പണിതീരാത്ത വായനാലയങ്ങള്‍
എന്റെ വായനശാലയെ കുറിച്ചാരെങ്കിലുമാരാഞ്ഞാല്‍ ഞാനെന്തു പറയും? പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു വിഷയമാണ്. ഏതാണെന്റെ ഗ്രന്ഥശാല? എനിക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കിയതോ, മഹത്പാഠങ്ങളെ തുറനുവദിച്ച് പഠനത്തിനു കൂട്ടുനിന്നവയോ? അതോ ജോലിയെടുത്ത പതിന്നാലിനുമേലെണ്ണമുള്ള ലൈബ്രറികളാണോ? മലയാള നാടെമ്പാടും പരന്നു കിടക്കുന്ന അവയിലേതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്, വിശദീകരിക്കേണ്ടത്? ഭൂലോക ലൈബ്രറികള്‍ മായാലൈബ്രറികളായി (വിര്‍ച്ച്വല്‍ ലൈബ്രറികള്‍) സംക്രമിക്കുന്ന കാലത്ത് ഇതേ ചോദ്യം നാളെയൊരു വായനക്കാരന്‍ എങ്ങനെ അഭിമുഖീകരിക്കും? അതും ചിന്തനീയമാണ്.
ഏതാണെന്റെ ഗ്രന്ഥശാല? പ്രൈമറി ക്ലാസ്സു മുതല്‍ വീട്ടപുസ്തകശാലയൊരുക്കാന്‍ തുടങ്ങിയിട്ടും പണിതീരാതെ വീടുമുഴുവനും ചിതറിക്കിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍. അതല്ല. ആദ്യമായി അംഗത്വം നല്‍കി വരിക്കാരനാക്കിയ നെടുമങ്ങാട് മുന്‍സിപ്പല്‍ ലൈബ്രറി, പഠന സഹായികളായി കൂട്ടുനിന്ന കോളേജ് ലൈബ്രറികള്‍, തിരുവനന്തപുരത്തെ മഹത് പുസ്തകാലയങ്ങള്‍, ഒന്‍പതാം ക്ലാസ്സില്‍ വച്ച്പുസ്തകങ്ങളെ തരംതിരിക്കാനും ക്രമത്തില്‍ തിരിച്ചടുക്കി വയ്ക്കാനും അവസരം തന്ന നെടുമങ്ങാട് ബി.എച്ച്.എസ്. സ്‌കൂള്‍ ലൈബ്രറി മുതല്‍ കണ്ണുരിന്റെ അങ്ങയറ്റത്തു പരിയാരം വരെ ചെന്നു ജോലി ചെയ്ത കലാലയ പുസ്തകാലയങ്ങള്‍? ഇതിലേതു പെരുമയെയാണ് പ്രഥമസ്ഥാനത്ത് നിര്‍ത്തേണ്ടത്? ഒന്നുണ്ടു തീര്‍ച്ച. എനിക്കെല്ലാം കിട്ടിയത് പുസ്തകങ്ങളില്‍ നിന്നും ഗ്രന്ഥശാലകളില്‍ നിന്നുമായിരുന്നു. ജീവിതവും സമ്പാദ്യവും എല്ലാമെല്ലാം തന്നത് പുസ്തകങ്ങളും അവയുടെ ആലയങ്ങളുമാണ്.
മൂന്നാംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ലൈബ്രറി കാണാന്‍ സൗഭാഗ്യമുണ്ടായി. അതെന്റെ ലൈബ്രേറിയനമ്മാവന്‍ ഒരുക്കിത്തന്ന അവസരമായിരുന്നു. ആ കാഴ്ച കണ്ണില്‍ നിന്നും ഇന്നും മാഞ്ഞിട്ടില്ല. നറുങ്ങു പിറുങ്ങിണികള്‍ മുതല്‍ തലയില്‍ വീണാല്‍ ചത്തുപോകുന്ന തരത്തിലുള്ള തടിയന്‍ ഗ്രന്ഥങ്ങള്‍ വരെ. പുസ്തങ്ങള്‍ക്ക് ഒരു കൊട്ടാരവീട്! ഏതു കുട്ടിയാണ് അതിശയപ്പെടാതിരിക്കുക? ഗ്രന്ഥശാലകള്‍ എണ്ണപ്പെടേണ്ട സ്ഥാപനങ്ങളാണ് എന്ന തോന്നല്‍, അവിടത്തെ അടുക്കും ചി'ട്ടയുമാണ് കൊതിപ്പിച്ച മറ്റൊരു സംഗതി്.
തീരാസങ്കല്പങ്ങളുടെ വന്‍കെട്ടാണ് ആ ഒരൊറ്റ യാത്ര മനസ്സിലിട്ടു തന്നത്. ഞാനതിനു സ്വാഭാവികമായി ഏറെ നാള്‍ മനസ്സിലിട്ടാവി കയറ്റി പെരുപ്പിച്ചു നിര്‍ത്തി. അതു നല്‍കിയ പാകമായ പുസ്തകക്കൊട്ടാര സങ്കല്പച്ചിന്തുകളെ വരുതിയില്‍ നിര്‍ത്തി അല്പാല്പമായി ഇടയ്ക്കിടെ എടുത്തു നുണഞ്ഞു. മറ്റൊരു തിരുവനന്തപുരം പോക്കില്‍ക്കണ്ടത് ബ്രിട്ടീഷ് ലൈബ്രറിയെ. അവിടെയാണ് ഞാന്‍ നിശ്ശബ്ദ വായനയുടെ മാന്ത്രിക തന്ത്രികള്‍ പരുകിടക്കുന്നത് ആദ്യമായി അനുഭവിച്ചത്. ആ വായനാവീട്ടിലെ വായനാത്തളത്തില്‍ കൂടിയിരുന്ന കുട്ടികളുടെ കൈയില്‍ പന്തും കുട്ടിയും കോലുമായിരുന്നില്ല ഉണ്ടായിരുന്നത്. എന്റെ സമപ്രായക്കാരയവര്‍ സോഫായില്‍ ചാഞ്ഞിരുന്നു എല്ലാം മറന്നു വായിക്കുന്നു. മൗനവായന. കൂട്ടായ വായനയുടെ അദ്ധാനവും അതില്‍ നിന്നുള്ള ഊര്‍ജ്ജാവേശവും ആദ്യമായി കാണുകയാണ്. ഈ വായന എന്ന പ്രക്രിയ ക്ലാസ്സിലും മറ്റാരും കാണാതെ വീട്ടില്‍ ഒതുക്കാനുമുള്ളതല്ല എന്ന തിരച്ചറിവ്, ഈ ശീലത്തെ അനുകരിച്ചാല്‍ ഗുണപ്പെടും എന്നുമുള്ള ധാരണയുമായിട്ടാണ് തിരിച്ചുപോയത്. ഞാന്‍ സൂക്ഷിക്കുന്ന വലിയ ആഗ്രഹങ്ങളിലൊന്ന് നമ്മുടെ എല്ലാ സ്‌കൂള്‍കുട്ടികളെയും ഇത്തരത്തിലുള്ള പുസ്തകക്കൊട്ടാരങ്ങളിലേയ്ക്കാണ് അധ്യാപകര്‍ പഠനയാത്രയ്ക്ക് കൊണ്ടുപോകേണ്ടത് എന്നുള്ളതാണ്. മുതിര്‍ന്നവര്‍ ഓരോ പുസ്തകത്തെയും ഈ ലോകത്തിലെ വിജ്ഞാനവൈപുല്യത്തെയും കുറിച്ച് കുട്ടികളോട് സംസാരിക്കട്ടെ!
അത്യാവശ്യം പത്രമാസികള്‍, പുസ്തകങ്ങള്‍ എന്നിവ ചെറുപ്പം മുതല്‍ പരിചയിച്ചിതിനാലും വീട്ടിലെ മുതിര്‍വര്‍ പുസ്തകശേഖരങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന നിരീക്ഷിച്ചറിഞ്ഞതില്‍ നിന്നുമാവേശപ്പെട്ട് കൈയിലുള്ള റഷ്യന്‍നാടോടിക്കഥയും നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം, മാലിഭാരതം, ചില്ലറ ബഷീര്‍, എംടി (നിരോധിച്ച വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്നതുമുള്‍പ്പെട്ടു) കൃതികളെ കൂട്ടിവച്ച് ഒരു ഗ്രന്ഥാലയ നിര്‍മ്മിതി ഒരലമാരിയുടെ താഴെത്തട്ടില്‍ ചെയ്തു. അതായിരുന്നു വലിയലോകമെന്നു കരുതുകയും കുറേ നാളുകള്‍ അതിന്റെ വൈപുല്യത്തിനായി ആവേശപ്പെടുകയും ചെയ്തു. അതിനു അണ്ണാന്‍കുഞ്ഞു ലൈബ്രറിയെു പേരിടണമായിരുന്നു.
അലമാരയുടെ മുകള്‍ത്തട്ടിലേയ്ക്ക് പുസ്തകാലയത്തിനെ വളര്‍ത്തണം. നിരവധി ശ്രമങ്ങള്‍. എട്ടാം ക്ലാസ്സില്‍വച്ച് നെടുമങ്ങാടു കച്ചേരി നടയില്‍ ആലിന്‍ ചുവട്ടില്‍ തറയില്‍ വിരിയിട്ടിരുന്ന അന്ധനായ, കുപ്പായമിടാത്ത ഒരു കുട്ടിയോളം മെലിഞ്ഞ ആ പുസ്തക വിലപ്നക്കാരനില്‍ നിന്നും വിക്രമാദിത്യന്‍ കഥകള്‍ വാങ്ങിയതും അതിപ്പോഴും കൈവശമുള്ളതും ഓര്‍ത്തുപോകുന്നു. കച്ചേരിമുക്കിലെ പഴയ പാഠപുസ്ത വില്പക്കാരനായ ശങ്കുണ്ണി നായരുടെ കടയില്‍ നിന്നും (കടയ്ക്ക് മൂക്കിപ്പൊടി വാസനയായിരുന്നു ഉണ്ടായിരുന്നത് എന്നാണോര്‍മ്മ) നയാപ്പസാ വിലയ്ക്ക് അന്നേ ഉറകുത്തിയ പുസ്തക്കക്കൂട്ടിത്തിലെ കാരൂരിന്റെ ബാലചന്ദ്രനെ സമ്പാദ്യമാക്കിയതും വലിയ പുസ്തകാനുഭവമായി കരുതണം. അതിനു തുടര്‍ച്ചയിടണ്ടേ! കാലുറച്ചു കുഞ്ഞു ശമ്പളക്കാരനയപ്പോള്‍ ഞാനാദ്യം തുടങ്ങിയത് എന്‍.ബി.എസ്സിലെ 'ബിസ്- രണ്ട്' എന്ന പുസ്തക സമ്പാദ്യച്ചിട്ടിയായിരുന്നു. വരികയും പോകുകയും ചെയ്യുമ്പോള്‍ സെക്രട്ടറിയേറ്റിനു നേര്‍മുിലെ നാഷണല്‍ ബുക്സ്റ്റാളില്‍ വെറുതെ കയറി ശ്വാസമെടുക്കുന്ന ശീലവും അന്നു മുതല്‍ തുടങ്ങി.
ഒരു വലിയ സൗഹൃദത്തില്‍ നിന്നാണ് നെടുമങ്ങാട് മുന്‍സിപ്പല്‍ ലൈബ്രറിയിലെ അംഗത്വത്തിന് പോകുന്നത്. അവിടെ 'കോണ്ടിക്കിയാത്ര' എന്നൊരു സവിശേഷ പുസ്തകമുണ്ടെന്നും ആദിമനുഷ്യരുടെ അതിശയകരമായ കടല്‍യാത്രയുടെ പുനരാവിഷ്‌കരണമാണതില്‍ വിവരിച്ചിരിക്കുന്നതെന്നും ഒന്‍പതാം ക്ലാസ്സു സഹപാഠി പറഞ്ഞപ്പോള്‍ എനിക്കുമതു വേണം, ഇത്തരം വായനകള്‍ അയാള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനും അങ്ങനെ അറിവും ആ വായനാനുഭവവും പകര്‍ന്നെടുക്കാനാണ് ഞാനാദ്യമായി ലൈബ്രറി അംഗത്വമെടുത്തത്. (ഐ.എസ്.ആര്‍.ഒ. യില്‍ അതിശയ ആകാശ വിസ്മയങ്ങള്‍ ഒരുക്കുന്ന ഒരുയര്‍ന്ന ശാസ്ത്രജ്ഞാനാണിപ്പോള്‍ ആ സുഹൃത്ത്).
ഒരൊറ്റ പുസ്തകത്തിനായി തുടങ്ങിയ ശീലം പെട്ടെന്നു വീശിപ്പടര്‍ന്നു വളര്‍ന്നു. നാലുനാലുവച്ച് എട്ടു കിലോമീറ്റര്‍ വീതം കാലത്തും വൈകിട്ടും അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഓരോ ബാലസാഹിത്യ ഗ്രന്ഥമെടുത്ത് വീട്ടില്‍ കൊണ്ടുപോയി അന്നു തന്നെ വായിച്ചു തിരികെ മടക്കിയതാണ് മറ്റൊരു കുട്ടിക്കാല വായനോര്‍മ്മ. ആദ്യമായി ഇറ്റുവീണ തോര്‍ഹയര്‍ദാലിന്റെ 'കോണ്ടിക്കിയാത്ര' യേക്കാള്‍ മഹത്തായ ഒരു വായനാനുഭവമാണ് ഞാനിപ്പോഴും തേടുന്നത്. വായനയെ കുറിച്ച് ആരോടും മിണ്ടാനില്ലാത്ത മൗനക്കാലമാണിതെന്നും തിരിച്ചറിയുന്നു. തൊട്ടുതീര്‍ക്കാന്‍ പോലുമാവാതെ വായനാസാമഗ്രികള്‍ തറയിലും ഷെല്‍ഫിലും എന്തിനു ഡിജിറ്റല്‍ നാരുംവള്ളികളുമായി വായുവിലും അതങ്ങനെ പടര്‍ന്നു കിടക്കുന്നു. മുബൈല്‍ വഴി ഏതു ഗമണ്ടന്‍ ഗ്രന്ഥശാലയുമായി സ്ഥലസമയ തടസ്സങ്ങളെ ഭേദിച്ച് അന്തരീക്ഷ ബന്ധത്തിലൂടെ ഇരിപ്പിടിത്തിലിരുന്ന് തൊടാനുമെളുപ്പം. എഴുത്തും വായനയുമില്ലാത്ത ആളുകളുമില്ല. എന്നാലോ വായിച്ച പുസ്തകത്തിനെ കുറിച്ച് രണ്ടുവാക്ക് പങ്കിടാന്‍ നേരത്ത് പാരായണ പ്രേമികള്‍ എവിടെയോ ഒളിച്ചിരിക്കുന്നതായി കരുതാനാണ് ഞാനിഷ്ടപ്പെടുന്നത്.
കരുപ്പൂര് അപ്പര്‍ പ്രൈമറി സ്‌കൂളിലെ ഓഫീസ് മുറിയില്‍ കയറിക്കടന്ന അവസരങ്ങളില്‍ പുസ്തകക്കൂട്ടങ്ങളില്‍ നിന്നും അഴകനും പൂവാലിയും എല്ലാം ബ്ലാക്ക് ആന്റു വൈറ്റു കാലത്തു കളര്‍ പുസ്തകങ്ങള്‍ കണ്ടതും അതേപോലൊരെണ്ണം രൂപപ്പെടുത്താന്‍ എനിക്കൊരിക്കലം കഴിയില്ല. എന്നു തീരുമാനിച്ചതും ഇന്നോര്‍ക്കാന്‍ രസമുണ്ട്. വായനാവഴികള്‍ തെരയുമ്പോള്‍ ഹൈസ്‌കൂള്‍ ലൈബ്രറിയില്‍ നിന്നാണ് ലൈബ്രറി മണത്തെ തിരിച്ചറിയുന്നത്. തുറക്കാത്ത അലമാരകളിലെ പുസ്തകങ്ങളുടെ ആ അമ്ലഗന്ധം അതിപ്പോഴും...
ഒഴിവു വേളകളിലെ പൊടിതീറ്റപ്പണിക്കു പകരമായി ഫ്രാന്‍സിസ് സാര്‍ (ഫിസിക്‌സ്) വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കിയതും. ആ വാഗ്ദാനത്തില്‍ വല്ലാതെ ഭ്രമിച്ച് എാറ്റവും വലുതായ 'പാവങ്ങള്‍' ഞാനെടുത്തതും പൂര്‍ത്തിയാക്കാതെ തളര്‍ന്നതും. പിന്നീട് ജീവിതത്തിലൊരിക്കലും പാവങ്ങള്‍ വായിക്കാന്‍ താല്പര്യപ്പെടാത്തതും പുറത്തു പറയാത്ത രഹസ്യമാണ്. ഫ്രാന്‍സിസ് സാറിന്റെ കര്‍ശന നിര്‍ദ്ദേശാനുസരണം വായനാക്കുറിപ്പെഴുതാന്‍ എന്തിനാണ് ഞാന്‍ സ്യമന്തകമണി മോഷണത്തിന്റെ കഥ പറഞ്ഞ ആ ചെറിയ ഇംഗ്ലീഷ് പുസ്തകം തെന്നയെടുത്തു? മുന്നിലെ വഴിധാരണകളും സൂചനകളും ഉള്ളറിയാതെ മുളയെടുക്കുന്നതിനാലാണോ? അമ്മയുടെ നിര്‍ദ്ദേശാനുസരണം വീട്ടുഗ്രന്ഥാലയത്തിലെ മാര്‍ത്താണ്ഡവര്‍മ്മയെ എടുത്തു തുറന്നതും കടിച്ചാല്‍പ്പൊട്ടാത്തതെന്നു കരുതി അന്നേ താഴെയിട്ടു. നാല്പ്പതിയഞ്ചാം വയസ്സില്‍ സൗകര്യം കിട്ടിയപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മയെ പിടിച്ചു നിര്‍ത്തി കീഴ്‌പ്പെടുത്തി. ഇനി പാവങ്ങളും വായിക്കണം... അതിനുമൊരു വാശിയുണ്ടാവട്ടെ! ഓരോ വായനയും വാശിയുടെയും കൊതിയുടെയും ഉപോത്പവുമാണ്.
ഗ്രന്ഥാലയ സഹായത്തോടെ നടത്തേണ്ട ഗൗരവതരമായ പഠനവായന തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ പ്രീഡിഗ്രിപഠന കാലത്ത് സംഭവിച്ചു. അന്നത്തെ കോളേജ് ലൈബ്രേറിയനെ ഏതോ ഓണപ്പതിപ്പു താളില്‍കണ്ട കവി കെ.ജി.ശങ്കരപ്പിള്ളയായി മാറിദ്ധരിച്ചതും വായനാവഴിയില്‍ വന്നുകൂടിയ തെറ്റിദ്ധാരണയില്‍ നിന്നാണ്. എന്തുകൊണ്ടാണ് സോവിയറ്റു കള്‍ച്ചറല്‍ സെന്ററില്‍ പോകാത്തത്? അതറിയില്ല.
ആയിരത്തിതൊള്ളായിരത്തി എഴുപത്തിയെട്ടില്‍ തുടങ്ങിയ കേരള യൂണിവേഴ്‌സിറ്റി ലൈബ്രറിയുമായുള്ള ബന്ധം ഏതാണ്ട് പന്ത്രണ്ടാണ്ട് കോട്ടയ ജീവിതകാലമൊഴിച്ചാല്‍ ഇപ്പോഴും തുടരുന്നു. അനന്തപുരത്തെ ഏറ്റവും വലിയ ആരാധാനലായം ഏതാണെു ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പറയും. എന്റെ ശ്രീകോവില്‍ കേരളാ യൂണി. ലൈബ്രറിയാണെന്ന്. തിരുവനന്തപുരത്തിന്റെ സുപ്രധാന നഷ്ടങ്ങളാണ് യു.എസ്.ഐ.എസ്.ലൈബ്രറി, റഷ്യന്‍ ലൈബ്രറി, ബ്രിട്ടീഷ് ലൈബ്രറി എന്നിവകളുടെ കാലത്തിനു തിരികെ നല്‍ക്കാനാവാത്ത തിരിച്ചുപോക്ക്. തീരാത്ത വായനക്കൊതിയുടെ തുടര്‍ച്ച തേടിയാണ് പെന്‍ഷനായതിനു ശേഷം ഞാന്‍ തിരു. പബ്‌ളിക് ലൈബ്രറിയി അംഗത്വമെടുത്തതും. പണ്ടുപണ്ടേ വിരല്‍ചൂണ്ടിവച്ച പുസ്തകങ്ങളെടുത്തു വായിക്കാന്‍ തുടങ്ങിയതും. ഈ വായനയിങ്ങനെ ഒഴുകട്ടെയെന്നതാണ് വലിയ ആഗ്രഹം.
കഴിഞ്ഞ കാലത്ത് കണ്ടുംകേട്ടും പരിചയിച്ച മഹാഗ്രന്ഥങ്ങളെ ഒരോന്നായി വായിച്ചു തീര്‍ക്കണം. വിവിധ താരാപഥങ്ങളില്‍ ഈ ലോകത്തു മുഴുവന്‍ ചിതറിയ ഭാഷാവിഷയ വൈവിധ്യഗ്രന്ഥങ്ങള്‍. അവയിലൊരെണ്ണത്തില്‍ തൊടുന്ന മാത്രയില്‍ ഉള്ളടക്കം തലച്ചോറില്‍ തരിപ്പിക്കുന്ന സംവിധാനം! അതു ഭാവിയില്‍ സംഭവിച്ചു കൂടെന്നില്ല. അച്ചൂകൂടങ്ങളില്‍ നിന്നിറങ്ങിപ്പോയ പുസ്തകങ്ങള്‍ അവ ബൈനറി ഡിജിറ്റു സങ്കീര്‍ണ്ണതയോടെ സ്ഥലരാശി തടസ്സങ്ങളെ മുഴുവനും ഭേദിച്ച് ലളിത രൂപത്തില്‍ പ്രത്യക്ഷമായ അനുഭവം മുന്നിലുണ്ടല്ലോ.
വായന ആത്മപോഷണത്തിനു മാത്രമല്ല. എനിക്ക് മാര്‍ക്കും തൊഴില്‍ നേട്ടമാകുകയും ചെയ്തു. ഗ്രന്ഥശാലാവിചാരിപ്പു പണിയൊരു മാന്യവേലയാണെ ധാരണ പടരാന്‍ കൗമാര യൗവനങ്ങളില്‍ നേടിയ അനുഭവങ്ങള്‍ ധാരാളമായിരുന്നു. അതിനാല്‍ എം.എസ്.സി. കഴിഞ്ഞ് കൂടുതല്‍ ആലോചിക്കാതെ ഗ്രന്ഥാലയ ശാസ്ത്രം പഠിക്കാന്‍ കേരള യൂണിവേഴ്‌സിറ്റിക്കു പോയി. അതുമൊരു വായനാ വഴിവെട്ടലായിരുന്നു.
വിരുന്നുപോയവന്റെ വായന
വായനക്കാരനില്‍ നിന്നും വായനശാലയൊരുക്കുകാരനിലേയ്ക്കുള്ള സംക്രമണ പാഠശാലയുമുണ്ടായിരുന്നത് പുസ്തകങ്ങള്‍ക്കിടയിലാണ്. കേരള യൂണി. ലൈബ്രറിയുടെ മുകള്‍ നിലയിലെ ലൈബ്രറി സയന്‍സ്ബിരുദ ക്ലാസ്സുമുറിയില്‍ വച്ച് പുസ്തക സങ്കല്പങ്ങള്‍ മാറിമറിഞ്ഞു. ലൈബ്രറി ചിട്ടപ്പെടുത്തലിനു കമ്പ്യൂട്ടര്‍ ഉപയോഗിക്കാം. സിഡിറോമെന്നൊരു സംഗതിയുണ്ട്. ഡാറ്റാബേസുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. എന്നൊക്കെ മാത്രം മനസ്സിലാക്കിയ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയാറു എണ്‍പത്തിയേഴു കാലത്തിന്റെ തുടര്‍ച്ചയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കൊടുങ്കാറ്റില്‍ ലൈബ്രറികള്‍ക്കുണ്ടായ രൂപമാറ്റങ്ങള്‍ അടുത്തു കാണാനായത് വായനയെയും ഒപ്പം കൂട്ടിയ ശീലത്തിനാലുമാണ്. നാല്പതിലേറെ വര്‍ഷങ്ങള്‍. യുണി. ലൈബ്രറി എനിക്ക് വായനയും പാഠശാലയുമൊരുക്കി നല്‍കിയപ്പോള്‍ പഠനത്തിന്റെ രണ്ടാം വരവില്‍ എം.എല്‍.ഐ.സി.ക്ക് ഞാനൊരു റാങ്കും കരസ്ഥമാക്കി.
ജോലിയിലിരിക്കെ എം.ജി.യൂണിവേഴ്‌സിറ്റിയിലെ സൗഹൃദങ്ങള്‍ ചൂണ്ടിക്കാട്ടിയ പുസ്തകളിലൂടെ സാഹിത്യവായനക്കുറവ് നീക്കി. മലയാളം വിട്ടുള്ള പുസ്തകലോകത്തിലേയ്ക്ക് കിളിവാതില്‍ തുറന്നതും. 'വലിയ വായനക്കാര്‍' ലൈബ്രറിയിലെ റിട്ടേണ്‍ കൗണ്ടറില്‍ തിരികെ മടക്കുന്ന പുസ്തകങ്ങളെടുത്ത് പാരായണശീലത്തിനെ തീവണ്ടി, വാടകമുറികളിലേയ്ക്ക് നീട്ടാനും കഴിഞ്ഞു. സുഹൃത് ബന്ധങ്ങള്‍ വായനാത്വരകങ്ങളാണ്. ഒന്നല്ല. അതു പത്തുമാവണമെന്നില്ല. പുസ്തകങ്ങള്‍ക്കൊപ്പം സൗഹൃദങ്ങള്‍ മേമ്പൊടിയിടുമ്പോള്‍ വായനാനുഭവം വിപുലമാകുന്നു. വായിച്ച വരികള്‍ക്കിടയില്‍ ഇരുകണ്ണുകളും കാണാതെ വിട്ടതൊക്കെ പരസ്പര സംവാദങ്ങള്‍ വെളിപ്പെടുത്തി കുറവുതീര്‍ക്കുന്നു. .
വിവിധജാതി സ്‌പെഷ്യല്‍, അക്കാദമിക് ലൈബ്രറികളില്‍ ലക്ഷക്കണക്കിനു പുസ്തകങ്ങള്‍, അവയെ കൂട്ടുപിടിച്ച് അതീവ പ്രതിഭകളുടെ തലച്ചോറുകള്‍ക്ക് ഊണൊരുക്കാന്‍ കഴിഞ്ഞ ജോലിയൊരു സൗഭാഗ്യമായിരുന്നു. ഞാനെന്റെ പണിശാലകളിലെ വായനാനുഭവവുമായി ഒരു പൊട്ടുപോലും വിടാതെ അതിനെയെല്ലാം കൂട്ടിക്കെട്ടുന്നു. സ്വന്തശേഖത്തിലെ പുസ്തകങ്ങളും വാരികകളും അവരുടെ റിസര്‍ച്ചിനു വിട്ടു കൊടുത്തു. ഞാനെഴുതിയവയും വായനക്കാര്‍ക്ക് വായ്പകൊടുക്കാനുള്ള അവസരം കൂട്ടത്തില്‍ ലഭ്യമായത് എഴുത്തുകാരനെ ലൈബ്രേറിയനുമായി കൂട്ടിക്കെട്ടിയ കുസൃതിയായി കരുതട്ടെ'! നിസ്വാര്‍ത്ഥരായ, ആത്മാര്‍ത്തതയുടെ പര്യായങ്ങളായ നിരവധി ഗ്രന്ഥശാല പ്രവര്‍ത്തകരോട് സഹവസിച്ചതിനാലും അവരുടെ അറിവിനെയും സേവനതല്പരതയെയും തൊട്ടുനിന്നു കൊതിച്ചതിനാലും ഒരു മാത്രപോലും അതിശയകരമായി ജോലിചെയ്തു എന്നവകാശപ്പെടാന്‍ തോന്നുന്നതേയില്ല. അതിനു ധൈര്യവുമില്ല.
വെളുക്കുവോളം ഉറക്കമൊഴിഞ്ഞ് ദേഹണ്ഡപ്പുരയില്‍ വിഭവങ്ങളൊരുക്കുന്ന പാചകക്കാരനെ ഓര്‍മ്മിച്ചു പോകാറുണ്ട്. ഉണ്ടല്ല. സദ്യകണ്ടും കഴിക്കുന്നവന്റെ രുചിതൃപ്തി കണ്ടുംകേട്ടും നുണഞ്ഞറിഞ്ഞും കൊതിയാറ്റാന്‍ വിധിക്കപ്പെട്ട തൊഴില്‍ സമൂഹങ്ങള്‍ അനവധിയുണ്ട് അതില്‍പ്പെടുവനാണ് ഗ്രന്ഥലായ വിചാരിപ്പുകാരനും. പുസ്തക അടുക്കളകളില്‍ വച്ചെന്തുചെയ്യാനാവും? എപ്പോഴാണ് ഇക്കണ്ടതു മുഴുവനും വായിച്ചു തീര്‍ക്കാനാകുക? വായനക്കാരനെ നിലയില്‍ ഭാവിയിലേയ്ക്ക് കരുതലെടുക്കേണ്ട പുസ്തകങ്ങളെ കുറിച്ചൊരു ധാരണയും രൂപപ്പെടുത്താന്‍ ഗ്രന്ഥാലയങ്ങള്‍ അവസരം നല്‍കി.
വായനക്കാരനെ കരുതലെടുത്തുള്ള ജനകീയ ജോലിയായതിനാല്‍ തീരെ സങ്കുചിതമായ സര്‍വ്വിസ് ചട്ടങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കാന്‍ സാധ്യത നല്‍കുന്നതാണ് ലൈബ്രേറിയന്‍ഷിപ്പ്. അങ്ങനെ അത്യപൂര്‍വ്വ സൗഹൃദങ്ങളുടെ പകര്‍ന്നാലും തീരാത്ത ബന്ധങ്ങള്‍ നേടിയെടുക്കാനും ഗ്രന്ഥശാലകള്‍ സഹായിച്ചു. നക്ഷത്രക്കണ്ണുള്ള, തെളിമനമുള്ള എത്രായിരം വായനക്കാരെ മലയാളനാട്ടിലെ വിവിധ ഗ്രന്ഥാലയങ്ങള്‍ എനിക്കു മിത്രങ്ങളായി തന്നു. അക്കൂട്ടത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സും, തിരുവനന്തപുരം കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ലൈബ്രറിയും ചങ്കിനുള്ളില്‍ കുടിവയ്പിച്ച വായനക്കാരുടെ നീണ്ടനിരയൊരുക്കി സമ്പന്നനാക്കി.
കേരളനാടിന്റെ ഏതു കോണിലും മിത്രസമ്പാദ്യത്തിനും മഹത്തായ വായനമുറികള്‍ സഹായിച്ചതായി കരുതട്ടെ! തെക്കന്‍ തിരുവിതാംകൂര്‍, മധ്യകേരളം, വള്ളുവനാട്, വടക്കേ മലബാര്‍ അങ്ങനെ സാംസ്‌കാരിക കേരളത്തിന്റെ വൈവിധ്യ വിനിയമങ്ങള്‍ സ്വായത്തമാക്കാനും ഈ പരന്നുള്ള ലൈബ്രറി ജീവനമവസരമുണ്ടായി എന്ന സന്തോഷത്തെയും ചേര്‍ത്തു പിടിക്കുന്നു.
വേളിമലയിലെ വി.എസ്.എസ്.സി. ലൈബ്രറിയിലെ അപ്രന്റീസായി തുടങ്ങി, തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനീയറിംഗിലെ ചീഫ് ടെക്‌നിക്കല്‍ ലൈബ്രേറിയന്‍ വരെയുള്ള മുപ്പതാണ്ട് കാലത്ത് മിച്ചനേരങ്ങളില്‍ എഴുതാനുള്ള ആശങ്ങളെയവ നീട്ടിത്തു. നേര്‍രേഖീയ ജോലിയിടം മാത്രമായിരുന്നില്ല വായനശാലകള്‍. വായിക്കാനെത്തിയവരും എഴുത്തിനു ജീവന്‍ നല്‍കാന്‍ ഉതകിയെതും മറ്റൊരു അനുഭവം.
അങ്ങനെ പ്രതേ്യകിച്ചൊരു ലൈബ്രറിയില്‍ ചുരുങ്ങാതെ, ഒന്നു മാത്രമായി മുന്നിലില്ലാതെ, എന്നാല്‍ സര്‍വ്വാംഗവും പുസ്തകങ്ങളെക്കൊണ്ടു വളര്‍താണ് എന്റെ വായനാലോകം. വായിച്ചതൊന്നും ഓര്‍ക്കരുതേ അവ തരിമ്പും മനസ്സില്‍ക്കയറി എഴുത്തില്‍ കുരുങ്ങരുതേ! അതു കടലാസിലെ ആവര്‍ത്തിതാക്ഷര ആശയങ്ങളായി മാറരുതേയെന്ന പ്രാര്‍ത്ഥനയാണ് എഴുതാനിരിക്കുമ്പോള്‍.
എഴുത്തും വായനയ്ക്കും വില കല്പിക്കുന്നവര്‍ക്കു മുന്നില്‍ വായിക്കാനായി വിരുന്നുപോയവന്റെ തീരെച്ചെറിയ പുസ്തകാനുഭവങ്ങള്‍ മാത്രമാണിത്. മായാമറവിയായി ഈ ഭൂമിയിലെല്ലാം മാറിക്കൊണ്ടിരിക്കുമ്പോള്‍ മാഞ്ഞുപോകു വഴികളിലേയ്ക്ക് ഒരു പെന്‍ടോര്‍ച്ചുമായി വന്ന് അതു തെളിച്ചു തിരിഞ്ഞു നോക്കുതു മാത്രമാണി കുറിപ്പിന്റെ ഉദ്ദേശ്യം.
ഗ്രന്ഥാലോകം 2020 നവംബര്‍
2 comments:
നല്ല അനുഭവക്കുറിപ്പ്!
ആഴത്തിലുള്ള വായന എഴുത്തിലും പ്രതിഫലിക്കുന്നുണ്ട്. ആശംസകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ