2024, ജൂൺ 29, ശനിയാഴ്‌ച

ആണ്‍പെണ്‍ ഫോണുകള്‍


 കഥ


ആണ്‍പെണ്‍ ഫോണുകള്‍ 

(ഇരുവരുടേയും പേരുകള്‍ മാറ്റിയിട്ടുണ്ട്) 


''നീയെന്റെ സര്‍വ്വസ്വമാണ്.''

ആദ്യമായി കാണാനും അടുത്തിരിക്കാനും അവസരം വന്നപ്പോള്‍ അവരൊരു കാര്യമാണാലോചിച്ചത്. ഒരാള്‍ അയച്ചതും മറ്റേയാള്‍ സ്വീകരിച്ചതുമായ ആ സന്ദേശം. അവരിലൊന്ന് ആണ്‍ഫോണും മറ്റേത് പെണ്‍ഫോണുമായിരുന്നു. 

മീന്‍സ് ഒരാണിന്റെയും പെണ്ണിന്റെയും ഫോണുകള്‍. അത്രേയുള്ളു.

ഹോട്ടല്‍ മുറിയിലെ ശീതളിമയില്‍ ഒരേമേശയില്‍ തൊട്ടുതൊട്ടാണവരിരുന്നത്. ആണ്‍ഫോണ്‍ പെണ്‍ഫോണിനെ നോക്കി. സുന്ദരി, മെലിഞ്ഞവള്‍. അവളുടെ ലതര്‍ക്കുപ്പായം വലിച്ചു കീറിക്കളയാനവനു തോന്നി.

പെണ്‍ഫോണൊന്നു വിറച്ചു. അവള്‍ വൈബ്രേഷന്‍ മോഡിലായിരുന്നു. അവര്‍ കണ്ണുകളൊട്ടിച്ച് പരസ്പരം നോക്കിയിരുന്നു.

അവരുടെ ഉടമകള്‍ അപ്പോള്‍ കട്ടിലിലായിരുന്നു. പെണ്‍ഫോണ്‍ണ്‍ താനയച്ചതും തനിക്ക് ആണ്‍ഫോണില്‍ നിന്നും കിട്ടിയതുമായ എല്ലാ സന്ദേശങ്ങളും ഓര്‍ത്തു കിടന്നു. 

ആണ്‍ഫോണിന്റെ ക്യാമറക്കണ്ണുകകള്‍ ആ കട്ടിലിലോളം എത്തുന്നുണ്ടായിരുന്നു.  ഉടമകള്‍ അവിടെ ചെയ്യുന്നതൊന്നും വെറും ഫോണുകളായ തങ്ങള്‍ക്ക് പ്രാപ്യമല്ലാത്തതില്‍ അവര്‍ തങ്ങളുടെ കൂടി സ്രഷ്ടാവായ ദൈവത്തിനെ പഴിച്ചു. 

ഒടുവില്‍ ഫോണ്‍ഉടമകള്‍ കട്ടിലിലെ ബന്ധനത്തില്‍ നിന്നും വേര്‍പിരിഞ്ഞതും ഉള്‍ത്താപം പരമോന്നകോടിയിലെത്തിയ ആണ്‍പെണ്‍ഫോണുകള്‍ വലിയ ശബ്ദത്തോടെ നിമിഷങ്ങളുടെ വ്യത്യാസത്തിലൊരുമിച്ച് പൊട്ടിത്തെറിച്ചു. 

ശുഭം.


ഒരുമ 2023


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi