മുമ്മൂന്ന് മാസം കൂടുമ്പോഴുള്ള ചെക്കപ്പിന് തിരുവനന്തപുരത്തെത്തുമ്പോള്‍ കുഞ്ഞുലക്ഷ്‌മി ആശാട്ടി കുറച്ചു ദിവസം മകന്‍ രാധാകൃഷ്‌ണന്റെ കൂടെ താമസിക്കും. മൃഗശാല, മ്യൂസിയം, ശംഖുമുഖത്തെ ആറാട്ടുമണ്ഡപം, പത്മനാഭസ്വാമി ക്ഷേത്‌റം, നക്ഷത്‌റ ബംഗ്ലാവ്.. ..കാഴ്‌ചകള്‍ ആശാട്ടിക്ക് പഥ്യം.
ഈ കോളേജു കെട്ടിടം കെട്ടിയത് ശ്‌റീ മൂലം തിരുനാളാണ്. ഞാനും ചിത്തിരതിരുനാളും പെറന്നത് ഒരേ ആണ്ടിലാണ്. എന്തെടീ വാസന്തീ. ഈ മേത്തന്‍മണിയിപ്പം അടിക്കൂല്ലേ? പാത്‌റക്കൊളമിരുന്നെടം ഒന്നൂടെ കാണിച്ചു താടാ രാതാകൃഷ്‌ണാ!. വാട്ടര്‍ അതോറിട്ടി എഞ്ചിനീയര്‍ രാധാകൃഷ്‌ണനും, ഭാര്യ വാസന്തിയും അമ്മയുടെ ഇത്തിരിപ്പോന്ന ആഗ്‌റഹങ്ങള്‍ക്കൊന്നും എതിരു നില്‍ക്കാറില്ല.
അരുവിക്കരയില്‍ പൈപ്പു പൊട്ടിയതു കാരണം രാധാകൃഷ്‌ണന് അമ്മയെ മൃഗശാല കാണിക്കാന്‍ കൊണ്ടുപോകാനൊത്തില്ല. മകള്‍ വി എസ് എസ് സി എഞ്ചിനീയര്‍ അഞ്‌ജലിയാണ് അമ്മൂമ്മയെ കയറ്റിയ മാരുതി മ്യൂസിയം വളപ്പിലേയ്‌ക്കോടിച്ചത്.
ഈ കെടക്കണത് കൊരങ്ങല്ലേ മക്കളേന്ന് കുറുക്കന്റെ കൂട്ടിന്നടുത്തു നിന്ന് ആശാട്ടി സംശയിച്ചു.
ഈ അമ്മച്ചിക്ക് കൊരങ്ങനേം, കുറുക്കനേം തിരിച്ചറിയാന്‍ പറ്റാണ്ടായോ?. ഡോങ്കി. അവള്‍ തിരിച്ചു ചോദിച്ചു.
ഓ. ഊളനായിരുന്നോ? നെന്നെ കണ്ടിട്ടെത്‌റ നാളായീ? നീയും ഞങ്ങടെ നാട്ടിമ്പൊറത്തൂന്ന് സിറ്റിയിലോട്ട് താമസം മാറ്റിയല്ലേ ചെറുക്കാ.
ആശാട്ടിയുടെ വെറും കുശലം കുറുക്കനെ ദേഷ്യം പിടിപ്പിച്ചു.കൈയെത്താ ദൂരത്തിലെ മുന്തിരിങ്ങ, നീലതൊട്ടിയില്‍ വീണ കുറുക്കച്ചാര്, കുറുക്കനും കോഴിയും , ഞണ്ടു പിടുത്തം. നൂറായിരം കള്ളക്കഥകള്‍ പറഞ്ഞ് മനുഷ്യ കുരുന്നുകളുടെ മനസ്സിലേയ്‌ക്ക് പരിഹാസവും പകയും കുത്തിനിറച്ച സര്‍വ്വ ആശാന്മാരേയും ആശാട്ടികളേയും പേയിളകിയ കാലത്ത് ഞങ്ങള്‍ കുറുക്കന്മാര്‍ ഒളിച്ചിരുന്ന് കടിച്ചിരുന്നു. പഞ്ചതന്ത്‌റം വിഷ്‌ണുശര്‍മ്മാവും, ഈസോപ്പു സായിപ്പും കുറുക്കന്‍ കടികൊണ്ടാണ് മരിച്ചത്.
പേഴുമരത്തിലെ കായ തിന്ന് പേയിളകിയ കാലത്ത്, ആശാട്ടീ എന്റെ അപ്പൂപ്പന്‍ കുറുക്കന്‍ മൂന്നു തവണ നിങ്ങളെ കടിക്കാന്‍ വന്നു. കിട്ടാതെ പോയതെത്‌റ നന്നായി. ആശാട്ടീ ഇപ്പോ മുഖാമുഖം കാണാനും രണ്ടു വര്‍ത്തമാനം പറയാനുമായല്ലോ! പാവം കുറുക്കന്മാരുടെ മെക്കിട്ടു കയറിയിരുന്ന സര്‍വ്വ ആശാന്മാരുടേയും ആശാട്ടികളുടേയും കഥയിപ്പോ കഴിഞ്ഞില്ലേ? എവിടേ ഡി പി ഇ പി എവിടേ സര്‍വ്വശിക്ഷാന്‍ അഭിയാന്‍?
അമ്മച്ചിക്കൂളനെ കണ്ടു മതിയായില്ലേ? ഇക്യോ.. ..ഇക്യോ.. .. എഞ്ചിനീയര്‍ പെണ്ണു ഓരിയിട്ട് ആശാട്ടിയെ മുന്നോട്ട് നടത്തിച്ചു.