2020, നവംബർ 27, വെള്ളിയാഴ്‌ച

സക്കറിയ


 സക്കറിയ


ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് ഞാനാദ്യമായി ഡല്‍ഹീയിലേയ്ക്ക് തീവണ്ടി കയറുന്നത്. കെ. കെ. അതായത് കേരള കര്‍ണ്ണാടക എക്‌സ്പ്രസ്സില്‍. തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തും നിന്നും വന്ന രണ്ടു മുറിവണ്ടികള്‍ ഷൊര്‍ണ്ണൂരില്‍ വച്ചൊന്നായി ഡീസല്‍പ്പുക തുപ്പി വടക്കിനു കിതച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത കാഴ്ചകളിലൊന്നായിരുന്നു. ഡല്‍ഹിയില്‍ ഒരിന്റര്‍വ്യൂവിന് പങ്കെടുക്കുകയായിരുന്നു യാത്രോദ്ദേശ്യം. ഇരുപത്തിമൂന്ന് വയസ്സിന്റെ പരിഭ്രമം എന്റെയെല്ലാ ചലനങ്ങളെയും ചങ്ങലയിട്ടു. ചില സഹയാത്രക്കാര്‍ എന്റെ പ്രായവും മാനസികാവസ്ഥയും തിരിച്ചറിഞ്ഞ് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിത്തന്നു. അവരെന്നെ ഡല്‍ഹിയിലേയ്ക്ക് കുടിയേറുന്ന മലയാളിപ്പയ്യനായി തന്നെ പരിഗണിച്ചു. പരിമിതമായ ജീവിത സാഹചര്യങ്ങള്‍ നിഴലിച്ച അവരുടെ നരച്ച മുഖങ്ങള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. വരയ്ക്കാന്‍ കെല്പുണ്ടായിരുന്നെങ്കില്‍ ആ സുമനസ്സുകളെ ഞാന്‍ കടലാസില്‍ പകര്‍ത്തിക്കാട്ടുമായിരുന്നു.

കെ.കെ. നിന്ന പ്ലാറ്റുഫോമില്‍ മണിയണ്ണനെത്തി. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനായിരുന്നു. കത്തുവഴി ഞാന്‍ തലസ്ഥാനത്ത് എത്തുന്ന വിവരം മുന്നേതന്നെ അണ്ണനെ അറിയിച്ചിരുന്നു. അദ്ദേഹമെന്നെ ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് കൈമാറി ഓഫീസിലേയ്ക്ക് തിരിച്ചോടി. അയാളെന്നെ ഒരു മണിക്കൂറിനുള്ളില്‍ കല്ല്യാണ്‍പൂരിയിലെ മണിയണ്ണന്റെ അതീവ കുഞ്ഞുവസതിയിലെത്തിച്ചു മറഞ്ഞു. മഹാനഗരിയുടെ ഭയനാകതയുടെ വിസര്‍ജ്ജ്യമായ ഒരുതരം പേടി. അലോസരമുണ്ടാക്കുന്ന തിരക്കിന്റെ മൂളലായി ഒറ്റയ്ക്കായപ്പോള്‍ അതെന്നെ വളഞ്ഞു. ബഹളങ്ങള്‍ക്കിടയിലെ ഏകാന്തത ഞാനറിഞ്ഞു. അന്നു ഡല്‍ഹിയില്‍ മിനുട്ടിനു മിനുട്ടിന് വെടിപൊട്ടുന്നുണ്ടായിരുന്നു. ഓരോ നൂറുവാരയിലും കലനിഷ്‌കോവുമായി പട്ടാളം യമനെയാട്ടാന്‍ കാവല്‍ നിന്നിരുന്നു. കൊടും തണുപ്പില്‍ എപ്പോള്‍ വേണമെങ്കിലും ആരും പൊട്ടിത്തെറിച്ചുപോകുമായിരുന്ന എണ്‍പതുകളുടെ മധ്യകാലമായിരുന്നത്. 

അന്നു വൈകുന്നേരം മണിയണ്ണനോടൊപ്പം വിരുന്നുകാരനായി ആ വീട്ടില്‍ സക്കറിയ എത്തി. ഏകദേശം എന്റെ പ്രായം മാത്രമേ അവനുള്ളു. ആ ചുറുചുറുക്ക് എന്നെ നന്നായി ആകര്‍ഷിച്ചു. ഞാന്‍ വെറും നാട്ടിമ്പുറത്തുകാരന്‍. ഇന്റര്‍വ്യൂ പ്രമാണിച്ചാണ് മുണ്ടു മാറ്റി പാന്റ്‌സ് ഇട്ടതു തന്നെ. തണുപ്പിനോട് പടവെട്ടാന്‍ ഞാന്‍ കൊണ്ടുവന്നിരുന്നത് മറ്റൊരു അയല്‍ക്കാരന്‍ പട്ടാളക്കാരന്റെ സ്വെറ്റര്‍. അതിട്ടു കൊണ്ട് ഞാന്‍ കൈയുയര്‍ത്താന്‍ മടിച്ചു. കക്ഷത്താണ് ആ കീറല്‍. കൈ താഴ്ത്തിയിട്ടാല്‍ ആരും കാണില്ല. അതായിരുന്നു മനസ്സമാധാനം. ഞാന്‍ എന്റെ വേഷവിധാനങ്ങള്‍ ഒന്നു മനസ്സാല്‍ കണ്ണോടിച്ചു. നല്ലൊരു സ്വെറ്റര്‍ വാങ്ങണമെന്ന് ഞാനന്നേ കരുതിയതാണ്.

സക്കറിയയുടെ ആ ചുവന്ന ഭംഗിയുള്ള സ്വെറ്റര്‍ അതിപ്പോഴും ഓര്‍മ്മയുണ്ട്. ആ തണുത്ത മധുരതരമായ കാലാവസ്ഥപോലെ സക്കറിയയും എനിക്ക് അതീവാകര്‍ഷണീയമായി.

അവന്‍ കല്ല്യാണം കഴിച്ചിരിക്കാം. ഭരണങ്ങാനത്തുന്നോ, കുറവിലങ്ങാട്ടുന്നോ വണ്ടികയറിയ ഒരു നഴ്‌സ്. ഇപ്പോള്‍ സാമാന്യം നന്നായി ജീവിക്കാന്‍ പാകത്തില്‍ സംവിധാനങ്ങളുമായി ഡല്‍ഹീല്‍ തെന്നയുണ്ടാവും. മക്കള്‍ വലിയ കമ്പനി ഉദേ്യാഗസ്ഥന്മാരായി അല്ലെങ്കിള്‍ ഗള്‍ഫില്‍ ഉയര്‍ന്ന നിലയില്‍. ഒരു സാധാരണ മറുനാടന്‍ മലയാളി ജീവിതമായിരിക്കും സക്കറിയയ്ക്ക് ലഭിച്ചിരിക്കുക.

വര്‍ഷങ്ങള്‍ക്കുശേഷം ഇന്നു കേരള എക്‌സ്പ്രസ്സില്‍ ഡല്‍ഹിയിലേയ്ക്ക് വീണ്ടും കയറുമ്പോഴാണ് ഞാന്‍ സക്കറിയെ ഓര്‍ത്തത്. ഓ. ഞാനതു പറഞ്ഞില്ല. എനിക്കാ ജോലി കിട്ടിയില്ല. നാട്ടില്‍ ഒരുവിധത്തില്‍ പച്ചപിടിച്ചു. അതു നന്നായി. അവിടെ കിടന്ന് ശ്വാസം മുട്ടിയിട്ടെന്തു കാര്യം? സ്വെറ്ററും ധരിച്ച് പത്രാസ്സില്‍ നടക്കുന്നതിനെ കുറിച്ച് എത്രയോ കാലം കഴിഞ്ഞാണിന്ന് ഞാന്‍ വീണ്ടും ഓര്‍ത്തത്. ഞാന്‍ സഞ്ചരിക്കുന്ന ഈ വണ്ടിയെ നാഗപ്പുര്‍ കഴിഞ്ഞാലുടനെ തണുപ്പങ്ങ് ഏറ്റെടുക്കും. ഏ സി ബോഗി എന്നു പറഞ്ഞിട്ട'് കാര്യമില്ല. ഇത്തവണ വെതറല്പം അലോസരമുണ്ടാക്കുന്ന തരത്തിലാണ്. ഞാനപ്പോള്‍ പെട്ടിയിലെ പുതുപുത്തന്‍ സ്വെറ്റര്‍ എടുത്തണിയും. എന്റെ വിലയും നിലയും അതു പറയും. 

സെക്കന്റ് ക്ലാസ്സ് ബോഗിയിലെ സീറ്റ് പിടിക്കാനുള്ള വെപ്രാളവുമായിട്ടാണ് അയാള്‍ കയറി വന്നത്. ഇവിടെ തിക്കിനും തിരിക്കിനും ഒരുസ്ഥാനവുമില്ല. എന്നാലും മനുഷ്യനെും അടിസ്ഥാന സ്വഭാവങ്ങള്‍ കാണിച്ചു കൊണ്ടേയിരിക്കുന്നു. ഞാനത് ജീവിത നിരീക്ഷണത്തിലൂടെ സമ്പാദിച്ച അറിവാണ്. കോട്ടയത്തു നിന്നും കയറിയതു മുതല്‍ ഞാനയാളെ പഠിക്കുകയായിരുന്നു. 

ഞാനയാളുടെ എല്ലാ ചലനങ്ങളെയും കോങ്കണ്ണിട്ടുനോക്കിയിരുന്നു. എന്റെ പ്രായം തെന്നയാണ് ലോവര്‍ ബര്‍ത്തിന് അവകാശിയായ അയാള്‍ക്കും. വന്നപാടേ ബഹളങ്ങള്‍ കാട്ടി പെട്ടിപ്രമാണങ്ങള്‍ സീറ്റിടിയില്‍ തള്ളിക്കയറ്റി ആരുടെ കിടക്കയെന്നുപോലും പരിഗണിക്കാതെ അപ്പര്‍ ബര്‍ത്തിലേയ്ക്ക് ദേഹത്തിനെ ഉന്തിക്കയറ്റി ഒറ്റയുറക്കം. എനിക്കതല്പം അനിഷ്ടമുണ്ടാക്കി. രണ്ടുദിവസം ഇനിയെന്തൊക്കെ കാണാനുണ്ടാവും? 

വണ്ടി അനക്കമില്ലാതെയോടിക്കൊണ്ടിരിക്കുന്നു. അതു പായുന്നതിന്റെ ലക്ഷണം ചെറിയ മൂളല്‍ മാത്രമായിരുന്നു. രാത്രിയില്‍ ഞങ്ങളുടെ ആറു കിടക്കകള്‍ അട്ടിവച്ച അറ ഒരു മോര്‍ച്ചറിപോലെ തോന്നിപ്പിച്ചു. കിടക്കയുടെ വശങ്ങളിലെ തുറപ്പ് കൂടി അടച്ചുപൂട്ടണം. അതെ ശരിക്കും. ശവഅറകള്‍ തന്നെയായി അവ മാറുന്നതാണ്. മുകളിലാണ് ഞാന്‍ കിടന്നിരുന്നത്. ഉറക്കത്താളം മുറിഞ്ഞ ഇടവേളകളികളില്‍ ലോവര്‍ബര്‍ത്തിലെ കഥാനായകനെ നോക്കുമ്പോഴൊക്കെ എനിക്ക് തീര്‍ച്ച വന്നു. മരണപ്പെട്ടാല്‍ അയാള്‍ കിടക്കുന്നതും ഇമ്മാതി സെറ്റഡിയായിട്ടാവും.  

ആ ദിനമെത്തുന്നത് എന്നാണ്? ഉറക്കം മുട്ടിയ പാതിരാവില്‍ ഞാനങ്ങനെ ഒരു നേരിയ നീലവെളിച്ചം നിറഞ്ഞ മോര്‍ച്ചറി മുറിയില്‍ എന്ന രീതിയില്‍ കണ്ണുകള്‍ പരതിക്കിടന്നു. ഓടുന്ന വണ്ടിയില്‍ നിന്നും വേറിടുന്ന ദിനമാണ് മരണത്തിന്റേത്. തുടര്‍ന്ന് ഈ അറയൊരു പള്ളിസെമിത്തേരിയില്‍ ചെന്നു നില്‍ക്കും. അപ്പോഴും മുന്‍ബോഗികളുമായി തീവണ്ടി പുതിയ ആളുകളുമായി പാഞ്ഞുകൊണ്ടേയിരിക്കും.

കാലം ഈ ലോകത്തില്‍ ഏറ്റവും ചതിച്ചത് തെന്നയാണ്. അമ്മട്ടില്‍ അയാള്‍ ചരിതം പറയാന്‍ തുടങ്ങി. അതിനു വേണ്ടവിധത്തില്‍ അടുപ്പമൊന്നും ഞങ്ങള്‍ക്കിടയില്‍ മൊട്ടിട്ടിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പിറ്റേന്ന് എഴുേന്നറ്റയുടനെ പാന്‍ട്രിവാലായുടെ ആദ്യകാപ്പിക്കപ്പിനു മുന്നില്‍ ഞങ്ങള്‍ ഒന്നായി.  

അത്രയ്ക്ക് വിങ്ങല്‍ അയാള്‍ക്കുള്ളതായി തോന്നിയത് ശരിയായിരുന്നു. ആവശ്യപ്പെടാതെ തന്നെ സ്വയം വെളിപ്പെടുത്താന്‍ അയാള്‍ വ്യഗ്രതപ്പെട്ടു.

ഡല്‍ഹീലായിരുന്നു കഥാനായകന്‍ ജോലിയെടുത്തിരുന്നത്. കഠിന തണുപ്പും ഘോരമായ ചൂടും. കാലാവസ്ഥ പിടിക്കാതായ കാലത്ത് തത്പുരുഷന്‍ കളം നാട്ടിലേയ്ക്ക് മാറ്റി. നഴ്‌സായ ഭാര്യ അവിടെ പ്രവാസിയായി തുടര്‍ന്നു. പിരിഞ്ഞപ്പോള്‍ കിട്ടിയതു മുഴുവനുമെടുത്ത് നാട്ടില്‍ ബംഗ്ലാവ് പണിഞ്ഞതിനാല്‍ ഇപ്പോള്‍ കൈക്കാശിനു മുട്ടായി. അതിനാല്‍ വീട്ടിലൊരു ജോലിക്കാരി കൂടിയില്ല. അലക്കും വെപ്പുമെല്ലാം തന്നത്താനെ ചെയ്തു. ഭാര്യയില്‍ നിന്നും ദമ്പടി കിട്ടുന്നില്ല. അവള്‍ക്ക് ഡല്‍ഹീലെ ഫ്‌ളാറ്റിന് വാടക കൊടുക്കണം. ദിവസോം ജോലിക്ക് പോകാന്‍ ടാക്‌സി പിടിക്കണം. ഇനിയൊരു കൊച്ചനൊള്ളതിന് എന്തേലും കരുതണം. അങ്ങനെ ഒഴിവുകഴിവുകള്‍. അതു മാത്രവുമല്ല എന്നുമെന്നും വാടകവീടും പൊറുതി മാറലും മറ്റു നുലാമാലകളും. 

ഒന്നു മനസ്സുവച്ചാല്‍ പറ്റുമായിരുന്നു. അങ്ങനെയാണ് അവള്‍ അതിനെ കുറിച്ച് പറയാറുള്ളത്. ഡല്‍ഹിയില്‍ സ്വന്തമായി തലചായ്ക്കാനൊരിടമുണ്ടാക്കാനോ, സ്വസ്ഥതയുള്ള കുടുംബിനിയാകാനോ കഴിത്തില്ല. അതിലുള്ള നിരാശ പലതവണയവള്‍ പ്രകടിപ്പിച്ചിട്ടുണ്ട് തനിക്കാണെങ്കില്‍ രാമപുരത്തെ സെമിത്തേരിപ്പള്ളിയില്‍ ഉറങ്ങണമെന്നാണ് ആശ. ആരെയും കുറ്റപ്പെടുത്താതെ അയാള്‍ ജീവചരിത്രം തുറന്നിടുകയായിരുന്നു. ഞാനേന്നരത്ത് ഒന്നു കൂടി കഥാപുരുഷനെ സസൂക്ഷ്മം നിരീക്ഷിച്ചു.

യാത്ര പ്രമാണിച്ച് കുറെദിവസം നാട്ടില്‍ നിന്നും മാറി നില്‍ക്കുല്ലേ. ഇന്നലെ വീട്ടില്‍ നല്ല പണിയുണ്ടായിരുന്നു. എല്ലാമൊന്നു അടിച്ചും വാരിയുമിടണം. ഒരു മാസം കഴിഞ്ഞേയിനി മടങ്ങത്തൊള്ളു. വണ്ടിയില്‍ കഴിക്കാന്‍ ച്ചരെ വല്ലതു മുണ്ടാക്കണം. എല്ലാം ഞാനൊറ്റയ്ക്ക്. പായുന്ന സമയം. ഉത്ക്കണ്ഠയായി. ഓടിക്കയറി വരുന്ന വണ്ടി മിസ്സാകാതെ നോക്കണം. ഇന്നലെ അങ്ങനെ വല്ലാത്ത ടെന്‍ഷനിലായിരുന്നു. 

ഞാനതിശയിച്ചു. അയാള്‍ ശരിക്കുള്ളത് വെളിപ്പെടുത്തിയതായി എനിക്ക് വ്യക്തമായി. സഹകരിക്കാന്‍ കൊള്ളാവുന്ന യാത്രികനാണ് ഒപ്പമുള്ളത്. എന്റെ മനസ്സിലെ മുറുക്കമെല്ലാം അയഞ്ഞു. മൂക്കുമുട്ടെ കുടിച്ചിട്ടാണ് അയാള്‍ വണ്ടി കയറിയത് എന്റെ മുന്‍ധാരണയും പൊളിഞ്ഞു. 

നാട്ടില്‍ വീടുണ്ടായിട്ടെന്തു കാര്യം? പിരിവുകാരുടെ ശല്യം മാത്രം. വലിയ വീടുകണ്ട് അവരങ്ങ് പ്രതിക്ഷയോടെ ഗേറ്റ് തുറന്നു വരും. പുത്തപണമുള്ള അച്ചായന്‍! ആ വകയില്‍ മനഃസ്സമാധാനം ദിനന്തോറും ചോര്‍ന്നു. 

എന്റെ തുറന്ന കാതുകളും കൗതകത്താല്‍ വിടര്‍ന്ന അനുകൂല ഭാവവും കണ്ട് മനസ്സിലെ കലിപ്പൊഴിക്കാന്‍ സഹയാത്രികന്‍് തയ്യാറായി. 

ഈ റവറു വെട്ടിക്കാന്‍ ഒരു കൂലിക്കാരനെ വയ്ക്കാത്ത ഇതിയാനാണ് നമക്ക് പിരിവു തരുന്നത്. ഈയാള് ഡല്‍ഹീകെടെന്നൊണ്ടാക്കിയതൊക്കെ എങ്ങനെയാവോ തീര്‍ക്കാന്‍ പോവുന്നേ? ഗേറ്റടച്ച് റോഡിലിറങ്ങുമ്പോള്‍ അവന്മാര്‍ പിറുപിറുക്കും. 

റവറു വെട്ടാന്‍ ഇന്നത്തെ കാലത്ത് കുലിക്കാരനെ വച്ചാലെന്നാ കിട്ടാനാന്നേ? കത്തിയുമായി ഇറങ്ങിയാല്‍ പതിനൊന്നു മണിവരെ എനിക്ക് മനോരാജ്യം കണ്ട് പണിയെടുക്കാം. അതു മാത്രമേ മെച്ചമൊള്ളു. കോണാട്ട'് പ്ലേസ്സിലെ കടകളില്‍ കൗതുകത്തോടെ കയറിയിറങ്ങിയിരുന്ന ഓര്‍മ്മകളോടെയാണ് ഞാനോരോ റവര്‍ ചുവടിനെയും സമീപിക്കുന്നത്. ചിലമരങ്ങള്‍ യാദവന്മാര്‍. ചിലര്‍ സര്‍ദാര്‍ജിമാര്‍. ഇരുപത്തിയഞ്ചുവര്‍ഷക്കാലത്ത് ഡല്‍ഹീല്‍ എനിക്ക് പണി തന്നവന്മാരുടെ പള്ളിയില്‍ കത്തികൊണ്ടു വരഞ്ഞു പകരം തീര്‍ക്കുന്നതായി സങ്കല്പ്പിച്ചു. മനസ്സമാധാനം കോരിക്കുടിച്ചു.. ചാണക്യപുരിയില്‍ നടക്കുന്ന മാതിരിയാവും തോട്ടത്തിലെ ചാലുകളിലൂടെ കാലുകള്‍ കവച്ചുവയ്ക്കുന്നത്. അതിനാല്‍ ബോറടിക്കത്തേയില്ല. പകല്‍ നന്നായി മേലനങ്ങുന്നതിനാല്‍ രാത്രില്‍ ഉറക്കവും കിട്ടും. അതിന്നിടയില്‍ അരീകറിം വെപ്പും നടക്കും. 

മക്കള്‍?

ആത്മഭാഷണം അവസാനിക്കാറായി എന്നു തോന്നിയപ്പോള്‍ സമഗ്രജീവിതചിത്രം തുറുകിട്ടാന്‍ ഞാനൊരു സിമ്പിള്‍ ക്വസ്റ്റ്യനിട്ടു. (സത്യത്തില്‍ ഞാനയാളെ ഒരുവിധത്തിലും ചൂഷണം ചെയ്യുകയായിരുന്നില്ല. അയാള്‍ പറയുന്നു. ഞാന്‍ കേള്‍ക്കുന്നു. അത്രമാത്രം. ആ മനസ്സിലെ കത്തല്‍ കുറഞ്ഞുവരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുമാത്രമായിരന്നു അയാള്‍ക്ക് താല്പര്യം. തനിക്കൊന്നാശ്വസിക്കണം. എന്നെ സംബന്ധിക്കുന്ന ഒരുവിവരവും അയാള്‍ക്ക് വേണമെന്നുണ്ടായിരുന്നില്ല. തനിക്ക് നല്ലൊരു ശ്രോതാവ്. അത്ര മാത്രമേ അയാളാഗ്രഹിക്കുന്നുള്ളു. കിണ്ടിക്കിണ്ടി അലോസരത്തിരലുണ്ടാക്കാത്ത ഒരു ശ്രോതാവ്).

അതിനു മറുപടിയായി അയാളിങ്ങനെ പറഞ്ഞു.

ഓ. എന്നാ പറയാനാ? മൂത്തവന്‍ എയീംസീന്നു നഴ്‌സിംഗ് പാസ്സായി. അവന്‍ കരപിടിച്ചു. കുവൈറ്റിലാ. രണ്ടാമന് ഇരുപത്തിയൊന്‍പതായി. അവന്റെ കാര്യമൊന്നും പറയണ്ട. നല്ല പഠിക്കുന്ന കൊച്ചനായിരുന്നു. ഞാനവനെ സിയെയ്ക്ക് വിട്ടായിരുന്നു. അവനന്മാരാണേല്‍ അങ്ങനെയങ്ങനെയൊന്നും കൊച്ചുങ്ങളെ പരീക്ഷയ്ക്ക് പാസ്സാക്കത്തില്ലെന്നേ! അതു വിട്ടവന് വരാനുംമേലാ. ഇനിയും കൊറച്ച് പേപ്പറുകള്‍ മാത്രമേ എഴുതാനുള്ളു. പുലിവാലുപിടിച്ചതു മാതിരിയായി. ഞാന്‍ പറഞ്ഞു കൊച്ചേ നീയിത് കളഞ്ഞേച്ച് വല്ല എം.ബി.എയ്ക്കും ചേരാന്‍. അവന്‍ കേക്കത്തില്ല. അവന് സിയെക്കാരനാകണം. അവന്മാരൊട്ട'് അവനെയത് ആക്കത്തുമില്ല. 

അയാളുടെ വാക്കുകളില്‍ നനവില്ലാക്കണ്ണീര്‍പൊതിഞ്ഞിരുന്നതായി എനിക്ക് തോന്നി.

ഇവനെ കൊണ്ട് എങ്ങനാ ഞാന്‍ പെണ്ണുകെട്ടിക്കുന്നേ? ഞാനെന്നാ ചെയ്യാനാ? ഡല്‍ഹീലെ കാര്യങ്ങള്‍ ഓര്‍ത്താലെനിക്ക് ഒറക്കം വരുകേലാ. അതുകൊണ്ടാ ഞാന്‍ കൂടെക്കൂടെ അവരെ അടുത്തോട്ട'് വണ്ടി കേറുന്നേ! ഒരു മാസം കഴിഞ്ഞ് തണുപ്പ് മൂക്കുമ്പോ ഞാന്‍ തിരിച്ച് നാട്ടിലോട്ട'് പോരും. പെന്‍ഷനായാലും അവള് ഡല്‍ഹി വിടത്തില്ല. നാട്ടീ വന്നിട്ടെന്നാ കാണിക്കാനാ എന്നാണ് അവള് ചോദിക്കുന്നേ! അതും ശരിയാ. ഇങ്ങനെ വന്നുപോയീ ഞാനലമ്പാവും. 

ജീവിതം ഈ തണുത്ത ബോഗിപോലെയാണ്. പുതുതായൊന്നും പുറത്തു നിന്നും കയറുന്നതേയില്ല. അടഞ്ഞുപോയിരിക്കുന്നു. അപൂര്‍വ്വമായി വാതില്‍ തുറക്കുന്ന നേരത്ത് പുറത്തുനിന്നും കുറച്ചുപേര്‍ കയറും. പുറകിലെ വാതിലിലൂടെ യാത്രതീരുവര്‍ ഇറങ്ങിപ്പോകും. തീവണ്ടി നിര്‍ത്താതെയോടും. ഞാനൊരു നിമിഷം അങ്ങനെ കരുതി. 

കൂടെയുള്ളവര്‍ ഞങ്ങളെ ശ്രദ്ധിക്കുുണ്ടായിരുന്നില്ല. അതൊരു മൂന്നംഗ കുടുംബമായിരുന്നു. അവര്‍ വേദപുസ്തകങ്ങളില്‍ മിഴിവച്ചും വേദവാക്യങ്ങള്‍ കാതില്‍ തിരുകിയും നേരാനേരത്തിന് ഭക്ഷണം കഴിച്ചും സ്വര്‍ഗ്ഗരാജ്യത്തിലെവണ്ണം കഴിഞ്ഞു. പിന്നുള്ളത് വടക്കേന്ത്യക്കാരായ വയസ്സന്‍ ദമ്പതികള്‍. അവര്‍ മത്സരിച്ചുറങ്ങി നേരം കളഞ്ഞു.

ഉച്ചയായതോടെ അയാള്‍ കടലാസു പൊതിയഴിച്ച് നന്നായി വറ്റിച്ച ചോറും വലിയൊരു കുപ്പി നിറയെ മോരുകറിയും പുറത്തെടുത്ത് കഴിക്കാന്‍ തുടങ്ങി. കൂടുതല്‍ വികാരം കൊണ്ടിട്ടെന്താ കാര്യമെന്ന രീതിയില്‍. ഓടുന്നതു വരെ ഓടട്ടെ. അത്തരത്തിലൊരു നിസ്സംഗഭാവം അയാളില്‍ നിഴലിട്ടു. മനസ്സിലെ ഭാരം മുഴുവനും അയാള്‍ എന്നിലേയ്ക്കിട്ടു. യാത്ര ആസ്വദിക്കാനെത്തിയവനായിരുന്നു ഞാന്‍.

ഞാനിനി പറയണ്ടല്ലോ. അത് സക്കറിയ തന്നെയായിരുന്നു. ആ മുഖം ഞാന്‍ മറക്കില്ലല്ലോ. ഞാന്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ് സക്കറിയെ അലോസരപ്പെടുത്താനാഗ്രഹിച്ചില്ല. എനിക്ക് സക്കറിയ വെളിച്ചപ്പാടായിരുന്നു. വെളിച്ചപ്പാടിനെ ഇത്രയും കാലം മനസ്സില്‍ ചുമന്നു നടവന്‍ ഞാനല്ലേ! 

ഒന്നു കൂടിയുണ്ട്. എന്റെ ജീവിതവും ഈ സക്കറിയായുടെ അതേ ദിശയിലാണിപ്പോള്‍. ഞാനും ഭാര്യയും പിറന്ന ദേശങ്ങള്‍ വിട്ടാണ് വീടുണ്ടാക്കിയത്. അതിനാല്‍ തന്നെ ഇരുവരുടെയും ബന്ധങ്ങളുടെ വേരുകള്‍ ഏതാണ്ട് അറ്റുകഴിഞ്ഞിരിക്കുന്നു. ഒരു മകനുള്ളത് ന്യൂസിലാന്റില്‍.  മകളും കുടുംബവും ഡല്‍ഹിയില്‍ കുടിയേറി. ഞാനും ഭാര്യയും അരുടെ ക്ഷേമം നോക്കാന്‍ ഇങ്ങനെ ഷട്ടില്‍ സര്‍വ്വീസിലും. 

മലയാളനാട്ടിലിപ്പോള്‍ ഇങ്ങനെയും ജീവിതങ്ങളുണ്ട് ഭായ്.


കാലം 2020 വൃശ്ചികം



2 comments:

Mohan on 2020, നവംബർ 29 6:10 PM പറഞ്ഞു...

നന്നായിരിക്കുന്നു. കുറച്ചു നേരം നിങ്ങളുടെ കൂടെ യാത്ര ചെയ്തു, എല്ലാം കേട്ടുകൊണ്ട്!

Unknown on 2020, നവംബർ 29 6:38 PM പറഞ്ഞു...

നല്ല കഥ

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi