അത്രയ്ക്ക് ചൊവ്വല്ലാത്ത എന്റെ ഓഫീസിലേയ്ക്ക് സ്‌നേഹിതന്റെ മകള്‍ പിന്നെയും വന്നു.
ഇന്നവള്‍ക്ക് ഡേ കെയറില്‍ ക്ലാസ്സു കാണില്ല. അങ്ങനെ കരുതിയതും അവള്‍ എന്റടുത്തേയ്ക്ക് ഓടി വന്നു. ഉറപ്പിച്ച കാര്യം നേടിയെടുക്കാനുള്ള ആവേശം ഞാനാ മുഖത്തു കണ്ടു.
അങ്ക്ള്‍ ആ ക്രോക്കഡൈലിന്റെ വൈഫില്ലേ! എനിക്കതിനെക്കൂടെ തരുമോ?
മേശയ്ക്കുള്ളിലേയ്ക്ക് നോക്കി അവള്‍ കൊഞ്ചി.
അവളുടെ കൗശലത്തില്‍ ആവേശം കൊള്ളാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
മുമ്പൊരിക്കല്‍ വന്നപ്പോള്‍ ഓഫീസ് മേശവലിപ്പില്‍ നിന്നും ഞാനവള്‍ക്കൊരു കുഞ്ഞു മുതലയെ സമ്മാനിച്ചിരുന്നു. ആ ഓര്‍മ്മയില്‍ ഞാന്‍ തളര്‍ന്നു. ഇനിയൊരു പ്ലാസ്റ്റിക് മുതലയെ കൂടി സംഘടിപ്പിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞാന്‍.
ഫയലിലെ തീരുമാനമറിയാന്‍ പലതവണ വന്നു സഹികെട്ട ഒരുത്തന്‍ എന്നെയിപ്പോള്‍ ഒരുപാടധിക്ഷേപിച്ചതേയുണ്ടായിരുന്നുള്ളു. ഫയലിന് അടയിരിക്കുന്ന ഒരു പെരുംമുതല. ആ വാക്കുകള്‍ മുറിയില്‍ നിന്നും മാഞ്ഞിരുന്നില്ല. അപ്പോഴാണവള്‍ കൊഞ്ചിക്കൊണ്ടു വന്നത്.
തുറക്കാത്ത ഫയലുകള്‍ക്കിടയില്‍ പെണ്‍മുതലയെ തപ്പുന്ന രീതിയില്‍ ഞാന്‍ കുനിഞ്ഞിരുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ