2020, നവംബർ 8, ഞായറാഴ്‌ച

ആന്‍ ഹോഡ്ജസ്‌ Ann Hodges


 ഉല്‍ക്കയിടി

സര്‍ ഐസക്ക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ കഥയറിയാത്തവരില്ല. ന്യൂട്ടനങ്ങ് പ്രശസ്തനായി. അതുമാതിരിയായിരുന്നു ആന്‍ ഹോഡ്ജസിന്റെ കാര്യത്തിലുണ്ടായത്. ആനിന്റെ ഇടുപ്പില്‍ വന്നുവീണത് ചക്കയും മാങ്ങയുമൊന്നുമായിരുന്നില്ല. ശൂന്യാകാശത്തില്‍ നിന്നും പതിച്ച ഉല്‍ക്കയായിരുന്നു. ന്യൂട്ടന്റെ മാതിരി ഇതു കഥയുമല്ല.

ആന്‍ വെറും സാധാരണക്കാരിയായിരുന്നു. അവരൊന്നും കണ്ടുപിടിച്ചുമില്ല. ന്യൂട്ടനെ മാതിരി അങ്ങനെയങ്ങ് പ്രശസ്തയായതുമില്ല. ലോകത്തിലാദ്യമായി ഉല്‍ക്കവീണത് ആനിന്റെ ശരീരത്തിലായിരുന്നു എന്ന റെക്കോഡിന് ഉടമയായി എതുമാത്രം മിച്ചം. ബാക്കി കാര്യങ്ങളെല്ലാം അതീവ കഷ്ടത്തിലായി.

സംഭവം വളരെ രസകരമാണ്. അമേരിക്കയിലെ അലബാമയിലെ ഒരു ചെറിയ വാടകവീട്ടിലായിരുന്നു ഭര്‍ത്താവും അമ്മയുമായി മുപ്പത്തിരണ്ടുകാരിയായ ആന്‍ താമസിച്ചിരുന്നത്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിനാല് നവംബര്‍ മാസാന്ത്യത്തിലെ ഒരുച്ച നേരത്ത് ആന്‍ ഒന്നു മയങ്ങാന്‍ കിടന്നു. കണ്ണുകള്‍ അടയുതേയുണ്ടായിരുന്നുള്ളു. വീടിന്റെ മേല്‍ക്കൂരയും പൊളിച്ച് മാനത്തു നിന്നും ആ സാധനം വന്നിടിച്ചത് ആനിന്റെ ഇടതു ഇടുപ്പിലായിരുന്നു. ചതവും ചൂടും. വന്നു വീണ കല്ലുപോലെ കറുത്ത സാധനത്തില്‍ തൊട്ടപ്പോള്‍ കൈയും പൊള്ളി. മുകളിലേയ്ക്ക് നോക്കുമ്പോള്‍ കൂരയും പൊളിഞ്ഞിരിക്കുന്നു. ആന്‍ ആകെ വിരണ്ടുപോയി.  

അമേരിക്ക അക്കാലത്ത് സോവിയറ്റുയുണിയനുമായി ശീതയുദ്ധത്തിലായിരുന്നു. ചാരവിമാനത്തില്‍ നിന്നും ശത്രുവിന്റെ ബോംബ് വീണതാണ് അങ്ങനെയൊക്കെ പറഞ്ഞ് കാര്യമങ്ങ് മൂത്തു. വീട്ടിനു ചുറ്റിലും ആളങ്ങ് കൂടി. പോലീസും എയര്‍ഫോഴ്‌സുമൊക്കെ പാഞ്ഞെത്തി രംഗം കൊഴുപ്പിച്ചു. പരിക്കേറ്റ ആന്‍ ആശുപത്രിയിലായി. മൂന്നര കിലോഗ്രാം ഭാരമുള്ള വസ്തു ഉല്‍ക്ക തന്നെയെന്ന് ഒടുവില്‍ സ്ഥിരീകരിക്കപ്പെട്ടു.

മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണതുപോലെയായി ആനിന്റെ ജീവിതം. ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ പ്രശസ്തയായി. ഉല്‍ക്കയിടിച്ച ഈ ലോകത്തിലെ ആദ്യവനിതയായ ആനിനെ ടിവിക്കാരും പത്രക്കാരും വളഞ്ഞു. ദൈവം എനിക്ക് ആകാശത്തു നിന്നും ഇട്ടുതന്ന വസ്തുവാണ് അത്. എന്നൊക്കെ ആന്‍ പത്രക്കാരോട് വീമ്പടിച്ചു. ഒപ്പം മറ്റൊരു പുലിവാലുമുണ്ടായി. തന്റെ വീടിനു മുകളില്‍ പതിച്ച വസ്തു തനിക്കവകാശപ്പെട്ടതാണ് എന്ന വാദവും കേസും വക്കീലുമായി വീട്ടുടമയുമെത്തി. ആകപ്പാടെ കലിപ്പ് തന്നെ. ആന്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ തനിക്ക് കൂടുതല്‍ വിലയ്ക്ക് ഈ അപൂര്‍വ്വ വസ്തുവിനെ മിറച്ചു വില്‍ക്കാമെന്ന ധാരണയോടെ ഉല്‍ക്കക്കഷണത്തിന് അഞ്ഞൂറു ഡോളറുകള്‍ വീട്ടുടമയ്ക്ക് നല്‍കി കേസ് അവസാനിപ്പിച്ചു. 

സംഗതിക്ക് വച്ചടി കയറ്റമുണ്ടായില്ല. നമ്മുടെ നാട്ടിലേതു പോലെ പുതിയ ചൂടന്‍കാര്യങ്ങള്‍ വന്നപ്പോള്‍ ടിവിക്കാര്‍ ആനിനെ കൈവിട്ടു. പത്രക്കാരും ആ വഴിക്ക് വരാതെയായി. ഉല്‍യ്ക്കയെ വലിയ വിലയ്ക്ക് വില്‍ക്കാമെന്ന ആശയും അറ്റു. ആന്‍ നിരാശയില്‍പ്പെട്ടു. വൈകാതെ ഡിപ്രഷനും അവളെ പിടികൂടി. വീട്ടിലും സൈ്വരക്കേട് തുടങ്ങി. പുറത്തിറങ്ങറിയാല്‍ നാട്ടുകാരുടെ വകയായ കളിയാക്കലുകള്‍. തൊന്തരവു മാത്രം സമ്മാനിച്ച ഉല്‍ക്കയെ അലബാമ നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിനു ആന്‍ കൈമാറി. രോഗബാധിതയായി ആന്‍ ഹോഡ്ജസ് വൈകാതെ മരിച്ചു. 

ബഹിരാകാശത്തില്‍ നിന്നും ഉല്‍ക്കയാണ് വീണത്. എന്നിട്ടും ആനിന്റെ തലവര തെളിഞ്ഞില്ല എന്നു ചുരുക്കം. എങ്കിലും ഉല്‍ക്കയിടിച്ച വനിതയെ നിലയില്‍ അവര്‍ പ്രശസ്തയാണ്.

യുറീക്ക ഒക്ടോ. 2020


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi