കഥാപാത്രം വിളക്കുകണ്ണിയായ കഥ
മധ്യവയസ്സ് കഴിയുമ്പോള്‍ ജീവിതത്തില്‍ നിന്നും പുരുഷന്മാര്‍ ഏറ്റുപിടിച്ച പരിക്കുകള്‍, ഇനിയും കൊടിപ്പടം ഉയര്‍ത്താനാവാതെ കുഴങ്ങുന്ന, മുന്‍പിന്‍ നീങ്ങാനാവാതെ, തീരെച്ചെറിയ കാര്യങ്ങളില്‍ നിന്നും പിന്നോട്ടു വലിക്കുന്ന നിസ്സഹായവസ്ഥകള്‍. ഇത്തരം പുരുഷാവസ്ഥകളുടെ പ്രതീകമായ കര്‍മ്മചന്ദ്രന്‍ പിള്ളയാണ് ഞാനും എസ്. എസ്. ശ്രീകുമാര്‍ സാറിനുമിടയിലെ അടുപ്പത്തെ മുറുക്കിവിട്ട മുഖ്യകണ്ണി. കര്‍മ്മചന്ദ്രന്‍ പിള്ള മുഖ്യകഥാപാത്രമായ എന്റെ ത്രുടി എന്ന നോവല്‍ സാറു വായിച്ചതോടെയാണ് ബന്ധം മുറുകിയത്. കര്‍മ്മചന്ദ്രന്‍ പിള്ളയുടെ ജീവിതാവസ്ഥകളെ കുറിച്ച് ഫോണ്‍ സംഭാഷണങ്ങളില്‍ പലതവണ സാറു പരാമര്‍ശിച്ചിരുന്നതിനാലാണ് അങ്ങനെ തോന്നുന്നത്.
സര്‍ഗ്ഗാത്മകതയുടെ ഉള്‍ച്ചൂടുമായി അലയുന്ന കലാകാരജന്മങ്ങളുടെ വ്യക്തിപരമായ പരിമിതികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള നിരൂപകനാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍. അസ്വസ്ഥതകളുടെ പെരുങ്കെട്ടുകളായ ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ പോലും എഴുത്തുകാരനെ കണ്ടമട്ടു കാണിക്കാത്ത രീതിയാണ് പൊതുവില്‍ പുലര്‍ത്തിപ്പോരുന്നത്. സൗമനസ്യ രീതിയിലെ പെരുമാറ്റം അവരില്‍ നിന്നും അത്യപൂര്‍വ്വവും. അവിടെയാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍ എന്ന പ്രമുഖ നിരൂപകന്റെ കരങ്ങളുടെ പ്രസക്തി. അത് എഴുതാന്‍ വേണ്ടി മാത്രമല്ല. മറ്റ് എഴുത്തുകാെര ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു. വ്യക്തിപരമായ അടുപ്പവും സ്‌നേഹ സമീപനങ്ങളും സൂക്ഷിക്കുന്ന അപൂര്‍വ്വ നിരൂപകരില്‍ ഒരാളായി തികച്ചും ഇഷ്ടം പകരുന്നതാണ് ശ്രീകുമാര്‍ സാറിന്റെ പെരുമാറ്റരീതികള്‍.
എന്റെ സങ്കടങ്ങള്‍ക്ക് മറുപടിയായി തിയറികള്‍ അവതരിപ്പിക്കാതെ, എന്നും ചേര്‍ത്തു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്.
സുഖമാണോ? എഴുതുന്നുണ്ടോ? വല്ലപ്പോഴുമുള്ള എന്റെ ഫോണുകള്‍ക്കുള്ള മറുപടി. അതങ്ങനെയാണ് തുടങ്ങുന്നത്. വീണ്ടും ചരിക്കാനുള്ള ഊര്‍ജ്ജം അദ്ദേഹം എപ്പോഴുമെന്നില്‍ പകര്‍ന്നിരുന്നു.
88
ചില നേരങ്ങളില്‍ തലശ്ശേരിയില്‍ നിന്നുള്ള സാറിന്റെ വര്‍ത്തമാനം മണിക്കൂറിന്നടുത്തേയ്ക്ക് നീണ്ടുപോയിരുന്നു. ആ സംഭാഷണങ്ങളില്‍ നിറഞ്ഞത് തികച്ചും എഴുത്തും സാഹിത്യവും മാത്രം.
വിവിധ വഷയസംബന്ധിയായി നിര്‍ത്താതെയുള്ള വര്‍ത്തമാനത്തിലൂടെ ഏകാന്തവാസം വിതറിയിട്ട' ചെടിപ്പില്‍ നിന്നുള്ള മോചനം കൂടി കാംക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സാഹിത്യത്തിലെ നാനാമുഖമായ സവിശേഷതകള്‍, അതിനുള്ളിലേയ്ക്കുള്ള രാഷ്ര്ട്രീയത്തിന്റെ ഇടപെടല്‍, തത്വസംഹിതകള്‍ക്ക് സാഹിത്യത്തിലുള്ള പ്രസക്തി എന്നിവകളെ കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിചാരത്തിലെ മൂല്യമില്ലായ്മ, ഏകാധിപത്യ പ്രവണതകള്‍ എന്നിവകളെ വിമര്‍ശന വിേധയമാക്കാന്‍ മറക്കാറില്ല.
വിവിധ സാഹിത്യപ്രവണതകള്‍, സാഹിത്യ ചരിത്രങ്ങള്‍ അങ്ങനെ അതെല്ലാം എനിക്കുള്ള കലാലയ സാഹിത്യ ക്ലാസ്സുകളായി മാറുകയും ചെയ്തുകൊണ്ടിരുന്നു.
ആ ഭാഷണങ്ങളില്‍ പ്രാദേശിക നോവലുകള്‍ മലയാളത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് അദ്ദേഹം വാചാലനായി. പ്രാദേശിക നോവല്‍ പ്രമേയമാക്കിയ ഒരുപിടി എഴുത്തുകാരുടെ രചനകളുടെ മേന്മകളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. പ്രാദേശിക രചനകള്‍ പരിചയപ്പെടുത്തു ഫേസ് ബുക്ക് പോസ്റ്റുകള്‍, കേരളത്തിലെ നരവംശപ്പെരുമകള്‍ സാധാരണക്കാരില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ ഫോട്ടോകള്‍! കോവിഡ് കാലത്ത് ഏകാന്തതയുടെ പിടിയില്‍ നിന്നും മോചിതനാകാന്‍ അദ്ദേഹം സോഷ്യല്‍ മീഡിയെ ഉപയോഗിച്ചതും ഓര്‍മ്മിക്കുന്നു
തികച്ചും ഭയരഹിതമായ സമീപനമായിരുന്നു ഡോ. എസ്. എസ്. ശ്രീകുമാറിലെ നിരൂപകന്‍ പുലര്‍ത്തിയത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന യൗവനകാല രീതികള്‍ സൂക്ഷിക്കുന്നതില്‍ നിന്നും ഒരിക്കലും അദ്ദേഹം പിന്നോക്കം പോയിരുന്നില്ല. തുറന്നു പറച്ചിലുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അതു നിമിത്തം ലഭ്യമാകുമായിരുന്ന പദവികളെ കുറിച്ച് ആശങ്കപ്പെടുന്നതുമില്ല.
000
യൗവനം മുതല്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന ആശയങ്ങള്‍ നിരര്‍ത്ഥകമാകുന്നതിലെ സങ്കടം. സംഭവിച്ചു കൂടാത്തത് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് ഇതിനെതിരെ പ്രതികരിക്കുക? എന്ന സങ്കട പ്രകടനത്തില്‍ കലാപ കലുഷിതമായ മനസ്സ് വ്യക്തമാകുന്നു.
മുമ്പ് സ്വീകരിച്ച നിലപാടുകള്‍! അവയൊക്കെ വ്യര്‍ത്ഥമാകുന്നത് ഡോ. എസ്. എസ്. ശ്രീകുമാറിനെ വ്യാകുലനാക്കുന്നു. സ്വാര്‍ത്ഥതയുടെ കടന്നു കയറ്റത്തില്‍ ദുഷിച്ചുപോയ അക്കാദമിക് ലോകത്തെ കുറിച്ച് അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കാറുണ്ട്
ഒഴുക്കിനൊപ്പം നീങ്ങാന്‍ ഒരിക്കലും ശ്രമിക്കാത്ത ഈ വ്യക്തിത്വം തിരിച്ചറിയപ്പെടേണ്ടതാണ്. മാര്‍ക്‌സിസവും എഴുത്തും തമ്മിലുള്ള ധാരകളെ കുറിച്ച് സുവ്യക്തമായ അഭിപ്രായങ്ങള്‍ നിറഞ്ഞ മനസ്സ്. ഭൂപരിഷ്‌കരണ നിയമ്ം ചെയ്തു വച്ചത് വലിയൊരു ചതികൂടിയാണെന്ന് പറയുന്നത് കേരള ചരിത്രത്തിനെ വിലയിരുത്താനുള്ള ശേഷിയും കൈമുതലായുള്ളതിനാലാണ്.
കാലത്തിനൊപ്പം എഴുത്തുകാരന്‍ നിലപാടുകള്‍ മാറ്റുന്നത് സങ്കടകരമാണ് എന്ന വസ്തുതയും അദ്ദേഹം എടുത്തു കാണിക്കുന്നു.
ഒടുവില്‍ സംസാരിക്കുമ്പോള്‍ ഇരട്ടത്താപ്പുകള്‍ക്കെതിരെ സമരം ചെയ്ത ഡോ. കുഞ്ഞാമന്‍ സാറിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി. നിരന്തരം പരാജയത്തിന്റെ ലോകത്തില്‍ പെരുമാറിയ വന്‍പ്രതിഭ അദ്ദേഹം സ്വന്തം ശരീരത്തോടു തന്നെ പടവെട്ടല്‍ നടത്തി വിജയിച്ച ആ സമരരീതിയെ കുറിച്ച് അദ്ദേഹം എടുത്തു പറയുകയുണ്ടായി.
പ്രതിഭകള്‍ക്ക് താങ്ങുകൊടുക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്തരത്തില്‍ ആലോചിച്ചുപോകുക സ്വാഭാവികമാണ്.
888
എഴുതുന്ന നേരത്ത് കൈകള്‍ മനസ്സിനൊപ്പം നീങ്ങാത്തതിനെ കുറിച്ചാണ് അദ്ദേഹം പലപ്പോഴും പരിതപിച്ചിട്ടുള്ളത്. മനസ്സു നിറയെ ഇനിയും എഴുതി തീര്‍ക്കാനുള്ളവ നിറഞ്ഞു കൂടുന്നു. ആവേശത്തോടും സങ്കടത്തോടും അദ്ദേഹം പങ്കിട്ടു. വര്‍ത്തമാനത്തില്‍ മുഴുകുമ്പോഴാണ് താന്‍ ആശയങ്ങളുടെ പെരുവെള്ളപ്പാച്ചിലില്‍ പെടുന്നത്.
പലവിധ സാഹിത്യ ശ്രമങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെ കുറിച്ച് അദ്ദേഹം സൂചനകള്‍ തന്നിരുന്നു. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത നിരൂപണ പദ്ധതികളോടെയാണ് കൃതികളെ അദ്ദേഹം സമീപിച്ചിരുന്നത്. അതിനാല്‍ ഡോ. ശ്രീകുമാറിന്റെ ഓരോ എഴുത്തും വ്യതിരിക്തങ്ങളായി മാറി.
ചിലപ്പോള്‍ സംഭാഷണം തികച്ചും വൈയക്തികമായ തലങ്ങളിലേയ്ക്ക് കടന്നു. കുറച്ചു കാലങ്ങളായി പിടികൂടിയ ശാരീരിക അസ്വസ്ഥതകള്‍, വേദനകള്‍ പങ്കിടുന്നതിലൂടെ ആശ്വാസം തേടുന്ന മനസ്സ് എന്ന നിലയിലേയ്ക്ക് പരസ്പരം പാലമിട്ടു എന്നും പറയാം. നല്ലൊരു ശ്രോതാവായി ഞാനതെല്ലാം കേട്ടു നിന്നു.
വേനലവധിക്ക് ശേഷം തലശ്ശേരിയില്‍ എത്തുമ്പോള്‍ വീടു പൊടി മൂടിക്കിടക്കുന്നു. അത് വൃത്തിയാക്കാനുള്ള പരിശ്രമങ്ങള്‍, ദീര്‍ഘവര്‍ഷങ്ങള്‍ മാറാലയും പൊടിയും മൂടിയ ലോഡ്ജ് മുറിയില്‍ താമസിച്ചിരുന്നപ്പോള്‍ ഞാനനുഭവിച്ചിരുതെല്ലാം മനസ്സിലേയ്ക്ക് ഇരച്ചു.
ഇനിയും ചില പുസ്തകങ്ങള്‍ വായിക്കാത്തതിന്, ഇടയ്ക്കിടെ ഫോണ്‍ ചെയ്യാത്തതിന് അദ്ദേഹം പലപ്പോഴും പരിഭവിച്ചു.
മത്സര പരീക്ഷകളിലെ ഒന്നാം സ്ഥാനക്കാരനയതിനെ കുറിച്ച്, ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ കാലത്തെ ഓര്‍മ്മകള്‍. പന്തളത്തെ വീട്ടുപറമ്പിലെ പണി നടത്തുന്നതിനെ കുറിച്ചുള്ള കൊച്ചു കൊച്ച് വര്‍ത്തമാനങ്ങള്‍, ഇടവയിലെ ബാല്യം. പഠനത്തില്‍ മുഴുകി കഴിഞ്ഞ പഴയകാലം. കാര്യവട്ടത്തെ കേരള യൂണിവേഴ്‌സിറ്റിയിലെ ലോകം.
ഇന്നു രാത്രിയില്‍ ഞാനുറങ്ങുന്നില്ല. ഉറങ്ങിയാല്‍ എഴുതാനുള്ള ആശയങ്ങള്‍ കൈവിട്ടുപോകും. അങ്ങനെ സംഭാഷണം അവസാനിപ്പിച്ച രാവും ഞാനൊരിക്കലും മറക്കുന്നില്ല.
888
ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളിലാണ് എന്റെ തട്ടാന്‍വിള എന്ന രണ്ടാമത്തെ നോവലിനുള്ള അതീവ സമഗ്രമായ അവതാരിക തയ്യാറാക്കി തന്നത്. പതിന്നാലു പേജുകള്‍ കൈയെഴുത്തുള്ള അതു കൈപ്പറ്റുമ്പോള്‍, നെഞ്ചിടിപ്പോടെ വായിച്ചു നോക്കുമ്പോള്‍. എന്റെ രചന അനുഗ്രഹിക്കപ്പെട്ടതായി തോന്നിപ്പോയി.
'ആഗോളീകരണ ലോകനീതിക്കെതിരെ പ്രാദേശികാനുഭവങ്ങളുടെ കലാപം' എന്ന അവതാരികെയ സംബന്ധിച്ച് അദ്ദേഹം നല്‍കിയ സൂചന ഇതാണ്. തട്ടാന്‍വിളയില്‍ നോവല്‍ പിന്‍പറ്റുന്ന വിഷയങ്ങളെ കുറിച്ച് തനിക്ക് എല്ലാമെഴുതാന്‍ പറ്റാതായതിനെ കുറിച്ച്...
അടുത്ത ദിവസം എഴുതി വച്ചതില്‍ നിന്നുരിപ്പോയതായ ചില പേജുകള്‍ വേഗത്തപാലില്‍ വന്നു.
ടൈപ്പു ചെയ്ത അവതാരികയിലെ അക്ഷരത്തെറ്റുകള തിരുത്താന്‍ ദിവസങ്ങള്‍, മണിക്കൂറുകള്‍ നീണ്ട ഫോണ്‍ യഞ്ജം ഒരു നിരൂപകനെന്ന നിലയില്‍ അദ്ദേഹം വച്ചു പുലര്‍ത്തുന്ന എഴുത്തിലെ ആത്മാര്‍ത്ഥയുടെ തെളിവായി എന്റെ മനസ്സിലുണ്ട്.
അതോടെ പത്രമാസികളില്‍ അച്ചടിച്ചു വരുന്ന കഥകളെ കുറിച്ച് പറയാന്‍, അവയുടെ കോപ്പികള്‍ എത്തിച്ചുകൊടുക്കാന്‍ എനിക്കൊരാളായി. ഈ മുതിര്‍ന്ന എഴുത്തുകാരന്‍ സാഹിത്യത്തില്‍ എനിക്കൊരു രക്ഷാകര്‍ത്താവാണ് എന്ന നിലയിലേയ്ക്ക് ഞാന്‍ ശ്രീകുമാര്‍ സാറിനെ കരുതാന്‍ തുടങ്ങി. ഈ നാട്ടിലും മറുനാട്ടിലും ആ കരുതല്‍ കരുത്തു പകര്‍ന്നു.
000
രണ്ടായിരത്തി ഒന്ന് സെപ്തംബര്‍, 19 ലക്കം ഇന്‍ഡ്യാ ടുഡേയില്‍ 'കഥയും ജീവിതവും' എന്ന തലക്കെട്ടില്‍ ശാരദ, ഐസക്ക് ഈപ്പന്‍ എന്നിവരുടെ ചെറുകഥാ സമാഹാരങ്ങള്‍ക്കാപ്പം 'ആകാശത്തിലെ നിരത്തുക'ളെ കുറിച്ച് കുറിപ്പെഴുതിയാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍ എന്നെ വിസ്മയപ്പെടുത്തിയത്. ആ മുന്‍നിര നിരൂപകന്‍ എന്റെ കഥകളെ കുറിച്ച് ഇങ്ങനെ എഴുതി. ''മലയാള ചെറുകഥയിലെ അമേച്വര്‍ സ്വഭാവമുള്ള എഴുത്തുകാരനാണിവിടെ പരിഗണനാ വിധേയനാകുന്നത്. ഈ കഥകള്‍ വിഷയവൈചിത്ര്യവും രീതി വൈവിധ്യവും പ്രകടിപ്പിക്കുന്നു.'' സാഹിത്യവൈവിധ്യം തീര്‍ക്കുന്നത് കൊമ്പുകുലുക്കുന്ന മദഗജങ്ങള്‍ മാത്രമല്ല. അതില്‍ ചെറു ജീവികളും ഉള്‍പ്പെടുന്നു എന്ന കാഴ്ചപ്പാടില്‍ നിന്നായിരുന്നു ആ എഴുത്ത് നടന്നത്.
പിന്നെയും കാലം കഴിയുമ്പോള്‍ അന്നു ത്രൂടിയൊക്കെ ഇറങ്ങിക്കഴിഞ്ഞിരുന്നു. (ഇങ്ങനൊരു പുസ്തകമുണ്ടെന്ന് മലബാറില്‍ ആര്‍ക്കും അറിയില്ലെന്നും സാറ് തന്നെ പറഞ്ഞു.) ഒരു ദിവസം എന്നെ തേടി ഫോണ്‍ വന്നു. വൈകാതെ ആരംഭിക്കാന്‍ പോകുന്ന സാഹിത്യ സംരംഭങ്ങളെ കുറിച്ച്, അതിന് എന്റെ സഹായം തേടിയത് അതൊക്കെയായിരുന്നു ആ സംഭാഷണത്തിന്റെ കാതല്‍. ഇതു നടക്കുന്നത് രണ്ടായിരത്തി പന്ത്രണ്ടുകള്‍ക്ക് ശേഷമാണ്.
ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് മൂര്‍ച്ച വന്നത് ഞാന്‍ തട്ടാന്‍വിളയുടെ വായനാനുഭവം അറിയാന്‍ അതിന്റെ സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തതിനു ശേഷമായിരുന്നു. തുടര്‍ന്ന് അത്തരത്തിലൊരു പുസ്തകത്തിന് പ്രസാധകനെ ലഭിക്കാത്തതിനെ കുറിച്ച് അദ്ദേഹം എതിര്‍ദിശയിലെ കോളത്തില്‍ എഴുതുകയുമുണ്ടായി.
000
ഞങ്ങള്‍ നേരിക്കല്‍ക്കണ്ടത് രണ്ടു തവണ മാത്രം. ആദ്യത്തേത് ഭാര്യയുടെ ചികിത്സാര്‍ത്ഥം എന്റെ തൊട്ടടുത്ത നാട്ടില്‍ സകുടുംബം സാറെത്തിയപ്പോഴാണ്.
അതൊരു മഴയുള്ള ദിവസമായിരുന്നു. ഞാനദ്ദേഹത്തിന്റെ കാറിന് പൈലറ്റായി വീട്ടിലേയ്ക്ക് വഴി കാട്ടി. ഒരു കാരണവരുടെ മട്ട'ില്‍ വീടും ചുറ്റുപാടും കണ്ട് ആ പെരുമഴയില്‍ മടങ്ങി.
അടുത്തത് സാറിന്റെ മകളുടെ കല്യാണത്തിന് അടൂരിലെ വിവാഹമണ്ഡപത്തില്‍ വച്ചും.
00
നിരൂപകര്‍ എല്‍ ഇ ഡി ബള്‍ബുകളായി പരിണമിച്ച ഇക്കാലത്ത് ഡോ. എസ് എസ് ശ്രീകുമാര്‍ എന്ന നിരൂപണ പ്രതിഭ ശരിക്കും തേയ്ചു മിനുക്കിയ നിലവിളക്കു മാതിരി പ്രഭചൊരിയുന്നു.
ഔദേ്യാഗിക ജോലിയില്‍ നിന്നും വിരമിച്ചശേഷം ആ വെളിച്ചം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മലയാള സാഹിത്യത്തില്‍ അഭംഗുരം നീണാള്‍ പരക്കട്ടെ'!
ശ്രീകുമാര്‍ സാറിന് ആശംസകള്‍!
എസ് എസ് ശ്രീകുമാര്‍ സര്‍ഗ്ഗവസന്തം എഡി. പി കെ സഭിത്ത് മൈത്രി ബുക്‌സ് 2024 പേജ് 115-120
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ