![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhALsry1FT-q_Jio4Uxy5gSAFBoRZdYFHeiR-7AQBf5vehtnbulWKRPqh-hpGW9IDkmOtRvvLxEgj0Fz6PLMS1FsZwpreM9dDL55TuLyJrDfKs5dcbg2sUdIRgotNFXBYVEHdTOJk31hFbn/s320/2451614386_d0bdf7c731_m%5B1%5D.jpg)
ഓഫീസിനു താഴത്തെ നിലയിലെ തപാല്‍പ്പെട്ടി കുഴപ്പക്കാരനാണെന്നതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാണിച്ചിരുന്നു. ആ തോന്നലില്‍ അതിനെ കുറേ നാള്‍ അവഗണിച്ചിരുന്നു. സ്‌ക്കൂള്‍ ഇടനാഴിയിലെ ഇരിപ്പേ തീരെ സുരക്ഷിതമല്ല. ചിലപ്പോള്‍ വായ്‌ക്കുള്ളില്‍ പിള്ളേര്‍ തിരുകി വച്ച കടലാസു കഷണങ്ങള്‍ പാതി തുപ്പി, അല്ലെങ്കില്‍ പൂട്ടിളകി പള്ള തുറന്നിട്ട്....ഉള്‍നഗ്നത കാണിച്ച്...നാണംകെട്ട ഒരു തപാല്‍പ്പെട്ടി.
ഒടുവില്‍ കേടുവന്നതിനു പകരം പുത്തനൊരെണ്ണം വന്നതോടെ പേടി മാറി, അധികം നടക്കുന്നതൊഴിവാക്കാന്‍ മടിച്ചു മടിച്ചു ഞാനുമതില്‍ ഉരുപ്പടി നിക്ഷേപമാരംഭിച്ചു.
കഴിഞ്ഞ നവംബറില്‍ (2007) രണ്ടു ഡിമാന്റു ഡ്രാഫ്‌റ്റുകള്‍ ലക്ഷ്യത്തില്‍ ചെന്നില്ലെന്നു മനസ്സിലായതോടെ കുഴപ്പപ്പെട്ടിയെ ഞാന്‍ തീര്‍ത്തും വിട്ടുകളഞ്ഞു. സ്‌കൂളിലെ ഏതോ കുസൃതിക്കാരന്‍ പെട്ടിയുടെ ഉള്ളിലേയ്‌ക്ക് കൈയിട്ട് എന്റെ രണ്ടായിരങ്ങള്‍ വിലമതിക്കുന്ന കവറുകളെടുത്തു നശിപ്പിച്ചിരിക്കും. ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിക്കാന്‍ ബദ്ധപ്പെട്ടപ്പോള്‍ പിറുപിറുത്ത് ആശ്വസിച്ചു.
രണ്ടുവാരങ്ങള്‍ക്ക് മുമ്പ് കോട്ടയത്തു നിന്നും സുഹൃത്ത് വിളിച്ചു.എന്റെ കാര്‍ഡു കിട്ടിയ വിവരമറിയിച്ചു. ഒരു ചലച്ചിത്ര ഗാന സംബന്ധിയായ വിവരം തിരക്കി ഞാനെഴുതിയ കത്തിനെ കുറിച്ചയാള്‍ സംസാരിച്ചു തുടങ്ങി. ചങ്ങാതീ ഞാനീ വിവരമറിയാന്‍ താങ്കള്‍ക്കെഴുതിയത് കഴിഞ്ഞ വര്‍ഷമല്ലേ!- കെട്ട തപാലിനെ ഞങ്ങളിരുവരും ശപിച്ചു.
പിന്നാലെ കോട്ടയത്തു തന്നെയുള്ള ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടാമതും പാഴ്‌സല്‍ വന്നു. മുമ്പ് ഓര്‍ഡര്‍ പോസ്റ്റു ചെയ്‌ത് കിട്ടാതെ വന്ന് റിമൈന്‍ഡര്‍ ഫോണിലൂടെ അറിയിച്ചു വരുത്തി പേയ്‌മെന്റു നടന്ന ഓഫീസു പണിയ്‌ക്ക് വേണ്ട അതേ സാമഗ്രി. അന്നത്തെ കത്ത് വൈകി അടുത്തയിടെ കിട്ടിയതു മൂലം വന്ന മറ്റൊരു വിന. പഴയ കത്തു പുതുവെള്ളത്തില്‍ പൊന്തിയപ്പോള്‍ പിന്നേയും സാമഗ്രിവേണമെ ഉദ്ദേശത്തില്‍ അവര്‍ കുരിയര്‍ അയച്ചിരിക്കുന്നു.
ഇന്നു വന്നത് സ്‌പീഡു പോസ്റ്റ്. നവംബറില്‍ മുങ്ങിപ്പോയതില്‍ ഒരു ഡി.ഡി.(അതിന്റേയും ലക്ഷ്യസ്ഥാനം കോട്ടയമായിരുന്നു) വളരെ വൈകി പ്രസവിച്ചതു കാരണം (മാസം 2008 ജൂണ്‍) അടിയന്തിരമായി പുതുക്കി അയയ്‌ക്കണമെന്ന്.
മൊത്തം ആറായിരം രൂപയുടെ ഇടപാടു പ്രശ്‌നങ്ങള്‍ എനിക്കുമാത്രമായി ഒരു തപാല്‍പെട്ടി കാരണമുണ്ടായി. പണം മാത്രമാല്ലല്ലോ തപാലില്‍ സഞ്ചരിക്കുന്നത്. ഏതെല്ലാം സന്ദേശങ്ങള്‍ ഇങ്ങനെ എവിടെയെല്ലാം വൈകുന്നു? ഏതു തപാല്‍പ്പെട്ടിയിലാണു കുഴപ്പം?
കത്ത്, അപേക്ഷ, പ്രേമലേഖനം, കഥ, കവിത എത്രായിരം തവണ നമ്മുടെ കൈകള്‍ തപാല്‍വായിലേയ്‌ക്ക് നീണ്ടിരിക്കുന്നു. ലക്ഷ്യത്തില്‍ തന്നെ ചെല്ലണേ! ഒരു തവണയെങ്കിലും പ്രാര്‍ത്ഥിക്കാതെയല്ലാതെ കത്തിനെ പെരുവഴിപ്പെട്ടിയില്‍ ഇട്ടുപോരാറില്ല. ഇതിപ്പോള്‍ വെറും പ്രാര്‍ത്ഥനപോരെന്നു തോന്നുന്നു. നേര്‍ച്ചയിട്ട പ്രാര്‍ത്ഥന തന്നെ വേണം.
എന്നാലും തപാല്‍പ്പെട്ടിയെ വെറുക്കാനാവുന്നില്ല. ആദ്യമായി കിട്ടിയ തപാലുരുപ്പടി മുതല്‍ ഇന്നുവരെ വന്ന എല്ലാസന്ദേശങ്ങളേയും ഓര്‍ത്തുപോവുന്നു. മെയില്‍ ബാഗു പൊട്ടിക്കുമ്പോള്‍ ചിതറിവീഴുന്ന പ്രതീക്ഷ, തപാല്‍ സ്റ്റാമ്പില്‍ കുടിയിരിക്കുന്ന അപൂര്‍വ്വ സൗന്ദര്യം, അതു താണ്ടി വന്ന നീണ്ടു നീണ്ട വഴികള്‍, പോസ്റ്റാപ്പിസിലെ സീലടിയൊച്ച, നീലക്കുപ്പായത്തിലേയ്‌ക്കു മാറിയ നമ്മുടെ വീട്ടുകാരനായ പോസ്റ്റുമാന്റ ചിരി. ഇപ്പോഴുമൊരു കത്തു പൊട്ടിക്കുമ്പോള്‍ ഉറിവരുന്ന പരിഭ്രമം...ചില വിരല്‍ത്തെറ്റുകള്‍ ആര്‍ക്കാണു പറ്റാത്തതെന്ന് ആശ്വസിക്കാം.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ