സമ്പന്നന് രാവിലെ മുതല്‍ ഒരിദ് തുടങ്ങി.
ഹൂസ്റ്റണില്‍ ചെന്ന് അടുത്തയിടെയിടെയാണ് സമ്പന്‍ പ്ലാസ്റ്റിക് ഹൃദയം പിടിപ്പിച്ചത്. അതിനാല്‍ ചങ്കിന് കുഴപ്പമുണ്ടാകാന്‍ വഴിയില്ല. പഞ്ചറായ ഹൃദയം പോയതോടെ വികാരശല്യം തീര്‍ത്തും ഒഴിവായതുമാണ്.
ഇതിപ്പോള്‍ ആകപ്പാടെ..
ഹെല്‍ത്ത് റൂമില്‍ രണ്ടുതവണ കയറി ഓരോ മെഷീനിനെയും മൂന്നു തവണ വീതം ശരീരത്തിനോട് ഘടിപ്പിച്ചു നോക്കി.
തല, കരള്‍, ആമാശയം ഒന്നിനുമൊന്നിനും കുഴപ്പങ്ങള്‍ ലവലേശമില്ല. ഉള്ളില്‍ ചോര നിര്‍ബാധം ചുറ്റിത്തിരിയുന്നു. അടിവയറ്റിലെ അനങ്ങാത്ത ഒരു വായുകുമിള മാത്രം ടൊട്ടല്‍ ഹെല്‍ത്ത് മെഷീന്‍ മോണിട്ടറില്‍ കരടുകെട്ടി നിന്നു.
പിന്നെയെന്താണപ്പാ കേട്?
ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ സമ്പന്നന്‍ മണിമേടയില്‍ നിന്നിറങ്ങി നടന്നു.
എാറെ നാളുകള്‍ നടക്കാതിരുന്നതിനാലാവും ഒരു ബലക്കുറവ്. എക്‌സിക്യൂട്ടീവ് കോളനി കടന്നപ്പോള്‍ കാലുകള്‍ ഉറച്ചുകിട്ടി. പിച്ചനട മാറിയതായി സമ്പന്നനു തോന്നി.
മരങ്ങളൊന്നുമില്ലാതിരുന്നിട്ടും വഴിയില്‍ വെയില്‍ വാടിക്കിടന്നു. ദരിദ്രുടെ കോളനിയില്‍ നിന്നും തണുത്ത കാറ്റു വരുന്നു. അയാളങ്ങോട്ട് നടന്നു.
പാവങ്ങളുടെ കോളനിയില്‍ കയറിയതോടെ കുട്ടിക്കാലത്തേയ്ക്ക് ചുവടുകള്‍ മാറ്റിച്ചവിട്ടിയതുപോലെ.
ഓണക്കാലമാണ്.
ചില ചിഹ്നങ്ങള്‍- വേപ്പുമരത്തിലെ ഉഞ്ഞാല്, രണ്ട് അത്തക്കളങ്ങള്‍-അയാളുടെ ചിന്തകളെ പുറകിലേയ്ക്ക് തിരിച്ചു.
ഓ. ഓണക്കാലം! പ്ലാസ്റ്റിക്കാണെങ്കിലും ചങ്കില്‍ കുളര്‍മ്മ നിറഞ്ഞു. ഇത് ഓണക്കാലമാണെന്നറിഞ്ഞിരുന്നെങ്കില്‍ മുറ്റത്തെ കരിയിലകള്‍ പൊഴിയാത്ത കൃത്രിമ മരത്തിലൊരു ഊഞ്ഞാല്‍ തൂക്കിയിടാമായിരുന്നു. ഒരു ഓണാഗ്രഹം അയാളെ വന്നുതൊട്ടു.
ഒടുവില്‍ വിലകുറഞ്ഞ കളിപ്പാട്ടങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കടയുടെ മുന്നില്‍ സമ്പന്നന്റെ കാലുകള്‍ ഉറച്ചുപോയി. തീരെ ദരിദ്രരായ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന് ഒരു കളിപ്പാട്ടം വിലപേശി വാങ്ങുന്നു. അവരുടെ തൃപ്തി അയാള്‍ നന്നായി ആസ്വദിച്ചു.
അപ്പോഴാണ് സമ്പന്നന്റെ മനസ്സിലെ ഒരിദ് തീര്‍ത്തും അറ്റുപോയത്. അവിടെ തൂക്കിയിട്ടിരുന്ന മഞ്ഞക്കോടിയില്‍ നിന്നും അതുവാങ്ങാന്‍ പാങ്ങില്ലാത്തവനെപ്പോലെ അയാള്‍ കൈ പിന്‍വലിച്ചു.
ജനയുഗം വാരാന്തം 11.09.2016
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ