2016, മാർച്ച് 27, ഞായറാഴ്‌ച

കില്ലര്‍ഗെയിം




ഹിമാലയം കണ്ടുവന്ന അമ്മാവന്‍ ജിതിന് ഒരു സമ്മാനം കൊടുത്തു. കരള്‍ബാഗില്‍ നിന്നും വാങ്ങിയ ഒരു കമ്പ്യൂട്ടര്‍ ഗയിമായിരുന്നത്.
കല്ല്, കവണ, ശൂലം തുടങ്ങി പ്രാകൃതമായവ മുതല്‍ ലേസര്‍ ബോംബുവരെയുള്ള ആയുധങ്ങള്‍ അതിലുണ്ടായിരുന്നു. മുയല്‍, മാന്‍, ആന, കടുവ എന്നിങ്ങനെ കോടാനുകോടി മൃഗങ്ങള്‍ അതിന്റെ ടാര്‍ജറ്റു കോളത്തില്‍ നിരന്നു. കുട്ടിക്കാലം മുതല്‍ കുഞ്ഞുങ്ങളെ ആയോധനം ശീലിപ്പിക്കുക. കളിയിലൂടെ കരുത്ത് എതായിരുന്നു ആ ഗെയിമിന്റെ മുദ്രാവാക്യം.
തുടക്കത്തില്‍ എത്ര ഉന്നംവച്ച് കല്ലിന്റെ ബട്ടണ്‍ അമര്‍ത്തിയിട്ടും അത് പൊന്തക്കാട്ടില്‍ ചെന്നു വീണു. ഏറുകൊണ്ടു ചത്തുമലക്കേണ്ട മുയല്‍ അവനെനോക്കി കൈകൊട്ടി ചിരിച്ച് മാളത്തില്‍ ഓടിയിറങ്ങി. കല്ലിനുപോലും വഴങ്ങാതിരുന്ന പുരാതന മനുഷ്യന്റെ ദൈന്യത ജീതിന്‍ അപ്പോള്‍ മനസ്സിലാക്കി.
എന്തായീ? എന്തായീ? നീയ്യ് അതു ചെയ്തു പഠിക്കുന്നുണ്ടോ?
അമ്മാവന്‍ ധൃതികൂട്ടിക്കൊണ്ടിരുന്നു.
ഒരു പേടമാനിന്റെ നെറ്റിച്ചുഴിയില്‍ ഉന്നംകൊള്ളിച്ച് അമ്പ് എയ്തു പിടിപ്പിച്ചപ്പോള്‍ കൃത്യതയുടെ ആവേശമല്ല, സങ്കടമാണവനുണ്ടായത്. അന്നത്തെ ദിവസം അത്താഴത്തില്‍പ്പോലും ചോര കയ്ചു.
അമ്മാവന്റെ നിര്‍ബന്ധം കാരണം അവന്‍ ഗദയും വടിവാളുമെടുത്തു. ശൂലം പരിശീലിച്ചു. പശ്ചിമലോകത്ത് യുദ്ധം കൊഴുത്തപ്പോള്‍ ജീതിനും ആവേശിതനായി. അവന്റെ വിരലില്‍ നിന്നൂര്‍ജ്ജമെടുത്ത ഫൈറ്ററുകള്‍ ക്ലസ്റ്റര്‍ ബോംബുകളുമായി പറന്നുയര്‍ന്നു. അതിന്റെ ടാര്‍ജറ്റുകള്‍? അവന്‍ കണ്ണുകളടച്ചിരുന്നു.
ഒരു തവണ വാളെടുത്ത് അവനൊരു മനുഷ്യനുനേരെ ചാമ്പി. ആരുമാരും അവനെ തടഞ്ഞില്ല. ഹുറേ ഹുറേ വിളികള്‍ സ്പീക്കറില്‍ നിന്നുപൊന്തി. ദീനരോദനങ്ങളെ മുക്കിക്കളഞ്ഞു. എന്നിട്ടും അടുക്കളയില്‍ നിന്നും നടുക്കണ്ടവുമായി എടുത്തു ചാടിയ പൂച്ചയെ കല്ലെറിയാനുള്ള കരുത്ത് കുട്ടിക്ക് കിട്ടിയില്ല.
നീയേതൊക്കെ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു? ചുണക്കുട്ടനായോടാ? ഒരൊറ്റ വാള്‍വീശലില്‍ നിനക്കെത്രപേരെ യമപുരിയിലെത്തിക്കാന്‍ കഴിയും? അങ്ങനെയൊക്കെ അമ്മാവന്‍ ചോദിച്ച ദിവസം തൃസ്സന്ധ്യയില്‍ അവന്റെ വിരലില്‍ കുടങ്ങിയത് ഒരു പശുവായിരുന്നു. ഇതൊരു വെറും കളിയാണല്ലോ എന്ന തോന്നല്‍ മാത്രമേ ജിതിനുണ്ടായിരുന്നുള്ളു.
പക്ഷേ ഗയിമില്‍ നിന്നും സാധാരണയുള്ള ആവേശ ഒച്ചകളുയര്‍ന്നില്ല. പകരം ആക്രോശത്തിന്റെ ബഹളങ്ങള്‍ പൊങ്ങി.
ഇതെന്താണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഗ്രാമങ്ങളെ കത്തിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന? മനുഷ്യസഹോദന്മാര്‍ക്കെതിരെ ശൂലവും ബോംബുമെറിഞ്ഞപ്പോള്‍ അരുതേയെന്നു വിലക്കാത്ത ഗയിം?
അങ്ങനെ മനുഷ്യകുലത്തിനു വേണ്ടി ജിതിന്‍ എന്ന കുട്ടി ആ ഗയിം എന്നന്നേയ്ക്കുമായി അടച്ചു വച്ചു.

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi