ദാവണ്‍ഗരെ പ്രോജക്ടിനുവേണ്ടി കുന്നുകളും താഴ്വരകളും നിറഞ്ഞ ഒരു ദേശത്തിനെ അപ്പാടെ തട്ടി നിരപ്പാക്കിയിതിനു ശേഷം അവര്‍ യാത്ര തുടങ്ങി. കഴിഞ്ഞ ഒന്നൊന്നര മാസമായി ഒന്നിരിക്കാന്‍പോലും നേരം കിട്ടാതെ പൂഴിയിലിഴയുകയായിരുന്നു. പറന്നുപൊങ്ങിയ പൊടിപടലം മനസ്സിലും ചെളിയുടെ പാടയുണ്ടാക്കി. നാട്ടിലേക്കൊന്നു പോകാന്‍, കൈകാലുകള്‍ നിവര്‍ത്തി റെസ്റ്റെടുക്കാന്‍ ചെറിയൊരു ഇടവേള മുരുകന് പ്രതീക്ഷിച്ചു. പക്ഷേ ദാവണ്‍ഗരെയിലെ പണി അവസാനിക്കും മുമ്പേ തന്നെ ഹിന്ദുസ്ഥാന്‍ എര്‍ത്ത് മൂവേഴ്സിന്റെ വകയായ പ്രൊക്ലൈനറുകള്‍, എക്സ്കവേറ്ററുകള്‍, ടിപ്പര്‍ലോറികള്‍ എന്നിവയടങ്ങുന്ന വാഹനവ്യൂഹം യാത്രാസജ്ജമായി. പൂക്കോടുംപാടം എന്ന ഗ്രാമത്തിലാണ് അടുത്ത യുദ്ധം.
യന്ത്രവാഹന കോണ്‍വോയ്യുടെ ഏറ്റവും പുറകിലായിരുന്നു മുരുകനോടിക്കുന്ന ആദിപരാശക്തിയെന്ന എക്സ്കവേറ്റര്‍. പൊടികയറാതെ ചില്ലുകള്‍ താഴ്ത്തിവച്ച് ക്യാബിനുള്ളില്‍ മുരുകനിരുന്നു. കല്ക്കുളത്തു നിന്നും വന്നിരുന്ന ആന്റണിയോടിച്ചിരുന്ന ലോറിയാണ് ആദിപരാശക്തിയെയും അതിനുള്ളിലെ മുരുകനെയും ചുമന്നിരുന്നത്. പൂക്കോടുംപാടത്തെ കിളച്ചുമറിച്ചൊരുക്കുന്നത് എന്തു നിര്‍മ്മാണ പ്രവര്ത്തനത്തിനാണാവോ? വിമാനത്താവളത്തിന്റെ ജോലി, അതു തീരാന്‍ മാസങ്ങളെടുക്കും എന്നൊക്കെ നേരത്തെ കേട്ടിരുന്നു. അത്തരം കെട്ടുകഥകള്‍ മുരുകന് അവഗണിക്കാറേയുള്ളു. അവിടെ കെട്ടിയൊരുക്കുന്നത് സ്കൂളോ, കോളേജോ, ആശുപത്രിയോ? എന്തു ശവക്കോട്ടയാണെറിഞ്ഞിട്ട് പരദേശിക്കെന്തു കാര്യം? ചെന്നിലംപട്ടിയില്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ. അതു മതി. സീനിയര്‍ സൂപ്പര്‍വൈസര്‍ ജോസിന് കാര്യങ്ങളെല്ലാമറിയാം. മുതലാളിമാരുടെ രഹസ്യങ്ങള്‍പോലും. പക്ഷേ ഒരു കിന്നാരത്തിനും അവനെ കിട്ടില്ല. എഞ്ചിനീയര്‍മാര്‍ക്കും പണിക്കാര്ക്കുമിടയില് ഓടിനടക്കുന്നതിന്നിടയില്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. യന്ത്രങ്ങളെപ്പോലെ തന്നെ മിണ്ടില്ല. ജോലിക്കാരെ വിരട്ടാന്‍ ചിലപ്പോള്‍ അലറിയെന്നിരിക്കും.
യന്ത്രത്തിന്റെ മണ്ണെടുക്കുന്ന എക്സ്കവേറ്റര്‍ ഭാഗം പ്രാര്ത്ഥനാപ്പക്കിയുടെ തൊഴുതു മടക്കി വച്ചിരിക്കുന്ന കൈകള്‍പോലെ. അതു പൊടിയുടെ വലക്കെട്ടില്‍ വശങ്ങളിലേയ്ക്ക് ആടിക്കൊണ്ടിരുന്നു. എന്നെ ഉപദ്രവിക്കരുതേയെന്ന ഭാവത്തില്‍ ഇഴയുന്ന ഒരു പാവം ജീവി. ആ ന്ത്രത്തെ കാണുന്ന ആരും അങ്ങനേയേ പറയൂ. ലിവറുകള്‍ അഴിച്ച് എക്സ്കവേറ്ററിനെ അയച്ചുവിടണം. അപ്പോള്‍ കാണാം വിക്രിയകള്‍. ഭൂമിയുടെ കണ്ണും കാതും തൊഴുകൈ നിര്‍ദാക്ഷണ്യം ചൂഴ്െന്നടുക്കും.
ഇത്തരത്തിലുള്ള യുദ്ധസാഹം ഗ്രാമത്തിലാദ്യമായാണ്. മണ്ണുമാന്തികളെ, ചുമന്നുകൊണ്ടുവരുന്ന സാമാനങ്ങളെ നിന്നനില്പില് പിന്നോക്കം മറിക്കുന്ന ലോറികളെ, അവയ്ക്കുള്ളിലെ വിവിധ വേഷധാരികളായ പണിക്കാരെ നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനിന്നു. അത്ഭുതാരവങ്ങളോടെ വായപൊളിച്ചു നില്ക്കുന്നവരില്, ആരുടെയൊക്കെ കിടപ്പാടങ്ങളെയാണാവോ വേരോടെ പിഴുതെറിയേണ്ടത്? എത്രയെത്ര നെല്‍പ്പാടങ്ങളുടെ കണ്ണീര്‍ക്കയങ്ങളിലാണ് മണ്ണെറിഞ്ഞ് നിരപ്പുവരുത്തേണ്ടത്? ഏതേതു കുടിനീരുറവകള്ക്കുള്ളിലേയ്ക്ക് മണ്ണുകുത്തിയിറക്കണം? നാടിന്റെ പച്ചപ്പു മുഴുവനും വലിച്ചു പറിക്കുന്നതോര്ക്കുമ്പോള് അകലെയുള്ള വരള്ച്ചയൊഴിയാത്ത ഒരു ഗ്രാമം മുന്നിലേയ്ക്ക് ഓടിവന്നു.
പച്ചപ്പാവടയും ബ്ലൗസും കറുത്ത തട്ടവുമായി വഴിയരികില്‍ കാഴ്ചകണ്ടു നിന്ന ആമിന മുരുകനു നേരെയും കൈവീശി. ഇതിലെന്തു പുതുമയെ ഭാവത്തോടെ മുരുകന് അറച്ചറച്ച് തിരിച്ചും. ചെന്നിലംപട്ടിയിലെ പനയോല മേഞ്ഞ കുടിലിന്റെ ഓര്‍മ്മ മുരുകനില്‍ അവളുണ്ടാക്കി. പുഷ്പവും മകളും എന്തുചെയ്യുകയാവുമിപ്പോള്? ദാവണ്‍ഗരെ പ്രോജക്ടിന്റെ പണി കഴിഞ്ഞാലുടനെ നാട്ടിലേയ്ക്ക് പോകണമെന്നുറപ്പിച്ചതായിരുന്നു. മകളെ സ്കൂളില്‍ ചേര്‍ക്കേണ്ട കാലം കഴിഞ്ഞെന്നു തോന്നുന്നു. കുളിച്ച് കുറിയിട്ട് ഈ നാട്ടിലെ കുട്ടികളെല്ലാം രാവിലെ സ്കൂളിലേയ്ക്ക് പോകുന്നതു കാണുമ്പോള്‍ മുരുകന് അതിശയമാണ്. പുഷ്പത്തിന് അതിനെക്കുറിച്ചെന്തെങ്കിലുമറിയാമോ? അവിടെയിത്തവണ പുരമേഞ്ഞിരിക്കുമോ? അതാലോചിച്ചപ്പോള്‍ മുരുകനൊരാന്തലുണ്ടായി. താനുമപ്പനും മണ്ണുകുഴച്ച് ഒരുക്കിയതായിരുന്നു കൂര. കാലംതെറ്റി വരുന്ന ഒരു മഴയെപ്പോലും താങ്ങാനുള്ള ശേഷി മേല്പ്പുരയ്ക്കുണ്ടാവില്ല. അതൊക്കെ മറക്കാന്‍ മുരുകന് ആമിനയ്ക്ക് നേരെ കൈവീശിക്കൊണ്ടിരുന്നു.
മുിലെ വാഹനത്തിന്റെ വാഹനത്തിന്റെ വാലുപിടിച്ച് ലോറിക്കു മുകളിലിരുുള്ള സുഖയാത്ര മുരുകനും അരോചകമായി തോി. ആദിപരാശക്തിയും ഉറക്കം തൂങ്ങുകയാണ്. യന്ത്രത്തെ ഉണര്‍ത്താന്‍ അതിന്റെ എക്സ്കവേറ്റര്‍ ഭാഗം മുരുകനുയര്‍ത്തി വച്ചു. ലോറിക്കുള്ളില്‍ ഇപ്പോഴുള്ളത് പുറത്തേയ്ക്ക് ചാടാനൊരുങ്ങിയ കങ്കാരുവാണെ് മുരുകന് സങ്കല്പിച്ചു.
ആമ്പുലന്സായിരുന്നു മുമ്പ് മരുകനോടിച്ചിരുന്നത്. മാറിപ്പോ, മാറിപ്പോയെന്നു വിളിച്ച് തലയില്‍ ചുവന്ന ലൈറ്റും ചുഴറ്റിപ്പായുമ്പോള് മുന്നിലാരും വന്ന് വഴി തടയാറില്ല. എങ്കിലും സ്റ്റീയറിംഗില്‍ കൈ തൊടുമ്പോള്‍ തന്നെ മനസ്സടഞ്ഞുപോകും. സര്‍വ്വാംഗങ്ങളിലും മരവിപ്പ്. പുറകില്‍ നീറിപ്പുകഞ്ഞുയരുന്ന കരച്ചിലുകള്‍ക്കിടയില്‍ ടാര്നിരത്തുകള് മാത്രം മുന്നില്‍ത്തെളിയും. വീണ്ടുമൊരിക്കല്‍ക്കൂടി പോകാനാഗ്രഹം തോന്നാത്ത കറുത്ത വഴികള്‍. എങ്ങനെയൊക്കെ ചുറ്റിവളഞ്ഞോടിയാലും ഒടുവിലത് ചെന്നവസാനിക്കുന്നത് കൂട്ടനിലവിളികളുകളുടെ പെരുങ്കെട്ടിലാണ്. ആമ്പുലന്‍സിനെ കണ്ടിട്ടിതുവരെയും ആരും കൈവീശിക്കാണിച്ചിട്ടില്ല. ആ കാഴ്ചതന്നെെയാരു കത്തലാണെന്ന് വേഗം കുറച്ച് ചില വളവുകള്‍ തിരിയുമ്പോള്‍ ഉത്ക്കണ്ഠാകുല മുഖങ്ങള്‍ പറയുന്നത് മുരുകന് ശ്രദ്ധിച്ചിട്ടുണ്ട്. സായാഹ്നങ്ങളില്‍ പടിഞ്ഞാറുനിന്നും ചിതറി വീഴുന്ന സ്വര്ണ്ണപ്രകാശത്തിനുള്ളിലൂടെ ഒരു കുന്നിഴഞ്ഞു കയറുമ്പോള്‍, മഞ്ഞും നിലാവും മേളിക്കുന്ന നേരത്ത്, പാടത്തിന്റെ നടുവില്‍ തിരക്കില്ലാത്ത റോഡില്‍ കണ്ണുകള്‍പോലും ചത്തിരിക്കും. മടക്കയാത്രകളില്‍ ഏകാന്തനായി അടയാളക്കല്ലുകള്‍ മാത്രം ശ്രദ്ധിച്ച്, പടിപ്പുരകള്‍ അടച്ചുറങ്ങുന്ന വീടുകള്‍ക്കിടയിലൂടെ വഴിചോദിക്കാന്‍ ആരെയും കാണാതെ പുറത്തൊരു നെയ്ത്തിരി നേര്‍ച്ചവച്ച് ദേവീദേവന്മാരുറങ്ങുന്ന അമ്പലങ്ങള്‍ക്കു മുന്നിലൂടെ ചിലയിടങ്ങളില്‍ ട്യൂബ്ലൈറ്റിന്റെ പ്രകാശത്തില്‍ ഉണ്ണിയേശു രൂപങ്ങള്‍ മാത്രം ഉണര്‍ന്നിരിക്കും. അപരിചിതരെക്കണ്ടുപോലും പുഞ്ചിരിച്ചുകൊണ്ട്.
അന്നൊക്കെ മൂന്നാലു ദിവസങ്ങള്‍ കൂടുമ്പോഴെങ്കിലും വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നു. എത്ര ഉറക്കത്തിന്നിടയിലായിരുന്നാലും കാല്‍പ്പെരുമാറ്റം പുഷ്പം പിടിച്ചെടുക്കും. തിണ്ണയില്‍ നിന്നും വലിച്ചിറക്കി, തലയിലൊരു കുടം വെള്ളമൊഴിച്ചതിനുശേഷം മാത്രമേ അവള് അകത്തുകയറാന്‍ സമ്മതിച്ചിരുന്നുള്ളു. ഏതു വേനലിലും അതിനുള്ള വെള്ളമവള്‍ കരുതിവച്ചിരിക്കും. ഇപ്പോള്‍ പുഷ്പത്തിനെ കുറിച്ചോര്‍ക്കാന്‍ തന്നെ ഭയമാകുന്നു. സത്യത്തില്‍ അവളുടെ മൂക്കൂത്തിയുടെ നിറംപോലും മറന്നുപോയിരിക്കുന്നു. പറന്നുയരുന്ന പൊടിക്കാട്ടില്‍ രാവും പകലും യന്ത്രങ്ങള്‍ ആര്‍ത്തിരമ്പുമ്പോള്‍ പുഷ്പത്തിനെ കുറിച്ചെന്തോര്ക്കാനാണ്? മണ്ണിന്റെയും മരങ്ങളുടെയും പ്രാണന് പറിഞ്ഞു നീങ്ങുമ്പോഴുയരുന്ന നിലവിളികള്‍ക്കിടയില്‍ മനസ്സൊന്നു തെളിഞ്ഞാല്‍ത്തന്നെ ജോസിന്റെ ആക്രോശങ്ങളിലെല്ലാം കലങ്ങിമറിയും. പുഷ്പത്തിന് കാവല്‍ ഇരുട്ടുമാത്രം. ചേരിയില്‍ നിന്നു പൊങ്ങുന്ന ചൂളംവിളിയൊച്ചകള്‍ അവളെ പ്രലോഭിപ്പിക്കാതിരിക്കട്ടെ. മുത്തുമാരിയമ്മന്‍ പുഷ്പത്തെ കാത്തുകൊള്ളും. ഒരിക്കല്‍വന്ന കൈപ്പിഴ അമ്മന്‍ മറന്നുകാണില്ല.
ഓടിത്തളര്‍ന്ന കോവോയ് ചെറിയൊരു മൈതാനത്തിലുറഞ്ഞു. കൊച്ചുകൊച്ചു പച്ചക്കുന്നുകള്‍ കാഴ്ചയില്‍ വരുന്ന ഒരിടം. വാഹനങ്ങള്‍ നിന്നപ്പോള്‍ തന്നെ ജോസിനു പിരിയിളകി. ടെന്റുകള്‍ ഉറപ്പിക്കുന്നവര്ക്കുള്ള നിര്‍ദ്ദേശങ്ങളുമായി അവനോടി നടന്നു. മണ്ണുമാന്തികളെ തുടച്ചുവൃത്തിയാക്കുക, സന്ധികളില്‍ എണ്ണയിടുക, തുടങ്ങിയ ജോലികള്‍ ഹെല്‍പ്പേഴ്സ് ചെയ്തു തുടങ്ങി. ആഹാരം തയ്യാറാക്കുന്ന കൂടാരങ്ങളില്‍ നിന്നും എണ്ണയുമുള്ളിയും മൂക്കുന്നതിന്റെ മണമുയര്‍ന്നു. ചെറിയ മൈതാനം കാണക്കാണെ നിറഞ്ഞു തുളുമ്പുന്ന ഒരുറവയായി ഈ പ്രദേശത്തു മുഴുവനും പടരും. യന്ത്രങ്ങള്‍ പച്ചപ്പിനെ വേരിളിക്കി വടിച്ചുമാറ്റും. ഗ്രാമീണര്‍ പലായനം ചെയ്യും. ജീവജാലങ്ങളുടെ ഭൂപടത്തില്‍ നിന്നും ഇങ്ങനൊരു പ്രദേശം അപ്രത്യക്ഷമാകും.
യന്ത്രങ്ങള്‍ മുരളുന്ന മൈതാനത്തിന് നിമിഷംപ്രതി വലിപ്പം കൂടി വന്നു. ചോരച്ചാലുകള്‍പോലെ ലോറിത്താരകള് താഴ്വരകളിലേയ്ക്ക് നീണ്ടുപോയി. പച്ചമണ്ണുമായി അവയിലൂടെ ടിപ്പര്‍ലോറികള്‍ കണ്ണുകളടച്ച് പാഞ്ഞുകൊണ്ടിരുന്നു. ധൃതിപ്പണികള്ക്കിടയില് ഒരു അസ്ഥിത്തറയുടെ കല്‍ക്കെട്ടില്‍ എക്സ്കവേറ്റര്‍ നഖങ്ങള്‍ കുരുങ്ങിയറച്ചപ്പോള് മുരുകന് പണി നിര്‍ത്തിവച്ചു. മൂളുകയും മുരളുകയും അലറുകയുമൊക്കെ ചെയ്യുന്ന യന്ത്രത്തെ മുരുകന് സ്റ്റാന്ഡിലേയ്ക്കുയര്ത്തി. ദേഹം കുടയാനൊരുങ്ങുന്ന തയ്യാറെടുപ്പുകളോടെ അതാഞ്ഞുയര്ന്നു നിന്നു. കയറുപൊട്ടിച്ചോടുന്നതിന്നിടയില് അറച്ചുപോയപ്പോള് അറിയാതുയര്‍ന്നു പോയ പശുവിന്റെ വാലുപോലെ എക്സ്കവേറ്റര്‍ മുരുകനുയര്‍ത്തി. എക്സ്കവേറ്റര്‍ നഖങ്ങള്‍ക്കിടയില്‍ കുരുങ്ങിനിന്ന വലിയ വേര് നിലത്തേയ്ക്കൂര്‍ന്നു പോയത് സര്പ്പദര്ശനമുണ്ടാക്കുന്ന ഞെട്ടല്‍ മുരുകനിലുണ്ടാക്കി.
അടുത്തയുടനെ മണ്ണുനീക്കി ഭൂപ്രതലത്തില്നിന്നു മായ്ചുകളയേണ്ട തിട്ടയില്‍ പച്ചപ്പാവാടയുടെ മിന്നലാട്ടം മുരുകന് കണ്ടു. ഒറ്റയ്ക്കു നിന്നിരുന്ന ആമിനയെക്കണ്ട് മുരുകന് കൈയുയര്‍ത്തി. ഒരറപ്പുമില്ലാതെ അവള് വിളിച്ചു ചോദിച്ചു. ഈ ജന്തു മനുഷ്യനെ അള്ളുമോ? മുരുകനുത്സാഹമായി. ഒരു കുട്ടിയെങ്കിലും തന്റെ മനസ്സറിഞ്ഞിരിക്കുന്നു. ഇതിനെ വെറുമൊരു മണ്ണുമാന്തിയായിട്ടല്ല അവളും കാണുന്നത്. ഇല്ലേയില്ലെന്നു ചിരിച്ചുകൊണ്ടു മുരുകന് പറഞ്ഞു. ഇതു കടിക്കുമോ? ഇല്ലെന്നു മുരുകന് ചുണ്ടുകള്‍ കോട്ടി. ദേഷ്യത്തോടെ ഇതൊന്നു മുക്രയിടുക കൂടിയില്ല. ഞാന്‍ പറയുമ്പോലെല്ലാം കേള്‍ക്കും. കുഞ്ഞായിരുന്നപ്പോഴെനിക്കു കിട്ടിയതാ. അന്നുമൊതലേ നന്നായിട്ടെനിക്കറിയാം. പിന്നെ തിന്നുകൊഴുത്തീ പരുവത്തിലായെേന്നയുള്ളു. എങ്കിലും നന്നായി പണിയെടുക്കും. എല്ലുമുറിയെത്തന്നെ. പഞ്ചപാവം. ചെവിക്കു പിടിച്ചു തിരിച്ചാല്‍ ഞാന്‍ പറയിണടത്തു നിക്കും. ശരിയല്ലേടാ? ഞാന്‍ പറയണപോലെ നീ കേക്കില്ലേ? അതിനുത്തരമായി മുരുകന് എക്സ്കവേറ്ററിനെ അതെയെന്ന അര്‍ത്ഥത്തില്‍ ചലിപ്പിച്ചു. ആമിന നിര്‍ത്താതെ പൊട്ടിച്ചിരിച്ചു. അന്നു രാത്രിയില്‍ കുടിച്ചുകുടിച്ചു നല്ലബോധം മറഞ്ഞിട്ടും മുരുകന് എക്സ്കവേറ്റര്‍ എന്ന ജന്തുവിനെക്കുറിച്ച് ആമിനയോട് പിറുപിറുത്തുകൊണ്ടിരുന്നു.
പിന്നൊരു ദിവസം ലോഡെടുക്കാന്‍ ടിപ്പറെത്താത്ത നേരത്ത് മുരുകന് ആമിനയെക്കണ്ടു. അയാള്‍ യന്ത്രത്തെ അവളുടെ അടുത്തുകൊണ്ടുവന്നു നിര്‍ത്തി. കുട്ടിയേതു ക്ലാസ്സിലാണ്? അവളുടെ ആംഗ്യഭാഷയിലെ ഉത്തരം മുരുകന് മനസ്സിലാവാതെ പോയി. അവളുടെ ചലനങ്ങള്‍ മകളെ ഓര്‍മ്മിപ്പിച്ചു. അമ്മയ്ക്കും മകള്‍ക്കും തന്നോട് സ്നേഹക്കുറവു വരാന്‍ വഴിയൊന്നുമില്ല. അടുത്ത സൈറ്റിലേയ്ക്ക് പോകുന്നതിനു മുമ്പെന്തായാലും നാട്ടിലേയ്ക്ക് പോകണം. അക്കാര്യത്തിനൊരു മാറ്റവുമില്ല. ജോസ് ഭീഷണിപ്പെടുത്തട്ടെ! പണിപോണെങ്കില് പോയ്ക്കോട്ടെ! പുഷ്പത്തിന്റെ പിണക്കമൊക്കെ തീര്‍ത്ത് മെരുക്കിയെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തില്‍ മുരുകനടങ്ങി.
ഞങ്ങളുടെയൊക്കെ വീടും വയലുമൊക്കെ നശിപ്പിക്കണ മണ്ണുമാന്തിപ്പന്നികളെ പടക്കം വച്ചുകൊല്ലണമെന്നാണുമ്മ പയറണത്. പടക്കംപൊട്ടി ഈ ജന്തു ചത്തുപോയാല്‍ നിങ്ങളെന്തു ചെയ്യും?
ഇതിനെ കൊല്ലാനോ? പറ്റില്ല മോളേ. ഇവന് പോലീസു പട്ടിയെപ്പോലെ പടക്കവും ബോംബുമൊക്കെ മണത്തു പിടിക്കും പിന്നതെടുത്തൊറ്റ വിഴുങ്ങലാണ്. വയറ്റത്തു ചെന്നാല്‍ വെടിമരുന്നു പൊട്ടിത്തെറിക്കില്ല. അലിഞ്ഞുപോവും. വെടിമരുന്നിവന് മുട്ടായിപോലല്ലേ! ആമിനയുടെ മുഖത്ത് തോല്‍വിയുടെ രസം പടര്‍ന്നു.
പടിഞ്ഞാറുഭാഗത്തെ പണികള്‍ക്കിടയില്‍ നിന്നും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആദിപരാശക്തിയെ ആമിനയുടെ വീടിന്നടുത്തേയ്ക്ക് നിയോഗിക്കപ്പെട്ടു. ആമിനയുടെ വീട് എക്സ്കവേറ്ററിലിരുന്നാല് വ്യക്തമായി കാണാം. ഇവിടം വിട്ടുപോണത് നിങ്ങള്‍ക്കൊക്കെ ഇഷ്ടമാണോ? ആമിനയെ കണ്ടയുടനെ മുരുകന് തിരക്കി. ഇവിടുന്നു പോവാന്‍ വാപ്പയെന്നേ റെഡിയായിക്കഴിഞ്ഞു. ഇനി ബനിയനൂടിട്ടാല് മതി. കിട്ടണ പൈശ കൈനെറയെ വാങ്ങിച്ച് ഈ കാട്ടുമുക്കീന്നെത്രയും പെട്ടെന്ന് പോണോന്നാ വാപ്പ പറയണത്. പക്ഷേങ്കി ഉമ്മായ്ക്കിഷ്ടമല്ല. ഇതുമ്മാന്റെ വീതത്തിലെ സ്ഥലമാണ്. ദാ. കാണുന്ന മാവും പുളീം കവുങ്ങുമൊക്കെ എന്റുമ്മാ നട്ടതാണ്. ഞാനുമൊരു ചാമ്പക്കുരു കുഴിച്ചിട്ടിട്ടുണ്ട്. ആ വാളന്‍പുളിക്ക് തേനുണ്ടെന്ന് നിങ്ങക്കറിയാമോ?
മുരുകന് തറയിലേയ്ക്ക് എക്സ്കവേറ്ററിനെ നിവര്‍ത്തിവച്ചു. ഇപ്പോള്ക്കണ്ടാല് മണ്ണില്‍ തലവച്ച് കഴുത്തു നീട്ടിക്കെടക്കണ ഒട്ടകം മാതിരി. എന്റെ വീട്ടിലെ പൊസ്തകത്തിലൊണ്ട്. അതിലെ ഒട്ടകം ഇതുതന്നെ. ആമിന പറഞ്ഞപ്പോഴാണ് എക്സ്കവേറ്റര്‍ ഒട്ടകമായി രൂപംമാറിയത് മുരുകന് ശ്രദ്ധിച്ചത്. ശരിയാണു മോളെ. ഇപ്പോളിവന്‍ ഒട്ടകം തന്നെ. പണിതുടങ്ങിയാല്‍ ശരിക്കും മദയാന. ഭൂമിയുടെ കാമ്പുപോലും ചവിട്ടിപ്പറിച്ചെടുക്കും.
നിങ്ങള്ക്കിവനെയൊരു മുയലാക്കാന്‍ പറ്റുമോ? ചെവികള്‍ മുകളിലേയ്ക്കുയര്‍ത്തി ഓടാന്‍ പാകത്തില്‍ നില്ക്കുന്ന... മുരുകന് ലിവറുകള്‍ തിരിച്ച് എക്സ്കവേറ്ററിനെ മുകളിലേയ്ക്കുയര്‍ത്തി നോക്കി. എത്ര തിരിച്ചിട്ടും രൂപം ശരിയാകാതെ ഉദ്യമം പരാജയപ്പെട്ടു. ഓരോ തവണ ലിവറുകള്‍ തിരിക്കുമ്പോഴും യന്ത്രം പരുഷശബ്ദങ്ങളുണ്ടാക്കി വിയോജിപ്പ് പ്രകടിപ്പിച്ചു. ആമിനയുടെ മുഖത്ത് വിജയഭാവം. ഒരു നിമിഷം അവളുടെ മുഖത്തിനെ തന്റെ മകളുടേതിനോട് ചേര്‍ത്തു വയ്ക്കാന്‍ മുരുകനു കഴിഞ്ഞു. അവയിലെ സമാനതകള്‍ വായിക്കെ മുരുകന് സന്തോഷം കൂടിവന്നു. അകലെ നിന്നും മകളോടി മുന്നില്‍ വന്നതായി മുരുകനു തോന്നി. പക്ഷേ പുഷ്ം? പുഷ്പത്തിന്റെതിനു സമാനമായൊരു മുഖം?
ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ തങ്ങള്‍ തുരന്നു മറിക്കുന്നത് വിമാനത്താവളത്തിനു വേണ്ടിയാണെന്നെല്ലാപേര്ക്കും മനസ്സിലായി. എക്സ്കവേറ്ററിനെ തൊട്ടുതൊട്ടില്ലെന്നു ഭാവിച്ചു പറന്നുയരുന്ന വിമാനങ്ങളെ മുരുകന് സ്വപ്നം കണ്ടു. എത്ര മായ്ച്ചാലും മുഖത്തുനിന്നും ചിരിപോവാത്ത ഒരെഞ്ചിനീയറോട് മുരുകന് വിമാനത്താവളത്തിന്റെ അതിരുകളനേ്വഷിച്ചു. ഔദാര്യം പൂത്തുലഞ്ഞ നേരം. പിറവി പൂര്‍ണ്ണമാകാത്ത മൈതാനത്തിന്റെ മൂലകളയാള് ചൂണ്ടിക്കാട്ടി. അവയ്ക്കുനേരെ അടയാളം വച്ച് ആമിനയുടെ വീട്, അവളുടെ ഉമ്മൂമ്മ നട്ടുവളര്‍ത്തിയ പുളി, പ്ലാവ്, മാവ് ഇവയൊക്കെ അതില്പ്പെടുമോയെന്നു മുരുകന് കണക്കുനോക്കി. കണ്ണുകള്‍ കൊണ്ടുള്ള നീണ്ടവരകളുടെ ഏങ്കോണിപ്പ് ഓരോ തവണയും മുരുകനെ സംശയങ്ങളിലാഴ്ത്തി.
ഞങ്ങളുടെ വീട് നിങ്ങള്‍ പൊളിക്കുമോ? അതിനെയവിടെ തന്നെ നിര്‍ത്തിക്കൂടേ? ഒരു സായാഹ്നത്തില്‍ പച്ചപ്പുനിറഞ്ഞ പറമ്പിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ആമിന ചോദിച്ചു. ഇല്ല മോളെ. പൊളിക്കില്ല. മുന്‍പിന്‍ നോക്കാതെ മുരുകനവള്ക്ക് വാക്കുകൊടുത്തു. കുറച്ചുകഴിഞ്ഞാണ് മുരുകനതിന്റെ ഗൗരവം തെളിഞ്ഞത്. ഹിന്ദുസ്ഥാന്‍ എര്‍ത്ത് മൂവേഴ്സിലെ സേട്ടുമാര്‍ കാണാമറയത്തിരുന്നു പറഞ്ഞുതരുന്ന അതിരുകളെ ഒരു ജെ.സി.ബി. ഓപ്പറേറ്റര്‍ എങ്ങനെ മാറ്റിവരയ്ക്കാനാണ്? ഒരാവേശത്തില്‍ കുട്ടിയോടങ്ങനെ പറഞ്ഞുപോയി. ഒരിഞ്ചു പണിപോലും ഉഴപ്പാനാവില്ല. പക്ഷേ കുട്ടികള്‍ വാഗ്ദാനങ്ങളൊരിക്കലും മറക്കാറില്ല. അതും വലിയൊരു യന്ത്രത്തെ ചൂണ്ടാണി വിരല്‍കൊണ്ടു മെരുക്കുന്ന ഭീമാകാരനായ ഒരു കറുപ്പന്റെ വാക്കുകള്‍. ഉമ്മാ. അയാളില്ലേ! നമ്മുടെ പറമ്പിന് തൊട്ടപ്പുറത്ത് മണ്ണുമാന്തിയെ മേയക്കുന്നയാള്. ആള് പറഞ്ഞു. നമ്മുടെ വീട് പൊളിക്കില്ലെന്ന്. നമ്മുടെ പറമ്പില്‍ നിന്നു മാത്രം മണ്ണെടുക്കില്ലെന്ന്. ആ യന്ത്രം അയാള്‍ പറയുതെല്ലാം കേള്‍ക്കും. എന്നിട്ടുമതിനെ മുയലാക്കാന്‍ മാത്രമയാള്‍ക്ക് പറ്റിയില്ലുമ്മാ. ആമിന അവളുടെ ഉമ്മയോട് തീര്‍ച്ചയായും പറഞ്ഞിരിക്കും. വേണ്ടായിരുന്നു. കുട്ടികളൊന്നും മറക്കില്ല. കണ്ണടയ്ക്കുന്ന ഒരു പാവയെ വേണമെന്ന് മകള്‍ പറഞ്ഞിരുന്നു. അതിനി അനേ്വഷിച്ചു നടക്കേണ്ട കാര്യമുണ്ടോ? പാവയുമായി ചെല്ലുമ്പോള്‍? അയാള്‍ മുഖം തിരിച്ചു. എക്സ്കവേറ്റര്‍ മണ്ണു കാര്‍ന്നുതുടങ്ങി.
പൂക്കോടുംപാടത്തെ ഭൂമിയുടെ മടക്കുകളെല്ലാം ടിപ്പര്‍ലോറികള്‍ നിവര്‍ത്തിയെടുത്തു. ഓരോ കൂര വീഴുമ്പോഴും പെണ്ണുങ്ങള് കല്ലുംമണ്ണും വാരിയെറിഞ്ഞ് തലയില്‍ കൈവച്ച് പ്രാകിക്കൊണ്ടിരുന്നു. അലമുറയിടുന്നവര്‍ക്കു നേരെ പ്രൊക്ലൈനറുകള്‍ ചിന്നംവിളിച്ചു കൊണ്ടോടിയടുത്തു. വീടുംകുടിയും ഉപേക്ഷിച്ചു പോകുന്നവരില്‍ അപൂര്‍വ്വം ചിലര്‍ കൈവീശിക്കാണിച്ചത് മുരുകനെ അതിശയിപ്പിച്ചു. ചെന്നിലംപട്ടിയില്‍ മണ്ണുകുഴച്ചൊരുക്കി അപ്പനുണ്ടാക്കിയ വീട് ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധത്തില്‍ വീണുപോയതായി മുരുകനു തോന്നി. അപ്പന് മണ്ണുവെട്ടിയൊരുക്കാന് ചെറിയൊരു വീപ്പയില്‍ നിന്നും വെള്ളംകോരിയൊഴിച്ചതിന്റെ ഓര്‍മ്മ. മങ്ങിയ ആ ചിത്രത്തിനു മുകളില്‍ വിണ്ടുകീറിയ ഒരു ചുവരു വന്നുവീണത് മുരുകന് കണ്ടു.
സാര്‍, നമുക്കീപ്പണി ആ പുളിമരത്തിനപ്പുറത്ത് നിര്‍ത്തിക്കൂടേ? കിഴക്കുവശത്ത് വിശാലമായ തരിശുണ്ടല്ലോ. ഈ തുണ്ടില്വരുന്ന കുറവ് അവിടത്തെീര്ക്കാം. ഉറക്കത്തിലും ആമിനയ്ക്ക് കൊടുത്തുപോയ വാക്കുകളുടെ ഗൗരവം മുരുകനെ അലട്ടിക്കൊണ്ടിരുന്നു. വിമാനത്താവളത്തിന്റെ ചുവപ്പുപൂശിയ അതിരു കല്ലുകളെ മറികടക്കാന്‍ ആമിനയുടെ വീടുംപറമ്പും രക്ഷപ്പെടുത്താന്‍ സ്വപ്നത്തിലും മുരുകന് ശ്രമിച്ചുനോക്കി.
ആ ദേശത്തോട് യാത്ര പറഞ്ഞുപോകുന്ന അവസാനത്തെ കൂട്ടത്തില്‍ ആമിനയും കുടുംബവും ഉള്‍പ്പെട്ടിരുന്നു. ആമിനയും ഉമ്മയും തുക്കിയ ഭാണ്ഡങ്ങള്‍ കൈമാറിപ്പിടിക്കുകയോ വീണുകിടന്നിരുന്ന പുരയെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ആമിനയുടെ വാപ്പ മുന്നില്‍ പുരുഷന്മാര്ക്കൊപ്പം നടന്നു. അവളുടെയും ഉമ്മയുടെയും ഭാണ്ഡങ്ങള്‍ നിറയെ പൂക്കോടുംപാടത്തിലെ ചെടികളുടെയും വൃക്ഷങ്ങളുടെയും വിത്തുകളാണെന്നു മുരുകനു തോന്നി. ഒരു രാത്രിയില്‍ ഉടുതുണികളെടുത്ത് ഒരു പരദേശിക്കൊപ്പം അമ്മ അപ്രത്യക്ഷയായപ്പോള്‍ അപ്പനു തെന്നയെങ്കിലും മിച്ചമായിക്കിട്ടി. ചെന്നിലംപട്ടിയില്‍ ഒന്നുമവശേഷിക്കുന്നില്ല. കുറച്ചു തരിശും വീടിന്റെ അവശിഷ്ടമായ ഒരുകൂന മണ്ണും മാത്രം. പൂക്കോടുംപാടത്തിലെ മേല്‍മണ്ണിന്റെ അവസാനതരികളില് ആദിപരാശക്തി ആര്‍ത്തിയോടെ മാന്തിക്കൊണ്ടിരുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ