, അവളുടെ ഉമ്മൂമ്മ നട്ടുവളര്‍ത്തിയ പുളി, പ്ലാവ്, മാവ് ഇവയൊക്കെ അതില്‍പ്പെടുമോയെന്നു മുരുകന്‍ കണക്കുനോക്കി. കണ്ണുകള്‍ കൊണ്ടുള്ള നീണ്ടവരകളുടെ ഏങ്കോണിപ്പ് ഓരോ തവണയും മുരുകനെ സംശയങ്ങളിലാഴ്ത്തി. 

ഞങ്ങളുടെ വീട് നിങ്ങള്‍ പൊളിക്കുമോ? അതിനെയവിടെ തന്നെ നിര്‍ത്തിക്കൂടേ? ഒരു സായാഹ്നത്തില്‍ പച്ചപ്പുനിറഞ്ഞ പറമ്പിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ആമിന ചോദിച്ചു. ഇല്ല മോളെ. പൊളിക്കില്ല. മുന്‍പിന്‍ നോക്കാതെ മുരുകനവള്‍ക്ക് വാക്കുകൊടുത്തു. കുറച്ചുകഴിഞ്ഞാണ് മുരുകനതിന്റെ ഗൗരവം തെളിഞ്ഞത്. ഹിന്ദുസ്ഥാന്‍ എര്‍ത്ത് മൂവേഴ്‌സിലെ സേട്ടുമാര്‍ കാണാമറയത്തിരുന്നു പറഞ്ഞുതരുന്ന അതിരുകളെ ഒരു ജെ.സി.ബി. ഓപ്പറേറ്റര്‍ എങ്ങനെ മാറ്റിവരയ്ക്കാനാണ്? ഒരാവേശത്തില്‍ കുട്ടിയോടങ്ങനെ പറഞ്ഞുപോയി. ഒരിഞ്ചു പണിപോലും ഉഴപ്പാനാവില്ല. പക്ഷേ കുട്ടികള്‍ വാഗ്ദാനങ്ങളൊരിക്കലും മറക്കാറില്ല. അതും വലിയൊരു യന്ത്രത്തെ ചൂണ്ടാണി വിരല്‍കൊണ്ടു മെരുക്കുന്ന ഭീമാകാരനായ ഒരു കറുപ്പന്റെ വാക്കുകള്‍. ഉമ്മാ. അയാളില്ലേ! നമ്മുടെ പറമ്പിന് തൊട്ടപ്പുറത്ത് മണ്ണുമാന്തിയെ മേയക്കുന്നയാള്‍. ആള് പറഞ്ഞു. നമ്മുടെ വീട് പൊളിക്കില്ലെന്ന്. നമ്മുടെ പറമ്പില്‍ നിന്നു മാത്രം മണ്ണെടുക്കില്ലെന്ന്. ആ യന്ത്രം അയാള്‍ പറയുതെല്ലാം കേള്‍ക്കും. എന്നിട്ടുമതിനെ മുയലാക്കാന്‍ മാത്രമയാള്‍ക്ക് പറ്റിയില്ലുമ്മാ. ആമിന അവളുടെ ഉമ്മയോട് തീര്‍ച്ചയായും പറഞ്ഞിരിക്കും. വേണ്ടായിരുന്നു. കുട്ടികളൊന്നും മറക്കില്ല. കണ്ണടയ്ക്കുന്ന ഒരു പാവയെ വേണമെന്ന് മകള്‍ പറഞ്ഞിരുന്നു. അതിനി അനേ്വഷിച്ചു നടക്കേണ്ട കാര്യമുണ്ടോ? പാവയുമായി ചെല്ലുമ്പോള്‍? അയാള്‍ മുഖം തിരിച്ചു. എക്‌സ്‌കവേറ്റര്‍ മണ്ണു കാര്‍ന്നുതുടങ്ങി. 

പൂക്കോടുംപാടത്തെ ഭൂമിയുടെ മടക്കുകളെല്ലാം ടിപ്പര്‍ലോറികള്‍ നിവര്‍ത്തിയെടുത്തു. ഓരോ കൂര വീഴുമ്പോഴും പെണ്ണുങ്ങള്‍ കല്ലുംമണ്ണും വാരിയെറിഞ്ഞ് തലയില്‍ കൈവച്ച് പ്‌രാകിക്കൊണ്ടിരുന്നു. അലമുറയിടുന്നവര്‍ക്കു നേരെ പ്രൊക്ലൈനറുകള്‍ ചിന്നംവിളിച്ചു കൊണ്ടോടിയടുത്തു. വീടുംകുടിയും ഉപേക്ഷിച്ചു പോകുന്നവരില്‍ അപൂര്‍വ്വം ചിലര്‍ കൈവീശിക്കാണിച്ചത് മുരുകനെ അതിശയിപ്പിച്ചു. ചെന്നിലംപട്ടിയില്‍ മണ്ണുകുഴച്ചൊരുക്കി അപ്പനുണ്ടാക്കിയ വീട് ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധത്തില്‍ വീണുപോയതായി മുരുകനു തോന്നി. അപ്പന് മണ്ണുവെട്ടിയൊരുക്കാന്‍ ചെറിയൊരു വീപ്പയില്‍ നിന്നും വെള്ളംകോരിയൊഴിച്ചതിന്റെ ഓര്‍മ്മ. മങ്ങിയ ആ ചിത്രത്തിനു മുകളില്‍ വിണ്ടുകീറിയ ഒരു ചുവരു വന്നുവീണത് മുരുകന്‍ കണ്ടു. 

സാര്‍, നമുക്കീപ്പണി ആ പുളിമരത്തിനപ്പുറത്ത് നിര്‍ത്തിക്കൂടേ? കിഴക്കുവശത്ത് വിശാലമായ തരിശുണ്ടല്ലോ. ഈ തുണ്ടില്‍വരുന്ന കുറവ് അവിടത്തെീര്‍ക്കാം. ഉറക്കത്തിലും ആമിനയ്ക്ക് കൊടുത്തുപോയ വാക്കുകളുടെ ഗൗരവം മുരുകനെ അലട്ടിക്കൊണ്ടിരുന്നു. വിമാനത്താവളത്തിന്റെ ചുവപ്പുപൂശിയ അതിരു കല്ലുകളെ മറികടക്കാന്‍ ആമിനയുടെ വീടുംപറമ്പും രക്ഷപ്പെടുത്താന്‍ സ്വപ്നത്തിലും മുരുകന്‍ ശ്രമിച്ചുനോക്കി. 

ആ ദേശത്തോട് യാത്ര പറഞ്ഞുപോകുന്ന അവസാനത്തെ കൂട്ടത്തില്‍ ആമിനയും കുടുംബവും ഉള്‍പ്പെട്ടിരുന്നു. ആമിനയും ഉമ്മയും തുക്കിയ ഭാണ്ഡങ്ങള്‍ കൈമാറിപ്പിടിക്കുകയോ വീണുകിടന്നിരുന്ന പുരയെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ആമിനയുടെ വാപ്പ മുന്നില്‍ പുരുഷന്മാര്‍ക്കൊപ്പം നടന്നു. അവളുടെയും ഉമ്മയുടെയും ഭാണ്ഡങ്ങള്‍ നിറയെ പൂക്കോടുംപാടത്തിലെ ചെടികളുടെയും വൃക്ഷങ്ങളുടെയും വിത്തുകളാണെന്നു മുരുകനു തോന്നി. ഒരു രാത്രിയില്‍ ഉടുതുണികളെടുത്ത് ഒരു പരദേശിക്കൊപ്പം അമ്മ അപ്രത്യക്ഷയായപ്പോള്‍ അപ്പനു തെന്നയെങ്കിലും മിച്ചമായിക്കിട്ടി. ചെന്നിലംപട്ടിയില്‍ ഒന്നുമവശേഷിക്കുന്നില്ല. കുറച്ചു തരിശും വീടിന്റെ അവശിഷ്ടമായ ഒരുകൂന മണ്ണും മാത്രം. പൂക്കോടുംപാടത്തിലെ മേല്‍മണ്ണിന്റെ അവസാനതരികളില്‍ ആദിപരാശക്തി ആര്‍ത്തിയോടെ മാന്തിക്കൊണ്ടിരുന്നു. 



2023, ഫെബ്രുവരി 9, വ്യാഴാഴ്‌ച

വിനയചന്ദ്രന്‍ ഡി vinayachandran D


 വിനയോര്‍മ്മ രണ്ട്  


നദിയായി ഒഴുകിയ വിനയചന്ദ്രിക



തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ റീഡറായിട്ടാണ് വിനയചന്ദ്രന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ ലെറ്റേഴ്‌സ് കൂടു പണിയാത്ത കാലമായിരുന്നത്. അതിരമ്പുഴയിലെ മറ്റം കവലയിലെ ഹസ്സന്‍മന്‍സില്‍ എന്ന അപാരവലിപ്പമുള്ള കെട്ടിടത്തിലാണ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 


വിനയവഴികള്‍


എല്ലാ വേനലവധിക്കാലത്തും പുഴപോലെ വിനയന്‍ നീണ്ടൊഴുകുമായിരുന്നു. നീണ്ടുപോകുന്ന ആ വഴികള്‍  ഹിമാലയത്തില്‍ ചെന്നുമുട്ടി, തിരിച്ചുവന്നു. തിങ്കളാഴ്ചകളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരവരുടെ വീടുകളില്‍ നിന്നുമെത്തിയപ്പോള്‍ കവിയിലും ദീര്‍ഘയാത്രാവിശേഷങ്ങള്‍ പറ്റിക്കൂടിയിട്ടുണ്ടായിരുന്നു. മറ്റുള്ളവരുടെ യാത്രകളില്‍ നിന്നും വിനയചന്ദ്രന്റെ വരവിന് എന്നാല്‍ ചില വ്യത്യാസങ്ങളുണ്ടായി. 

കവിയുടെ സഞ്ചാരപഥമാരംഭിക്കുന്നത് എന്നും ഒരിടത്തു നിന്നായിരുന്നില്ല. തിരുവനന്തപുരത്തോ കോഴിക്കോട്ടോ കര്‍ണ്ണാടകയില്‍ നിന്നോ ഹിമാലയത്തിലോ ആയിരുന്നു ആ യാത്രകളുടെ തുടക്കം. ഓരോ ആഴ്ചയിലും അവയുടെ പഥവും രീതികളും മാറിക്കൊണ്ടിരുന്നു. പൂരത്തിന്റെയോ, ഫിലിംഫെസ്റ്റിവലിന്റെയോ, താനാസ്വദിച്ച മറ്റു മഹാകാഴ്ചകളുടേയോ തിളക്കമാണ് ആ കണ്ണുകളില്‍ ക്ഷീണപ്പാടരൂപത്തില്‍ അടിഞ്ഞു കിടന്നിരുന്നത്. അതു മാറിമാറി വന്നുകൊണ്ടിരുന്നു.

തന്റെ യാത്രകളെക്കുറിച്ചുള്ള വര്‍ണ്ണനകളും വിവരണങ്ങളും മേനിപറച്ചിലുകളും കവിയുടെ ഭാഗത്തു കഷ്ടിയായിരുന്നു. ഞാന്‍ കണ്ടതും കേട്ടതും എനിക്കു മാത്രം സ്വന്തം. നിങ്ങള്‍ക്കുമിതൊക്കെയാവാം. വെറുതെയൊരിടത്തിരുന്നാല്‍പ്പോരാ. സഞ്ചരിച്ചോളൂ. എന്നൊരു ഭാവമാണ് പ്രത്യക്ഷത്തില്‍ തെളിഞ്ഞു നിന്നിരുന്നത.്

ചില സ്വസ്ഥവേളകളില്‍ കവി വ്യത്യസ്തനായി. വിവരണം സരസമായി പരിണമിപ്പിക്കും. ''എന്റെ രണ്ടുവരി നാടന്‍പാട്ടുമതി ഏതു ഗ്രാമീണനേയും വശത്താക്കാന്‍. അതു പാടിത്തീരുമ്പോള്‍ അവന്‍ കുടിച്ചുകൊണ്ടിരിക്കുന്ന കള്ളിന്‍തൊണ്ട് നമ്മുടെ മുന്നിലെത്തും.''

കുറഞ്ഞ വാക്കുകളിലുള്ള വടക്കേയിന്ത്യന്‍ യാത്രാനുഭവാഖ്യാനത്തില്‍ അലിഞ്ഞുപോയ നമ്മളും ബംഗാളിലെ ഒരുള്‍ഗ്രാമത്തില്‍ കവിയോടൊത്ത് നടക്കാന്‍ തുടങ്ങും. ആ വര്‍ണ്ണനയും പൂര്‍ണമാകുമെന്നുറപ്പില്ല. പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയത്തിനെയധികം ദീര്‍ഘിപ്പിക്കാതെ മനസ്സുമാറിയ വിനയചന്ദ്രന്‍ പെട്ടെന്നു എഴുന്നേറ്റു പോയെന്നിരിക്കും. ഒരിടത്തേയ്ക്കും സഞ്ചരിക്കാന്‍ വയ്യാതെ ഒരിടത്തു തന്നെ കെട്ടിനില്‍ക്കുന്ന നിങ്ങള്‍ക്ക് ഇത്രയൊക്കെ മതിയെന്ന ഭാവം ആ ചലനങ്ങളില്‍ വീണ്ടും തിരിച്ചെത്തും.


കര്‍ക്കിടക ശബരിമല


കാടുകാണാനും പടേനിക്കുമുള്‍പ്പെടെ ഒരു പാട് യാത്രകള്‍ക്ക് കൂട്ടുചെല്ലാന്‍ കവിയുടെ ക്ഷണമെനിക്ക് ലഭിച്ചിരുന്നു.

ഒരു കര്‍ക്കിടകത്തില്‍ മഴചൊരിഞ്ഞു തളര്‍ന്നുപോയ കാലത്താണ് ശബരിമലയ്ക്ക് കൂട്ടുവിൡത്. യാത്രാക്കൂട്ടില്‍ അടുത്ത ഡിപ്പാര്‍ട്ടുന്റെിലെ പ്രഹ്ലാദനും അതിരമ്പുഴയിലെ ഹരിഹരന്‍സാറുമുണ്ടായിരുന്നു. എന്റെ കന്നിമലയാത്ര. കാടുകണ്ടും, വിനയചന്ദ്രന്‍ കവിതകളിലും കേള്‍വികളിലും മുഴുകിയതായിരുന്നു മാലയിടലും കെട്ടുമുറുക്കു ചടങ്ങുകളുമില്ലാത്ത മലചവിട്ടല്‍. മറക്കാന്‍ വയ്യാത്ത സൂക്ഷിപ്പായതുമാറി. 

സ്വാമിവഴിയില്‍ കവി തീര്‍ത്തും അയ്യപ്പഭക്തനായിരുന്നു. മലചവിട്ടുന്ന നേരത്ത് സ്‌തോത്രങ്ങളുമായി താന്‍ മാത്രമുള്ള ലോകത്തിലൂടെ കവി സഞ്ചരിച്ചു. ഒപ്പമെത്താന്‍ വേഗം പോരായെന്നത് ശരിയായി മാറി. താന്‍ ഇതാ പ്രകൃതിയില്‍ അലിഞ്ഞിരിക്കുന്നു. എന്നതുപോലുള്ള നിര്‍വ്വാണാവസ്ഥയാണ് ആ ചലനങ്ങളില്‍ കണ്ടത്. ആ ലോകത്തിലേയ്ക്ക് വേഗം കൊണ്ട് നമുക്കെത്താനാവില്ല. ആ ബോധ്യത്തില്‍ ഞങ്ങള്‍ മൂവരും അകലം പാലിച്ചു നടന്നു.

സന്നിധാനത്തില്‍ മഴ തളിര്‍ത്തു കിടന്ന അന്നത്തെയാ രാത്രിയും മറവിക്കടിപറ്റാത്ത അപൂര്‍വ്വങ്ങളിലൊന്നായി മാറി. അനിതരസാധാരണമായ ചാരുതയുടെ കാരണക്കാര്‍ കാനനപ്രകൃതിയും തണുപ്പും മഴയും ഒക്കെയാണെങ്കിലും, സജീവമായ മറ്റൊരന്തര്‍ദ്ധാര വിനയചന്ദ്രസാന്നിധ്യമായിരുന്നു. തൊണ്ണൂറുകളുടെ ഒടുവിലുണ്ടായ ആ സംഭവത്തിനിപ്പോഴും ചൂടും തണുപ്പും പ്രസരിപ്പിക്കാന്‍ ശേഷിയുണ്ട്.

പിറ്റേന്നു രാവിലെ മാളികപ്പുറത്തുവച്ചു കണ്ണേറു ദോഷങ്ങളെല്ലാമകറ്റാന്‍ കവി താല്പര്യപ്പെട്ടു. നാവേറുപാടുന്ന പുള്ളുവന്മാര്‍ക്ക് മുന്നില്‍ ഇരുന്നുകൊടുത്തു. ദോഷങ്ങള്‍ തീര്‍ക്കാനും ഐശ്വര്യം വരുത്താനുമായി കവി സര്‍പ്പംപാട്ടു വഴിപാടു പാടിച്ചു. അതിന്നിടയിലൂടെ പെയ്തു വീണത് കവിയുടെ ജീവിതത്തെക്കുറിച്ചുള്ള ചെറിയൊരു ഖണ്ഡമാണ്. അതു മഴനീരില്‍ നന്നായി കുതിര്‍ന്നിരുന്നതായി മൃദുവൊച്ചയും പറയാതെ പറഞ്ഞു.   

കവിയുടെ മനസ്സ് പറന്നുപോയത് കുട്ടിക്കാലത്തിലേയ്ക്കായിരുന്നു. കുഞ്ഞുന്നാളില്‍ മച്ചുനത്തിയുമൊരുമിച്ച് കന്നിമല ചവിട്ടയതിനെ കുറിച്ച് കവി വാചാലനായി. വീട്ടിടുത്തുള്ള ഭട്ടതിരിയുടെ ഇല്ലത്തെ കുറിച്ചും അവിടെ കഴിച്ചുകൂട്ടിയ കുട്ടിക്കാലത്തെ സംബന്ധിച്ചുള്ളതുമായ അപൂര്‍വ്വം വാക്കുകള്‍ക്കുമപ്പുറം സ്വന്തം ജീവിതത്തെ വെളിപ്പെടുത്തുന്നത് അത്യപൂര്‍വ്വ സംഭവമായിരുന്നതിനാല്‍ ആ ഓര്‍മ്മകളിലെ വൈകാരികത തിരിച്ചറിയാനായി. 

പണ്ടുപണ്ടത്തെ കന്നിമല യാത്രയില്‍ ഈ കാനന പ്രകൃതിയിലേയ്ക്ക് തൂവിപ്പരന്നുപോയ പഴയകാലത്തെ തിരിച്ചുകിട്ടുമോ? അതിനെ വീണ്ടും തൊട്ടെടുക്കാനാവുമോ? തനിക്കൊരു പിന്‍നടത്തം? വിനയചന്ദ്രന്‍ മനസ്സുകൊണ്ടന്നേരത്ത് ഒരു പഴയ ജീവിതകാലം തിരയുന്നതു പോലെ തോന്നി.

വിനയചന്ദ്രന്‍സാറിനോടൊപ്പമുള്ള കുഞ്ഞുകുഞ്ഞു യാത്രകള്‍ക്കപ്പുറത്ത് തിരുവനന്തപുരത്തുനിന്നും ആലപ്പുഴയോളം നീണ്ടയൊരു സാഹിത്യയാത്രയ്ക്കും അവസരമുണ്ടായി. യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിരമിച്ച് സാറക്കാലത്ത് തിരുവനന്തപുരത്ത് വാസമുറപ്പിച്ചിരുന്നു. മൂന്നുമൂന്നര മണിക്കൂര്‍നീണ്ട യാത്രാവഴിയില്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഭാരതീയ പുരാണേതിഹാസങ്ങളെക്കുറിച്ചു മാത്രമായിരുന്നു. ബുദ്ധനും യേശുവും ശങ്കരാചാര്യരും പതിവുപോലെ ചാരത്തെത്തി. ഭാരതീയ കാവ്യപാരമ്പര്യത്തെക്കുറിച്ചും ദീര്‍ഘമായ ഒരു ക്ലാസ്സായി കാറിനുള്‍ഭാഗം മാറി. ശാസ്ത്രവും സാഹിത്യവും മുറിയാതെ മുഴങ്ങിയ ആ ദീര്‍ഘവേളയെ എങ്ങനെ മറക്കും? അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ യാത്രയായി അതിനെയെണ്ണാം.

യഥാതഥ ലോകത്തിലെ നാട്ടുവഴികളും നിരത്തുകളും സങ്കല്പലോകത്തില്‍ പണിഞ്ഞിരിക്കുന്ന രാജപാതകളും തമ്മില്‍ ഡി. വിനയചന്ദ്രന് ഭേദമില്ലായിരുന്നു. കവിത്വപ്രഭവത്തില്‍ അവയെയെല്ലാം ഒന്നായി കരുതി. വിനയചന്ദ്രന്‍ നടന്നിരുന്നത് അഭൗമായ ഇടങ്ങളിലൂടെയായിരുന്നു. അതുതീര്‍ച്ച. ഒപ്പം നില്‍ക്കുന്നവരെയും അതിലേയ്ക്ക് ആവാഹിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കവിമനസ്സിലെ അത്തരം ഭേദാഭേദങ്ങളുമായി പൊരുത്തപ്പെടാനാവാതെ കലഹിച്ചു മാറിയവരായിരുന്നു കൂടുതല്‍. 

അതിനാല്‍ വിനയചന്ദ്രന്‍ എന്നും ഏകാകിയായിരുന്നു.


ഓര്‍മ്മയും ഭക്ഷണവും


മുരിങ്ങയില ഓര്‍മ്മയെ വര്‍ദ്ധിപ്പിക്കുന്നതായി വിനയചന്ദ്രന്‍ കുട്ടികളോടു പറഞ്ഞതു കേട്ടത് 'യുറിക്ക ദ്വൈവാരിക' രണ്ടായിരത്തി പതിമ്മൂന്ന് ജനുവരിയില്‍ തിരുവനന്തപുരത്ത് നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ വച്ചായിരുന്നു. 

അതിരമ്പുഴയിലെ അടുക്കളയില്‍ താന്‍ തയ്യാറാക്കിയ വിഭവങ്ങളെക്കുറിച്ച് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് തളത്തിലിരുന്ന് വര്‍ണ്ണിക്കുന്നതിന്നിടയില്‍ മുട്ടയും മുരിങ്ങയിലയും ചേര്‍ത്തുണ്ടാക്കിയ കറിയെ കവി പ്രശംസിക്കാറുണ്ടായിരുന്നു. ഇതെന്തു കറി? മൂക്കത്തു വിരല്‍വച്ച വനിതകളെയും അതിശയിപ്പിച്ച് ഒരു പെണ്‍മാസിക അതിന്റെ കൂട്ടുപ്രസിദ്ധപ്പെടുത്തി പെരുമകൂട്ടുകയും ചെയ്തു.

പന്ത്രണ്ടായിരം വരികളുള്ള ദീര്‍ഘമായ കാവ്യമാണ് മതിലേരിക്കന്നി.  തെക്കന്‍പാട്ടുകളുടെ പൊലിമയെ, മെതിക്കളങ്ങളില്‍ പണിയെടുക്കുന്നവരുടെ ഓര്‍മ്മകളുടെ പെരുമകളെ കുറിച്ച് കവി കുട്ടികളോടു വിശദമായി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന രീതിയില്‍ വയല്‍പ്പണിക്കാര്‍ മനസ്സില്‍നിന്നും പുറത്തെടുത്തു പാടിയിരുന്ന 'ചെങ്ങന്നൂരാതി'യെ കവി ലളിതമായി അവതരിപ്പിച്ചു. അതെല്ലാം ഓര്‍മ്മയുടെ ബലത്തിലാണ് മനുഷ്യനു ചെയ്യാന്‍ സാധിച്ചത്. മനുഷ്യര്‍ക്ക് ഓര്‍മ്മകുറയുന്നത് വാമൊഴി സാഹിത്യത്തെ ബാധിച്ചതായി കവി പരിതപിച്ചു. അതിനു ഭക്ഷണവും കാരണമായതായി അദ്ദേഹം വിശ്വസിച്ചിരുന്നു. 

സരസമായ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായിട്ടു മാത്രമായിരുന്നു വിനയചന്ദ്രന്‍ തന്റെ ഭക്ഷണ രീതികളെയും ഇഷ്ടവിഭവങ്ങളെയും കുറിച്ച് സംസാരിച്ചിരുന്നത്. പുസ്തകങ്ങളും വായനയും സംസ്‌കാരിക പാരമ്പര്യങ്ങളെയും കുറിച്ചുതന്നെ പറഞ്ഞു തീരുന്നില്ല. അതിന്നിടയില്‍... പരിപ്പും പപ്പടവും ചേര്‍ത്ത് ചോറുരുളയാക്കുമ്പോള്‍ മേമ്പൊടിക്ക് എരിവുള്ള കറികള്‍ ആണു കൂട്ടേണ്ടത്. സദ്യകളില്‍ പങ്കെടുക്കുമ്പോള്‍ വിഭവങ്ങളാസ്വദിക്കാന്‍ മധുരമുള്ള കറികളാണ് സാമ്പാറിന് അകമ്പടി പോകേണ്ടത്. പ്രഥമനുകള്‍ക്കിടയില്‍ നാരങ്ങാപ്പുളി നാവിലെത്തിക്കുക. പായസങ്ങള്‍ തമ്മിലുള്ള രൂചി വ്യത്യാസം കൃത്യതയോടെ  രസനയിലപ്പോള്‍ നിറയും. അങ്ങനെയൊക്കെ...

കല്ലടയിലും സമീപദിക്കുകളിലും പാകപ്പെടുത്തിയിരുന്ന കാച്ചിലും കിഴങ്ങുകളും പയറും ഒരുമിച്ചു വേവിച്ചുചേര്‍ത്ത അസ്ത്രം എന്ന പുഴുക്കും കറിയുമല്ലാത്ത വിഭവത്തെ കുറിച്ച്...


വഴികളില്ലാത്ത വീടുകള്‍


വിനയചന്ദ്രന്റെ സങ്കലപ്ത്തിലുള്ള വീടുകള്‍ ഈ ഭൂമിയില്‍ നിലവിലുണ്ടാകുമോ? 

തീര്‍ച്ചയായും. പക്ഷേ അവയൊക്കെ പണിഞ്ഞിരിക്കുന്നത് മറ്റൊരു ലോകത്തിലായിരുന്നു. നമ്മളീ ഭൂമിയില്‍ വാടക ജീവിതത്തിനെത്തിയവരാണ്. അതിനാലാവണം സ്വന്തമായി വീടുണ്ടാക്കാനും അതിലേയ്‌ക്കൊരു വഴി വെട്ടാനും കവി തയ്യാറാകാത്തത്. 

ശാസ്തമംഗലം പൈപ്പിന്‍മൂട്ടിലുള്ള വാടകവീടിനെ കുറിച്ചായിരുന്നു വിനയചന്ദ്രന്‍ കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തുവച്ചു തന്റെ യൗവനം പൂത്തുലഞ്ഞത്, വിനയ സാഹിത്യജീവിത്തിന്റെ തുടക്കത്തിനെ കുറിച്ചുള്ള ചരിത്രം എന്നിവ ആ വാക്കുകളില്‍ നിന്നും കിട്ടിയിരുന്നു. അവിടെ വിരുന്നു വന്നവരെല്ലാം അതിപ്രശസ്തരായിരുന്നു. ആ വാടകവീടു നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. വീടുകള്‍ തനിക്കുള്ളതായിരുന്നില്ല. പുസ്തങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വീടൊരുക്കുന്നത് എന്ന ഭാവമാണ് ആ വാക്കുകളില്‍ നിറഞ്ഞു കണ്ടിരുന്നത്. 

അതിരമ്പുഴയിലും വാടകവീടുകളിലായിരുന്നു കവി കഴിഞ്ഞിരുന്നത്. അവയ്ക്കുള്ളിലേയ്ക്ക് സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം പരിമിതമായിരുന്നു. താനുമായി ചേര്‍ന്നുപോകുന്നവര്‍ മാത്രമായിരുന്നു അകത്തെ പുസ്തക, മാസികാപ്രപഞ്ചം കണ്ടിട്ടുള്ളത്. അതിഥികള്‍ തീരെക്കുറഞ്ഞ ഭവനം. ഉള്ളില്‍ക്കണ്ട പുസ്തകങ്ങള്‍, സംഗീത കാസറ്റുകള്‍ ഇവയെ കുറിച്ചൊന്നും പുറത്തുപറയരുത് എന്ന നിബന്ധന കൃത്യമായി നല്‍കാന്‍ കവി മറന്നതുമില്ല. 

വീട്ടമ്മ സ്പര്‍ശമില്ലാത്ത ആ വാടകവീട്ടു മുറ്റങ്ങളില്‍ കാടും പടര്‍പ്പും നിറഞ്ഞുകിടന്നു. സാധാരണകാഴ്ചയില്‍ അവയൊക്കെ തൃണങ്ങളായിരുന്നെങ്കില്‍ കവിയവിടെ കണ്ടത് പൂന്തോട്ടമായിരുന്നു. മുറ്റത്തു പൂവിട്ടു പടര്‍ന്ന പുല്‍ക്കൊടികളെ വിനയചന്ദ്രന്‍ പേരുപറഞ്ഞ് പരിചയപ്പെടുത്തുമായിരുന്നു. തന്റെ വിലപ്പെട്ട സസ്യജാലങ്ങള്‍! വീടിനുചുറ്റിലുമുള്ള ചെടികള്‍ വിതറുന്ന അലങ്കോലത്തിനുള്ളിലിരുന്ന് അകത്തേയ്ക്ക് എത്തിനോക്കിയിരുന്ന കിളികളായിരുന്നു കവി ഭവനത്തിലെ സന്ദര്‍ശകര്‍. 

കോട്ടയം യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ചതിനു ശേഷം തിരുവനന്തപുരത്ത് തൈവിള റോഡിലെ വാടക വീടായിരുന്നു കവിയുടെ താവളം. ഒരു ദിവസം ആ വീട്ടുവഴിയുടെ അങ്ങേത്തലവരെ ചെന്നിട്ടും, ''കയറിവാ''യെന്നു ക്ഷണിച്ചിട്ടും, എന്തുകൊണ്ടോ അകത്തേയ്ക്ക് കാല്‍വയ്ക്കാതെ സാറ് ഉള്ളില്‍പോയി തിരിച്ചു വരുന്നതുവരെ പുറത്തു ഞാന്‍ കാത്തു നിന്നു. അതു വിനയചന്ദ്രവീടിനെ കുറിച്ചുള്ള സങ്കല്പം പൂര്‍ണ്ണമായി മനസ്സിലാക്കിയതു കൊണ്ടുകൂടിയായിരുന്നു. തറയില്‍ ചിതറിയ വാരികക്കൂമ്പാരത്തിനെ ചവിട്ടിക്കളങ്കിതമാക്കാന്‍ ഞാനിടിച്ചു കയറാത്തതില്‍ സാറിനും നൂറുതൃപ്തി.

രണ്ടായിരത്തിന്റെ രണ്ടാം ദശകത്തുടക്കത്തില്‍ തിരുവനന്തപുരത്തൊരു താമസസ്ഥലം  സ്വന്തമാക്കാന്‍ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. കൂടൊരുക്കാന്‍ തുനിഞ്ഞത് തനിക്കുവേണ്ടിയാവില്ല. തന്റെ പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നിരിക്കണം. നഗരം നല്‍കിയിരുന്ന സാംസ്‌കാരിക സംവിധാനങ്ങളുടെ സൗകര്യങ്ങളെന്നും കവിയില്‍ ആവേശം നിറച്ചിരുന്നു. അതൊക്കെ ഉപേക്ഷിച്ച് താനെവിടെ പോകാന്‍?


പണിയാലകള്‍


എഴുത്തിനും വായനയ്ക്കും മാത്രമായിരുന്നു വിനയന്‍ ജീവിതത്തില്‍ പ്രാധാന്യം കൊടുത്തിരുന്നത്. തനിക്ക് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും താങ്ങുംതണലും ആവശ്യമില്ല. മനസ്സു പരസ്യമാക്കാന്‍ കവിക്ക് മടി തെല്ലുമില്ലായിരുന്നു. സൂത്രക്കാരെയും സ്തുതിപാഠകരെയും കവി അകറ്റിനിര്‍ത്തിയിരുന്നു. കാതലുള്ള എഴുത്തുകാരന് പേനയാണ് ബലം എന്ന പക്ഷക്കാരനായിരുന്നു കവി. 

മലയാള സാഹിത്യസങ്കേതങ്ങളിലും സാംസ്‌കാരിക ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ തൊണ്ണൂറുകളിലുണ്ടായി. ദളിത്, സ്ത്രീപക്ഷ സമീപനമുള്ള രചനകള്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ സാഹിത്യം എന്നിവ മലയാളത്തിലേയ്ക്ക് കടന്നു വന്നു. പുതുഭാവുകത്വങ്ങള്‍ സാഹിത്യത്തെ അതിവേഗത്തില്‍ പുതുക്കിപ്പണിഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ കേരളജീവിതത്തിനെ പുതിയ ദിശയിലേയ്ക്ക് വലിച്ചു. പുതിയ ചിന്താരീതികളുടെ പശിമയും പൊടിപ്പുകളും വിനയചന്ദ്രന്റെ മുദ്രകളിലും പതിഞ്ഞു കിടന്നു. 

പ്രസംഗത്തില്‍, ആശയാവിഷ്‌കരണത്തില്‍ ഒരു വിനയചന്ദ്രന്‍ ടച്ചുണ്ട്. കവിതയെകുറിച്ചും സാഹിത്യസംബന്ധിയായ സംസാരത്തിലും ആ താളം തുളുമ്പിനിന്നിരുന്നു. കേരളീയ കാവ്യപാരമ്പര്യത്തെ കുറിച്ചും നമ്മുടെ സംസ്‌കൃതിയെ കുറിച്ചും വിനയചന്ദ്രന്‍ എപ്പോഴും മതിപ്പ് പ്രകടിപ്പിച്ചിരുന്നു.

മായം കലര്‍ന്ന ഭക്ഷണം, മതിലുകള്‍, രാഷ്ട്രീയത്തിന്റെ അമിതമായ ഇടപെടലുകള്‍ എന്നിവ നിമിത്തം സാധാരണക്കാരായ മനുഷ്യരില്‍ നിന്നും കവിത പോയതായി അദ്ദേഹം വിലപിച്ചു. സങ്കടം, സന്തോഷം, അര്‍ത്ഥരഹിതാവസ്ഥ എന്നിവയാണ് കാവ്യങ്ങള്‍ക്ക് ഹേതുവാകുന്നത് എന്നു വിനയചന്ദ്രന്‍ സമര്‍ത്ഥിച്ചിരുന്നു.

തന്റെയോരോ കവിതയും വ്യതിരിക്ത രീതികളിലാവണമെന്ന് കവിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കെട്ടിലും മട്ടിലും ഒരേരീതി പേറുന്ന കവിതകള്‍ ഒരു കവിയുടെ പരിമിതിയാണെദ്ദേഹം വിലയിരുത്തി.

''സാഹിത്യമൊരു ഊര്‍ജ്ജപ്രവാഹമാണ്. അതിലേയ്ക്കുള്ള വഴി എഴുത്തിലും വായനയിലൂടെയും മാത്രമാണ്. ഭാഷയ്ക്കുള്ളില്‍ നടക്കുന്ന സംഗതിയാണ് സാഹിത്യം. ഭാഷയെ പലവിധത്തില്‍ ഉപയോഗിക്കാം. ശാസ്ത്രവും ചരിത്രവും പറയാന്‍ അതിന്റെ ശേഷിയെ വിനിയോഗിക്കണം. വെറും ഒച്ചയില്‍നിന്നും സംഗീതം വ്യത്യസ്ഥമാകുന്നതു പോലെയാണ് സാഹിത്യത്തില്‍ ഭാഷയ്ക്ക് സംഭവിക്കുന്നത്.'' 

രണ്ടായിരത്തി പതിമ്മൂന്നിലെ ആ സാഹിത്യക്യാമ്പില്‍ കുട്ടികളോടൊപ്പമിരുന്ന് ഞാനാസ്വദിച്ച സാറിന്റെ അവസാനത്തെ ആ പ്രസംഗത്തിന്റെ കാതലും അതായിരുന്നു.


ബന്ധങ്ങള്‍ ബന്ധുത്വം


തിരുവനന്തപുരം ശാസ്തമംഗലത്തെ ആ വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്ന കടമ്മനിട്ട, നരേന്ദ്രപ്രസാദ്,  മുരളി എന്നിവരെക്കുറിച്ചാണ് അദ്ദേഹം ഏറെ സംസാരിച്ചിട്ടുള്ളത്. നാട്യഗൃഹത്തിന്റെ തുടക്കവും വളര്‍ച്ചയും, മലയാളകാവ്യ, നാടക, സിനിമാ രംഗങ്ങളിലെ വേറിട്ട സഞ്ചാരപഥങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍. ഇവയെല്ലാമാ വാക്കുകളിലൂടെ വെളിപ്പെട്ടിരുന്നു. മലയാള സാഹിത്യത്തിലെ പുതുധാരകളില്‍ തനിക്കുണ്ടായിരുന്ന തുടക്കപ്പപങ്ക് തെളിയിക്കാനുള്ള വ്യഗ്രതയും വര്‍ത്തമാനത്തില്‍ കടന്നുവന്നിരുന്നു. കവി എ. അയ്യപ്പന്റെ ജീവിതത്തെ കുറിച്ച് വാചാലനാകുന്നതും പ്രതേ്യക ലഹരിയോടെയായിരുന്നു. 

വ്യക്തിബന്ധപ്പെരുമ വര്‍ണ്ണനകള്‍ ബി.രാജീവന്‍, കടമ്മനിട്ട, നരേന്ദ്രപ്രസാദ്, അയ്യപ്പന്‍, മുരളി എന്നിങ്ങനെ ചുരുക്കം പേരില്‍ മാത്രമായി ഒതുങ്ങി. വി.കെ.എന്‍. സാഹിത്യത്തെ കുറിച്ചും സംഭാഷണവേളകളില്‍ ആവര്‍ത്തിച്ച് മതിപ്പു കാട്ടിയിരുന്നു. പരിമിതമായ കൊച്ചുവര്‍ത്തമാന വിഷയങ്ങളില്‍ അടിയന്തിരാവസ്ഥക്കാലത്ത് രാജീവന്‍ സാറിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസും അവരുടെ വിവാഹവും പാലക്കാട്ടെ ഗുമസ്തജീവിതവും വാചാലതയോടെ അവതരിപ്പിക്കപ്പെട്ടു.  

വീട്ടുകാര്യങ്ങള്‍ അപൂര്‍വ്വമായി മാത്രം. അതില്‍ അമ്മയുടെ മരണശേഷം താന്‍ തങ്ങിയ ഭട്ടതിരിയുടെ ഇല്ലത്തിലെ ജീവിതവും കടന്നുവന്നു. കല്‍ക്കത്തവരെ സഞ്ചരിച്ച മഹാപണ്ഡിതനായിരുന്ന ആ ഭട്ടതിരിയുടെ മഹത്വവും അദ്ദേഹം കൊണ്ടുവന്ന പുറംലോക വര്‍ത്തമാനങ്ങളും വര്‍ണ്ണനകളുമായിരുന്നു കുഞ്ഞുന്നാളില്‍ പുതിയ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കവിയില്‍  ഉണ്ടാക്കിയത്. 

കല്ലടയില്‍ കവിയുടെ ചിതയൊരുങ്ങുന്ന നേരത്ത് കവിസുഹൃത്ത് മുരളീധരഭട്ടതിരി, തന്റെ പിതാവുമായി വിനയനുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തിയേറെ സംസാരിച്ചു.


2013 ഫെബ്രു. 11


ഒടുവിലാ ഫെബ്രുവരി പതിനൊന്നിനു രാത്രിയില്‍ വീട്ടിലേയ്ക്കുള്ള വഴിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

കല്ലടയിലെ തന്റെ പോറ്റുഗൃഹമായ ഭട്ടതിരിയുടെ ഇല്ലത്തിനു മുന്നിലെ ലൈബ്രറിയിലെ തണുപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഞാനും അദ്ദേഹത്തിന്റെ സ്വന്തക്കാരായ ആസ്വാദകര്‍ മുഴുവനും കവിയുടെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുകയായിരുന്നു. അദ്ദേഹം പിറന്ന 'കൊട്ടാരം വീട്ടിലേയ്ക്കുള്ള വഴി'യെ കുറിച്ച് ആര്‍ക്കുമാര്‍ക്കും അന്നേരത്ത് ഓര്‍ക്കാതിരിക്കാനാവില്ല. 

കല്ലടയാറിനു വിളിപ്പാടകലെ കൊട്ടാരംവീടിന്റ അവശിഷ്ട ഓര്‍മ്മകളുമായി ഒരു മണ്‍കൂന ആ പറമ്പില്‍ ശേഷിക്കുന്നുണ്ടായിരുന്നു. മകനെത്തുന്നതും കാത്ത് ഒരു അമ്മയുടെ ചിതലെടുക്കാത്ത സ്‌നേഹത്തുണ്ടുകള്‍ അവിടെ മണ്ണില്‍ പറ്റിക്കിടക്കുന്നുണ്ടായിരുന്നു.

മടക്കവഴിയില്‍ വി എം മുരളി സാറും കവി വിനോദ് വൈശാഖിയും കവിക്ക് താങ്ങും തണലും നല്‍കിയ സജനും വീണ്ടും കവിവഴികളെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. 

വിനയചന്ദ്രനില്ലാത്ത വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നു. 

തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം നടക്കുമ്പോള്‍, സാംസ്‌കാരിക വേദികളില്‍ ഇളംകാറ്റായി വേണ്ടപ്പെട്ടവരെ അതിപ്പോഴും തൊട്ടുപോയിക്കൊണ്ടിരിക്കുന്നു. 


എാഷ്യാനെറ്റ് ഓണ്‍ലൈന്‍ മാഗസീന്‍ 11.2.2021


2023, ഫെബ്രുവരി 8, ബുധനാഴ്‌ച

വഴികള്‍! വഴികള്‍!



വഴികളെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സില്‍ മൂളയിടുന്നത് അതീവ വിജനതയും, നിശ്ശബ്ദതയുമാണെങ്കില്‍! ആ നടപ്പ് അനിതരസാധാരമായി തീരുന്നതാണ്. ഒപ്പമുള്ള തണലും നീരൊഴുക്കുകളും കിനാവുകളും പഥികന്റെ മനോനിലയെ അത്യന്തം ആദ്രാവസ്ഥയിലെത്തിക്കുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് പ്രതീക്ഷയിലൂടെയാണെന്ന തോന്നലുറയ്ക്കും. 

വഴികളായ വഴികളെല്ലാം നിരത്തുകളും റോഡുകളും വീഥികളുമായി പരിണമിച്ച കാലത്ത്  തെരഞ്ഞുപോയാല്‍ ഉള്‍നാട്ടില്‍ ഇപ്പോഴും പരിണാമം തൊടാത്ത അത്തരം വിജനവീഥികളുടെ അനുഭവസാധ്യതകള്‍ കിട്ടുന്നതാണ്. ആശ്വാസത്തിനെയും കൂട്ടുപിടിച്ച് ഏറെ നടക്കാന്‍ അതിനധികം ദൈര്‍ഘ്യമുണ്ടാവണമെന്നില്ല.

പഴയകാലത്തെ വഴികളും കുട്ടിക്കാലത്തെപ്പോലെയായിരുന്നു. തീരെ വിശാലമല്ലാത്ത ലോകം. എതിരെ ഒരാള്‍ വന്നാല്‍-അതൊരു വയല്‍വരമ്പാവും വീതിയില്ലാത്ത വെട്ടുവഴിയുമാകാം. ഇരുതിണ്ടുകള്‍ക്കിടയിലെ ഇടവഴിയാകാം- വരമ്പൊഴിയണം. കയ്യാലയില്‍ കയറി നില്‍ക്കണം. ചിലപ്പോള്‍ അയാള്‍/അവള്‍ നമ്മെ ചേര്‍ത്തു പിടിച്ച് കരുതലോടെയാവും മറുവശത്തേയ്ക്ക് നീങ്ങുന്നത്. ഊഷ്മളമായ ഓര്‍മ്മകളാണിത്തരം വഴിപങ്കിടലുകള്‍.


1. ചേറലിഞ്ഞാര്‍ദ്രമായ ചില നിരത്തനുഭവങ്ങള്‍ ഇപ്പോഴുമില്ലേ? 


വെള്ളക്കെട്ട്, അതൊന്നു ചാടിക്കടന്നാല്‍ സിമന്റിട്ടതു മാതിരി കണ്ണാടിത്തറയായി. നീണ്ടൊരു പെന്‍സില്‍വര മാതിരി പുല്‍പ്പരപ്പിലെ തെളിഞ്ഞ ഒറ്റയടിപ്പാത. ഒരു വശത്ത് ഉയര്‍ന്നുപോകുന്ന കുന്നുകളുണ്ട്. ഒരിക്കലും പടിഞ്ഞാറു നിന്നും വെളിച്ചം കാലടികളില്‍ പതിയില്ല. അത്രയ്ക്ക് തഴച്ച റബ്ബര്‍ക്കാട്. കിഴക്കേ മറുവശത്തും പാടം നികത്തി  നട്ടുപിടിപ്പിച്ച റബ്ബര്‍ത്തോട്ടമുണ്ട്. അമിത വാശിയോടെ അതും വെളിച്ചത്തിനെയും വെയിലിനെയും ആട്ടുന്നുണ്ട്. നിലം മുഴുവനും പന്നല്‍ച്ചെടിക്കൂമ്പാരത്തെ തഴച്ചുവളരാന്‍ ജലസാന്നിധ്യം അനുവദിക്കുന്നുണ്ട്. അതെന്തിനിത്ര അമിത പച്ചച്ചിപ്പിന്‍ അഹങ്കാരമണിഞ്ഞിരിക്കുന്നു? അരിച്ചിറങ്ങുന്ന പ്രകാശം ആ പച്ചപ്പിന്‍പുറത്ത് തെളിച്ചവും  നിഴലുംകൂട്ടി രൂപങ്ങള്‍ വരയുന്നുണ്ട്. വീണ്ടും വീണ്ടും നോക്കുമ്പോള്‍ നൈമിഷിക വിഭ്രാന്തിയാണ് മനസ്സില്‍ പതിയുന്നത്. 

പട്ടപ്പകലിലും ഇരുട്ടുള്ള വിജനമായ വഴി! പ്രഭാതത്തിലാണ് അതു കടക്കാനൊരുങ്ങുന്നതെങ്കില്‍ കോടമഞ്ഞ് വിരിയിട്ടതു കാണാം. മഴകൂമ്പുന്ന നേരത്ത് ഭയമലിഞ്ഞ ഇരുളം വന്നുടന്‍മുട്ടും. വേനലിലും നീര്‍സാന്നിധ്യമുണ്ട്. ആ നിര്‍മ്മല പ്രവാഹത്തിലൂടെ ബൈക്കൊന്നു വേഗത്തിലോടിച്ചാല്‍ ഇരുഭാഗത്തേയ്ക്കും തലമുടി കോതിമാറ്റുന്ന രീതിയില്‍ ചീറ്റിത്തെറിക്കുന്ന തെളിവെള്ളവും  കണ്ടാനന്ദിക്കാം. 

''എനിക്ക് അഷ്ടാകവക്രന്‍ എന്ന പേരിട്ടോളു.'' അങ്ങനെ പറഞ്ഞുകൊണ്ട് ഒരു മഞ്ഞച്ചേര. ആ ചുറ്റുപാടുകളിലെ തണുപ്പുപിടിച്ച് സ്ഥിരവാസക്കാരനായുണ്ട്. രണ്ടു മീറ്റര്‍ നീളമുള്ള ശൂന്നൊരു ഒരു തീവണ്ടിയിഴച്ചില്‍ ചിലപ്പോളതു കാട്ടിത്തരും. ''എനിക്ക് മടുത്തു ഞാനിന്നു കളിക്കില്ല.'' ചിലപ്പോഴവന്‍ അങ്ങനെ മുനങ്ങി പമ്മിക്കളയും. 

ഇത്തരത്തിലുള്ള വഴിത്താരകളിലൂടെ സൂക്ഷിച്ച് പോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 

പണ്ടു പണ്ടത്തെ ചവിട്ടിയാല്‍ ഉറവ കിനിയുന്ന സ്‌കൂള്‍ വഴിയും കണ്ണീര്‍ത്തുള്ളിയെ വഹിച്ച അതിന്റെ ഇടവഴിച്ചെരിവുകളിലെ പുല്‍ത്തുമ്പുകളുടെ ജൈവോര്‍മ്മകളും മനസ്സില്‍ തുടിക്കും. തീര്‍ച്ചയാണ്. വഴിയോര്‍മ്മകളിലൂടെ ജീവചരിത്ര ദര്‍ശനവും സാധ്യമാക്കാം.


2. പ്രണയവഴി


അതൊരു പ്രണയ വഴിയാണ്. ഒരൊറ്റത്തവണ മാത്രമേ അതിലൂടെയൊരു സഞ്ചാരം പ്രാപ്യമായിട്ടുള്ളു. 

അന്നത്തെ ദിവസം വിതുരയിലെ, അടിപറമ്പില്‍ ബസ്സിറങ്ങി അഗസ്ത്യകൂടത്താഴ്‌വരയിലെ സര്‍ക്കാര്‍ വകയായ ജഴ്‌സിഫാമിലേയ്ക്ക് പോയതാണ്. 

പുല്ലുകയറാത്ത, ചെമ്മണ്ണുമല്ല, മറ്റൊരു വിചിത്ര നിറത്തിലെ ഉറപ്പു മണ്ണാല്‍ തീര്‍ത്ത നടപ്പുവഴി. റോസ്സേ0? നേര്‍ത്ത മഞ്ഞള്‍രാശിയായിരുന്നില്ലേ തൂവിക്കിടന്നിരുന്നത്? അതെന്തുമായിക്കോട്ടേ! അതീവാകര്‍ഷണീയമായ അന്തരീക്ഷമായിരുന്നെന്നു ഓര്‍മ്മയിപ്പോഴും പറയുന്നുണ്ട്. അതിന്റെ ഇരുതിട്ടകളില്‍ തിളക്കമുള്ള ചെറിയ മഞ്ചാടിക്കല്ലുകള്‍ കണ്‍മിഴിച്ചു നിന്നിരുന്നു. ആ നിറമെണ്ണാന്‍ മുതിര്‍ന്നാല്‍ നമ്മുടെ കാഴ്ച തെറ്റിപ്പോകും. അതിനാല്‍ വഴിയുടെ പെരുമയിലേയ്ക്ക് വരാം. നീണ്ട ദുരത്തിലേയ്ക്ക് അതീവ ചാരുതയോടെ പാത പുളഞ്ഞു പുളഞ്ഞു പോകുന്നു. വിജനതയുടെ ആഘോഷമാണ് ചുറ്റിലും. അമ്പരപ്പും വന്യസാന്നിധ്യവുമായി പശ്ചിമഘട്ടമലനിരകള്‍ അന്തരീക്ഷത്തിനു ഗരിമ തീര്‍ക്കുന്നുണ്ട്. നാലുഭാഗത്തു നിന്നും കാടുകള്‍ എത്തിയെത്തി നോക്കുന്നുമുണ്ട്.  

ഒരു ക്യാമറ ഇവിടെ വയ്ക്കാം. അങ്ങനെ തോന്നിപ്പോയതില്‍ ഒരതിശയവുമില്ല. തിരിഞ്ഞു നോക്കാന്‍ സമ്മതിക്കാതെ ഒരാണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ആ വഴിയിലൂടെ മുന്നോട്ടു വിടുക. അവര്‍ സാവധാനം നടന്നകന്ന് അടുത്ത വളവില്‍ മറയുന്ന നേരത്ത്. ഇരുവരും തീവ്രപ്രണയത്തിലായതായി, ക്യാമറകണ്ട ചലനങ്ങള്‍ പറയുന്നതാണ്. അത്ര മോഹനീയമാണ് പുല്ലു പതിയാത്ത, കാല്‍പ്പാദങ്ങളാല്‍ തേഞ്ഞ വഴിയെ കാത്തുവച്ച പശ്ചാത്തലവും പ്രകൃതിയും.  


3. അതൊന്നുമൊരിക്കലും മറയല്ലേ!


നീണ്ടുനീണ്ടു പോകുന്ന നടപ്പു വഴിയില്‍ ഏകാന്തത  മുട്ടിമുട്ടി കിടക്കുന്നതു കണ്ടത് അഗസ്ത്യകൂടത്തിലേയ്ക്ക് മലചവിട്ടിയ നേരത്തായിരുന്നു. കാനനകാന്തിയില്‍ മുക്കിവച്ച കാഴ്ചകളും അനുഭൂതികളും നിറഞ്ഞവ. മുന്നില്‍പ്പോയ തീര്‍ത്ഥാടകരാല്‍ തേഞ്ഞ കാട്ടുവഴികളാണവയെല്ലാം. 

തേരിയുയര്‍ച്ച, കാട്ടാറിന്റെ ചെറുകിലുക്കമുള്ള പ്രവാഹത്തെ വിദഗ്ദമായുള്ള മുറിച്ചു കടക്കല്‍, കണ്ണെത്താ ദൂരം നീണ്ടുപരന്ന പുല്‍മേടുകള്‍ പ്രസരിപ്പിക്കുന്ന കാന്തി, അതിനകമ്പടിയായ വേഴാമ്പല്‍പ്പേച്ചുകള്‍. ചോലവനങ്ങളും പക്ഷിജാലങ്ങളും മീട്ടുന്ന സംഗീതസൗജന്യങ്ങള്‍. പ്രകൃതിക്കു മാത്രം സാധ്യമായ മൃദുത്തണുപ്പ്. കാടിനുള്ളിലെ പല തരത്തിലും രീതികളിലുമുള്ള  വഴിസമുച്ഛയത്തില്‍, ക്ലേശതയാണ് ആ നടപ്പിന്റെ മുഖമുദ്ര. ശാന്തതയില്‍ അലിഞ്ഞ കിനാവുകളുടെ കൂട്ടായ്മയും ഒപ്പത്തിനുണ്ട്. ആ വിജനതയില്‍ എന്തും സ്വപ്നം കണ്ടു കണ്ണുകളടച്ചു നടക്കാം. 

വഴിമുഴുവനും ചവിട്ടി തീര്‍ത്ത് അഗസ്ത്യകൂട ഗരിമയില്‍ ഒരു കാല്‍ച്ചുറ്റളവു ഇടത്തിലെത്തുമ്പോള്‍ പിന്‍നടത്തത്തിനു മാത്രമാണ് ഇനി സാധ്യതയെന്ന തിരിച്ചറിവും പൂത്തുലയും.  


4. ആകാംക്ഷകളുടെ വഴിത്താര


ഒരിക്കലും മായാത്ത ആകാംക്ഷയാണ് മധ്യപ്രദേശിലെ ആ കാനന വഴികള്‍ മുന്നിലിട്ടു തന്നത്. ജീവിതത്തിലൊരിക്കല്‍ ലഭ്യമായ അനുഭവം. 'പന്ന നാഷണല്‍ പാര്‍ക്കില്‍' കടുവകളെ കാണാന്‍ പോയതാണ്. ആ സഫാരി ജീപ്പിലിരുന്നുള്ള യാത്രയുടെ ഓരോ ഇഞ്ചിനെയും മനസ്സിലിട്ട'് പുനര്‍ജ്ജനിപ്പിച്ചു കാണണം. 

അതൊരു മനോഹരമായ പ്രതീക്ഷാവഴിയായിരുന്നു. 

വീണ്ടും വീണ്ടും അങ്ങനെ തോന്നിപ്പോവും. തീര്‍ച്ച. കടുവയെ എപ്പോള്‍ കാണാം. അവന്‍ ഈ കാട്ടുവഴിയരുകിലെ പുല്‍പ്പടര്‍പ്പിനുള്ളില്‍. ഇതാ ഈ ചെമ്മണ്ണുവഴിത്താര മുറിച്ചിപ്പോള്‍... കണ്ണുകള്‍ ചതുപ്പുകളിലും പുല്‍മേട്ടിലും ഉള്‍ക്കാട്ടിലും ചെരിവു വഴിയിലും 'കെന്‍'നദീ നീരൊഴുക്കുകളിലും അരിച്ചരിച്ചു നീങ്ങിപ്പോയി. എന്തിനധികം ഒടുവില്‍ അതും പ്രതീക്ഷിച്ചു. നിറഞ്ഞുകിടന്ന കെന്‍ നദിയില്‍ ആ പുലര്‍വേളയില്‍ ആവിയിട്ടുയരുന്ന പുകപ്പരപ്പു വകഞ്ഞുകൊണ്ട് അക്കരെ കാട്ടില്‍ നിന്നും ഒരു വലിയ പൂച്ചയിപ്പോള്‍ ഇക്കരയിലേയ്ക്ക് നീന്തി വെന്നങ്കില്‍!

തൂത്തമ്പാറ എസ്റ്റേറ്റ്, ഷോളയാര്‍ കാടുകള്‍വഴി നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തേയ്ക്ക് ജീപ്പു പാതയിലുടെയുള്ള ഒരു അനധികൃത സഞ്ചാരത്തിനും ഒരിക്കല്‍ അവസരമുണ്ടായി. കൊടുങ്കാട്ടില്‍ നിന്നു കട്ടെടുത്ത കാഴ്ചകള്‍! അവയെല്ലാം കിനാവുകളായിരുന്നോ? ജീപ്പുവഴി്ക്കും മലഞ്ചരിവിനുമിടയില്‍ കാട്ടുപാതയ്ക്ക് സമാന്തരമായി കൂട്ടുവന്ന നീര്‍പ്രവാഹം. ആ ചെരിവില്‍ തൊട്ടടുത്ത് ഒരു പോത്ത്. അതിനെ മറക്കുന്നതെങ്ങനെ? ഇതാരൊക്കെയാണപ്പാ ജീപ്പിനുള്ളില്‍? ഞങ്ങളെയത് നോക്കിനിന്നു. ഞങ്ങള്‍ക്കും ആ കാട്ടുപോത്തിനുമിടയില്‍ ഒരു നീര്‍ച്ചാല്‍വിടവു മാത്രമേയുണ്ടായിരുന്നുള്ളു. 

അന്നു വണ്ടിയിലിരുന്ന് അകലെയുള്ള കാനന വയലുകള്‍ കണ്ടു. അതില്‍ മേളിക്കുന്ന പോത്തുകളും മാനുകളെയും കൊതിച്ചു. ഷോളയാറിലെ ജലനിര്‍മ്മലതയില്‍ ആനന്ദിച്ചു. ചീവീടും കിളിയൊച്ചകളും മാത്രമേ ഒച്ചകളുടെ ഗണത്തിലവിടുള്ളു. കാട്ടുചോലയുടെ മണല്‍പ്പരപ്പില്‍ ഞങ്ങക്കു കാണുന്നതിനായി പതിപ്പിച്ചുവച്ച തലേ രാത്രിയിലെ ചൂടുമാറാത്ത മൃഗക്കുളമ്പു പാടുകളെ തൊട്ടുനോക്കി.

വല്ലാതെ മനസ്സ് നനയുമ്പോള്‍ ഇനിയൊരിക്കലും കാലാല്‍, കണ്ണാല്‍ സ്പര്‍ശനസാധ്യതയില്ലാത്ത അത്തരം വഴിയോര്‍മ്മകള്‍ അപാരമായ ഉര്‍ജ്ജം നിറയ്ക്കുന്നുണ്ട്. അതിനാല്‍ ചലിച്ചു കൊണ്ടിരിക്കുക.


5. കല്യാണവഴിയാണ്!


യൗവ്വനത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടു തെളിഞ്ഞു വരുന്ന മറ്റൊരു വഴിയെ കുറിച്ചു പറയട്ടെ! 

അത് പ്രധാന നിരത്തില്‍ നിന്നുനോക്കുമ്പോള്‍ അറ്റമില്ലാത്ത പാടശേഖരത്തിന്നോരത്തിലൂടെ ചക്രവാളത്തിനെ തൊടാനലസമായി പോകുന്നതായി തോന്നിയിരുന്നു. ആ വയല്‍ വരമ്പിലൂടെ വിവാഹശേഷം വധുവിന്റെ കൈപിടിച്ച് നടക്കണം. ഇതിലൂടെ നടന്നു തന്നെ വേണം .ആദ്യമായി വിരുന്നുപാര്‍ക്കാന്‍ പോകേണ്ടത്. 

മുരടിച്ചുപോയ കാഴ്ചയും ഓര്‍മ്മയുമാണത്. ആ ദിക്കിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഇപ്പോഴും എത്തിയെത്തി നോക്കാറുണ്ട്. പാടശേഖരമില്ല. വളഞ്ഞു പുളഞ്ഞുള്ള വയല്‍വരമ്പോ? കാടും പടലും കയറി അതങ്ങനെയൊരു നിര്‍ജ്ജീവസ്വപ്നമായി.

ഏറ്റുമാന്നൂരിലെ ചെറുവാണ്ടൂര്‍ പള്ളിക്കവലയില്‍ ബസ്സിറിങ്ങി, ആ ചരല്‍പ്പാതയിലൂടെ സെമിനാരി കെട്ടിടത്തിലെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേയ്ക്ക് നടക്കാനുള്ള ഒരു വഴിയുണ്ടായിരുന്നു. ചരല്‍പ്പാതയിലേയ്ക്ക് വരണോരേയും പോണോരേയും എപ്പോഴുമിങ്ങനെ കണ്ണുവച്ചിരിക്കുന്ന ഇത് ആരുടെ വീടാണ്? അന്യദിക്കിലെത്തുമ്പോള്‍ അത്തരത്തിലൊരു ആകാംക്ഷ നമ്മളിങ്ങനെ സൂക്ഷിച്ചിട്ടെന്തു കാര്യം? ഒരു പശു ആ കാട്ടുവഴിയില്‍ വച്ച്  കയറു വലിച്ചുയര്‍ത്തി മാര്‍ഗ്ഗതടസ്സമുണ്ടാക്കുമ്പോള്‍ അതൊരു ട്രാഫിക്ജാമായി മാറി. ക്യാമ്പസ്സിലേയ്ക്ക് നടക്കുന്ന കുട്ടികള്‍ കയര്‍ത്തടസ്സത്തിനു മുന്നില്‍ അറച്ചുനിന്നുപോയി. 

പള്ളിക്കൂട വഴികള്‍ കുട്ടികളില്‍ പടര്‍ത്തിയ ആകാംക്ഷയുണ്ടല്ലോ! അതുമാതിരി ആദ്യമായി ജോലി ചെയ്ത ഇടത്തിലേയ്ക്ക് അനവധി സ്വപ്നങ്ങളെ മുളപ്പിച്ചു തന്ന ഇടവഴി. അങ്ങനെയൊരു വഴിസൗഭാഗ്യവും, അതീവ ശാന്തമായ നടപ്പനുഭവങ്ങളും നാഗരിക ജോലിക്കാര്‍ക്കുണ്ടാവില്ലെന്നതു തീര്‍ച്ചയാണ്. 


6. വീഥികള്‍ 


പോണ്ടിച്ചേരി നഗരത്തിലെ നടപ്പോരങ്ങളില്‍ ടൈല്‍സുകള്‍ പാകിയപ്പോള്‍ അവയെല്ലാം വീഥികളായി പരിണമിച്ചു. ഒരേ നിറത്തിലെ ചായം പൂശിയ കെട്ടിടങ്ങള്‍ വരിവരിയായുള്ള, തണല്‍ മാത്രം പതിഞ്ഞു കിടക്കുന്ന, നന്നായി പരിപാലിക്കപ്പെടുന്ന പൈതൃകവീഥികളാണവ. അതു മോഹന വഴിത്താരകളുടെ ജനുസ്സില്‍പ്പെടുന്നു. ഒരു കാര്യവുമില്ലാതെ എത്ര തവണ ചുറ്റിത്തിരിഞ്ഞാലും അവ മടുപ്പുണ്ടാക്കില്ല. തലങ്ങും വിലങ്ങും നടന്നാലും അവയെല്ലാം ഒടുവില്‍ സമുദ്രക്കാഴ്ചയില്‍ ചെന്നുമുട്ടുന്നു. 

ഇടവഴികളിലെ പാമ്പുഭീതി, ഈ വളവു കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടാനിടയുള്ള ആ ഭ്രാന്തനെക്കുറിച്ചുള്ള പേടിയും.. കൈനിക്കര കുമാരപിള്ളയുടെ 'കുറുക്കുവഴികള്‍' എന്ന പാഠഭാഗം പഠിച്ചപ്പോള്‍ അപകട വീഥികളുടെ സൂചനകളായവ പരിണമിച്ചു. ചില നഗരങ്ങള്‍ക്കുള്ളത് പത്മവ്യൂഹ വഴികളാണ്. നാഗര്‍കോവില്‍പ്പട്ടണം എല്ലാവിധ ഭൂമിശാസ്ത്ര ധാരണകളെയും എപ്പോഴും തട്ടിക്കളയുന്നു. എത്ര നീങ്ങിയാലും മുന്നേയിതിലേ ഞാന്‍ വന്നുവോ? നാഗരുകോവില്‍ നഗരഭൂപഠം മനസ്സില്‍ ഉറയ്ക്കുന്നതേയില്ല. തലങ്ങും വിലങ്ങുമായി എത്ര നടന്നാലാണ് ഒരു പുതിയ പട്ടണത്തിലെത്തുമ്പോളതിനെ മനസ്സില്‍ ഭൂപടരൂപത്തില്‍ ആവാഹിക്കാന്‍ കഴിയുക?


7. കാട്ടിലെ അടയാളക്കല്ലുകള്‍


കാട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഏതു മരത്തിനെ അടയാളക്കല്ലാക്കും? വഴിതെറ്റാതെ തിരിച്ചിറങ്ങിപ്പോരണമല്ലോ! ചുറ്റുപാടുകള്‍ ഒരേ മാതിരിയാകയാല്‍ കാനനത്തിനുള്ളില്‍ വഴി പിണഞ്ഞവന്‍ മാപ്പര്‍ഹിക്കുന്നു. നിരന്തരം പൊളിച്ചു പണിയുന്ന കേരളീയ നഗരങ്ങള്‍ പഴമക്കാരുടെ വഴിയോര്‍മ്മകളെയാണ് റബ്ബര്‍ക്കട്ടയാല്‍  നിസ്സാരമായി തുടച്ചു മാറ്റുന്നത്. 

നടന്നു തേഞ്ഞ വഴികള്‍ മാത്രം ഓര്‍ത്തിരുന്നാലും ജീവചരിത്രം തെളിയുന്നതാണ്. അതാണ് കൈപ്പത്തിയിലെ എണ്ണിയാലൊടുങ്ങാത്ത രേഖാവഴികളെന്നു ചിന്തിച്ചു നേരവും കളയാം.

ചില വഴികള്‍ മരണത്തെത്തൊട്ടാണ് ഇഴയുന്നത്. അങ്ങനെ തോന്നിപ്പോവും. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ക്കോളേജിനു പുറകിലെ കാട്ടുവഴിയാണ് അങ്ങനെയുള്ള സൂചനതന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ കാടുമൂടിയ ക്ഷയരോഗാശുപത്രിയെ ആ വിജനതയില്‍ കാണ്‍കെ മരണസാന്നിധ്യം ഓടിവരുന്നതാണ്. പിന്നെ ഔഷധി മരുന്നു കമ്പനിക്കാരുടെ ചെടിത്തോട്ടം, കാട്, ചെമ്മണ്‍നിരത്ത്, മനുഷ്യസാന്നിധ്യമില്ലായ്മ. അതങ്ങനെ മണിക്കൂറുകള്‍ നടന്നു ചുറ്റിക്കറങ്ങി പിന്നെയും നാഷണഹൈവേയില്‍ കയറുന്നതു വരെ നമ്മള്‍ ''അത്മവിദ്യാലയമേ...'' എന്നു മൂളിപ്പോകുന്നതാണ്. 

പാലക്കാടു ജില്ലയിലെ ശ്രീകൃഷ്ണപുരം, മണ്ണമ്പറ്റ, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലത്തെ വഴികള്‍.. അതു പ്രഭാത, സായാഹ്ന നടത്തിന് ആരും നിര്‍ദ്ദേശിക്കുന്നതാണ്. വശ്യതയുടെ വല്ലാത്ത ഊര്‍ജ്ജം നിറച്ചുകളയുന്ന ഗ്രാമീണപ്പാതകള്‍. ചെല്ലുക! ചെറുപ്പത്തിന്റെ തുണ്ടുകള്‍ തീര്‍ച്ചയായും തിരികെ കിട്ടുന്നതാണ്.

മണ്ണില്‍ മാത്രമല്ല മോഹവഴികളുള്ളത്. കടല്‍ സഞ്ചാരത്തില്‍ സമുദ്രപ്പരപ്പു മുഴുവനുമൊരു പരന്ന വഴിയായി തോന്നിയാല്‍ തെറ്റുപറയാനാവില്ല. ആകാശ മാര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍ നദി പ്രവാഹമുള്‍പ്പെടെ താഴെ കാണുന്നതെന്തിനെയും ഇടവഴികളാക്കി മാറ്റിപ്പണിയാവുന്നതാണ്. 

ഇടത്തും വലത്തും കടല്‍ അലതല്ലുന്ന നീണ്ടൊരു വഴിയീ ഭൂമിയില്‍? സങ്കല്പം മാത്രമല്ല അതുണ്ട്. ആ ദര്‍ശനത്തിനു ധനുഷ്‌കോടി ദ്വീപിലേയ്ക്ക് പോകണം. ഇരുവശത്തുമുള്ള  കാറ്റാടിമരക്കാട് കടലിനെ മറച്ചാലും. ഇടംവലം ഭാഗങ്ങളില്‍ സമുദ്രം നുരയിടുന്നത് അനുഭൂതിയാണ്.  

''സന്ധ്യക്ക് രാമേശ്വരത്തു ചെന്നു നിക്കണം. ലങ്കയില്‍ വിഭീഷണനും കൂട്ടുകാരും രാമാനാമം ജപിക്കുന്നതു കേള്‍ക്കാം.'' പണ്ടു പണ്ട് അമ്മച്ചി പറഞ്ഞതില്‍ നിന്നും, കടലും കടന്നു നീണ്ടുനീളുന്ന വിശാലമായ വഴികളെ കുറിച്ചുള്ള സൂചനകള്‍ കൂടിയുണ്ടായിരുന്നു. 

അതിനാല്‍ ഭൂമിയിലെ എല്ലാ നീണ്ടുപിണഞ്ഞ വഴിപ്പെരുമകളിലും വിശ്വസിക്കുക.


സീക്ക് ന്യൂസ് പുതുവര്‍ഷപ്പതിപ്പ് 2023


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi