ഒരു സൈറ്റില്‍ നിന്നും ഒന്‍പതു അസ്ഥികൂടങ്ങളാണ് ആ ഫോറന്‍സിക് സംഘത്തിന് ഒരുമിച്ച് കിട്ടിയത്. അവയില്‍ ഒരെണ്ണത്തിനെ മാത്രം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കാണാതെ പോകുന്ന വസ്തുക്കളെ തെരയുന്നതു മാതിരി കൈയില്‍ കിട്ടിയ ഏകദേശം നാല്പതു വയസ്സുവരുന്ന പുരുഷന്റെ അസ്ഥികൂടം ആരുടേതാണെന്ന അന്വേഷഷണമാണ് എന്‍.എന്‍. എന്ന ചിത്രത്തിന്റെ കാതല്‍. NN=non-nomine= Unknown. അറിയപ്പെടാത്തവന്‍ എന്ന പേരുമായി ഈ അസ്ഥികൂടവും അതു സജീവമായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും തുടര്‍ന്നുള്ള തൊണ്ണൂറു മിനുട്ടുകളില്‍ പ്രേക്ഷകരെ ലാറ്റിനമേരിക്കന്‍ ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നു. അവ മനസ്സില്‍ നിറയ്ക്കുന്നത് അത്ര വേഗത്തിലൊന്നും നമ്മളില്‍ നിന്നും വിട്ടൊഴിയാത്ത ദൃശ്യങ
എന്‍എന്നിന്റെ തകര്‍ന്ന വാരിയെല്ലുകളും വെടിയുണ്ട തുളയിട്ട തലയോട്ടിയും ഭരണകൂട നിസ്രംശതയുടെ കഥ പറയുന്നു. ശാസ്ത്രം ചരിത്രത്തെയാണ് ഇവിടെ തൊട്ടെടുക്കുന്നത്. എന്‍.എന്‍. അങ്ങനെ സഹതാപ ബിന്ദുവായി മാറുന്നു.
1988 ല്‍ പോലീസുകാര്‍ ഒരു ബസ്സില്‍ നിന്നുമിറക്കി കൊണ്ടുപോയ തന്റെ ഭര്‍ത്താവിന്റെതാണ് അസ്ഥികൂടത്തിനൊപ്പമുള്ള വസ്ത്രങ്ങളെന്ന് സെനോറ ഗ്രെസീല എന്ന ഗ്രാമീണ സ്ത്രീ തിരിച്ചറിയുന്നു. ഇരുപത്തിയഞ്ചില്‍പ്പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹം ചാലിച്ച് അവള്‍ ചെയ്തുകൊടുത്ത അതിലെ തുന്നലുകള്‍ തന്നെ ആ അസ്ഥിഖണ്ഡങ്ങളുടെ അസ്ഥിത്വം വെളിവാക്കുന്നു. പക്ഷേ ആ കോട്ടിന്റെ പോക്കറ്റിനുള്ളില്‍ നിന്നും ലഭിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ? ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും കൂട്ടത്തില്‍ ആ പെണ്‍കുട്ടിയെ ഫോറന്‍സിക് സംഘത്തലവന്‍ ഫിഡലിന് തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. അങ്ങനെയാണ് അത് ജോണ്‍ ഡോ അല്ലയെന്ന നിഗമനത്തില്‍ അയാളെത്തുന്നത്. ഡി.എന്‍.എ. പരിശോധനയുടെ ഫലവും ആ അസ്ഥികള്‍ സെനോരയുടെ ഭര്‍ത്താവിന്റേതല്ല എന്ന കയ്ക്കുന്ന സത്യത്തിലെത്തിക്കുന്നു.
മറന്നു കിടന്ന തന്റെ പ്രിയപ്പെട്ടവന്റെ ഓര്‍മ്മകള്‍ സെനോരയുടെ നൊമ്പരമായി മാറുന്നു. ആ അസ്ഥികള്‍ വേണ്ടവിധത്തില്‍ സംസ്‌കരിക്കപ്പെട്ടിട്ടില്ല. ഫോറന്‍സിക് ലാബിലെ മേശമേല്‍ കിടക്കുന്ന തനിക്ക് തണുക്കുന്നു എന്ന പരാതിയുമായി ഭര്‍ത്താവ് സ്വപ്നത്തില്‍ എത്തുന്നതോടെ സെനോരയുടെ സങ്കടം ഫിദലിനും മാനസിക പ്രശ്‌നമായി മാറുന്നു. അയാളുടെ ഭൂതകാലം മുഖത്തെ നിര്‍വ്വികാരതയിലാണ് തെളിയുന്നത്.
പുതിയ സൈറ്റില്‍ ഫോറന്‍സിക് സംഘം പണി തുടരുന്നു. അവിടെ നൂറില്‍പ്പരം അസ്ഥി അസ്ഥികൂടങ്ങള്‍ ഒരുമിച്ചാണ് അവര്‍ക്ക് തുറന്നെടുക്കാനായത്. അവയെ തുടച്ചു വൃത്തിയാക്കുന്നമ്പോഴും വെളുവെളുത്ത ശവപ്പെട്ടികളില്‍ അടക്കം ചെയ്യുമ്പോഴും എന്‍എന്‍ ആരാണെന്നറിയാനുള്ള ഉദ്യമങ്ങള്‍ ഫിദല്‍ ഉപേക്ഷിക്കുന്നില്ല.
എന്‍എന്‍ ആരാണ്? അന്വേഷഷണങ്ങള്‍ പരാജയപ്പെടുമ്പോള്‍ ലാബിന്റെ മുകള്‍നിലയില്‍ ഉപേക്ഷിച്ച അറിയപ്പെടാത്തവനെ ഫിദല്‍ തിരിച്ചെടുക്കുന്നു. ജോണ്‍ ഡോ എന്ന പേരും 1988 എന്ന മരണത്തീയതിയും സ്വീകരിച്ച് ശവക്കല്ലറയില്‍ തണുപ്പേല്‍ക്കാതെ ഉറങ്ങാന്‍ ആ അസ്ഥിഖണ്ഡങ്ങള്‍ പോകുമ്പോള്‍ എന്‍എന്‍ നമ്മുടെ കൂടി ഭാഗമായി മാറുന്നു. ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം ഇവയൊക്കെ മനുഷ്യപ്പറ്റുമായി കൂടിച്ചേരുമ്പോള്‍ എന്‍എന്‍ എന്ന ചലച്ചിത്രത്തിന്റെ ചാരുത വര്‍ദ്ധിക്കുന്നു.
ഹെക്ടര്‍ ഗാല്‍വസ് ആണ് അസ്ഥികളും ഒരു ഫോട്ടോയും മാത്രം ജീവിച്ചിരുന്നതിന്റെ തെളിവായി അവശേഷിപ്പിച്ച ഒരു അജ്ഞാതനെ കുറിച്ചുള്ള ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
മഞ്ഞു തൊപ്പിയണിഞ്ഞ വെളുവെളുത്ത മരണം പോലെ അനക്കമറ്റ കൊടുമുടി. അതൊരു പുലര്‍വേളയില്‍ പ്രതീക്ഷയുടെ ചെംതുടിപ്പണിയുമ്പോള്‍ ഫോറന്‍സിക്കുകാരുടെ വര്‍ക്ക് സ്റ്റേഷന്‍ മുറ്റത്ത് നൂറില്‍പ്പരം ശവമഞ്ചങ്ങള്‍ ഒടുവിലത്തെ സഞ്ചാരത്തിന് തയ്യാറെടുത്ത് നിരന്നു കിടക്കുന്നു. ആ കാഴ്ച ആരുടെ മനസ്സില്‍ നിന്നാണ് പെട്ടെന്ന് മാഞ്ഞുപോകുന്നത്?
പഠിക്കാതെ പോകുന്ന പാഠങ്ങളുടെ ചിത്രങ്ങളാണ് ചരിത്രം പേറുന്നത്. പുതിയ യുദ്ധഭൂമികളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന കുഴിമാടങ്ങള്‍ ലോകത്തിനെ എത്രമാത്രമാണ് ഭയപ്പെടുത്തുന്നത്. അവ തുറക്കുന്ന ദിവസങ്ങള്‍ക്കുവേണ്ടി കാത്തിരിക്കേണ്ടതും നമ്മള്‍ തന്നെയാണ്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ