പാവംജീവിതങ്ങളുടെ ഇതിഹാസം. ഡോ. ബി. ബാലചന്ദ്രന്‍
കാലത്തിന്റെ മുങ്ങാക്കയങ്ങളില്‍ നിന്ന് പാവംജീവിതങ്ങളുടെ ഓര്‍മ്മകള്‍ ശേഖരിക്കുകയും അതിനെ പുതിയ കാലാവസ്ഥയോട് വിളക്കിച്ചേര്‍ക്കുകയുമാണ് ബോധ്യങ്ങളുള്ള എാതൊരെഴുത്തുകാരനും ചെയ്യേണ്ടത്. എഴുത്തുതന്നെ രാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കെ വരുംകാലത്തോട് നീതി ചെയ്യേണ്ട വിശേഷപ്പെട്ട ദൗത്യം കൂടി എഴുത്തുകാരന്‍ എാറ്റെടുക്കേണ്ടിവരുന്നു. കേവല സൗന്ദര്യാവിഷ്‌കാരമെന്ന പ്രയോഗംപോലും കാലഹരണപ്പെട്ടിരിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ സാമൂഹ്യവ്യവസ്ഥകളാല്‍ പ്രശ്‌നപൂരിതമായ ഭൂമിയാണ് കേരളം. മതം, ജാതി, രാഷ്ട്രീയം എന്നീകാര്യങ്ങളുടെ ഇന്ത്യനവസ്ഥയുടെ നേര്‍പ്പതിപ്പേയല്ല ഈ നാട്. ഒളിയിടങ്ങളും കെണികളുമുള്ള സഞ്ചാരവഴികളിലൂടെയാണ് കേരളത്തിന്റെ സാമൂഹികവണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന്റെ ഉജ്വലമാതൃകകള്‍ സൃഷ്ടിച്ച നാടാണ്. പക്ഷേ, ജാതിത്തിരിവുകള്‍ പാടേ തകരാതെ കേരളത്തില്‍ നിലനില്‍ക്കുന്നു. ഉപജാതികളുമിവിടെ സജീവമാണ്. മതജാതി കലഹങ്ങള്‍ പ്രത്യക്ഷമായിട്ടില്ലെങ്കിലും അവയുടെ പ്രയോഗം കേരളസമൂഹത്തിന്റെ ഉള്‍പ്രവാഹത്തിലുണ്ട്. തൊഴിലും ജാതിയും ഒന്നായിനിന്ന കാലം മങ്ങിപ്പോയിരിക്കുന്നു. ഇവിടെ തൊഴിലിന്റെ കയറ്റിറക്ക് ശ്രേണീബന്ധങ്ങള്‍ക്ക് കാര്യമായ ഉടവുതട്ടിയിട്ടില്ല. പരമ്പരാഗത തൊഴിലുകളില്‍ മിക്കതും നിറംമങ്ങികൊഴിഞ്ഞുപോയിരിക്കുന്നു. അവ സമ്മാനിച്ചിരുന്ന സമ്പത്തും പദവിയും പുതിയ രാഷ്ട്രീയപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നടിയുമ്പോള്‍ അതത് തൊഴിലുകള്‍ കൈകാര്യം ചെയ്തിരുന്ന സമുദായങ്ങള്‍ ഓര്‍ക്കാപ്പുറത്തുള്ള പ്രഹരങ്ങളേറ്റ് തകരുകയാണ്.
തിരുവനന്തപുരം ജില്ലയിലെ മലയോരഭാഗമാണ് നെടുമങ്ങാട്. പാരമ്പര്യമായി കാണിക്കാര്‍, കുറവര്‍, പുലയര്‍, വേടര്‍, പറയര്‍ തുടങ്ങിയ സമുദായങ്ങള്‍ മണ്ണിന്റെ (കാടിന്റെ) നേരവകാശികളായി കഴിഞ്ഞുപോന്ന നാട്. രാജഭരണകാലത്ത് ഭരണനിര്‍വ്വഹണത്തിനായി വന്നുചേര്‍ന്ന വ്യത്യസ്ത തൊഴില്‍ സമുദായങ്ങള്‍ ക്രമേണ ഈ പ്രദേശത്തിന്റെ നിര്‍ണ്ണായ ശക്തികളായിത്തീര്‍ന്നു. വാണിയര്‍, തട്ടാര്‍, ആശാരി ഇവരൊക്കെയടങ്ങുന്ന ജാതിത്തൊഴില്‍ സമുദായങ്ങള്‍ നെടുമങ്ങാട് കേന്ദ്രത്തില്‍ തനതു തൊഴിലുകള്‍ ചെയ്ത് ഉപജീവനം നടത്തിപ്പോന്നു. തട്ടാന്‍ സമുദായം സ്വര്‍ണ്ണപ്പണിയുമായി ബന്ധപ്പെട്ടാണ് ജീവിച്ചത്. അവരുടെ ജീവിതത്തിന്റെ അകപ്പുറകാഴ്ചകളാണ് പി കെ സുധിയുടെ 'തട്ടാന്‍വിള' എന്ന നോവലിന്റെ കേന്ദ്രഭാവത്തിനു നിറമേകിയിരിക്കുന്നത്. മനുഷ്യന്റെ അസ്തിത്വമെന്തെന്ന ചോദ്യം മുഴങ്ങുന്ന നരവംശശാസ്ത്ര പരീക്ഷണശാലയാണ് ഒരു നോവലെഴുത്തുകാരനെ സംബന്ധിച്ച് അവനു ലഭ്യമായ ചരിത്രമുഹൂര്‍ത്തം എന്ന മിലന്‍ കുന്ദേരയുടെ (Art of the Novel) എന്ന കാഴ്ചപ്പാട് 'തട്ടാന്‍വിള' എന്ന നോവലെഴുത്തിന്റെ ഘട്ടങ്ങളില്‍ പി കെ സുധി തീര്‍ച്ചയായും അഭിമുഖീകരിച്ചിരിക്കണം.
തട്ടാന്‍ സമുദായുവും ഇത്തരത്തിലുള്ള പ്രശ്‌നസങ്കീര്‍ണ്ണതകളിലൂടെ അനുഭവിച്ചു തകരുന്ന ഹൃദയഭേദകമായ കാഴ്ചകളാണ് തട്ടാന്‍വിള പറയുന്നത്. പഴമക്കാരുടെ ഓര്‍മ്മകളില്‍ ഒളിമങ്ങിക്കിടന്ന സാമൂഹികചലനങ്ങളെ നെയ്‌തെടുക്കുന്ന ദുഷ്‌കരമായ പ്രവര്‍ത്തനമാണ് പവിതയെന്ന ഗവേഷക ചെയ്യുന്നത്. രേഖീയമല്ലാത്ത ചരിത്രവസ്തുകള്‍ ചികഞ്ഞെടുക്കുന്ന അത്യന്തം ശ്രമകരമായ പണി അവള്‍ എാറ്റെടുക്കുകയാണ്. താന്‍കൂടി ഭാഗഭാക്കായ കൂട്ടായ്മയുടെ ചരിത്രമായപ്പോള്‍ അവള്‍ക്ക് ആവേശം കൂടി. ദത്തങ്ങളുടെ പെരുമഴച്ചാറ്റില്‍ നിന്ന് സത്യങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ പവിതയെ സഹായിക്കാനാവതില്ലാത്ത വഴികാട്ടി (ഗൈഡ്) യാണ് ഗ്ലെന്‍ പ്രകാശം. അറിവില്ലായ്മ വെളിപ്പെടുത്താതിരിക്കാന്‍ സാധാരണ മനുഷ്യന്‍ കാട്ടുന്ന പരാക്രമങ്ങളൊക്കെ അയാളും ചെയ്യുന്നുണ്ട്. നേശമണി എന്ന ഗ്ലെന്‍ പ്രകാശത്തിന്റെ ഭൂതകാലം കരിപ്പൂരിലിരുന്ന് പല്ലിളിക്കുകയാണ്. തന്റെയും കൂടി വേരുകള്‍ തേടിയുള്ള പവിതയുടെ യാത്രയില്‍ കാര്യമായി ഒന്നും നിര്‍ദ്ദേശിക്കാനാകാതെ പരുങ്ങുകയാണ് അയാള്‍. ജീവിച്ചിരിപ്പില്ലാത്ത കേശവപിള്ള എന്ന അപ്പൂപ്പനെയും വത്സലകുമാര്‍ എന്ന അച്ഛനെയുമൊക്ക സങ്കല്പലോകത്തില്‍വച്ചു സന്ധിക്കുന്ന പവിത ഗവേഷണമെന്ന പെരുംചുമട് വലിച്ചെറിഞ്ഞ് കഥയുടെ ഒരുക്കുശീലുകളിലേയ്ക്ക് ചരിത്രത്തെ ഇണക്കിയെടുക്കുന്ന ദൃശ്യത്തില്‍ നോവല്‍ അവസാനിക്കുകയാണ്.
വിവിധ ജാതിമതസ്ഥര്‍ പ്രയോഗിക്കുന്ന ഭാഷ അവസരത്തിനൊത്ത് കഥാഗതിയില്‍ ഇണക്കിചേര്‍ത്തിരിക്കുകയാണ്. തട്ടാര്‍ജാതിക്കാര്‍ക്ക്, സ്വന്തം തൊഴിലുപോലെ (ചെമ്പു ചേര്‍ത്തുള്ള കൂട്ട്) നെടുമങ്ങാട്ടില്‍ പരുവപ്പെട്ട തമിഴും നെടുമങ്ങാടന്‍ മലയാളവും ചേര്‍ത്തുള്ള വെങ്കലഭാഷയാണ് വിനിമയഭാഷ. 'തട്ടാന്‍വിള'യില്‍ അതേ ഭാഷയുടെ ഈണവും താളവും കഥയ്ക്കിണങ്ങുംവിധം ചേര്‍ത്തിട്ടുണ്ട്. ജാതിബന്ധങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതിരിക്കാന്‍ നാമൊക്കെ ആവുംവിധം ശ്രമിക്കുന്നുണ്ടല്ലോ. സത്യത്തിന്റെ കണ്ണാടിയില്‍ തെളിയുന്ന വൈകൃതങ്ങളെ നേരിടാനുള്ള ഉള്ളുറപ്പില്ലായ്മയാണ് പ്രശ്‌നം. 'തട്ടാന്‍വിള'യിലൂടെ ഗ്രന്ഥകര്‍ത്താവ് കരിപ്പൂരു പ്രദേശത്തിലെ ജാതിവ്യവസ്ഥയെ ഇഴകീറി പ്രശ്‌നവല്‍ക്കിരിച്ചിരിക്കുകയാണ്. ചൂഷണത്തിന്റെ, തട്ടിപ്പറിച്ചെടുക്കലിന്റെ, നഷ്ടപ്പെടലുകളുടെ നേര്‍ചിത്രം കൂടി ജാതിക്കുരുക്കുകളിഴിക്കുമ്പോള്‍ വെളിവാകുന്നുണ്ട്. ഒരു ജാതിക്കൂട്ടായ്മ മറ്റൊരു കൂട്ടായ്മയെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് കഥയുടെ നാനാവഴികള്‍ക്ക് കേടുപറ്റാത്ത വിധത്തില്‍ ചന്തത്തിലാവിഷ്‌കരിച്ചിരിക്കുന്നുണ്ട്. ഈ നോവല്‍, കെട്ടിയേല്‍പ്പിക്കപ്പെട്ട അപകര്‍ഷതാബോധത്തില്‍പെട്ടു കിടക്കുന്ന പാവം മനുഷ്യരുടെ കഥകൂടിയായിത്തീരുന്നത് ജാതിപ്രശ്‌നങ്ങളെ നേരായി വിലയിരുത്തിയതുകൊണ്ടുകൂടിയാണ്.
ഒരു ജാതിസമൂഹം സ്വീകരിക്കുന്ന ലോകവീക്ഷണത്തിന്റെ ശക്തമായ സൂചനകള്‍ 'തട്ടാന്‍വിള'യിലുണ്ട്. ഗാട്ടുകാരാറിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന യോഗങ്ങളെ ഇക്കരാറുകൊണ്ടു തന്നെ ഗതികെട്ടുപോകുന്ന ജനത പരിഹസിക്കുകയാണ്. 'ഇവിടെക്കെടെന്നെന്നും മുദ്രാവാക്യം വിളിച്ചോണ്ടിരുന്നാ ഇവിടെമെന്നും പട്ടിക്കാടായി തന്നെ കെടക്കും. നമ്മുടെ നാടിന് ഒരിക്കലും നന്നാവാന്‍ വിതിയില്ല.' എന്നാണ് പാവം സ്വര്‍ണ്ണപ്പണിക്കാരന്റെ കമന്റ്. രണ്ടായിരത്തിരണ്ടിലെ ജീവനക്കാരുടെ നീണ്ട പണിമുടക്കിനെ 'കള്ളക്കഴുവേറിടന്മാര്, എവമ്മാരൊയൊക്കെ ഒറ്റയടിക്ക് പിരിച്ചുവിടണം. കെടന്ന് തെണ്ടട്ട്' എന്നാണ് അവര്‍ പരിഹസിച്ചു തള്ളിയത്. എന്തും വാങ്ങാനും വില്‍ക്കാനും ഒരുക്കുന്ന സ്വതന്ത്ര ജനാധിപത്യ വിപണി ഒരുക്കുന്ന സമ്പ്രദായമാണ് വന്നുചേരുന്നതെന്ന് ജ്വല്ലറികളിലെ മേശിരിമാര്‍ ധരിച്ചു. ഒടുവിലവര്‍ തൊഴില്‍ നഷ്ടപ്പെട്ട് തെരുവിലലയുന്ന അവസ്ഥയുടെ കെട്ടകാഴ്ച എഴുത്തുകാരന്‍ ഉള്ളിലലിയും വിധം എഴുതിയിട്ടുണ്ട്.
'തട്ടാന്‍വിള'യില്‍ നിസ്വന്റെ പാടുംകേടും കിതപ്പും ചില ചെറുകുതിപ്പുകളുമാണുള്ളത്. രാത്രിയില്‍ ഉറഞ്ഞുതുള്ളി ദൈവമായിത്തീരുന്ന ബ്രഹ്മജ്ഞാനമൊന്നുമില്ലാത്ത പാവപ്പെട്ടവന്‍ പകലുളില്‍ വിയര്‍്പ്പും വിശപ്പുമായുഴലുന്നതിന്റെ ഹൃദയഭേദകമായ ഉദാഹരണമാണ് ഭഗവതി ആത്താള്‍ എന്ന ദുരന്തകഥാപാത്രം. ഉള്ളതിന്റെ ഉച്ചിയില്‍ നിന്നും കരിമ്പട്ടിണിയുടെ അവസ്ഥയിലെത്തി പലവട്ടം തൂങ്ങിമരിക്കാന്‍ ശ്രമിച്ച് പരിഹാസപാത്രമായി, അനുഭവിച്ചനുഭവിച്ച് ഒടുവില്‍ തൂങ്ങിമരണം കൊണ്ടവള്‍ എല്ലാം അവസാനിപ്പിക്കുന്നു. അവരുടെ മകന്‍ വേലായുധന്‍ മേശിരിയും തൂങ്ങിമരിക്കുകയാണ്. മറ്റുള്ളവന്റെ സങ്കടങ്ങളെ നാട്ടുകൂട്ടവും അധികാരികളും എത്ര നിസ്സാരമായാണ് കാണുന്നത് എന്നതിനുള്ള നല്ല ഉദാഹരണമാണ് ആ മരണരംഗവിവരണം. അതുപോലെ വായനക്കാരെ സ്പര്‍ശിക്കുന്ന ദുരന്തകഥാപാത്രങ്ങളാണ് രാജനും രാസാത്തിയും. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് വീട്ടിലെത്തിയ രാജന്‍, പെരിയപ്പാവും അപ്പാവും അകാലമരണം വരിച്ചതോര്‍ത്ത് മരണത്തെ മാറ്റിവച്ച് രാസാത്തിയോടൊപ്പം കിടക്കുന്നു. വെളുപ്പിന് അവള്‍ കിടുങ്ങതറിഞ്ഞ് ഉണര്‍ന്നു നോക്കിയപ്പോള്‍ അ്ത് ഒടുക്കത്തിന്റെ പിടച്ചിലായിരുന്നു. 'ഞാന്‍ കാത്തുവച്ച സയനൈഡ് അവള്‍ എാതുവിധത്തിലാണ് രുചിച്ചത്. ചവര്‍പ്പായിരുന്നോ? അതോ ഉപ്പോ?ആ മരണത്തിന്റെ സ്വാദ് എന്തായിരുന്നു? തിരുമണത്തിന് അവളിട്ടിരുന്ന ബ്ലൗസിന്റെ കക്ഷത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്ന മണം അവളുടേതായിരുന്നു. എനിക്കവളെ മണക്കാതിരിക്കാനാവില്ല. എത്ര തന്നെ വിഷമവും പ്രയാസങ്ങളുമുണ്ടായിരുന്നാലും ഉള്ളിലേയ്ക്ക് വലിച്ച ആ മണം മൂക്കില്‍ നിന്നും കാല്‍പ്പെരുവിരല്‍ വരെയെത്തുമ്പോള്‍ ഞാന്‍ ഉറങ്ങിക്കഴിയും.' ഇത്തരം വിഷാദച്ചുഴികളിലലയുന്ന മനുഷ്യരുടെ ജീവിതമാണ് ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും പച്ചജീവിതം ചെറുതെന്നോ വലുതെന്നോ ഉള്ള വേര്‍തിരിവുകളില്ലാതെ സൂക്ഷ്മമായി കോറിയിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് മറവിയുടെ വാതില്‍ ത്ള്ളിത്തുറന്ന് നമ്മെ അലോസരപ്പെടുത്തുന്ന പാവം ജീവിതങ്ങളുടെ ഇതിഹാസമായി 'തട്ടാന്‍വിള' നിലയുറപ്പിച്ചിരിക്കുന്നത്.
ദേശാഭിമാനി വാരിക 16 ആഗസ്ത് 2020
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ