വഴികളെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സില്‍ മൂളയിടുന്നത് അതീവ വിജനതയും, നിശ്ശബ്ദതയുമാണെങ്കില്‍! ആ നടപ്പ് അനിതരസാധാരമായി തീരുന്നതാണ്. ഒപ്പമുള്ള തണലും നീരൊഴുക്കുകളും കിനാവുകളും പഥികന്റെ മനോനിലയെ അത്യന്തം ആദ്രാവസ്ഥയിലെത്തിക്കുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് പ്രതീക്ഷയിലൂടെയാണെന്ന തോന്നലുറയ്ക്കും.
വഴികളായ വഴികളെല്ലാം നിരത്തുകളും റോഡുകളും വീഥികളുമായി പരിണമിച്ച കാലത്ത് തെരഞ്ഞുപോയാല്‍ ഉള്‍നാട്ടില്‍ ഇപ്പോഴും പരിണാമം തൊടാത്ത അത്തരം വിജനവീഥികളുടെ അനുഭവസാധ്യതകള്‍ കിട്ടുന്നതാണ്. ആശ്വാസത്തിനെയും കൂട്ടുപിടിച്ച് ഏറെ നടക്കാന്‍ അതിനധികം ദൈര്‍ഘ്യമുണ്ടാവണമെന്നില്ല.
പഴയകാലത്തെ വഴികളും കുട്ടിക്കാലത്തെപ്പോലെയായിരുന്നു. തീരെ വിശാലമല്ലാത്ത ലോകം. എതിരെ ഒരാള്‍ വന്നാല്‍-അതൊരു വയല്‍വരമ്പാവും വീതിയില്ലാത്ത വെട്ടുവഴിയുമാകാം. ഇരുതിണ്ടുകള്‍ക്കിടയിലെ ഇടവഴിയാകാം- വരമ്പൊഴിയണം. കയ്യാലയില്‍ കയറി നില്‍ക്കണം. ചിലപ്പോള്‍ അയാള്‍/അവള്‍ നമ്മെ ചേര്‍ത്തു പിടിച്ച് കരുതലോടെയാവും മറുവശത്തേയ്ക്ക് നീങ്ങുന്നത്. ഊഷ്മളമായ ഓര്‍മ്മകളാണിത്തരം വഴിപങ്കിടലുകള്‍.
1. ചേറലിഞ്ഞാര്‍ദ്രമായ ചില നിരത്തനുഭവങ്ങള്‍ ഇപ്പോഴുമില്ലേ?
വെള്ളക്കെട്ട്, അതൊന്നു ചാടിക്കടന്നാല്‍ സിമന്റിട്ടതു മാതിരി കണ്ണാടിത്തറയായി. നീണ്ടൊരു പെന്‍സില്‍വര മാതിരി പുല്‍പ്പരപ്പിലെ തെളിഞ്ഞ ഒറ്റയടിപ്പാത. ഒരു വശത്ത് ഉയര്‍ന്നുപോകുന്ന കുന്നുകളുണ്ട്. ഒരിക്കലും പടിഞ്ഞാറു നിന്നും വെളിച്ചം കാലടികളില്‍ പതിയില്ല. അത്രയ്ക്ക് തഴച്ച റബ്ബര്‍ക്കാട്. കിഴക്കേ മറുവശത്തും പാടം നികത്തി നട്ടുപിടിപ്പിച്ച റബ്ബര്‍ത്തോട്ടമുണ്ട്. അമിത വാശിയോടെ അതും വെളിച്ചത്തിനെയും വെയിലിനെയും ആട്ടുന്നുണ്ട്. നിലം മുഴുവനും പന്നല്‍ച്ചെടിക്കൂമ്പാരത്തെ തഴച്ചുവളരാന്‍ ജലസാന്നിധ്യം അനുവദിക്കുന്നുണ്ട്. അതെന്തിനിത്ര അമിത പച്ചച്ചിപ്പിന്‍ അഹങ്കാരമണിഞ്ഞിരിക്കുന്നു? അരിച്ചിറങ്ങുന്ന പ്രകാശം ആ പച്ചപ്പിന്‍പുറത്ത് തെളിച്ചവും നിഴലുംകൂട്ടി രൂപങ്ങള്‍ വരയുന്നുണ്ട്. വീണ്ടും വീണ്ടും നോക്കുമ്പോള്‍ നൈമിഷിക വിഭ്രാന്തിയാണ് മനസ്സില്‍ പതിയുന്നത്.
പട്ടപ്പകലിലും ഇരുട്ടുള്ള വിജനമായ വഴി! പ്രഭാതത്തിലാണ് അതു കടക്കാനൊരുങ്ങുന്നതെങ്കില്‍ കോടമഞ്ഞ് വിരിയിട്ടതു കാണാം. മഴകൂമ്പുന്ന നേരത്ത് ഭയമലിഞ്ഞ ഇരുളം വന്നുടന്‍മുട്ടും. വേനലിലും നീര്‍സാന്നിധ്യമുണ്ട്. ആ നിര്‍മ്മല പ്രവാഹത്തിലൂടെ ബൈക്കൊന്നു വേഗത്തിലോടിച്ചാല്‍ ഇരുഭാഗത്തേയ്ക്കും തലമുടി കോതിമാറ്റുന്ന രീതിയില്‍ ചീറ്റിത്തെറിക്കുന്ന തെളിവെള്ളവും കണ്ടാനന്ദിക്കാം.
''എനിക്ക് അഷ്ടാകവക്രന്‍ എന്ന പേരിട്ടോളു.'' അങ്ങനെ പറഞ്ഞുകൊണ്ട് ഒരു മഞ്ഞച്ചേര. ആ ചുറ്റുപാടുകളിലെ തണുപ്പുപിടിച്ച് സ്ഥിരവാസക്കാരനായുണ്ട്. രണ്ടു മീറ്റര്‍ നീളമുള്ള ശൂന്നൊരു ഒരു തീവണ്ടിയിഴച്ചില്‍ ചിലപ്പോളതു കാട്ടിത്തരും. ''എനിക്ക് മടുത്തു ഞാനിന്നു കളിക്കില്ല.'' ചിലപ്പോഴവന്‍ അങ്ങനെ മുനങ്ങി പമ്മിക്കളയും.
ഇത്തരത്തിലുള്ള വഴിത്താരകളിലൂടെ സൂക്ഷിച്ച് പോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
പണ്ടു പണ്ടത്തെ ചവിട്ടിയാല്‍ ഉറവ കിനിയുന്ന സ്‌കൂള്‍ വഴിയും കണ്ണീര്‍ത്തുള്ളിയെ വഹിച്ച അതിന്റെ ഇടവഴിച്ചെരിവുകളിലെ പുല്‍ത്തുമ്പുകളുടെ ജൈവോര്‍മ്മകളും മനസ്സില്‍ തുടിക്കും. തീര്‍ച്ചയാണ്. വഴിയോര്‍മ്മകളിലൂടെ ജീവചരിത്ര ദര്‍ശനവും സാധ്യമാക്കാം.
2. പ്രണയവഴി
അതൊരു പ്രണയ വഴിയാണ്. ഒരൊറ്റത്തവണ മാത്രമേ അതിലൂടെയൊരു സഞ്ചാരം പ്രാപ്യമായിട്ടുള്ളു.
അന്നത്തെ ദിവസം വിതുരയിലെ, അടിപറമ്പില്‍ ബസ്സിറങ്ങി അഗസ്ത്യകൂടത്താഴ്‌വരയിലെ സര്‍ക്കാര്‍ വകയായ ജഴ്‌സിഫാമിലേയ്ക്ക് പോയതാണ്.
പുല്ലുകയറാത്ത, ചെമ്മണ്ണുമല്ല, മറ്റൊരു വിചിത്ര നിറത്തിലെ ഉറപ്പു മണ്ണാല്‍ തീര്‍ത്ത നടപ്പുവഴി. റോസ്സേ0? നേര്‍ത്ത മഞ്ഞള്‍രാശിയായിരുന്നില്ലേ തൂവിക്കിടന്നിരുന്നത്? അതെന്തുമായിക്കോട്ടേ! അതീവാകര്‍ഷണീയമായ അന്തരീക്ഷമായിരുന്നെന്നു ഓര്‍മ്മയിപ്പോഴും പറയുന്നുണ്ട്. അതിന്റെ ഇരുതിട്ടകളില്‍ തിളക്കമുള്ള ചെറിയ മഞ്ചാടിക്കല്ലുകള്‍ കണ്‍മിഴിച്ചു നിന്നിരുന്നു. ആ നിറമെണ്ണാന്‍ മുതിര്‍ന്നാല്‍ നമ്മുടെ കാഴ്ച തെറ്റിപ്പോകും. അതിനാല്‍ വഴിയുടെ പെരുമയിലേയ്ക്ക് വരാം. നീണ്ട ദുരത്തിലേയ്ക്ക് അതീവ ചാരുതയോടെ പാത പുളഞ്ഞു പുളഞ്ഞു പോകുന്നു. വിജനതയുടെ ആഘോഷമാണ് ചുറ്റിലും. അമ്പരപ്പും വന്യസാന്നിധ്യവുമായി പശ്ചിമഘട്ടമലനിരകള്‍ അന്തരീക്ഷത്തിനു ഗരിമ തീര്‍ക്കുന്നുണ്ട്. നാലുഭാഗത്തു നിന്നും കാടുകള്‍ എത്തിയെത്തി നോക്കുന്നുമുണ്ട്.
ഒരു ക്യാമറ ഇവിടെ വയ്ക്കാം. അങ്ങനെ തോന്നിപ്പോയതില്‍ ഒരതിശയവുമില്ല. തിരിഞ്ഞു നോക്കാന്‍ സമ്മതിക്കാതെ ഒരാണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ആ വഴിയിലൂടെ മുന്നോട്ടു വിടുക. അവര്‍ സാവധാനം നടന്നകന്ന് അടുത്ത വളവില്‍ മറയുന്ന നേരത്ത്. ഇരുവരും തീവ്രപ്രണയത്തിലായതായി, ക്യാമറകണ്ട ചലനങ്ങള്‍ പറയുന്നതാണ്. അത്ര മോഹനീയമാണ് പുല്ലു പതിയാത്ത, കാല്‍പ്പാദങ്ങളാല്‍ തേഞ്ഞ വഴിയെ കാത്തുവച്ച പശ്ചാത്തലവും പ്രകൃതിയും.
3. അതൊന്നുമൊരിക്കലും മറയല്ലേ!
നീണ്ടുനീണ്ടു പോകുന്ന നടപ്പു വഴിയില്‍ ഏകാന്തത മുട്ടിമുട്ടി കിടക്കുന്നതു കണ്ടത് അഗസ്ത്യകൂടത്തിലേയ്ക്ക് മലചവിട്ടിയ നേരത്തായിരുന്നു. കാനനകാന്തിയില്‍ മുക്കിവച്ച കാഴ്ചകളും അനുഭൂതികളും നിറഞ്ഞവ. മുന്നില്‍പ്പോയ തീര്‍ത്ഥാടകരാല്‍ തേഞ്ഞ കാട്ടുവഴികളാണവയെല്ലാം.
തേരിയുയര്‍ച്ച, കാട്ടാറിന്റെ ചെറുകിലുക്കമുള്ള പ്രവാഹത്തെ വിദഗ്ദമായുള്ള മുറിച്ചു കടക്കല്‍, കണ്ണെത്താ ദൂരം നീണ്ടുപരന്ന പുല്‍മേടുകള്‍ പ്രസരിപ്പിക്കുന്ന കാന്തി, അതിനകമ്പടിയായ വേഴാമ്പല്‍പ്പേച്ചുകള്‍. ചോലവനങ്ങളും പക്ഷിജാലങ്ങളും മീട്ടുന്ന സംഗീതസൗജന്യങ്ങള്‍. പ്രകൃതിക്കു മാത്രം സാധ്യമായ മൃദുത്തണുപ്പ്. കാടിനുള്ളിലെ പല തരത്തിലും രീതികളിലുമുള്ള വഴിസമുച്ഛയത്തില്‍, ക്ലേശതയാണ് ആ നടപ്പിന്റെ മുഖമുദ്ര. ശാന്തതയില്‍ അലിഞ്ഞ കിനാവുകളുടെ കൂട്ടായ്മയും ഒപ്പത്തിനുണ്ട്. ആ വിജനതയില്‍ എന്തും സ്വപ്നം കണ്ടു കണ്ണുകളടച്ചു നടക്കാം.
വഴിമുഴുവനും ചവിട്ടി തീര്‍ത്ത് അഗസ്ത്യകൂട ഗരിമയില്‍ ഒരു കാല്‍ച്ചുറ്റളവു ഇടത്തിലെത്തുമ്പോള്‍ പിന്‍നടത്തത്തിനു മാത്രമാണ് ഇനി സാധ്യതയെന്ന തിരിച്ചറിവും പൂത്തുലയും.
4. ആകാംക്ഷകളുടെ വഴിത്താര
ഒരിക്കലും മായാത്ത ആകാംക്ഷയാണ് മധ്യപ്രദേശിലെ ആ കാനന വഴികള്‍ മുന്നിലിട്ടു തന്നത്. ജീവിതത്തിലൊരിക്കല്‍ ലഭ്യമായ അനുഭവം. 'പന്ന നാഷണല്‍ പാര്‍ക്കില്‍' കടുവകളെ കാണാന്‍ പോയതാണ്. ആ സഫാരി ജീപ്പിലിരുന്നുള്ള യാത്രയുടെ ഓരോ ഇഞ്ചിനെയും മനസ്സിലിട്ട'് പുനര്‍ജ്ജനിപ്പിച്ചു കാണണം.
അതൊരു മനോഹരമായ പ്രതീക്ഷാവഴിയായിരുന്നു.
വീണ്ടും വീണ്ടും അങ്ങനെ തോന്നിപ്പോവും. തീര്‍ച്ച. കടുവയെ എപ്പോള്‍ കാണാം. അവന്‍ ഈ കാട്ടുവഴിയരുകിലെ പുല്‍പ്പടര്‍പ്പിനുള്ളില്‍. ഇതാ ഈ ചെമ്മണ്ണുവഴിത്താര മുറിച്ചിപ്പോള്‍... കണ്ണുകള്‍ ചതുപ്പുകളിലും പുല്‍മേട്ടിലും ഉള്‍ക്കാട്ടിലും ചെരിവു വഴിയിലും 'കെന്‍'നദീ നീരൊഴുക്കുകളിലും അരിച്ചരിച്ചു നീങ്ങിപ്പോയി. എന്തിനധികം ഒടുവില്‍ അതും പ്രതീക്ഷിച്ചു. നിറഞ്ഞുകിടന്ന കെന്‍ നദിയില്‍ ആ പുലര്‍വേളയില്‍ ആവിയിട്ടുയരുന്ന പുകപ്പരപ്പു വകഞ്ഞുകൊണ്ട് അക്കരെ കാട്ടില്‍ നിന്നും ഒരു വലിയ പൂച്ചയിപ്പോള്‍ ഇക്കരയിലേയ്ക്ക് നീന്തി വെന്നങ്കില്‍!
തൂത്തമ്പാറ എസ്റ്റേറ്റ്, ഷോളയാര്‍ കാടുകള്‍വഴി നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തേയ്ക്ക് ജീപ്പു പാതയിലുടെയുള്ള ഒരു അനധികൃത സഞ്ചാരത്തിനും ഒരിക്കല്‍ അവസരമുണ്ടായി. കൊടുങ്കാട്ടില്‍ നിന്നു കട്ടെടുത്ത കാഴ്ചകള്‍! അവയെല്ലാം കിനാവുകളായിരുന്നോ? ജീപ്പുവഴി്ക്കും മലഞ്ചരിവിനുമിടയില്‍ കാട്ടുപാതയ്ക്ക് സമാന്തരമായി കൂട്ടുവന്ന നീര്‍പ്രവാഹം. ആ ചെരിവില്‍ തൊട്ടടുത്ത് ഒരു പോത്ത്. അതിനെ മറക്കുന്നതെങ്ങനെ? ഇതാരൊക്കെയാണപ്പാ ജീപ്പിനുള്ളില്‍? ഞങ്ങളെയത് നോക്കിനിന്നു. ഞങ്ങള്‍ക്കും ആ കാട്ടുപോത്തിനുമിടയില്‍ ഒരു നീര്‍ച്ചാല്‍വിടവു മാത്രമേയുണ്ടായിരുന്നുള്ളു.
അന്നു വണ്ടിയിലിരുന്ന് അകലെയുള്ള കാനന വയലുകള്‍ കണ്ടു. അതില്‍ മേളിക്കുന്ന പോത്തുകളും മാനുകളെയും കൊതിച്ചു. ഷോളയാറിലെ ജലനിര്‍മ്മലതയില്‍ ആനന്ദിച്ചു. ചീവീടും കിളിയൊച്ചകളും മാത്രമേ ഒച്ചകളുടെ ഗണത്തിലവിടുള്ളു. കാട്ടുചോലയുടെ മണല്‍പ്പരപ്പില്‍ ഞങ്ങക്കു കാണുന്നതിനായി പതിപ്പിച്ചുവച്ച തലേ രാത്രിയിലെ ചൂടുമാറാത്ത മൃഗക്കുളമ്പു പാടുകളെ തൊട്ടുനോക്കി.
വല്ലാതെ മനസ്സ് നനയുമ്പോള്‍ ഇനിയൊരിക്കലും കാലാല്‍, കണ്ണാല്‍ സ്പര്‍ശനസാധ്യതയില്ലാത്ത അത്തരം വഴിയോര്‍മ്മകള്‍ അപാരമായ ഉര്‍ജ്ജം നിറയ്ക്കുന്നുണ്ട്. അതിനാല്‍ ചലിച്ചു കൊണ്ടിരിക്കുക.
5. കല്യാണവഴിയാണ്!
യൗവ്വനത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടു തെളിഞ്ഞു വരുന്ന മറ്റൊരു വഴിയെ കുറിച്ചു പറയട്ടെ!
അത് പ്രധാന നിരത്തില്‍ നിന്നുനോക്കുമ്പോള്‍ അറ്റമില്ലാത്ത പാടശേഖരത്തിന്നോരത്തിലൂടെ ചക്രവാളത്തിനെ തൊടാനലസമായി പോകുന്നതായി തോന്നിയിരുന്നു. ആ വയല്‍ വരമ്പിലൂടെ വിവാഹശേഷം വധുവിന്റെ കൈപിടിച്ച് നടക്കണം. ഇതിലൂടെ നടന്നു തന്നെ വേണം .ആദ്യമായി വിരുന്നുപാര്‍ക്കാന്‍ പോകേണ്ടത്.
മുരടിച്ചുപോയ കാഴ്ചയും ഓര്‍മ്മയുമാണത്. ആ ദിക്കിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഇപ്പോഴും എത്തിയെത്തി നോക്കാറുണ്ട്. പാടശേഖരമില്ല. വളഞ്ഞു പുളഞ്ഞുള്ള വയല്‍വരമ്പോ? കാടും പടലും കയറി അതങ്ങനെയൊരു നിര്‍ജ്ജീവസ്വപ്നമായി.
ഏറ്റുമാന്നൂരിലെ ചെറുവാണ്ടൂര്‍ പള്ളിക്കവലയില്‍ ബസ്സിറിങ്ങി, ആ ചരല്‍പ്പാതയിലൂടെ സെമിനാരി കെട്ടിടത്തിലെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേയ്ക്ക് നടക്കാനുള്ള ഒരു വഴിയുണ്ടായിരുന്നു. ചരല്‍പ്പാതയിലേയ്ക്ക് വരണോരേയും പോണോരേയും എപ്പോഴുമിങ്ങനെ കണ്ണുവച്ചിരിക്കുന്ന ഇത് ആരുടെ വീടാണ്? അന്യദിക്കിലെത്തുമ്പോള്‍ അത്തരത്തിലൊരു ആകാംക്ഷ നമ്മളിങ്ങനെ സൂക്ഷിച്ചിട്ടെന്തു കാര്യം? ഒരു പശു ആ കാട്ടുവഴിയില്‍ വച്ച് കയറു വലിച്ചുയര്‍ത്തി മാര്‍ഗ്ഗതടസ്സമുണ്ടാക്കുമ്പോള്‍ അതൊരു ട്രാഫിക്ജാമായി മാറി. ക്യാമ്പസ്സിലേയ്ക്ക് നടക്കുന്ന കുട്ടികള്‍ കയര്‍ത്തടസ്സത്തിനു മുന്നില്‍ അറച്ചുനിന്നുപോയി.
പള്ളിക്കൂട വഴികള്‍ കുട്ടികളില്‍ പടര്‍ത്തിയ ആകാംക്ഷയുണ്ടല്ലോ! അതുമാതിരി ആദ്യമായി ജോലി ചെയ്ത ഇടത്തിലേയ്ക്ക് അനവധി സ്വപ്നങ്ങളെ മുളപ്പിച്ചു തന്ന ഇടവഴി. അങ്ങനെയൊരു വഴിസൗഭാഗ്യവും, അതീവ ശാന്തമായ നടപ്പനുഭവങ്ങളും നാഗരിക ജോലിക്കാര്‍ക്കുണ്ടാവില്ലെന്നതു തീര്‍ച്ചയാണ്.
6. വീഥികള്‍
പോണ്ടിച്ചേരി നഗരത്തിലെ നടപ്പോരങ്ങളില്‍ ടൈല്‍സുകള്‍ പാകിയപ്പോള്‍ അവയെല്ലാം വീഥികളായി പരിണമിച്ചു. ഒരേ നിറത്തിലെ ചായം പൂശിയ കെട്ടിടങ്ങള്‍ വരിവരിയായുള്ള, തണല്‍ മാത്രം പതിഞ്ഞു കിടക്കുന്ന, നന്നായി പരിപാലിക്കപ്പെടുന്ന പൈതൃകവീഥികളാണവ. അതു മോഹന വഴിത്താരകളുടെ ജനുസ്സില്‍പ്പെടുന്നു. ഒരു കാര്യവുമില്ലാതെ എത്ര തവണ ചുറ്റിത്തിരിഞ്ഞാലും അവ മടുപ്പുണ്ടാക്കില്ല. തലങ്ങും വിലങ്ങും നടന്നാലും അവയെല്ലാം ഒടുവില്‍ സമുദ്രക്കാഴ്ചയില്‍ ചെന്നുമുട്ടുന്നു.
ഇടവഴികളിലെ പാമ്പുഭീതി, ഈ വളവു കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടാനിടയുള്ള ആ ഭ്രാന്തനെക്കുറിച്ചുള്ള പേടിയും.. കൈനിക്കര കുമാരപിള്ളയുടെ 'കുറുക്കുവഴികള്‍' എന്ന പാഠഭാഗം പഠിച്ചപ്പോള്‍ അപകട വീഥികളുടെ സൂചനകളായവ പരിണമിച്ചു. ചില നഗരങ്ങള്‍ക്കുള്ളത് പത്മവ്യൂഹ വഴികളാണ്. നാഗര്‍കോവില്‍പ്പട്ടണം എല്ലാവിധ ഭൂമിശാസ്ത്ര ധാരണകളെയും എപ്പോഴും തട്ടിക്കളയുന്നു. എത്ര നീങ്ങിയാലും മുന്നേയിതിലേ ഞാന്‍ വന്നുവോ? നാഗരുകോവില്‍ നഗരഭൂപഠം മനസ്സില്‍ ഉറയ്ക്കുന്നതേയില്ല. തലങ്ങും വിലങ്ങുമായി എത്ര നടന്നാലാണ് ഒരു പുതിയ പട്ടണത്തിലെത്തുമ്പോളതിനെ മനസ്സില്‍ ഭൂപടരൂപത്തില്‍ ആവാഹിക്കാന്‍ കഴിയുക?
7. കാട്ടിലെ അടയാളക്കല്ലുകള്‍
കാട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഏതു മരത്തിനെ അടയാളക്കല്ലാക്കും? വഴിതെറ്റാതെ തിരിച്ചിറങ്ങിപ്പോരണമല്ലോ! ചുറ്റുപാടുകള്‍ ഒരേ മാതിരിയാകയാല്‍ കാനനത്തിനുള്ളില്‍ വഴി പിണഞ്ഞവന്‍ മാപ്പര്‍ഹിക്കുന്നു. നിരന്തരം പൊളിച്ചു പണിയുന്ന കേരളീയ നഗരങ്ങള്‍ പഴമക്കാരുടെ വഴിയോര്‍മ്മകളെയാണ് റബ്ബര്‍ക്കട്ടയാല്‍ നിസ്സാരമായി തുടച്ചു മാറ്റുന്നത്.
നടന്നു തേഞ്ഞ വഴികള്‍ മാത്രം ഓര്‍ത്തിരുന്നാലും ജീവചരിത്രം തെളിയുന്നതാണ്. അതാണ് കൈപ്പത്തിയിലെ എണ്ണിയാലൊടുങ്ങാത്ത രേഖാവഴികളെന്നു ചിന്തിച്ചു നേരവും കളയാം.
ചില വഴികള്‍ മരണത്തെത്തൊട്ടാണ് ഇഴയുന്നത്. അങ്ങനെ തോന്നിപ്പോവും. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ക്കോളേജിനു പുറകിലെ കാട്ടുവഴിയാണ് അങ്ങനെയുള്ള സൂചനതന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ കാടുമൂടിയ ക്ഷയരോഗാശുപത്രിയെ ആ വിജനതയില്‍ കാണ്‍കെ മരണസാന്നിധ്യം ഓടിവരുന്നതാണ്. പിന്നെ ഔഷധി മരുന്നു കമ്പനിക്കാരുടെ ചെടിത്തോട്ടം, കാട്, ചെമ്മണ്‍നിരത്ത്, മനുഷ്യസാന്നിധ്യമില്ലായ്മ. അതങ്ങനെ മണിക്കൂറുകള്‍ നടന്നു ചുറ്റിക്കറങ്ങി പിന്നെയും നാഷണഹൈവേയില്‍ കയറുന്നതു വരെ നമ്മള്‍ ''അത്മവിദ്യാലയമേ...'' എന്നു മൂളിപ്പോകുന്നതാണ്.
പാലക്കാടു ജില്ലയിലെ ശ്രീകൃഷ്ണപുരം, മണ്ണമ്പറ്റ, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലത്തെ വഴികള്‍.. അതു പ്രഭാത, സായാഹ്ന നടത്തിന് ആരും നിര്‍ദ്ദേശിക്കുന്നതാണ്. വശ്യതയുടെ വല്ലാത്ത ഊര്‍ജ്ജം നിറച്ചുകളയുന്ന ഗ്രാമീണപ്പാതകള്‍. ചെല്ലുക! ചെറുപ്പത്തിന്റെ തുണ്ടുകള്‍ തീര്‍ച്ചയായും തിരികെ കിട്ടുന്നതാണ്.
മണ്ണില്‍ മാത്രമല്ല മോഹവഴികളുള്ളത്. കടല്‍ സഞ്ചാരത്തില്‍ സമുദ്രപ്പരപ്പു മുഴുവനുമൊരു പരന്ന വഴിയായി തോന്നിയാല്‍ തെറ്റുപറയാനാവില്ല. ആകാശ മാര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍ നദി പ്രവാഹമുള്‍പ്പെടെ താഴെ കാണുന്നതെന്തിനെയും ഇടവഴികളാക്കി മാറ്റിപ്പണിയാവുന്നതാണ്.
ഇടത്തും വലത്തും കടല്‍ അലതല്ലുന്ന നീണ്ടൊരു വഴിയീ ഭൂമിയില്‍? സങ്കല്പം മാത്രമല്ല അതുണ്ട്. ആ ദര്‍ശനത്തിനു ധനുഷ്‌കോടി ദ്വീപിലേയ്ക്ക് പോകണം. ഇരുവശത്തുമുള്ള കാറ്റാടിമരക്കാട് കടലിനെ മറച്ചാലും. ഇടംവലം ഭാഗങ്ങളില്‍ സമുദ്രം നുരയിടുന്നത് അനുഭൂതിയാണ്.
''സന്ധ്യക്ക് രാമേശ്വരത്തു ചെന്നു നിക്കണം. ലങ്കയില്‍ വിഭീഷണനും കൂട്ടുകാരും രാമാനാമം ജപിക്കുന്നതു കേള്‍ക്കാം.'' പണ്ടു പണ്ട് അമ്മച്ചി പറഞ്ഞതില്‍ നിന്നും, കടലും കടന്നു നീണ്ടുനീളുന്ന വിശാലമായ വഴികളെ കുറിച്ചുള്ള സൂചനകള്‍ കൂടിയുണ്ടായിരുന്നു.
അതിനാല്‍ ഭൂമിയിലെ എല്ലാ നീണ്ടുപിണഞ്ഞ വഴിപ്പെരുമകളിലും വിശ്വസിക്കുക.
സീക്ക് ന്യൂസ് പുതുവര്‍ഷപ്പതിപ്പ് 2023
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ