2015, ഡിസംബർ 24, വ്യാഴാഴ്‌ച

ഞാന്‍ ഭാവന



ഞാന്‍ ഭാവന. ചെറിയ പ്രായത്തില്‍ തന്നെ ഭാവനാലോകത്തില്‍ കുടുങ്ങി, ജീവിതം ഒരു വഴിക്കായവള്‍. എന്റെ മകള്‍ കിനാവുകളൊന്നും കാണരുതേയെന്ന് അവള്‍ക്ക് പഞ്ഞിപ്പാലിറ്റിച്ച കാലം മുതല്‍ കൊതിച്ചവളാണ് ഞാന്‍.
പക്ഷേ-
എയിറ്റ് ബി. യിലെ ആന്റി വാതില്‍ തുറന്നതും ഒരു പാമ്പിങ്ങനെ പത്തികാണിച്ചു നിന്നു.
പ്ലേ സ്‌കൂള്‍ കഴിഞ്ഞുവന്ന പാടേ കാത്തു പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചതേയില്ല. എട്ടാം നിലയിലെ ഫ്‌ളാറ്റിനു മുന്നില്‍ ഏത് ഓലപ്പാമ്പാണ് വരുന്നത്?
മമ്മി. മമ്മി. വെളുത്ത സ്റ്റാച്യു കഴിഞ്ഞതും ഒരു മുത്തച്ഛന്‍ കൈകാട്ടി നമ്മുടെ ബസ്സിനെ നിര്‍ത്തിച്ചു. പിന്നെ അകത്തു കയറി ഞങ്ങള്‍ക്കെല്ലാം ചോക്കലേറ്റ് തന്നു. എന്റെ തലയില്‍ പിന്നേം തടവിയിട്ടാണ് മുത്തച്ഛന്‍ ഇറങ്ങിപ്പോയത്.
- ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അച്ഛനെയാണ് അവളുദ്ദേശിച്ചത്.
ഇന്നു ബസ്സു നിര്‍ത്തിക്കാന്‍ മുത്തച്ഛനൊപ്പം പഞ്ഞിത്തലമുടിയുള്ള ഒരു മുത്തശ്ശിയുമുണ്ടായിരുന്നു.
മറ്റൊരു ദിവസത്തെ അവളുടെ കിന്നാരം പറച്ചിലില്‍ എനിക്ക് വല്ലാതെ നൊന്തു. ഞാനമ്മയെ ഓര്‍മ്മിച്ചുപോയി. എന്നാല്‍ സ്വന്തം അച്ഛനെ കുറിച്ചൊന്നും അവള്‍ തിരക്കാത്തത് എനിക്കാശ്വാസമായി. അയാളെക്കുറിച്ച് ഞാനിതുവരെയും അവളോടൊും മിണ്ടിയിട്ടില്ല. അവള്‍ ചോദിച്ചിട്ടുമില്ല. അതു താല്കാലികമാണ്. എപ്പോള്‍ വേണമെങ്കിലും തകരുമെന്നും ഞാന്‍ ഓരോ ദിവസവും പ്രതീക്ഷിച്ചു.
ദേ. നെഞ്ചില്‍ ആട്ടോമാമന്‍ നുള്ളിയതു കണ്ടോ മമ്മീ.
അവള്‍ ഫ്രോക്കു നീക്കി കാണിച്ചപ്പോള്‍ ഞാനൊരു മാത്ര പരിഭ്രമിച്ചു.
അതിന് നീ സ്‌കൂളില്‍ പോണത് ആട്ടോയിലല്ലല്ലോ. സ്‌കൂള്‍ ബസ്സിലല്ലേ?
അവളുടെ ക്ലാസ്സിലെ മറ്റൊരു കുരുന്നിനുണ്ടായ അനുഭവത്തിന്റെ നീറ്റലായിരുന്നു കാത്തുവില്‍ കണ്ടത്. എന്റെ മറുപടിയില്‍ കള്ളം പൊളിഞ്ഞ കുറുമ്പല്‍ അവള്‍ കാണിച്ചുവെങ്കിലും നെഞ്ചില്‍ ശക്തിയായി തിരുമ്മുതു കണ്ടപ്പോള്‍ എനിക്കും പേടിയായി.
ഇന്നുമുഴുവനും അവരെന്നെ പട്ടിക്കൂട്ടില്‍ അടച്ചിട്ടിരുന്നു മമ്മീ.. അല്ലെങ്കില്‍ സ്‌കൂളിലെ പാട്ടുമാമന്‍ എന്നെ ഒഴിഞ്ഞ മുറിയില്‍ കൊണ്ടുപോയി..
അങ്ങനെ പറഞ്ഞെന്നാണ് അവള്‍ കയറി വരുന്നത്?
കിനാവുകളും യാഥാര്‍ത്ഥ്യങ്ങളും തിരിഞ്ഞു കിട്ടാന്‍ എന്റെ കുട്ടിക്ക് കരുത്തുണ്ടാവട്ടെ. ഞാനവളുടെ തലവരയില്‍ തടവിക്കൊണ്ടിരുന്നു. അതവളെ വേദനിപ്പിച്ചു കാണണം. എന്റെ കൈ തട്ടിക്കളഞ്ഞ് കാത്തു വേഗം പൊയ്ക്കളഞ്ഞു.

ജനയുഗം വാരാന്തം 20.12.2015

1 comments:

ezhamitam on 2016, മാർച്ച് 31 11:23 PM പറഞ്ഞു...

A good story .But the story writer seems not striving to decipher the reality with all its contradictions. Truth now a days is Rashamon like-it can cut both the ways

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi