2016, ജൂലൈ 31, ഞായറാഴ്‌ച

അപ്പുക്കിളിവീട്




ആകാശത്തിന്റെ അനന്തതയില്‍ നിന്നും പടച്ചോന്‍ വാരിയെറിഞ്ഞ ചില കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഭാഗ്യമുണ്ടായവരാണ് പാലക്കാടു ജില്ലയിലെ തസ്രാക്കുകാര്‍. അതിലെഴുതിയിരുന്നതു മാതിരി ചിലര്‍ അള്ളാപ്പിച്ച മൊല്ലാക്കയായും, മൈമൂനയായും നൈജാമലിയായും ശിവരാമന്‍ നായരായും ആ ചെറിയ ഭൂമികയില്‍ തകര്‍ത്താടി. അപ്പുകിളിയുടെ കാര്യം പ്രതേ്യകം പറയേണ്ടതില്ല. മലയാളം നിലനില്‍ക്കുന്നിടത്തോളം കാലം ഈ തസ്രാക്കുകാരുടെ ചരിത്രം ശാശ്വതീകരിക്കാനായി ഒരു കാര്‍ഡും പിടിച്ചെടുത്ത് സാക്ഷാല്‍ ഒ.വി.വിജയനും അന്നു തസ്രാക്കിലെത്തി. നെല്‍ക്കൃഷിയുടെ ആ നാടിനെ എഴുത്തുകാരന്‍ ഭാവനാലോകത്തിലെ ഖസാക്കാക്കി മാറ്റി. കഥാപാത്രങ്ങളായി മാറിയവരും നോവലിസ്റ്റുമുള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കു വീണു കിട്ടിയ സ്‌ക്രിപ്റ്റിന്‍പടി പണിയെടുത്ത് പിന്‍വാങ്ങി. 'ഖസാക്കിന്റെ ഇതിഹാസവും, ഇതിഹാസത്തിന്റെ ഇതിഹാസ'വുമായി അതൊക്കെ മാറി.
ശിവരാമന്‍ നായരുടെ ഞാറ്റുപുര, ഏകാദ്ധ്യാപക വിദ്യാലയമായിരുന്ന ഇന്നത്തെ മദ്രസ്സ, അറബിക്കുളം ഞാറ്റുപുരയിലെ വിരുന്നുകാരനായ എഴുത്തുകാരന്‍.. ഖസാക്കിന്റെ പെരുമയില്‍ മുട്ടി തസ്രാക്ക്ിലെ സത്യമേത്? ഖസാക്കിനെ സംബന്ധിച്ച ഭാവനയുടെ വരമ്പുകള്‍ ഈ നാട്ടില്‍ എവിടെ അവസാനിക്കുന്നു?ഇവ പലപ്പോഴും ആ ഗ്രാമത്തിലെത്തുന്നവരെ ഒരു നിമിഷം വിഭ്രമിപ്പിക്കാറുണ്ട്.
മിഥുന മഴയില്‍ തോരാനിട്ട ഈറന്‍ തുണിമാതിരി നനഞ്ഞു കിടന്ന പാലക്കാടും കടന്ന് തസ്രാക്കിലെത്തിയപ്പോള്‍ ഒരു വീടിനു മുന്നില്‍ അപ്പുക്കിളി എന്ന പേര് മാര്‍ബിളില്‍ കൊത്തി വച്ചതു കണ്ടാണ് ഞാന്‍ അതിശയം കൊണ്ടത്. എന്നാണപ്പാ നമ്മുടെ കിളി വീടു പണിഞ്ഞത്? അതിനി കിളിയണ്ണന്റെ ബന്ധുക്കളെങ്ങാനും ചെയ്ത പണിയാവുമോ?
'അത് കളിയണ്ണന്റെ വീടു തന്നെ. വിറ്റുപോയപ്പോള്‍ പുതുതായി വാങ്ങിയ ആള്‍ അങ്ങനൊരു ബോര്‍ഡു വച്ചതാണ്.' ഖസാക്ക് സ്മാരകത്തിലെ മജീദണ്ണന്‍ കഥയും കാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ അപ്പുക്കളിയെന്ന മതില്‍ ബോര്‍ഡിനെ കുറിച്ചും എന്നോടു ചുരുക്കിപ്പറഞ്ഞു.
ആ നാട്ടിലെ തുമ്പികള്‍ക്കും ഓന്തുകള്‍ക്കും വരെ കാര്‍ഡുകള്‍ കിട്ടി. ശിവരാമന്‍ നായര്‍ കളപ്പുരയിലെ പണിക്കായി ഇറക്കിയ കിളിയണ്ണന്‍ അപ്പുക്കിളിയെന്ന പുതു വേഷമിട്ട'്ഖസ്സാക്കില്‍ കയറിക്കൂടി. അപ്പുക്കിളിയായി മാറിയ കിളിയണ്ണന്‍ ഒടുവില്‍ എല്ലാ കളികളും മതിയാക്കി കാര്‍ഡു താഴെവച്ച് തിരികെപ്പോയി. തസ്രാക്കില്‍ നിന്നും ബന്ധുക്കളും താമസം മാറ്റിയതോടെ അണ്ണന്റെ വീട് പരിപാലനമില്ലാതെ ചോര്‍ന്നൊലിച്ചു കിടു.
ഇനിയാണ് കഥ തുടങ്ങുത്.
കിളിയണ്ണന്‍ ഇട്ടുപോയ കാര്‍ഡ് നറുക്കു വീണതുമാതിരി കിട്ടിയത് പാലക്കാട് യാക്കരക്കാരനും ഇന്‍സ്ട്രുമെന്റഷനിലെ ജീവനക്കാരനുമായ പി.വി. സുകുമാരനാണ്. അതുമായാണ് അദ്ദേഹം തസ്രാക്കില്‍ പുതിയൊരു ഇതിഹാസ രചനയ്ക്ക് എത്തിയിരിക്കുകയാണ്.
പുതുക്കിപ്പണി നടന്നുകൊണ്ടിരിക്കുന്ന വീടിനു മുന്നില്‍ വച്ച് കിളിയണ്ണന്റെ വീട് തനിക്കു കിട്ടിയതിനെക്കുറിച്ച് പി.വി. സുകുമാരന്‍ ഇങ്ങനെ പറയുന്നു.
'എല്ലാം എന്റെ തലവരപോലെയെന്നു പറഞ്ഞാല്‍ മതി. ഇതിഹാസ ഖണ്ഡത്തിലെ ഈ വീട് സ്വന്തമാക്കാനുള്ള നറുക്ക് വീണത് എനിക്കാണ്. പാലക്കാടന്‍ വയല്‍ത്തണുപ്പും നെല്ലിന്‍ പച്ചപ്പും ചേറ്റുമണവും ആസ്വദിച്ച് നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്കിടെ വന്നു വിശ്രമിക്കാന്‍ വേണ്ടി ഒരു ചെറിയ വീടുനോക്കിയാണ് ഞാന്‍ തസ്രാക്കിലെത്തിയത്. ഒടുവില്‍ വില്ക്കാനിട്ടിരുന്ന ഈ ആറര സെന്റു ഭൂമിയും കഥാനായകന്റെ വീടും എനിക്ക് കിട്ടി. വാക്കു പറഞ്ഞ് കൈയിലുണ്ടായിരുന്ന ആയിരം രൂപ അഡ്വാസ് കൊടുത്തതോടെ മടങ്ങുന്ന വഴിയില്‍ ഒരു ചായ കുടിക്കാനുള്ള പണംപോലും പഴ്‌സില്‍ മിച്ചമുണ്ടായിരുന്നില്ല.
പിന്നെയെല്ലാം നടന്നു. ആകെത്തകര്‍ന്ന മേല്‍ക്കുര ശരിയാക്കി. തറ വൃത്തിയാക്കി. അപ്പുകിളിയുടെ വാസയിടത്തിന് വലിയ മാറ്റം വരുത്താതെ പുതുക്കിയെടുത്തു. മതിലില്‍ അപ്പുക്കിളി എന്ന ബോര്‍ഡും സ്ഥാപിച്ചു'
പത്തൊന്‍പതു ലക്ഷം രൂപ മുടക്കി പുതുക്കിയ അപ്പുക്കിളി വീട് തസ്രാക്കില്‍ ഒ. വി. വിജയന്‍ താമസിച്ചിരുന്ന ഞാറ്റുപുരയുടെ അടുത്തു തെന്നയാണ്. പഴയ രീതിയിലുള്ള ഒരു പാലക്കാടന്‍ വീട്. അതിന്റെ മതിലില്‍ പുതുതായി പിടിച്ചിച്ച അപ്പുക്കിളിയെന്ന ബോര്‍ഡാണ് ഖസാക്ക് കാണാന്‍ വരുന്നവരുടെ ശ്രദ്ധയിലേയ്ക്ക് ഇതിനെ  ചൂണ്ടിക്കൊടുക്കുന്നത്. അതില്ലെങ്കില്‍ അപ്പുക്കിളി വീടിനെ ആരും കണ്ടെത്തില്ല. ആരോരുമറിയാതെ തസ്രാക്കില്‍ അതുറക്കത്തില്‍ വീണുകിടക്കും.
പുറകു വശത്തെ ചെറിയ മുറ്റം. അത് തുമ്പികള്‍ പറക്കാനെത്തുന്ന പാടത്തിലേയ്ക്കാണ് നോക്കി നില്‍ക്കുന്നത്. പഴയ മുളവേലി അവിടെ പൗരാണിക രീതിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. പി.വി. സുകുമാരന്‍ പറഞ്ഞതു മാതിരി കാറ്റും ചേറുമണവും തുമ്പികളുടെ വിളയാട്ടവുമെല്ലാം കണ്ടുകണ്ടവിടെ അപ്പുക്കിളിയെ മാതിരി എത്രനേരം വേണമെങ്കിലും ഇരുന്നുപോകും.
ആഷാമേനോനും, ടി.കെ. ശങ്കരനാരായണനും പി. എ. വാസുദേവന്‍ മാഷുമൊക്കെ ഇതിനോടകം പി.വി. സുകുമാനെ ഈ വീടുവാങ്ങിയതിലും അതിനെ പുതിക്കിപ്പണിതതിലും അഭിനന്ദിച്ചു കഴിഞ്ഞു. അതില്‍ സുകുമാരന് ഏറെ സന്തോഷമുണ്ട്.
ഞങ്ങള്‍ സ്വപ്നം കണ്ടൊരു കാര്യം നിങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി എന്നാണ് അവര്‍ അതിനെക്കുറിച്ച് പറഞ്ഞതെന്ന് ഒരെഴുത്തുകാരന്‍ കൂടിയായ സുകുമാരന്‍ പറയുന്നു.
 തസ്രാക്കില്‍ വന്നു താമസിച്ച് സാഹിത്യ രചന നടത്താന്‍ താല്പര്യമുള്ളവരെ പരിഗണിച്ച് ചില പരിപാടികളൊക്കെ അദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്.
തസ്രാക്കിലെ ഞാറ്റുപുരയിലെത്തുന്ന കുട്ടികള്‍ വിജയന്‍ താമസിച്ചിരുന്ന മുറിയുടെ തിണ്ണയില്‍ കൈ തൊട്ട'് നെറുകയില്‍ വയ്ക്കുത് പലപ്പോഴും കണ്ടിട്ടുള്ള പി.വി.യുടെ മനസ്സില്‍ അവരെയൊക്കെ ഉള്‍ക്കൊള്ളുന്ന പരിപാടികളാണുള്ളത്.
'ഇതിന്റെ കേറിത്താമസത്തിന് ഞാനെന്തായാലും തസ്രാക്കുകാരെ മുഴുവനും ക്ഷണിക്കുന്നുണ്ട്. ഞാനിപ്പോള്‍ അവരുടെ പ്രിയപ്പെട്ടവനാണ്.
ഇവിടെയത്തുമ്പോള്‍ ഒരു ശാന്തതയെനിക്കുണ്ടാകുന്നു.ഞാനെന്നെ മറക്കുന്നു. വീണ്ടും ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നതു മാതിരി തോന്നും. പലപ്പാഴും ഞാന്‍ വീട്ടിലേയ്ക്ക് മടങ്ങുന്നത് രാത്രിയിലാണ്. കഴിയുമെങ്കില്‍ ഇവിടെ താമസിച്ച് ചിലതൊക്കെ എനിക്ക് എഴുതണമെന്നുണ്ട്.. ഇനിയങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലും ചിലപ്പൊഴൊക്കെ ഈ വലിയ ലോകത്തില്‍ കുറെ നേരം നമ്മളും അപ്പുക്കിളിയെ മാതിരി മണ്ടനാകുന്നതില്‍ തെറ്റില്ല.'
പി.വി. സുകുമാരന്‍ പറഞ്ഞത് ശരിയാണ്. ഏതുനാട്ടിലും ഒരപ്പുക്കിളിയുണ്ടാകും. അവരെ തൊട്ടുനില്‍ക്കുമ്പോള്‍ ഉറഞ്ഞു നില്‍ക്കുന്ന മനസ്സൊന്നയയും. കനമില്ലായ്മ അനുഭവിക്കാന്‍ സാധിക്കും. അപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട കിളിയുടെ സവിധത്തിലാകുമ്പോഴോ? ഒ.വി. ഒിജയന്‍ സ്മരാകമായി മാറിയ സാക്ഷാല്‍ ഞാറ്റുപുരയില്‍ നിന്നുമേറ്റു വാങ്ങിയ അനുഭൂതി ഇവിടെയും ലഭ്യമാകുന്നു.
സംരക്ഷിക്കാന്‍ നാഥന്മാരില്ലാതെ പൈതൃകങ്ങള്‍  തകരുന്ന കാലമാണിത്. അപ്പോഴാണ് വായനയുടെ ലോകത്തില്‍ നിന്നിറങ്ങി തസ്രാക്കിലേയ്ക്ക് പി.വി. സുകുമാരനെത്തുത്. അദ്ദേഹം പുനര്‍നിര്‍മ്മിച്ച കിളിയണ്ണന്റെ അപ്പുക്കിളി വീട് എഴുത്തിനെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ നിന്നൊരിക്കലും മായില്ല. ആരെയും കൊതിപ്പിക്കുന്ന എല്ലാവരുടെയും പ്രശംസയര്‍ഹിക്കുന്ന പ്രവൃത്തിയാണ് പി.വി. സുകുമാരനില്‍ നിന്നുണ്ടായിരിക്കുന്നത്.
പടച്ചോന്‍ പിന്നെയും പഴയ കാര്‍ഡുകള്‍ ഇറക്കുന്നുണ്ട്. സ്മാരകമായി മാറിയ ഞാറ്റുപുരയുടെ സമീപത്ത് ശിവരാമന്‍ നായരുടെ അനന്തരാവകാശികള്‍ മറ്റൊരു കളപ്പുര കൂടി നിര്‍മ്മിച്ചിട്ടുണ്ട്. അതടഞ്ഞു കിടക്കുകയാണ്. കാര്‍ഡു കിട്ടുന്ന മറ്റൊരു വിജയന്‍ എവിടെ നിന്നെങ്കിലും ഇനിയും തസ്രാക്കിലെത്തും. അങ്ങനെ പുതിയൊരു ഇതിഹാസത്തിനുകൂടി ഇവിടെ സാധ്യതയുണ്ട്. ചരിത്രത്തിന് ആവര്‍ത്തിക്കാരിരിക്കാനാവില്ലല്ലോ. അപ്പുക്കിളി വീടിന്റെ പുനര്‍ജ്ജനി അതിലേയ്ക്കാണ് ചൂണ്ടുത്.

വാരാദ്യ മാധ്യമം 24.07.2016

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi