2016, ജൂലൈ 9, ശനിയാഴ്‌ച

ചിന്നബിയുടെ ഫ്‌ളാറ്റുകള്‍



ചിന്നബിയുടെ വീട് നഗരത്തിനു മധ്യത്തിലാണ്. അവിടെ അത്തരത്തിലുള്ള ഒറ്റവീട് അവര്‍ക്കുമാത്രമേയുണ്ടായിരുന്നുള്ളു. ചേരിയിലെ ചെറ്റക്കുടിലുകളിലാണ് അവളുടെ ബാപ്പുവിന്റെ കൂടെ ജോലിയെടുക്കുന്നവരെല്ലാം താമസിച്ചിരുന്നത്.തന്റെ വീടിനെക്കുറിച്ച് അവള്‍ക്ക് അഭിമാനം തോന്നിയിരുന്നു.
മുമ്പ് ഗ്രാമത്തിലായിരുന്നു ചിന്നബിയുടെ കുടുംബക്കാര്‍ വസിച്ചിരുന്നത്.
ആ നാട്ടിലെരാജ അവളുടെ മുത്തച്ഛന്റെ മുത്തച്ഛനെ പട്ടണത്തിലേയ്ക്ക് കൊണ്ടുവരികയാണുണ്ടായത്. വെറുതെ വിളിച്ചു വരുത്തിയതൊന്നുമല്ല. രാജാവ് ക്ഷണിച്ചിട്ടു തന്നെയാണ് അവര്‍ നാടുമാറിയത്.

മുത്തശ്ശി മരിക്കുതു വരെയും അതു പറഞ്ഞിരുന്നു. അക്കാര്യങ്ങള്‍ അവള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്.ആ രാജയാണ് നഗരമധ്യത്തിലെ ഈ വീട് അവര്‍ക്ക് കൊടുത്തത്. ആ ഉത്തരവിന്‍ പ്രകാരമാണ് അവളുടെ ബാപ്പു എന്നും രാവിലെ നഗരം വൃത്തിയാക്കാനിറങ്ങുന്നത്. മാ അവരുടെ വീടിനെ വൃത്തിയായി സൂക്ഷിച്ചു. ബാപ്പു നഗരത്തിനെയും ഭംഗിയാക്കി.
ചിന്നബിയൊരിക്കലും ഉദയസൂര്യനെ കണ്ടിട്ടുണ്ടായിരുന്നില്ല. അവളുടെ വീടിനു വലതുവശത്ത് വലിയൊരു ഫ്‌ളാറ്റുണ്ടായിരുന്നു. മാനം മുട്ടുന്ന ഉയരത്തിലുള്ള അത് രാവിലെ ബാലസൂര്യനെ മറച്ചു കളയും.അവളുടെ വീടിന്റെ ഇടതുവശത്ത് വലിയ മൈതാനമാണുള്ളത്.പുറത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നത് ആ മൈതാനത്തിലേയ്ക്കായിരുന്നു. ഉച്ചക്കഴിഞ്ഞാല്‍ സൂര്യന്‍ വീട്ടിലേയ്ക്ക് അടിച്ചു കയറും. മരത്തണല്‍അവിടെങ്ങുമില്ല. അങ്ങനെ തണല്‍ തരുന്നത് വലിയ കെട്ടിടങ്ങളാണെു ചിന്നബി കരുതി.
വീടിന് ഇടതുവശത്തും ഒരു വലിയ ഫ്‌ളാറ്റ് വന്നിരുന്നെങ്കില്‍! അവള്‍ക്ക് വീടിന് വലതുഭാഗത്തുള്ള ആ ഫ്‌ളാറ്റ് അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.
ആ ഫ്‌ളാറ്റില്‍ നിന്നുമെപ്പോഴും സംഗീതം മഴപോലെപൊഴിഞ്ഞു. പലതരത്തിലുടെ പാട്ടുകളുടെ താരാട്ടില്‍ രാജകുമാരിയെപ്പോലെയാണ് അവളുറങ്ങിയത്. ഖാനയുടെ നേരത്താണ് രസം.വെറും ചോറോ ചപ്പാത്തിയോ ആണ് മാ എടുത്തു വയ്ക്കുതെങ്കിലും ചിക്കന്‍ കറിയുടെ മണം ഏതെങ്കിലും ഫ്‌ളാറ്റില്‍ നിന്നുമോടിയെത്തും. അങ്ങനെചിക്കന്‍ മണം ആസ്വദിച്ചു കൊണ്ട്, കടിച്ചു തിന്നാന്‍ ഒരു മിര്‍ച്ചിക്കഷണം പോലുമില്ലാതെ, രണ്ടു ചപ്പാത്തികള്‍ വരെ അവള്‍ കഴിച്ചിട്ടുണ്ട്.
കടുത്ത വേനലിലും അവരുടെ വീടിനെ തണുപ്പ് പൊതിഞ്ഞു നില്‍ക്കും.ഫ്‌ളാറ്റിലെ ഏതെങ്കിലും വികൃതികള്‍ അവരുടെ ജനാലകള്‍ തുറന്നിടുന്നതാണ് അതിനു കാരണം.അവിടെ നിന്നും എ. സി. തണുപ്പ് താണുതാണു വന്ന് ചിബിയുടെ വീടിനെ പൊതിയും.
ഒരു പാവ ഒരിക്കല്‍ അവളുടെ മുന്നില്‍ വന്നു വീണു. ആകാശത്തില്‍ നിന്നും അതിന്റെ ഉടമസ്ഥനിപ്പോള്‍ ഇറങ്ങിവരും.അയാള്‍ തന്നെ ചീത്തപറയും.അതിനെ നോക്കുക പോലും ചെയ്യാതെ അവള്‍ അകത്തു കയറി വാതിലടച്ചിരുന്നു. ഏറെ കാത്തിരുന്നിട്ടും പാവക്കരടിയെ കൊണ്ടുപോകാന്‍ ആരുമെത്തിയില്ല. അങ്ങനെയാണ് ആ പഞ്ഞിക്കരടി അവളുടെ കൂട്ടുകാരിയായത്. ജാമ്പു എന്നതിനെ ചിന്നബി ഓമനപ്പേരിട്ടു വിളിച്ചു.
വീടിനു ഇടതുവശത്തു കൂടിയൊരു ഫ്‌ളാറ്റു വന്നെങ്കില്‍! അവള്‍ കൊതിച്ചുപോയിട്ടുണ്ട്.
ആ മൈതാനയില്‍ നിന്നും അത്രയ്ക്കാണ് തീക്കാറ്റ് ഒഴുകി വരുത്. അവള്‍ക്ക് മൈതാനത്തിനെ തീരെ ഇഷ്ടമില്ല. അവിടെ എപ്പോഴും ബഹളമാണ്. സര്‍വ്വനേരത്തും കളിക്കാരെ കൊണ്ടു നിറഞ്ഞിരിക്കും.ഏതൊക്കെ ദിക്കുകളില്‍ നിന്നാണ് ബാബുമാര്‍ ഓടാനും ക്രിക്കറ്റ് കളിക്കാനുമെത്തുന്നത്. ശല്യങ്ങള്‍.
ഒരു ദിവസം ഇറയത്തിരുന്ന അവളുടെ അനിയന്‍ മുനിയയുടെ മുതുകത്താണ് ബോള്‍ വന്നുവീണത്. സോറി.സോറി.സോറി.എന്നു പറഞ്ഞതല്ലാതെ ആ ബാബു മുനിയയെ ഒരു തലോടിയതു പോലുമില്ല. അവന്‍ കരഞ്ഞുകൊണ്ടിരുന്നത് അവരെ തെല്ലും അലോസരപ്പെടുത്തിയതുമില്ല.അവിടെ നിന്നും ആ മൈതാനത്തെ എടുത്തു കളയാന്‍ അവള്‍ വല്ലാതെ കൊതിച്ചു.
എവിടെ നിന്നെങ്കിലും കൗവ്വാ ഒരു ഫ്‌ളാറ്റും കൊത്തിക്കൊണ്ട് വെങ്കില്‍!
ഹേയ്. കാലാ കൗവ്വാ നീയീ മൈതാനത്തിലൊരു ഫ്‌ളാറ്റ് കൊണ്ടിട്. അവളുടെ കൈയില്‍ നിന്നും ചപ്പാത്തിക്കഷണം കൊത്തിയെടുത്തു പറക്കുന്ന കാക്കയോട് അവളെന്നും അക്കാര്യം പറയാറുള്ളതാണ്. അതു കേള്‍ക്കുന്ന മാത്രയില്‍ ഇപ്പം ശര്യാക്കാം എന്നു കാറിക്കൊണ്ട് അവന്‍ പോണതല്ലാതെ കാര്യമൊട്ടു നടന്നിട്ടില്ല.
അവളുടെ മനസ്സു കണ്ടതുമാതിരി തന്നെ സംഭവിച്ചു. അന്നത്തെ ദിവസം അവളുണരാന്‍ ഏറെ വൈകി. രാവിലെ ഏന്തൊക്കെയോ ബഹളം കേട്ടാണ് ചിന്നബി ഉണര്‍ന്നത്.
ബാപ്പു പണിക്ക് പോയില്ല. മൈതാനിയില്‍ വലിയ ഫ്‌ളാറ്റുകെട്ടാന്‍ പോകുന്ന വിവരം തലേന്നു രാത്രിയില്‍ ബാപ്പുവും മായും പറയുന്നതവള്‍ കേട്ടിരുന്നു.
എന്തു വിലകൊടുത്തും മൈതാനം നശിപ്പിക്കാന്‍ വരുന്നവരെ തടയുമെന്നാണ് ബാപ്പു പറഞ്ഞത്. അതെന്തിനാണ് ബാപ്പു അങ്ങനെ ചെയ്യാന്‍ പോണത്. നമ്മുടെ വീട്ടിലേയ്ക്കുള്ള വഴി ഇല്ലാതായാലെന്താ? പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലെന്താ? ഇടത്തും വലത്തുമായി രണ്ടു ഫ്‌ളാറ്റുകളുടെ തണലില്‍ സുഖമായി താമസിച്ചു കൂടേ?
പാവം ചിന്നബി അങ്ങനെ ചിന്തിച്ചു.
---------------------------------------------------------

കുടുംബമാധ്യമം ജൂലൈ 2016


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi