കഥ
ദൈര്‍ഘ്യമാര്‍ന്ന മിനിട്ടുകള്‍
അഞ്ചാം നമ്പര്‍ പ്ലാറ്റുഫോമില്‍ യാത്രാ വെമ്പലുകളുമായി കിടന്ന വണ്ടിയില്‍ ഞാന്‍ മയക്കത്തിലായിരുന്നു. അടുത്തു വന്നിരുന്ന ചെമ്പക മണം. അതൊരു ചെറിയ പെണ്‍കുട്ടിയാണ്. എനിക്ക് തീര്‍ച്ചയായി. എന്നിട്ടും ഞാന്‍ കണ്ണുകള്‍ തുറന്നില്ല.
'അമ്മേ ഞാന്‍ വണ്ടിയില്‍ കയറി.'
അകലെയുള്ള ഒരമമ്മയുടെ ഉള്‍ത്താപം അവളുടെ വാക്കുകളില്‍.
'അമ്മേ ഞാനൊരു മിനുട്ടു കഴിഞ്ഞ് വിളിക്കാം.'
മറ്റൊരു വെപ്രാള സന്ദേശം അവളെ മുട്ടിയതായി ഞാനുറപ്പിച്ചു.
'നീയെവിടെടാ? വേഗം ടിക്കറ്റെടുത്ത് ഫിഫ്ത്ത് പ്ലാറ്റ്‌ഫോമിലെത്തിക്കോ. വണ്ടി വിടാറായെടാ. ശ്ശോ. ഇതിപ്പം വിടുവേ. എന്താ ടിക്കറ്റ് കിട്ടിയില്ലേ?'
ഇഷ്ടപ്പെട്ടില്ലെങ്കിലും തുടര്‍കാളുകള്‍ എന്റെ കാതില്‍ തൊട്ടുകൊണ്ടിരുന്നു.
'ടാ. വണ്ടി വിട്ടു. ഓ എസ്. സിക്‌സ് ബോഗിയില്‍ കയറിയോ? ഇനിയൊരു മണിക്കൂര്‍ അവിടെ നിന്നോ. ഒരു മണിക്കൂറെടുക്കും കൊല്ലത്ത് വണ്ടിയെത്താന്‍.'
ഒരിക്കലും തീരാത്ത അവളുടെ കുറുകുറെ വര്‍ത്തമാനങ്ങള്‍ എന്റെ മയക്കത്തെ തിന്നു.
ഒരു മിനുട്ടിനു ശേഷം അവള്‍ അമ്മയെ വിളിച്ചോ? അവളിറങ്ങിപ്പോയപ്പോഴും ഞാന്‍ പലവട്ടം പ്രജ്ഞയില്‍ പരതി.
നീ അമ്മയെ.. കണ്ണുകള്‍ തുറക്കാനിഷ്ടമില്ലാത്തതിനാലാണ് ഞാനത് അവളോട് ചോദിക്കാതിരുന്നത്.
എന്റെ മകളും ഞങ്ങളെ വിളിച്ചിട്ട് നാളുകള്‍ കഴിഞ്ഞുവല്ലോ. അവളും ചെമ്പകമണം പ്രസരിപ്പിച്ചിരുന്നത്. അതോര്‍ക്കാന്‍ കൂടി ഞാനിഷ്ടപ്പെട്ടില്ല.
അവര്‍ കണ്ണുകള്‍കൊണ്ടു കാണുന്നു. സി.ഇ.ടി കോളേജ് മാഗസിന്‍ 2018
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ