2016 ജൂലൈ 31, ഞായറാഴ്‌ച

അപ്പുക്കിളിവീട്




ആകാശത്തിന്റെ അനന്തതയില്‍ നിന്നും പടച്ചോന്‍ വാരിയെറിഞ്ഞ ചില കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഭാഗ്യമുണ്ടായവരാണ് പാലക്കാടു ജില്ലയിലെ തസ്രാക്കുകാര്‍. അതിലെഴുതിയിരുന്നതു മാതിരി ചിലര്‍ അള്ളാപ്പിച്ച മൊല്ലാക്കയായും, മൈമൂനയായും നൈജാമലിയായും ശിവരാമന്‍ നായരായും ആ ചെറിയ ഭൂമികയില്‍ തകര്‍ത്താടി. അപ്പുകിളിയുടെ കാര്യം പ്രതേ്യകം പറയേണ്ടതില്ല. മലയാളം നിലനില്‍ക്കുന്നിടത്തോളം കാലം ഈ തസ്രാക്കുകാരുടെ ചരിത്രം ശാശ്വതീകരിക്കാനായി ഒരു കാര്‍ഡും പിടിച്ചെടുത്ത് സാക്ഷാല്‍ ഒ.വി.വിജയനും അന്നു തസ്രാക്കിലെത്തി. നെല്‍ക്കൃഷിയുടെ ആ നാടിനെ എഴുത്തുകാരന്‍ ഭാവനാലോകത്തിലെ ഖസാക്കാക്കി മാറ്റി. കഥാപാത്രങ്ങളായി മാറിയവരും നോവലിസ്റ്റുമുള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കു വീണു കിട്ടിയ സ്‌ക്രിപ്റ്റിന്‍പടി പണിയെടുത്ത് പിന്‍വാങ്ങി. 'ഖസാക്കിന്റെ ഇതിഹാസവും, ഇതിഹാസത്തിന്റെ ഇതിഹാസ'വുമായി അതൊക്കെ മാറി.
ശിവരാമന്‍ നായരുടെ ഞാറ്റുപുര, ഏകാദ്ധ്യാപക വിദ്യാലയമായിരുന്ന ഇന്നത്തെ മദ്രസ്സ, അറബിക്കുളം ഞാറ്റുപുരയിലെ വിരുന്നുകാരനായ എഴുത്തുകാരന്‍.. ഖസാക്കിന്റെ പെരുമയില്‍ മുട്ടി തസ്രാക്ക്ിലെ സത്യമേത്? ഖസാക്കിനെ സംബന്ധിച്ച ഭാവനയുടെ വരമ്പുകള്‍ ഈ നാട്ടില്‍ എവിടെ അവസാനിക്കുന്നു?ഇവ പലപ്പോഴും ആ ഗ്രാമത്തിലെത്തുന്നവരെ ഒരു നിമിഷം വിഭ്രമിപ്പിക്കാറുണ്ട്.
മിഥുന മഴയില്‍ തോരാനിട്ട ഈറന്‍ തുണിമാതിരി നനഞ്ഞു കിടന്ന പാലക്കാടും കടന്ന് തസ്രാക്കിലെത്തിയപ്പോള്‍ ഒരു വീടിനു മുന്നില്‍ അപ്പുക്കിളി എന്ന പേര് മാര്‍ബിളില്‍ കൊത്തി വച്ചതു കണ്ടാണ് ഞാന്‍ അതിശയം കൊണ്ടത്. എന്നാണപ്പാ നമ്മുടെ കിളി വീടു പണിഞ്ഞത്? അതിനി കിളിയണ്ണന്റെ ബന്ധുക്കളെങ്ങാനും ചെയ്ത പണിയാവുമോ?
'അത് കളിയണ്ണന്റെ വീടു തന്നെ. വിറ്റുപോയപ്പോള്‍ പുതുതായി വാങ്ങിയ ആള്‍ അങ്ങനൊരു ബോര്‍ഡു വച്ചതാണ്.' ഖസാക്ക് സ്മാരകത്തിലെ മജീദണ്ണന്‍ കഥയും കാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ അപ്പുക്കളിയെന്ന മതില്‍ ബോര്‍ഡിനെ കുറിച്ചും എന്നോടു ചുരുക്കിപ്പറഞ്ഞു.
ആ നാട്ടിലെ തുമ്പികള്‍ക്കും ഓന്തുകള്‍ക്കും വരെ കാര്‍ഡുകള്‍ കിട്ടി. ശിവരാമന്‍ നായര്‍ കളപ്പുരയിലെ പണിക്കായി ഇറക്കിയ കിളിയണ്ണന്‍ അപ്പുക്കിളിയെന്ന പുതു വേഷമിട്ട'്ഖസ്സാക്കില്‍ കയറിക്കൂടി. അപ്പുക്കിളിയായി മാറിയ കിളിയണ്ണന്‍ ഒടുവില്‍ എല്ലാ കളികളും മതിയാക്കി കാര്‍ഡു താഴെവച്ച് തിരികെപ്പോയി. തസ്രാക്കില്‍ നിന്നും ബന്ധുക്കളും താമസം മാറ്റിയതോടെ അണ്ണന്റെ വീട് പരിപാലനമില്ലാതെ ചോര്‍ന്നൊലിച്ചു കിടു.
ഇനിയാണ് കഥ തുടങ്ങുത്.
കിളിയണ്ണന്‍ ഇട്ടുപോയ കാര്‍ഡ് നറുക്കു വീണതുമാതിരി കിട്ടിയത് പാലക്കാട് യാക്കരക്കാരനും ഇന്‍സ്ട്രുമെന്റഷനിലെ ജീവനക്കാരനുമായ പി.വി. സുകുമാരനാണ്. അതുമായാണ് അദ്ദേഹം തസ്രാക്കില്‍ പുതിയൊരു ഇതിഹാസ രചനയ്ക്ക് എത്തിയിരിക്കുകയാണ്.
പുതുക്കിപ്പണി നടന്നുകൊണ്ടിരിക്കുന്ന വീടിനു മുന്നില്‍ വച്ച് കിളിയണ്ണന്റെ വീട് തനിക്കു കിട്ടിയതിനെക്കുറിച്ച് പി.വി. സുകുമാരന്‍ ഇങ്ങനെ പറയുന്നു.
'എല്ലാം എന്റെ തലവരപോലെയെന്നു പറഞ്ഞാല്‍ മതി. ഇതിഹാസ ഖണ്ഡത്തിലെ ഈ വീട് സ്വന്തമാക്കാനുള്ള നറുക്ക് വീണത് എനിക്കാണ്. പാലക്കാടന്‍ വയല്‍ത്തണുപ്പും നെല്ലിന്‍ പച്ചപ്പും ചേറ്റുമണവും ആസ്വദിച്ച് നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്കിടെ വന്നു വിശ്രമിക്കാന്‍ വേണ്ടി ഒരു ചെറിയ വീടുനോക്കിയാണ് ഞാന്‍ തസ്രാക്കിലെത്തിയത്. ഒടുവില്‍ വില്ക്കാനിട്ടിരുന്ന ഈ ആറര സെന്റു ഭൂമിയും കഥാനായകന്റെ വീടും എനിക്ക് കിട്ടി. വാക്കു പറഞ്ഞ് കൈയിലുണ്ടായിരുന്ന ആയിരം രൂപ അഡ്വാസ് കൊടുത്തതോടെ മടങ്ങുന്ന വഴിയില്‍ ഒരു ചായ കുടിക്കാനുള്ള പണംപോലും പഴ്‌സില്‍ മിച്ചമുണ്ടായിരുന്നില്ല.
പിന്നെയെല്ലാം നടന്നു. ആകെത്തകര്‍ന്ന മേല്‍ക്കുര ശരിയാക്കി. തറ വൃത്തിയാക്കി. അപ്പുകിളിയുടെ വാസയിടത്തിന് വലിയ മാറ്റം വരുത്താതെ പുതുക്കിയെടുത്തു. മതിലില്‍ അപ്പുക്കിളി എന്ന ബോര്‍ഡും സ്ഥാപിച്ചു'
പത്തൊന്‍പതു ലക്ഷം രൂപ മുടക്കി പുതുക്കിയ അപ്പുക്കിളി വീട് തസ്രാക്കില്‍ ഒ. വി. വിജയന്‍ താമസിച്ചിരുന്ന ഞാറ്റുപുരയുടെ അടുത്തു തെന്നയാണ്. പഴയ രീതിയിലുള്ള ഒരു പാലക്കാടന്‍ വീട്. അതിന്റെ മതിലില്‍ പുതുതായി പിടിച്ചിച്ച അപ്പുക്കിളിയെന്ന ബോര്‍ഡാണ് ഖസാക്ക് കാണാന്‍ വരുന്നവരുടെ ശ്രദ്ധയിലേയ്ക്ക് ഇതിനെ  ചൂണ്ടിക്കൊടുക്കുന്നത്. അതില്ലെങ്കില്‍ അപ്പുക്കിളി വീടിനെ ആരും കണ്ടെത്തില്ല. ആരോരുമറിയാതെ തസ്രാക്കില്‍ അതുറക്കത്തില്‍ വീണുകിടക്കും.
പുറകു വശത്തെ ചെറിയ മുറ്റം. അത് തുമ്പികള്‍ പറക്കാനെത്തുന്ന പാടത്തിലേയ്ക്കാണ് നോക്കി നില്‍ക്കുന്നത്. പഴയ മുളവേലി അവിടെ പൗരാണിക രീതിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. പി.വി. സുകുമാരന്‍ പറഞ്ഞതു മാതിരി കാറ്റും ചേറുമണവും തുമ്പികളുടെ വിളയാട്ടവുമെല്ലാം കണ്ടുകണ്ടവിടെ അപ്പുക്കിളിയെ മാതിരി എത്രനേരം വേണമെങ്കിലും ഇരുന്നുപോകും.
ആഷാമേനോനും, ടി.കെ. ശങ്കരനാരായണനും പി. എ. വാസുദേവന്‍ മാഷുമൊക്കെ ഇതിനോടകം പി.വി. സുകുമാനെ ഈ വീടുവാങ്ങിയതിലും അതിനെ പുതിക്കിപ്പണിതതിലും അഭിനന്ദിച്ചു കഴിഞ്ഞു. അതില്‍ സുകുമാരന് ഏറെ സന്തോഷമുണ്ട്.
ഞങ്ങള്‍ സ്വപ്നം കണ്ടൊരു കാര്യം നിങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി എന്നാണ് അവര്‍ അതിനെക്കുറിച്ച് പറഞ്ഞതെന്ന് ഒരെഴുത്തുകാരന്‍ കൂടിയായ സുകുമാരന്‍ പറയുന്നു.
 തസ്രാക്കില്‍ വന്നു താമസിച്ച് സാഹിത്യ രചന നടത്താന്‍ താല്പര്യമുള്ളവരെ പരിഗണിച്ച് ചില പരിപാടികളൊക്കെ അദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്.
തസ്രാക്കിലെ ഞാറ്റുപുരയിലെത്തുന്ന കുട്ടികള്‍ വിജയന്‍ താമസിച്ചിരുന്ന മുറിയുടെ തിണ്ണയില്‍ കൈ തൊട്ട'് നെറുകയില്‍ വയ്ക്കുത് പലപ്പോഴും കണ്ടിട്ടുള്ള പി.വി.യുടെ മനസ്സില്‍ അവരെയൊക്കെ ഉള്‍ക്കൊള്ളുന്ന പരിപാടികളാണുള്ളത്.
'ഇതിന്റെ കേറിത്താമസത്തിന് ഞാനെന്തായാലും തസ്രാക്കുകാരെ മുഴുവനും ക്ഷണിക്കുന്നുണ്ട്. ഞാനിപ്പോള്‍ അവരുടെ പ്രിയപ്പെട്ടവനാണ്.
ഇവിടെയത്തുമ്പോള്‍ ഒരു ശാന്തതയെനിക്കുണ്ടാകുന്നു.ഞാനെന്നെ മറക്കുന്നു. വീണ്ടും ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നതു മാതിരി തോന്നും. പലപ്പാഴും ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങുന്നത് രാത്രിയിലാണ്. കഴിയുമെങ്കില്‍ ഇവിടെ താമസിച്ച് ചിലതൊക്കെ എനിക്ക് എഴുതണമെന്നുണ്ട്.. ഇനിയങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലും ചിലപ്പൊഴൊക്കെ ഈ വലിയ ലോകത്തില്‍ കുറെ നേരം നമ്മളും അപ്പുക്കിളിയെ മാതിരി മണ്ടനാകുന്നതില്‍ തെറ്റില്ല.'
പി.വി. സുകുമാരന്‍ പറഞ്ഞത് ശരിയാണ്. ഏതുനാട്ടിലും ഒരപ്പുക്കിളിയുണ്ടാകും. അവരെ തൊട്ടുനില്‍ക്കുമ്പോള്‍ ഉറഞ്ഞു നില്‍ക്കുന്ന മനസ്സൊന്നയയും. കനമില്ലായ്മ അനുഭവിക്കാന്‍ സാധിക്കും. അപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട കിളിയുടെ സവിധത്തിലാകുമ്പോഴോ? ഒ.വി. ഒിജയന്‍ സ്മരാകമായി മാറിയ സാക്ഷാല്‍ ഞാറ്റുപുരയില്‍ നിന്നുമേറ്റു വാങ്ങിയ അനുഭൂതി ഇവിടെയും ലഭ്യമാകുന്നു.
സംരക്ഷിക്കാന്‍ നാഥന്മാരില്ലാതെ പൈതൃകങ്ങള്‍  തകരുന്ന കാലമാണിത്. അപ്പോഴാണ് വായനയുടെ ലോകത്തില്‍ നിന്നിറങ്ങി തസ്രാക്കിലേയ്ക്ക് പി.വി. സുകുമാരനെത്തുത്. അദ്ദേഹം പുനര്‍നിര്‍മ്മിച്ച കിളിയണ്ണന്റെ അപ്പുക്കിളി വീട് എഴുത്തിനെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ നിന്നൊരിക്കലും മായില്ല. ആരെയും കൊതിപ്പിക്കുന്ന എല്ലാവരുടെയും പ്രശംസയര്‍ഹിക്കുന്ന പ്രവൃത്തിയാണ് പി.വി. സുകുമാരനില്‍ നിന്നുണ്ടായിരിക്കുന്നത്.
പടച്ചോന്‍ പിന്നെയും പഴയ കാര്‍ഡുകള്‍ ഇറക്കുന്നുണ്ട്. സ്മാരകമായി മാറിയ ഞാറ്റുപുരയുടെ സമീപത്ത് ശിവരാമന്‍ നായരുടെ അനന്തരാവകാശികള്‍ മറ്റൊരു കളപ്പുര കൂടി നിര്‍മ്മിച്ചിട്ടുണ്ട്. അതടഞ്ഞു കിടക്കുകയാണ്. കാര്‍ഡു കിട്ടുന്ന മറ്റൊരു വിജയന്‍ എവിടെ നിന്നെങ്കിലും ഇനിയും തസ്രാക്കിലെത്തും. അങ്ങനെ പുതിയൊരു ഇതിഹാസത്തിനുകൂടി ഇവിടെ സാധ്യതയുണ്ട്. ചരിത്രത്തിന് ആവര്‍ത്തിക്കാരിരിക്കാനാവില്ലല്ലോ. അപ്പുക്കിളി വീടിന്റെ പുനര്‍ജ്ജനി അതിലേയ്ക്കാണ് ചൂണ്ടുത്.

വാരാദ്യ മാധ്യമം 24.07.2016

2016 ജൂലൈ 9, ശനിയാഴ്‌ച

ചിന്നബിയുടെ ഫ്‌ളാറ്റുകള്‍



ചിന്നബിയുടെ വീട് നഗരത്തിനു മധ്യത്തിലാണ്. അവിടെ അത്തരത്തിലുള്ള ഒറ്റവീട് അവര്‍ക്കുമാത്രമേയുണ്ടായിരുന്നുള്ളു. ചേരിയിലെ ചെറ്റക്കുടിലുകളിലാണ് അവളുടെ ബാപ്പുവിന്റെ കൂടെ ജോലിയെടുക്കുന്നവരെല്ലാം താമസിച്ചിരുന്നത്.തന്റെ വീടിനെക്കുറിച്ച് അവള്‍ക്ക് അഭിമാനം തോന്നിയിരുന്നു.
മുമ്പ് ഗ്രാമത്തിലായിരുന്നു ചിന്നബിയുടെ കുടുംബക്കാര്‍ വസിച്ചിരുന്നത്.
ആ നാട്ടിലെരാജ അവളുടെ മുത്തച്ഛന്റെ മുത്തച്ഛനെ പട്ടണത്തിലേയ്ക്ക് കൊണ്ടുവരികയാണുണ്ടായത്. വെറുതെ വിളിച്ചു വരുത്തിയതൊന്നുമല്ല. രാജാവ് ക്ഷണിച്ചിട്ടു തന്നെയാണ് അവര്‍ നാടുമാറിയത്.

മുത്തശ്ശി മരിക്കുതു വരെയും അതു പറഞ്ഞിരുന്നു. അക്കാര്യങ്ങള്‍ അവള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്.ആ രാജയാണ് നഗരമധ്യത്തിലെ ഈ വീട് അവര്‍ക്ക് കൊടുത്തത്. ആ ഉത്തരവിന്‍ പ്രകാരമാണ് അവളുടെ ബാപ്പു എന്നും രാവിലെ നഗരം വൃത്തിയാക്കാനിറങ്ങുന്നത്. മാ അവരുടെ വീടിനെ വൃത്തിയായി സൂക്ഷിച്ചു. ബാപ്പു നഗരത്തിനെയും ഭംഗിയാക്കി.
ചിന്നബിയൊരിക്കലും ഉദയസൂര്യനെ കണ്ടിട്ടുണ്ടായിരുന്നില്ല. അവളുടെ വീടിനു വലതുവശത്ത് വലിയൊരു ഫ്‌ളാറ്റുണ്ടായിരുന്നു. മാനം മുട്ടുന്ന ഉയരത്തിലുള്ള അത് രാവിലെ ബാലസൂര്യനെ മറച്ചു കളയും.അവളുടെ വീടിന്റെ ഇടതുവശത്ത് വലിയ മൈതാനമാണുള്ളത്.പുറത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നത് ആ മൈതാനത്തിലേയ്ക്കായിരുന്നു. ഉച്ചക്കഴിഞ്ഞാല്‍ സൂര്യന്‍ വീട്ടിലേയ്ക്ക് അടിച്ചു കയറും. മരത്തണല്‍അവിടെങ്ങുമില്ല. അങ്ങനെ തണല്‍ തരുന്നത് വലിയ കെട്ടിടങ്ങളാണെു ചിന്നബി കരുതി.
വീടിന് ഇടതുവശത്തും ഒരു വലിയ ഫ്‌ളാറ്റ് വന്നിരുന്നെങ്കില്‍! അവള്‍ക്ക് വീടിന് വലതുഭാഗത്തുള്ള ആ ഫ്‌ളാറ്റ് അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.
ആ ഫ്‌ളാറ്റില്‍ നിന്നുമെപ്പോഴും സംഗീതം മഴപോലെപൊഴിഞ്ഞു. പലതരത്തിലുടെ പാട്ടുകളുടെ താരാട്ടില്‍ രാജകുമാരിയെപ്പോലെയാണ് അവളുറങ്ങിയത്. ഖാനയുടെ നേരത്താണ് രസം.വെറും ചോറോ ചപ്പാത്തിയോ ആണ് മാ എടുത്തു വയ്ക്കുതെങ്കിലും ചിക്കന്‍ കറിയുടെ മണം ഏതെങ്കിലും ഫ്‌ളാറ്റില്‍ നിന്നുമോടിയെത്തും. അങ്ങനെചിക്കന്‍ മണം ആസ്വദിച്ചു കൊണ്ട്, കടിച്ചു തിന്നാന്‍ ഒരു മിര്‍ച്ചിക്കഷണം പോലുമില്ലാതെ, രണ്ടു ചപ്പാത്തികള്‍ വരെ അവള്‍ കഴിച്ചിട്ടുണ്ട്.
കടുത്ത വേനലിലും അവരുടെ വീടിനെ തണുപ്പ് പൊതിഞ്ഞു നില്‍ക്കും.ഫ്‌ളാറ്റിലെ ഏതെങ്കിലും വികൃതികള്‍ അവരുടെ ജനാലകള്‍ തുറന്നിടുന്നതാണ് അതിനു കാരണം.അവിടെ നിന്നും എ. സി. തണുപ്പ് താണുതാണു വന്ന് ചിബിയുടെ വീടിനെ പൊതിയും.
ഒരു പാവ ഒരിക്കല്‍ അവളുടെ മുന്നില്‍ വന്നു വീണു. ആകാശത്തില്‍ നിന്നും അതിന്റെ ഉടമസ്ഥനിപ്പോള്‍ ഇറങ്ങിവരും.അയാള്‍ തന്നെ ചീത്തപറയും.അതിനെ നോക്കുക പോലും ചെയ്യാതെ അവള്‍ അകത്തു കയറി വാതിലടച്ചിരുന്നു. ഏറെ കാത്തിരുന്നിട്ടും പാവക്കരടിയെ കൊണ്ടുപോകാന്‍ ആരുമെത്തിയില്ല. അങ്ങനെയാണ് ആ പഞ്ഞിക്കരടി അവളുടെ കൂട്ടുകാരിയായത്. ജാമ്പു എന്നതിനെ ചിന്നബി ഓമനപ്പേരിട്ടു വിളിച്ചു.
വീടിനു ഇടതുവശത്തു കൂടിയൊരു ഫ്‌ളാറ്റു വന്നെങ്കില്‍! അവള്‍ കൊതിച്ചുപോയിട്ടുണ്ട്.
ആ മൈതാനയില്‍ നിന്നും അത്രയ്ക്കാണ് തീക്കാറ്റ് ഒഴുകി വരുത്. അവള്‍ക്ക് മൈതാനത്തിനെ തീരെ ഇഷ്ടമില്ല. അവിടെ എപ്പോഴും ബഹളമാണ്. സര്‍വ്വനേരത്തും കളിക്കാരെ കൊണ്ടു നിറഞ്ഞിരിക്കും.ഏതൊക്കെ ദിക്കുകളില്‍ നിന്നാണ് ബാബുമാര്‍ ഓടാനും ക്രിക്കറ്റ് കളിക്കാനുമെത്തുന്നത്. ശല്യങ്ങള്‍.
ഒരു ദിവസം ഇറയത്തിരുന്ന അവളുടെ അനിയന്‍ മുനിയയുടെ മുതുകത്താണ് ബോള്‍ വന്നുവീണത്. സോറി.സോറി.സോറി.എന്നു പറഞ്ഞതല്ലാതെ ആ ബാബു മുനിയയെ ഒരു തലോടിയതു പോലുമില്ല. അവന്‍ കരഞ്ഞുകൊണ്ടിരുന്നത് അവരെ തെല്ലും അലോസരപ്പെടുത്തിയതുമില്ല.അവിടെ നിന്നും ആ മൈതാനത്തെ എടുത്തു കളയാന്‍ അവള്‍ വല്ലാതെ കൊതിച്ചു.
എവിടെ നിന്നെങ്കിലും കൗവ്വാ ഒരു ഫ്‌ളാറ്റും കൊത്തിക്കൊണ്ട് വെങ്കില്‍!
ഹേയ്. കാലാ കൗവ്വാ നീയീ മൈതാനത്തിലൊരു ഫ്‌ളാറ്റ് കൊണ്ടിട്. അവളുടെ കൈയില്‍ നിന്നും ചപ്പാത്തിക്കഷണം കൊത്തിയെടുത്തു പറക്കുന്ന കാക്കയോട് അവളെന്നും അക്കാര്യം പറയാറുള്ളതാണ്. അതു കേള്‍ക്കുന്ന മാത്രയില്‍ ഇപ്പം ശര്യാക്കാം എന്നു കാറിക്കൊണ്ട് അവന്‍ പോണതല്ലാതെ കാര്യമൊട്ടു നടന്നിട്ടില്ല.
അവളുടെ മനസ്സു കണ്ടതുമാതിരി തന്നെ സംഭവിച്ചു. അന്നത്തെ ദിവസം അവളുണരാന്‍ ഏറെ വൈകി. രാവിലെ ഏന്തൊക്കെയോ ബഹളം കേട്ടാണ് ചിന്നബി ഉണര്‍ന്നത്.
ബാപ്പു പണിക്ക് പോയില്ല. മൈതാനിയില്‍ വലിയ ഫ്‌ളാറ്റുകെട്ടാന്‍ പോകുന്ന വിവരം തലേന്നു രാത്രിയില്‍ ബാപ്പുവും മായും പറയുന്നതവള്‍ കേട്ടിരുന്നു.
എന്തു വിലകൊടുത്തും മൈതാനം നശിപ്പിക്കാന്‍ വരുന്നവരെ തടയുമെന്നാണ് ബാപ്പു പറഞ്ഞത്. അതെന്തിനാണ് ബാപ്പു അങ്ങനെ ചെയ്യാന്‍ പോണത്. നമ്മുടെ വീട്ടിലേയ്ക്കുള്ള വഴി ഇല്ലാതായാലെന്താ? പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലെന്താ? ഇടത്തും വലത്തുമായി രണ്ടു ഫ്‌ളാറ്റുകളുടെ തണലില്‍ സുഖമായി താമസിച്ചു കൂടേ?
പാവം ചിന്നബി അങ്ങനെ ചിന്തിച്ചു.
---------------------------------------------------------

കുടുംബമാധ്യമം ജൂലൈ 2016


2016 ജൂൺ 26, ഞായറാഴ്‌ച

വെള്ളാനപ്പാറ




ശിവന്‍പിള്ളയുടെ  കുന്നിന്‍മുകളിലെ ആനപ്പാറയെ കണ്ടാല്‍ മൂന്നു കൂറ്റന്‍ കൂറ്റന്‍ കൊമ്പനാനകള്‍ ശരിക്കും ചന്തി തിരിഞ്ഞിരിക്കുന്നതു പോലെ തന്നെ തോന്നും.
''ശിവന്‍പിള്ളയുടെ ആനപ്പാറ കാണുമ്പോള്‍ ഇടത്തോട്ട് വഴി തിരിയണം ശിവന്‍പിള്ളയുടെ പാറയുടെ അടുത്താണ് വീട്.''
നിറയെ പാറക്കൂട്ടങ്ങളും മലകളുമുള്ള നാടായിരുന്നിട്ടും പെരുമ ശിവന്‍പിള്ളയുടെ  ആനപ്പാറയ്ക്കായിരുന്നു.
ആ നാട്ടിലേയ്ക്ക് ക്വാറികള്‍ വന്നു. അവ പാറക്കൂട്ടങ്ങളെ തുടച്ചുവാരി. പണമാക്കിമാറ്റി.
എന്റെ ആനപ്പാറയ്ക്കും പൊന്നുവില കിട്ടും.
എാറെ നാള്‍ കാത്തിരുന്നു മടുത്ത ശിവന്‍പിള്ള ഒടുവില്‍ ക്വാറിക്കാരുടെ അടുത്തെത്തി.
'' അതു പിള്ളേ നിങ്ങളുടെ പാറയില്‍ തൊട്ടാല്‍ സംഗതി പൊല്ലാപ്പാവും. പത്രങ്ങളില്‍ വാര്‍ത്ത വരും. ചാനലുകളിളകും. അതു പ്രകൃതിയുടെ ശില്പമാണ് പിള്ളേ!
ഉടയ്ക്കാന്‍ നാട്ടുകാര് സമ്മതിക്കൂല്ല.''
ക്വാറിക്കാരുടെ മുന്നില്‍ പിള്ള മിഴിച്ചുപോയി.
സ്ഥലം മെനക്കെടുത്തി. എത്ര പണം കിട്ടേണ്ടതായിരുന്നു.
മടങ്ങിവന്നപ്പോള്‍ അയാള്‍ പാറയുടെ മുന്നില്‍ കാറിത്തുപ്പി.
ഒടുവില്‍ വെള്ളാനപ്പാറയെന്ന ബോര്‍ഡുവച്ച് കലിയടക്കി.
--------------------------------------------------
ജനയുഗം വാരാന്തം 29.05.2016

2016 ജൂൺ 23, വ്യാഴാഴ്‌ച

മയില്‍മൈതാനം



ക്യാമ്പസുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യമോര്‍മ്മയില്‍ വരുന്നത് കൂട്ട'ം കൂടി നടക്കുന്ന സുന്ദരീസുന്ദരന്മാരെയാണ്. അവരുടെ ചടുലത, പ്രതീക്ഷകള്‍ എന്നിവ നിറയുന്ന സജീവമായ ഇടമാണത്. കലായലങ്ങളിലെ പ്രകൃതിയും ഊഷ്മളമാണ്.
Read More>>

2016 മേയ് 8, ഞായറാഴ്‌ച

സമ്മാനത്തുക




അവാര്‍ഡു തുക അയ്യായിരമായതു കൊണ്ടാണ് ശരീര സുഖമില്ലാതിരുന്നിട്ടും കവിതയുമായി ഒരു ബന്ധവുമില്ലാത്ത വ്യവസായിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ ഇക്കണ്ട ദൂരമത്രയും സഞ്ചരിക്കാന്‍ അയാള്‍ തയ്യാറായത്.
സമ്മാനവിതരണം നടത്തിയ ബഹുമാന്യ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തക അയാളെക്കുറിച്ചോ മലയാള കവിതയെക്കുറിച്ചോ കമാന്നു മിണ്ടിയില്ല. പണത്തോടുള്ള ബഹുമാനം കൊണ്ടയാള്‍ അതും ക്ഷമിച്ചു.
തുകയുടെ മോഹിത വലിപ്പം. അതു കാരണമാണ് കവിതാഗന്ധം ലേശവുമില്ലാത്ത സദസ്സിനോട് അയാള്‍ തൊണ്ടയെടുത്ത് സംസാരിച്ചതും ബദ്ധപ്പെട്ട് ഒരു കവിത ചൊല്ലിയതും.
വേദിയില്‍ മറ്റൊരു പ്രാസംഗികനോട് മിണ്ടിയും പറഞ്ഞുമിരുന്നതിനാല്‍ അയാളുടെ നന്ദിവാക്കുകള്‍ അവള്‍ കേട്ടില്ല. പണം കൊടുത്തതിലെ നന്ദി. അയാള്‍ അതും മറന്നു.
ഇറങ്ങുന്നതിനു മുമ്പ് മൂത്രപ്പുരയില്‍ വച്ച് സ്വകാര്യമായി സമ്മാനക്കവര്‍ തുറന്നതും....

2016 മാർച്ച് 27, ഞായറാഴ്‌ച

കില്ലര്‍ഗെയിം




ഹിമാലയം കണ്ടുവന്ന അമ്മാവന്‍ ജിതിന് ഒരു സമ്മാനം കൊടുത്തു. കരള്‍ബാഗില്‍ നിന്നും വാങ്ങിയ ഒരു കമ്പ്യൂട്ടര്‍ ഗയിമായിരുന്നത്.
കല്ല്, കവണ, ശൂലം തുടങ്ങി പ്രാകൃതമായവ മുതല്‍ ലേസര്‍ ബോംബുവരെയുള്ള ആയുധങ്ങള്‍ അതിലുണ്ടായിരുന്നു. മുയല്‍, മാന്‍, ആന, കടുവ എന്നിങ്ങനെ കോടാനുകോടി മൃഗങ്ങള്‍ അതിന്റെ ടാര്‍ജറ്റു കോളത്തില്‍ നിരന്നു. കുട്ടിക്കാലം മുതല്‍ കുഞ്ഞുങ്ങളെ ആയോധനം ശീലിപ്പിക്കുക. കളിയിലൂടെ കരുത്ത് എതായിരുന്നു ആ ഗെയിമിന്റെ മുദ്രാവാക്യം.
തുടക്കത്തില്‍ എത്ര ഉന്നംവച്ച് കല്ലിന്റെ ബട്ടണ്‍ അമര്‍ത്തിയിട്ടും അത് പൊന്തക്കാട്ടില്‍ ചെന്നു വീണു. ഏറുകൊണ്ടു ചത്തുമലക്കേണ്ട മുയല്‍ അവനെനോക്കി കൈകൊട്ടി ചിരിച്ച് മാളത്തില്‍ ഓടിയിറങ്ങി. കല്ലിനുപോലും വഴങ്ങാതിരുന്ന പുരാതന മനുഷ്യന്റെ ദൈന്യത ജീതിന്‍ അപ്പോള്‍ മനസ്സിലാക്കി.
എന്തായീ? എന്തായീ? നീയ്യ് അതു ചെയ്തു പഠിക്കുന്നുണ്ടോ?
അമ്മാവന്‍ ധൃതികൂട്ടിക്കൊണ്ടിരുന്നു.
ഒരു പേടമാനിന്റെ നെറ്റിച്ചുഴിയില്‍ ഉന്നംകൊള്ളിച്ച് അമ്പ് എയ്തു പിടിപ്പിച്ചപ്പോള്‍ കൃത്യതയുടെ ആവേശമല്ല, സങ്കടമാണവനുണ്ടായത്. അന്നത്തെ ദിവസം അത്താഴത്തില്‍പ്പോലും ചോര കയ്ചു.
അമ്മാവന്റെ നിര്‍ബന്ധം കാരണം അവന്‍ ഗദയും വടിവാളുമെടുത്തു. ശൂലം പരിശീലിച്ചു. പശ്ചിമലോകത്ത് യുദ്ധം കൊഴുത്തപ്പോള്‍ ജീതിനും ആവേശിതനായി. അവന്റെ വിരലില്‍ നിന്നൂര്‍ജ്ജമെടുത്ത ഫൈറ്ററുകള്‍ ക്ലസ്റ്റര്‍ ബോംബുകളുമായി പറന്നുയര്‍ന്നു. അതിന്റെ ടാര്‍ജറ്റുകള്‍? അവന്‍ കണ്ണുകളടച്ചിരുന്നു.
ഒരു തവണ വാളെടുത്ത് അവനൊരു മനുഷ്യനുനേരെ ചാമ്പി. ആരുമാരും അവനെ തടഞ്ഞില്ല. ഹുറേ ഹുറേ വിളികള്‍ സ്പീക്കറില്‍ നിന്നുപൊന്തി. ദീനരോദനങ്ങളെ മുക്കിക്കളഞ്ഞു. എന്നിട്ടും അടുക്കളയില്‍ നിന്നും നടുക്കണ്ടവുമായി എടുത്തു ചാടിയ പൂച്ചയെ കല്ലെറിയാനുള്ള കരുത്ത് കുട്ടിക്ക് കിട്ടിയില്ല.
നീയേതൊക്കെ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു? ചുണക്കുട്ടനായോടാ? ഒരൊറ്റ വാള്‍വീശലില്‍ നിനക്കെത്രപേരെ യമപുരിയിലെത്തിക്കാന്‍ കഴിയും? അങ്ങനെയൊക്കെ അമ്മാവന്‍ ചോദിച്ച ദിവസം തൃസ്സന്ധ്യയില്‍ അവന്റെ വിരലില്‍ കുടങ്ങിയത് ഒരു പശുവായിരുന്നു. ഇതൊരു വെറും കളിയാണല്ലോ എന്ന തോന്നല്‍ മാത്രമേ ജിതിനുണ്ടായിരുന്നുള്ളു.
പക്ഷേ ഗയിമില്‍ നിന്നും സാധാരണയുള്ള ആവേശ ഒച്ചകളുയര്‍ന്നില്ല. പകരം ആക്രോശത്തിന്റെ ബഹളങ്ങള്‍ പൊങ്ങി.
ഇതെന്താണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഗ്രാമങ്ങളെ കത്തിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന? മനുഷ്യസഹോദന്മാര്‍ക്കെതിരെ ശൂലവും ബോംബുമെറിഞ്ഞപ്പോള്‍ അരുതേയെന്നു വിലക്കാത്ത ഗയിം?
അങ്ങനെ മനുഷ്യകുലത്തിനു വേണ്ടി ജിതിന്‍ എന്ന കുട്ടി ആ ഗയിം എന്നന്നേയ്ക്കുമായി അടച്ചു വച്ചു.

2016 മാർച്ച് 25, വെള്ളിയാഴ്‌ച

വൈഫ് ഓഫ് ക്രോക്കഡൈല്‍



അത്രയ്ക്ക് ചൊവ്വല്ലാത്ത എന്റെ ഓഫീസിലേയ്ക്ക് സ്‌നേഹിതന്റെ മകള്‍ പിന്നെയും വന്നു.
ഇന്നവള്‍ക്ക് ഡേ കെയറില്‍ ക്ലാസ്സു കാണില്ല. അങ്ങനെ കരുതിയതും അവള്‍ എന്റടുത്തേയ്ക്ക് ഓടി വന്നു. ഉറപ്പിച്ച കാര്യം നേടിയെടുക്കാനുള്ള ആവേശം ഞാനാ മുഖത്തു കണ്ടു.
അങ്ക്ള്‍ ആ ക്രോക്കഡൈലിന്റെ വൈഫില്ലേ! എനിക്കതിനെക്കൂടെ തരുമോ?
മേശയ്ക്കുള്ളിലേയ്ക്ക് നോക്കി അവള്‍ കൊഞ്ചി.
അവളുടെ കൗശലത്തില്‍ ആവേശം കൊള്ളാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
മുമ്പൊരിക്കല്‍ വന്നപ്പോള്‍ ഓഫീസ് മേശവലിപ്പില്‍ നിന്നും ഞാനവള്‍ക്കൊരു കുഞ്ഞു മുതലയെ സമ്മാനിച്ചിരുന്നു. ആ ഓര്‍മ്മയില്‍ ഞാന്‍ തളര്‍ന്നു. ഇനിയൊരു പ്ലാസ്റ്റിക് മുതലയെ കൂടി സംഘടിപ്പിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍.
ഫയലിലെ തീരുമാനമറിയാന്‍ പലതവണ വന്നു സഹികെട്ട ഒരുത്തന്‍ എന്നെയിപ്പോള്‍ ഒരുപാടധിക്ഷേപിച്ചതേയുണ്ടായിരുന്നുള്ളു. ഫയലിന് അടയിരിക്കുന്ന ഒരു പെരുംമുതല. ആ വാക്കുകള്‍ മുറിയില്‍ നിന്നും മാഞ്ഞിരുന്നില്ല. അപ്പോഴാണവള്‍ കൊഞ്ചിക്കൊണ്ടു വന്നത്.
തുറക്കാത്ത ഫയലുകള്‍ക്കിടയില്‍ പെണ്‍മുതലയെ തപ്പുന്ന രീതിയില്‍ ഞാന്‍ കുനിഞ്ഞിരുന്നു.

2015 ഡിസംബർ 24, വ്യാഴാഴ്‌ച

ഞാന്‍ ഭാവന



ഞാന്‍ ഭാവന. ചെറിയ പ്രായത്തില്‍ തന്നെ ഭാവനാലോകത്തില്‍ കുടുങ്ങി, ജീവിതം ഒരു വഴിക്കായവള്‍. എന്റെ മകള്‍ കിനാവുകളൊന്നും കാണരുതേയെന്ന് അവള്‍ക്ക് പഞ്ഞിപ്പാലിറ്റിച്ച കാലം മുതല്‍ കൊതിച്ചവളാണ് ഞാന്‍.
പക്ഷേ-
എയിറ്റ് ബി. യിലെ ആന്റി വാതില്‍ തുറന്നതും ഒരു പാമ്പിങ്ങനെ പത്തികാണിച്ചു നിന്നു.
പ്ലേ സ്‌കൂള്‍ കഴിഞ്ഞുവന്ന പാടേ കാത്തു പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചതേയില്ല. എട്ടാം നിലയിലെ ഫ്‌ളാറ്റിനു മുന്നില്‍ ഏത് ഓലപ്പാമ്പാണ് വരുന്നത്?
മമ്മി. മമ്മി. വെളുത്ത സ്റ്റാച്യു കഴിഞ്ഞതും ഒരു മുത്തച്ഛന്‍ കൈകാട്ടി നമ്മുടെ ബസ്സിനെ നിര്‍ത്തിച്ചു. പിന്നെ അകത്തു കയറി ഞങ്ങള്‍ക്കെല്ലാം ചോക്കലേറ്റ് തന്നു. എന്റെ തലയില്‍ പിന്നേം തടവിയിട്ടാണ് മുത്തച്ഛന്‍ ഇറങ്ങിപ്പോയത്.
- ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അച്ഛനെയാണ് അവളുദ്ദേശിച്ചത്.
ഇന്നു ബസ്സു നിര്‍ത്തിക്കാന്‍ മുത്തച്ഛനൊപ്പം പഞ്ഞിത്തലമുടിയുള്ള ഒരു മുത്തശ്ശിയുമുണ്ടായിരുന്നു.
മറ്റൊരു ദിവസത്തെ അവളുടെ കിന്നാരം പറച്ചിലില്‍ എനിക്ക് വല്ലാതെ നൊന്തു. ഞാനമ്മയെ ഓര്‍മ്മിച്ചുപോയി. എന്നാല്‍ സ്വന്തം അച്ഛനെ കുറിച്ചൊന്നും അവള്‍ തിരക്കാത്തത് എനിക്കാശ്വാസമായി. അയാളെക്കുറിച്ച് ഞാനിതുവരെയും അവളോടൊും മിണ്ടിയിട്ടില്ല. അവള്‍ ചോദിച്ചിട്ടുമില്ല. അതു താല്കാലികമാണ്. എപ്പോള്‍ വേണമെങ്കിലും തകരുമെന്നും ഞാന്‍ ഓരോ ദിവസവും പ്രതീക്ഷിച്ചു.
ദേ. നെഞ്ചില്‍ ആട്ടോമാമന്‍ നുള്ളിയതു കണ്ടോ മമ്മീ.
അവള്‍ ഫ്രോക്കു നീക്കി കാണിച്ചപ്പോള്‍ ഞാനൊരു മാത്ര പരിഭ്രമിച്ചു.
അതിന് നീ സ്‌കൂളില്‍ പോണത് ആട്ടോയിലല്ലല്ലോ. സ്‌കൂള്‍ ബസ്സിലല്ലേ?
അവളുടെ ക്ലാസ്സിലെ മറ്റൊരു കുരുന്നിനുണ്ടായ അനുഭവത്തിന്റെ നീറ്റലായിരുന്നു കാത്തുവില്‍ കണ്ടത്. എന്റെ മറുപടിയില്‍ കള്ളം പൊളിഞ്ഞ കുറുമ്പല്‍ അവള്‍ കാണിച്ചുവെങ്കിലും നെഞ്ചില്‍ ശക്തിയായി തിരുമ്മുതു കണ്ടപ്പോള്‍ എനിക്കും പേടിയായി.
ഇന്നുമുഴുവനും അവരെന്നെ പട്ടിക്കൂട്ടില്‍ അടച്ചിട്ടിരുന്നു മമ്മീ.. അല്ലെങ്കില്‍ സ്‌കൂളിലെ പാട്ടുമാമന്‍ എന്നെ ഒഴിഞ്ഞ മുറിയില്‍ കൊണ്ടുപോയി..
അങ്ങനെ പറഞ്ഞെന്നാണ് അവള്‍ കയറി വരുന്നത്?
കിനാവുകളും യാഥാര്‍ത്ഥ്യങ്ങളും തിരിഞ്ഞു കിട്ടാന്‍ എന്റെ കുട്ടിക്ക് കരുത്തുണ്ടാവട്ടെ. ഞാനവളുടെ തലവരയില്‍ തടവിക്കൊണ്ടിരുന്നു. അതവളെ വേദനിപ്പിച്ചു കാണണം. എന്റെ കൈ തട്ടിക്കളഞ്ഞ് കാത്തു വേഗം പൊയ്ക്കളഞ്ഞു.

ജനയുഗം വാരാന്തം 20.12.2015

2015 ഡിസംബർ 11, വെള്ളിയാഴ്‌ച

കുഴിമാടങ്ങള്‍ തുറക്കുമ്പോള്‍ വെളിപ്പെടുന്ന ലാറ്റിന്‍ അമേരിക്കന്‍ പ്രക്ഷുബ്ദ ഭൂതകാലം



2015 ഡിസംബർ 7, തിങ്കളാഴ്‌ച

ചാര്‍ക്കോളിന്‍റെ കരകരപ്പില്‍ കേട്ട ഓര്‍മ്മകളുടെ ഒച്ചയനക്കങ്ങള്‍ Memories of the wind





ഒരു കരകരത്ത ശബ്ദമാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വെളുത്ത തിരശ്ശീലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. കഥാനായകനായ അറാം ഇസ്താംബൂളിലെ വസതിയില്‍ കാമുകിയായ ലെയിലയുടെ ചിത്രം വരയ്ക്കുന്നു. കാലം ആയിരത്തിതൊള്ളായിരത്തി നാല്പത്തി മൂന്ന്.

ചാര്‍ക്കോള്‍ കടലാസിലുരയുന്ന ഈ ശബ്ദം ചിത്രത്തില്‍ ആദ്യാവസാനം ആവര്‍ത്തിക്കുന്നു. അസ്വസ്ഥതയുടെ ഓര്‍മ്മകള്‍ മാത്രം വിതറുന്ന ആ ഓരോ കരകരപ്പും കറുത്തചിത്രങ്ങളുടെ പിറവിയില്‍ അവസാനിക്കുന്നു. നോട്ടുബുക്കില്‍ തെളിയുന്നത് യുദ്ധങ്ങളുടെ പരിണിതിയായ പലായനങ്ങള്‍, അഭയാര്‍ത്ഥികളെ കാത്തിരിക്കുന്ന തിക്താനുഭവങ്ങളുമാണ്. അങ്ങനെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപതാം ലക്കത്തില്‍ നിന്നും ലോകയുദ്ധത്തിന്റെ തിക്തതകളുടെ ഒരു ചിത്രം കൂടി മനസ്സിലേയ്ക്ക് കയറി. അതിനുപരി 'കാറ്റിന്റെ ഓര്‍മ്മകള്‍' എന്ന ഈ ചിത്രം റഷ്യന്‍ അനുഭവങ്ങളുടെ വാര്‍ഷിക വലയമാണ് മനസ്സിലുണ്ടാക്കിയത്.

മെമ്മറീസ് ഓഫ് ദ വിന്റ് എന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ഓസ്‌കാന്‍ അല്‍പെര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.



ഒന്നാം ലോകയുദ്ധത്തിന്റെ ക്രൂരതയുടെ അനുഭവങ്ങളുമായി ഇസ്താംബൂളില്‍ ചിത്രരചന, വിവര്‍ത്തനം, കാവ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി കഴിഞ്ഞിരുന്ന യുവാവാണ് ആറാം. അയാള്‍ കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിലുമേര്‍പ്പെടുന്നു. യുദ്ധം തേരോട്ടം നടത്തുന്ന നാസി തുര്‍ക്കിയില്‍ തുടരാന്‍ കഴിയാതെ അയാള്‍ കരിങ്കടല്‍ പ്രദേശത്തെ ഒരു കാട്ടില്‍ ഒളിവു ജീവിതം നയിക്കാനെത്തുന്നു. അനുകൂലമായ കാലാവസ്ഥയില്‍ ജോര്‍ജ്ജിയന്‍ അതിര്‍ത്തി കടന്ന് റഷ്യയിലെത്തുകയാണ് ഉദ്ദേശ്യം. സഖാക്കളായ റാസിഹ്, മിഹായേല്‍ എന്നിവര്‍ അയാളെ ഈ ഉദ്യമത്തില്‍ സഹായിക്കുന്നു. അതിര്‍ത്തി പ്രദേശത്ത് മിഹാലേയിനൊപ്പം താമസിക്കുമ്പോള്‍ അയാളുടെ യുവതിയായ ഭാര്യ മെറിയം അറാമിന്റെ ജീവിതത്തിലേയ്ക്ക് വര്‍ണ്ണങ്ങളുമായി എത്തുന്നു. അയാള്‍ എഴുതി കൊണ്ടിരിക്കുന്ന കറുത്തചരിത്രത്തെ മറ്റൊരു തരത്തില്‍ അവള്‍ മാറ്റി വരയ്ക്കുന്നു.

നമുക്ക് അപരിചിതമായ ഒരു ജീവിതം ഇതള്‍ വിരിയുന്നതിനൊപ്പം ഈ ചലച്ചിത്രാഖ്യാനം ചരിത്രത്തിലേയ്ക്കുള്ള ജാലകം കൂടിയായി മാറുന്നു. രണ്ടു മണിക്കൂര്‍ നേരം കൊണ്ട് ഇതുവരെ ആര്‍ജ്ജിച്ച സോവിയറ്റ് അനുഭവങ്ങളുമായി മെമ്മറീസ് ഓഫ് ദ വിന്റ് കൂടിച്ചേരുന്നു. കാറ്റ് പറയുന്ന ഓര്‍മ്മകള്‍ അങ്ങനെ വെള്ളിത്തിരയുടെ ഒരു അതുല്യാനുഭവമാവുന്നു.

ഒന്നാം ലോകയുദ്ധം ചവിട്ടിക്കുഴച്ച ഒരു കുട്ടിയുടെ ജീവിതത്തെ രണ്ടാം ലോകയുദ്ധം പിന്നെയും ആക്രമിക്കുന്നതിന്റെ ചരിത്രം ഇവിടെ കാണാം. അറാമിന്റെ വിരലുകളിലൂടെ ഓര്‍മ്മകളുടെ അസ്വസ്ഥതയുണ്ടാക്കി കരകര ഒച്ചയില്‍ പിറക്കുന്ന കരിച്ചിത്രങ്ങളിലൂടെ അതു തെളിയുന്നു. ഒരു കുട്ടിയുടെ ഓര്‍മ്മയുടെ ആഖ്യാനത്തെ ചിത്രങ്ങളാക്കി സൂക്ഷ്മായി തുന്നിച്ചേര്‍ത്താണ് പഴമയുടെ ലോകത്തിലേയ്ക്കുള്ള ആ ജാലകം ഇവിടെ പിടിപ്പിച്ചിരിക്കുന്നത്.



മെമ്മറീസ് ഓഫ് ദ വിന്റ് ഒരേ സമയത്ത് ലോകം കണ്ട ഭീകരങ്ങളായ രണ്ട് ലോകയുദ്ധങ്ങളുടെ ക്രൗരമുഖങ്ങളെ നമുക്ക് മുന്നില്‍ തുറന്നിടുന്നു. ഒരു പത്തു വയസ്സുകാരന്റെ മുഖത്തു തെളിയുന്ന കണ്ണീര്‍പ്പാടുകള്‍, മുത്തശ്ശിയുടെ നിസ്സഹായ മുഖം, ഒന്നോ രണ്ടോ വെടിപൊട്ടലുകള്‍, അതിലൂടെ അച്ഛനും അമ്മയും ഈ ലോകത്തില്‍ നിന്നു തന്നെ വേര്‍പിരിയുന്നത്. ദാരിദ്ര്യം, രോഗങ്ങള്‍, അങ്ങനെ ഒന്നാം യുദ്ധപരീക്ഷണങ്ങളുടെ ചരിത്രം ചുരുങ്ങിയ ഷോട്ടുകളില്‍ മാത്രം നമ്മുടെ കയ്പിനെ വര്‍ദ്ധിപ്പിക്കുന്നു. ഇതൊരു യഥാര്‍ത്ഥ അനുഭവത്തിന്റെ ചിത്രീകരണമാണെന്ന കാര്യം ടൈറ്റിലുകള്‍ പറയുന്നുണ്ട്.

എഴുപതാണ്ടുകള്‍ക്ക് മുമ്പ് കത്തിയണഞ്ഞ നാസിഭീകരതയുടെ മുഖവും ആയിരത്തി തൊള്ളായിരത്തി പതിനാലില്‍ വെടിപൊട്ടിയ ആ ദുരന്തവും പിന്നെയും നമ്മോട് പറയുന്നത് എന്താണ്? ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാര്‍ഷമായ രണ്ടായിരത്തി പതിന്നാലിലാണ് ഈ ഫ്രാന്‍സ് ജോര്‍ജ്ജിയന്‍ ടര്‍ക്കിഷ് ചിത്രം പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ എത്ര പാഞ്ഞാലും ക്രൂരതകളുടെ കരിച്ചിത്രങ്ങളെ പൂര്‍ണ്ണമായി ആര്‍ക്കും മായ്ക്കാനാവില്ലെന്ന് മെമ്മറീസ് ഓഫ് ദ വിന്റ് പറയുന്നു.


ഓസ്‌കാന്‍ അല്‍പെര്‍

ഒളിസങ്കേതങ്ങളില്‍ പ്രകൃതി വരയ്ക്കുന്നത് വര്‍ണ്ണ ചിത്രങ്ങള്‍ മാത്രം. മഞ്ഞ്, കാട്, മഴ, പ്രകാശ തൊട്ടുണര്‍ത്തുന്ന മലനിരകള്‍ ഇതെല്ലാം നാഗരികനായ ബുദ്ധിജീവിയില്‍ ഉണ്ടാക്കുന്ന തിക്തതകള്‍ ഈ ചിത്രം ചൂണ്ടിത്തരുന്നുണ്ട്. ഒളിഗ്രാമത്തില്‍ മിഹായേലും മെറിയവും നയിക്കുന്ന ജീവിതം അവരുടെ സാഹചര്യങ്ങള്‍ കാട്ടിനുള്ളില്‍ അറാമിനു വേണ്ടി മിഹായേല്‍ കണ്ടെത്തുന്ന വസതി എന്നിവയൊക്കെ ചലച്ചിത്രകാവ്യങ്ങള്‍ക്കു മാത്രം നല്‍കാന്‍ കഴിയുന്ന തിരശ്ശീലാനുഭവങ്ങളാണ്. പ്രകൃതി നായകന് തടവറ തീര്‍ക്കുമ്പോള്‍ പ്രേക്ഷകന്‍ അതില്‍ അലിയുന്ന അനുഭവമുണ്ടാക്കിയത് ഇസ്താംബൂള്‍, തുര്‍ക്കിയിലെ ആര്‍ട്ടിന്‍, ജോര്‍ജ്ജിയ എന്നിവിടങ്ങളിലെ ലൊക്കേഷനുകളാണ്.

അങ്ങനെ മെമ്മറീസ് ഓഫ് ദ വിന്റ് എന്ന ചലച്ചിത്രത്തിലൂടെ നമ്മുടെ ഓര്‍മ്മകളും വലുതാകുന്നു. തീര്‍ച്ചയായും അത് കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൂടുവച്ച റഷ്യന്‍ സന്തോഷങ്ങളുടെ കൂട്ടത്തില്‍ ഒരു പുതിയ വലയത്തെ തീര്‍ത്തിരിക്കുന്നു.


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi