ആ കിളിയുടെ ഉള്ളം
(അസീം താന്നിമൂട്: അന്നുകണ്ട കിളിയുടെ മട്ട്, ഡി.സി.ബുക്‌സ്. 2022)
ഓ. അതിന്റെ മട്ടുംമാതിരിയും കണ്ടാല്‍... അതിപ്രകടനത്തിലെ അന്തഃസാര ശൂന്യതയെ വിവക്ഷിക്കാന്‍ ഇതിനപ്പുറം കരുത്തുറ്റൊരു നാട്ടുപ്രയോഗം? ഇല്ല തന്നെ. അന്നുകണ്ട കിളിയുടെ മട്ട'് എന്ന അസീം താന്നിമൂടിന്റെ കവിതകളുമായി ഈ പ്രയോഗത്തിനൊരു ബന്ധവുമില്ല. അതെ. ഉള്ളുറപ്പുള്ള, കാമ്പും കനവും കാതലും തരാതരത്തിനു നിറഞ്ഞ വ്യത്യസ്ത ഭാവനാതലങ്ങളുള്ള അമ്പത് കവിതകളുടെ സമാഹാരമാണ് അന്നുകണ്ട കിളിയുടെ മട്ട'്. പുനര്‍വായനയിലൂടെ പ്രജ്ഞയില്‍ ചേരുന്ന മൂല്യവത്തും ചിന്തോദ്യോപകവുമായ രചനകളാണിവ. ഒന്നു ചപ്പി ദൂരെത്തെറിയാന്‍? സാധിക്കില്ല. ഈ കവിതകള്‍ തീര്‍ച്ചയായും ലഘുവായനയ്ക്കു തടസ്സം നില്‍ക്കുന്നവയാണ്.
ജീവിതത്തിന്റെ ആന്തരിക, ബാഹ്യദ്വന്ദങ്ങളില്‍ ഉറച്ചതാണ് അസീമിന്റെ കവിതകള്‍. പുറം മാതിരിയല്ല അതിന്റെയുള്ള്. വാക്കിണക്കു വിദ്യകള്‍പ്പുറത്ത് ക്യാന്‍വാസും ചായവും, ശില്പവിദ്യ തുടങ്ങി അപരകലകളുമായി തന്റെ വൈകാരികത ചങ്ങാത്തം കൂടുന്ന രചനകള്‍ു. വാക്കുകള്‍, പതിവുകാഴ്ചകള്‍ എന്നിവയ്ക്ക് അപ്പുറത്താണ് തന്റെ കവിതാസങ്കേതം നിലപിടിച്ചിരിക്കുന്നത് എന്നു പറയാതെ പറയുന്ന കവിതകളാണ് അസീം താന്നിമൂടിന്റേത്. രചനയുടെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്ന ഈ കവിതകള്‍ എന്തിനെയാണ് ലക്ഷ്യമിടുന്നത്? ജീവിതം, അതിലെ കൃത്യതയുടെ കൂര്‍പ്പ്, സ്ത്രീകളോടുള്ള കരുതല്‍, കുടുംബഭദ്രത, ചുറ്റിലും സംഗീതവും ചാരുതയും സമാധാനവും നിറയുന്ന അവസ്ഥ, ആര്‍ക്കും പ്രാപ്യമായ സ്വച്ഛമായപ്രകൃതിയും പരിസ്ഥിതിയും. ജീവിതത്തില്‍ എഴുത്തും വായനയും ചിത്രാസ്വാദനവും നിറച്ചിടുന്ന സൗരഭ്യം. അറിവ്, ജ്ഞാനം എന്നിവകളോടള്ള തുറന്ന സമീപനം, ചുറ്റിലും ഉണ്മ പുലരേണ്ടതിന്റെ ആവശ്യകത. സംസ്‌കാര സംരക്ഷണം, കേവല രാഷ്ട്രീയത്തിനപ്പുറത്തെ വ്യവഹാര സാധ്യതകള്‍ എന്നിവയെയൊക്കെയാണവ. ബാഹ്യലോകത്തെയല്ല ആന്തരിക സൗന്ദര്യത്തിനെയാണ് ഈ കവിതകള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആവിഷ്‌കാര വൈവിധ്യവും 'കവിത്തച്ചു' തെളിഞ്ഞ പണിത്തരങ്ങളാണ് അന്നുകണ്ട കളിയുടെ മട്ടിലുള്ളത്. അവയില്‍ ഉളിയുടെ മൂര്‍ച്ചയും നീളംവീതി ഉയര അളവുകളുടെ കൃത്യതയും ദൃഢതയും പ്രതീകമാകുന്നു.
നാരായവേര്
'അന്നുകണ്ട കിളിയുടെ മട്ട'്' എന്ന സമാഹാരത്തിലെ കവിതകെള ഗണിതാരൂഢത്തിലാണ് ബന്ധിച്ചിരിക്കുന്നത്. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന നിരവധി സംവാദസാധ്യതകള്‍ തെളിച്ചിട്ടിരിക്കുന്നു. എണ്ണല്‍സംഖ്യകളുടെ പൊരുളുകള്‍, അക്കങ്ങള്‍ ചമയ്ക്കുന്ന മാന്ത്രികതയും നിഗൂഢതതയും, ജ്യാമിതീയരൂപ കൃത്യത എന്നിവ ഒറ്റനോട്ടത്തില്‍ത്തന്നെ പ്രകടമാണ്. കൂര്‍പ്പിന്റയും ചൊല്ലിന്റെയും കൃത്യതകളായ വിരല്‍ ചൂണ്ടലുകളും ഗണിത വകദേഭങ്ങളായി പ്രത്യക്ഷമാകുമ്പോള്‍ അതേ സൂക്ഷ്മത സത്യാനേ്വഷണ അറിവായും അലാറം നല്‍കുന്ന മുന്നറിയിപ്പോടെ കവിതകളുടെ സാമൂഹ്യ ഉത്തരവാദിത്വത്തെ എടുത്തു കാട്ടുന്നു.
'നക്ഷത്രങ്ങളുടെ എണ്ണം' എന്ന കവിതയില്‍ ഗണിതം സങ്കടത്തിന്റെ ചിന്തയാണ്. ഞെട്ടല്‍ വികാരമായും ഗണിതത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. അത്, മണിയൊച്ച നിലച്ചാലും തുടരുന്ന മരണമുഴക്കത്തിന്റെ തിളക്കമാണ്. കൂര്‍പ്പ് എന്ന സംജ്ഞയുടെ ജ്യാമിതീയതയില്‍ ത്രികോണത്തിനുള്ളില്‍പ്പെട്ട ജീവിതാവസ്ഥകളും വിരസതയോടുള്ള യോജിപ്പ്/വിയോജിപ്പ് എന്നിവ കണ്ടെത്താനാവുന്നു. 1310 എന്ന സംഖ്യയുടെ സാമൂഹ്യപ്രസക്തിയും അത് ജീവിതത്തെ എങ്ങനെ ഹരിച്ചു ഗുണിച്ച ഒടുവില്‍ ചീര്‍ത്തുവീര്‍ത്ത് ജഡമായി മാറിയത് എന്ന അനേ്വഷണവും അപൂര്‍വ്വതയുറച്ച കാവ്യാഖ്യാനമാണ്. 'ഹുസൈനും കോമ്പസ്സും' എന്നതില്‍ വൃത്തങ്ങള്‍, മുനപ്പ്, ചതുരം, ഗുണിതം ഇവ എങ്ങനെ ഗണിതത്തടവാകുന്നു എതിനെ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പരിധിയെ ശൗര്യം കൊണ്ടു ഹരിച്ചും ഗുണിച്ചും മുതലാക്കുന്ന നായ ('വളര്‍ത്തുനായയും ഞാനും') മറ്റൊരു ഗണിതാശ്ചര്യമാണ്. പ്രായോഗിക ജീവിതകണക്കുകൂട്ടലുകളുടെ കനവും ഇടുക്കവും കൂടിപ്പോയി, കണക്കുതെറ്റിയാല്‍, ജീവിതം എപ്രകാരം മാറിമറിയുമെന്ന സൂചന 'എന്റെ വിധി' എന്ന കവിത ചര്‍ച്ചചെയ്യുന്നു.
സമയത്തെ വിസ്തരിക്കാനെടുത്ത കവിതകളില്‍ മറ്റുകാലരൂപ ഭാവങ്ങള്‍ തുടിക്കുന്നു. വൃത്തിയും വെടിപ്പും ഇവിടെ സമയവുമായി ഇഴചേര്‍ന്നു കിടക്കുന്നു. മിടിപ്പിന്റെ കണക്കുകള്‍ പറയാന്‍ വാച്ചും ക്ലോക്കുമുണ്ട്. കൃത്യതയുടെ ഗണിതം പേറാന്‍ കവിതച്ചുവരില്‍ അലാറവും കവി സൂക്ഷിച്ചിരിക്കുന്നു. മരണവും വാച്ചിന്റെ മിടിപ്പുമായി സമരസപ്പെടുതിന്റെ സൂചനകളും അവയെല്ലാം നല്‍കുന്നുണ്ട്. എന്തിനധികം, ഗണിത മൂര്‍ച്ച എന്നൊരു പ്രയോഗം ഈ കവിതകളെ സംബന്ധിച്ചുള്ള സൂക്ഷ്മതകളുടെ സൂചനാ ജാഗ്രതയാകുന്നു.
''സമയമധികരി-
ച്ചെന്നൊരു സന്ദേശമാ-
വേളയില്‍ ക്ലോക്കിന്‍ സൂചി-
ത്തുമ്പുകളെയ്യും...''ജീവിതാന്ത്യസൂചനയെ ഗണിതഭാവം അലാറമെന്ന കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ രൂപത്തിലാണ്. വിവധ ഗണിതരൂപങ്ങളുടെ സമ്മിശ്രഭാവം പുലര്‍ത്തുന്ന കവിതകളാണിവ.
സര്‍ഗ്ഗവിസ്മയലോകം
വിവിധങ്ങളായ സര്‍ഗ്ഗപ്രപഞ്ചങ്ങളുടെ അനേ്വഷണം അസീം താന്നിമൂടിന്റെ രചനകളുടെ സവിശേഷതയാണ്. ചിത്രകാരന്റെ ചായവും ബ്രഷുമായുള്ള വൈകാരികത, ആധുനിക ഫോട്ടോഗ്രാഫിക് ടൂളുകളുടെ ഉപയോഗം, അതെപ്രകാരമാണ് പ്രതിലോമകരമായി ജനതയില്‍ പ്രയോഗിക്കപ്പെടുന്നത് എന്ന സന്ദേഹം, അധികാരാഘാതമുപയോഗിച്ച് ഇരകള്‍ ആക്രമിക്കപ്പെടുകയല്ല. അവര്‍ 'സജൂദി'ലാണ് എന്ന തോലുണ്ടാക്കുന്ന ഭീകരരാഷ്ട്രീയത്തിന്റെ അപകടം പിടിച്ച അവസ്ഥകളും അവതരിപ്പിച്ചിരിക്കുന്നു. അതീവ സാധാരണ ജീവിതങ്ങള്‍ക്കുള്ളില്‍ നിഷ്‌കളങ്കമെന്നു തോന്നുന്ന തരത്തില്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന പരീക്ഷണങ്ങളാണതെല്ലാം. സത്യത്തെ കീഴ്‌മേല്‍ മറിക്കുന്ന ജീവിതാവസ്ഥകളുടെ ആവിഷ്‌കരണം ചിത്രകാരന്റെ പുനരാഗമനം, ക്രോപ്പ് എന്നീ കവിതകളില്‍ കാണാം. അതേ സമയം ചായവും ബ്രഷുമായി പൂര്‍ണ്ണത തേടാന്‍ വെമ്പുന്ന കാലാകാരനെ വായനക്കാരനു മുന്നില്‍ കൊണ്ടുവന്നു നിര്‍ത്താനും കവി മറക്കുന്നില്ല.
''തിരുത്തിക്കഴിഞ്ഞതിന്‍
തൃപ്തിയില്‍ തിരിഞ്ഞൊന്നു
നോക്കാനും തുനിയാതെ-
യുടനെ ക്യാന്‍വാസെടു-
ത്തച്ചിത്രകാരന്‍ പോയീ..
രൂപങ്ങളലോസര-
പ്പെടുത്തും വിധം മാറ്റി-
വരയാനിരവയാള്‍-
ക്കെതിരരെ വരുതായ്-
ക്കണ്ടു ഞാനിരുണ്ടുപോയ്..'''ചിത്രകാരന്റെ പുനഃരാഗമനം' എന്ന കവിത എല്ലാ മാറ്റങ്ങളേയും എടുത്തു മാറ്റുക എന്ന ഉദ്ദേശ്യവുമായുള്ള കാലത്തിന്റെ കടന്നുവരവും അപ്രതീക്ഷിത പരിണാമഗുപ്തിയാകുന്നു.
കാവ്യപരിഗണനയേറ്റ കലാരൂപങ്ങള്‍ പിെന്നയുമുണ്ട്. എംബ്രോയിഡറി, പിക്‌റ്റോഗ്രാഫ്, കോമ്പസ് വരകള്‍, മഴയെഴുത്ത്, ശില്പവിദ്യ ഇവ അസീം കവിതകളിലെ ഇമേജുകളാണ്. 'എളുപ്പമുള്ള ഗാന്ധി'യെ കവിതയില്‍ എന്താണു ഗാന്ധി? ലളിതമായ ആ ആവിഷ്‌കാരം ശ്രദ്ധേയമാണ്. സമകാലിക രാഷ്ട്രീയാവസ്ഥയില്‍ ഗാന്ധിയുടെ പുനര്‍നിര്‍വ്വചനത്തിന് തീര്‍ത്തും ഇണങ്ങുന്ന വരകളാണ് കവി ഉപയോഗിച്ചിരിക്കുന്നത്. പിന്തിരിഞ്ഞ ഗാന്ധിയാണ് ഐശ്വര്യം എന്നെത്ര ലളിതമായിട്ടാണ് തിരസ്‌കൃത ഗാന്ധിയെ 'ചെറുതും വലുതുമായ രണ്ടു വളഞ്ഞ വരകളുടെ' ചൂണ്ടയില്‍ കോര്‍ത്ത് നമുക്കു മുന്നിലിട്ടു തന്നിരിക്കുത്! സുവ്യക്തമായ ഗണിത ദര്‍ശനം ഇവിടെയും ഉള്ളുമെനയുന്നു.
മണ്ണില്‍ വെയില്‍പെയ്ത്തു കൊണ്ട് നിഴല്‍രൂപങ്ങള്‍ ചമയ്ക്കുന്ന വികൃതി അസീമിന്റെ കൈവശമുണ്ട് (നിഴല്‍രൂപങ്ങള്‍). അത്, നിഷ്‌കളങ്കമായ തമാശക്കളിയായിട്ടാണ് തുടങ്ങിയതെങ്കിലും
''വെയില്‍ വെറിയായി മുതിര്‍ന്നു
വിരലുകളെവയിലെരിഞ്ഞു
മെനയും നിഴലുകള്‍ പിന്നെ
മുരളും മട്ടു പിറന്നു.''
അപ്രകാരം ചുറ്റുപാടുകള്‍ ക്രൂരമായി രൂപാന്തരപ്പെടുന്നത് കവിയെ ആശങ്കപ്പെടുത്തുന്നു. ''ചുറ്റിലുമഴലിന്‍ കാട്....... ഭൂതലം... എത്രയസഹ്യം...'' ആ നിലയിലേയ്ക്ക് താന്‍ ചമയ്ക്കുന്ന ലോകത്തിന്റെ ആഹ്ലാദം ഭീതിതമായി വളരുന്നു.
നാടന്‍ പറച്ചിലുകളും നാട്ടുപുരാണങ്ങളും നിറഞ്ഞ കഥാകാവ്യങ്ങള്‍ വായനക്കാരില്‍ കവിതാഹ്ലാദം നിറയ്ക്കുന്നു. ഇല്ലാമ മണിയന്‍, 1310, ഹുസൈനും കോമ്പസ്സും ഈ കവിതകളില്‍ കാണുന്നത് പച്ചയായ ജീവിതചിത്രണങ്ങളാണ്. അടിസ്ഥാന മനുഷ്യജീവിതങ്ങളുടെ നിസ്സഹായാവസ്ഥയുടെ നേരാഖ്യാനങ്ങളായി ഈ കവിതകള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 'തൃപ്തിയില്‍'
''നീമാത്രമെന്താണു
പൂക്കാത്ത''തെന്നൊന്നു
ചോദിക്കുവാന്‍ കൂടി
വയ്യ.. ആ നോവിനാ-
ലപ്പടി വാടിക്കരിഞ്ഞാലോ?''
മാനവീയതയിലേയ്ക്ക്, അപരദുഃഖത്തെ ഉള്‍ക്കൊള്ളല്‍, എന്നിവകളെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളാണ് ഈ കവിത നല്‍കുന്നത്.
അപൂര്‍ണ്ണതയെ ആന്തല്‍
അപൂര്‍ണ്ണമനുഷ്യനെന്ന ഉത്തമബോധ്യത്തോടെ ജീവിതമുന്തുമ്പോള്‍ തന്നെ പരിമിതികള്‍ മറയ്ക്കാനും പൂര്‍ണ്ണതതേടാനുമുള്ള വാഞ്ഛ തുടിക്കുന്ന കവിതകളുമുണ്ട്. അതേ സമയം സമ്പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ തടസ്സം നില്‍ക്കുന്ന എതിരാളിയെ, അപരനെ തെരയുന്ന മാനസികാവസ്ഥകളുടെ ആവിഷ്‌കാരവും ഈ കവിതകള്‍ വെളിവാക്കുന്നു. കൂര്‍പ്പ് എന്ന കവിതയില്‍ ഈ അസഹ്യതയുടെ ആഴത്തെ വായിക്കാം. തിരുത്തപ്പെടാന്‍ ശ്രമിച്ച് സമരസപ്പെടുന്ന വ്യക്തിത്വങ്ങളുടെ പ്രതിനിധിയാണ് ഈ രചനയിലെ ആഖ്യാതാവ്. കവിതാബാഹ്യമായ ഘടകങ്ങള്‍ (അവ പ്രിയപ്പെട്ടതുമാണ്) കവിവ്യക്തിത്വവുമായി ഇടഞ്ഞുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ കൂര്‍പ്പില്‍ തെളിയുന്നു.
''താങ്കളെന്തിനെ
യാണ് നിശ്ശൂന്യതയ്-
ക്കകമേ നിന്നു
മെടുപ്പത്?''
എന്ന ചോദ്യത്തിന് കൂര്‍പ്പ് എന്ന കവിതയിലും കൃത്യമായ ഉത്തരമില്ല. ഇത് കവിജീവിതത്തിന്റെ ഉള്‍സംഘര്‍ഷത്തിന്റെ, കാവ്യവൃത്തിക്ക് പുറത്ത് ഗൃഹസ്ഥനു നിര്‍വ്വഹിച്ചു പൂര്‍ണ്ണത തൊടാനാവാതെ പോകുന്ന ഉത്തരവാദിത്വങ്ങളെ സംബന്ധിക്കുന്ന ആന്തലിന്റെ ആവിഷ്‌കാരമാണ്. കൊളുത്ത് എന്ന ഗദ്യകവിത പറയുന്നതും മറ്റൊുമല്ല. സമാനമായ മാനസികാവസ്ഥകള്‍ ആംഗ്യം, അലാറം എന്നീ കവിതകളില്‍ കാണാം. ജീവിതമെന്ന കാവ്യത്തെ തിരുത്താന്‍ കാട്ടുന്ന വ്യഗ്രതയാണ് അലാറത്തില്‍. സ്വയംവിമര്‍ശനത്തിന്റെ തലം കുടികൊള്ളുതാണീ കവിത.
''വീടുവിട്ട'്
തനിയെ പാര്‍ക്കാ-
നൊരുമ്പെട്ടിറങ്ങിയപ്പോഴാണ്
വീട്ട'ിലേയ്ക്കുള്ള യാത്ര
മനസ്സിന്റെ
അടക്കാനാകാത്തൊരാംഗ്യമാണ്
ബോധ്യമായത്.''
ആംഗ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ സ്വയമറിയാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒടുക്കത്തിനെയാണ് വിസ്തരിച്ചത്. മരണമാണ് പൂര്‍ണ്ണതയെന്ന ബോധ്യത്തില്‍ 'ആംഗ്യങ്ങള്‍' വായനക്കാരനെ എത്തിക്കുന്നു.
മരണനേരത്തു തെളിയുന്ന കാഴ്ചകള്‍! അതില്‍ സത്യവും പൂര്‍വ്വാനുഭവ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന സന്തോഷങ്ങളും ഒരുമിക്കുന്നു. ഈ സൂചനയാണ് 'അന്നുകണ്ട കിളിയുടെ മട്ട'്' വായനക്കാര്‍ക്ക് നല്‍കുന്നത്. ജീവിതം കാമനകള്‍ മാത്രം നിറഞ്ഞതാണ്. എല്ലാ പരുക്കന്‍ അനുഭവങ്ങളും അടുത്ത നിമിഷത്തില്‍ ''കിളി വട്ടമിട്ടങ്ങുയരെ പറക്കാനുള്ള'' നിമിഷത്തിനായുള്ള കാത്തിരിപ്പാണ്. ആ സൂചനയില്‍ അനുവാചകന്‍ ചെത്തെുന്നു.
'ആരാവാം?' എന്ന കവിത സ്വയം വിമര്‍ശനമെന്ന നിരന്തരശല്യത്തിനു മുതിരുന്ന തന്റെയുള്ളിലെ തന്നെ അപരനെ കാട്ടുന്ന കണ്ണാടിയാണ്.
''ഇനിയെങ്ങാനുമതെന്‍
നിഴലാണെന്നാകുമോ?
അതോ
ഈ
ഞാനോ
നിഴല്‍?''
അനേ്വഷണം ഒടുവില്‍ അഴിച്ചെടുക്കാന്‍ കഴിയാത്ത കുരുക്കായി മാറുന്നതിന്റെ ദുരേ്യാഗചിത്രവുമുണ്ട്. 'കെണിയില്‍' ''കരുതിവെയ്ക്കുന്നവതൊക്കെയും കൂരിരുള്‍-
ക്കരളുമായ് വേട്ടയാടും മുരള്‍ച്ചകള്‍!''
'നീണ്ട ഒരു മൗനത്തിന്റെ നിഴല്‍' എന്നിവയും കവിയുടെ തപിച്ച ആന്തരഭാവത്തിലേയ്ക്കുള്ള ചുണ്ടലുകളാണ്. കുറ്റബോധത്തിന്റെ, ഭയം തുടിക്കുന്ന, നിഴല്‍വീണ കണ്ണുകള്‍ അശാന്തിയായി പിന്തുടരുന്നു. 'ക്ലോസെറ്റിലെ പാറ്റയില്‍' ഈ കുടുക്ക് പൊട്ടിച്ച് നീങ്ങാനുള്ള പഴുതുകള്‍ ഇരയ്ക്ക് ഉപയോഗിക്കാനാവാതെ പോകുന്നതിനെ കുറിച്ചുള്ള പരിതാപമാണ് വ്യക്തമാക്കുന്നത്. കാതും കാതില്‍പ്പെട്ടതും രക്ഷപ്രാപിക്കുന്നില്ല എന്നു പറയുന്ന ഈ കവിത വിജ്ഞാനലോകത്തിലും അറിവില്ലായ്മകളുമായി മുടന്തുന്നവര്‍ക്കുള്ള താക്കീതു കൂടിയാണ്. 'വായന, എന്റെ വിധി, ഇരുട്ടിലേയ്ക്ക്, അപൂര്‍ണ്ണത' എന്നിവയും സമ്പൂര്‍ണ്ണ വ്യക്തിത്വത്തിനോടുള്ള അഭിനിവേശം പലതരത്തില്‍ പ്രകടമാക്കുന്നു. അപൂര്‍ണ്ണതയില്‍ വീട് കാത്തരിക്കുന്നത് ആരെയാണ്? ആരുടെ സവിധത്തിലാണ് പൂര്‍ണ്ണതയുടെ ഇരിപ്പിടം എന്ന ചോദ്യമാണ് ഉയിക്കുന്നത്.
കവിതയുടെ ആകാശങ്ങള്‍
എഴുത്ത് ഒരനേ്വഷണമാണ്. കവിയുടെ ഉണര്‍വ്വുകള്‍ എതെല്ലാം പ്രകൃതി രൂപങ്ങളിലൂടെ കടന്നു പോകുന്നു... അത് കാട്, കടല്‍, ആകാശം, പ്രണയം എന്നിവകളെ ഒരുമിപ്പിക്കാന്‍ ശ്രദ്ധചെലുത്തുന്നു. അതേസമയം
''സര്‍വതുമറിഞ്ഞേറുവാനാകുവ-
തടവിയോ, കട, ലാകാശമോ ചെറു-
പ്രണയമോ പോലുമല്ലെന്ന വാസ്തവ-
മുണര്‍വിയറ്റുവതെങ്ങനെയെന്നതാ-
ണുലകിലെന്നെയലയ്ക്കുമാശങ്കള്‍''.. അപ്രകാരം രചനകളുടെ പരാജയ ലോകത്തെയും കവി ഉള്‍ക്കൊള്ളുന്നു. തിരുത്തലുകളിലൂടെ ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള വ്യഗ്രതയാണ് 'അലാറം' കാണിച്ചു തരുന്നത്. ''മുഖ്യമായൊരു ബിംബവും ഉണരാന്‍ മടിച്ച രണ്ടിരട്ടയിമേജുകളും'' കവിതയില്‍ ആര്‍ജ്ജവം നിറയ്ക്കുന്നു. പരമപ്രധാനമായ ബിംബത്തിന്റെ ഇടപെടല്‍ അടുത്ത പ്രഭാതത്തിലെ അലാറമുഴക്കത്തിലേയ്ക്ക് ജീവനെ വലിച്ചു നീട്ടുന്നത് ജീവിതത്തോടുള്ള പ്രതീക്ഷാനിര്‍ഭരമായ സൂചനയാണ്.
'മിടിപ്പുകള്‍' എന്ന കവിത അക്ഷരങ്ങള്‍ക്ക് അപ്പുറത്ത് ശില്പമായി, ചിത്രമായി , കൈക്കോട്ടിന്‍ കരുത്തായി, ഹൃത്തിലാക സര്‍ഗ്ഗാത്മകത ചൊരിയുന്ന ആവിഷ്‌കാരരൂപങ്ങളുടെ പ്രകാശത്തെ മിന്നിച്ചു തരുന്നു. മൗഢ്യം എന്ന കവിതയും മുന്നോട്ടു വയ്ക്കുന്നത് സര്‍ഗ്ഗാത്മകതയുടെ സൗന്ദര്യസൗരഭ്യം നിറഞ്ഞ ഗൂഢലോകത്തെയാണ്. അസിം താന്നിമൂടിന്റെ കവിതാലോകം നിസ്സാരമായ ജീവിതങ്ങളിലും ഇടപെടലുകള്‍ നടത്തുന്നുണ്ട്. അവയെ ആഴത്തിലും പരപ്പിലും ചിത്രീകരിച്ചിരിക്കുന്നു. അനാഥരുടെയും അദ്ധ്വാനിക്കുവരുടെയും കഥനം തീര്‍ത്തും ലളിതമായ രീതിയിലാണ് പ്രകാശിപ്പിച്ചത്. 'ഇല്ലാമ മണിയന്‍', '1310', 'ഹുസൈനും കോമ്പസ്സും' എന്നിവ ഈ ഗണത്തിലെ കവിതകളാണ്. പഴഞ്ചന്‍ ചെരിപ്പ് പോലും അസഹ്യമാകുമ്പോള്‍, അതു തിരിച്ചെടുക്കാന്‍ സാധിക്കുമ്പോള്‍, ആ നിസ്വമായ ജീവിതങ്ങള്‍ ഗ്രാമവീഥികളില്‍ തേഞ്ഞുതീരുന്നതായിട്ടാണ് വരച്ചിട്ടിരിക്കുന്നത്.
ഇതു പഴയ ദരിദ്രകാലമല്ല. എന്നിട്ടും എന്തിനാണ് ഐക്കരനായരെപ്പോലെ പെരുമാറുന്നത്? ആര്‍ത്തിമൂത്ത് വിത്തെടുത്ത് കുത്തുന്നതിനോടുള്ള ജാഗ്രത, പല കവിതകളിലും പരോക്ഷമായ പരിസ്ഥിതി പ്രതികരണങ്ങളായി കടന്നു വരുന്നു. അണ്ടിക്കഞ്ഞി എന്ന കവിത ഭക്ഷ്യസുരക്ഷ തകിടം മറിയുന്ന കാലാവസ്ഥാവ്യതിയാന കാലത്ത് ഒരു മുറിയിപ്പു കൂടിയാണ്. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിത കുന്നിടിയ്ക്കലുമായി ബന്ധിച്ചുള്ള പരിസ്ഥിതി പരിഗണനകളോടെ വായിക്കാവുതാണ്
കവിതയ്ക്കുള്ളില്‍ രാഷ്ട്രീയത്തെ കവി അടച്ചു സൂക്ഷിക്കുന്നുണ്ട്. വളര്‍ത്തുനായയും ഞാനും എന്ന കവിതയില്‍ സ്വാതന്ത്ര്യത്തിന്റെ പരിധി എന്ന വിഷയമാണ് ചര്‍ച്ചയ്‌ക്കെടുത്തിരിക്കുന്നത്. അസ്വാതന്ത്ര്യത്തിന്റെ ആഘാതം തുടലിനുള്ളില്‍ ചുരുങ്ങുമ്പോഴും നായ അതിന്റെ ഉടമയ്ക്കു മേല്‍ വിധേയത്വം ചൊരിയുന്നു. സ്വാതന്ത്ര്യമെന്നാല്‍ വിലമതിക്കാനാകാത്ത അവകാശമൊന്നുമല്ലെന്നും സ്വാതന്ത്ര്യത്തേക്കാള്‍ അനുസരണയ്ക്ക് പ്രാധാന്യമുള്ള അവസ്ഥകളെയും ഈ രചന കണ്ടെത്തുന്നു. ഒടുവില്‍ ''അതു തുടലിലും ഞാനതിന്റെ തടവിലും'' എന്ന മട്ടായി.. തീര്‍ത്തും നിഷ്‌കളങ്കമായൊരു ശൂലവും കൂടി വരച്ചിട്ടാല്‍ എന്താണുണ്ടാകുക? 'എന്റെ വിധി'കവിതയുടെ അപകടത്തെ കുറിച്ച് സംസാരിക്കുന്നു.
സംഘര്‍ഷത്തിലെ കവിത
ദ്വന്ദപ്രമേയങ്ങളുടെ സാന്ദ്രതയേറിയ കവിതാവിഷയങ്ങളില്‍ വെളിച്ചവും നിഴലും, സത്യവും മിഥ്യയും, അറിവും അറിവില്ലായ്മയും പ്രത്യക്ഷമാകുന്നുണ്ട്. ശാന്തതയും ഒഴുകലും വെളിച്ചം മാതിരി. ഒടുവില്‍ ഭൂമിയും മണ്ണില്‍ താന്‍ മെനഞ്ഞ നിഴലുകളും അസഹ്യമാകുന്നത് 'നിഴല്‍രൂപങ്ങ'ളില്‍ കാണാം. ആവര്‍ത്തിക്കുന്ന നിഴല്‍രൂപങ്ങളെ രാകിരാകി മിനുക്കിയെടുത്ത പ്രദര്‍ശനശാല കൂടിയാണ് ഈ സമാഹാരം.
വെളിച്ചത്തെ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന കവിതയാണ് 'റാന്തല്‍'. വിന്‍സന്റ് വാന്‍ഗോഗിന്റെ 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന ചിത്രത്തെ പുതിയ വെളിച്ചത്തില്‍ കവിത നോക്കിക്കാണുന്നു. സമൂഹത്തിലെ ദാരിദ്ര്യം, ഉച്ചനീചത്വങ്ങള്‍ എന്നിവകളെ ആരൊക്കെ ഏതൊക്കെ വിധത്തില്‍ വീക്ഷിക്കപ്പെടണം? അത്തരം കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ആരാണ്? അതാണ് ഈ കവിത ലക്ഷ്യമിടുന്നത്. വെളിച്ചമാണോ കാഴ്ച? വെളിച്ചത്തിലാണോ കാണുന്നത്? എന്ന സന്ദേഹം ഈ കവിത ജനിപ്പിക്കുന്നു. ചിത്രശാലകളിലേയ്ക്ക് നോട്ടമുള്ള അപൂര്‍വ്വഭാവം റാന്തല്‍ എന്ന കവിതയ്ക്കുണ്ട്.
''അഞ്ചുപേരിലൊരാള്‍ കുഞ്ഞു-
പെണ്‍കുട്ടിയാണവള്‍ മാത്രം
പിന്തിരിഞ്ഞാണ്...
എത്രയും വേഗത്തിലങ്ങ
കെട്ടിരുളാനുള്ളൊരാശ-
സ്പഷ്ട മാ റാന്തലിനുണ്ട്.'' എഴുത്തില്‍ അപ്രകാരം പൂരിപ്പിക്കാനൊരു കഥാംശം സൂക്ഷിക്കുന്ന കവിതയാണ് റാന്തല്‍. ഇവിടെ നിഴലല്ല. മറിച്ച് വെളിച്ചമാണ് നായകസ്ഥാനത്ത്. ആ വെളിച്ചവും ഉത്തരവാദിത്വത്തില്‍ നിന്നും ഇപ്പോഴും മാറിക്കളയുന്നുണ്ടോ എന്നൊരു ശങ്കയും പുലര്‍ത്താതിരിക്കുന്നില്ല.
''പിരിഞ്ഞു പോവുക
വെളിച്ചമേ,യല്പം
മനസ്സമാധാനം
പകരുവാനിനി-
യിരുട്ട'ുമാത്രമാണഭയം.'' എന്നാണ് ഇരുട്ടിലേയ്ക്ക് എന്ന കവിതയില്‍ കവി പറയുന്നത്.
വിത്തുകളും പ്രകൃതിയും
എല്ലാത്തിലും രൂചിതേടുന്നത് നന്നല്ലയെന്ന സൂചനയുമായി പുത്തന്‍ മനോഭാവങ്ങളുടെ അപകടങ്ങളെ അവതരിപ്പിക്കുന്ന കവിതയാണ് അണ്ടിക്കഞ്ഞി. സുരക്ഷയുടെ തോടുടച്ച് ഭക്ഷണം കണ്ടെത്തുകയല്ല. പൊതിഞ്ഞു വച്ചതിനുള്ളിലെ സാംസ്‌കാരിക വിനിമയങ്ങളുടെ സംരക്ഷണമാണ് ഇന്നത്തെയാവശ്യമെന്ന് അണ്ടിക്കഞ്ഞിയെന്ന കവിത പറയുന്നു. പാണ്ടിക്കുള്ളില്‍ പ്രകൃതിയൊളിപ്പിച്ച ആ രഹസ്യസന്ദേശങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമേ കണ്ടെടുക്കാനും പുനര്‍ജ്ജീവിപ്പിക്കാനും സാധ്യമാകുകയുള്ളു. അതേ ഗണത്തില്‍ വരുന്ന മറ്റൊരു കവിതയാണ് വിത്തുകള്‍. പ്രകൃതിയിലെ ചിന്താശേഷിയുള്ള മാനവന്റെ ഉത്തരവാദിത്തങ്ങളെ വിത്തുകള്‍ എന്ന കവിത ഓര്‍മ്മപ്പെടുത്തുന്നു.
''ചുളയും ചാറും നുണഞ്ഞുകഴിഞ്ഞ്
ഈ കുരു ഞാന്‍
ഉടന്‍ വലിച്ചുതുപ്പും
ആ തരിശുനിലം
അടുത്ത നിമിഷം നിബിഡവനമാകും.'' (വിത്തുകള്‍). എത്ര ബൃഹത്തായ സ്വപ്നമാണിത്.'വിത്തുകളി'ല്‍ കവിയുടെ പ്രകൃതി സങ്കല്പം പൂത്തുലയുന്നു. അന്നം വിളമ്പിയ അമ്മപ്ലാവിനോട് മലയാളിക്കുള്ള കടപ്പാടും ഇതില്‍ത്തെളിയുന്നു. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിതയില്‍ കുന്നിനും തൊടിക്കുമിടയില്‍ ഒരു പ്രണയം പ്രകടമാകുന്നതും മാനവന്റെ ഇടപെടലില്‍ അതു തകര്‍ന്നു പോകുന്നതും വിവരിച്ചിരിക്കുന്നു. വെയിലിനെയും നിഴലുകളെയും തകര്‍ക്കാന്‍ യന്ത്രം കടന്നുവരുന്നു.
ആ സ്വച്ഛപ്രകൃതിയില്‍ ''നോട്ടപ്പഴുതങ്ങടച്ചുയര്‍ന്നു കൂറ്റനിരു ഭീമാകാര സൗധം..!'' സമകാലിക വികസനത്തെ കുറിച്ചുള്ള ചിന്തകളും കാഴ്ചപ്പാടുകളും ഇവിടെ വ്യക്തമാണ്.
എഴുത്തും വായനയും
എഴുത്ത്, വായന എന്നീ പ്രമേയങ്ങള്‍ സര്‍ഗ്ഗപ്രവര്‍ത്തനങ്ങളിലെ ഉന്മാദത്തെയാണ് കാട്ടിത്തരുന്നത്. അപരനെ ദര്‍ശിക്കുന്നതു കൂടിയാണ് വായന. 'വായന' എന്ന കവിതയെ അപ്രകാരം നിരീക്ഷിക്കാം.
''നാനാവിധത്തില്‍
ലിപിക, ളവ്യക്തത-
പേറും പദങ്ങള്‍, വരികള്‍... ..
നിന്നെ വായിക്കുവാ-
നാകാതെയെന്നില്‍ നി-
ന്നെങ്ങോ ഞാനൂര്‍ന്നുപോയിട്ടും..'' (വായന) അതിന്നിടയിലും പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ താന്‍ തോല്‍ക്കുന്നത് തിരിച്ചറിയുന്നു. ഈ പരാജയപ്പേടി രചനകളുടെ ഉള്‍ജീവിതത്തില്‍ തുടിച്ചു നില്‍ക്കുന്നുണ്ട്. പ്രയത്‌നങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ഭ്രാന്തുപിടിച്ചോടുന്ന കവിയെ ഭയപ്പെടുത്തുന്നതും ഒരുതരത്തിലുള്ള പരാജയപ്പേടിയാണ്.
''കൂരിരുളപ്പടി-മാഞ്ഞു...''
''ഇന്നു ഞാന്‍ വായിക്കുന്നു
നിന്നെ ഞാനിന്ദ്രിയ
മെല്ലൊം തുറന്നുയിര്‍ക്കൊണ്ട്.''
ഇവിടെയാണെങ്കില്‍ ഭാവിപ്രതീക്ഷകള്‍ പൂര്‍ണ്ണത തേടുന്നതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. 'മഴയുടെ കൃതികളി'ല്‍ കവി ആദിപ്രപഞ്ചത്തെ കുറിച്ചുള്ള ചിന്തകളില്‍ മുഴുകുന്നു. പ്രാകൃത കൈപ്പടയിലുള്ള ലിപിയുടെ ശക്തിയെ കുറിച്ച് ആശങ്കപ്പെടുന്നു.
''പുരാതനഭാഷകള്‍-
കോറിയിടുമാ
പഴഞ്ചന്‍ ലിപികളില്‍.'' എന്ന സൂചനയില്‍ ആദിപ്പഴമയുടെ ഗന്ധം പൊന്തിയുയരുന്നത് വായനക്കാര്‍ക്ക് തീര്‍ച്ചയായും ആസ്വദിക്കാനാകുന്നു. മഴ, വെറി എന്നിവ ഈ കവിതയില്‍ ദ്വന്ദഭാവം ചമയ്ക്കുന്നതിന്റെ സൗന്ദര്യം മനസ്സില്‍ ഓളമാകുന്നു.
പ്രകടരീതിയില്‍ പ്രണയത്തിന്റെ തിരനോട്ടം ഈ സമാഹാരത്തിലെ കവിതകളില്‍ അപൂര്‍വ്വമാണ്. '1310' ല്‍ അന്ത്രുമാന്റെ മകള്‍ക്കും അതേ സംഖ്യ മാന്ത്രിക സംഖ്യയാകുന്നു. അതിന്റെ ഗുണിതങ്ങള്‍ എംബ്രോയിഡറിയായി അവള്‍ തുന്നിനീര്‍ത്തുന്നു. ഇതേരീതിയില്‍ കൂര്‍പ്പിലും പ്രണയം പ്രത്യക്ഷമാകുന്നത് നാനാവികാരങ്ങള്‍ സ്‌നേഹനൂലാല്‍ ആകര്‍ഷക രൂപങ്ങളാക്കി മാറ്റുന്ന എംബ്രോയിഡറി എന്ന കലാവൈഭവത്തെ കൂട്ടുപിടിച്ചാണ്. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിതയില്‍ മനുഷ്യരുടെ ഇടപെടലുകള്‍ നിമിത്തം പ്രണയം തകര്‍ത്തെറിയപ്പെടുന്നതിന്റെ സാക്ഷിപത്രമാണ്. 'പിക്‌റ്റോഗ്രാഫ്' (എഴുത്തുവിദ്യയുടെ ആദ്യരൂപം എന്നു ടിപ്പണി) എന്ന കവിതയില്‍ സ്ത്രീ സൗന്ദര്യത്തിന്റെ ആന്തരികഭാവും ഉള്‍പ്രണയ നിഗൂഢതകളുമാണ് ഭദ്രമാക്കിയിരിക്കുന്നത്. എഴുതുക, കവിത തിരുത്തുക, പ്രണയത്തെ ആവിഷ്‌കരിക്കുക ഇത്തരം സര്‍ഗ്ഗ ക്രിയകള്‍ ബാഹ്യപ്രകടനത്തിനുള്ളതല്ല എന്ന സന്ദേശവും നിഴലിടുന്നുണ്ട്. ഒടുവില്‍ എന്ന കവിതയില്‍ ഒളിപ്പിച്ചുവച്ച പ്രണയമുണ്ട്.
''അതൊടുവില്‍ വിളറു, മടിമുടി
വാടിക്കുഴഞ്ഞുടന്‍
കരിഞ്ഞുമണ്ണോടു ലയിക്കും.'' എന്ന നിതാന്ത സത്യവും അവതരിപ്പിച്ചിരിക്കുന്നു.
തന്റെ കവിതകകളുടെ കാമ്പില്‍ തൊടാനാവാതെപോയ വായനക്കാരനെ കവിയിങ്ങനെയാണ് ആശ്വസിപ്പിച്ചിരിക്കുന്നത്.
''ശങ്കവേണ്ട സുഹൃത്തേ..
ഈ ഭൂമി സ്വന്തമായി കറങ്ങുന്നുണ്ടൊപ്പമാ
വമ്പനര്‍ക്കനെ ചുറ്റുന്നുമുണ്ടതു
നല്ലപോലെ ഞാന്‍ നോക്കീട്ടൊരല്പവുമില്ല ഫീലീയെനിക്കും..
വിട്ടേയ്ക്കുക.'' താനും തന്റെ സര്‍ഗ്ഗലോകത്തിലെ അദ്ധ്വാനവും അതുവെറെയാണ് എന്നു സധൈര്യം കവി ഇവിടെ വ്യക്തമാക്കുന്നു.
ക്ഷമിക്കണം എന്ന കവിതയില്‍ അജ്ഞതകളെ കുറിച്ചാണ് കവി ഉല്‍ക്കണ്ഠപ്പെടുത്.
''പിന്നിലത്രമേലാണ്ടൊരിരുള്‍ ഗുഹ-
തന്നെയാണെതോര്‍ക്കാതെയല്ല ഞാ-
നെന്നോ മിന്നിത്തെളിഞ്ഞ കാലങ്ങളെ
സംഭരിച്ചു പ്രകാശിച്ചു നിന്നത്.'' താന്‍ സധൈര്യം മുന്നോട്ടുണ്ടെന്നും ഇനിയും തനിക്ക് എഴുതാനുണ്ടെന്നുമുള്ള സൂചന
''തൂത്തൂതൂത്തേറെ ദൂരെയാട്ടീടീലും
തീര്‍ത്തൊഴിഞ്ഞു പോകില്ലതിന്‍ വാസ്തവം.'' എന്നു 'മണല്‍ത്തരി'യിലും തന്റെ സാന്നിധ്യത്തിന്റെ ആവശ്യകതയുടെ സൂചനയെ കുറിച്ചു പറയുന്നു.
ശുദ്ധഗ്രാമീണതയുടെ സംബലുകളാണ് വിവിധ കവിതകളിലെ ഈ പദങ്ങള്‍. ''മരിപ്പ്, ഹാല്‍, ഐക്കരനായര്‍, അണ്ടിക്കഞ്ഞി, മുനിഞ്ഞുകണ്ടു, പോയാറ, വെറി, മുശിട്, അലപ്പറക്കാരി..''
വീട്, ചെറിയ ഗ്രാമം, കുറച്ചു ഗ്രാമീണര്‍, ഗ്രാമെത്തരുവ് എവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്ന കാവ്യപരിസരമാണ് അന്നുകണ്ട കിളിയുടെ മട്ടില്‍ തെളിഞ്ഞു നില്‍ക്കുന്നത് എന്നു പറയുന്നത് ഈ കാവ്യപ്രഞ്ചത്തെ സംബന്ധിച്ച് ഒരു കുറവേയല്ല. വ്യക്തികേന്ദ്രീകൃതമെങ്കിലും പ്രമേയങ്ങള്‍ മാനത്തേയ്ക്കും തൊടിയിലേയ്ക്കും അയല്‍പക്കങ്ങളിലേയ്ക്കും കണ്ണുകള്‍ നീട്ടുന്നുണ്ട്. അതിനാല്‍ വെറും മട്ടല്ല. അതിസങ്കീര്‍ണ്ണമായ വിഷയങ്ങളുടെ ഗൗരവാഖ്യാനമാണ് 'അന്നുകണ്ട കിളിയുടെ മട്ട് എന്ന സമാഹാരം എന്നു ചുരുക്കിപ്പറയാം.
കവിത്തച്ചു തെളിഞ്ഞ പണിത്തരങ്ങള്‍ ദേശാഭിമാനി ഡോട്ട് കോം 4 എാപ്രില്‍ 2023
ഡി സി പോര്‍ട്ടല്‍ 23 മേയ് 2023
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ