2020, നവംബർ 3, ചൊവ്വാഴ്ച

ഡോ.എസ്. എസ്. ശ്രീകുമാര്‍ തട്ടാന്‍വിള S S Sreekumar




ആഗോളീകരണ ലോകനീതിക്കെതിരെ പ്രാദേശികാനുഭവങ്ങളുടെ കലാപം

രണ്ടായിരത്തി പത്തില്‍ പ്രസിദ്ധീകരിച്ച ത്രുടി എന്ന നോവലിലൂടെയാണ് പി കെ സുധി എന്ന എഴുത്തുകാരന്‍ എന്റെ സജീവശ്രദ്ധയിലേയ്ക്ക് കടന്നുവരുന്നത്. അതിനുമുമ്പു തന്നെ 'ആകാശത്തിലെ നിരത്തുകള്‍' എന്ന കഥാസമാഹാരം ഞാന്‍ 'ഇന്ത്യാടുഡേ' മലയാളത്തിനു വേണ്ടി നിരൂപണം ചെയ്യുകയുണ്ടായി. കാലത്തിനെ ദാര്‍ശനികമാനങ്ങളോടെ കാണുകയും അതോടൊപ്പം തന്നെ കര്‍മ്മചന്ദ്രന്‍ പിള്ളയെ വാച്ച് മെക്കാനിക്കിന്റെ അനുഭവസമ്പൂര്‍ണ്ണവും വ്യതിരിക്തവുമായ ജീവിതത്തോട് ആ പ്രമേയത്തെ ഇഴചേര്‍ക്കുകയും അതേ അവസരത്തില്‍ത്തന്നെ അതിദക്ഷിണകേരളത്തിന്റെ പ്രാദേശികസംസ്‌കാരത്തിന്റെ കണ്ണാടിയായിത്തീരുകയുംചെയ്ത അസാധാരണത്വം എന്നെ ആകര്‍ഷിച്ചു. നോവലിലെ ആഖ്യാതാവായ സുരന്‍ എന്ന പത്രപ്രവര്‍ത്തകന്റെ കര്‍മ്മചന്ദ്രന്‍ പിള്ളയുമായി ബന്ധപ്പെട്ട ബാല്യാനുഭവങ്ങളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായുള്ള പില്‍ക്കാലബന്ധങ്ങളും ആ നോവലിനെ സജീവമാക്കിയിരുന്നു. നോവലിന്റെ അന്ത്യത്തിലെ പിന്നാക്കം ചലിക്കുന്ന ഘടികാരം എന്ന സുധിയുടെ സങ്കല്പം മലയാളനോവലില്‍ പിന്നീട് ആവര്‍ത്തിക്കുകയുണ്ടായിട്ടുണ്ട്. അത് 'ത്രുടി'യുടെ ബഹ്വര്‍ത്ഥനിര്‍ഭരതയെ ഉദാഹരിക്കുന്നു. എന്നാല്‍ ഏകനായകകേന്ദ്രിതമായ ആ നോവലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി സാധാരണ മനുഷ്യജീവിതങ്ങളെയും അവയുടെ പ്രതിജനഭിന്നതയും ആവിഷ്‌കരിക്കാനാണ് പുതിയ നോവല്‍ ശ്രദ്ധവയ്ക്കുന്നത്. ഇതില്‍ സാമ്പ്രദായിക രീതിയിലുള്ള നായികാനായകന്മാരോ അവരെ കേന്ദ്രീകരിക്കുന്ന കഥാഗതിയോ പ്രധാനമാകുന്നില്ല. ഇതിന്റെ ദേശകാലയുഗ്മം (Chronotope) അതിദക്ഷിണ കേരളത്തിന്റെ അറുപതുകള്‍ മുതല്‍ ഏതാണ്ട് രണ്ടായിരത്തിപ്പത്തുവരെയുള്ള പ്രാദേശികചരിത്രമാണ്. ഒരു പ്രദേശത്തിന്റെയും അവിടത്തെ കീഴാളജീവിതത്തിന്റെയും സമൃദ്ധി അപ്പാടെ പകരാനാണ് എഴുത്തുകാരന്‍ യത്‌നിക്കുന്നത്. ത്രുടിയില്‍ ഒരു പ്രാദേശികപത്രപ്രവര്‍ത്തകന്റെ തൊഴിലുമായി ബന്ധപ്പെട്ട ഒരു ഫീച്ചര്‍ രചനയാണ് നോവലിന്റെ പശ്ചാത്തലമായിത്തീരുന്നത്. ഒരു സാമൂഹികശാസ്ത്രവിദ്യാര്‍ത്ഥിനിയുടെ ഗവേഷണാര്‍ത്ഥമുള്ള വിവരശേഖരണമാണ് ഈ നോവലിന്റെ അടിത്തറ.

നെടുമാന്നൂര്‍ പുത്തന്‍വീട്ടില്‍ കേശവപിള്ളയുടെ സ്മരണകളാണ് 'തട്ടാന്‍വിള'യെന്ന നോവലിന്റെ ആഖ്യാനകേന്ദ്രം. അദ്ദേഹത്തിന്റെ യൗവനകാലം മാത്രമാണ് സ്മരണകളുടെ മഹാപ്രവാഹമായി മാറുന്നത്. അനന്തരമുള്ള ആഗോളവത്കരണകാലം മകനായ വത്സലകുമാറിന്റെ ഓര്‍മ്മകളിലൂടെ പൂര്‍ണ്ണമാവുകയാണ്. വത്സലകുമാറിന്റെ മകള്‍ പവിത അവളുടെ ഉപരിപഠനത്തിന്റെ ഭാഗമായി നടത്തേണ്ട പ്രബന്ധരചനയ്ക്കു വേണ്ട കരുക്കള്‍ ഇവര്‍ ഇരുവരില്‍ നിന്നും തട്ടാന്‍വിളയിലെ വിവിധാംഗങ്ങളുടെ അഭിമുഖങ്ങളില്‍ നിുന്നം പൂര്‍ത്തിയാക്കുന്നു. ഇതിലൂടെ കേരളത്തിലെ സംസ്‌കാരചരിത്രകാരന്മാരും സാമൂഹികശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ദ്ധന്മാരും 'വിളക്കുവച്ചുവായിക്കേണ്ട' കേരളീയസമൂഹികപരിണാമം ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ വിവരിച്ചു പൂര്‍ത്തിയാക്കുകയാണ് നോവലിസ്റ്റ്. നെടുമാൂര്‍ പുത്തന്‍വീട്ടില്‍ കേശവപിള്ളയുടെ പൗത്രി പവിത എന്ന ഗവേഷണ വിദ്യാര്‍ത്ഥിനിയും അതേ നാട്ടുകാരനായ ഞാനമുത്തന്‍നാടാരുടെ മകന്‍ നേശമണിയെന്ന ഗ്ലെന്‍പ്രകാശവും വിദ്യാര്‍ത്ഥിനിയും അദ്ധ്യാപകനുമായി ഈ നോവലില്‍ കടുവരുന്നു. ഒരേ നാട്ടുകാരാണെന്നു തിരിച്ചറിയാതെ അവരുടെ സംവാദങ്ങളിലൂടെക്കൂടിയാണ് ഈ ആഖ്യാനം പൂര്‍ണ്ണമാകുന്നത്. നോവലിന്റെ ഒടുക്കം പവിതയുടെ ഗവേഷണത്തിലുടനീളം അധികാരിയായി പ്രതിനായക വേഷം കെട്ടിയാടിയ ആ കൈക്കൂലിപ്പാപി ഒരു ഗവേഷണബിരുദം നേടാനായി വിദ്യാര്‍ത്ഥിനിയുടെ ഗവേഷണമാകെ സ്വന്തമാക്കാനാഗ്രഹിക്കുകയാണ്. കേരളത്തിലെ പല സര്‍വ്വകലാശാലകളിലും നടന്നുകൊണ്ടിരിക്കുന്ന ഈ കൊടുംചതി എങ്ങനെ നോവലിസ്റ്റ് മനസ്സിലാക്കിയെന്നു ഞാന്‍ അത്ഭുതംകൂറുന്നു. നാട്ടുവേരുകളില്‍ നിന്നും അതിദ്രുതം അന്യവത്കരിക്കപ്പെട്ട നേശമണിയെന്ന ഗ്ലെന്‍പ്രകാശം ഇന്നത്തെ അദ്ധ്യാപകസമൂഹത്തിന് ആരാകരുത് ഞാന്‍ എന്നൊരു ചൂണ്ടുപലകയാണ്. അയാള്‍ ഉപരിവര്‍ഗ്ഗത്തോട് ബന്ധപ്പെ'് സാമ്പത്തികോന്നതി നേടിയെങ്കിലും അപകര്‍ഷതാബോധത്തിന്റെ കെണിയിലാണ്. തന്റെ പഠനവിഭാഗത്തിലെ സഹാദ്ധ്യാപിക ഗവേഷണബിരുദം നേടിയ ഗ്ലോറി ജോണിനു ചുറ്റിലും അതുകൊണ്ടൊരു പ്രഭാവലയമുള്ളതായി ഭ്രമിക്കുന്നയാളാണയാള്‍. ഗവേഷകനാകാന്‍ വിദ്യാര്‍ത്ഥിനിയുടെ ഗവേഷണഫലങ്ങള്‍ തട്ടിയെടുക്കാന്‍ ഒരു മടിയുമില്ലാത്ത തരത്തില്‍ അയാള്‍ ജീവിതത്തില്‍ അന്യവത്കരിക്കപ്പെട്ടിരിക്കുന്നു. അയാളുടെ ഗ്രാമസ്മൃതികളും ആഖ്യാനത്തിന്റെ ഭാഗമാണ്. 

നെടുമങ്ങാട്ടുള്ള കരുപ്പൂര് എന്ന ഗ്രാമമാണ് ആഖ്യാനത്തിന്റെ കേന്ദ്രം. അവിടെ സ്വര്‍ണ്ണപ്പണിക്കാരായ തട്ടാന്മാര്‍ പ്രധാനമായും അധിവസിക്കുന്ന പ്രദേശമാണ് തട്ടാന്‍വിള. തട്ടാന്‍വിളയിലെ പ്രധാന സമൂഹമായ തട്ടാന്മാരെ കേന്ദ്രമാക്കി വികസിക്കുന്ന ഈ നോവലില്‍ നായന്മാര്‍, മാരാന്മാര്‍, നാടാന്മാര്‍, നായിഡുമാര്‍, ഈഴവര്‍, കുറവര്‍ തുടങ്ങിയ ഇതര സമുദായാംഗങ്ങളും കടുവരുന്നു. നായന്മാരും മാരാന്മാരും ഇതിലെ ഉപരിവര്‍ഗ്ഗമാണ്. രാജകുടുംബങ്ങളില്‍ ദാസ്യവൃത്തിയനുഷ്ഠിച്ച ഒരാളാണ് ഇതിലെ നായന്മാരുടെ വംശപൂര്‍വ്വികന്‍ എന്നാണ് നോവലിലെ സൂചന. നോവലില്‍ നായന്മാര്‍ ചൂത്തരന്മാരെന്ന പ്രാദേശികപദത്തിലൂടെയാണ് സൂചിപ്പിക്കപ്പെടുന്നത്. വാസ്തവത്തില്‍ ശൂദ്രന്‍ എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണിത്. ഇവിടെ ചൂത്തരന്മാര്‍ തന്ത്രപരമായി തട്ടാന്മാരുടെ കൈവശഭൂമിയെ സ്വന്തമാക്കു കഥയാണ് പറയുന്നത്. തട്ടാന്മാരുടെ മദ്യപാനശീലം, അവരുടെ അനുഷ്ഠാനങ്ങള്‍ക്കും അവരനുഭവിക്കുന്ന പോലീസ് കേസുകള്‍ക്കും സഹായിക്കാന്‍ എന്നിങ്ങനെയുള്ള ചതികളിലൂടെയാണ് ചൂത്തരന്മാര്‍ കീഴാളരുടെ ഭൂമി തട്ടിയെടുക്കുത്. അതിന്റെ വിശദചിത്രങ്ങള്‍ പവിതയുടെ അനേ്വഷണത്തിലൂടെ വെളിവാകുന്നത് സുധിയുടെ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു.

'ഓര്‍മ്മകള്‍ അഴിച്ചെടുത്താല്‍ അതില്‍ ചിതറിക്കിടക്കുന്നത് മരണമാണ്'എന്നു തിരിച്ചറിയുന്ന പവിത മുത്തച്ഛന്റെ നോട്ടുപുസ്തകത്തിലെ ജീവിതരേഖകളില്‍ നിന്നുകൂടിയാണ് നെടുമാന്നൂരിന്റെയും കരിങ്ങവനത്തിന്റെയും കരുപ്പൂരിന്റെയും ചരിത്രം പൂര്‍ത്തിയാക്കുന്നത്. തട്ടാന്‍വിളയിലെ മീനാക്ഷി ആത്താളുടെ വീട്ടില്‍ നിന്നും പപ്പടം വാങ്ങിവരാന്‍ വത്സലകുമാറിനെ ഓടിക്കാന്‍  ശ്രമിക്കുന്ന മറവിരോഗിയായ കേശവപിള്ള പഴയ സുഹൃത്തായ ചെല്ലയ്യന്‍ ആശാനെ കുശലപ്രശ്‌നത്തിനു ക്ഷണിക്കുന്നു. ഇതിനൊക്കെ കാരണം ഓര്‍മ്മകള്‍ 'കടലുപോലെ' കൂടിവരുന്നതാണ്. ഐ.എസ്.ആര്‍.ഒ. കടന്നുവന്ന് കരിങ്ങവനം മുഴുവനും അവരുടെ അധിവാസം സ്ഥാപിച്ചിട്ടും അതറിയാതെ അതിക്രമിച്ചു കയറുന്നിടത്തോളം കേശവപിള്ള ഓര്‍മ്മകളുടെ തടവിലാണ്. ആധുനികപൂര്‍വ്വമായ ഒരു ഗ്രാമസംസ്‌കൃതിയാണ് ഇന്നും അയാളുടെ ഉള്ളില്‍. അതു പൂര്‍ണ്ണമായും കൃഷികേന്ദ്രിതവുമാണ്. പുഴുക്കോല് (ഉണക്കി കുത്തി അരിയാക്കാനായി പുഴുങ്ങിയ നെല്ല്) കാക്ക കൊണ്ടുപോകുമെന്നും വവ്വാലാടിയ അടയ്ക്ക പെറുക്കണമെന്നുമൊക്കെയുള്ള സ്മരണകള്‍ അയാളില്‍ കുത്തിയൊലിച്ചെത്തുു. ആ ഓര്‍മ്മകളെ മകന്‍ വത്സലകുമാര്‍ പൂരിപ്പിക്കുന്നു. കേശവപിള്ളയുടെ മനസ്സില്‍ അദ്ദേഹത്തിന്റെ യൗവനകാലം മാത്രമേ ഇന്നുള്ളു. അനന്തരപരിണാമങ്ങള്‍ അടുത്ത തലമുറകളിലൂടെ പൂരിപ്പിക്കപ്പെടുമ്പോള്‍ ഒരു നാടിന്റെ ചരിത്രപരിണാമമാണ് നോവലിലൂടെ അനാവൃതമാകുന്നത്. ആദ്യ നോവല്‍വിമര്‍ശകനായി പ്രത്യക്ഷപ്പെടു സി. പി. അച്യുതമേനോന്‍ നോവല്‍ വായനയുടെ സവിശേഷതയായവതരിപ്പിക്കുന്നത് രസിപ്പിച്ചു കൊണ്ട് അറിവുനേടാന്‍ കഴിയുന്ന അതിന്റെ  പ്രതേ്യകതയാണ്. മലയാള നോവലിന്റെ ആസന്നവികാസത്തിന്റെ സമകാലിക പശ്ചാത്തലത്തിലും ഈ വീക്ഷണം പ്രസക്തം തന്നെ. അതുകൊണ്ടാണ് മലയാള സാഹിത്യത്തില്‍ ഒരു നവയുഗം തന്നെ പ്രോദ്ഘാടനം ചെയ്ത കേസരി ബാലകൃഷ്ണപിള്ള മലയാളനോവലിന്റെ വികാസത്തിന് ഒരു ബൃഹദ്പദ്ധതി രൂപപ്പെടുത്തിയത്. വ്യത്യസ്തജീവിതരംഗങ്ങള്‍ നോവലില്‍ അവതരിപ്പിക്കപ്പെടണമെഭിലഷിച്ച അദ്ദേഹം സാഹിത്യത്തിലൂടെയുള്ള സാമൂഹികപരിവര്‍ത്തനം ആഴത്തിലുള്ളതും അബോധപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാണെന്നും വിഭാവന ചെയ്തിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രാദേശിക ജീവിതാഖ്യാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന പ്രാധാന്യം പ്രാദേശിക നോവലെന്ന വലിയൊരു വിഭാഗത്തിനു തന്നെ പുതുജീവന്‍ നല്‍കിയിരിക്കുന്നു. നമ്മുടെ ചരിത്രകാരന്മാരും സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞന്മാരും രേഖപ്പെടുത്താന്‍ മറന്നുപോയ പ്രാദേശിക ജീവിതത്തിന്റെ പരിണാമങ്ങള്‍ കൃത്യമായി അവതരിപ്പിക്കപ്പെടുന്നു മലയാള നോവലില്‍. സി.വി. രാമന്‍പിള്ളയിലും മേരി കോളിന്‍സിലും ആരംഭിച്ച ഈ പാരമ്പര്യം മുന്‍നിര എഴുത്തുകാരിലൂടെ അഭിവ്യക്തമായി, സുശക്തമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു എതിന്റെ ഏറ്റവും നല്ല തെളിവാണ് എം. മുകുന്ദന്റെ കുട 'നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍' എന്നീ നോവലുകള്‍. സേതുവിന്റെ 'ആലിയ' എന്‍.എസ്. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തീനിയ'കള്‍ പി.എഫ്. മാത്യൂസിന്റെ 'ചാവുനിലം' പി. എ. ഉത്തമന്റെ 'ചാവെലി' ഇരിഞ്ചയം രവിയുടെ നോവല്‍ത്രയമായ 'അച്ചിപ്പുടവ, ചിത്രഗുപ്തന്റെ കണക്കുപുസ്തകം, പുരാവൃത്തം' അശോകന്‍ ചരുവിലിന്റെ 'കങ്കാരു നൃത്തം' മനോഹരന്‍ ജി പേരകത്തിന്റെ 'കേറ്റത്തിന്റ ഇരുപത് ദശാബ്ദങ്ങള്‍, ചാത്തച്ചന്‍' ജസ്സിയുടെ 'വിലാപ്പുറങ്ങള്‍' ബെന്യാമിന്റെ 'അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍, മാന്തളിരിന്റെ ഇരുപത് കമ്മ്യൂണിസ്റ്റുവര്‍ഷങ്ങള്‍', പി. കണ്ണന്‍ കുട്ടിയുടെ 'ഒടിയന്‍' അംബികാസുതന്‍ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ', പ്രകാശന്‍ മടിക്കൈയുടെ 'കൊരുവാനത്തെ പൂതങ്ങള്‍', എം ടി രഘുനാഥിന്റ 'സ്വാഗതം മുക്ക്', ഈ വി. റജിയുടെ 'ദര്‍ശനാ ടാക്കീസ്'  രഘുനാഥിന്റെ 'മച്ചാട് ടാക്കീസ്', അമലിന്റെ 'കല്‍ഹണന്‍, വ്യസനസമുച്ചയം' എിങ്ങനെ എണ്ണമറ്റ നോവലുകളും ഈ കൂട്ടത്തില്‍പ്പെടുന്നു. ഈ വായനക്കാരന്റെ കണ്‍വെട്ടത്തെത്താത്ത ഇനിയുമെത്രയോ നല്ല നോവലുകള്‍ ഇക്കൂട്ടത്തില്‍ ഇനിയുമുണ്ടാകാം. പ്രാദേശിക നോവലുകളെന്നാല്‍ കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങള്‍തന്നെ അവതരിപ്പിക്കുവയാകണമെന്നില്ല. 

എന്തുകൊണ്ടാണ് മലയാളത്തിലെ പ്രാദേശിക നോവലുകള്‍ ഒരനസ്യൂതധാരയായി സമകാലത്ത് പ്രവഹിക്കുന്നത്? ഒരിക്കലും സാഹിത്യകൃതികള്‍ സൗന്ദര്യാത്മകമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമുണ്ടാകുന്നതല്ല. മനുഷ്യവംശം ജീവിച്ചിരുന്ന മുഹൂര്‍ത്തങ്ങളെയും ആ ജീവിതത്തിന്റെ അര്‍ത്ഥം ആരായുന്ന അനേ്വഷണങ്ങളെയും അഭിസംബോധന ചെയ്യുന്നതില്‍ എന്നും ദത്തശ്രദ്ധമായിരുന്നു സാഹിത്യം; വിശേഷിച്ച് ഭാവനാത്മകഗദ്യസാഹിത്യം (Fiction). തങ്ങളുടെ സാമൂഹികമായ വാഴ്‌വിന്റെ പൊരുളുകളറിയാനുള്ള ആദ്യകാല നോവലിസ്റ്റുകള്‍ മുതല്‍ ഇന്നുവരെയുള്ളവരുടെ ആഖ്യാനങ്ങളെ ഇമ്മട്ടില്‍ സവിശേഷമാക്കുന്നത് ഇതാണെന്നു തിരിച്ചറിയാനാവും. തിരുവിതാംകൂറിന്റെ പ്രാദേശിക സംസ്‌കൃതി ആംഗലേയാധിനിവേശത്തില്‍ നടത്തുന്ന സ്വത്വാനേ്വഷണങ്ങള്‍ സി.വി.യുടെ നോവലിലുണ്ടെന്നതുപോലെ കൊളോണിയല്‍വിധേയബുദ്ധിജീവിയുടെ സ്വത്വാനേഷണമാണ് ഇന്ദുലേഖയിലും അടയാളപ്പെടുത്തപ്പെടുന്നത്. 19-ാം നൂറ്റാണ്ടിലെ സരസ്വതീ വിജയം, സുകുമാരി എന്നിവയിലും സാമൂഹികതയില്‍ സ്വന്തം അര്‍ത്ഥമാരായാനുള്ള മലയാളം എഴുത്തുകാരുടെ ശ്രമമാണുള്ളത്. 

അനാദ്യന്തമായ കാലപ്രവാഹത്തിന്റെ നൈരന്തര്യം എന്നും ചിന്തിക്കുന്ന മനുഷ്യനില്‍ ആകുലത നിറച്ചിരുന്നു. 'കാലഃ ക്രിഡതി, ഗച്ഛത്യായുഃ' എന്ന മനുഷ്യായുസ്സിന്റെ പരിമിതിയെക്കുറിച്ചോര്‍ക്കാനും കാലമാണ് കളിക്കുന്നത് നാം കരുക്കള്‍ മാത്രമാണെന്നു തിരിച്ചറിയാനും ശ്രമിച്ച ഇന്ത്യാക്കാര്‍ അവരുടെ ക്ലാസ്സിക് കാലബോധത്തില്‍ കാലത്തിന്റെ ചാക്രികഗതിയില്‍ വിശ്വസിക്കുവരായിത്തീര്‍ന്നു. ശരീരം കാലഗതിക്ക് അടിപ്പെടുമെങ്കിലും സനാതനമാണ് ആത്മാവ് എന്ന സങ്കല്പം അവര്‍ വെച്ചു പുലര്‍ത്തുകയും ശരീരം/ആത്മാവ്, ജീവിതം/ മരണം, ജീവാത്മാവ്/പരമാത്മാവ് എന്നിങ്ങനെയുള്ള ദ്വന്ദസങ്കല്പം വെച്ചുപുലര്‍ത്തുകയും ഇതില്‍ രണ്ടാമത്തേതിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ബ്രഹ്മം ഏകമാണെന്നും അതിനെ ജ്ഞാനികള്‍ പലതരത്തില്‍ പറയുന്നു എന്നും (ഏകം സദ്വിപ്രാബഹുധാവദന്തി) മരണമാണ് പ്രകൃതിയെന്നും ജീവിതം വികൃതിയാണെന്നും (മരണം പ്രകൃതിഃ ശരീരിണാം/വികൃതിര്‍ജീവിത മൂച്യതേ ബുധൈഃ). ബ്രഹ്മമാണ് സത്യമെന്നും ലോകം മായയാണെന്നും (ബ്രഹ്മസത്യം ജഗന്മിഥ്യ) അവര്‍ കരുതിപ്പോന്നു. കാലത്തെ ചാക്രികമായി സങ്കല്പിക്കാനും ജനനമരണങ്ങളെ ഈ ചക്രത്തില്‍ ബന്ധിപ്പിക്കാനും തദനുസൃതമായി പുനര്‍ജ്ജന്മം, കര്‍മ്മബന്ധങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ രൂപപ്പെടുത്താനും അവര്‍ തുനിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ജ്ഞാന, ഭക്തി, കര്‍മ്മയോഗാദികളെ മോക്ഷസാധനയ്ക്കുള്ള ഉപാധികളായും അവതരിപ്പിക്കുകയും ചെയ്തു. ഈ ആശയവാദപദ്ധതി ഇന്ത്യയുടെ ഭൗതികവളര്‍ച്ചയ്ക്ക് എന്നും വിഘാതമായിത്തീര്‍ന്നു. അതോടൊപ്പം ജാതിസമ്പ്രദായത്തിലൂടെ ഇതു ശാശ്വതീകരിച്ച് ജനതയെ കര്‍മ്മസിദ്ധാന്തത്തിന്റെ അടിമകളാക്കി. എന്നാല്‍ ഇന്ത്യയുടെ പ്രാദേശികസംസ്‌കൃതികളില്‍ തിടംവച്ചുണര്‍ന്ന ഇതര പ്രപഞ്ചബോധങ്ങളെ മുഴുവന്‍ സ്വാംശീകരിച്ചു നശിപ്പിക്കാന്‍ അവര്‍ക്കായില്ല. ഉദാഹരണം ദ്രാവിഡീയതയുടെ വ്യത്യസ്ത പ്രാദേശിക പ്രത്യക്ഷങ്ങള്‍ തന്നെ. ബ്രാഹ്മണ്യം പൗരോഹിത്യത്തിലൂടെ അന്യവത്കരിച്ചു നിര്‍ത്തിയിരുന്ന ദേവതമാരുടെ ലോകം സാധാരണ ജനജീവിതത്തിന് പ്രാപ്യമായിരുന്നില്ല. വേദാധികാരം ഉയര്‍ത്തിപ്പിടിച്ചിരുന്ന ദേവതാസങ്കല്പങ്ങളില്‍ നിന്ന് വ്യതിരിക്തമായ ഒരു ദൈവശാസ്ത്രം പിന്നീട് കീഴാളരായി മാറിയ ദ്രാവിഡര്‍ക്കുണ്ടായിരുന്നു. കാര്‍ഷിക സംസ്‌കാരത്തിന്റെ അധിനായകരായ അവര്‍ തനതുദേവതാ സങ്കല്പത്തെ തൃപ്തിപ്പെടുത്തി നിലനിന്നുപോന്നു. ഈ നോവലിലെ കാര്‍ഷികസംസ്‌കാരത്തിന്റെ പ്രതിനിധിയായ മാടന്‍ ഒരുദാഹരണം മാത്രം. എരുത്തിലുകളിലെ മാടന്‍തടി ആഗോളവത്കരണ കാലത്ത് വലിച്ചെറിയപ്പെടുമെന്ന്  സുധി എഴുതുന്നു. ഇതുപോലെ ഉര്‍വ്വരതാനുഷഠാന (Fertility rite) മായ ഉച്ചാരലും വരിച്ചിലും (ഇന്നാളിലാണ് വ്യാപകമായി പുലപ്പേടിയും മണ്ണാപ്പേടിയും കേരളത്തിലാചരിച്ചിരുന്നതെന്ന് 'എരി' എന്ന പ്രാദേശിക നോവലില്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതുന്നതും ഇവിടെയോര്‍ക്കാം) കാര്‍ഷികജീവിത പ്രത്യക്ഷമായി ഈ നോവലിലുണ്ട്. വിവിധ മലദൈവങ്ങളും വനദേവതമാരും ജലദേവതമാരും മറ്റു കാര്‍ഷികദൈവങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രാദേശിക ജനജീവിതം ഖനനം ചെയ്താല്‍ കണ്ടെടുക്കാം. ആര്യവത്കരണത്തിന്റെ അധിനിവേശം അങ്ങോട്ടു കടന്നുവെങ്കിലും ആ ദേവതമാരുടെ ജനസ്വാധീനം കുറഞ്ഞില്ല.

തങ്ങളുടെ പ്രദേശത്തെ സാധാരണക്കാരുടെ അസാധാരണതകളെക്കുറിച്ചുള്ള ഫീച്ചറെഴുതുന്ന സുരന്‍ എന്ന പത്രപ്രവര്‍ത്തകന്‍ കര്‍മ്മചന്ദ്രന്‍ പിള്ളയെന്ന വാച്ചു റിപ്പയററെ കുറിച്ചെഴുതിയതു വായിച്ച പ്രോഫ. ശശാങ്കന്‍ 'ത്രൂടി' എന്ന നോവലിലെ ഒരപ്രധാന കഥാപാത്രമാണെങ്കില്‍ക്കൂടി എഴുത്തുകാരന്റെ പ്രധാനപ്പെട്ട ഒരു പരിഗണനാവിഷയത്തെ നിര്‍ണ്ണയിക്കുന്നു. 'ഇത്തരം സൃഷ്ടികളെ നമ്മുടെ പ്രാദേശിക ഭാഷാഭേദ സംഭരണികളാക്കണം എന്നതാണത്. നാട്ടുഭാഷാശേഖരണത്തിന് നിങ്ങളൊന്നും തീരെ ശ്രദ്ധിക്കുന്നില്ല. എത്രയെത്ര വാക്കുകളാണ് മറയുന്നത്. കാര്‍ഷിക ജീവിതരീതി പോയതോടെ അതുമായി ബന്ധമുള്ള സംജ്ഞകളെല്ലാം പ്രയോഗത്തില്‍ നിന്നും അലിഞ്ഞുപോയിരിക്കുന്നു. നമ്മുടെ ഭാഷാശേഖരണത്തിന് ഇനിയും അമാന്തം പാടില്ല'. ത്രുടി എന്ന നോവലില്‍ പ്രാദേശികഭാഷയുടെ മനോഹരമായ അവതരണം കാണപ്പെടുന്നത് മനുഷ്യപരിണാമത്തിന്റെ ചരിത്രത്തിലുള്ള അഗാധമായ ബോധ്യം കൊണ്ടുകൂടിയാണ്. വാച്ചുകളും അവയ്ക്കു പിന്നിലുള്ള അനുഭവലോകവും- അന്നത്തെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍, അപാനശയനരീതികള്‍, ഗ്രാമീണമായ ഉത്പാദന-പ്രത്യുല്പാദന ബന്ധങ്ങള്‍ ഇവയെല്ലാം സുവിശദമായി ആ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും കാലത്തെ ദാര്‍ശനികമായി കാണുകയും കര്‍മ്മചന്ദ്രന്‍ പിള്ളയെ മനുഷ്യന്റെ ജീവിതപരിണാമങ്ങളെ അയാളുടെ മനോഭാവങ്ങളുടെ വെളിച്ചത്തില്‍- അയാള്‍ അയാളെക്കുറിച്ചു പറയുന്നത്, അയാളെക്കുറിച്ച് മറ്റുള്ളവര്‍ കരുതുത് എന്നിവയുടെ സംശ്ലേഷണബലം ഉപയോഗപ്പെടുത്തുകയുമാണ് എഴുത്തുകാരന്‍. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രപരിണാമത്തിലെ സവിശേഷഘട്ടങ്ങള്‍ കൃത്യമായുപയോഗപ്പെടുത്തുക വഴി സാമ്പ്രദായികചരിത്രം രേഖപ്പെടുത്താന്‍ വിസമ്മതിച്ച ഇടങ്ങള്‍ കൂടി പ്രകാശമാനമാക്കുകയായിരുന്നു അവിടെ നോവലിസ്റ്റ്. കര്‍മ്മചന്ദ്രന്‍ പിള്ള, അയാളുടെ ഭാര്യ രുഗ്മിണി, മക്കളായ സുബീഷ്, സുബിന എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളായി വരുന്ന നോവലാണത്. നെടുമങ്ങാട് എന്ന പ്രദേശത്തിലെ തട്ടാന്മാരുള്‍പ്പെടെയുള്ളവരുടെ ജീവിതവും അതിന്റെ പരിണതികളും അവിടെയും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തട്ടാന്‍വിളയെന്ന നോവലില്‍ വരുമ്പോള്‍ നായക കേന്ദ്രിതതത്വം എന്ന സവിശേഷത നോവലിസ്റ്റ് ഉപേക്ഷിക്കുന്നു. ഒരു പ്രദേശത്ത് പല തൊഴിലെടുത്തു ജീവിക്കുന്നവരുടെ പരസ്പരാശ്രിത ജീവിതം വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ-സമന്വയങ്ങളിലൂടെ സ്വാഭാവികമായി മുന്നോട്ടു നയിക്കുന്നതിലാണ് നോവലിസ്റ്റിന്റെ സമസ്തശ്രദ്ധയും സമര്‍പ്പിതമായിരിക്കുന്നത്. സ്വന്തം ഗവേഷണപ്രബത്തിനു വേണ്ടിയുള്ള പവിതയുടെ പ്രവര്‍ത്തനത്തിലൂടെ കരുപ്പൂരിന്റെ പ്രാദേശികചരിത്രം തന്നെയാണ് സുധിയുടെ 'തട്ടാന്‍വിള'യില്‍ രേഖപ്പെടുത്തുന്നത്.

മലയാളനോവലിലുടനീളം കാണാവുന്ന നായക-നായികാ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത് 'തട്ടാന്‍വിള' എന്ന നോവലിനെ വ്യത്യസ്തമാക്കുന്നു. സാമ്പ്രദായികരീതിയിലുള്ള നായികാനായകന്മാര്‍ ഈ നോവലിലില്ല. തട്ടാന്‍വിളയില്‍ ജനിച്ചു ജീവിക്കുന്നവരുടെയും മരണം തട്ടിയെടുത്തവരുടെയും സാധാരണ മനുഷ്യജീവിതം അനാര്‍ഭാടമായി വിസ്തരിക്കപ്പെടുകയാണിവിടെ. അന്നുമുതലിന്നു വരെയുള്ള മലയാള നോവല്‍ ത്രികോണ സ്ത്രീപുരുഷ ബന്ധത്തിലധിഷ്ഠിതമാണെ് എന്‍.പി.മുഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ സങ്കല്പത്തിന്റെ ധീരതിരസ്‌കാരം 'തട്ടാന്‍വിള'യെ വ്യത്യസ്തമാക്കുന്നു. കൊളോണിയല്‍ അധിനിവേശാനന്തരവും സ്വാഭാവികമായി നിലനിന്ന കാര്‍ഷികഗ്രാമീണസംസ്‌കാരം ആഗോളവത്കരണത്തിന്റെ വരവോടെ പൂര്‍ണ്ണമായി നശിക്കുന്നത് ത്രുടിയിലും തട്ടാന്‍വിളയിലും കാണാം. കേന്ദ്ര ഗവര്‍ണ്മെന്റു നയങ്ങളും ഗള്‍ഫിലെ എണ്ണ കണ്ടെത്തലും തദനന്തരമുള്ള ആഗോളവത്കരണ നയങ്ങളും കേരളീയ സമൂഹത്തിലുണ്ടാക്കുന്ന തിക്കുമുട്ടലുകള്‍ അഗാധമായ ചരിത്രജ്ഞാനത്തോടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. അദ്ധ്വാനശീലരായ നാടാന്മാരുടെയും അപ്പാവികളായ തട്ടാന്മാരുടെയും നായിഡുമാരുടെയും ഭൂസ്വത്തുക്കള്‍ കൗശലക്കാരായ നായന്മാരുടെയും കയ്യിലേയ്ക്ക് ഒഴുകിപ്പോകുന്നതും മറ്റു സമുദായാംഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ സേവനമേഖലകളിലെത്തിപ്പെടുമ്പോള്‍ ആ സമുദായങ്ങള്‍ അതിനെ ചെറുത്തുനിന്ന് സ്വാഭാവികമായ വിനാശത്തിലെത്തിച്ചേരുന്നതും മനുഷ്യസ്‌നേഹാര്‍ദ്രതയോടെ പി.കെ.സുധി ചിത്രീകരിക്കുന്നു. 

തട്ടാന്‍വിള എന്ന നോവലില്‍ പ്രത്യക്ഷപ്പെടുന്ന കീഴാളദൈവസങ്കല്പം ശ്രദ്ധേയമാണ്. ഇന്നു ഹിന്ദുക്കകളെന്നു വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണേതര ജാതിവിഭാഗങ്ങളെല്ലാം പിന്തുടര്‍ന്നു പോന്നത് പ്രാദേശികവും കീഴാള സ്വഭാവമുള്ളതും ദ്രാവിഡീയവുമായ ഒരാരാധനാരീതിയാണെന്നും നശീകരണത്തിലൂടെയും സ്വാംശീകരണത്തിലൂടെയുമാണ് അതിന്നു കാണുന്ന രീതിയില്‍ ഹൈന്ദവമായി മാറിയതെന്നും നോവലിസ്റ്റ് സൂക്ഷ്മമായ ചരിത്രബോധത്തോടെ പ്രഖ്യാപിക്കുന്നു. നായര്‍, നാടാര്‍, തട്ടാന്മാര്‍ തുടങ്ങിയവരെല്ലാം പിന്തുടര്‍ന്നിരുന്നത് ഈ ആരാധന രീതികളാണ്. ബ്രാഹ്മണരൊഴികെയുള്ള കേരളീയജാതിവിഭാഗങ്ങള്‍ക്ക് തനതായ ഒരാരാധനാ രീതിയുണ്ടായിരുന്നു. പുരോഹിതന്മാര്‍ക്ക് ഏറെയൊന്നും സ്ഥാനമനുവദിക്കാത്ത, പ്രാദേശികദേവതകളുമായി നേരിട്ടു സംവദിക്കുന്ന, ഒന്നായിരുതായിരുന്നു ആ ആരാധനാരീതി. പന, പാല മുതലായ വൃക്ഷച്ചുവടുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട കല്ലുകള്‍ക്കു മുന്നില്‍ കത്തിക്കുന്ന തിരികളാണ് ആ ആരാധനയുടെ ലളിതരൂപം. മണ്‍മറഞ്ഞ കാരവണവന്മാരെ (ചാവുകള്‍) വിളിച്ചുവരുത്തി കുരുതിയും പടുക്കയും കൊടുത്ത് തൃപ്തരാക്കുതാണതിന്റെ അടിസ്ഥാനസങ്കല്പം. അതനുസരിച്ച് സാമ്പ്രദായിക ഹിന്ദുമതത്തിലെപോലെ മരിച്ചവനു ശ്രാദ്ധ-ബലിതര്‍പ്പണങ്ങളിലൂടെ മോക്ഷം നല്‍കി പരലോകത്തിലേയ്ക്കയയ്ക്കുന്നില്ല. പിന്‍തലമുറകളുടെ ധനധാന്യസമൃദ്ധികള്‍ക്കായി അവരെപ്പോഴും കൂടെയുണ്ടെന്നാണ് കേരളത്തിലങ്ങോളമിങ്ങോളം കീഴാളജനവിഭാഗങ്ങള്‍ ഇന്നും കരുതിപ്പോരുന്നത്. കാളിയൂട്ട'്, പടയണി, തെയ്യം-തിറ എന്നിവയിലെല്ലാം പരദേവതമാരും കാരണവന്മാരും മനുഷ്യര്‍ക്കിടയിലേയ്ക്ക് കടന്നുവന്ന് ആരാധനയേറ്റു വാങ്ങി സംതൃപ്തരാകുന്നതു കാണാം. തട്ടാന്‍വിള എന്ന നോവലിലും ഇതിന്റെ സൂക്ഷ്മചിത്രണങ്ങള്‍ കാണാം. ഭാര്യയും മക്കളും ക്രിസ്തുമത വിശ്വാസികളായിട്ടും വടക്കേപ്പുറത്തെ ഒറ്റപ്പനയുടെ ചുവട്ടില്‍ തന്റെ ദൈവവുമായി കഴിഞ്ഞുകൂടുന്ന ഞാനമുത്തന്‍ നാടാര്‍ ഇതിന്റെ പ്രത്യക്ഷോദാഹരണമാണ്. മകന്‍ നേശമണി വിദ്യാഭ്യാസാനന്തരം ഉപരിവര്‍ഗ്ഗത്തിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടാനായി ഗ്ലെന്‍പ്രകാശമെന്ന പേരില്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോഴും ധനികയെ വിവാഹം കഴിച്ചപ്പോഴും പിതാവ് ഞാനമുത്തന്‍ നാടാര്‍ തന്റെ ദേവതകളെ കയ്യൊഴിഞ്ഞില്ല. മാടന്‍, മറുത, മന്ത്രമൂര്‍ത്തി, മരിച്ചുപോയ കാരണവന്മാര്‍ (ചാവുകള്‍) എന്നീ പ്രാദേശിക ദേവതകളാണ് കീഴാള ജനതയ്ക്കുള്ളത്. കന്നുകാലികളുടെ ദേവതയായ മാടന്‍, ദുര്‍മരണമടഞ്ഞവരുടെ രൂപാന്തരമായ അറവല (അറുകൊല)കള്‍, യക്ഷികള്‍ എന്നിവയെല്ലാം ഒരു കാര്‍ഷിക സംസ്‌കൃതിയുടെ തകര്‍ച്ചയ്ക്ക് ശേഷം ഇല്ലാതാകുതും സുധി ചിത്രീകരിക്കുന്നു. 'വടക്കേ വെളയില്‍ ചെന്നുപെടാതിരിക്കാന്‍ ഗ്ലെന്‍ പരമാവധി ശ്രമിച്ചിരുന്നു. മൂര്‍ത്തിപ്പനയും അതിന്റെ മൂട്ടിലെ പ്രതിഷ്ഠകളും കാഴ്ചയില്‍ പതിയരുത്. എത്രനാള്‍ ഈ ദൈവങ്ങള്‍ക്ക് വിളക്കു കൊളുത്തിയതാണ്. അവയില്‍ കണ്ണുചെന്നാല്‍ കര്‍ത്താവിനെ മറന്ന് അറിയാതെ തലകുമ്പിട്ടു പൊകും'(പു.9). പടവള്ളിക്കോണം മൂപ്പിലിന്റെ ചാവടിയില്‍ ചൂത്തരപ്രമാണിമാരും, ആശാരി, വെളുത്തേടന്‍, വിളക്കിത്തല നായര്‍, വില്ലായാന്മാര്‍ എന്നീ ഇതര സമുദായങ്ങളും നിരന്നത് പൂജയും പടുക്കയുമില്ലാതെ കിടന്ന മുടിപ്പുരയില്‍ ഉത്സവം നടത്താനാണ്. തൊട്ടടുത്ത ആനാട്, വെള്ളനാട് പ്രദേശങ്ങളിലെ സമൃദ്ധി അവരുടെ മുടിപ്പുരകളിലെ ഉത്സവത്തിന്റെ അനന്തരഫലമാണെ് നാട്ടുകാര്‍ വിശ്വസിച്ചു. കുത്തിയോട്ടവും തോറ്റംപാട്ടും നടത്താനവര്‍ തീരുമാനമെടുക്കുന്നു. കണ്ണകിയുടെ കോപത്തിനിരയായതിനാല്‍ തട്ടാന്മാര്‍  പൊതുവെ വിട്ടുനിെങ്കിലും തട്ടാന്‍വിളക്കാരനായ രത്‌നം മേസ്സിരി ചൂരല്‍കുത്താനുള്ള ദൗത്യമേറ്റേടുക്കുന്നു. പട്ടാളക്കാരനാണെങ്കിലും ഇതേവരെ ചോരചൊരിയാന്‍ തനിക്കിടവരാത്തത് ദേവിയുടെ അനുഗ്രഹം മൂലമാണെയാള്‍ കരുതി. പാകിസ്ഥാനുമേല്‍ വിജയം നേടി ഇന്ത്യന്‍പട്ടാളക്കാരെല്ലാം ഉന്മത്തരായി കീഴടക്കപ്പെട്ട പ്രദേശത്ത് കൊള്ളയ്ക്കും ബലാത്സംഗത്തിനുമിറങ്ങിയപ്പോള്‍ അതിലുള്‍പ്പെടാതെ മാറി നില്‍ക്കാനും അയാള്‍ക്കായത് തന്റെ അമ്മദൈവവിശ്വാസം കൊണ്ടുതന്നെ. ഇന്ത്യന്‍ പട്ടാളക്കാരുടെ ക്രൂരതകളിലൂടെ നമ്മുടെ ദേശീയതയുടെ ഇരുണ്ട ഇടങ്ങളാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. രത്‌നത്തിന്റെ വേറിട്ടു നില്‍ക്കലിലൂടെ ആസൂരദേശീയതയ്‌ക്കെതിരെ നിലകൊള്ളുന്ന ആത്മീയമായ പ്രാദേശികതയെയല്ലേ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? ഇത് ഉദാരമായ മനുഷ്യമഹത്വബോധം കൊണ്ടു തന്നെ. എവിടെയും അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്‍ ഒന്നാണെന്ന ഡലേസിന്റെയും ഗത്താരിയുടെയും ജനസഞ്ചയ(Mutlitude)ത്തിന്റെ രാഷ്ടീയം തന്നെയാണിത് അന്തിമവിശകലനത്തില്‍.

തട്ടാന്‍വിള എന്ന നോവലിലെ വിവിധ ജാതി സമുദായങ്ങളെല്ലാം അവരുടേതായ കീഴാള ആരാധനാ സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോന്നു. 'ഈഴവര്‍ക്ക് തൊണ്ടിക്കരയില്‍ തെക്കത് ഉണ്ടായിരുന്നു. തട്ടാന്മാര് പൊങ്കാലയിടാനും തുള്ളിയുറയാനും കുഞ്ചാറു മേസ്സിരിയുടെ തെക്കതിലെത്തി. നടുവത്തേലായുടെ കരയില്‍ നായിഡുമാര്‍ക്കായി കുഞ്ചുമണിയന്‍ സാറ് ആല്‍ത്തറയുണ്ടാക്കി. മാരാന്മാരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു മുഖവൂരിലെ ശ്രീകൃഷ്ണന്‍. ആശാരിമാരുടെ കുടുംബക്ഷേത്രമായിരുന്ന കുറുങ്കുളത്ത് ദേവിയാണ് പ്രതിഷ്ഠ. നായര്‍ വീടുകളായ പൂവന്‍വീട്, പൂണത്തല, ഗോപുരത്തിന്‍കാല, കാളികണ്ടം, മേടയില്‍ കുടുംബം എന്നിവര്‍ക്ക് അവരുടെ തെക്കതുകളോ വച്ചാരാധനയോ ഉണ്ടായിരുന്നു. എന്നിട്ടും മുടിപ്പുരയിലെ ഉത്സവം ഒത്തൊരുമിച്ച് നാട്ടുകാര്‍ കൊണ്ടാടി' (പു. 45). ഇതില്‍ മാരാന്മാരുടെ മുഖവൂരില്‍ ശ്രീകൃഷ്ണന്‍ മാത്രമാണ് സവര്‍ണ്ണദേവതയെതു ശ്രദ്ധേയമാണ്.

പലനാടുകളില്‍ നിന്നും കുടിയേറിയവരാണ് തങ്ങളുള്‍പ്പെടെ കരുപ്പൂരിലുള്ളവരെല്ലാം എന്നു കേശവ പിള്ള പറയുന്നു. കൊട്ടാരത്തില്‍ ജോലിക്കാരനായിരുന്ന പ്രപിതാമഹന്റെ വെള്ളനാട്ടുള്ള കുടുംബമാണ് കരുപ്പൂരില്‍ കാര്‍ഷികവൃത്തിയുമായി ചേക്കേറുന്നത്. ചെറുചെടികള്‍ പോലും വന്‍മരങ്ങളായി വളരുന്ന ആ കാട്ടുപ്രദേശത്ത് തോട്ടിനു അഭിമുഖമായിരുന്ന വയല്‍ക്കരകളിലാണ് കര്‍ഷകാരായിരുന്ന നായര്‍പ്രമാണിമാര്‍ വാസമുറപ്പിച്ചത്. 'ഇവിടെ പട്ട'ന്മാരില്ലാത്തിനാല്‍ ചൂത്തരന്മാരും മാരാന്മാരുമായിരുന്നു നാട്ടിലെ പ്രമാണിമാര്‍. ഭൂമിയുടെ മുഖ്യപങ്കും അവരുടെ കൈകളിലായിരുന്നു. തട്ടാന്‍വിളയുടെ തെക്ക് നായക്കന്മാരും വടക്കേ കോണില്‍ തട്ടാന്മാരും താമസിച്ചു. ഈഴവക്കുടികള്‍ ഉഴപ്പാക്കോണത്തും തൊണ്ടിക്കരയിലുമായിരുന്നു. നാടാന്മാര്‍ ഇടമലയിലും തറട്ടയിലും.' കരുപ്പൂരിന്റെ ഭൂരിഭാഗവും കൈവശമുണ്ടായിരുന്ന നെടുമങ്ങാട്ടുകാരന്‍ വരദയ്യന്‍ സ്വാമി അനന്തരാവകാശികളില്ലാതെ മരിച്ചപ്പോള്‍ സ്വത്തെല്ലാം മേല്‍നോട്ടക്കാരുടെ കയ്യിലായി. കെടുകാര്യസ്ഥത കാരണം അവയെല്ലാം നിസ്സാര വിലയ്ക്ക് നായന്മാര്‍ സ്വന്തമാക്കി. അദ്ധ്വാനശീലരായിരുന്ന നായക്ക(നായിഡു)ന്മാര്‍ കായികാദ്ധ്വാനികളും കര്‍ഷകത്തൊഴിലാളികളുമായി ജീവിതം തുടര്‍ന്നു. ഉമയമ്മറാണിയുടെ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരപ്പെട്ടു എന്നു കരുതുന്ന തട്ടാന്മാര്‍ക്ക് ഭൂസ്വത്തുണ്ടായിരുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ അതെല്ലാം ചൂത്തരന്മാര്‍ എറിയപ്പെടുന്ന നായര്‍ സമുദായാഗംഗങ്ങള്‍ തട്ടിയെടുക്കുന്ന കഥകളാണ് തട്ടാന്‍വിളയെ നോവലിന്റെ പ്രധാനഭാഗം. ശങ്ങതിമേസ്സിരിയുടെ വയറുവേദനയ്ക്ക് കാരാള്ളിക്കോണം പാക്കരപിള്ള വാങ്ങിനല്‍കിയ വാറ്റുചാരായം അയാളുടെ കൃഷിഭൂമി നഷ്ടപ്പെടുത്തുന്നതും കൊച്ചുകിട്ടന്‍ മേസ്സിരിയുടെ ആത്മഹത്യ വരുത്തുന്ന പോലീസ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച കൃഷ്ണപിള്ള അവരുടെ കൃഷിഭൂമി സ്വന്തമാക്കുന്നതും തെക്കതിലെ അശുദ്ധി മാറാന്‍ കാണിച്ചാറ്റു നടത്തിയ കുഞ്ചാറു മേസ്സിരിയുടെ ഭൂമി അരീക്കുഴി ശേഖരപിള്ളയുടെ കയ്യിലെത്തിച്ചേരുന്നതും വിശദാംശങ്ങളോടെ അവതരിപ്പിക്കപ്പെടുന്നു. പട്ടിണി സഹിക്കാന്‍ കഴിയാതെ പരമ്പരാഗത സ്വര്‍ണ്ണപ്പണിയില്‍ നിന്ന് തേങ്ങയിടല്‍ക്കാരായും കല്ലുപണിക്കാരായും മാറിയവരാണ് കൊമരന്‍ മേസ്സിരിയും സുന്ദരനും. രത്‌നം മേസ്സിരി പട്ടാളക്കാരനായി. ധനേശന്‍ സൈക്കിള്‍ നന്നാക്കി കുടുംബത്തിന്റെ പട്ടിണി മാറ്റി. വിദ്യാഭ്യാസത്തിന് പൊതുവെ പുറംതിരിഞ്ഞു നിന്നു ആ സമുദായം. അതിന്റെ വ്യഥകള്‍ രത്‌നം മേസ്സിരി പങ്കുവയ്ക്കുന്നുണ്ട്. കണ്ടറാക്കെ വിളിപ്പേരിലറിയപ്പെട്ട കരുപ്പൂരിലെ  ഈഴവര്‍ കുലത്തൊഴിലല്ല മരംമുറിക്കുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണപ്പണി, മരംമുറി, കല്ലുപണി തുടങ്ങിയ പ്രാദേശിക ജീവസന്ധാരണമാര്‍ഗ്ഗങ്ങളുടെ വിശദമായ രേഖപ്പെടുത്തല്‍ (Documentation) ഈ നോവലിന്റെ പ്രതേ്യകതയാണ്. സമകാലിക പ്രാദേശികനോവലുകളിലെല്ലാം ഈ സവിശേഷത കാണാം. കൊമരന്റെ തെങ്ങുകയറ്റത്തിന്റെയും വെട്ടുകത്തി നിര്‍മ്മാണത്തിന്റെയും ധനേശന്റെ സൈക്കിള്‍ നന്നാക്കലിന്റെയും രത്‌നത്തിന്റെ പട്ടാളജീവിതത്തിന്റെയും വിശദാംശങ്ങളും ഞാനമുത്തന്‍ നാടാരുടെ കൃഷിപ്പണികളും പുറമെ കാലിചികിത്സ, ലേവിയാശാന്റെ മര്‍മ്മ ചികിത്സ, കിണറുണ്ടാക്കലും വൃത്തിയാക്കലും തുടങ്ങി കേരളചരിത്രം മറന്നുപോയ കേരളീയന്റെ തൊഴില്‍ സംസ്‌കാരത്തിന്റെ പ്രകാശമാനമായ ഇടങ്ങള്‍ ഈ നോവലിലവതരിപ്പിക്കപ്പെടുന്നത് ആഗോളവത്ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെടുത്തിയതെന്തൊക്കെ എന്ന് വ്യക്തമായി ഉദാഹരിച്ചു തരുന്നു. ഈ ഭൗതിക ജീവിതത്തില്‍ ഉയര്‍ന്നു വരുന്ന സാംസ്‌കാരിക ജീവിതവും നോവലില്‍ അവതരിപ്പിക്കുന്നു. തിരികൊളുത്തിയുള്ള നിത്യാരാധനകളും അതിനപ്പുറം ദൈവത്തറകളിലെ കൊടുതിയും ഉത്സവങ്ങളും കാണിക്കാരുടെ ചാവുകളെ വിളിച്ചുവരുത്തിയുള്ള ചാറ്റും വിവാഹ-മരണാനന്തര കര്‍മ്മങ്ങളുമൊക്കെ വിശദമായി രേഖപ്പെടുത്തുക വഴി ഈ നോവല്‍ ഒരു സൗന്ദര്യാത്മകവ്യവഹാരമെന്ന നിലവിട്ട് ഒരു സാമൂഹികരേഖയാകുന്നു..

നായികാ-നായക കേന്ദ്രീകരണത്തെ ആദ്യം തന്നെ ഉപേക്ഷിച്ച്, അപ്രധാന കഥാപാത്രങ്ങളുടെ ജീവിതം സമഗ്രമയവതരിപ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിതസംഗരത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തി മുേന്നറുന്ന 'തട്ടാന്‍വിള' എന്ന നോവല്‍ മലയാള നോവല്‍സാഹിത്യത്തെയും അതിന്റെ വായനയും വിമര്‍ശനവും മുന്നോട്ടു വെച്ച വ്യക്തികേന്ദ്രിതമായ പാരായണ രീതികളെയും വീണ്ടുവിചാരം നടത്താനാവശ്യപ്പെടുന്നു. അദ്ധ്വാനിക്കുവരുടെ കൈയില്‍ നിന്ന് ഉത്പാദനോപകരണങ്ങള്‍ തട്ടിയെടുത്ത അതേ മധ്യവര്‍ഗ്ഗസമൂഹം തെന്നയാണ് സാഹിത്യപഠനത്തിലും ചില മുന്‍ഗണനാ ക്രമങ്ങള്‍ സൃഷ്ടിച്ചത്. സ്വാതന്ത്യാനന്തര ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തങ്ങളുടെ നാട് എങ്ങനെ ഇന്ത്യന്‍ ദേശീയതയില്‍ അന്വയിക്കപ്പെടുന്നു എന്ന പ്രശ്‌നം നോവലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മേഖലാ നോവല്‍, പ്രാദേശിക നോവല്‍ എിങ്ങനെ ഇതര ഭാഷകളിലെല്ലാം അതംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലയാള നോവലിന്റെ ലക്ഷണയുക്തത പാശ്ചാത്യ പാരമ്പര്യം പിന്‍തുടരുതാണെന്നു ധരിച്ച അടിമബുദ്ധിജീവിതത്തിന്റെ ഒരു പാരമ്പര്യമാണ് മലയാള നോവല്‍ വിമര്‍ശനത്തെ ഭരിക്കുന്നത്. സംസ്‌കാരത്തിന്റെ കുലീനതയും വ്യക്തി മഹത്വത്തിന്റെ പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ മധ്യവര്‍ഗ്ഗഭാവുകത്വം വലിച്ചിഴച്ചുകൊണ്ടുവന്ന ആര്യമതകേന്ദ്രിതമായ ആത്മീയതയും അരാഷ്ട്രീയതയും അചരിത്രപരതയും കേരളീയ ജനജീവിതത്തിന്റെ വ്യത്യസ്തതകള്‍ അടയാളപ്പെടുത്തുന്ന ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സ്മാരകശിലകള്‍ എന്നീ മികച്ച പ്രാദേശികനോവലുകളെ ഏതുതരത്തിലാണ് വായിച്ചൊതുക്കിയതെന്ന് ഇന്നു നമുക്കറിയാം. സംസ്‌കാരത്തിന്റെ ഭൗതികോന്മുഖതയും അതിനു ജനജീവിതവുമായുള്ള അഭേദ്യ ബന്ധവും കാഴ്ചപ്പുറത്തു കൊണ്ടുവരുന്ന പി.കെ.സുധിയുടെ 'തട്ടാന്‍വിള' നമ്മുടെ മധ്യവര്‍ഗ്ഗ ഭാവുകത്വത്തെ വിചാരണ ചെയ്യുന്നു. തികച്ചും തനതായ ആഖ്യാനവും സംഭാഷണരചനയും വികേന്ദ്രീകൃതമായ ഒരു ശില്പഘടനയും കൊണ്ട് അസാധാരണമാം വിധം സര്‍ഗ്ഗാത്മകമാണ് ഈ നോവല്‍. എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല, എന്തുകൊണ്ട് ഞാനൊരു ഹിന്ദുവായി എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങള്‍ പുസ്തകച്ചന്തകളില്‍ മത്സരിക്കുമ്പോള്‍ 1870 ലെ ബ്രിട്ടീഷ് കനേഷുമാരിയാണ് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കീഴാള ദ്രാവിഡ വിശ്വാസികളെയും പിന്നീട് സവര്‍ണ്ണതയിലേയ്ക്ക് കടന്നു ചെന്ന അതേ വിശ്വാസം പുലര്‍ത്തിയ നായരാദികളെയും ബ്രാഹ്മണര്‍ക്കൊപ്പം ഹിന്ദുക്കളാക്കി മാറ്റിയതെന്ന് നാം ഓര്‍ക്കാറില്ല. ഇന്നത്തെ പ്രധാന മതങ്ങളെല്ലാം പ്രാചീന മതങ്ങളുടെ നവീകൃത രൂപങ്ങളാണെന്നും ഇന്ത്യന്‍ ദേവീദേവ സങ്കല്പങ്ങളിലെല്ലാം കലര്‍പ്പുകളുണ്ടെന്നും കീഴാളദൈവങ്ങള്‍ തന്നെ ഇന്നും ആര്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും ചരിത്രമെന്നത് ഇന്നലെ സംഭവിച്ചതു മാത്രമല്ല. ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നതാണെന്നും ബോധ്യപ്പെടുമെങ്കില്‍ കുറെയേറെ ഉര്‍ജ്ജവ്യയം നമുക്കെഴിവാക്കാം. സുധിയുടെ നോവല്‍ മുന്നോട്ടു വെയ്ക്കുന്ന കീഴാള ദൈവസങ്കല്പം മാത്രം മതി അത്തരമൊരു ചിന്തയ്ക്ക് നമ്മെ സജ്ജരാക്കാന്‍. തന്റെ നോവലിനെ ഒരു സൗന്ദര്യാത്മകവ്യവഹാരമെന്നതിലുപരിയായി ഒരു പ്രദേശത്തിന്റെ സാംസ്‌കാര വൈഭിന്ന്യത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാക്കി മാറ്റിയ നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. സാഹിത്യരസികന്മാരുടേതു മാത്രമല്ല ഈ നോവല്‍. കേരള ചരിത്രത്തിലും നരവംശശാസ്ത്രത്തിലും സാമൂഹിക-സാമ്പത്തിക ശാസ്ത്രതല്പരരിലുമൊക്കെ അഗാധ ചലനങ്ങളുളവാക്കിയേക്കാവുന്നതാണത്. സസന്തോഷം മലയാൡവായനാസമൂഹത്തിനു മുമ്പാകെ ഞാന്‍ ഈ നോവല്‍ അവതരിപ്പിക്കുകയാണ്


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi